Thursday 17 October 2024



 ആർഎസ്എസ് അതിൻ്റെ ശതാബ്ദിയിലേക്ക് കടക്കുന്നു : 
ആധുനിക ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൻ്റെ കഥ 

(എഡിറ്റോറിയൽ, ML അപ്‌ഡേറ്റ്, 14-20 ഒക്ടോബർ, 2024)

 ആർഎസ്എസ് ഇപ്പോൾ അതിൻ്റെ ശതാബ്ദിക്ക് തൊട്ട്മുമ്പുള്ള വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 99-ാമത് വർഷത്തിലെ വിജയദശമി ദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ സ്ഥാപന ദിന പ്രസംഗം , ആർഎസ്എസ് അതിൻ്റെ ശതാബ്ദിയോട് അടുക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള പൊതുവായ ആശയപരിസരം  പങ്കുവെക്കുന്നുണ്ട് .  എന്നിരുന്നാലും, ആർഎസ്എസ് ഒരു ഗൂഢാലോചനാ സംഘടനയായിട്ടാണ്‌  നിലനിൽക്കുന്നതെന്നും,  അതിൻ്റെ അടിസ്ഥാന പ്രവർത്തന രീതിയും പ്രത്യയശാസ്ത്ര പ്രഖ്യാപനങ്ങളും പരസ്യ പ്രസ്താവനകളും നമുക്ക് ഒരു രൂപരേഖ മാത്രമേ നൽകുന്നുള്ളൂവെന്നും നാം എപ്പോഴും ഓർത്തിരിക്കണം.  ആർഎസ്സ്എസ്സ്  ഇപ്പോൾ അഭൂതപൂർവമായ അധികാരത്തിന്റെ  സ്ഥാനത്തു നിന്നാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, പ്രത്യേകിച്ചും ആർഎസ്എസിനെ ഒരു ഏകോപന കേന്ദ്രമോ മോദി സർക്കാരും വിശാലമായ സംഘ് ബ്രിഗേഡിൻ്റെ അജണ്ടയും പ്രവർത്തനവും തമ്മിലുള്ള പാലമോ ആയി വീക്ഷിക്കുകയാണെങ്കിൽ, കൂടുതൽ കാര്യങ്ങൾ തുറന്ന രീതിയിൽ വെളിപ്പെടുത്താൻ അതിന് കഴിവുണ്ട്. 

 ഹിന്ദു ഏകീകരണം ആർഎസ്സ്എസ്സിൻ്റെ കേന്ദ്ര പ്രമേയമായി തുടരുന്നുണ്ട് . ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി അത് ഒരേസമയം ഇരകളുടെ ഭാഗവും  ഹിന്ദു അഭിമാനവും അധികാരവും ഉയർത്തിപ്പിടിക്കുന്ന ഭാഗവും അടങ്ങിയ ഇരട്ടത്താപ്പ് കളിക്കുന്നു.  അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ച് പറയുമ്പോൾ  വിഷയങ്ങൾ തെരഞ്ഞെടുത്ത് സംസാരിക്കുകയും , ആക്രമണാത്മക ഇസ്ലാമിനെയും വംശനാശഭീഷണി നേരിടുന്ന ഹിന്ദുക്കളെയും കുറിച്ചുള്ള തൻ്റെ വിവരണത്തിന് അനുയോജ്യമായ രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്നു.  ഒരു വർഷം നീണ്ടുനിൽക്കുന്ന പലസ്തീനിലെ കുട്ടികളുടെയും സ്ത്രീകളുടെയും വംശഹത്യയെ  ഇസ്രായേൽ-ഹമാസ് സംഘർഷമായും ,  ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തെ  ഇസ്ലാമിക മതമൗലികവാദ ശക്തികളെ അധികാരത്തിലെത്തിക്കുന്ന അക്രമാസക്തമായ അട്ടിമറിയായും ചിത്രീകരിക്കുന്ന അതേ ശ്വാസത്തിൽ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിൻ്റെ വർദ്ധിച്ചുവരുന്ന അപകടത്തെക്കുറിച്ചും ഇന്ത്യയിലെ ജനസംഖ്യാ അസന്തുലിതാവസ്ഥയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.  ഭഗവത് ഒരിക്കലും ഉത്തരം നൽകാൻ മെനക്കെടാത്ത യുക്തിസഹമായ കുറെ ചോദ്യങ്ങൾ ഉയർത്തിവിടാൻ മാത്രമേ  ഇതുകൊണ്ട് കഴിയൂ.

