എം എൽ അപ്ഡേറ്റ് വീക്ക് ലി, ഒക്ടോബർ 6-12 2026 [എഡിറ്റോറിയൽ ] SIR റദ്ദാക്കുക, ECI പുനഃസംഘടിപ്പിക്കുക
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലാണ് ഈ വർഷം ഗാന്ധിജയന്തി ജനങ്ങൾ പ്രതിഷേധ ദിനമായി ആചരിച്ചത്. നിരായുധരായ സാധാരണ ജനങ്ങളുടെ സമാധാനപരമായ ജനകീയ പ്രതിഷേധത്തിന്റെ ശക്തിയെ പ്രതിനിധീകരിച്ച ഗാന്ധിജിയുടെ പൈതൃകത്തെ ലോകം മുഴുവൻ അംഗീകരിക്കുന്നു. ഗാന്ധിജിയുടെ 157-ാം ജന്മവാർഷികത്തിൽ ആ പൈതൃകം ഇന്ത്യയിലുടനീളം യഥാർത്ഥത്തിൽ പുനർജനിച്ചു.
ഡൽഹിയിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെ കോട്ടപോലെ വളയപ്പെട്ട ജന്തർ മന്തറിനു ചുറ്റും നൂറുകണക്കിന് വിദ്യാർത്ഥി പ്രവർത്തകരും മറ്റ് പൗരന്മാരും ഭീഷണിപ്പെടുത്തുന്ന സുരക്ഷാസേനാ വിന്യാസത്തെ അവഗണിച്ച് പ്രതിഷേധിച്ചതും, പോലീസ് ബസുകളിൽ കയറ്റി അറസ്റ്റ് ചെയ്തവരിൽ ചിലർ വീണ്ടും രക്ഷപ്പെട്ട് പ്രതിഷേധത്തിൽ ചേരുന്നതും, മുംബൈയിൽ ഒരു വലിയ ജനക്കൂട്ടം ഒന്നിച്ച് ദേശീയഗാനം ആലപിച്ചതുമെല്ലാം വർഷങ്ങളോളം നമ്മുടെ ഓർമ്മയിൽ നിലനിൽക്കും. പ്രതിഷേധിച്ച ജനങ്ങൾ ഗാന്ധിയൻ സമാധാനപരമായ പ്രതിഷേധത്തിന്റെ പൈതൃകം ഉയർത്തിപ്പിടിച്ചപ്പോൾ, ഭരണകൂടം ബലപ്രയോഗത്തിലൂടെയുള്ള കൊളോണിയൽ ഭരണ മാതൃകയാണ് പുനരുജ്ജീവിപ്പിച്ചത്.
ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി, SIR റദ്ദാക്കൽ, തെറ്റായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഓരോ വോട്ടർക്കും വോട്ടവകാശം പുനഃസ്ഥാപിക്കൽ എന്നിവ ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള പൗരന്മാരുടെ പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ്. ഭരണകൂടത്തിന് ഇഷ്ടമുള്ള തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാൻ സ്വതന്ത്രമായ അധികാരം നൽകുകയും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ആജീവനാന്ത നിയമപരിരക്ഷ നൽകുകയും അവരെ നിയമത്തിന്റെ പരിധിക്ക് മുകളിലാക്കുകയും ചെയ്ത 2023-ലെ നിയമവും റദ്ദാക്കേണ്ടത് അനിവാര്യമാണ്.
ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച സ്ഫോടനാത്മകമായ അന്വേഷണ റിപ്പോർട്ടും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ‘പ്രതിസന്ധി മാനേജ്മെന്റ്’, ‘നാശനഷ്ട നിയന്ത്രണ’ ശ്രമങ്ങളും ഏറെക്കാലമായി ഉയർന്നുവരുന്ന ജനകീയ പ്രതിഷേധത്തിന് കൂടുതൽ ശക്തി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമായ പ്രവർത്തനം, ECI-യിലെ മറ്റ് കമ്മീഷണർമാരെ പാർശ്വവൽക്കരിക്കൽ, SIR വഴി വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന്റെ പേരിൽ നിയന്ത്രണം കേന്ദ്രീകരിക്കുകയും സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുകയും ചെയ്തതുമാണ് ഇന്ത്യൻ എക്സ്പ്രസ് അന്വേഷണ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇപ്പോൾ ECI പുറപ്പെടുവിക്കുന്ന ഓരോ സർക്കുലറും ഭരണഘടനാവിരുദ്ധമായ SIR നടപടിയിലൂടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിനും സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന അടിസ്ഥാന തത്വത്തിനും സംഭവിച്ച വൻതോതിലുള്ള സ്ഥാപനവത്കൃത തട്ടിപ്പിന് തെളിവായി മാറുകയാണ്.
