ദില്ലി അതിർത്തിയിൽ നിന്നും 2021-ലേക്കുള്ള സന്ദേശം [ ലിബറേഷൻ മാസിക , ജനുവരി 2021 ലക്കം - എഡിറ്റോറിയൽ ]
ലോകമഹായുദ്ധങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഉണ്ടാക്കിയ തകർച്ചക്ക് ശേഷം ഈ "2020" പോലെ ബുദ്ധിമുട്ടേറിയ, വെല്ലുവിളി നിറഞ്ഞ ഒരു കാലത്തിലൂടെ നമ്മൾ കടന്നു പോയിട്ടില്ല. മഹാമാരിയുടെ ഫലമായി ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ മരണപ്പെട്ടതാണ് ഈ അസാധാരണമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ കാരണം (ഇന്നുവരെ ആകെ രോഗബാധിതർ 8 കോടി അഞ്ച് ലക്ഷം പേർ, അകാലമരണം സംഭവിച്ചത് 18 ലക്ഷത്തോളം മനുഷ്യർക്ക്, രോഗബാധിതരായി ഇപ്പോഴും ചികിൽസയിൽ തുടരുന്നവർ രണ്ട് കോടിയിലധികം പേർ). ഈ മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യവും ആഴ്ച്ചകളിൽ നിന്ന് മാസങ്ങളിലേക്ക് നീളുന്ന വ്യത്യസ്ത ഘട്ടങ്ങളിലുള്ള ലോക്ക്ഡൗൺ നടപ്പിലാക്കുകയും അതിൻ്റെ ഫലമായി സാധാരണ സാമൂഹിക ജീവിതവും സാമ്പത്തിക പ്രവർത്തനങ്ങളും സ്തംഭിക്കുകയും ചെയ്തു. "മോദി മോഡൽ" ലോക്ഡൗണിൻ്റെ ഏകപക്ഷീയവും, ക്രൂരവും, നിർബന്ധിതവുമായ സ്വഭാവവും, ഇന്ത്യയുടെ മോശപ്പെട്ട പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ചേർന്ന് പകർച്ചവ്യാധിയുടെയും ലോക്ഡൗണിൻ്റേതുമായ രണ്ട് കാരണങ്ങളാലും ഇന്ത്യക്കാർക്ക് വലിയ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു- ഈ വർഷാന്ത്യമാകുമ്പോഴും ഈ വിനാശത്തിൻ്റെ ഗുരുതരാവസ്ഥ തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
പകർച്ചവ്യാധിയുടെയും ദുസഹമായ ലോക്ഡൗണിൻ്റേതുമായ സംയുക്ത പ്രതിസന്ധി ഇന്ത്യയിലെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കവെ, ഈ പ്രതിസന്ധിയെ അവസരമായി മാറ്റുക എന്ന മുദ്രാവാക്യം മോദി സർക്കാർ കൊണ്ടുവന്നു. ഈ പുതിയ മുദ്രാവാക്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് സമ്പന്നർക്കും അധികാരമുള്ളവർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സാധാരണക്കാരുടെ പ്രതിസന്ധി രൂക്ഷമാക്കുംവിധമാണ്. പാർലമെന്ററി ജനാധിപത്യത്തെ നിർല്ലജ്ജതയോടെ തകർക്കുകയും പുതിയ ലക്ഷ്യങ്ങൾക്കുതകുംവിധം വിദഗ്ധമായി പുനർനിർമ്മിക്കുകയും ചെയ്തു. ഇന്ത്യയിലെ കർഷക ജനതയുടെ മുഴുവൻ താൽപ്പര്യങ്ങളെയും ആവശ്യങ്ങളെയും പൂർണമായും അവഗണിച്ചുകൊണ്ടുള്ള മോഡി സർക്കാറിൻ്റെ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ ജനാധിപത്യത്തിനെതിരായ ഈ സർജിക്കൽ സ്ട്രൈക്കിൻ്റെ ലക്ഷ്യം വ്യക്തമാകുന്നു. ഇന്ത്യയുടെ ‘ഹരിത വിപ്ലവത്തിന്’ നേതൃത്വം നൽകിയതിന് ഇന്ത്യയിലെ ഭരണവർഗങ്ങളാൽ ഒരിക്കൽ പ്രശംസിക്കപ്പെട്ടിരുന്ന പഞ്ചാബിലെ കർഷകരെ ഇപ്പോൾ മോദിയുടെ “പുതിയ ഇന്ത്യ” ശത്രുക്കളായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ജൂൺ ആദ്യം തീവ്രമായ പകർച്ചവ്യാധിയുടെ നടുവിൽ നിൽക്കുമ്പോഴാണ് സർക്കാർ മൂന്ന് ഓർഡിനൻസുകൾ പ്രഖ്യാപിക്കുന്നതും, ഉടനെ തന്നെ പഞ്ചാബിലെ കർഷകർ അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തത്. പ്രതിഷേധിച്ച