ബിജെപി ഭരണത്തിലുള്ള മണിപ്പൂരിൽ വംശീയ ഹിംസയും ഗോത്ര ജനവിഭാഗങ്ങളിൽ അരക്ഷിതാവസ്ഥയും
എഡിറ്റോറിയൽ
എം എൽ അപ്ഡേറ്റ്
9 -15 മേയ് 2023
കർണ്ണാടകത്തിൽ വോട്ടർമാർ കോൺഗ്രസ്സിനെ ജയിപ്പിക്കുകയാണെങ്കിൽ കലാപങ്ങൾ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ ഓർമ്മപ്പെടുത്തി . എന്നാൽ , ബി ജെ പി ഭരിക്കുന്ന മണിപ്പൂർ ആ സമയത്ത് ഭീഷണമായ വംശീയ ഹിംസയിൽ കത്തിയെരിയുകയായിരുന്നു. ആസൂത്രിതമായ വംശീയ ലഹളയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന റിപ്പോർട്ടുകൾ ആണ് മണിപ്പൂരിൽനിന്നു വന്നുകൊണ്ടിരിക്കുന്നത്.
ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനസർക്കാരുകളെ ഡബിൾ എൻജിൻ സർക്കാരുകൾ എന്ന് പതിവായി വിശേഷിപ്പിക്കാറുള്ള കേന്ദ്ര ഗവണ്മെന്റ് മണിപ്പൂരിന്റെ ഭരണത്തെ 355 -)0 ഭരണഘടനാ അനുഛേദം ഉപയോഗിച്ച് ഇപ്പോൾ നേരിട്ട് നിയന്ത്രിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ പ്രഖ്യാപിച്ചിരിക്കുകയും ചെയ്യുന്നു. വംശീയ കലാപത്തിൽ മരിച്ചവരുടെ സംഖ്യ ഇതിനകം 50 ൽ അധികമാവുകയും, കുഴപ്പങ്ങൾ മലമ്പ്രദേശങ്ങളിൽനിന്നും തലസ്ഥാനമായ ഇംഫാൽ ഉൾപ്പെട്ട താഴ്വരകളിലേക്ക് വ്യാപിച്ചിരിക്കുകയും ആണ്. ഉയർന്ന പദവികൾ വഹിക്കുന്ന ഗിരിവർഗ്ഗക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ജനനേതാക്കളും വരെ ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരാവുകയും, നിരവധി ചർച്ചുകൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തതോടെ , മണിപ്പൂരിൽ സമീപഭൂതകാലത്ത് താരതമ്യേന നിലനിന്നിരുന്ന സമാധാനാന്തരീക്ഷം പൊടുന്നനെ തകരുകയായിരുന്നു.
ഹിംസാബാധിതമായ മണിപ്പൂരിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വെറും ക്രമസമാധാനത്തകർച്ച എന്നതിലുപരിയായ ഒരു അവസ്ഥയുടെ ചിത്രമാണ്. മണിപ്പൂരിന്റെ ലോലമായ സാമൂഹഘടനയിൽ ഉണ്ടായിരിക്കുന്ന ആഴമേറിയ വിള്ളലുകൾ അവ സൂചിപ്പിക്കുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഹിംസയുടെ ഘട്ടത്തിന് നിമിത്തമായ തുടക്കം കുറിച്ചത് മീട്ടേയ് സമുദായത്തെ പട്ടികവർഗ്ഗലിസ്റ്റിൽ പ്പെടുത്താൻ ഉള്ള അപേക്ഷ പരിഗണിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഗവണ്മെന്റിനോട് ശുപാർശ ചെയ്യണം എന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഒരു ഉത്തരവ് ആണ്. പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഒരു ഹർജി കേൾക്കവേ നടത്തിയ ഒരു വാചാ പരാമർശത്തിൽ , ഏതെങ്കിലും സമുദായത്തെ പട്ടിക വർഗ്ഗ ലിസ്റ്റിൽപ്പെടുത്തുന്നതിനു അനുകൂലമായ ശുപാർശകൾ നടത്തുന്നത് ഹൈക്കോടതിയുടെ അധികാരപരിധിയിൽപ്പെട്ട കാര്യമല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പ്രശ്നം കൊണ്ടുമാത്രമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്ന സംഭവ പരമ്പരകൾ അരങ്ങേറിയതെന്ന് വിശ്വസിക്കാനാവില്ല; നേരത്തെ നടന്ന ചില ഒരുക്കങ്ങൾ അതിനുപിന്നിൽ ഉണ്ടെന്നത് വ്യക്തമാണ്. ഗോത്രവർഗ്ഗക്കാരായ ബി ജെ പി നിയമസഭാംഗങ്ങൾ തന്നെ ബീരേന്ദ്ര സിങ് സർക്കാരിനെതിരെ വംശീയ ഉന്മൂലന അജൻഡ ആരോപിച്ചിരുന്നു.
