തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ താനേ നീക്കം ചെയ്യപ്പെടുന്നതിനുള്ള ഡ്രക്കോണിയൻ വ്യവസ്ഥകൾ ഉൾപ്പെട്ട ബില്ലിനെക്കുറിച്ച് സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ പ്രസിദ്ധീകരിച്ച പ്രസ്താവന: 20-08-2025
ഏതെങ്കിലും ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് മുപ്പത് ദിവസത്തിലധികം ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ സ്വയമേവ നീക്കം ചെയ്യുന്നതിനായി ഓഗസ്റ്റ് 19 ന് രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിതരണം ചെയ്ത 130-ാം ഭരണഘടനാ ഭേദഗതി ബിൽ ഫെഡറൽ ചട്ടക്കൂടിനും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനുമെതിരായ തുറന്ന ആക്രമണമാണ്.
ഇഡി, സിബിഐ, ഐടി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതും ഗവർണർമാരുടെ ഭരണഘടനാപരമായ പദവി സങ്കുചിത താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും പോലെ സുപ്രീം കോടതി പോലും പലതവണ ഗൗരവമായി അപലപിച്ചിട്ടുള്ള പ്രവണതകൾക്ക് നിയമപരമായ സാധുത നൽകുന്നതുമാണ് ഈ ബില്ലിലെ ഉള്ളടക്കം.
ബിജെപിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും എതിർക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും ഇനിമുതൽ സ്ഥിരമായി അസ്ഥിരീകരണഭീഷണി നേരിടുകയോ , പ്രവർത്തനരഹിതമാവുകയോ ചെയ്യും. എല്ലാ എൻഡിഎ സഖ്യകക്ഷികളും ബിജെപിയുമായി യോജിക്കാൻ ശ്രമിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം മുതൽ ' ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' സമ്പ്രദായത്തിനായുള്ള നിരന്തരശ്രമങ്ങൾ വരെ, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തുടർച്ചയായ അട്ടിമറിയും കൂടി ഒന്നിച്ച് കാണുമ്പോൾ, ഈ ഭേദഗതി ഇന്ത്യയിലെ ഫെഡറലിസത്തിന്റേയും പാർലമെന്ററി ജനാധിപത്യത്തിന്റേയും മരണമണി മുഴക്കുന്ന ഒന്നാണ്.
ജനാധിപത്യത്തെയും നമ്മുടെ റിപ്പബ്ലിക്കിന്റെ ഭരണഘടനാ അടിത്തറയെയും പ്രവർത്തനത്തെയും പരിപാലിക്കാൻ പ്രവർത്തിക്കുന്ന ഏവരും ദുഷ്ട ലക്കോടെയുള്ള ഈ ഭരണഘടനാ ഭേദഗതിബില്ലിനെ സമ്പൂർണ്ണമായും നിരസിക്കണം
No comments:
Post a Comment