Thursday, 7 April 2022

 23-)0 സിപിഐ(എം ) പാർട്ടി കോണ്ഗ്രസ്സിന്  സിപിഐ(എം എൽ) ന്റെ സന്ദേശം 
                       

പ്രിയപ്പെട്ട സഖാക്കളേ,  

സിപിഐ( എം) ന്റെ 23-)0 പാർട്ടി കോണ്ഗ്രസ്സിന് കേരളത്തിലെ  കണ്ണൂരിൽ ഇന്ന് തുടക്കമാവുകയാണെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്.  സിപിഐ(എം എൽ) കേന്ദ്ര കമ്മിറ്റിയുടെ പേരിൽ നിങ്ങൾക്കെല്ലാവർക്കും  ഊഷ്മളമായ കമ്മ്യൂണിസ്റ്റ് അഭിവാദ്യങ്ങൾ. നിങ്ങളുടെ ചർച്ചകളും തീരുമാനങ്ങളും എല്ലാ പ്രകാരത്തിലും വിജയപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു.  ഉൽഘാടന സെഷനിലേക്ക് എന്നെ ക്ഷണിച്ചതിന് സഖാവ് സീതാറാം യെച്ചൂരി യോടുള്ള നന്ദി അറിയിക്കുന്നു.  ഞങ്ങളുടെ കേന്ദ്ര കമ്മിറ്റി യോഗവും  നിങ്ങളുടെ പാർട്ടി കോണ്ഗ്രസ്സും നടക്കുന്ന തീയതികൾ തമ്മിൽ നിർഭാഗ്യകരമായി  സംഭവിച്ചുപോയ  പൊരുത്തമില്ലായ്മ നിമിത്തം  ഞാനിപ്പോൾ  ഞങ്ങളുടെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ റാഞ്ചിയിൽ ആണ്.    ഇങ്ങനെയൊരു ലിഖിത സന്ദേശത്തിലൂടെ  വിജയാശംസകൾ അറിയിക്കാൻ ഇടവന്നത് അതുകൊണ്ടാണ്.

ദീർഘകാലം നീണ്ടു നിന്ന  ഒരു മഹാമാരിയുടെ നിഴലിൽ  23-)0 പാർട്ടി കോണ്ഗ്രസ്സ് നടത്താൻ നിങ്ങൾ ഒത്തുകൂടിയിരിക്കുന്ന ഈ അവസരത്തിൽ യൂറോപ്പിൽ നടക്കുന്ന  മറ്റൊരു യുദ്ധത്തിന് നമ്മൾ സാക്ഷികൾ ആവുകയാണ്.  ലെനിന്റെ  ഒരു തെറ്റ് മൂലം ആണ് സ്വതന്ത്ര ഉക്രെയിൻ   ഉണ്ടായത് എന്ന് പ്രഖ്യാപിച്ചുകൊണ്ട്  പുടിൻ   മുൻ സോവിയറ്റ് യൂണിയനിലെ രണ്ടാമത്തെ ഏറ്റവും വലിയ സോവിയറ്റ് റിപ്പബ്ലിക്ക് ആയ ഒരു രാജ്യത്തെ ബോംബിട്ട് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഒരു മാസത്തിലേറെയായി പുടിൻ ഉക്രെയിനിൽ നടത്തുന്ന യുദ്ധം നിമിത്തം ഇതിനകം  കൊല്ലപ്പെട്ട സാധാരണ പൗരർ തന്നെ  ആയിരക്കണക്കിന് വരും. സർവ്വവും ഉപേക്ഷിച്ചു ഉക്രെയിനിൽ നിന്നും സ്വയരക്ഷയ്ക്കായി പലായനം ചെയ്യാൻ നിര്ബന്ധിതരായത്  ദശലക്ഷക്കണക്കിന് മനുഷ്യർ ആണ്. ഉക്രെയിനിൽ പഠനാവശ്യത്തിന്  മറ്റുരാജ്യങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥിക ളിൽ ഏറ്റവും അധികം ഇന്ത്യക്കാരാണ് .  എന്നിട്ടും അവിടെ യുദ്ധമേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ  വിദ്യാർഥികളെ വേഗത്തിൽ സ്വദേശത്ത് തിരികെ എത്തിക്കാനോ, ഒരു യുദ്ധവിരാമത്തിന് വഴിയൊരുക്കാനോ സാദ്ധ്യതകൾ ആരായുന്ന നയതന്ത്രപരമായ ഒരു ഇടപെടലിനും മോദി സർക്കാർ മുൻകൈ എടുത്തില്ല. പലസ്തീൻ കാർക്കെതിരായ ഇസ്രായേലി ആക്രമണങ്ങൾ രൂക്ഷമായ അവസരങ്ങളിൽ            പരമ്പരാഗതമായി പലസ്തീൻ  അനുഭാവം പുലർത്തുന്ന വിദേശ  നയത്തിൽ നിന്ന് വ്യതിചലിച്ചു  മോദിയുടെ ഇന്ത്യ പലസ്തീൻ ജനതയോട് വഞ്ചന കാട്ടുകയായിരുന്നുവെങ്കിൽ, ഇപ്പോൾ  പുടിന്റെ ഉക്രേയിൻ യുദ്ധത്തെ മോദി സർക്കാർ ഫലത്തിൽ സഹായിക്കുകയാണ്.


