28 ഫെബ്രുവരി 2025
ദീപങ്കർ ഭട്ടാചാര്യ
സിപിഐ എമ്മിൻ്റെ വരാനിരിക്കുന്ന 24-ാമത് കോൺഗ്രസിന് മുന്നോടിയായി പാർട്ടി പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ ഒരു ആഭ്യന്തര കുറിപ്പ് മാദ്ധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ , അത് നേരത്തെ പുറത്തിറക്കിയ കരട് പ്രമേയത്തേക്കാൾ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും മോദി സർക്കാരിനെയും വിവരിക്കാൻ 'നവ ഫാസിസ്റ്റ് സ്വഭാവവിശേഷങ്ങൾ' എന്ന പ്രയോഗം രണ്ടിടങ്ങളിൽ ഡ്രാഫ്റ്റിൽ ഉപയോഗിച്ചിരുന്നു. 'നവ-ഫാസിസ്റ്റ് സ്വഭാവസവിശേഷതകൾ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം സവിശേഷതകളോ പ്രവണതകളോ മാത്രമാണെന്നും, ഒരു തരത്തിലും മോദി സർക്കാരിനെ ഫാസിസ്റ്റ് അല്ലെങ്കിൽ നവ ഫാസിസ്റ്റ് ഭരണകൂടമായി വിശേഷിപ്പിക്കുന്നില്ലെന്നും കുറിപ്പ് ഇപ്പോൾ വ്യക്തമാക്കുന്നു. ഇവിടെയാണ് ഇന്ത്യയിലെ നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോൾ സി.പി.ഐ.യിൽ നിന്നോ സി.പി.ഐ (എം എൽ ) നിന്നോ സി.പി.ഐ(എം) വ്യത്യസ്തമാകുന്നത് എന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
ഒരുപക്ഷെ, 'നവ ഫാസിസം' എന്ന പ്രയോഗം സിപിഐ(എം) അണികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കാം, നിലവിലെ സാഹചര്യത്തിൽ സിപിഎമ്മും സിപിഐ(എം എൽ )ഉം തമ്മിലുള്ള പ്രധാന വ്യത്യാസം 'നിയോ' എന്ന വിശേഷണത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനാൽ ഇന്ത്യയിൽ ഭരണകൂടം ഇപ്പോൾ പ്രകടമാക്കുന്ന ചിലി സ്വഭാവവിശേഷങ്ങൾ മാത്രം മതിയോ അതിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ എന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ആണ് കുറിപ്പ് ശ്രമിക്കുന്നത് .
സിപിഐ എം രേഖയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന 'നവ ഫാസിസ്റ്റ്' എന്ന പ്രയോഗത്തിന് പാർട്ടി അണികൾ അധികം പ്രാധാന്യം കൽപ്പിക്കേണ്ടെന്ന് വ്യക്തമാക്കാനാണ്ക്കാ കുറിപ്പ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 'എഫ്' എന്ന വാക്ക് ഇനി ഒഴിവാക്കാനാവില്ലെന്ന സാഹചര്യം നിലനിൽക്കെ, ഫാസിസ്റ്റ് അപകടത്തെ 'അമിതമായി വിലയിരുത്തുന്നതിനെതിരെ' പാർട്ടിക്ക് മുന്നറിയിപ്പ് നൽകാനാണ് കുറിപ്പ് ശ്രമിക്കുന്നത്.
ഇറ്റലിയിലെയും ജർമ്മനിയിലെയും ഫാസിസത്തെ 'ക്ലാസിക്കൽ ഫാസിസം' എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ്, നവ-ഫാസിസത്തിൻ്റെ ഉയർന്നുവരുന്ന പ്രവണത ക്ലാസിക്കൽ വൈവിധ്യത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ വ്യത്യാസങ്ങളുടെ ഒരു ഭാഗം സാന്ദർഭികമാണ് - ഒന്നാം ലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇറ്റലിയിലും ജർമ്മനിയിലും ഫാസിസം ഉടലെടുത്തത് ലോകയുദ്ധങ്ങളിലേക്കും മുതലാളിത്തത്തിൻ്റെ രൂക്ഷമായ പ്രതിസന്ധിയിലേക്കും നയിച്ച, മഹാമാന്ദ്യം എന്നറിയപ്പെടുന്ന അന്തർ-സാമ്രാജ്യത്വ സ്പർദ്ധയുടെ സാഹചര്യത്തിലാണ്. കുറിപ്പ് അവിടെ അവസാനിക്കുന്നില്ല, കൂടുതൽ അന്തർലീനമായ ഒരു വ്യത്യാസം കൂടി തിരിച്ചറിയുന്നു - ക്ലാസിക്കൽ ഫാസിസം ബൂർഷ്വാ ജനാധിപത്യത്തെ നിരാകരിച്ചപ്പോൾ, 'നിയോ' വൈവിധ്യം പ്രത്യക്ഷത്തിൽ ബൂർഷ്വാ ജനാധിപത്യവുമായി, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമ്പ്രദായവുമായി സൗകര്യപ്രദമായി പൊരുത്തപ്പെടുന്നതും ആണ് . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്ലാസിക്കൽ ഫാസിസത്തിന് ആന്തരികമായി നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലാത്ത സാഹചര്യത്തിൽ ജനാധിപത്യത്തിൻ്റെ ഓരോ അംശവും തകർത്ത നാശത്തിൻ്റെ ഉഗ്രമായ കൊടുങ്കാറ്റ് അഴിച്ചുവിടാൻ കഴിഞ്ഞപ്പോൾ, നവ-ഫാസിസ്റ്റ് വൈവിധ്യത്തിൽ സ്വയം പരിമിതപ്പെടുത്തുന്നതോ സ്വയം നിയന്ത്രിക്കുന്നതോ ആയ ഒന്ന് ഉണ്ട്.
