Tuesday, 4 May 2021

 അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ ബി ജെ പി യുടെ വർഗീയരാഷ്ട്രീയത്തിനും
 ദുർഭരണത്തിനും എതിരായ വിധിയെഴുത്ത്‌
 

മേയ് 02 , 2021

മോദി ഭരണകൂടം രൂക്ഷതരം ആക്കിത്തീർത്ത കോവിഡ് -19 പ്രതിസന്ധിയ്ക്കിടയിൽ ആണ് അഞ്ചു സംസ്ഥാനനിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ ജയിച്ചുകേറുമെന്ന് ബി ജെ പി നടത്തിയിരുന്ന അവകാശവാദങ്ങൾ പൂർണ്ണമായും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടാണ് ഐതിഹാസികമായ ഒരു ഫാസിസ്റ്റ് വിരുദ്ധ ജനവിധി അവിടെ ഉണ്ടായിരിക്കുന്നത്. ബി ജെ പി യും കേന്ദ്രത്തിലെ മോദി ഭരണകൂടവും ബംഗാളിലെ ജനതയ്ക്കു മുന്നിൽ ഉയർത്തിയ ഭീഷണിയുടെ യഥാർത്ഥ സ്വഭാവം എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ക്യാമ്പെയിനുകൾ ആയിരുന്നു 'എകു ഷേർ ദക്' (Call of 2021) , നോ വോട്ട് ടു ബിജെപി, എന്നിവയും കർഷക പ്രക്ഷോഭത്തിന്റെ അഖിലേന്ത്യാ നേതൃത്വം ബംഗാളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും . മോദി ഭരണകൂടത്തിന്റെ മുഴുവൻ ശക്തിയും , പ്രചാരണരംഗത്ത് ബിജെപി യുടെ ഉന്നതനേതൃത്വനിരയുടെ സജീവസാന്നിദ്ധ്യവും , തെരഞ്ഞെടുപ്പ് കമ്മീഷൻപോലുള്ള സ്ഥാപനങ്ങളുടെ പക്ഷപാതവും, തുറന്ന രീതിയിൽ അഴിച്ചുവിടപ്പെട്ട മുസ്‍ലീം വിരുദ്ധതയും എല്ലാം കൂട്ടിനുണ്ടായിരുന്ന ബിജെപി യെ നിലം തൊടീക്കാതെ തോൽപ്പിച്ച തൃണമൂൽ കോൺഗ്രസ്സിന് ഞങ്ങളുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ
പശ്ചിമ ബംഗാളിൽ ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി ഫലത്തിൽ ഒരേയൊരു പ്രതിപക്ഷകക്ഷി ആയി മാറിയിരിക്കുകയാണ് . സവിശേഷമായ ഈ അവസ്ഥയിൽ ബംഗാളിൽ പ്രതിപക്ഷത്തിന്റെ പങ്ക് ശരിയായി നിർവഹിക്കപ്പെടണമെങ്കിൽ ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഇടം വികസിപ്പിക്കുന്ന വിധത്തിൽ ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തെ വീണ്ടും പടുത്തുയർത്തേണ്ടതുണ്ട് .
കേരളത്തിൽ , എൽഡിഎഫ് കരുത്തുറ്റ ജനപിന്തുണയോടെ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ് . കോവിഡ് -19 പ്രതിസന്ധിയെ നേരിടുന്നതിൽ കേന്ദ്ര സർക്കാർ ഒരുവർഷ ത്തിലധികം കാലമായി തുടർന്നുപോന്ന അവഗണനയും കെടുകാര്യസ്ഥതയുമായി തട്ടിച്ചുനോക്കുമ്പോൾ ഏറെ ആശ്വാസം പകരുന്നവയായിരുന്നു സംസ്ഥാന ഗവൺമെൻറ് പ്രസ്തുത വിഷയത്തിൽ സ്വീകരിച്ച മാതൃകാപരമായ നടപടികൾ. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ എൽഡിഎഫിനും സിപിഐ എം നേയും ഞങ്ങൾ അഭിനന്ദിക്കുന്നു.