1917-ലെ വിജയകരമായ വിപ്ലവം സാമ്രാജ്യത്വ ശൃംഖലയെ അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയിൽ വെച്ച് മുറിച്ചെറിയുന്നവിധം  റഷ്യയെ സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചുവെന്ന്  മാത്രമല്ല, ദേശീയതകളുടെ ഒരു തടവറയെ  ഒരു ബഹുദേശീയ സോഷ്യലിസ്റ്റ് കോൺഫെഡറേഷനാക്കി മാറ്റു കയും റഷ്യൻ ഷോവനിസത്തിന്റെ വിഷലിപ്തമായ  ആധിപത്യം അവസാനിപ്പിക്കുകയും ചെയ്തു. ഭൗമ രാഷ്ട്രീയ  ഘടകങ്ങൾ മാറ്റിനിർത്തിയാൽ, ആ ലെനിനിസ്റ്റ് പാരമ്പര്യത്തെ  അടിസ്ഥാനപരമായി  നശിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ യുദ്ധം . ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ ആയ നാം ലെനിന്റെ വിപ്ലവ പാരമ്പര്യത്തെ വിലമതിക്കുന്നതോടൊപ്പം  സമാധാനത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നു, അതുകൊണ്ടുതന്നെ അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും ആഭിമുഖ്യത്തിൽ യൂറോപ്പിൽ നടക്കുന്ന  വിപുലീകരണ നീക്കത്തേയും പുടിന്റെ യുദ്ധത്തേയും തിരസ്കരിക്കാൻ നാം ബാധ്യസ്ഥരാണ്.