ക്ലാസിക്കൽ ഫാസിസവും അതിൻ്റെ 'നവ' അവതാരവും തമ്മിൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ വേർതിരിവ് തീർച്ചയായും കൂടുതൽ ശ്രദ്ധ അർഹിക്കുന്നു, ഇന്ത്യ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ചില 'നവ-ഫാസിസ്റ്റ് പ്രവണതകൾ' മാത്രമാണെന്ന് സിപിഐ(എം) അവകാശപ്പെടുന്നു, അത് പരിശോധിച്ചില്ലെങ്കിൽ ഭാവിയിൽ നവ-ഫാസിസമായി വളർന്നേക്കാം. 1920-കളിലെ ഫാസിസത്തിൻ്റെ ഉയർച്ചയുടെ ചരിത്രപരമായ സന്ദർഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കടുത്ത അന്തർ-സാമ്രാജ്യത്വ സംഘർഷത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും അപ്പുറം മറ്റൊന്നുണ്ടായിരുന്നു - വിപ്ലവ ഭയം. 1848-ൽ തന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിച്ചത്, "ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു - കമ്മ്യൂണിസത്തിൻ്റെ ഭൂതം" എന്ന പ്രതീകാത്മക വാചകത്തോടെയാണ്. 1917 നവംബറിൽ റഷ്യയിൽ നടന്ന വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ഭൂതം കൂടുതൽ യാഥാർത്ഥ്യമായി. യൂറോപ്പിൽ മറ്റിടങ്ങളിലെ വിപ്ലവ സാധ്യതകൾ ഫലവത്തായില്ലെങ്കിലും റഷ്യൻ വിപ്ലവത്തിൻ്റെ അഞ്ചാം വാർഷികമായപ്പോഴേക്കും ഇറ്റലിയിൽ ഫാസിസം ശക്തി പ്രാപിച്ചു.
യൂറോപ്പിൽ തുടക്കത്തിൽ തന്നെ ഫാസിസം ഒരു അന്താരാഷ്ട്ര പ്രതിഭാസമാണെങ്കിലും, അതത് രാജ്യങ്ങളിലെ ചരിത്രപരമായ യാഥാർത്ഥ്യങ്ങളും സാമൂഹിക സാഹചര്യങ്ങളും രൂപപ്പെടുത്തുന്ന ദേശീയമായ പ്രത്യേകതകൾ പ്രകടിപ്പിക്കാൻ ബാധ്യസ്ഥമാണെന്ന് വ്യക്തമായി. ജർമ്മനിയിൽ ഫാസിസം പ്രകടമാകുമ്പോഴേക്കും അത് ഒരു പുതിയ ബ്രാൻഡ് നാമം നേടിയിരുന്നു - നാസിസം അല്ലെങ്കിൽ ദേശീയ സോഷ്യലിസം. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ നാം കണ്ട യൂറോപ്യൻ ഫാസിസത്തിൻ്റെ മാതൃകകളുടെ കൃത്യമായ പകർപ്പിനെക്കുറിച്ച് ഇന്ന് ഇന്ത്യയിൽ ആരും സംസാരിക്കുന്നില്ല. ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ള ഒരു മാർക്‌സിസ്റ്റ് വിശകലനം ഇന്ത്യൻ സവിശേഷതകളും അതുപോലെ തന്നെ ചരിത്രത്തിലെ ഫാസിസത്തിൻ്റെ എല്ലാ സന്ദർഭങ്ങളിലും പൊതുവായുള്ള അടിസ്ഥാന സവിശേഷതകളും കണക്കിലെടുക്കേണ്ടതുണ്ട്. ഈ വീക്ഷണകോണിൽ നിന്ന് സിപിഐ എമ്മിൻ്റെ വ്യക്തത വരുത്തുന്ന കുറിപ്പ് പരിഗണിക്കുന്നത് തീർച്ചയായും