CPIML Pages

Thursday, 16 February 2023

സി പി ഐ (എം എൽ ) ലിബറേഷൻ സംസ്ഥാന സെക്രട്ടറി സഖാവ് ജോണ് കെ എരുമേലി ഫെബ്രുവരി 11 ന് നമ്മെ വിട്ടുപിരിഞ്ഞ വിവരം അതീവ ഖേദത്തോടെ അറിയിക്കുന്നു .

ഫെബ്രുവരി 15 മുതൽ 20 വരെ ബിഹാറിലെ പട് നയിൽ നടക്കാനിരിക്കുന്ന 11-മത് പാർട്ടി കോൺഗ്രസ്സിന്റെ സന്ദേശം കേരളത്തിലെ ജനങ്ങളിൽ എത്തിക്കാനും പിന്തുണ തേടാനും സ്വന്തം പ്രായത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും സന്ദിഗ്‌ദ്ധതകൾ പോലും അവഗണിച്ചുകൊണ്ട് സഖാവ് സംസ്ഥാന ലീഡിങ് ടീമിനും പാർട്ടിക്കും സജീവമായ നേതൃത്വം നൽകി.

11 -)0 പാർട്ടി കോൺഗ്രസ്സിൽ നേരിട്ട് പങ്കെടുക്കുന്നതിന് ദീർഘയാത്രചെയ്യാൻ തന്റെ അനാരോഗ്യവും പ്രായവും തടസ്സമാകുമെന്നറിഞ്ഞുകൊണ്ട് പട് നയ്ക്കുള്ള യാത്ര സഖാവ് നേരത്തേ ഒഴിവാക്കിയിരുന്നു; എന്നാൽ മറ്റ് പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കവേ ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് മുൻപ് എരുമേലിയിൽ കനകപ്പലത്തുള്ള വീട്ടിൽവെച്ച് അദ്ദേഹത്തിന് പെട്ടെന്ന്                              ഗുരുതരമായ ശാരീരികാസ്വാസ്ഥ്യമുണ്ടായി . തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും സഖാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം ജില്ലയിലെ പാമ്പാടിക്കടുത്തുള്ള വെള്ളൂരിൽ 1941 ൽ ജനിച്ച സഖാവ് 1972 മുതൽ കനകപ്പലം പോസ്റ്റ്‌ ഓഫിസിൽ ഈ ഡി പോസ്റ്റ് മാൻ ആയി ജോലി ചെയ്തിരുന്നതിനിടെയാണ് ജോലിയുപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകൻ ആകാൻ തീരുമാനിക്കുന്നത്. 1960- 70 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും കേരള യുക്തിവാദി സംഘവുമായും സജീവമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന സഖാവ് ജോണ് കെ , ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1964 ൽ ഉണ്ടായ ആദ്യത്തെ പിളർപ്പിന് ശേഷം സി പി ഐ (എം ) ൽ ആയിരുന്നു. 1967 ൽ നക്സൽബാരി കർഷക സമരത്തിന്റെ സന്ദേശം രാജ്യത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ ആവേശം കൊള്ളിച്ചതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ശ്രമിച്ചവരുടെ മുൻ നിരയിൽ സഖാവ് എത്തുകയും, സി പി ഐ (എം എൽ) ലിബറേഷന്റെ മുഖ്യ സംഘാടകരിൽ ഒരാൾ ആയി പ്രവർത്തിക്കുകയും ചെയ്തു. സി പി ഐ (എം എൽ ) ലിബറേഷൻ ഒളിവിൽ പ്രവർത്തിച്ച 1992 വരെ അതിന്റെ പരസ്യ രാഷ്ട്രീയ പ്ലാറ്റ് ഫോമായിരുന്ന ഇന്ത്യൻ പീപ്പിൾസ് ഫ്രണ്ടിൽ (ഐ പി എഫ്) സഖാവ് പ്രവർത്തിച്ചു. പിൽക്കാലത്ത് പാർട്ടിയുടെ സംസ്ഥാന ലീഡിങ് ടീമിന്റെ (എസ് എൽ ടി) സെക്രട്ടറി എന്ന നിലയിൽ സഖാവ് തന്റെ അന്ത്യംവരെ കേരളത്തിൽ പാർട്ടിയുടെ ബഹുജനാടിത്തറ വികസിപ്പിക്കാൻ ശ്രമിച്ചു. 2003 ൽ ഗ്ലോബർ ഇൻവെസ്റ്റേഴ്‌സ് മീറ്റിനെതിരെ (ജി ഐ എം) വിവിധ സംഘടനകൾ ഉൾപ്പെട്ട ഒരു പ്രതിഷേധ പ്ലാറ്റ്‌ഫോമിനകത്ത് കേരളത്തിൽ പാർട്ടിയെ നയിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നിരുന്നു. സി പി ഐ (എം എൽ) ലിബറേഷന്റെ കേരളത്തിലെ പാർട്ടി മുഖപത്രമായ "ജനകീയ ശബ്ദം" മസികയുടെ ചീഫ് എഡിറ്ററും "ജനകീയ ശബ്ദം പബ്ലിക്കേഷൻസ്" എന്ന പ്രസാധന സംരംഭത്തിന്റെ സ്ഥാപകനും ആയിരുന്നു സഖാവ് ജോണ് കെ എരുമേലി. 'മതവും മാർക്സിസവും', 'അയ്യങ്കാളി കേരള ചരിത്ര നിർമ്മിതിയിൽ', 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രപരമായ വായന', 'നക്സൽബാരി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്' എന്നീ പഠന ഗ്രന്ഥങ്ങളും , 'കാൾ മാർക്‌സ്, എംഗൽസ്, ഹോചിമിൻ' ( ജീവചരിത്രം) , 'ചാരൂ മജൂംദാർ' (പഠനങ്ങൾ- എഡിറ്റഡ്) , 'പൗരമൃഗങ്ങൾ' ,'പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു' (കഥാസമാഹാരങ്ങൾ ), 'വസന്തം വീണ്ടും വരാതിരിക്കില്ല' (കവിതാ സമാഹാരം), 'വന്ന വഴി' (ആത്മകഥ) , 'തീപ്പക്ഷികളുടെ കോളനി' ( നോവൽ) എന്നിവയും സഖാവിന്റെ പ്രസിദ്ധീകൃത കൃതികളിൽ ഉൾപ്പെടുന്നു.

