സി പി ഐ എം എൽ ലിബറേഷൻ കേന്ദ്ര കമ്മിറ്റി പ്രസ്താവന : ന്യൂ ഡെൽഹി, 15-10-2022 പ്രൊഫസർ ജി എൻ സായിബാബയേയും മറ്റുള്ളവരേയും വിട്ടയക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുക മാത്രമായിരുന്നില്ല സുപ്രീം കോടതി ചെയ്തത്; നിയമവാഴ്ചയെത്തന്നെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ജി എൻ സായിബാബ, മഹേഷ് കരി മാൻ തിക്രി, ഹേം കേശവ് ദത്ത മിശ്ര, പ്രശാന്ത് സാംഗ്ലികർ, വിജയ് തിക്രി എന്നിവരെ മോചിപ്പിക്കാൻ ഉള്ള ബോംബെ ഹൈക്കോടതിയുത്തരവ് എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കാനുള്ള പോരാട്ടത്തിലെ ഒരു വിജയം ആയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പ്രത്യേക സിറ്റിംഗ് നടത്തിയ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് അവരുടെ ജെയിൽ മോചനം അസാധ്യമാക്കി. ആറുവർഷം ജെയിലിൽ കഴിഞ്ഞശേഷമാണ് ഒക്ടോബർ13ന് ബോംബെ ഹൈക്കോടതി പ്രൊഫസർ ജി എൻ സായിബാബയുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത് ; അതിനിടെ, ഹൈക്കോടതി അപ്പീൽ കേൾക്കും മുൻപ് കുറ്റാരോപിതരിൽ ഒരാൾ ആയിരുന്ന പാണ്ഡു നരോത്തെ മരണപ്പെട്ടതും തികച്ചും ദുഃഖകരമായിരുന്നു.
90 ശതമാനം ശാരീരിക വൈകല്യങ്ങളോടെ വീൽ ചെയറിൽ കഴിയുമ്പോഴും ഗുരുതരമായ ഹൃദ്രോഗം, പാൻക്രിയാറ്റിസ് , പിത്താശയത്തിൽ കല്ലുകൾ എന്നീ മറ്റ് അവശതകൾകൂടി യുള്ള ജി എൻ സായിബാബയ്ക്ക് അടിയന്തരമായ വൈദ്യ ശുശ്രൂഷ ആവശ്യമുള്ള ഒരു ഘട്ടമാണ് ഇപ്പോൾ. അദ്ദേഹത്തിന് വീട്ടുതടങ്കലെങ്കിലും അനുവദിക്കാനുള്ള അപേക്ഷയും നിരസിക്കപ്പെട്ടു. "ഇന്ത്യ ഇരുമ്പഴിക്കുള്ളിൽ" എന്ന വിഷയത്തിൽ ഡെൽഹിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു പത്രസമ്മേളനത്തിൽ ജി എൻ സായിബാബയുടെ ജീവിതപങ്കാളികൂടിയായ വസന്ത ഇങ്ങനെ പറഞ്ഞു : " അനേകം വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ഒരു വ്യക്തിയാണ് സായിബാബ. എന്നാൽ സ്വന്തം പൗരന്മാരുടെ ആരോഗ്യത്തിൽ ഉള്ള പ്രാഥമിക ഉത്തരവാദിത്വമോ സഹാനുഭൂതിയോ ഇല്ലാത്ത ഒരു സർക്കാർ ആണിത്"
അനീതിക്കെതിരെ ശബ്ദിക്കുന്ന ആരെയും ജെയിലിൽ ഇടാൻ സാധിക്കുന്നവിധം യുഎപിഎ നിയമത്തെ ഉപയോഗിക്കുന്നതിലൂടെ ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് സ്വതേ നീതിരാഹിത്യം നടമാടുന്ന ഒരു ക്രിമിനൽ നിയമവ്യവസ്ഥയെ ആയുധവൽക്കരിക്കലാണ് .
എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കാനും, മുഴുവൻ ഡ്രകോണിയൻ നിയമങ്ങളും പിൻവലിക്കാനും ഉള്ള പോരാട്ടങ്ങൾ സിപിഐ എം എൽ തുടരും.
No comments:
Post a Comment