യുക്തിസഹമായിരിക്കും. ഇന്ത്യയിലും അന്തർദേശീയമായും ആർഎസ്സ്എസ്സിനെ ഫാസിസ്റ്റ് സംഘടനയായി പരിഗണിക്കുന്ന വിശാല പുരോഗമന അഭിപ്രായത്തോട് സിപിഐ എം യോജിക്കുന്നു. ഇറ്റലിയിലെയും ജർമ്മനിയിലെയും മാതൃകകളെ ഫാസിസത്തിൻ്റെ ക്ലാസിക്കൽ മാതൃകകൾ എന്ന് കുറിപ്പിൽ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ, സംഘടനാ ഘടന, പ്രവർത്തന രീതി എന്നിവയിൽ ഗണ്യമായ അംശങ്ങൾ കടമെടുത്തുകൊണ്ട്, ഇന്ത്യയിലെ മുസ്ലീങ്ങളെ ജർമ്മനിയിലെ ജൂതന്മാരെ എന്നപോലെ ആത്യന്തിക ശത്രുവായി തിരിച്ചറിഞ്ഞുകൊണ്ട്, അതിൻ്റെ ആരംഭം മുതൽ തന്നെ ആർഎസ്സ്എസ്സിനെ യൂറോപ്യൻ ഫാസിസം വളരെയധികം ആകർഷിച്ചു എന്നത് ശ്രദ്ധേയമാണ്. കൊളോണിയൽ ഇന്ത്യ യുദ്ധാനന്തര ഇറ്റലിയോ ജർമ്മനിയോ ആയിരുന്നില്ല എന്നത് മറ്റൊരു കാര്യം. ഇറ്റലിയിലും ജർമ്മനിയിലും ഉയർന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ ഫാസിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ, ഇന്ത്യയിൽ അവർ സ്വാതന്ത്ര്യസമരത്തിൻ്റെ കാലഘട്ടത്തിലോ അല്ലെങ്കിൽ ഒരു ഭരണഘടനാ റിപ്പബ്ലിക്കായി ഇന്ത്യയുടെ പ്രയാണത്തിൻ്റെ ആദ്യ ദശകങ്ങളിലോ ഒരു നാമമാത്ര ശക്തിയായി തുടരുകയായിരുന്നു.
ആർഎസ്എസ് ഇന്ന് അനുഭവിക്കുന്ന തരത്തിലുള്ള അധികാരവും ആധിപത്യവും നേടിയെടുക്കാൻ റിപ്പബ്ലിക്കിൻ്റെ സ്ഥാപന ശൃംഖലയിൽ വഞ്ചനാപരമായി തുളച്ചുകയറുകയും , ശക്തി സംഭരിക്കാൻ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ചലനാത്മകതയുമായി പൊരുത്തപ്പെടുകയും ചെയ്ത ഫാസിസ്റ്റ് പ്രവണത ലോകത്ത് ഇത്രയും കാലം നിലനിന്നതിന് മറ്റൊരു ഉദാഹരണവുമില്ല. ഒരു ഫാസിസ്റ്റ് ശക്തി രാഷ്ട്രീയ അധികാരത്തിൽ വളരുന്ന പിടിയിൽ നിന്ന് എന്ത് പ്രയോജനം ഉണ്ടാക്കും - അത് അതിൻ്റെ ഫാസിസ്റ്റ് അജണ്ടയുടെ മുഴുവൻ സാദ്ധ്യതകളും അഴിച്ചുവിടാനും നടപ്പിലാക്കാനും പോകുമോ,അതോ ബൂർഷ്വാ ജനാധിപത്യത്തോട് ശാശ്വതമായി അനുസരണം പാലിച്ച്
കളിക്കുമോ ? ആർഎസ്എസിൻ്റെ എല്ലാ ഉയർച്ച താഴ്ചകളിലൂടെയും അടവുപരമായ പിൻവാങ്ങലിലൂടെയും തന്ത്രപരമായ മുന്നേറ്റങ്ങളിലൂടെയും, അതിൻ്റെ നൂറുവർഷത്തെ നിലനിൽപ്പിൻ്റെ, പ്രത്യേകിച്ച് കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ നാടകീയമായ ഉയർച്ചയുടെയും ദൃഢീകരണത്തിൻ്റെയും ട്രാക്ക് റെക്കോർഡ് ആരിലും അൽപ്പം പോലും സംശയമ ഉണ്ടാക്കേണ്ടതില്ല.