കർഷകരുടെ ചുറ്റുമാണ് പഞ്ചാബിലെ മുഴുവൻ ജനങ്ങളും അണിനിരന്നത്. ദില്ലിയിലെ മോഡി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ അകാലിദൾ മന്ത്രി നിർബന്ധിതനായി. പഞ്ചാബ് നിയമസഭ ഏകകണ്ഠമായി ഓർഡിനൻസുകൾ നിരാകരിച്ചു, ബിജെപി നേതാക്കൾ പോലും ആ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ തുടങ്ങി. ഈ ശക്തമായ പ്രതിഷേധം അവഗണിച്ച് മോദി സർക്കാർ പാർലമെൻ്റിനെ ബുൾഡോസ് ചെയ്തുകൊണ്ട് ഈ ബില്ലുകൾ കൊണ്ടുവരികയും അവ നിയമമാക്കുകയും ചെയ്തു. ഈ കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ റദ്ദാക്കണമെന്ന് രാജ്യമെമ്പാടുമുള്ള കർഷകർ ആവശ്യപ്പെട്ട്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം സർക്കാർ റദ്ദാക്കുന്നത്! അതേസമയം, ഈ പുതിയ നിയമങ്ങളിൽ പ്രതീക്ഷയർപ്പിച്ച് അദാനി ഗ്രൂപ്പ് രാജ്യത്തിന്റെ എല്ലാ കോണുകളിലും അവരുടെ അഗ്രിബിസിനസ് ഇൻഫ്രാസ്ട്രക്ചർ ഭ്രാന്തമായ വേഗതയിൽ നിർമ്മിച്ചതിന് തെളിവുകൾ ഉണ്ട്. അതിനാൽ ഈ ഓർഡിനൻസുകളും തുടർന്ന് സംശയാസ്പദമായി പാസാക്കിയ നിയമങ്ങളും, സർക്കാർ കോർപ്പറേറ്റ് കൂട്ടാളികളുമായി ചേർന്ന് തയ്യാറാക്കിയ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കുന്നുണ്ട്.
വിവേചനപരമായ പൗരത്വ വ്യവസ്ഥകൾക്കെതിരെ മുസ്‌ലിം സ്ത്രീകൾ നേതൃത്വം വഹിച്ചുകൊണ്ട് ഷഹീൻ ബാഗിൽ തുടങ്ങിയ ആവേശകരമായ പൗരത്വ പ്രസ്ഥാനത്തോടെ ആയിരുന്നു 2020 വർഷം ആരംഭിച്ചത്, തുടർന്ന് ഷഹീൻ ബാഗിന്റെ ആവേശം രാജ്യം മുഴുവൻ വ്യാപിച്ചു. മഹാമാരിയും, ലോക്ക്ഡൗണും സംയോജിച്ചുണ്ടായ വിനാശകരമായ അവസ്ഥയും, ഈ പ്രസ്ഥാനത്തിനെതിരെ അപകീർത്തികരമായ അപവാദം പ്രചരിപ്പിച്ചും, ഒരു വംശഹത്യ നടത്തി ഈ പ്രതിഷേധത്തെ തകർക്കാൻ മോദി സർക്കാരും സംഘ ബ്രിഗേഡും നടത്തിയ ഗൂഢാലോചനയും, പ്രതിഷേധക്കാർക്ക് നേരെ ഡ്രക്കോണിയൻ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രങ്ങളും, അറസ്റ്റും ആളുകളെ ആശ്ചര്യപ്പെടുത്തി. എന്നാൽ ഷഹീൻ ബാഗിന്റെ സ്പിരിട്ട് പുനരുജ്ജീവിപ്പിക്കും വിധമാണ് കൃഷിക്കാർ അവരുടെ ട്രാക്ടർ ട്രോളികളിൽ എത്തിയത്, ജലപീരങ്കികളെ കൂസാതെ, റോഡുകളിൽ കുഴിച്ച കുഴികൾ മറികടന്ന്, മുള്ളുവേലികൾ തകർത്ത് അവർ അവരുടെ കൂടാരങ്ങൾ ദില്ലിക്ക് ചുറ്റും സ്ഥാപിച്ചു. ഇത് കർഷകരുടെ ഷഹീൻ ബാഗുകൾ നമുക്ക് നൽകി എന്നത് മാത്രമല്ല, പോലീസ് അടിച്ചമർത്തൽ അഴിച്ചുവിട്ടുകൊണ്ട് കർഷകരുടെ പ്രസ്ഥാനത്തെ തകർക്കാനുള്ള ബിജെപിയുടെ ആസൂത്രണത്തെ തകർക്കുകയും ചെയ്തു. ബ്രിട്ടീഷ് കമ്പനി രാജിനെതിരെ സ്വാതന്ത്ര്യത്തിൻ്റെ പതാക വഹിച്ചുകൊണ്ട് യൂണിഫോമണിഞ്ഞ കർഷകർ ദില്ലിയിലേക്ക് നടത്തിയ 1857 ലെ മാർച്ചിൻ്റെ മനോഭാവമാണ് ഇത് പുനരുജ്ജീവിപ്പിച്ചത് (ബ്രിട്ടനെതിരായുള്ള ഒന്നാം സ്വാതന്ത്ര്യ സമരം). ഇപ്പോൾ ഈ ഫാസിസ്റ്റ് ഭരണത്തെ ചെറുക്കുന്നതിനും, നിയന്ത്രണങ്ങളില്ലാത്ത അദാനി-അംബാനി-കമ്പനി രാജിന് ഇന്ത്യയെ കീഴടക്കാനുമുള്ള അവരുടെ പദ്ധതി പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ കർഷകർ വീണ്ടും ദില്ലി വളഞ്ഞിരിക്കുന്നു.
