Wednesday, 13 January 2021

 
കർഷക സമരം സംബന്ധിച്ച സുപ്രീം കോടതിയുത്തരവിൻറെ പശ്ചാത്തലത്തിൽ  
സി പിഐ ( എം എൽ ) പ്രസ്താവന
  
ജനുവരി 12 ,2021

കാർഷിക രംഗത്ത് സർക്കാർ പാസ്സാക്കിയ മൂന്നു നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത നിയമങ്ങൾ പ്രാബല്യത്തിലാക്കുന്നതിനെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയും , സർക്കാരും കർഷകരും തമ്മിൽ പ്രശ്നം ചർച്ചചെയ്തു തീർപ്പാക്കുന്നതിന് മാധ്യസ്ഥം വഹിക്കാൻ ഒരു നാലംഗ പാനലിനെ ചുമതലപ്പെടുത്തിയിരിക്കുകയുമാണ്.
ഒരു നിയമം നടപ്പാക്കുന്നത് നിർത്തിവെക്കാൻ കോടതി ഉത്തരവിടുകയോ സ്റ്റേ ചെയ്യുകയോ ചെയ്യുമ്പോൾ സാധാരണയായി പ്രസ്തുത നിയമത്തിന്റെ ഭരണഘടനാസാധുതയില്ലായ്‌മയോ മറ്റു കരണങ്ങളോ കൃത്യമായി ചൂണ്ടിക്കാട്ടുക പതിവുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യുന്ന ഉത്തരവിൽ സുപ്രീം കോടതി അതിന്റെ കണ്ടെത്തലുകളോ, കരണങ്ങളോ ഒന്നും വ്യക്തമാക്കിയിട്ടില്ല എന്നത് അവയ്‌ക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കും ഇന്ത്യയിലെ ജനങ്ങൾക്കും ആത്മവിശ്വാസമല്ല നൽകുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവ് യഥാർത്ഥത്തിൽ നൽകുന്ന സൂചന അതിന്റെ ലക്‌ഷ്യം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ലെന്നാണ് : " സമാധാനപരമായ ഒരു പ്രതിഷേധത്തെ തടസ്സപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നിരിക്കേ, കാർഷികനിയമങ്ങൾ നടപ്പാക്കുന്നതിനെതിരെ ഇങ്ങിനെയൊരു അസാധാരണമായ സ്റ്റേ ഉത്തരവ് നേടുന്നത് പ്രതിഷേധത്തിന്റെ താൽക്കാലികമായെങ്കിലുമുള്ള ഒരു നേട്ടമായിക്കണ്ട് കർഷക സംഘടനകൾ അവയിലെ അംഗങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുകവഴി അവരുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതവും ആരോഗ്യവുംകൂടി രക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു." ഇതിൽനിന്ന് വ്യക്തമാകുന്നത് ഈ സ്റ്റേ ഉത്തരവ്കൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ പ്രതിഷേധം കൊണ്ട് എന്തോ നേടി എന്ന "തോന്നൽ" കർഷകരിൽ ഉണ്ടാക്കലും അങ്ങിനെ പ്രതിഷേധത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കലും മാത്രം ആണെന്നാണ്. ഭരണഘടനാതത്വങ്ങളുടെ യുക്തിക്കു പകരം രാഷ്ട്രീയ യുക്തിയെ അവലംബിച്ചുകൊണ്ട് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സുപ്രീം കോടതിയുടെ രീതി തീർച്ചയായും അസാധാരണവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.
സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന പാനലിലെ നാല് അംഗങ്ങളും കാർഷിക നിയമത്തെ അനുകൂലിച്ച് പരസ്യമായി നിലപാട് എടുത്തവർ ആണ്. അപ്പോൾ, മാധ്യസ്ഥം വഹിക്കാനുള്ള മിനിമം യോഗ്യതയായ നിസ്പക്ഷത പുറമേകാണിക്കാൻ പോലും ഇല്ലാത്ത സർക്കാർ പക്ഷപാതികൾക്ക് സർക്കാരിനും പ്രതിഷേധിക്കുന്ന കർഷകർക്കും ഇടയിൽ ഒന്നും ചെയ്യാനില്ല. സ്വാഭാവികമായും, അങ്ങനെയൊരു പാനലിന്റെ നടപടികളിൽ പങ്കെടുക്കുന്നില്ലെന്ന് കർഷകർ തീരുമാനിച്ചു.
ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്. സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. എപ്പോൾ, എവിടെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ ഇടപെട്ടുകൊണ്ട് അഭിപ്രായപ്രകടനം നടത്തിയ ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തേയും , സ്ത്രീകളുടെ സ്വയംനിർണ്ണയാധികാരത്തേയും എന്തുമാത്രം അവമതിപ്പോടെയാണ് നോക്കിക്കാണുന്നത് എന്നത് അങ്ങേയറ്റം ഉൽക്കണ്ഠയുളവാക്കുന്നു.
മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാൻ സർക്കാർ തയ്യാറാവുന്നതുവരെ പ്രക്ഷോഭം തുടരാനുള്ള തീരുമാനത്തിൽ കർഷക പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്നു ; അതോടൊപ്പം , സാധ്യമായ ഓരോ മാർഗ്ഗത്തിലൂടെയും കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് അതുമായി ഐക്യദാർഢ്യപ്പെടാൻ രാജ്യത്തെമ്പാടുമുള്ള ജനങ്ങളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു . കൃഷിയെ രക്ഷിക്കുക, റേഷൻ സമ്പ്രദായത്തെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, ഭരണഘടനയെ രക്ഷിക്കുക- റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന കിസാൻ പരേഡ്‌ വിജയിപ്പിക്കുക !
- CPI (ML) കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരണത്തിന് നൽകിയത്

No comments:

Post a Comment