അദ്വാനിയുടെ രഥയാത്രയിലൂടെയുള്ള രാമജന്മഭൂമി കാമ്പയിൻ വിപുലപ്പെടുത്തിയതും ഒടുവിൽ 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്തതും സംഘ് ബ്രിഗേഡിൻ്റെ നികൃഷ്ടമായ ഫാസിസ്റ്റ് പദ്ധതിയുടെ ആദ്യത്തെ അസ്വാഭാവിക പരിമിതിയുടെ ദൃശ്യമാണ് നമുക്ക് നൽകിയത് . ഇത് കേവലം ആക്രമണാത്മക വർഗീയതയോ മതമൗലിക ഭ്രാന്തോ ആയിരുന്നില്ല, മറിച്ച് ഹിന്ദു മേൽക്കോയ്മയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്വത്വത്തെ പുനർനിർവ്വചിക്കാനും ഒരു ഹിന്ദു രാഷ്ട്രത്തിൻ്റെ ഭാവനയെ ജ്വലിപ്പിക്കാനുമുള്ള വ്യക്തമായ ശ്രമമായിരുന്നു. ഈ നിമിഷത്തെ സിപിഐ(എംഎൽ) തിരിച്ചറിഞ്ഞത് ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിനും ഭരണഘടനാ റിപ്പബ്ലിക്കിനുമുള്ള വർഗീയ ഫാസിസ്റ്റ് ഭീഷണിയായിട്ടായിരുന്നു . സഖാക്കളായ വിനോദ് മിശ്രയും സീതാറാം യെച്ചൂരിയും ആർഎസ്എസ് പദ്ധതിയേക്കുറിച്ച് വിപുലമായി എഴുതുകയും ഈ വഴിത്തിരിവിൻ്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടത്-പുരോഗമന അണികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയ്ക്ക് ഉണ്ടായ ഒറ്റപ്പെടൽ വളരെ ഹ്രസ്വമായാ ഒരു കാലത്തേക്കായിരുന്നു, അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിക്ക് അഖിലേന്ത്യാ സഖ്യം രൂപീകരിക്കാൻ കഴിഞ്ഞു. നൂറ്റാണ്ടിൻ്റെ തുടക്കമായപ്പോഴേക്കും ഇന്ത്യ എൻഡിഎ ഭരണത്തിൻ കീഴിലായിരുന്നു, ഒരു മുഴുവൻ കാലാവധിയും അതിജീവിച്ച ആദ്യത്തെ കോൺഗ്രസ് ഇതര ഭരണം. 1999 ജനുവരിയിൽ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ബജ്‌റംഗ്ദൾ നേതാവ് ദാരാ സിംഗും സംഘവും കൊലപ്പെടുത്തിയതും , മൂന്ന് വർഷത്തിന് ശേഷം ഗുജറാത്തിൽ നടത്തിയ മുസ്ലീം വിരുദ്ധ വംശഹത്യയും സംഘ് ബ്രിഗേഡിൻ്റെ അഴിച്ചുപണി അജണ്ടയുടെ ഉച്ചത്തിലുള്ള സൂചനകൾ നൽകി. നരേന്ദ്ര മോദി സർക്കാരിൻ്റെ മേൽനോട്ടത്തിൽ നടന്ന ഗുജറാത്ത് കൂട്ടക്കൊല ഇന്ത്യയിലും വിദേശത്തും വ്യാപകമായി അപലപിക്കപ്പെടുകയും , 2004-ൽ എൻഡിഎയുടെ പരാജയം ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തപ്പോൾ, നരേന്ദ്ര മോദിക്കെതിരെ ഒരു നിയമനടപടിയും സ്വീകരിക്കാൻ സംഘ്-ബിജെപി സംവിധാനങ്ങൾ കൂട്ടാക്കാതിരുന്നതിലൂടെ, ഹിന്ദു രാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള അടുത്ത കുതിപ്പിന് സംഘ് ബ്രിഗേഡ് തയ്യാറാണെന്ന് വ്യക്തമാക്കപ്പെട്ടു . യുപിഎ സർക്കാർ രണ്ട് തവണ ഭരണം നടത്തിയെങ്കിലും, ഗുജറാത്തിൽ ബിജെപി സ്വയം ഉറപ്പിക്കുകയും കോർപ്പറേറ്റ് ഇന്ത്യയും വൈബ്രൻ്റ് ഗുജറാത്ത് എന്ന ദ്വിവത്സര നിക്ഷേപ ഉച്ചകോടിയിൽ മോദി ബ്രാൻഡിന് ചുറ്റും കൂടുതൽ സംഘങ്ങൾ അണിനിരക്കുകയും ചെയ്തു. കോർപ്പറേറ്റ് ഇന്ത്യയുടെ നിർണ്ണായക പിന്തുണയോടെ മോദിയെ ഡൽഹിയിലേക്ക് കൊണ്ടുവരാനുള്ള മുറവിളി ഉയർന്നു, ടാറ്റാ ഗ്രൂപ്പും അദാനി-അംബാനി കോറസിൽ ചേർന്നു, 2014 ആയപ്പോഴേക്കും മോദി യുഗം നമ്മുടെ മുന്നിൽ വന്നു. കോർപ്പറേറ്റ്-വർഗീയ ഒത്തുചേരലിൻ്റെ ഈ പാത മറക്കാതിരിക്കേണ്ടത് പ്രധാനമാണ്. മതേതര ജനാധിപത്യ ഇന്ത്യയെ ഹിന്ദു മേൽക്കോയ്മ ഫാസിസ്റ്റ് ക്രമത്തിന് വിധേയമാക്കുക എന്ന സംഘി അജണ്ടയുടെ ചിട്ടയായതും വേഗത്തിലുള്ളതുമായ നിർവ്വഹണം, ഫാസിസ്റ്റ് ദുരന്തത്തിൻ്റെ ഈ ബ്ലൂപ്രിൻ്റിന് നവലിബറലിസത്തിൻ്റെ ഒരു പ്രതിസന്ധിയേക്കാൾ ഒരുപാട്
മാനങ്ങൾ ഉണ്ടെന്ന് നമ്മോട് പറയും.