 ആധികാരിക ജനസംഖ്യാപരമായ ഡാറ്റയുടെ ഏക ഉറവിടം ദശവത്സര സെൻസസ് മാത്രമാണ്, വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി കിംവദന്തികൾ വ്യാജ ജനസംഖ്യാ കണക്കുകളും പ്രവചനങ്ങളും സജീവമായി പ്രചരിപ്പിക്കുന്നത് തടയാൻ പര്യാപ്തമാകുമായിരുന്ന 2021 ലെ സെൻസസ് പ്രവർത്തനം മോദി സർക്കാർ മാറ്റിവെച്ചു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം  മോദി യുഗത്തിൽ നടക്കുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദി രാജ്യത്തിൻ്റെ അതിർത്തി കാക്കാൻ അധികാരവും കടമയുമുള്ള  സർക്കാരിനാണ്.  ഇസ്ലാമിക മതമൗലികവാദികൾ ബംഗ്ലാദേശിൽ ഭരിക്കുകയും അവിടെയുള്ള ഹിന്ദു സമൂഹം വംശനാശഭീഷണി നേരിടുന്നതായി കാണുകയും ചെയ്യുന്നുവെങ്കിൽ, ഇന്ത്യ പ്രതീക്ഷിക്കേണ്ടത് മുസ്ലീങ്ങളുടെ നുഴഞ്ഞുകേറ്റമല്ല , ബംഗ്ലാദേശി ഹിന്ദുക്കളുടെ ഒരു കടന്നുകയറ്റമാണ്.  ഹിന്ദുക്കളെ അഭയാർത്ഥികളായി വിശേഷിപ്പിക്കാറുണ്ടെന്നും 'നുഴഞ്ഞുകയറുന്നവർ' എന്ന വാക്ക് ബംഗ്ലാദേശി മുസ്ലീങ്ങൾക്ക് മാത്രമാണെന്നും സംഘി പദാവലി പരിചയമുള്ള ആർക്കും അറിയാം.  എന്നിട്ടും ഇന്ത്യയിലെ സാധാരണക്കാരെ ഭയപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ആർഎസ്സ്എസ്സ്  ബംഗ്ലാദേശ് നുഴഞ്ഞുകയറ്റമെന്ന വ്യാജപ്രചാരണം   
ഉപയോഗിക്കുന്നത് തുടരുകയാണ്.