2014 മുതൽ ഇന്ത്യയിൽ  നമ്മൾ വിനാശകരമായ മോദി ഭരണത്തെ അഭിമുഖീകരിക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും ഗവൺമെന്റിന്റെ ഫാസിസ്റ്റ് അജണ്ട കൂടുതൽ ശക്തമാവുകയും അതിന്റെ ആക്രമണം  തീവ്രതരമാവുകയും ചെയ്യുന്നു. വികസനത്തിന്റെ പേരിൽ പൊതു സ്വത്തുക്കൾ ഏതാനും കോർപ്പറേറ്റുകൾക്ക് കൂസലെന്യേ കൈമാറുകയും , ഭരണഘടന അനുശാസിക്കുന്ന പൗരന്മാരുടെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ശക്തമായ രാഷ്ട്രത്തിന്റെ പേരിൽ ആസൂത്രിതമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വിയോജിപ്പുകൾ കുറ്റകരമാക്കുകയും നിശബ്ദമാക്കുകയും ചെയ്യുന്നു, കൂടാതെ അക്കാദമിക്, മാധ്യമ, സാംസ്കാരിക മേഖലകളിൽ യുക്തിയുടേയും  പുരോഗമനാശയങ്ങളുടേയും പ്രതിനിധാനമായ  ശബ്ദങ്ങൾ തുടർച്ചയായി  അടിച്ചമർത്തപ്പെടുന്നു. മഹാമാരിയെ മറയാക്കി മോദി സർക്കാർ പ്രതിസന്ധിഘട്ടത്തിൽ മുതലെടുപ്പിന് കൂടുതൽ അവസരങ്ങൾ കണ്ടെത്തുകയായിരുന്നെങ്കിൽ ,   ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതൃനിരകളിൽ ഉണ്ടായിരുന്ന പലരെയും സ്വന്തമാക്കാനാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളെ  ഉപയോഗിക്കുന്നത് .അതിന്നായി  ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രവും സ്വാതന്ത്ര്യത്തിന്റെ അർത്ഥവും ഹിന്ദുത്വശക്തികളുടെ വീക്ഷണകോണിൽ നിന്ന് തിരുത്തിയെഴുതാനുമുള്ള അവസരവും വേദിയുമാക്കപ്പെടുകയാണ്  


ഇന്ത്യയെ നിർവചിക്കുന്ന വൈവിധ്യത്തിന്നും  ഇന്ത്യയുടെ ഐക്യവും പുരോഗതിയും നിലനിർത്തുന്ന അടിസ്ഥാന ജനാധിപത്യ ചട്ടക്കൂടിന്നും മേലെ  ഇത്രയും കാഠിന്യമുള്ളതും സ്ഥിരവുമായ ആക്രമണം ആധുനിക ഇന്ത്യ  ഇതുവരെ നേരിട്ടിട്ടില്ല എന്ന കാര്യം സ്പഷ്ടമാണ്. ഈ ഫാസിസ്റ്റ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുർബലമായ സ്ഥാപന ചട്ടക്കൂട് തകരുകയാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന വേളയിൽ ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പുകളെയാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്. അടിസ്ഥാനപരമായി ജനാധിപത്യം  അധികമൊന്നും വേരിറങ്ങിയിട്ടില്ലാത്ത ഇന്ത്യൻ  മണ്ണിൽ കേവലം ഉപരിതലത്തിലുള്ള ഒരു ആവരണം ആയി അദ്ദേഹം ഭരണഘടനയെ വിശേഷിപ്പിച്ചിരുന്നു, ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം, ആ മേൽമണ്ണ് വിള്ളൽ വീഴുന്നത് നാം കാണുന്നു.