ഏതാണ്ട് എൺപത് വർഷങ്ങൾക്ക് മുമ്പ്, അംബേദ്കർ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, 'ഹിന്ദു രാജ് ഒരു യാഥാർത്ഥ്യമായാൽ, അത് ഈ രാജ്യത്തിൻ്റെ ഏറ്റവും വലിയ വിപത്തായിരിക്കും, സംശയമില്ല. ഇതിൽക്കൂടുതലായ ഒരു പ്രവചനവും അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് നൽകാൻ കഴിയുമായിരുന്നില്ല . നിയമങ്ങൾ ഭേദഗതി ചെയ്യുകയും , നിയമത്തിൻ്റെയും നീതിയുടെയും ചട്ടക്കൂടിൽ മാറ്റം വരുത്തുകയും , ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പൂർണ്ണമായും ലംഘിച്ച് പുതിയ നിയമനിർമ്മാണ നടപടികൾ നടത്തുകയും നമ്മുടെ റിപ്പബ്ലിക്കിനെ ഭരിക്കുന്ന സ്ഥാപനപരമായ മുഴുവൻ ചട്ടക്കൂടും പരിതസ്ഥിതിയും അട്ടിമറിക്കുകയും ചെയ്യുന്നത് വരെ ഈ സർക്കാർ ജനാധിപത്യത്തെ നശിപ്പിക്കാനും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കാനും എല്ലാം ചെയ്യുന്നു. മുസ്‌ലിം സമുദായത്തെയും സമൂഹത്തിലെ വിവിധ ദുർബല വിഭാഗങ്ങളെയും വിയോജിപ്പിൻ്റെ ശബ്ദങ്ങളെയും ലക്ഷ്യം വച്ചുള്ള , ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വിദ്വേഷത്തിനും അക്രമത്തിനും അനുവദിച്ചിരിക്കുന്ന തുറന്ന പ്രോത്സാഹനവും പൂർണ്ണമായ ശിക്ഷാരാഹിത്യവും ഇതോടൊപ്പം ചേർത്താൽ, നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ഭരണഘടനാ അടിത്തറയിൽ ദൈനംദിനാടിസ്ഥാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ ആക്രമണങ്ങളേ ക്കുറിച്ച് നമുക്ക് ഒരു ധാരണ കിട്ടും. പുതിയ ഭരണഘടനയ്ക്ക് വേണ്ടിയുള്ള വ്യക്തമായ ആഹ്വാനങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്, ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പാർലമെൻ്റ് ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ബാബാസാഹെബ് അംബേദ്കറെ കുറിച്ച് അവഹേളനാപരമായ പരാമർശങ്ങൾ നടത്തിയത് മറക്കാറായിട്ടില്ല .
തീർച്ചയായും ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്, എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവൺമെൻ്റിൻ്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമ്പോൾ, വോട്ടർ പട്ടിക തയ്യാറാക്കുന്നത് മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും കൂടുതൽ സുതാര്യതാരഹിതവും ഏകപക്ഷീയവുമായി മാറുമ്പോൾ, ഇന്ത്യയുടെ താറുമാറാക്കപ്പെട്ട ജനാധിപത്യത്തിന് അത് കാര്യമായ സംരക്ഷണമാകുമോ? ഹിറ്റ്‌ലറും തിരഞ്ഞെടുപ്പ് പാതയിലൂടെ തന്നെയായിരുന്നു അധികാരത്തിലെത്തിയത് . 99% വോട്ട് നേടാനും സ്ഥിരമായ സ്വേച്ഛാധിപത്യം നടപ്പിലാക്കാനും വേണ്ടി മുഴുവൻ പ്രതിപക്ഷത്തെയും ക്രമേണ നിയമവിരുദ്ധമാക്കുകയായിരുന്നു ഹിറ്റ്‌ലർ ചെയ്തത് . ഇന്ത്യയിലാകട്ടെ, അമിത് ഷാ ഇയ്യിടെയായി സംസാരിക്കുന്നത് അൻപത് വർഷമായി തടസ്സമില്ലാതെ ഭരിക്കുന്നതിനെക്കുറിച്ചാണ് . എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കാനും അധികാരത്തിൽ കടിച്ചുതൂങ്ങാനുമുള്ള ബി.ജെ.പിയുടെ തീവ്രവും ദുഷ്‌കരവുമായ ശ്രമത്തിൻ്റെ എത്രയോ സംഭവങ്ങൾ നാം ഇതിനകം കണ്ടിട്ടുണ്ട്. ആഗോള സമൂഹത്തിനു മുന്നിൽ ഒരു കെട്ടുകാഴ്ചയായി വർത്തിക്കുന്നതിനും , ആഭ്യന്തരമായി നിയമസാധുത അവകാശപ്പെടുന്നതിനുമായി നടത്തപ്പെടുന്ന ഇന്ത്യയിലെ
തെരഞ്ഞെടുപ്പുകൾ കൂടുതൽക്കൂടുതൽ പ്രഹസനമായി മാറുകയാണ്.