 മിക്കവാറും എല്ലാ താരതമ്യ ആഗോള സൂചികകളും ഇന്ത്യയെ ഒരു തകർച്ചയുടെ സ്ഥിതിയിൽ , അല്ലെങ്കിൽ ഭയാനകമായ അവസ്ഥയിൽ കാണിക്കുന്നുണ്ടെങ്കിലും, മോദി കാലഘട്ടത്തിൽ ഇന്ത്യ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റം നടത്തിയെന്ന് വിശ്വസിക്കാനാണ്  മോഹൻ ഭാഗവത് ആവശ്യപ്പെടുന്നത് .  ഗ്ലോബൽ ഹംഗർ ഇൻഡക്സ് ഇന്ത്യയെ വിശപ്പിൻ്റെ ആഗോള ഭൂപടത്തിൽ വീണ്ടും 'ഗുരുതരമായ' വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 127 രാജ്യങ്ങളുടെ കൂട്ടത്തിൽ  ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയ്ക്ക് പിന്നിൽ 105-ാം റാങ്ക് ആണ് ഇന്ത്യയ്ക്കുള്ളത് .  ഭാഗവതിൻ്റെ ദൃഷ്ടിയിൽ ഇന്ത്യയ്ക്കകത്തെ പ്രതിഷേധ പ്രസ്ഥാനങ്ങൾ എല്ലാം അസ്വസ്ഥതകളും പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നവയാണ് .  വടക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പഞ്ചാബ്, ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളും അദ്ദേഹം ഇത്തരത്തിലാണ് യഥാർത്ഥത്തിൽ ചിത്രീകരിച്ചത് ;  കടൽ അതിർത്തിയുള്ളവയിൽ  കേരളവും , തമിഴ്നാടും അങ്ങനെതന്നെ ;  ബിഹാർ മുതൽ മണിപ്പൂർ വരെയുള്ള പുർവാഞ്ചൽ മുഴുവനും അസ്വസ്ഥപ്രദേശമായി .  പലപ്പോഴും ജനാധിപത്യത്തെ പൂർണ്ണമായും സസ്പെൻഡ് ചെയ്യുന്നതിനും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനത്തിനുമുള്ള ആദ്യപടിയാണ് ഒരു പ്രദേശത്തെ "അസ്വാസ്ഥ്യ ബാധിതം"എന്ന് വിശേഷിപ്പിക്കുന്നത് .  രാജ്യത്തെ അസ്വസ്ഥമാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങൾ എല്ലാ ദിശകളിൽ നിന്നും ശക്തി പ്രാപിക്കുന്നുണ്ടെന്നാണ്  ഭാഗവത് നമ്മോട് പറയുന്നത് . വിയോജിപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ സ്വേച്ഛാധിപതികൾക്കും പ്രശ്‌നങ്ങൾ ഉള്ളതുപോലെത്തന്നെ , ആർ എസ്സ് എസ്സിനെ വെല്ലുവിളിക്കുന്ന ഓരോ സ്വത്വത്തിലും  ഐഡൻ്റിറ്റിയിലും ആശയത്തിലും ആർഎസ്സ്എസ്സിന് പ്രശ്‌നമുണ്ട്.  അവയെ നേരിടാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ആർഎസ്എസ് ഉചിതമായി പരാജയപ്പെടുകയായിരുന്നു.  ഗോൾവാൾക്കറുടെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, ഒരു ഏകീകൃത രാഷ്ട്രത്തിനും രാഷ്ട്രപതി ഭരണത്തിനും വേണ്ടി പരസ്യമായി ആവശ്യപ്പെടാൻ 
ഭാഗവതിന് ഇന്ന് കഴിയില്ല.  എന്നാൽ പാർലമെൻ്ററി ജനാധിപത്യത്തിൻ കീഴിലെ സ്വത്വങ്ങളേയും  മത്സരസ്വഭാവത്തെയും നിയന്ത്രിക്കാനുള്ള   നിബന്ധനകൾ നിർദ്ദേശിക്കാൻ ആർഎസ്എസിന് ആകുമെന്ന് അദ്ദേഹം കരുതുന്നു. തൽഫലമായി ,  'കൃത്രിമ ഐഡൻ്റിറ്റികൾ' സൃഷ്ടിക്കുന്നതിന്റെ പേരിലും  ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിനും ദേശീയ താൽപ്പര്യങ്ങൾക്കും അന്യമായ വിദേശ ആശയങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലും 'വേക്കിസ'ത്തെയും (രാഷ്ട്രീയമോ ,സാമൂഹ്യമോ ആയ അനീതികളുടെ പേരിൽ സ്ഥിരം രോഷം കൊള്ളുന്നവരെ ഇകഴ്ത്തി പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു ഇംഗ്ലീഷ് പദമാണ് wokeism )  'സാംസ്കാരിക മാർക്‌സിസ'ത്തെയും കുറ്റപ്പെടുത്താൻ അദ്ദേഹം 2023 ലെ തൻ്റെ പ്രസംഗം ആവർത്തിക്കുന്നു.  ഭഗവതിൻ്റെ ആദർശ ഇന്ത്യയിൽ ഗൗരി ലങ്കേഷ്, സ്റ്റാൻ സ്വാമി, ജിഎൻ സായിബാബ, ഉമർ ഖാലിദ് എന്നിവരെപ്പോലെയുള്ളവർ പ്രകടിപ്പിച്ച  ഒരു വിയോജിപ്പിനും ഇടമില്ല - ഒരു 'ബദൽ രാഷ്ട്രീയത്തിനും' ഇടമില്ല, അതായത് സാമൂഹിക പരിവർത്തനത്തിൻ്റെയും സമഗ്ര നീതിയുടെയും പ്രവർത്തനക്ഷമമായ സമത്വത്തിൻ്റെയും എല്ലാ കാഴ്ചപ്പാടുകളും.  തുടച്ചുനീക്കണം.