 ഫാസിസ്റ്റ് ആക്രമണങ്ങളിൽനിന്നും എല്ലാ വിധത്തിലും ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട  ഒരു ഘട്ടത്തിലേക്ക് നാമിപ്പോൾ വ്യക്തമായും എത്തിയിരിക്കുന്നു. സ്ഥാപനങ്ങൾ ദുർബ്ബലവും പോരായ്മകൾ ഏറെ ഉള്ളവയുമാണെന്ന് തെളിയിക്കപ്പെട്ടിട്ടും, ഇന്ത്യയിലെ ജനങ്ങൾ  അപകടം കൂടുതൽ കൂടുതൽ മനസ്സിലാക്കുകയും അഭൂതപൂർവമായ സമരങ്ങളിലൂടെ ആവർത്തിച്ച് തെരുവിലിറങ്ങുകയും ചെയ്യുന്നു. തുല്യപൗരത്വത്തിനായുള്ള ഷഹീൻ ബാഗ് പ്രസ്ഥാനം, ക്യാമ്പസ് ജനാധിപത്യം, വിദ്യാഭ്യാസം, ജോലി എന്നിവയ്‌ക്ക് വേണ്ടിയുള്ള വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങൾ, കൃഷി കോർപ്പറേറ്റ്കൾ  ഏറ്റെടുക്കുന്നതിനെതിരായ കർഷക പ്രക്ഷോഭം എന്നിവയെല്ലാം  ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പിൻറെ  പ്രതീക്ഷ നൽകുന്ന അടയാളങ്ങളാണ്. സമീപകാല തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾക്ക്  ആർജ്ജിക്കാൻ  കഴിയുന്ന നേട്ടങ്ങൾ എന്തുതന്നെയായാലും അവയെല്ലാം പ്രാഥമികമായി ഈ ജനകീയ പ്രതിരോധത്തിന്റെ ഊർജ്ജവും ശക്തിയുമാണ്. ഈ സമരങ്ങളെ നിലത്തു നിലനിർത്താനും ശക്തിപ്പെടുത്താനും മാത്രമല്ല, ഈ സമരങ്ങളുടെ അജണ്ടയും സ്പിരിറ്റും  കൊണ്ട് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഉള്ളടക്കവും ചലനാത്മകതയും കൂടുതൽ സമ്പുഷ്ടമാക്കാനും  കമ്മ്യൂണിസ്റ്റ്കാരായ  നമുക്ക് സുപ്രധാനമായ പങ്കു വഹിക്കാനുണ്ട്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇപ്പോൾ ഒരു നൂറ്റാണ്ട് പ്രായമുണ്ട്.  മൂന്ന് വർഷത്തിന് ശേഷം ആർഎസ്എസും ശതാബ്ദി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്തും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ അധികകാലവും   ആർഎസ്എസ്  ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടതും ,ദുർബലവും വലിയ തോതിൽ മതിപ്പ് നഷ്ടപ്പെട്ടതുമായ ഒരു സംഘം ആയിരുന്നു. എന്നാൽ ഇന്ന് കേന്ദ്രത്തിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയും ഇന്ത്യയുടെ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകേറ്റം നടത്തുകയും ചെയ്തതിനു ശേഷം ആർ എസ്സ് എസ്സ് കരുതുന്നത് അതിന്റെ ഹിന്ദു മേൽക്കോയ്മയ്ക്കും  ജനാധിപത്യ വിരുദ്ധമായ അജണ്ടയ്ക്കും വീക്ഷണത്തിനും അനുസരിച്ച് ഇന്ത്യയെ പുനർരൂപകൽപ്പന ചെയ്യുന്നതിനും പുനർനിർവചിക്കുന്നതിനുമുള്ള അവസരം ഇപ്പോഴല്ലെങ്കിൽ പിന്നൊരിയ്ക്കലുമല്ല എന്ന മട്ടിൽ ആണ് .  ഈ ആർഎസ്എസ് പദ്ധതിയെ പരാജയപ്പെടുത്തുക എന്നത്  ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരുടെയും മറ്റ് പുരോഗമന ശക്തികളുടെയും  ബാധ്യതയാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ  വിപ്ലവാത്മകമായ ഒരു പൈതൃകം നമുക്ക് ലഭിച്ചിട്ടുണ്ടെങ്കിലും  അത് നമ്മിൽ അർപ്പിച്ച കടമകൾ  ഭൂരിഭാഗവും യഥാർത്ഥത്തിൽ നിറവേറ്റപ്പെട്ടില്ല, ശേഷിച്ചവ പോലും  നശിപ്പിക്കാനും തിരിച്ചെടുക്കാനുമാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്.  ഭിന്നതകളെയും വൈവിധ്യങ്ങളെയും മാനിക്കുന്നതും ഏവരെയും ഉൾക്കൊള്ളുന്നതും ആയ ഒരു മതേതര ദേശീയ സ്വത്വം ആണ് സ്വാതന്ത്ര്യസമരപൈതൃകം നമുക്ക്  നൽകിയതെങ്കിൽ , 20-ാം നൂറ്റാണ്ടിനെ പ്രചോദിപ്പിച്ച അന്താരാഷ്ട്ര സാമ്രാജ്യത്വ വിരുദ്ധ, കൊളോണിയൽ വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ ഉണർവ്വിന്റെയും സോഷ്യലിസ്റ്റ് സ്വപ്നത്തിന്റെയും പരിണത ഫലം കൂടിയായിരുന്നു അത്. 