സഖാവ് ജോൺ കെ യുടെ ശരീരം വീട്ടിൽ നിന്ന്  ഫെബ്രുവരി 13 ന് മുണ്ടക്കയത്തുള്ള പൊതു ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കാൻ കൊണ്ടുപോകും വരെയുള്ള രണ്ട് ദിവസങ്ങളിൽ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള നൂറുകണക്കിന് വ്യക്തികളും പുരോഗമന സാമൂഹ്യ- രാഷ്ട്രീയ  പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും  പ്രതിനിധികളും അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു. പാർട്ടി പ്രവർത്തകരുടെ യും  പൗരപ്രമുഖരുടേയും  മുൻകൈയിൽ 12 -)0 തീയതി ഉച്ചമുതൽ   വീട്ടുമുറ്റത്ത് ഒരുക്കിയിരുന്ന  അനുശോചന സദസ്സിൽ നിരവധി പേർ  സഖാവ് ജോൺ കെ യുടെ  ആദർശ ധീരവും കാലുഷ്യമുക്തവും ആയ വിപ്ലവവ്യക്തിത്വത്തെ അനുസ്മരിച്ചു . 

 
സി പി ഐ (എം എൽ ) ലിബറേഷൻ സംസ്ഥാന ലീഡിങ് ടീമിലും വിവിധ  ജില്ലാഘടകങ്ങളിലുമുള്ള പാർട്ടിനേതാക്കളായി സ്ഥലത്ത് എത്തിച്ചേർന്നവരിൽ സഖാക്കൾ ചാക്കോ , സുഗതൻ, വിമൽരാജ് ,ഓ പി കുഞ്ഞുപിള്ള,  ജോയ് പീറ്റർ, കെ എം വേണുഗോപാലൻ, ശിവശങ്കരൻ,  പത്തിയൂർ വിശ്വൻ, അഡ്വക്കേറ്റ് ജയകുമാർ,  അഡ്വക്കേറ്റ് ജവഹർ, മനോജ് മാധവൻ  എന്നിവർ ഉൾപ്പെടുന്നു. സഖാവ് ജോൺ കെ യുടെ ജീവിതപങ്കാളിയും സമരസഖാവും ആയ  സ: അമ്മിണിക്കുട്ടി , പുത്രന്മാരായ സഖാക്കൾ രാജേഷ് കെ എരുമേലി ,മുകേഷ് എന്നിവരുടേയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേർന്ന് അവർ  അനുശോചനം അറിയിച്ചു.