 ദൈവങ്ങൾ പോലും ദുർബലരെ സംരക്ഷിക്കുന്നില്ലെന്ന് ഭാഗവത് പറയുന്നു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ദൈവങ്ങൾ പോലും അംഗീകരിക്കുന്ന  ഒരു  കടമയായി ഇപ്പോൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.  ദുർബലർക്കെതിരെയുള്ള ആക്രമണം, നാനാത്വത്തിൻ്റെ ബുൾഡോസിംഗ്, വിയോജിപ്പുകളെ നിയമവിരുദ്ധമാക്കൽ, രാഷ്ട്രവുമായുള്ള ഭൂരിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കൽ - ഭാഗവതിൻ്റെ 99-ാം ആർഎസ്എസ് വാർഷിക പ്രസംഗം ഫാസിസ്റ്റ് ക്രമത്തിൻ്റെ ഈ ബ്ലൂപ്രിൻ്റ് മറയ്ക്കാൻ ശ്രമിക്കുന്നില്ല.   ആർഎസ്സ്എസ്സിൻ്റെ ശതാബ്ദി പര്യവേഷണം അനാവരണം ചെയ്യുമ്പോൾ,തീർച്ചയായും മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് ഭാഗവത് സൂക്ഷ്മമായി മനസ്സിലാക്കുന്നു.  അതിനാൽ, ആർഎസ്എസിൻ്റെ ശതാബ്ദി, ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക വർഷവുമായും,    ക്ഷേത്രനിർമ്മാണത്തിൻ്റെ പ്രചാരണത്തിന് പേരുകേട്ട മറാത്ത കോൺഫെഡറസിയിലെ ഹോൾക്കർ ഹൗസിലെ രാജ്ഞി അഹല്യ ബായിയുടെ 300-ാം ജന്മവാർഷികവുമായും ഒരുമിക്കുന്ന വേളയാണെന്ന്  ഭാഗവത് നമ്മെ  ഓർമ്മിപ്പിക്കുന്നു.  ബിർസ മുണ്ടയുടെ  കൊളോണിയൽ വിരുദ്ധപ്പോരാട്ടത്തിന്റെ  ചരിത്രവും കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരായ തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പിൻ്റെ നിലവിലെ സന്ദർഭവും മനപ്പൂർവ്വം മറച്ചുവെക്കുന്ന ഭാഗവത് , ദിയോഘറിൽ നുകുൽചന്ദ്ര സ്ഥാപിച്ച സത്സംഗത്തിൻ്റെ നൂറാം വാർഷികത്തോട് ബിർസ മുണ്ടയുടെ 150 -)0 ജന്മവാർഷികത്തെ ചേർത്തുക്കുകയാണ് .

 സ്വതന്ത്രഇന്ത്യയുടെ ഭരണഘടന അംഗീകരിക്കപ്പെടുമ്പോൾ അത് പരസ്യമായി നിരാകരിച്ച സംഘടന ഇന്ന് ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആചരിക്കുമ്പോൾ,  റിപ്പബ്ലിക്കിൻ്റെ ഭാവിയുടെ നിബന്ധനകൾ നിശ്ചയിക്കുകയാണ്.  അംബേദ്കർ പ്രവചനാത്മകമായി മുന്നറിയിപ്പ് നൽകിയ ഏറ്റവും വലിയ വിപത്താണിത്, റിപ്പബ്ലിക്കും അതിലെ ജനങ്ങളും ഈ ദുരന്തത്തെ മറികടക്കാൻ അവരുടെ സഹജമായ സർവ്വ ശക്തിയും ധൈര്യവും സമാഹരിക്കേണ്ടതുണ്ട് .

No comments:

Post a Comment