ബിജെപി, ഇതുവരെയുള്ള രാഷ്ട്രീയ യാത്രയിൽ നിരവധി സഖ്യകക്ഷികളെയും സഹായികളെയും കണ്ടെത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അതിൻ്റെ ഔപചാരിക സഖ്യകക്ഷികളുടെ പിന്തുണ കൂടാതെ, നവലിബറൽ അജണ്ടയിലും മൃദു ഹിന്ദുത്വ തുടർച്ചയുടെ അടിസ്ഥാനത്തിലും അതിന് വിപുലമായ പിന്തുണയും ലഭിക്കുന്നു. വിയോജിപ്പിന്റെ ശബ്ദങ്ങൾക്കെതിരായ അടിച്ചമർത്തൽ , ഇസ്‌ലാമിനെ പൈശാചികവൽക്കരിക്കൽ, മുസ്‌ലിംകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും എതിരായ വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും കാമ്പെയിനുകൾ , പൗരസ്വാതന്ത്ര്യം, ജനാധിപത്യ അവകാശങ്ങൾ, ജനാധിപത്യ ഇടങ്ങൾ എന്നിവയുടെ ശോഷണം തുടങ്ങിയ വിഷയങ്ങളിൽ, ഇന്ത്യയിലെ പൊതു വ്യവഹാരത്തിൽ ഇപ്പോഴും സംവേദനക്ഷമതയും എതിർപ്പും കുറവാണ്. ജനാധിപത്യവിരുദ്ധമായ മണ്ണിൽ ജനാധിപത്യത്തിൻ്റെ മേൽ വസ്ത്രം എന്ന് അംബേദ്കർ ഭരണഘടനയെ വിശേഷിപ്പിച്ചതിൽ അതിശയിക്കാനില്ല. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റുകൾ മുൻകൈയെടുക്കേണ്ടതും വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് ആക്രമണത്തെ അഭിമുഖീകരിക്കുന്ന ജനാധിപത്യത്തിൻ്റെ ഏറ്റവും സ്ഥിരതയുള്ളതും പ്രതിബദ്ധതയുള്ളതുമായ ചാമ്പ്യന്മാരായി പ്രവർത്തിക്കേണ്ടതും ഇത് കൂടുതൽ അനിവാര്യമാക്കുന്നു. സിപിഐ(എം) പ്രമേയം ചില നവ-ഫാസിസ്റ്റ് സ്വഭാവവിശേഷങ്ങൾ തിരിച്ചറിയുന്നു, പരിശോധിച്ചില്ലെങ്കിൽ സ്വഭാവസവിശേഷതകൾ പൂർണ്ണ തോതിലുള്ള 'നവ ഫാസിസ'മായി വളരുമെന്ന് കുറിപ്പിൽ പറയുന്നു. 'പ്രോട്ടോ നിയോ ഫാസിസത്തിൻ്റെ ചേരുവകൾ' എന്ന പ്രയോഗം ഉപയോഗിച്ച് കൂടുതൽ ലക്ഷണങ്ങൾ കുറിപ്പ് അവതരിപ്പിക്കുന്നു - ഈ 'പ്രോട്ടോ ചേരുവകൾ' - 'ക്ലാസിക്കൽ ഫാസിസത്തിൽ' നിന്ന് മൂന്ന് വട്ടം നീക്കം ചെയ്യുന്നതുവരെ നമുക്ക് ഇനിയും സമയമുണ്ടെന്ന് സൂചിപ്പിക്കുന്നു - ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫാസിസത്തെക്കുറിച്ചുള്ള പൂർണ്ണമായ കേസ് സ്റ്റഡി നടത്തുന്നതിലേക്ക് പക്വത പ്രാപിക്കുന്നതായി നടിക്കുകയാണ് ഈ കുറിപ്പ് . ഫാസിസ്റ്റ് അപകടത്തിൻ്റെ അളവോ തീവ്രതയോ വിലയിരുത്തുക എന്നത് മാത്രമാണ് ചോദ്യമെങ്കിൽ, മുസ്സോളിനിയുടെ ഇറ്റലിയുമായും ഹിറ്റ്‌ലറുടെ ജർമ്മനിയുമായും താരതമ്യപ്പെടുത്തുമ്പോൾ, നമ്മുടെ കൺമുന്നിൽ എല്ലാ ദിവസവും സംഭവിച്ചതും സംഭവിക്കുന്നതും അവഗണിക്കുകയും ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ജനാധിപത്യത്തിൽ നിന്ന് ആശ്വസിക്കുകയും ചെയ്യുന്ന ആഡംബരം കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകുമോ? ഇന്ത്യയിൽ ഫാസിസത്തിന് സാവധാനവും നീണ്ടുനിൽക്കുന്നതുമായ ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിൽ, അതിന്റെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമായും ഇന്ത്യയുടെ വിസ്തൃതിയും സഹജമായ വൈവിധ്യവുമാണ്, മാത്രമല്ല ഈ വൈവിധ്യത്തെ അതിൻ്റെ 'ഒരു രാഷ്ട്രം' എന്ന ഏകീകൃത ഫോർമുല ഉപയോഗിച്ച് ബുൾഡോസ് ചെയ്യാൻ മോദി ഭരണകൂടം ഒരു നിമിഷം പോലും നഷ്ടപ്പെടുത്തുന്നില്ല എന്നതും ഓർക്കേണ്ടതാണ്.