ബിജെപി യുടെ അജണ്ടകൾ നേർത്ത മറയോടെ നടപ്പാക്കുന്ന വേറൊരു മുന്നണിയായ എഐഎഡിഎംകെ സർക്കാരിനെതിരായ സ്വാഗതാർഹമായ ജനവിധിയാണ് തമിൾ നാട്ടിൽ ഉണ്ടായത് . എന്നാലും സംസ്ഥാനത്ത് ബിജെപി വേരുകളാഴ്ത്തിയിരിക്കുന്ന തിന്റെ സൂചനകൾ ഉണ്ടായിട്ടുണ്ട്. എഐഎഡിഎംകെ യുടെ മേലെ സാവകാശം മേൽക്കൈ നേടി ബിജെപി അതിന്റെ സ്വാധീനം തമിഴ്‌നാട്ടിൽ വികസിപ്പിക്കുന്നതിനിടയിൽ രണ്ടു സീറ്റുകളിൽ ജയം നേടാനും മറ്റ് രണ്ട്‌ അസംബ്ലി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തനും ബിജെപി ക്കു കഴിഞ്ഞു. തമിഴ്‌നാട്ടിലെ ഈ അപായ സൂചന വേണ്ടവിധത്തിൽ കാലേക്കൂട്ടി തിരിച്ചറിയാനും അത് കൂടുതൽ നിർണ്ണായകമായ വളർച്ച നേടുന്നത് തടയാനും ജനാധിപത്യ ശക്തികൾക്ക് ബാധ്യതയുണ്ട്.
പുതുച്ചേരിയിൽ അധികാരത്തിൽ വന്നത് എഐഎൻആർസി- ബിജെപി മുന്നണിയാണ്. പുതുച്ചേരിയുടെ സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാനും , ഈ കേന്ദ്രഭരണ പ്രദേശത്തെ ഒരു താവളമായി ഉപയോഗിച്ച് പിൻവാതിലിലൂടെ കയറിവന്ന് കേരളത്തിലും തമിഴ്നാട്ടിലും രാഷ്ട്രീയ ഉപജാപങ്ങൾ സൃഷ്ടിക്കുന്നതിൽനിന്നും ബി ജെ പി യെ തടയാനും പുതുച്ചേരിയിലെ ജനത കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അസമിൽ ബിജെപി യ്ക്ക് ഭരണത്തിൽ തിരിച്ചുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ആശാവഹമായ മറ്റ് ചില സൂചനകളും ഈ തെരഞ്ഞെടുപ്പു ഫലങ്ങളിൽ ഉണ്ടായിട്ടുണ്ട്. കർഷക സമരത്തേയും സി എ എ വിരുദ്ധ പ്രക്ഷോഭത്തെയും മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുപോരുന്ന സാമൂഹ്യ പ്രവർത്തകൻ അഖിൽ ഗൊഗോയിയുടെ വിജയത്തിൽ ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ബി ജെ പി സർക്കാർ ഡ്രക്കോണിയൻ നിയമമായ യുഎപിഎ ചുമത്തിയതുമൂലം ജെയിലിൽ കഴിയവേ ആണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നത് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്.
കോവിഡ് -19 വൈറസ് ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും പടർന്നുപിടിച്ചു നാശങ്ങളും മരണങ്ങളും വിതച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ ദുരിതങ്ങളിൽനിന്നും ജനങ്ങളെ കരകേറ്റാനുതകുന്ന ആശ്വാസ നടപടികൾ അടിയന്തരമായി കൈക്കൊള്ളുന്നതോടൊപ്പം രോഗവ്യാപനത്തെ തടയാൻ സാദ്ധ്യമായ എല്ലാം ചെയ്യുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന ഗവൺമെന്റുകൾ സമയം ഒട്ടും പാഴാക്കരുത് .
- പ്രഭാത് കുമാർ,
സിപിഐഎംഎൽ കേന്ദ്ര കമ്മിറ്റിക്കു വേണ്ടി .

No comments:

Post a Comment