മണിപ്പൂരിൽ നിലവിലെ പ്രബല സമുദായമായ മീട്ടേയ്‌കളെ പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കുക്കികളേയും നാഗാ, മീസോ സമുദായക്കാരേയും, അതുപോലെ മറ്റ്ചില ഗോത്രസമുദായങ്ങളെയും സ്വാഭാവികമായും ചൊടിപ്പിച്ചു. മീട്ടേയ്‌കൾക്ക് പട്ടികവർഗ്ഗപദവി നൽകിയാൽ അതുമൂലം വിദ്യാഭ്യാസത്തിലും തൊഴിലിലും ലഭിക്കുന്ന സംവരണാനുകൂല്യങ്ങളും പട്ടികവർഗ്ഗക്കാർക്കു മാത്രം ലഭ്യമായ ഭൂവുടമസ്ഥതാസംബന്ധമായ പ്രത്യേകാവകാശങ്ങളും മീട്ടേയ്‌കൾ കരസ്ഥമാക്കുന്നതും ,റിസർവ്വ് വനമെന്നോ , വന്യമൃഗസങ്കേതമെന്നോ ഉള്ള പേരിൽ ഗോത്രവർഗ്ഗങ്ങളെ അവരുടെ പരമ്പരാഗതമായ സെറ്റ്‌ൽമെൻറ് ഭൂമികളിൽനിന്നും ഒഴിപ്പിക്കുന്ന സർക്കാർ നയം ഇപ്പോൾത്തന്നെ ഉള്ളതും ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങളെ കൂടുതൽ പരിമിതപ്പെടുത്തുന്നുവെന്നതാണ് സത്യം . ഹിൽ ഏരിയാസ് കമ്മിറ്റികൾക്ക് ഗിരിവർഗ്ഗ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഭരണപരമായ അധികാരങ്ങൾ വ്യവസ്ഥാപിതമായരീതിയിൽ കവർന്നെടുക്കപ്പെടുകയാണ്.
ഗിരിവർഗ്ഗ സമുദായങ്ങളുടെ രോഷത്തിനും ആശങ്കകൾക്കും ആക്കം കൂട്ടുന്ന മറ്റൊരു സംഗതി അസമിൽ നടപ്പാക്കിയ മാതൃകയിൽ മണിപ്പൂരിലും എൻ ആർ സി നടപ്പാക്കാനുള്ള നീക്കങ്ങൾ ആണ്. മ്യാന്മറിൽനിന്നും പലായനം ചെയ്ത് മണിപ്പൂരിലെ മലമ്പ്രദേശമേഖലകളിൽ അഭയാർഥികളായി എത്തി കുടിയിരുത്തപ്പെട്ട ഗോത്രസമുദായക്കാരുടെ ഇപ്പോഴത്തെ തലമുറയെ അനധികൃത കുടിയേറ്റക്കാർ ആയി മുദ്രകുത്താനുള്ള പദ്ധതിയാണ് അതിനുപിന്നിൽ.