ഷാഹീൻ ബാഗും, ദില്ലിയിലെ സിങ്കു ബോർഡറും, തിക്രി ബോർഡറും ഒക്കെ ചേർന്ന് ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ തന്നെ മഹത്തായ വർഷമാക്കി 2020 നെ മാറ്റി. ഫാസിസത്തിൻ്റെ പടുകുഴിയിലേക്ക് ഇന്ത്യ പതിക്കുന്നത് തടയും വിധമുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പെന്ന മഹത്തായ സാധ്യതയെ ഇത് ശക്തമാക്കുന്നു. ഷഹീൻ ബാഗിനെ മുസ്ലീം വിഘടനവാദികളുടെ വിഭജന പ്രസ്ഥാനമായി അവതരിപ്പിച്ചുകൊണ്ടാണ് അപകീർത്തിപ്പെടുത്താനും, ഒറ്റപ്പെടുത്താനും, തകർക്കാനും മോദി സർക്കാർ ശ്രമിച്ചത്. ഇപ്പോൾ കർഷക പ്രസ്ഥാനത്തിനെതിരെയും സമാനമായ ഗൂഢാലോചന നടത്തുകയാണ്, ഇത് ഖാലിസ്ഥാൻ വിഘടനവാദികളുടെയും പഞ്ചാബിലെ സമ്പന്നരായ കർഷകരുടെയും വലിയ കെട്ടുകാഴ്ച്ചയാണെന്ന് പ്രചരിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ ഈ പദ്ധതിയെ പരാജയപ്പെടുത്തേണ്ടത് ദില്ലിക്ക് ചുറ്റുമുള്ള ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തി മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഈ സമരത്തിൻ്റെ സന്ദേശം വ്യാപിപ്പിച്ചു കൊണ്ടും, ദില്ലി NCR നെതിരായ ചെറുത്തുനിൽപ്പിനെ പിന്തുണച്ചും, കർഷകരെയും, തൊഴിലാളികളെയും, സാധാരണ ജനങ്ങളെയും വലിയ രീതിയിൽ അണിനിരത്തിയുമാണ് അത് ചെയ്യേണ്ടത്.. നവംബർ 26 ലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിനും ഡിസംബർ 8 ൻ്റെ ഭാരത് ബന്ദിനും ലഭിച്ച ആവേശകരമായ പ്രതികരണം വിവിധ ജനവിഭാഗങ്ങൾ നടത്തുന്ന പോരാട്ടങ്ങളുടെ ഒത്തുചേരലിനുള്ള വലിയ സാധ്യതകൾ ചൂണ്ടികാട്ടുന്നു. ബീഹാർ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് രംഗത്തെ ചെറുത്തുനിൽപ്പിന്റെ സാധ്യതയും വർദ്ധിപ്പിക്കുന്നു.
കർഷകരുടെ ആവേശകരമായ ചെറുത്തുനിൽപ്പിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ട് കൊണ്ടാണ് നമുക്ക് 2021 ലേക്ക് പ്രവേശിക്കേണ്ടത്. കർഷക വിരുദ്ധ സ്വഭാവമുള്ള കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നത് ഇന്ത്യയിലെ കർഷകരുടെ മാത്രമല്ല, കോർപ്പറേറ്റ് ആക്രമണത്തിനും ഫാസിസ്റ്റ് തേർവാഴ്ച്ചക്കുമെതിരെ പോരാടുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും വലിയ വിജയമായിരിക്കും. പശ്ചിമ ബംഗാളിലും, അസമിലും നടക്കുന്ന നിർണായകമായ വോട്ടെടുപ്പ് ഉൾപ്പെടെ അടുത്ത റൗണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ പോരാട്ടങ്ങളുടെ വെല്ലുവിളികളെ നേരിടാൻ ഇത് നമ്മളെ ഫലപ്രദമായി സഹായിക്കും.
# ഇന്ത്യയിലെ കർഷക പ്രസ്ഥാനത്തിൻ്റെ പോരാട്ടം കൂടുതൽ ശക്തിപ്പെടട്ടെ!
# ജനാധിപത്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം വിജയിക്കട്ടെ!
No comments:
Post a Comment