ജന്മിത്വം ഉന്മൂലനം ചെയ്യുന്നതിനും കടത്തിൽ നിന്നുള്ള മോചനത്തിനുമുള്ള കിസാൻ മാനിഫെസ്റ്റോ , ജാതി നിർമാർജ്ജനത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ആഹ്വാനങ്ങൾ , രാജ്യത്തിന്റെ വിഭവങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതിനുള്ള സാമ്പത്തിക കാഴ്ചപ്പാട് ഇവയെല്ലാം അത് നമുക്ക് നൽകി. ജനങ്ങളുടെ  അവകാശങ്ങൾ വിളംബരം ചെയ്യുന്ന ഒരു  ഭരണഘടനയും അത്  നൽകി. സമ്പന്നമായ ഈ പൈതൃകത്തിന്റെ ആയുധം അണിഞ്ഞുവേണം   സ്വാതന്ത്ര്യത്തിനുംവേണ്ടിയും ഫാസിസത്തിൽ നിന്നുള്ള വിമോചനത്തിനുംവേണ്ടിയുമുള്ള ഒരു പുതിയ യുദ്ധം  തന്നെ നാം നടത്തേണ്ടത് . 

ഇടതുപക്ഷത്തുള്ള നമുക്കെല്ലാവർക്കും ഐക്യപ്പെടാനും സർവ്വശക്തിയും സംഭരിച്ചുകൊണ്ട് പോരാടാനും നമ്മെ നിർബന്ധിതരാക്കുന്ന  സാഹചര്യങ്ങൾ ആണ് ഇന്നുള്ളത് .നിരവധി സംസ്ഥാനങ്ങളിലും അഖിലേന്ത്യാ തലത്തിലും മികച്ച ഏകോപനത്തിൽ എത്തിച്ചേരാൻ നമ്മൾക്ക്  കഴിഞ്ഞു. ബീഹാറിൽ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയെടുക്കുന്നതിൽ നമ്മൾ ഒരുമിച്ചായിരുന്നു. നിങ്ങളുടെ കരട് പ്രമേയത്തിൽ സൂചിപ്പിച്ചതുപോലെ, അടവുപരമായ വിഷയങ്ങളിൽ  നമ്മൾ തമ്മിലുള്ള  വ്യത്യാസങ്ങൾ പശ്ചിമ ബംഗാളിൽ ഉയർന്നുവന്നിരുന്നു. . ഫാസിസ്റ്റ് ആക്രമണത്തിനെതിരെ നമ്മുടെ ഊർജവും ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഇടതുപക്ഷ ഐക്യത്തിന്റെ വിശാലമായ  താൽപ്പര്യത്തിനായി അത്തരം വ്യത്യാസങ്ങളെ സാഹോദര്യത്തോടെ കൈകാര്യം ചെയ്യാനും , ഉത്തരവാദിത്തത്തോടെ പെരുമാറാനും നമുക്ക്  കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വരും ദിവസങ്ങൾ വെല്ലുവിളികൾ നിറഞ്ഞതാണ്, ജനാധിപത്യത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ഒരുമിച്ച് നീങ്ങാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പോരാടാൻ നമുക്ക് ഒന്നിക്കാം, വിജയിക്കാൻ പോരാടാം. 

 23 -)0 സിപിഐ(എം) പാർട്ടി കോൺഗ്രസ്സിന് എല്ലാ വിജയവും ആശംസിക്കുന്നു. 

ഇൻക്വിലാബ് സിന്ദാബാദ് !

ഇടതുപക്ഷ ഐക്യം നീണാൾ വാഴട്ടെ !

എല്ലാ പുരോഗമന - പോരാട്ട ശക്തികൾക്കുമിടയിൽ ഐക്യം നീണാൾ വാഴട്ടെ ! 


ദീപങ്കർ ഭട്ടാചാര്യ , 

ജനറൽ സെക്രട്ടറി 

സിപിഐ എംഎൽ ലിബറേഷൻ 


No comments:

Post a Comment