വംശപരമായ പൊതുപൈതൃകത്തിന്റെ കാരണങ്ങളാൽ കുക്കികളും മണിപ്പൂരിലെ ഇതര ഗോത്ര സമുദായക്കാരും തമ്മിൽ ഗാഢമായ പരസ്പര സൗഹാർദ്ദവും സവിശേഷ ബന്ധങ്ങളും നിലനിൽക്കുന്നു. മ്യാന്മർ അഭയാർഥികളുടെ പിൻമുറക്കാരായ ഒരു ഗിരിവർഗ്ഗ സമുദായത്തോട് മണിപ്പൂരിലെ ബി ജെ പി സർക്കാർ വിവേചനപരവും ദ്രോഹകരവുമായ നയം സ്വീകരിക്കുമ്പോൾ നാട്ടിൽത്തന്നെ വേരുകളുള്ള മറ്റ് ഗോത്ര സമുദായങ്ങൾ അവരെ കാണുന്നത് സ്വന്തം സഹോദരീസഹോദരന്മാർ ആയിട്ടാണ്. ക്രിസ്ത്യൻ പള്ളികൾക്കെതിരെ മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ സംഘപരിവാർ അഴിച്ചുവിട്ട ക്രിസ്ത്യൻ വിരുദ്ധവും മതപരിവർത്തനത്തിന് എതിരായതുമായ വിദ്വേഷ പ്രചാരണങ്ങളുമായി ഒത്തുപോകുന്നതാണ്. ഇതിന്റെയൊക്കെ പരിണിതഫലം മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങൾ ജനിച്ച മണ്ണിൽ ഇന്ന് പാർശ്വവൽക്കരണത്തിനും അന്യവൽക്കരണത്തിനും വിധേയരായിരിക്കുന്നു വെന്നതാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിൽ പ്രത്യേകം താല്പര്യമുള്ളവരാണ് തങ്ങൾ എന്ന് ബി ജെ പി അവകാശപ്പെടാറുണ്ട്. അസമിൽ വർഗ്ഗീയ ധ്രുവീകരണത്തിന്റെയും വക്രീകൃതമായ സ്വത്വ നിർവ്വചനത്തിന്റെയും ഒരു ചേരുവയാണ് ബി ജെ പി കൗശലപൂർവ്വം ഉപയോഗിച്ചത് . അസമിൽ അധികാരം കയ്യടക്കിയതിന് പിന്നാലെ ത്രിപുരയിലും മണിപ്പൂരിലും തുടർച്ചയായി രണ്ടാം തവണ ബി ജെ പി അധികാരത്തിൽ എത്തി. താഴ്വരകളിൽ താമസക്കാരായ മീട്ടേയ്‌കളുടെ ഇടയിൽ സ്വാധീനം ഉണ്ടാക്കിയാണ് മുഖ്യമായും ബി ജെ പി മണിപ്പൂരിൽ അധികാരത്തിൽ എത്തിയത്; എന്നാൽ, ഗിരിവർഗ്ഗ സമുദായങ്ങളിലേക്ക് സ്വാധീനം വികസിപ്പിക്കാൻ എന്ന നാട്യത്തോടെ "മലകളിലേക്ക് പോവുക" എന്ന സന്ദേശം ബി ജെ പി യുടെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടമാണ്. ഇപ്പോൾ നടക്കുന്ന വംശീയ ഹിംസ യഥാർത്ഥത്തിൽ സംഘപരിവാറിന്റെ ആഭിമുഖ്യത്തിൽ വടക്കുകിഴക്കൻമേഖലയിൽ നടപ്പാക്കുന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് . സാംസ്‌കാരിക വൈവിധ്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും പുരോഗതി നേടാനുള്ള ഗോത്രവർഗ്ഗ ജനതയുടെ അഭിലാഷങ്ങളും സംരക്ഷിച്ചുകൊണ്ടല്ലാതെ വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും ജനാധിപത്യവും വികസനവും സാധ്യമാവുകയില്ല. വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിലോലമായ സാമൂഹ്യാവസ്ഥ . ബി ജെ പി യുടെ ഹിന്ദുത്വ ഭൂരിപക്ഷവാദ അജൻഡ അതിനു കടകവിരുദ്ധമായ ഫലങ്ങൾ മാത്രമേ സൃഷ്ടിക്കൂ . അങ്ങനെയൊരു അജൻഡ വെച്ച് വടക്കുകിഴക്കൻ ഇന്ത്യയിൽ ബി ജെ പി നടത്തുന്ന രാഷ്ട്രീയഅധിനിവേശത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതാണ് മണിപ്പൂരിന്റെ ഇന്നത്തെ അവസ്ഥ
No comments:
Post a Comment