13 കോടിയിലധികം വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന വിഷയം രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ, ‘ഒഴിവാക്കപ്പെട്ട’ എല്ലാ വോട്ടർമാരെയും ഒരു മാസത്തിനകം ബന്ധപ്പെടാൻ ECI ഇപ്പോൾ എല്ലാ ചീഫ് ഇലക്ടറൽ ഓഫീസർമാർക്കും നിർദേശം നൽകിയിരിക്കുകയാണ്. വോട്ടർമാരുടെ ഇത്രയും വലിയ തോതിലുള്ള ഒഴിവാക്കൽ യാഥാർഥ്യമാണെന്ന് ECI ഇപ്പോൾ മാത്രമെന്തുകൊണ്ടാണ് തിരിച്ചറിഞ്ഞത്?
ECI നിർദേശത്തിലെ ‘left-out’ എന്ന പദം യഥാർത്ഥത്തിൽ BJPയുടെയും സഖ്യകക്ഷികളുടെയും അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്നതിനായി ആസൂത്രിതമായി നടത്തിയ ഏകപക്ഷീയവും ലക്ഷ്യബദ്ധവുമായ ഒഴിവാക്കലിന്റെ സൗമ്യമായ പദപ്രയോഗം മാത്രമാണ്.
ഒക്ടോബർ 1-ന് ECI പുതിയ സർക്കുലർ പുറപ്പെടുവിക്കുമ്പോൾ തന്നെ CPI(ML) പ്രവർത്തകർ പട്‌നയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കായി പൊതുജന ഹിയറിംഗ് നടത്തുകയായിരുന്നു. 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച 20 മണ്ഡലങ്ങളിൽ 10 മണ്ഡലങ്ങളിലായി തിരഞ്ഞെടുത്ത 50 ബൂത്തുകളിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ പാർട്ടി പ്രവർത്തകർ വീടുതോറും നടത്തിയ പരിശോധനയിൽ, SIR-ന് ശേഷമുള്ള വോട്ടർപട്ടിക 2025 ജൂണിലെ SIR-ന് മുമ്പുള്ള പട്ടികയുമായി താരതമ്യം ചെയ്തു. ECI ഇപ്പോൾ BLOമാരോട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന അതേ പ്രവർത്തനമാണ് പാർട്ടി പ്രവർത്തകർ അന്ന് ചെയ്തത്. പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന തരത്തിൽ 17 ശതമാനം വോട്ടർമാരെ തെറ്റായി നീക്കം ചെയ്തതായി കണ്ടെത്തി.
വോട്ടർപട്ടികയിൽ പേരുകൾ വൻതോതിൽ ഒഴിവാക്കുന്നതിനും തിരഞ്ഞെടുത്ത പേരുകൾ ഉൾപ്പെടുത്തുന്നതിനുമായി Form 6, Form 7 എന്നീ രണ്ട് ഫോമുകളും BJPയും ECIയും ആയുധമാക്കിയിരിക്കുകയാണ്.
Form 6-ൽ വരുത്തിയ മാറ്റങ്ങൾ ഏകപക്ഷീയവും അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫോമിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള പ്രത്യേക അധികാരം പാർലമെന്റിനാണ്. ഇതൊന്നും വിശദീകരിക്കാതെ വിവാദമായ വ്യവസ്ഥകൾ ECI പിൻവലിച്ചു. Form 6-ലെ മാറ്റങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നുവെന്ന ECIയുടെ അവകാശവാദവും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്
.
Gen Z വിഭാഗത്തിൽപ്പെട്ട പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത് തടയുന്നതിനാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് വ്യക്തമാണ്. ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള മാർഗമായ Form 6, നിയമപരമായി പരിശോധിക്കാവുന്ന സത്യവാങ്മൂലത്തോടെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ SIR മൂലം ഒഴിവാക്കപ്പെട്ട വോട്ടർമാരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അതേ Form 6 പൂരിപ്പിക്കാൻ നിർബന്ധിക്കുന്ന ECI നടപടി വ്യക്തമായും നിയമവിരുദ്ധമാണ്. ആദ്യ ദിവസം മുതൽ എതിർപ്പ് ഉയർന്നിട്ടും ECI ഈ തെറ്റായ നടപടിയിൽ തുടരുകയാണ്.