ഇന്ത്യൻ ഭരണകൂടം ഫാസിസ്റ്റ് അല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ശരി, ഇന്ത്യയിലെ സ്റ്റേറ്റ് ഒരു സമ്പൂർണ ഫാസിസ്റ്റ് സ്ഥാപനമായി മാറിയെന്ന് ആരും പറഞ്ഞിട്ടില്ല, എന്നാൽ വിപുലമായ ഒരു ഭരണകൂട സംവിധാനത്തിനുള്ളിൽനിന്നുള്ള സ്ഥാപനപരമായ ചെറുത്തുനിൽപ്പ് വളരെ ദുർബ്ബലമാണെന്നും , ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശേഷിക്കുന്ന ഘടകങ്ങളെ അല്ലെങ്കിൽ സാദ്ധ്യതകളെ നശിപ്പിക്കാനുള്ള യഥാർത്ഥ ശ്രമം നടക്കുന്നു എന്ന വസ്തുത നമുക്ക് എപ്പോഴെങ്കിലും അവഗണിക്കാനാകുമോ? അംബേദ്കറും ഭരണഘടനയും ഭരണഘടനാ ദർശനത്തെ അറിയിക്കുകയും ഭരണഘടനയുടെ പ്രചോദകമായ ആമുഖത്തിൽ അതിൻ്റെ വാചാലമായ ആവിഷ്കാരം കണ്ടെത്തുകയും ചെയ്ത സ്വാതന്ത്ര്യസമരപൈതൃകവും ഇപ്പോൾ സംഘ്-ബിജെപി സംവിധാനങ്ങൾക്ക് ഇത്രയധികം പ്രകോപനം സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. ഈ ഫാസിസ്റ്റ് ആക്രമണത്തിൻ്റെ അവസാനത്തിൽ സ്വയം കണ്ടെത്തുന്ന മണ്ണിലെ ജനങ്ങൾ സ്വയം പ്രതിരോധിക്കാൻ ഭരണഘടനയ്ക്ക് ചുറ്റും അണിനിരക്കുന്നു. വിഭജനവും വിവേചനപരവുമായ പുതിയ പൗരത്വ നിയമത്തിനെതിരായ ഷഹീൻ ബാഗ് പ്രതിഷേധം മുതൽ സാമൂഹിക അന്തസ്സിനെക്കുറിച്ചുള്ള ദളിത്-ആദിവാസി-ബഹുജൻ ഉത്കണ്ഠകളും കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരായ തീവ്രപ്രതിഷേധമായ കർഷക-തൊഴിലാളി സമരങ്ങളും വരെ പരിശോധിച്ചാൽ , ജനാധിപത്യത്തിൻ്റെ ആയുധമായി ഭരണഘടനയെ ജനങ്ങൾ എങ്ങനെയാണ് വീണ്ടും കണ്ടെത്തുന്നതെന്ന് നമുക്ക് കാണാൻ കഴിയും.