അതിലും ഗുരുതരമായത്, അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ Form 7 വ്യാവസായിക തോതിൽ ദുരുപയോഗം ചെയ്തതാണ്. പ്രധാനമായും മുസ്ലിം വോട്ടർമാരെയും BJPയ്ക്കും സഖ്യകക്ഷികൾക്കും എതിരായി വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെയും ലക്ഷ്യമിട്ട് മുൻകൂട്ടി പൂരിപ്പിച്ച Form 7-കളുടെ കെട്ടുകൾ പിടിച്ചെടുത്തതായുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Form 7 അടിസ്ഥാനമാക്കി വോട്ടർമാരെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും ബന്ധപ്പെട്ട വോട്ടർമാർക്ക് ശരിയായ നോട്ടീസും തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരവും ലഭിക്കേണ്ടതാണ്. എന്നാൽ കൂട്ടത്തോടെയുള്ള ഒഴിവാക്കലിന് ഇരയായ വോട്ടർമാരുടെ അനുഭവം ഇതിന് വിപരീതമാണ്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ലക്ഷ്യബദ്ധമായ നടപടികൾ ഉണ്ടായത്. Appellate Tribunal 11- ന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഇപ്പോൾ രാജിവച്ച വിരമിച്ച ജസ്റ്റിസ് ഇന്ദ്രജിത് ചാറ്റർജി വെളിപ്പെടുത്തിയത്, നീതിന്യായ ഉദ്യോഗസ്ഥർ പോലും അർഹരാണെന്ന് കണ്ടെത്തിയ വോട്ടർമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റാരുമല്ല, പശ്ചിമ ബംഗാളിലെ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ തന്നെ 2.54 ലക്ഷം Form 7 അപ്പീലുകൾ ട്രിബ്യൂണലിന് മുമ്പാകെ നൽകിയെന്നാണ്.
ഇന്ത്യൻ എക്സ്പ്രസ് അന്വേഷണ റിപ്പോർട്ട് പ്രകാരം, 19 പശ്ചിമ ബംഗാൾ ട്രിബ്യൂണലുകളിലായി സമർപ്പിച്ച 16,10,311 വോട്ടർ ഒഴിവാക്കൽ അപ്പീലുകളുടെ ഉറവിടമോ അവയ്ക്കുള്ള അനുമതിയോ തനിക്കോ സഹ തിരഞ്ഞെടുപ്പ് കമ്മീഷണർ വിവേക് ജോഷിക്കോ പശ്ചിമ ബംഗാൾ CEOയ്ക്കോ അറിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ സുഖ്ബീർ സിംഗ് സന്ധു പരാതിപ്പെട്ടിരുന്നു.
ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥാപനഘടന, അധികാര വിഭജനത്തിന്റെ സിദ്ധാന്തം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നിർണായകമായ പരസ്പര നിയന്ത്രണ-സന്തുലന സംവിധാനം എന്നിവ ഇന്ന് ഏറ്റവും ഗുരുതരമായ പരീക്ഷണത്തെ നേരിടുകയാണ്.
ഇത്തരം വൻതോതിലുള്ള തിരഞ്ഞെടുപ്പ് തട്ടിപ്പ് തടയാൻ കഴിയുകയും തടയേണ്ടതുമായിരുന്ന സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് ഏതാണ്ട് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്.
‘ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയും സുപ്രീം കോടതിയും തമ്മിൽ ഒക്ടോബർ 6-ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചത് നിയമനിർമ്മാണ-നീതിന്യായ മേഖലകളുടെ അതിരുകൾ മങ്ങിപ്പോകുന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായേനേ.
സ്ഥാപനപരമായ പിന്തുണ വളരെ പരിമിതമായ സാഹചര്യത്തിൽ, ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിലനിൽപ്പ് ഇപ്പോൾ ഏറെക്കുറെ ഇന്ത്യയിലെ ജനങ്ങളുടെ പക്വതയിലും ജാഗ്രതയിലും, BJP ഇതര രാഷ്ട്രീയ ശക്തികളിലും, സിവിൽ സമൂഹത്തിലും, ആശ്രയിക്കാവുന്ന ബദൽ മാധ്യമങ്ങളിലുമാണ്
.
സെപ്റ്റംബർ 30-ന് വൈകിയെങ്കിലും നടന്ന INDIA സഖ്യത്തിന്റെ യോഗവും, ഇടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകരുടെയും മറ്റ് Gen Z പ്രതിഷേധക്കാരുടെയും പുരോഗമന പൗരന്മാരുടെയും ബദൽ മാധ്യമ പ്രവർത്തകരുടെയും NDA ഇതര പ്രതിപക്ഷ പാർട്ടികളുടെയും വർധിച്ചുവരുന്ന മുന്നേറ്റവും ഒരു പ്രതീക്ഷ നൽകുന്നു.
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി നിർണായകമായ ഒരു ജനകീയ തിരിച്ചുവരവിനും ഫാസിസ്റ്റ് പിടിമുറുക്കം തകർക്കുന്നതിനുമുള്ള പ്രതീക്ഷയുടെ സൂചനകളാണിവ.

No comments:
Post a Comment