അധികാരത്തിൻ്റെ അമരത്ത് ഫാസിസ്റ്റ് ശക്തികളുടെ 11 വർഷത്തെ അനിയന്ത്രിതമായ ഏകീകരണത്തിന് ശേഷം, വളർന്നുവരുന്ന ദുരന്തത്തെ ചരിത്രപരമായി അറിയപ്പെടുന്ന പേര് വിളിക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇനിയും കാത്തിരിക്കണോ? വിഖ്യാതമായ ബോബ് ഡിലൻ ഗാനത്തെ ഓർമ്മിപ്പിക്കുന്ന ഒരു സ്ഥിതിയാണ് ഇത് : 'അവരെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നതിന് മുമ്പ് നാമെല്ലാവരും എത്രമാത്രം നാശം അനുഭവിക്കണം' ? ഈ ഘട്ടത്തിൽ ഫാസിസ്റ്റ് ഭീഷണിയെ നിസ്സാരവൽക്കരിക്കുന്നത്, നവലിബറലിസം, സ്വേച്ഛാധിപത്യം എന്നീ പൊതുഗണങ്ങളിൽ നിന്ന് ഫാസിസ്റ്റ് ഭീഷണിയെ വേർതിരിക്കുന്നതിൽ ഉണ്ടാവുന്ന ഏത് അവ്യക്തതയും കമ്മ്യൂണിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് ശേഷിയേയും ധാർമ്മിക അധികാരത്തെയും ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. മറുവശത്ത്, സ്വാതന്ത്ര്യ സമരത്തിൻ്റെ മൗലിക പാരമ്പര്യവും ജനാധിപത്യത്തിൻ്റെ ഭരണഘടനാ അടിത്തറയിട്ടതിലും അംബേദ്കറുടെ സമൂലമായ സംഭാവനയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഫാസിസത്തെ ചെറുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് കഴിയണ മെങ്കിൽ, അദ്ധ്വാനിക്കുന്ന ജനങ്ങളെയും ബുദ്ധിജീവികളെയും ഓരോ കാതലായ ജീവൽപ്രശ്നങ്ങളിലും സാമ്രാജ്യത്വ വിരുദ്ധ ദേശീയതയുടെ പതാകയ്ക്ക് കീഴിൽ ഒന്നിപ്പിക്കാൻ അവർ ധീരമായ മുൻകൈയെടുക്കണം . ട്രംപ് ഭരണത്തിനു മുന്നിൽ രാജ്യതാല്പര്യങ്ങൾ നിർലജ്ജം അടിയറവെക്കുന്ന മോദി സർക്കാരിനെ ഉചിതമായി തുറന്നുകാട്ടിക്കൊണ്ട് ഫാസിസ്റ്റുകളെ പിന്നോട്ട് തള്ളാൻ അതിലൂടെ മാത്രമേ സാധിക്കൂ.
ചരിത്രപരമായി സിപിഐ എമ്മിൻ്റെ ഏറ്റവും ശക്തമായ കോട്ടകളായ കേരളത്തിൻ്റെയും പശ്ചിമ ബംഗാളിലെയും രാഷ്ട്രീയ-തെരഞ്ഞെടുപ്പ് സങ്കീർണ്ണതകൾ മനസ്സിലാക്കാൻ കഴിയും, ഫാസിസത്തിൻ്റെ വരവ് തിരിച്ചറിയുന്നതിലും പേരിടുന്നതിലും സിപിഐ എമ്മിൻ്റെ ദ്വന്ദ്വാവസ്ഥ ഈ രണ്ട് സംസ്ഥാനങ്ങളിലും പാർട്ടി അഭിമുഖീകരിക്കുന്ന പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ നിന്ന് ഉൽഭൂതമായതല്ലെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഐ(എം) ന് ഉണ്ടായ
ആവർത്തിച്ചുള്ള പരാജയവും പശ്ചിമ ബംഗാളിൽ അതിൻ്റെ തുടർച്ചയായ തകർച്ചയും ആശങ്കാജനകമാണ്. സിപിഐ(എം) വോട്ടർമാരുടെയും ഒരുപക്ഷെ ചില മുൻകാല സംഘാടകരും നേതാക്കളും ബിജെപിയിലേക്ക് കുടിയേറുന്നത് തുടരുന്ന അവസ്ഥ കൂടുതൽ അസ്വാസ്ഥ്യജനകമാണ്.
പാർട്ടി തീർച്ചയായും അതിൻ്റെ സ്വതന്ത്രമായ വളർച്ചയ്ക്കും പങ്കിനും മുൻഗണന നൽകണം. എന്നാൽ , അത് വിശാലമായ ഫാസിസ്റ്റ് വിരുദ്ധ ഐക്യം കെട്ടിപ്പടുക്കുക എന്ന സുപ്രധാന ദൗത്യത്തിന് എതിരാകുന്നത് അഭിലഷണീയമാണോ ? നിലവിൽ ലോക്‌സഭയിൽ പാർട്ടിയുടെ കൈവശമുള്ള നാല് സീറ്റുകളിൽ മൂന്നെണ്ണം ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നും രാജസ്ഥാനിൽ നിന്നും ലഭിച്ചവയാണ് . ഇന്നത്തെ കേന്ദ്ര രാഷ്ട്രീയ പ്രശ്നത്തെ അവ്യക്തമാക്കികൊണ്ട് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിൻ്റെ ശക്തിയും പങ്കും വർദ്ധിപ്പിക്കാൻ കഴിയുമോ? ആധുനിക ഇന്ത്യയുടെ ഈ നിർണായക ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു വിഭാഗവും പതറിപ്പോകില്ലെന്നും , ഫാസിസത്തിൻ്റെ വർദ്ധിച്ചുവരുന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പിൻ്റെ കമ്മ്യൂണിസ്റ്റ് ധാരയെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയുമെന്നും ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment