Tuesday, 25 August 2020

 

 ചൈനയിൽ ഉയ് ഗർ മുസ്ലീങ്ങൾക്കു കോൺസെൻട്രേഷൻ
ക്യാമ്പുകൾ :
 ചൈനയുടെ സ്വന്തം ഭാഷ്യം   

1.     2020 / 

2.     LIBERATION, SEPTEMBER 2020 / 

3.     CHINA'S CONCENTRATION CAMPS FOR UYGHURS: IN CHINA'S OWN WORDS


ചൈനയുടെ സ്വയംഭരണ പ്രവിശ്യകളിൽപ്പെടുന്ന സിൻയാങ് പ്രദേശത്ത്  ന്യൂനപക്ഷ മുസ്‌ലീം  വിഭാഗമായ ഉയ്ഗറുകളെ നിർബന്ധിത തൊഴിൽപരിശീലനത്തിന്നായി ക്യാമ്പുകളിൽ പാർപ്പിക്കുകയാണെന്ന വിവരത്തോടനുബന്ധിച്ച് ഏറെ അസ്വാസ്ഥ്യജനകമായ പല റിപ്പോർട്ടുകളും കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തുവരുന്നുണ്ട്. അതുപോലെത്തന്നെ , "ഭീകരതയ്‌ക്കെതിരായ ആഗോളയുദ്ധ"ത്തിന്റെ മറവിൽ സിൻയാങ് സ്വയംഭരണ  മേഖലയിൽ ഉയ്‌ ഗറുകൾ വംശീയമായ അടിസ്ഥാനത്തിൽ വിവേചനങ്ങൾ നേരിടുന്നതും, കൂട്ടത്തോടെ 
ക്യാമ്പുകളിൽ തടവിൽ പാർപ്പിക്കപ്പെടുന്നതും സംബന്ധിച്ച് വിശ്വസനീയമായ  അക്കാഡമിക് പഠനങ്ങളും  മാദ്ധ്യമ റിപ്പോർട്ടുകളും ധാരാളം ഉണ്ടായിട്ടുണ്ട് .എന്നാൽ ചൈനീസ് ഭരണകൂടവും മാധ്യമങ്ങളും അവയോട് പ്രതികരിച്ചത് അതെല്ലാം ചൈനയെ അപകീർത്തിപ്പെടുത്തുവാൻ തല്പരരായ "പാശ്ചാത്യ മാധ്യമങ്ങളുടേയും" "പാശ്ചാത്യ രാഷ്ട്രങ്ങളുടെ"യും നുണപ്രചാരണങ്ങൾ മാത്രമായി തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു.        

മേൽപ്പറഞ്ഞ വിഷയം സംബന്ധിച്ചുള്ള വിവരങ്ങൾ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ള സ്രോതസ്സുകളിൽനിന്നാണ്.ഇന്നത്തെ ലോകത്തിലെ മറ്റു പല പ്രശ്നങ്ങളിലുമെന്നതുപോലെ, വസ്തുതകളെ അടിസ്ഥാനമാക്കി കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് പകരം വാർത്തയുടെ ഉറവിടത്തിന്റെ പ്രത്യയശാസ്ത്രചായ്‌വ് അനുസരിച്ചു നിഗമനങ്ങളിലെത്തുന്ന ഒരു പ്രവണതയുണ്ട്. ഇതനുസരിച്ച് , ബി ബി സി യിലോ, ന്യൂ യോർക്ക് ടൈംസിലോ , വാഷിംഗ്‌ടൺ പോസ്റ്റിലോ വരുന്ന ഏതൊരു റിപ്പോർട്ടിനേയും "പാശ്ചാത്യ പ്രചാരവേല" യോ "വ്യാജവർത്ത" യായോ തള്ളിക്കളയുന്നതുപോലെ സിൻഹുവാ യിലോ ഗ്ലോബൽ ടൈംസ് ലോ വരുന്ന വാർത്തകളെ "ചൈനീസ് പ്രചാരവേല" യായും തള്ളിക്കളയാം.      

ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉള്ള മാർക്സിസ്റ്റ്-  ലെനിനിസ്റ്റ് ഇടതുപക്ഷത്തിന്റെ നിലപാടിൽ മേൽപ്പറഞ്ഞ വിഷയത്തിൽ നമുക്ക് സ്വീകരിക്കാൻ കഴിയുന്ന കമ്മ്യൂണിസ്റ്റ് നിലപാട് എന്തായിരിക്കണം ? മാർക്സിസ്റ്റുകൾ ഏതു വിഷയത്തിലും  വസ്തുതകളിൽനിന്നു സത്യം കണ്ടെത്തുക, , മർദ്ദിത സമൂഹങ്ങൾക്കും ജനങ്ങളുടെ അവകാശങ്ങൾക്കുമൊപ്പം നിലകൊള്ളുക എന്നീ സമുന്നതമായ തത്വ ങ്ങൾ   പിന്തുടരുന്നവരാണ് .  അതുകൊണ്ടുതന്നെ വർത്തമാന ആഗോള വ്യവസ്ഥയിലെ വിരുദ്ധ  ശാക്തികചേരികളിൽ ഏതെങ്കിലുമൊന്നിന്റെ പക്ഷം പിടിച്ചുകൊണ്ട്   ഭരണകൂട അടിച്ചമർത്തലിനെ പിന്തുണയ്ക്കാനോ എതിർക്കാനോ , അല്ലെങ്കിൽ തൽസംബന്ധമായ യഥാർഥ്യങ്ങൾ വിശ്വസിക്കാനോ അവിശ്വസിക്കാനോ സാദ്ധ്യമല്ല .   

അമേരിക്കയ്ക്കും അതിന്റെ സഖ്യ ശക്തികൾക്കും   ചൈനയെ ഒറ്റപ്പെടുത്തുന്നതിൽ നിക്ഷിപ്തതാല്പര്യമുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. ചൈനാവിരുദ്ധ വംശീയ പക്ഷപാതം ഉൽപ്പാദിപ്പിക്കുന്നതിനുവേണ്ടി ഈ ശക്തികൾ പറഞ്ഞുപരത്തുന്ന പല കഥകൾക്കും ഇന്ത്യയിലടക്കം വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടെന്നതും നേരാണ്.  പക്ഷെ അതുകൊണ്ട് യുഎസ് / നാറ്റോ അജൻഡയെ എതിർക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുന്ന എല്ലാവരും ചൈനീസ് നയങ്ങളെ സ്വതന്ത്രമായി വിലയിരുത്തുന്നതിൽനിന്നും വിമർ ശിക്കുന്നതിൽനിന്നും പിന്തിരിയണമെന്ന് അർത്ഥമില്ല; ചൈനീസ് ഭരണകൂടം രാജ്യത്തിനകത്ത് വിയോജിക്കുന്നവരോടും , ന്യൂനപക്ഷങ്ങളോടും, മർദ്ദിത ദേശീയതകളോടും സ്വീകരിക്കുന്ന നയം വിമർശനങ്ങൾക്കതീതമെന്ന് കരുതുന്ന നിലപാട് അസ്വീകാര്യമാണ് എന്നുമാത്രമല്ല . യഥാർഥ്യം നേരെ മറിച്ചാണ് താനും .  ചൈനയ്‌ക്കെതിരെ വലതുപക്ഷം സൃഷ്ട്ടിച്ചുവിടുന്ന വ്യവഹാരങ്ങൾ വസ്തുതാപരമായി കൃത്യതയോടെ  പരിശോധിക്കാനും വിലയിരുത്താനും  മാർക്സിസ്റ്റ് നിലപാടിൽ അടിയുറച്ചുനിൽക്കുന്നവർക്ക് ഉത്തരവാദിത്വം കൂടിയുണ്ട് .  ശീതയുദ്ധത്തിന്റെ മൂർദ്ധ ന്യാവസ്ഥയിൽപ്പോലും സോവിയറ്റ് യൂണിയനെ സംബന്ധിച്ചു അത്തരം സ്വതന്ത്രമായ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയ അനുഭവം  സി പി ഐ എം എൽ ന്റെ ചരിത്രത്തിൽ ഉണ്ട് . ടിയാനെൻമെൻ സ്‌ക്വയർ കൂട്ടക്കൊലയിലും  സി പി എം എൽ  ചൈനീസ് ഭരണകൂടത്തിന്റെ നടപടിയെ എതിർത്തിരുന്നു.   അന്ന് ടിയാനെൻമെൻ സ്‌ക്വയർ വെടിവെപ്പിൽ മരിച്ചുവീണ പ്രതിഷേധക്കാരായിരുന്ന എല്ലാ വിദ്യാർഥികളും മുതലാളിത്ത വലതുപക്ഷ ഗൂഢാലോചനയിലെ കരുക്കൾ ആയിരുന്നുവെന്ന വാദത്തെ എതിർത്തുകൊണ്ട് സി പി ഐ എം എൽ മുന്നോട്ടുവെച്ച നിലപാട്, പ്രതിഷേധക്കാരായ വിദ്യാർഥികളുടെ കൂട്ടക്കൊലയെ ഒന്നുകൊണ്ടും ന്യായീകരിക്കാൻ സാധ്യമല്ലെന്നതായിരുന്നു. വസ്തുതകളുടെ പിൻബലത്തോടെയുള്ള  ഉറച്ച ഒരു നിലപാട് ആയിരുന്നു ഇത് . ലിബറേഷന്റെ  2009 ആഗസ്ത് ലക്കത്തിൽ ' സിന്സിയാങിലെ വംശീയ സംഘര്ഷങ്ങളും മാവോ സെ ദുങ് ചിന്തയും ' എന്ന ശീർഷകത്തിൽ അരിന്ദം സെൻ എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .ന്യൂനപക്ഷ ദേശീയതകളുമായി ചൈനയ്ക്കുള്ള വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിൽ  , മേധാവിത്തം പുലർത്തുന്ന ഹാൻ വംശത്തിന്റെ   ഷോവനിസ്റ്റ് ദേശീയതയെ എതിർക്കാനുള്ള മാവോവിന്റെ ആഹ്വാനം ചൈനീസ് ഭരണകൂടം എങ്ങിനെയെല്ലാമാണ് അവഗണിക്കുന്നതെന്ന് പ്രസ്തുത ലേഖനം വിശദമായി പ്രതിപാദിക്കുന്നു.     

ചൈനയിൽ ഉയ്ഗറുകൾ നേരിടുന്ന ഇപ്പോഴത്തെ  സാമൂഹ്യാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്ന വിമർശനങ്ങളുടെ വെളിച്ചത്തിൽ ചൈനീസ് ഗവൺമെൻറ് അതിന്റെ ഉയ് ഗർ നയം സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കിയിരുന്നു. വിവിധ മാധ്യമ ഏജൻസികൾ ചോർത്തി പുറത്തുവിട്ട ചൈനീസ് ഗവണ്മെന്റിന്റെ തന്നെ ഔദ്യോഗികരേഖകളുടേയും ധവളപത്രത്തിന്റെയും കാര്യത്തിൽ ചൈനയുടെ   പ്രതികരണങ്ങളുടെയും അവയ്‌ക്കെതിരെ ഉയർന്ന വിമര്ശനങ്ങളുടെയും നെല്ലും പതിരും വേർതിരിച്ചു കാണാനുള്ള ഒരു ശ്രമമാണ്   ഈ ലേഖനത്തിലൂടെ ലിബറേഷൻ നടത്തുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ നിലപാട് സൂക്ഷ്മമായി വിലയിരുത്താൻ ശ്രമിക്കുമ്പോൾ ഇവിടെ മുഖ്യമായും ഉദ്ദേശിക്കുന്നത് ലോകത്തിലെ ഏതൊരു ഭരണകൂടത്തിൽനിന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നവിധത്തിൽ ജനങ്ങളുടെയും മർദ്ദിതസമുദായങ്ങളുടെയും അവകാശങ്ങൾ പരിരക്ഷിക്കുക എന്ന തത്വവുമായി ഇണങ്ങുന്ന ഒന്നാണോ ചൈനയുടെ ഉയ് ഗർ നയം  എന്ന പരിശോധനയാണ്.  

2019, മാർച്ച്‌ ധവള പത്രത്തിലെ ഉയ്‌ ഗർ നയം 

സിൻയാൻ പ്രവിശ്യയിൽ ഉയ്‌ ഗറുകൾക്ക് വേണ്ടി നിർബന്ധിത ക്യാമ്പുകൾ പ്രവർത്തിച്ചു വരികയാണ് എന്ന സൂചയുള്ള എല്ലാ റിപ്പോർട്ടുകളും ആദ്യം നിഷേധിച്ച ചൈന പിന്നീട് നയം മറ്റുകയായിരുന്നു. . നിഷേധിക്കുന്നതിന് പകരം ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ചൈന  സമ്മതിച്ചു എന്ന് മാത്രമല്ല അവ "ഭീകരവാദത്തെ" ഫലപ്രദ മായി തോൽപ്പിക്കാനുള്ള ഉത്തമമായ മാതൃകകൾ ആണെന്ന   അവകാശവാദം കൂടി മുന്നോട്ടു വെക്കപ്പെട്ടു  .മാർച്ച്‌ 2019 ൽ , ചൈനീസ് റിപ്പബ്ലിക്കിന്റെ സ്റ്റേറ്റ് കൌൺസിൽ ഇൻഫർമേഷൻ ഓഫീസ് ഇറക്കിയ ധവളപത്ര ത്തിന്റെ തലവാചകം "ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരായ പോരാട്ടവും സിന്യാങ്  ലെ മനുഷ്യാവകാശ സംരക്ഷണവും " എന്നായിരുന്നു . ഈ സമീപനരേഖ ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്ൽ കാണാം.  official website of the Chinese Government.

പ്രസ്തുത രേഖ ആരംഭിക്കുന്നത് "ഭീകരവാദം" സംബന്ധിച്ച ദീർഘ മായ ഒരു അവലോകനത്തോടെ യാണ് . 1990കൾ മുതൽ ,വിശേഷിച്ചും അമേരിക്കയിൽ നടന്ന 2001 സെപ്റ്റംബർ 11 ന്റെ ഭീകരാക്രമണത്തിനു ശേഷം ,വിഘടന ശക്തികൾ സിൻയാങ് നെ ചൈനയിൽ നിന്ന് വേർപെടുത്തി "ഈസ്റ്റ്‌ തുർക്കിസ്ഥാൻ" എന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഉദ്ദേശത്തോടെ ഭീകര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നു . ഇതിന് ഉപോൽബലകമായ വസ്തുതയെ ന്നോണം  ഏതാനും സംഭവങ്ങളും രേഖയിൽ പരാമർശിക്കുന്നുണ്ട് .  

മിലിട്ടൻസിക്ക് കാരണക്കാരായി  "ബാഹ്യശക്തി"കളെയോ "മത തീവ്രവാദ"ശക്തികളെയോ  പതിവായി കുറ്റപ്പെടുത്തുന്നതിന് പകരം അന്തർലീനമായ   ഭൗതികമായ സാഹചര്യങ്ങളും രാഷ്ട്രീയ അടിസ്ഥാനവും അറിഞ്ഞു അഭിസംബോധന ചെയ്യാനാണ്     മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്വങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിൽ സർക്കാർ കശ്മീർ താഴ് വരയിലെ മിലിട്ടൻസിക്ക്  ഏക കാരണം ആയി "പാക്ക് ഇടപെട"ലോ ,"ഇസ്ലാമിക തീവ്രവാദ"മോ എടുത്തു കാട്ടുമ്പോൾ, കാശ്മീരി ജനതയുടെ രാഷ്ട്രീയമായ സങ്കടങ്ങൾ നിലനിൽക്കുന്നത് കൊണ്ടും, അവ പരിഹരിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തയ്യാറല്ലാത്തതുകൊണ്ടും ആണ് മിലിട്ടൻസി പ്രാഥമികമായും ഉടലെടുത്തതെന്ന്  ഇന്ത്യയിലെ സഹപൗരന്മാരോട് പറയാൻ നമുക്ക് ബാധ്യതയുണ്ട്. കാശ്മീരിലോ  ,മണിപ്പൂരിലോ നാഗാലാ‌ൻഡിലോ എവിടെയായാലും മിലിറ്റൻസി യുടെ നാരായ വേരുകൾ കിടക്കുന്നത് ചരിത്രപരവും, രാഷ്ട്രീയമായ പരിഹാരം ആവശ്യപ്പെടുന്നതുമായ സങ്കടങ്ങളിലാണ് . ഇന്ത്യൻ ഭരണ കൂടമാവട്ടെ അത്തരം പ്രയാസങ്ങൾ പതിൻമടങ്ങു വർധിപ്പിക്കും വിധത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഭീകരവാദത്താൽ സ്വാധീനിക്കപ്പെടാൻ സാധ്യത യുള്ളവരായിക്കണ്ട് അവരുടെമേ ൽ നിർദ്ദയമായ അടിച്ചമർത്തൽ അഴിച്ചുവിടുന്നു . ചൈനീസ് ഗവണ്മെന്റിന്റെ ഉയ്‌ഗർ നയം വ്യക്തമാക്കുന്ന ധവളപത്രത്തിൽ കാണുന്നതും മേൽപ്പറഞ്ഞതിന്  സമാനമായ ഒരു സമീപനം ആണ്‌ : മിലിട്ടൻസി യെ "ബാഹ്യ ഇടപെടലിന്റെ" യും "മതതീവ്ര വാദത്തിന്റെ"യും കേവലഫലമായി ചിത്രീകരിച്ചുകൊണ്ട് അടിച്ചമർത്തുന്ന സമീപനമാണ് അത് .ലിബറേഷൻ ആഗസ്ത് 2009 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉയ്‌ഗറുകളുടെ അന്യവൽക്കരണത്തിനും ഉയർന്നു വരുന്ന മിലിട്ടൻസിയുടെ പ്രശ്നങ്ങൾക്കും അടിസ്ഥാനമായി വർത്തിക്കുന്ന ഘടകങ്ങളെക്കുറിച്ച് വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നു . ഈ പ്രശ്നങ്ങളെ കാതലായി  അഭിസംബോധന ചെയ്യുന്നതിൽ  എന്തുകൊണ്ട്  പരാജയപ്പെട്ടുവെന്നോ ,സിൻയാങ് പ്രാവിശ്യയിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ  എന്തുകൊണ്ട് സാധിച്ചില്ല എന്നോ ഉള്ള ചോദ്യങ്ങൾക്ക്     ചൈനീസ്  ഭരണകൂടം മറുപടി നൽകുന്നില്ല .    

ചൈനയുടെ ഉയ്ഗർ നയത്തോടുള്ള എല്ലാ വിമർശനങ്ങളെയും "പാശ്ചാത്യ മുതലാളിത്തത്തിന്റെ പ്രചാരവേല"യെന്ന്   ആക്ഷേപിക്കുമ്പോൾത്തന്നെയാണ് ചൈനീസ് ഭരണകൂടം അതിന്റെ സ്വന്തം നയരേഖയിൽ യുഎസ് - നാറ്റോ ശക്തികൾ പ്രചരിപ്പിക്കുന്ന "ഭീകരതയ്‌ക്കെതിരായ യുദ്ധം" എന്ന നയവും പ്രോപഗാന്റയും ആവർത്തിച്ചു പ്രതിഫലിപ്പിക്കുന്നത്. ഇസ്ലാമോഫോബിയയാൽ പ്രചോദിതമായ എല്ലാ  അടിച്ചമർത്തലുകളുടേയും  ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വർഗ്ഗീയ ഹിംസകളുടേയും ഉത്ഭവസ്ഥാനം അമേരിക്കയും നാറ്റോ ശക്തികളും നേതൃത്വം നൽകുന്ന "ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധം" എന്ന കാമ്പെയിൻ ആണ് . 9 / 11 സംഭവം (2001  സെപ്റ്റംബർ  11 നു അമേരിക്കയിൽ അരങ്ങേറിയ ഭീകരാക്രമണം) ഇതിനെ പരമകാഷ്ഠയിൽ എത്തിക്കാൻ   ഇടവരികയും ചെയ്തു.     

കുറ്റകൃത്യങ്ങൾ 'കാലേക്കൂട്ടിതടയുന്ന'തിന്റെ പേരിൽ ഒരു സമുദായത്തെയാകെ പോലീസ് നിരീക്ഷണത്തിൽ ആക്കൽ 

ലോകത്താകമാനം, അമേരിക്കയിൽ കറുത്തവരേയും , ഇന്ത്യയിൽ കാശ്മീരിലും മണിപ്പൂരിലും നാഗാലാന്റിലും ബസ്തറിലുമുള്ള   ജനതയേയും  ,ബന്ധപ്പെട്ട ഭരണകൂടങ്ങൾ അതാത് സാമുദായിക വിഭാഗങ്ങളെ 'കുറ്റവാളികളും' 'ഭീകരരും' ആകാൻ സാധ്യതയുള്ളവരായി  മുദ്രകുത്തിയിട്ടുണ്ട്. ഈ മുദ്രകുത്തൽ പൗരാവകാശങ്ങളിൽ അതിക്രമിച്ചുകയറുന്ന ഭരണകൂടത്തിന്റെ നിരീക്ഷണ സംവിധാനങ്ങളെയും സമുദായങ്ങളെ ആക്രമണ ലക്ഷ്യമാക്കുന്ന  ഭരണകൂട ഭീകരതയേയും ന്യായീകരിക്കാൻ ഉപയോഗിക്കുന്നു; ഇരകൾ  ചെയ്ത ഏതെങ്കിലും യഥാർത്ഥ കുറ്റങ്ങളുടെ അടിസ്ഥാനത്തിലല്ല ,അവരുടെ സ്വത്വം മാത്രം ആസ്പദമാക്കിയുള്ള ആക്രമണമാണ് ഇത്. ബസ്തറിലെ "സൽവാ ജൂദം" എന്ന പ്രത്യേക സേനാവിഭാഗത്തിന്റെ ചെയ്തികൾ ഇതിന് ഉദാഹരണമാണ്. ഒരു കുറ്റകൃത്യത്തിലും ബന്ധമില്ലാത്ത ആദിവാസി സമൂഹങ്ങളെ നിരീക്ഷണത്തിലാക്കുന്നതിനേയും , ഗ്രാമങ്ങളിൽച്ചെന്ന് അവരെ  കൂട്ടത്തോടെ  പിടിച്ചു ജെയിലിൽ ഇടുന്നതിനേയും  ഇന്ത്യൻ ഭരണകൂടം ന്യായീകരിക്കുന്നത് "മാവോയിസ്റ്റ് ഭീകരപ്രവർത്തനം" തടയുന്നതിന്റെ പേരിലാണ്.   

ചൈനീസ് ഗവൺമെന്റ് ഉയ്ഗറുകളുടെ കാര്യത്തിലും അവലംബിക്കുന്നത് മേൽപ്പറഞ്ഞ നയം തന്നെയെന്ന് ധവളപത്രം വ്യക്തമാക്കുന്നു : ഉയ്ഗർ സമുദായത്തെയാകെ മതതീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും സ്വാധീനത്തിൽപ്പെടാൻ സാധ്യതയുള്ളവർ  ആയി ചിത്രീകരിച്ചുകൊണ്ട് , ഭീകരപ്രവർത്തനം "കാലേക്കൂട്ടി" തടയുന്നതിന്റെ പേരിൽ അവരെ കൂട്ടത്തോടെ ജയിലുകളിലും "പുനർവിദ്യാഭ്യാസ ക്യാമ്പു"കളിലും പാർപ്പിക്കുന്നതിനെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത് 

വർദ്ധിത വീര്യമുള്ള   മറ്റൊരു യു എ പി ഏ 

ഉയ്ഗർ വംശജരായ ജനതയിൽ ഭൂരിപക്ഷത്തേയും ക്യാമ്പുകളിൽ എത്തിക്കാൻ ചൈനീസ് ഗവണ്മെന്റ് തീരുമാനിച്ചതിന്റെ നിയമപരമായ അടിസ്ഥാനമെന്തായിരുന്നു ? ഉയ്ഗർ വംശക്കാരനായ ഒരു വ്യക്തിക്ക് "പുനർവിദ്യാഭ്യാസം" ആവശ്യമാണെന്ന് വിധികൽപ്പന നടത്താൻ നിയമപരമായ അടിസ്ഥാനം എന്താണ് സർക്കാരിന്റെ കയ്യിൽ ഉള്ളത്  ? ചൈനയിൽ നിലവിലുള്ള ഭീകരവാദപ്രതിരോധ നിയമങ്ങളനു
സരിച്ച് പ്രത്യേക മതവിശ്വാസത്തെയോ, വംശീയ സ്വത്വത്തെയോ അടിസ്ഥാനപ്പെടുത്തി ആരേയും കുറ്റക്കാരാക്കാൻ സാധിക്കില്ല. അതുകൊണ്ടു സർക്കാർ അതിന്റെ ധവള പത്രത്തിൽ വിശദീകരിക്കുന്നത് "ജനകീയ കോടതികൾ"ക്ക് വ്യക്തികളെ തീവ്രവാദസ്വാധീനങ്ങളിൽനിന്ന് മോചിപ്പിക്കുന്ന "ഡീ റാഡിക്കലൈസേഷൻ   കേന്ദ്രങ്ങ"ളിലേക്ക് പറഞ്ഞയക്കാൻ പ്രസ്തുത നിയമത്തിൽ വകുപ്പ്കൾ  ഉണ്ട് എന്നാണ് .ഭീകരവാദവിരുദ്ധവും തീവ്രവാദവിരുദ്ധവും ആയ പരിശീലന കാലത്ത് മതം ഉപയോഗിച്ച് വിഭാഗീയത ഉണ്ടാക്കാനും വംശീയ വിദ്വേഷം കുത്തിപ്പൊക്കാനും   രാജ്യത്തെ വിഭജിക്കാനും സാമൂഹ്യക്രമത്തിന്റെ നിലനിൽപ്പിനു ഭീഷണി സൃഷ്ടിക്കാനും പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനി വരുത്താനും , രാജ്യത്തിലെ ഭരണസംവിധാനവും ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക-  നീതിന്യായ വ്യവസ്ഥകൾക്കും ദേശീയ താല്പര്യങ്ങൾക്കും സുരക്ഷയ്ക്കും പൊതുതാൽപ്പര്യങ്ങൾക്കും സിവിൽ അവകാശങ്ങൾക്കും  തടസ്സം ഉണ്ടാക്കാനുമുള്ള ശ്രമങ്ങളിൽനിന്നും ഏതൊരു വ്യക്തിയേയും  സംഘടനയെയും തടയാനും പിന്തിരിപ്പിക്കാനും പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് അധികാരം ഉണ്ടായിരിക്കും എന്നാണ് . "മതവും മതാടിസ്ഥാനത്തിലുള്ള രീതികളും ഉപയോഗിച്ച് ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്നവരേയും    കുഴപ്പങ്ങൾ ഉണ്ടാക്കുകയോ കുറ്റകൃത്യങ്ങൾ  നടത്തുകയോ ചെയ്യുന്നവരേയും തടയാൻ പ്രസ്തുത നിയമം കൊണ്ട് കഴിയുന്നു " വെന്ന് രേഖയിൽ പറയുന്നു. "      

മുകളിൽ കൊടുത്ത ഖണ്ഡികയിലെ ഓരോ വാക്കും അർത്ഥവ്യക്തത ഇല്ലാത്തതും , ഭരണകൂടത്തിന് ഇഷ്ടാനുസൃതം എങ്ങിനെവേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതും ആണ്. ഉദാഹരണത്തിന്, ഈ നിയമം അനുസരിച്ചു മതവിശ്വാസം പ്രചരിപ്പിക്കലും  "മത തീവ്രവാദം പ്രചരിപ്പിക്കലും" ഒന്നുതന്നെ ആയി വ്യാഖ്യാനിക്കപ്പെടാം.  മദ്യം ഉപേക്ഷിക്കാൻ ഒരു മതപ്രചാരകൻ ഉദ്‌ബോധനം നടത്തുകയാണെങ്കിൽ അയാൾ പ്രചരിപ്പിക്കുന്നത്  തീവ്രവാദമാണോ അതോ വെറും വിശ്വാസമാണോ ?  ഉയ്ഗർ വംശത്തിൽപ്പെട്ട ഒരു വ്യക്തി ഭൂരിപക്ഷത്തിന്റെ  ആധിപത്യപ്രവണതയെക്കുറിച്ചും, മൻഡാരിൻ  ഭാഷ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചാൽ,  "വംശീയ ഐക്യം തകർക്കുന്ന"തോ , "സാമൂഹ്യവ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ" ശ്രമിക്കുന്നതോ ആയ കുറ്റം അയാളിൽ ആരോപിക്കുമോ ? ഉയ് ഗർ വംശജൻ  താടി നീട്ടി വളർത്തുകയോ,  റമദാൻ കാലത്ത് നോമ്പ് വ്രതം അനുഷ്ഠിക്കുകയോ ചെയ്താൽ അത് "രാഷ്ട്രത്തിന്റെ സാംസ്‌കാരിക വ്യവസ്ഥകൾ ശരിയായ വഴിയിൽ പരിപാലിക്കുന്നത്  തടസ്സപ്പെടുത്താനുള്ള" പരിശ്രമമായി വ്യാഖ്യാനിക്കുമോ? "ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്നവരെ"യും  "സദുദ്ദേശപരമായി പ്രവർത്തിക്കുന്നവരെ"യും തമ്മിൽ എങ്ങിനെയാണ് വേർതിരിച്ചു കാണുക ?    

മൊത്തത്തിൽ , ചൈനയിലെ ജനകീയ റിപ്പബ്ലിക്ക് കൊണ്ടുവന്ന തീവ്രവാദവിരുദ്ധ നിയമം ഇന്ത്യയിലെ യുഎപിഎ പോലെ ( അതിന്റെ മുൻഗാമികളായ പോട്ടായും ടാഡാ യും പോലെയോ ) തന്നെ ഡ്രാക്കോണിയൻ സ്വഭാവത്തിലുള്ളതാണ്. വ്യക്തികൾ ചെയ്യുന്ന സാധാരണവും നിരുപദ്രവവു മായ പ്രവൃത്തികൾപോലും നിരീക്ഷിക്കാനും ക്രിമിനൽവൽക്കരിക്കാനും ഭരണകൂടത്തിന്  അത് സൗകര്യം നൽകുന്നു;   അത്തരം സാധാരണ പ്രവൃത്തികൾ  ന്യൂനപക്ഷ മതവിഭാഗമോ, പ്രത്യയശാസ്ത്രപരമായി വിമതപക്ഷത്ത് നിൽക്കുന്നവരോ ചെയ്യുമ്പോൾ പ്രത്യേകിച്ചും  അവയെ നിരീക്ഷിക്കാനും ക്രിമിനൽവൽ ക്കരിക്കാനും സാധ്യതഏറുന്നു.

 

മാന്ഡാരിൻ ഭാഷ അടിച്ചേൽപ്പിക്കൽ 

 ബഹുദേശീയതകളുടെ വൈവിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭാഷയുമായി ബന്ധപ്പെട്ട സംവേദനക്ഷമതയുടെ പ്രശ്നങ്ങൾ നമുക്ക് സുപരിചിതമാണ് .ഇന്ത്യൻ ഫാസിസ്റ്റുകൾ ഹിന്ദി അടിച്ചേൽപ്പിക്കാനും ,"ഹിന്ദു" മേധാവിത്വം ഉറപ്പിക്കാനുള്ള വഴികൾ അതിലൂടെ തേടുന്നതും നമുക്ക് അറിയാം . തമിൾനാട്ടിലും അസമിലും പശ്ചിമ ബംഗാളിലും കർണ്ണാടകത്തിലും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ബഹുജനപ്രക്ഷോഭങ്ങൾതന്നെ ഉയർന്നു വന്നിട്ടുണ്ട് .   

സിൻയാങ് പ്രാവിശ്യയിലെ ഉയ്‌ഗറുകളും ഇതര വംശീയ ന്യൂനപക്ഷങ്ങളും നേരിടുന്നത് മേൽപ്പറഞ്ഞതിന് സദൃശമായ ഭാഷാപ്രശ്നങ്ങൾ ആണ്‌. ഭാഷ അവരുടെ സ്വത്വത്തിലെ നിർണ്ണായകമായ ഒരംശമാണ്‌. ചൈനയിലെ ഭൂരിപക്ഷമായ  ഹാൻ വംശത്തിന്റെ ഭാഷയായ മാൻഡാരിൻ  ഉയ്‌ഗറുകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയുംമേലെ അടിച്ചേൽപ്പിക്കുമ്പോൾ സ്വാഭാവികമായും അത് എതിർക്കപ്പെടും .ഉയ്‌ഗറുകളുടെ സംസ്കാരത്തെയും തനിമയേയും തുടച്ചു നീക്കാനുള്ള വലിയ ആക്രമണമായി അത് വീക്ഷിക്കപ്പെടുന്നു എന്നതാണ് അതിന്റെ കാരണം .

സിൻയാങ് ലെ ജനങ്ങൾക്ക് മൻഡാരിൻ ഭാഷ കൈകാര്യം ചെയ്യാൻ ശേഷി കുറവായതിനാൽ ശരിയും തെറ്റും വേർതിരിച്ചറിയാനും, നിയമാനുസൃത പ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തമ്മിലുള്ള  വ്യത്യാസമ റിയാനുമാവുന്നില്ലെന്ന്  ധവളപത്രം ആവർത്തിച്ചു പറയുന്നു . ധവള പത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പല പദങ്ങളും ഉയ്‌ഗർ സമുദായത്തെ ഒന്നടങ്കം  മാനസിക വളർച്ചയെത്താത്തവരും , അപരിഷ്കൃ തരും ചിത്രീകരിക്കുന്നവയാണ് .ചൈനീസ് മൻഡാരിൻ ഭാഷയും നിയമ വാഴ്ച്ചയുടെ പ്രാധാന്യവും പഠിപ്പിച്ച് പരിഷ്കാരത്തിലേക്ക് പിടിച്ചുകയറ്റ പ്പെടേണ്ടവരായിട്ടാണ്‌ അവരെ കാണുന്നത് . 

"സിൻയാങ്ലെ  നാട്ടുമ്പുറത്തുകാർ"ക്ക് ചൈനീസ് മാനകഭാഷയിൽ "എഴുതാനും പറയാനുമുള്ള കഴിവ് ഇല്ലാത്തതിനാൽ ആധുനികമായ അറിവുകൾ വേഗത്തിൽ സ്വാംശീ കരിക്കാനും ഫലവത്തായി  ആശയനിവേദനം നടത്താനും ശേഷി കെട്ടവരാകുന്നു"വെന്നും , അതുകൊണ്ട് അവരിൽ കുറ്റവാസനകൾ ഉണ്ടാകുന്നു വെന്നും ധവള പത്രത്തിൽ പറയുന്നു . അത്തരം ഒരു സമുദായം, "തീവ്രവാദ ശക്തികളുടെയും ഭീകര പ്രസ്ഥാനങ്ങളുടെയും സ്വാധീനങ്ങൾക്ക് എളുപ്പത്തിൽ വശംവാദരാവുമെന്ന്"  ധവള പത്രം പറയുന്നു . ഏറ്റവും അസ്വാസ്ഥ്യജനകമായ കാര്യം ,ഇതെല്ലാം ഒരു മറയുമില്ലാതെ   പറഞ്ഞുവെച്ചിരിക്കുന്നത് ചൈനീസ് ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ പരസ്യമായി  ലഭ്യമായ ഒരു രേഖയിൽ ആണ്‌ എന്നതാണ് .ഇത്രയും വംശീയപക്ഷപാതം മുറ്റി നിൽക്കുന്ന ഒരു ഔദ്യോഗിക നയരേഖ പുറത്തു വിടുമ്പോൾ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ സ്റ്റീരിയോ ടൈപ്പ്കൾ ഉണ്ടാക്കിയെടുക്കുകയാണ് ചൈനീസ് ഭരണകൂടം! കോളനി വാഴ്ചക്കാലത്തെ ഇന്ത്യയിൽ അധിനിവിഷ്ട രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളെക്കുറിച്ച് ബ്രിട്ടീഷ്കാർ സൃഷ്ടിച്ച സ്റ്റീരിയോടൈപ്കളെ  ഓർമ്മിപ്പിക്കുന്നതാണ് ഇത് .അവരുടെ ഭാഷകൾ "വേഗതകുറഞ്ഞവ"യും ,"ആശയനിവേദനക്ഷമതയിൽ പിന്നോക്ക"വും, "ആധുനിക"മല്ലാത്തതും, അക്കാരണങ്ങൾ കൊണ്ട് കുറ്റവാസനകൾ പേറുന്നതും ആണെന്ന വീക്ഷണം ആയിരുന്നു കോളനി വാഴ്ച ക്കാലത്തെ ഇന്ത്യയിൽ പാസ്സാക്കപ്പെട്ട "ക്രിമിനൽ ട്രൈബ്സ് ആക്ടി"നു പിന്നിൽ .ചൈനീസ് ഗവണ്മെന്റിന്റെ ഔദ്യോഗിക നയം ഉയ്‌ഗർ ജനതയെ അടിച്ചമർത്താനും , അവരുടെ      ഭാഷയേയും സംസ്കാരത്തനിമയേയും ക്രിമിനൽവൽക്കരിച്ചു് അനഭിലഷണീയ മെന്ന് മുദ്രചാർത്താനും  ആണ് ശ്രമിക്കുന്നത് .   


കുറിപ്പ് :
ചൈനയുടെ ഔദ്യോഗിക നയം മൻഡാരിൻ ചൈനീസ് എന്ന അധീശത്വഭാഷയിലുള്ള പരിജ്ഞാനം രാജ്യസ്നേഹത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നു.  ഒരു ഇന്ത്യൻ പൗരന് എത്രത്തോളം ഹിന്ദിഅറിയുമെന്നതാണ് അയാളുടെ  രാജ്യസ്നേഹത്തിന്റെ അളവുകോലെന്നും, ഹിന്ദി പഠിക്കാത്തതോ അറിയാത്തതോ ഒരാളുടെ വിവരമില്ലായ്മയുടേയും രാജ്യത്തോട് കൂറില്ലായ്മയു
ടേയും ക്രിമിനൽ-ഭീകരവാദ പ്രവണതയുടേയും ലക്ഷണമായി മോദി ഭരണകൂടം ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിക്കുകയാണെങ്കിൽ  അത് ഒരു ഫാസിസ്റ്റ് നയമായി ഉറപ്പായും  തിരിച്ചറിഞ്ഞു എങ്ങിനെ എതിർക്കപ്പെടും എന്ന് സങ്കല്പിച്ചാൽ ചൈനീസ് സർക്കാരിന്റെ മേൽപ്പറഞ്ഞ ഔദ്യോഗിക ഭാഷാനയത്തിലെ  അപകടം മനസ്സിലാവും.  

കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കൽ /  നിർബന്ധിതവേല ചെയ്യിക്കൽ ?

സിൻയാങ് പ്രവിശ്യയിലെ തൊഴിൽനയത്തെ ധവളപത്രം വിശേഷിപ്പിക്കുന്നത് "മാറ്റിപ്പാർപ്പിച്ചുള്ള തൊഴിൽദാനം " ("transfer employment ")എന്നാണ് . ഈ പ്രയോഗം ഡോക്യൂമെന്റിൽ  പല സ്ഥലത്തും ആവർത്തിക്കുന്നുണ്ട്. 2018 -2020 കാലത്തെ മൂന്ന് വർഷം കൊണ്ട് ദക്ഷിണ സിൻയാങ് ലെ ഒരുലക്ഷം തൊഴിലാളികൾക്ക് "മാറ്റിപ്പാർപ്പിച്ചുള്ള തൊഴിൽദാനം " എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ മുക്കാൽ ഭാഗവും പൂർത്തീകരിച്ചുവെന്നും ,  "ഗ്രാമീണ മേഖലയിലെ 8.305 ദശലക്ഷം വരുന്ന അധികപ്പറ്റായ സിൻയാങ് തൊഴിലാളികളെ"  2016 മുതൽ 2018 വരേയുള്ള കാലഘട്ടത്തിൽ "മാറ്റിപ്പാർപ്പിച്ചുള്ള തൊഴിൽദാനം "വഴി പുനരധിവസിപ്പിച്ചു എന്നും ധവളപത്രം പറയുന്നു.  "ട്രാൻസ്ഫർ എംപ്ലോയ്‌മെന്റ്" എന്നാൽ കൃത്യമായും എന്താണ് ഉദ്ദേശിക്കുന്നത് ? മാറ്റിപ്പാർപ്പിക്കപ്പെടാൻ തൊഴിലാളികൾക്ക് സമ്മതമായിരുന്നുവോ എന്നോ , എവിടെ ജീവിച്ചു ജോലിചെയ്യണമെന്ന കാര്യത്തിൽ അവരുടെ ഇഷ്ടങ്ങൾ പരിഗണിക്കപ്പെടുന്നുവെന്നോ എന്ന ചോദ്യങ്ങൾക്ക് ഇവിടെ യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല.    പടിഞ്ഞാറൻ ചൈനയിലെ സിൻയാങ്ൽനിന്നും ആയിരക്കണക്കിന് ഉയ്ഗർ വംശജരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മാറ്റിപ്പാർപ്പിച്ചു് ഫാക്ടറികളിൽ 

"നിർബന്ധിതവേലയുടേതെന്ന് ബലമായ സംശയം ജനിപ്പിക്കുന്ന  സാഹചര്യങ്ങളിൽ"  ജോലിചെയ്യിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആപ്പിൾ, നൈക്ക് ,ആമസോൺ ,സാംസങ് ,സാരാ , എച് & എം , മൈക്രോസോഫ്റ്റ് ,മേഴ്‌സിഡസ് -ബെൻസ് , യുണീക് ലോ , തുടങ്ങിയ കമ്പനികൾക്കുവേണ്ടി ഗ്ലോബൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ ആണ് അവയെല്ലാം.  

 "ട്രാൻസ്ഫർ എംപ്ലോയ്‌മെന്റ്" നയം നിർബന്ധിതതൊഴിലിന്റെ മറ്റൊരു പേര് ആണോ ? ഈ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയുക ഉയ്ഗർ തൊഴിലാളികൾക്ക് മാത്രമായിരിക്കും. പക്ഷെ, അങ്ങനെ തുറന്നുപറയാൻ അവർക്ക് സാധിക്കുന്നത് ഭയത്തിന്റേയും സ്വാതന്ത്ര്യനിഷേധത്തിന്റേയും അന്തരീക്ഷത്തിൽനിന്ന് മോചിതരാവുമ്പോൾ മാത്രമാണ് എന്നാൽ, അത്തരമൊരു സ്ഥിതിയിലല്ല അവരിപ്പോൾ എന്ന് ചൈനീസ് ഭരണകൂടം പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖകൾ വെച്ചുതന്നെ നമുക്ക് തീർച്ചയായും കാണാൻ കഴിയും.  

ചോർന്ന രേഖകളുടെ ആധികാരികത ചൈന നിഷേധിക്കുന്നുണ്ടോ ? 

ഇനി നമുക്ക് ചൈനീസ് ഉദ്യോഗസ്ഥരുടെ  സഹായത്തോടെ ന്യൂയോർക്ക് ടൈംസ് ന്  ചോർത്തിക്കിട്ടിയതെന്ന് വിശേഷിപ്പിക്കപ്പെടുന്നതും ,നവംബർ 2019 ൽ അവർ പ്രസിദ്ധീകരിച്ച ലേഖനത്തിനു ആസ്പദമായതും ആയ  രേഖകളിലേക്കു വരാം.  

ലിബറേഷൻ ആദ്യമായി പരിശോധിച്ച കാര്യം പ്രസ്തുത രേഖകളുടെ ആധികാരികത ചൈനീസ് അധികാരികൾ ചോദ്യം ചെയ്തിരുന്നോ എന്നതാണ്.  വ്യക്തമായും ഞങ്ങൾക്ക് മനസ്സിലായത് ഇല്ല എന്നാണ്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികദിനപത്രമായ പീപ്പിൾസ് ഡെയ്‌ലി യുടെ സാർവ്വദേശീയ പതിപ്പായ 'ഗ്ലോബൽ ടൈംസ്'  2019 നവംബറിൽ   "പാശ്ചാത്യ മാദ്ധ്യമങ്ങളുടെ  സിൻയാങ് റിപ്പോർട്ട് സദാചാരവിരുദ്ധം" എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു . വടക്ക്പടിഞ്ഞാറൻ ചൈനയിലെ സിൻയാങ് ഉയ്ഗർ സ്വയംഭരണപ്രവിശ്യയെ സംബന്ധിക്കുന്ന "ചോർത്തിയ ഫയലു"കളിൽനിന്നും  400 പേജുകൾ   "ന്യൂയോർക് ടൈംസ് പരസ്യമാക്കുകയും " "സിൻയാങ് ലെ ചൈനീസ് ഭരണത്തെ ദുരുദ്ദേശ്യപരമായി ആക്രമിക്കുകയും" ചെയ്തു എന്നായിരുന്നു ഗ്ലോബൽ ടൈംസിന്റെ  ആരോപണം.  "പരസ്യമാക്കി' അല്ലെങ്കിൽ വെളിപ്പെടുത്തി (disclosed ) എന്ന പ്രയോഗമാണ് ഗ്ലോബൽ ടൈംസ്  ഉപയോഗിച്ചത്.  അത് സൂചിപ്പിക്കുന്നത് ചൈനീസ് ഭരണകൂടമോ, സി പി സി യോ പ്രസ്തുത ഡോക്യൂമെന്റുകളുടെ ആധികാരികതയെക്കുറിച്ചു തർക്കം ഉന്നയിക്കുന്നില്ല എന്നാണ് . 

എന്നാൽ, ഗ്ലോബൽ ടൈംസിന്റെ ഇതേ റിപ്പോർട്ടിൽ  ന്യൂയോർക് ടൈംസ് പ്രസ്തുത രേഖകൾവെച്ച് നടത്തിയ വിമർശനാത്മക വിശകലനത്തിന്റെ പേരിൽ ആ പത്രത്തെ കുറ്റപ്പെടുത്തുകയാണ്. "പാശ്ചാത്യമായ പൊതുജനാഭിപ്രായത്തിന്റെയും മൂല്യവ്യവസ്ഥയുടേയും അളവുകോലുകൾ വെച്ച് സിൻയാങ് ലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-  പരിശീലന കേന്ദ്രങ്ങളെ വിമർശിച്ചത്" ചൈനയോട് ചെയ്ത വലിയ ഒരു അപരാധമെന്ന നിലക്കാണ്  ഗ്ലോബൽ ടൈംസ് ലേഖനത്തിൽ ചിത്രീകരിക്കുന്നത്. 

കിഴക്കിന്റേതിൽനിന്ന് വ്യത്യസ്തമായിനിലനിൽക്കുന്ന  "പാശ്ചാത്യമായ മൂല്യവ്യവസ്ഥ" ഉണ്ടെന്ന ഭാവനതന്നെ കൊളോണിയലിസം ഉൽപാദിപ്പിച്ചുപയോഗിച്ച് പഴകിയതും വംശീയതയുടെ കറപുരണ്ടതുമായ  ഒരു സങ്കൽപ്പമാണ്. "കിഴക്കും പടിഞ്ഞാറും" തമ്മിൽ ഉള്ളതായി സങ്കല്പിക്കപ്പെടുന്ന അന്തരങ്ങളിൽ അഭിരമിക്കുന്ന വലതുപക്ഷ  പ്രത്യയശാസ്ത്രങ്ങളുടെ പ്രണേതാക്കളാണ് അത് ഇന്നും ആവർത്തിച്ചു് ഉറപ്പിക്കാൻ ശ്രമിക്കുന്നത്.  ഇന്ത്യയിലെ തീവ്ര വലതുപക്ഷം മാർക്സിസത്തേയും കമ്മ്യൂണിസത്തേയും ആക്രമിക്കാൻ പലപ്പോഴും ആവർത്തിക്കുന്ന ആരോപണം അവ "പാശ്ചാത്യ മൂല്യവ്യവസ്ഥ"യുടെ ഉൽപ്പന്നങ്ങൾ ആണെന്നാണ്. 

സിൻയാങ് നഗരങ്ങളിൽ ഇപ്പോൾ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനങ്ങളും അവകാശപ്പെട്ട ശേഷം ഗ്ലോബൽ ടൈംസ് തുടർന്ന് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്:  " സ്വന്തം നഗരങ്ങളിൽ ഇത്തരം നല്ല മാറ്റങ്ങൾ കാണുമ്പോൾ  അവയെ  എതിർക്കാനും , തീവ്രവാദത്താലും ഭീകരവാദ പ്രവർത്തനങ്ങളാലും ജീവിതം ദുസ്സഹമായ,  സ്വതന്ത്ര-ജനാധിപത്യ ലോകങ്ങൾ എന്ന് വിളിക്കപ്പെടുന്ന സമൂഹങ്ങളിൽ ജീവിക്കാനും ലോകത്തു്  എത്രപേർ മുന്നോട്ടു വരും ? " 
ലോകത്തിലെ എല്ലാ മർദ്ദക ഭരണകൂടങ്ങളും (കാശ്മീരിൽ ഇന്ത്യ അടക്കം) ഉന്നയിക്കുന്ന ഒരു വാദമാണ് മേല്പറഞ്ഞത് . ജനാധിപത്യാവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും മേലെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ "സുരക്ഷിതത്വ" ത്തിനും, "ക്ഷേമ"ത്തിനും , "വികസനത്തിനും" വേണ്ടി ജനങ്ങൾ നൽകേണ്ട വിലയോ , ത്യാഗമോ ആയി ചിത്രീകരിക്കുന്ന രീതിയാണ് ഇത്. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ സുപ്രീം കോടതിവിധിയിൽ കോടതി ശരിയായി ചൂണ്ടിക്കാട്ടിയതുപോലെ,  
 " ദരിദ്രരെ  സംബന്ധിച്ച്  സാമ്പത്തിക സുരക്ഷിതത്വമല്ലാതെ സിവിൽ അവകാശങ്ങളോ, രാഷ്ട്രീയമായ അവകാശങ്ങളോ ഒന്നും പ്രസക്തമല്ലെന്ന വാദം ചരിത്രത്തിലുടനീളം ഉപയോഗിക്കപ്പെട്ടത്‌ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾക്ക് മറയിടാൻ വേണ്ടിയായിരുന്നു. ചോദ്യം ചെയ്യാനും , വസ്തുതകൾ സൂക്ഷ്മവിശകലനം ചെയ്യാനും , വിയോജിക്കാനും  ഉള്ള സ്വാതന്ത്ര്യമാണ് സർക്കാരിന്റെ ചെയ്തികൾ കൂലങ്കഷമായി പരിശോധിക്കാൻ ഉല്ബുദ്ധമായ ഏതൊരു പൗരസമൂഹത്തേയും പ്രാപ്തരാക്കുക എന്നത് എല്ലാറ്റിലുമുപരിയായി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്."   

ഗ്ലോബൽ ടൈംസിന്റെ വാക്കുകളിൽ, സിൻയാങിലെ ചൈനീസ് ഭരണത്തിൽ ജനാധിപത്യമോ സ്വാതന്ത്ര്യമോ അനുവദിക്കപ്പെടുന്നില്ല എന്ന് ഭരണകൂടം ഫലത്തിൽ സമ്മതിക്കുന്നുണ്ട്. സുരക്ഷയും ക്ഷേമവും വികസനവും കാമ്പുള്ളതാവണമെങ്കിൽ ഏതൊരു വ്യവസ്ഥയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെടേണ്ടതാണെന്നു നിങ്ങൾ പറയുന്നുവെന്നിരിക്കട്ടെ; ചൈനീസ് ഭരണകൂടം ആ നിമിഷത്തിൽ നിങ്ങളെ "പാശ്ചാത്യ മൂല്യവ്യവസ്ഥയുടെ" വക്കാലത്തുകാരനാക്കും ! 

മുതലാളിത്തത്തിന്റെയോ, സാമ്രാജ്യത്വത്തിന്റേയോ എതിർപക്ഷത്തു   നിലകൊള്ളുന്ന സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥയെ  ചൈനീസ് ഭരണകൂടം ഇവിടെ ഉയർത്തിക്കാട്ടുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരർത്ഥത്തിൽ,  അത് അത്രയും ആശ്വാസകരമാണ്. കാരണം സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥയിൽ ബൂർഷ്വാ ജനാധിപത്യത്തേക്കാളും എത്രയോ ഉയർന്ന നിലവാരത്തിലുള്ള ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശ സങ്കൽപ്പങ്ങളും സ്വാഭാവികമായും ഉണ്ടായിരിക്കുമല്ലോ.

ചിന്തയുടെമേൽ പോലീസ് നിയന്ത്രണം 

ചോർത്തപ്പെട്ട രേഖകളിൽ, ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിലേതിന് സദൃശമായ  വരികൾ  കാണാൻ കഴിയും. 

ചൈനയുടെ വിവിധഭാഗങ്ങളിലുള്ള കാംപസുകളിൽനിന്നും വേനൽ അവധിക്ക് സിൻയാങിലേക്ക് മടങ്ങിയെത്തിയ വിദ്യാർഥികൾ അവരുടെ മാതാപിതാക്കളേയും അപ്പൂപ്പന്മാരേയും മറ്റു ബന്ധുക്കളേയും കാണാൻ കഴിയാത്ത  തീവ്രമനോവേദന അനുഭവിച്ചപ്പോൾ , പ്രാദേശിക അധികാരികൾക്ക് വേണ്ടി തയ്യാറാക്കിയ വിശദമായ നിർദ്ദേശങ്ങളെക്കുറിച്ചും  ഉൽക്കണ്ഠാകുലരായ വിദ്യാർഥികളുടെ  ചോദ്യങ്ങളെ അവർ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ച ഒരു മാതൃകാചോദ്യോത്തര സ്ക്രിപ്റ്റിനെക്കുറിച്ചും  ഒരു രേഖയിൽ വിശദമായി  പറയുന്നുണ്ട്. . 

രേഖകളിൽ ക്യാമ്പുകളെക്കുറിച്ചു പരാമർശിക്കുന്ന തിനിടയിൽ  ആവർത്തിച്ചുവരുന്ന ഒരു പ്രയോഗം ആരുടേയും ശ്രദ്ധയിൽപ്പെടുന്നതാണ്.  " കോൺസെൻട്രേറ്റഡ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങ് സ്കൂൾ സ്റ്റുഡന്റ്സ് " അഥവാ "തീവ്ര വിദ്യാഭ്യാസ - പരിശീലന സ്കൂൾ വിദ്യാർത്ഥികൾ" എന്നാണ് അത്. ചൈനീസിൽ നിന്നും ഇംഗ്ളീഷിൽ വിവർത്തനം ചെയ്തു കിട്ടുന്ന അർത്ഥമാണ് ഇത് എന്ന പരിമിതി ഉണ്ടെങ്കിലും , ഇത് ശരിയായ പരിഭാഷയല്ലെന്ന് ഔദ്യോഗികമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് ഏറെക്കുറെ വ്യക്തമാവുന്ന ഒരു കാര്യം , ഉയ്ഗർ ജനതയെ " കോൺസെൻട്രേഷൻ ക്യാമ്പുകളിൽ" പാർപ്പിച്ചു വരുന്നതായി  ചൈനയുടെ ആഭ്യന്തരരേഖകൾ  ഫലത്തിൽ സമ്മതിക്കുന്നുവെന്നാണ്.    

ഒരു കുറ്റവും ചെയ്യാത്ത വ്യക്തികളെ ക്യാമ്പിൽ കൊണ്ടുപോയി പാർപ്പിക്കുന്നുവെന്നതിന്   നേരത്തെ പറഞ്ഞ ചോദ്യോത്തര സ്ക്രിപ്റ്റുകൾ വ്യക്തമായ സൂചന നൽകുന്നുണ്ട്‌ .  ഉദാഹരണത്തിന് അവർ കുറ്റമെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് കൊടുക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഉത്തരം "അവർ കുറ്റം ചെയ്തിട്ടില്ല , അവരെ ശിക്ഷിക്കുകയുമില്ല"  എന്നാണ് . 

പ്രസ്തുത സ്ക്രിപ്റ്റ് , "ആരോഗ്യമില്ലാത്തവർ", "രോഗബാധ", "വൈറസ്" , "രോഗം" ,"അപകടകാരിയായ മുഴ" ( "മാലിഗ്നന്റ് ട്യൂമർ" ) തുടങ്ങിയ വാക്കുകൾ ഉയ്ഗർ തടവുകാരെ വിശേഷിപ്പിക്കാൻ ആവർത്തിച്ചു പ്രയോഗിക്കുന്നുണ്ട്   .“ഇപ്പോൾ ആരോഗ്യകരമല്ലാത്ത ചിന്തകൾ അവരെമാത്രമേ ബാധിച്ചിട്ടുള്ളൂ. പെട്ടെന്ന് വിദ്യാഭ്യാസംനൽകി അവരെ നേരെയാക്കിയില്ലെങ്കിൽ അവ സമൂഹത്തിനകമാനവും , നിങ്ങളുടെ കുടുംബത്തിനും വലിയ ഭീഷണിയായി വളർന്നേക്കും. ചിന്തയിലെ വൈറസുകളെ ചെറിയ സമയം കൊണ്ട്  പൂർണ്ണമായും നശിപ്പിക്കുക സാധ്യമല്ല. അതുകൊണ്ടു മയക്കുമരുന്നിനു അടിമകളായവരെ ചികില്സിക്കുന്നതുപോലെ പെട്ടെന്ന് അവരെ വിഷമുക്തരാക്കേണ്ടിവരും." 

സ്ക്രിപ്റ്റ്  പ്രകാരം വിദ്യാർഥികൾക്ക് നൽകപ്പെടുന്ന ഒരു മുന്നറിയിപ്പ്,  അവരുടെ ബന്ധുക്കളും രക്ഷിതാക്കളും എത്രവേഗം മോചിതരാവുമെന്നത്‌ വിദ്യാർഥികളുടെ സൽസ്വഭാവപൂർണ്ണമോ, മോശപ്പെട്ടതോ ആയ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നതാണ്.   " നിങ്ങൾ അടങ്ങുന്ന കുടുംബാംഗങ്ങൾ രാജ്യത്തിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കണം; ഊഹാപോഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സാമൂഹ്യജീവിതത്തിൽ സജീവമായ പങ്കു വഹിക്കണം. അതിനനുസരിച്ച് നിങ്ങൾ സമ്പാദിക്കുന്ന പോയിന്റുകൾക്കാനുപാതികമായി നിങ്ങളുടെ  കുടുംബാംഗത്തിനും നേട്ടം ഉണ്ടാകും , വിലയിരുത്തലിന്റെ ഒരു കാലയളവ് കഴിഞ്ഞാൽ തൃപ്തികരമായി കോഴ്‌സ് പൂർത്തിയാക്കുന്ന മുറയ്ക്ക് അവർക്കു സ്കൂൾ വിടാം."  

സ്ക്രിപ്റ്റിൽ നിന്ന് വ്യക്തമാവുന്ന മറ്റൊരു കാര്യം, ക്യാമ്പുകൾ ജെയിലുകളെക്കാൾ ഒട്ടും മോശമല്ലെന്നതാണ്. "എന്റെ കുടുംബാംഗങ്ങൾ ക്ക് എന്നെ കാണാനായി ലീവ് അനുവദിച്ചുകിട്ടുമോ ?" എന്ന ചോദ്യത്തിന്റെ ഉത്തരം ,  " ഇത് അടച്ച വാതിലിന്നുള്ളിൽ നടക്കുന്ന തീവ്രവും, ഏറെ നിയന്ത്രണങ്ങൾ ഉള്ളതുമായ ഒരു വിദ്യാഭ്യാസപരിപാടിയാണ്.. പൊതുവെ , പഠനത്തിലും പരിശീലനത്തിനും ഇടയിൽ ആർക്കും ലീവ് അനുവദിക്കില്ല. നിങ്ങൾക്ക് കുടുംബാംഗത്തെ കാണാൻ അത്ര ആശയുണ്ടെങ്കിൽ അവരെ വിഡിയോയിൽ കാണിക്കാൻ ഞങ്ങൾ ഏർപ്പാട് ചെയ്യാം. "  

വിദ്യാർഥികളെ കർശനമായും നിരീക്ഷിക്കുകയും അവരുടെ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾ സെന്സർഷിപ്പിനു വിധേയമാക്കുകയും ചെയ്യേണ്ട കാര്യം രേഖകളിൽ എടുത്തുപറയുന്നുണ്ട്. "ചൈനയുടെ വിവിധ പ്രദേശങ്ങളിൽനിന്നും മടങ്ങിയെത്തുന്ന പഠിതാക്കൾക്ക് എമ്പാടും സാമൂഹ്യ ബന്ധങ്ങൾ കാണും" എന്നതിനാൽ, അവരെ ബോധവൽക്കരിക്കുന്നതിനു വേണ്ടി "അവരുടെ ചിന്തകൾ നേരിട്ടുള്ള വഴികാട്ടലിന് വിധേയമാക്കണം    "   എന്ന് നിർദ്ദേശിക്കുന്നു.  " വീചാറ്റ് ,വെയ്‌ബോ തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകളിൽ ശരിയല്ലാത്ത ഒരു അഭിപ്രായം അവർ പ്രകടിപ്പിക്കാൻ ഇടവരുന്ന നിമിഷം മുതൽ അതിന്റെ ദോഷഫലങ്ങൾ വ്യാപിക്കുകയും , അവ പാടേ ഇല്ലാതാക്കാൻ പ്രയാസമാവുകയും ചെയ്യുന്നു. " . ചൈനീസ് ഭരണകൂടം ഇവിടെ ചിന്തകളുടെ മേൽ പോലീസധികാരം ഉപയോഗിക്കുന്നുവെന്ന് -  വിദ്യാർത്ഥികൾ എങ്ങനെ ചിന്തിക്കണമെന്നും, ഏത് തരം  അഭിപ്രായങ്ങളാണ് ശരി എന്നും ഏതാണ് തെറ്റ് എന്നും ഗവണ്മെന്റ് തീരുമാനിക്കുമെന്ന് -  വ്യക്തമാക്കപ്പെടുകയാണ് ഇവിടെ. 

തടവിലാക്കപ്പെട്ടവരിൽ പലരും മുൻപേതന്നെ ഉന്നത വിദ്യാഭ്യാസം നേടിയവരും ആ നിലയിൽ സിവിൽ  ജീവനക്കാരും അധ്യാപകരും കലാപ്രവർത്തകരുമൊക്കെയായി ജോലിചെയ്തിരുന്നവരും ആണെന്നുള്ളത് , സർക്കാർ ഇവർക്കെല്ലാം "തൊഴിലുകളും" "തൊഴിൽപരിശീലന"വും നൽകിവരികയാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. യഥാർത്ഥത്തിൽ അവർ തടവുകാരാക്കപ്പെട്ടത് അവരുടെ "ശരിയല്ലാത്ത  ചിന്തകളുടെ"  പേരിൽ  ശിക്ഷ കൊടുക്കാൻ വേണ്ടിയാണ്.

“പിടിക്കേണ്ട ആളുകളെ മുഴുവൻ പിടിക്കാൻ അയാൾ കൂട്ടാക്കിയില്ല "  

ന്യൂയോർക്‌ ടൈംസിന്  ചോർത്തിക്കിട്ടിയ രേഖകളിലൊന്നിൽ , 2016 ആഗസ്റ്റിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചു പറയുന്നുണ്ട്. ചെൻ എന്ന് പേരുള്ള തീവ്രസർക്കാർ അനുകൂലിയായ ഒരു  ഉദ്യോഗസ്ഥനെ ടിബറ്റിൽ നിന്നും സിൻയാങ് ഭരണ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ചെൻ തന്റെ കീഴുദ്യോഗസ്ഥർക്കു നൽകിയ ഒരു ഉത്തരവ്  , " പിടിക്കേണ്ട എല്ലാവരെയും പിടിക്കുക " എന്നായിരുന്നു. എന്താണ് ആളുകളെ തടവിലാക്കാനുള്ള മാനദണ്ഡങ്ങൾ എന്ന് അതിൽ വിശദീകരിച്ചിരുന്നില്ല.  വാങ് എന്നു പേരുള്ള മറ്റൊരു ഉദ്യോഗസ്ഥൻ പിന്നീട് 7000 ത്തിലധികം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.  ഇതിനു ശിക്ഷയായി വാങിന് ജോലി പോയി എന്ന് മാത്രമല്ല,  സ്വയം തടവിലാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.  പിന്നീട് ( മിക്കവാറും നിർബന്ധിച്ചു് എഴുതിപ്പിച്ച ) ഒരു കുറ്റസമ്മതത്തിൽ " ഞാൻ തന്നിഷ്ടപ്രകാരം നിയമം ലംഘിച്ചു, അംഗീകാരമില്ലാത്ത പ്രവൃത്തി ചെയ്തു " എന്ന് പ്രസ്താവിച്ചത് സിൻയാങ് ലെ ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വായിച്ചു കേൾപ്പിച്ചു.  എന്നാൽ,  അദ്ദേഹത്തെ ശിക്ഷിച്ചതിനുള്ള  യഥാർത്ഥ കാരണം ഒരു ഔദ്യോഗിക രഹസ്യമെന്ന മട്ടിൽ രേഖപ്പെടുത്തിയത്  ചോർന്നു കിട്ടിയ രേഖകളിൽ  ഉണ്ടായിരുന്നു: “പിടിക്കേണ്ട ആളുകളെ മുഴുവൻ പിടിക്കാൻ അയാൾ കൂട്ടാക്കിയില്ല " എന്നായിരുന്നു അത്. ഈ പദാവലി ഓർവെല്ലിന്റെ പേനയിൽ നിന്നും നേരിട്ട് ഊതിർന്നു വീണതാണെന്നു തോന്നും. 
 (The New York Times article on the leaked documents can be read on 
Indian Express)

ഇസ്ലാമോഫോബിയ, ഇരട്ടത്താപ്പുകൾ   

ട്രംപ് പ്രഖ്യാപിച്ച "മുസ്‍ലീം  നിരോധനം" ഓർമ്മിക്കുക. ചില മുസ്‌ലീംഭൂരിപക്ഷരാജ്യങ്ങളിൽനിന്ന് കുടിയേറ്റക്കാരായോ, അഭയാർത്ഥി കളായോ എത്തുന്നവർക്കെതിരെ ട്രംപ് കൽപ്പിച്ച വിലക്കിന്  കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ആ രാജ്യങ്ങൾക്ക് ഭീകരവാദ പ്രവർത്തനങ്ങളുമായി  ബന്ധമുണ്ടെന്നായിരുന്നു.    അമേരിക്കൻ സർക്കാർ നയത്തിലെ ഇസ്ലാമോഫോബിയയും വംശീയതയും അന്ന്  ലോകമാകെ ന്യായമായും എതിർക്കപ്പെട്ടു. എന്നാൽ ചൈനീസ് ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകൾ വെളിവാക്കുന്നത് സമാനമായ അളവിലുള്ള ഇസ്ലാമോഫോബിയ ആണ്. ചോദ്യോത്തരങ്ങളുടെ സ്ക്രിപ്റ്റ്  തടവിലാക്കപ്പെട്ട ബന്ധുക്കളെക്കുറിച്ചു വിദ്യാർഥികൾ ആവർത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യം സംബന്ധിച്ച് പറയുന്നുണ്ട് :  "ചൈനീസ് ഭരണകൂടം നൽകുന്ന പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് സിൻയാങ് നിവാസികൾ തുർക്കിയും സൗദി അറേബിയയും ഉൾപ്പെട്ട  പന്ത്രണ്ട് മുസ്‌ലീം രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റ് ?  എന്തിനാണ് അവരെ അതിന്റെപേരിൽ കുറ്റക്കാരാക്കുന്നതും, തടവിൽ പാർപ്പിക്കുന്നതും ?" ഇതിന്റെ ഉത്തരം: " അവർ സന്ദർശിച്ച രാജ്യങ്ങളിൽ മതതീവ്രവാദം ഗുരുതരമായ അവസ്ഥയിലായതിനാൽ , അവർ അതിന്റെ സ്വാധീനത്തിൽപ്പെട്ടിരിക്കാം. അവരിൽ ഒരിക്കൽ മതതീവ്രവാദം നാമ്പെടുക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉള്ള അപകടങ്ങൾ വലുതാണ്. തന്മൂലം, അവർ തിരിച്ചുവരുമ്പോൾ നിയമവ്യവസ്ഥയെക്കുറിച്ചും, ദേശസ്നേഹത്തെക്കുറിച്ചും  തീവ്രമായ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. " നേരത്തെ  സൂചിപ്പിച്ച  ഗ്ലോബൽ ടൈംസ് റിപ്പോർട്ടിലും , ദക്ഷിണ സിൻയാങ് മേഖല " പാക്കിസ്ഥാന്റെയും അഫ് ഗാനിസ്താന്റെയും" തൊട്ടയലത്തു് കിടക്കുന്ന പ്രദേശമായതുകൊണ്ട് ഭീകരവാദത്തിനും അസ്വസ്ഥതകൾക്കും സാദ്ധ്യതകൾ ഏറെയാണെന്ന് പറയുന്നുണ്ട്.    

ഇസ്ലാമോഫോബിയ, പൗരാവകാശങ്ങൾ, വംശീയത, ഡീറ്റെൻഷൻ/ കോൺസെൻട്രേഷൻ ക്യാമ്പുകൾ , എന്നീ വിഷയങ്ങളിൽ അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നതിലെ ഇരട്ടത്താപ്പും ആത്മവഞ്ചനയും വ്യക്തമാണ് . പക്ഷെ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബിയ തുടങ്ങിയ രാജ്യങ്ങൾ ചൈനയുടെ ഉയ്ഗർ നയത്തെ പിന്താങ്ങുന്നതിലെ ഇരട്ടത്താപ്പും ആത്മവഞ്ചനയും അതുപോലെത്തന്നെ പ്രകടമാണ്. 

സിൻയാങ് ലെ ചൈനീസ് "ഭരണനടപടികളെ " പിന്തുണച്ചുകൊണ്ടു പ്രസിദ്ധീകൃതമായ  ഒരു കത്തിൽ   അൻപതിലധികം ലോകരാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ചൈനീസ് രേഖകളിൽ ഭീകരവാദവുമായും മതതീവ്രവാദവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാകിസ്ഥാനും സൗദി അറേബിയയും ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നത് മറ്റൊരു വിരോധാഭാസമാണ്.   പാകിസ്ഥാനും സൗദി അറേബിയയും സന്ദർശിച്ചു എന്ന പേരിൽ  ഉയ്ഗർ പൗരന്മാരെ  ചൈനീസ് ഭരണകൂടം പീഡിപ്പിക്കുമ്പോൾ , അതേ പാകിസ്ഥാനും സൗദി അറേബിയയും ഈ പീഡനങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ് വ്യക്തമാവുന്നത്.   തുർക്കിയിലെ എർദോഗാൻ ഉയ്ഗർ അഭയാർത്ഥികളെ  ചൈനീസ് തടവറകളിലേക്കും, ഒരു പക്ഷെ മരണത്തിലേക്കും എറിഞ്ഞുകൊടുക്കുന്നതിൽ കലാശിക്കാനിടയുള്ള  ചില സൂത്രപ്പണികൾ പുനരധിവസിപ്പിക്കൽ എന്നപേരിൽ തിരക്കിട്ട് നടപ്പാക്കുകയാണ്.  ഒരു മൂന്നാം രാജ്യത്തിലേക്ക് അവരെ മാറ്റിപാർപ്പിക്കാൻ സൗകര്യമൊരുക്കിക്കൊണ്ട്  അവിടുന്ന് ചൈനയിലേക്ക് അഭയാർത്ഥികൾ കൈമാറ്റം ചെയ്യപ്പെടാൻ പാകത്തിലുള്ള ഒരു ഒഴിഞ്ഞുമാറൽ നയമാണ് എർദോഗന്റെത്.    ഇന്ത്യൻഭരണകൂടം കശ്മീരിൽനടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്  പലപ്പോഴും വാചാലരാവുന്ന പാകിസ്ഥാനും തുർക്കിയും ,   ചൈനീസ് ഗവൺമെൻറ് ഉയ്ഗർ ജനതയ്ക്കെതിരെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചു മിണ്ടാത്തതും, അവയ്ക്കു  കൂട്ടുനിൽക്കുന്നതും എന്തുകൊണ്ടാണ് ? 

ചൈനീസ് ഭരണകൂടം ഉയ്ഗർ വംശജരായ നിരവധിയാളുകളെ തടങ്കൽപാളയ ങ്ങളിൽ വെക്കുകയും, ക്യാമ്പുകൾക്കകത്തും പുറത്തും ഒരു സാമുദായത്തെയൊട്ടാകെ നിർബന്ധിത ശിക്ഷണത്തിനും, നിരീക്ഷണ സംവിധാനങ്ങൾക്കും, ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ അടിച്ചമർത്തലിനും, വിധേയരാക്കിക്കൊണ്ട് ഉയ്ഗർ ജനതയുടെ സാംസ്കാരികത്തനിമയും സ്വത്വവും തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്. ചൈനയുടെ സ്വന്തം ഔദ്യോഗിക രേഖകളും പ്രോപ്പഗാന്റാ രീതിയും പരിശോധിക്കുന്ന ആർക്കും ഇത് ബോധ്യമാകും. വാസ്തവം ഇതെല്ലാമായിട്ടും, ഭീകരവാദത്തെ നേരിടുന്നത്തിന്റെ ലോകോത്തരമാതൃക എന്ന നിലക്ക് "സിൻയാങ് മോഡൽ" ഉയർത്തിക്കാട്ടാൻ ചൈനയ്ക്ക് യാതൊരു സങ്കോചവുമില്ല. 

തീർച്ചയായും നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഫാസിസ്റ്റ്‌ ഭരണകൂടത്തിനും ഇത് സന്തോഷമുണ്ടാക്കും. ചൈനയുടെ സിൻ യാങ് മോഡൽ കാശ്മീരിനുവേണ്ടിയും, ഇന്ത്യയിലെമ്പാടുമുള്ള ന്യൂനപക്ഷങ്ങൾക്കും വിമതശബ്ദങ്ങളുയർത്തുന്നവർക്കും വേണ്ടിയും അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അത് പകർത്താമെന്ന് അവർക്കുതോ ന്നിയാൽ അത്ഭുതമില്ല.      

Saturday, 20 June 2020

 ലഡാക് നിയന്ത്രണരേഖയിലെ സംഘർഷത്തെക്കുറിച്ചു മോദി
നടത്തിയ  തെറ്റിദ്ധരിപ്പിക്കുന്നതും ഒഴിഞ്ഞുമാറുന്നതും ആയ പ്രസ്താവനയെ
 സി പി ഐ (എം എൽ ) കേന്ദ്രക്കമ്മിറ്റി
അപലപിക്കുന്നു.  

ജീവൻ ബലിയർപ്പിക്കപ്പെട്ട ജവാന്മാരോട് 
ആദരം പ്രകടിപ്പിച്ചുകൊണ്ടും 
അനുശോചന ദിനമായും  ജൂൺ 22 ആചരിക്കുന്നു.  

ജൂൺ 19 നു നടത്തിയ 'സർവ്വകക്ഷി സമ്മേളന'ത്തിൽ  മോദി നടത്തിയ പ്രസ്താവങ്ങൾ   ലഡാക്ക് സംഘർഷത്തെക്കുറിച്ചു  ഉയരുന്ന സ്വാഭാവികമായ സംശയങ്ങൾക്ക് മറുപടിപറയാൻ കൂട്ടാക്കുന്നതിനുപകരം  കൂടുതൽ ചോദ്യങ്ങൾക്ക് വഴിതെളിക്കുന്നവയായിരുന്നു. അദ്ദേഹം ആകപ്പാടെ അംഗീകരിക്കാൻ കൂട്ടാക്കിയ ഒരേയൊരു കാര്യം , ദുഃഖത്തോടെയെങ്കിലും ഇനി എല്ലാവർക്കും  അംഗീകരിക്കേണ്ടിവരുന്നതും, മാറ്റാൻ പറ്റാത്തതുമായ ഒരു സംഗതിയാണ്: ഒരു കേണൽ അടക്കം ഇരുപത് ഇന്ത്യൻ സൈനികർ ചൈനീസ് പട്ടാളക്കാരുമായി നടന്ന നേരിട്ടുള്ള മെയ്യോടുമെയ്യ്  ഏറ്റുമുട്ടലിൽ മരണപ്പെട്ടു എന്നതാണ് അത്. സംഘർഷം നടന്നതിന് ശേഷം നാലു ഓഫീസർമാരടക്കം പത്തു് ഇന്ത്യൻ സൈനികരെ ചൈന വിട്ടുകൊടുത്തിട്ടും, ഇന്ത്യൻ സൈനികരെ കാണാതാവുകയോ അവരെ ചൈന തടവുകാരാക്കുകയോ ഉണ്ടായതായി മോദി സർക്കാർ ഒരിക്കലും സമ്മതിച്ചിട്ടില്ല,  

ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിയന്ത്രണ രേഖ (LAC )യുടെ ഇപ്പുറത്തുള്ള ഇന്ത്യൻ പ്രദേശത്തു് ചൈന അതിക്രമിച്ചുകയറിയിരുന്നതായി നേരത്തെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചതിനെ ഇപ്പോൾ മോദി ഫലത്തിൽ നിരാകരിച്ചിരിക്കുകയാണ്.  'അതിക്രമിച്ചുകടക്കലും കൈവശപ്പെടുത്തലും  പോസ്റ്റുകൾ സ്ഥാപിക്കലും ഒന്നും ഉണ്ടായിട്ടില്ല' എന്ന മോദിയുടെ ഭാഷ്യം കേട്ടാൽ ആർക്കും അത്ഭുതം തോന്നുന്നത് പിന്നെ ഏത് പിന്മാറ്റത്തിന്റേയും സംഘർഷ ലഘൂകരണത്തിന്റെയും കാര്യത്തിനുവേണ്ടിയാണ് ചർച്ചകൾ നടക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നത് എന്നാണ് . ചൈന അവർക്കു പരമാധികാരം ഉണ്ടെന്ന് അവകാശപ്പെടുന്ന ഗാൾവാൻ താഴ്വര പ്രദേശം പോലും ദീർഘകാലമായി ഇന്ത്യയുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇവിടെ ചൈന അതിക്രമിച്ചുകയറിയതായ ആരോപണത്തെപ്പോലും ഇന്ത്യൻ പ്രധാനമന്ത്രി നിഷേധിക്കുകയും ചെയ്തു. അതിന്റെയർത്ഥം ചൈനയുടെ അവകാശവാദങ്ങളെ മോദി സർക്കാർ അംഗീകരിക്കുന്നുവെന്ന് ആണോ ?  
നിയന്ത്രണ രേഖ (LAC) യിൽ ലംഘനമൊന്നും ഉണ്ടായിട്ടില്ലെങ്കിൽ നമ്മുടെ സൈനികർ എവിടെയാണ്, എന്തുകൊണ്ടാണ് മരിച്ചത് ? 
  
LAC യിലെ ലഡാക്ക് മേഖലയിൽ ഇന്ത്യയും  ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നത് സംബന്ധിച്ച യാഥാർഥ വിവരങ്ങൾ രാജ്യത്തോട് മറച്ചുപിടിക്കുകയാണ് മോദി സർക്കാർ . ഇരുപതു ഇന്ത്യൻ സൈനികരുടെ ജീവൻ ബലിയർപ്പിക്കപ്പെടുകയും അനേകം പേർക്ക് പരിക്കുകൾ ഏൽക്കുകയും , സംഭാഷണങ്ങളിലൂടെയുള്ള  തീവ്രമായ ശ്രമങ്ങൾക്കൊടുവിൽ പത്തു് ഇന്ത്യൻ സൈനികരെ ചൈനീസ് തടവിൽനിന്നും മോചിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരികയും എല്ലാം ഉണ്ടായതിന് ശേഷവും "എല്ലാം ഭദ്രം" ആണെന്നാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിദേശനയം സംബന്ധിച്ച ഒരു വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ വലിച്ചിഴക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. കോവിഡ് -19 മഹാമാരിയുടേയും ലോക്ക് ഡൌൺ മൂലം ഉണ്ടായ വന്പിച്ച സാമ്പത്തിക തകർച്ചയുടേയും ഇരട്ട പ്രഹരങ്ങൾ ഏറ്റ്  രാജ്യം ഉഴലുന്ന  അവസരത്തിലാണ് മേൽപ്പറഞ്ഞ പുതിയ പ്രതിസന്ധിയെന്നത് പ്രശ്നങ്ങളെ രൂക്ഷതരമാക്കുന്നു.  

ഒരു വശത്തു് മോദി സർക്കാർ
സൈനിക- നയതന്ത്ര-രാഷ്ട്രീയ വിഷയങ്ങളിൽ ചൈനയുടെ നിലപാടുകളോട് വിധേയത്വം പുലർത്തുന്നതുപോലെ പ്രവർത്തിക്കുമ്പോൾ,  അത് ജനങ്ങളിൽനിന്ന് മറച്ചുപിടിക്കാൻ വേണ്ടിയാണ് സംഘ് -ബി ജെ പി വിഭാഗങ്ങൾ മറുവശത്തു് ശ്രമിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കാമ്പില്ലാത്ത ആരോപണങ്ങൾ ഉയർത്തിയും, ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും തടയാനും, ചൈനയെ ബഹിഷ്കരിക്കാനുമുള്ള ആഹ്വാനങ്ങൾ മുഴക്കി ഇന്ത്യക്കാരായ ദശലക്ഷക്കണക്കിന് ചില്ലറവ്യാപാരികളെ കഷ്ടത്തിലാക്കിയും ആണ് യഥാർത്ഥ പ്രശ്നത്തിൽ നിന്ന് 
ശ്രദ്ധതിരിച്ചുവിടാൻ 
അവർ ശ്രമിക്കുന്നത്.
യഥാർത്ഥത്തിൽ, 2014 ൽ മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം അതിശക്തമാവുകയും, ഇത് ചൈനയെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആക്കുകയും ചെയ്തിരുന്നു . പട്ടേലിന്റെ പ്രതിമ പോലും ചൈനയിൽ നിർമ്മിച്ചതാണ്, നയമാറ്റം വകവയ്ക്കാതെ ചൈനീസ് കമ്പനികൾക്ക് കരാറുകൾ നൽകുന്നത് തുടരുകയുമാണ്, പ്രധാന ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്കെല്ലാം ചൈനീസ് കമ്പനികളുടെ പരസ്യം വഴി വൻതോതിൽ വരുമാനം  ലഭിക്കുന്നുണ്ട്, വലിയ ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങളും ചൈനീസ് കമ്പനികളും-മൂലധനവുമായുള്ള ബന്ധത്തെക്കുറിച്ച് പറയുവാനില്ലാത്ത വിധം അത് ശക്തവുമാണ്.

ലജ്ജാകരമായ കാര്യം, സൈന്യത്തിൻ്റെ ബിഹാർ റെജിമെന്റിലെ16-ാം ബറ്റാലിയനാണ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നതെന്നതിനാൽ  LAC (യഥാർത്ഥ നിയന്ത്രണ രേഖ) യിലെ യുദ്ധവും ഇന്ത്യൻ സൈനികരുടെ മരണവും ബീഹാറിന് അഭിമാനിക്കാവുന്നത് എന്ന രീതിയിൽ മോദി ഉയർത്തിക്കാട്ടുന്നതാണ്. ബിഹാർ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, അമിത് ഷായുടെ ഡിജിറ്റൽ റാലിയിലൂടെ ബിജെപി ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു, അതിനാൽ, മോദി ഇപ്പോൾ ഇന്ത്യൻ സൈന്യത്തെ പ്രാദേശികവാദത്തിൻ്റെ തലത്തിൽ അവതരിപ്പിക്കാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമില്ല. കേണൽ സന്തോഷ് ബാബു തെലങ്കാനയിൽ നിന്നുള്ള ആളായിരുന്നു. മരണപ്പെട്ട സൈനികർ ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. പക്ഷെ, റെജിമെന്റിന്റെ പേരോ, വീണുപോയ സൈനികരുടെ പ്രാദേശിക സ്വത്വമോ ഒന്നും ഓർത്തില്ലെങ്കിലും സൈനികരുടെ മരണത്തിൽ ഉൽക്കണ്ഠയുള്ളവരാകാൻ   ബീഹാറിലെ ജനങ്ങൾക്ക് കഴിയും. 

 ലഡാക്ക് നിയന്ത്രണരേഖയിലെ യുദ്ധസമാനമായ അവസ്ഥ രാജ്യത്തെ മുഴുവൻ വേട്ടയാടുന്ന അവസരത്തിൽ  ഇന്ത്യയുടെ ചൈനാനയം തുടങ്ങിയ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം ആവശ്യപ്പെടാൻ ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ പരമാധികാരത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങളെ ഇരുട്ടിൽ നിർത്തരുതെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.  അതിർത്തിയിലെ സൈനികരെക്കുറിച്ച് സംസാരിച്ച് ഇന്ത്യയ്ക്കുള്ളിലെ പോരാട്ടങ്ങളെ അടിച്ചമർത്താൻ എല്ലായ്പ്പോഴും ശ്രമിക്കുന്ന സർക്കാർ,  ഇന്ത്യൻ സൈനികരെ എങ്ങനെയാണ് പോരാട്ടത്തിലേക്ക് നിരായുധരായിതള്ളിവിട്ടതെന്ന് വിശദീകരിക്കേണ്ടതുണ്ട്.

 മരണപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് കൊണ്ട് ജൂൺ 22 ന് സി‌പി‌ഐ (എം‌എൽ) രാജ്യത്ത് ദു:ഖാചരണം സംഘടിപ്പിക്കും.

 സി പി ഐ (ML) ലിബറേഷൻ

 കേന്ദ്രകമ്മറ്റി 




Wednesday, 17 June 2020

ലഡാക്കിൽ നിയന്ത്രണ രേഖയിലെ യഥാർത്ഥ സ്ഥിതിഗതികളെക്കുറിച്ച് മോദി സർക്കാർ വിവരങ്ങൾ വെളിപ്പെടുത്തണം - - ദീപങ്കർ ഭട്ടാചാര്യ



ലഡാക്കിൽ നിയന്ത്രണ രേഖയിലെ


യഥാർത്ഥ


സ്ഥിതിഗതികളെക്കുറിച്ച്
  

മോദി സർക്കാർ


വിവരങ്ങൾ വെളിപ്പെടുത്തണം  -



-  ദീപങ്കർ ഭട്ടാചാര്യ 



 16.06.2020, ന്യൂ ഡെൽഹി 

ലഡാക് മേഖലയിൽ നിയന്ത്രണ രേഖയിലെ പരമ്പരാഗതമായി ഇന്ത്യൻ നിയന്ത്രണത്തിലുള്ള ഗൾവാൻ താഴ്വര പ്രദേശത്ത് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതിനെത്തുടർന്ന് മൂന്നു ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യാ -ചൈനാ സംഘർഷങ്ങൾക്ക് "അയവുണ്ടാക്കാനു" ള്ള  പ്രക്രിയയെക്കുറിച്ചു മോദി സർക്കാർ സംസാരിക്കുന്നുണ്ട്. എന്നാൽ 1975 ന് ശേഷം ഇന്ത്യാ - ചൈനാ സംഘർഷത്തിന്റെ ഫലമായി സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന  ആദ്യത്തെ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് . ഇന്ത്യൻ സൈനികർ തടവുകാരായി പിടിക്കപ്പെട്ടതായും , ചൈനീസ് പക്ഷത്തും സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.  

ചൈനാ നയത്തിൽ മോദി ഗവണ്മെന്റിന് നിശ്ചയമായും ഉണ്ടായിരിക്കുന്ന  പരാജയങ്ങൾ മറച്ചുവെക്കാനായി രാജ്യത്തിലെ ജനങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചൈനാവിരുദ്ധ വാചകമടികൾ നടത്തുകയാണ് മോദി ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതേ സമയം, നിയന്ത്രണരേഖയിൽ  ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ്‌ സംഭവിക്കുന്നതെന്ന വിവരം ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുക വഴി  നിരുത്തരവാദപരവും സുതാര്യതയില്ലാത്തതുമായ ഒരു നയമാണ് കേന്ദ്രസർക്കാർ അവലംബിക്കുന്നത്.  

കോവിഡ് -19 മഹാമാരിയുടെ ഫലമായി സാമ്പത്തികവും പൊതുജനാരോഗ്യ സംബന്ധവുമായി ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങൾക്ക് അതാതു രാജ്യങ്ങളിൽ പരിഹാരം കാണേണ്ട ബാധ്യതയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കേ, അതിർത്തിത്തർക്കം സൈനികരുടെ ജീവഹാനികൾക്കിടവരുത്തുന്ന  സംഘർഷത്തിന്റെ തലത്തിലേക്ക് വളർത്താനുള്ള ഇരു രാജ്യങ്ങളുടേയും ശ്രമം അങ്ങേയറ്റം നിരുത്തരവാദപരവും അപലപനീയവും ആണ്.

അതിർത്തിയിലെ സൈനിക നീക്കങ്ങളിൽനിന്നും പിൻമാറിക്കൊണ്ട് പ്രശ്നത്തിന് എത്രയും പെട്ടെന്ന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താൻ ഇരു ഭരണകൂടങ്ങളും തയ്യാറാവണമെന്നും, നേരിട്ടുള്ള ഉഭയ കക്ഷി സംഭാഷണങ്ങളിലൂടെയും, മൂന്നാം കക്ഷികളെ ക്കൂട്ടാതെയും എല്ലാ തർക്കങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാഹചര്യമുണ്ടാക്കണം എന്നും  ആവശ്യപ്പെടുന്നു.

Dipankar Bhattacharya,
 
General Secretary,

CPIML (Liberation)

Monday, 18 May 2020

തൊഴിലാളിവർഗത്തിനെതിരായ കോർപ്പറേറ്റ്-കാവി യുദ്ധം - വി ശങ്കർ

തൊഴിലാളിവർഗത്തിനെതിരായ കോർപ്പറേറ്റ്-കാവി യുദ്ധം
- വി ശങ്കർ

[ FORWARD PRESS പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷ.
സി പി ഐ (എം എൽ ) ലിബറേഷൻ പോളിറ്റ് ബ്യൂറോ മെമ്പറും, പാർട്ടി മുഖപത്രമായ ലിബറേഷൻ മാസികയുടെ പത്രാധിപസമിതിയംഗവും ,ആൾ ഇന്ത്യ കൌൺസിൽ ഓഫ് സെൻട്രൽ ട്രേഡ് യുണിയൻസ് (എ ഐ സി സി ടി യു) പ്രസിഡന്റും, ആണ് ലേഖകൻ ]
മോദിയുടെ നേതൃത്വത്തിലുള്ള ആർ‌എസ്‌എസ്-ബിജെപി സർക്കാർ യഥാർത്ഥത്തിൽ രാജ്യത്തെ തൊഴിലാളിവർഗത്തിനെതിരെ ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കയാണ്. ആളുകൾ “ധീരമായ പരിഷ്കാരങ്ങൾക്ക്” തയ്യാറാകണമെന്ന് മോദി തന്റെ ടെലിവിഷൻ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ തൊഴിൽ നിയമങ്ങൾ തീർത്തും ഫലപ്രദമല്ലാതാക്കിയിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഈ നിർണായക കാലഘട്ടത്തെ തന്നെ ബിജെപി സർക്കാർ കൗശലപൂർവ്വം ഇതിനായ് തിരഞ്ഞെടുത്തു. ലോക്ക് ഡൗൺ, പകർച്ചവ്യാധി-ദുരന്തനിവാരണ നിയമം എന്നിവ പ്രാബല്യത്തിലുള്ളതു കൊണ്ട് ഈ തൊഴിലാളിവിരുദ്ധ നടപടികൾക്ക് സാധാരണഗതിയിൽ തൊഴിലാളികളിൽ നിന്നുണ്ടാകുമായിരുന്ന കനത്ത ചെറുത്തുനിൽപ്പ് അഭിമുഖീകരിക്കേണ്ടതില്ലെന്ന് കണക്കു കൂട്ടുകയാണ് മോദി .
സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കേണ്ടത് വിദേശ മൂലധനത്തെ ആശ്രയിച്ചല്ല, പുറത്തുനിന്ന് മൂലധനത്തെ ആകർഷിക്കാൻ തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ടുമല്ല. മോദിയെ സംബന്ധിച്ചിടത്തോളം, സ്വാശ്രയത്വം ഒരു വാചാടോപം മാത്രമാണ്, ഇത് യഥാർത്ഥത്തിൽ രാജ്യത്തിന്റെയും സ്വന്തം ജനതയുടെയും സ്വാശ്രയത്വം എന്ന ആശയമേ അല്ല. തൊഴിലാളികളെയും അധ്വാനിക്കുന്നവരെയും അടിമത്വത്തിലേക്ക് തള്ളിവിടുകയും ഇന്ത്യയെ സാമ്രാജ്യത്വ ശക്തികളുടെ ആശ്രിതരാക്കുകയും ചെയ്തിട്ട് സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല.
ലോകം മുഴുവൻ കോവിഡ്-19 നെതിരെ പോരാടുന്നതിനിടയിൽ, സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ വിരുദ്ധ പ്രതിഷേധക്കാരെ, പ്രത്യേകിച്ച് ദില്ലിയിലെ മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ടുള്ള കലാപത്തിലൂടെയാണ് ഇവയെല്ലാം ആരംഭിച്ചത്. പിന്നെ, കൊറോണയുടെ വ്യാപനത്തിന് തബ്ലിഗു ജമാഅത്തിനെ കുറ്റപ്പെടുത്തി, മുസ്ലീങ്ങളെ കോവിഡ് -19 ന്റെ പ്രതീകവും വാഹകരും ആക്കി വ്യാഖ്യാനിച്ചു, മാത്രമല്ല ലോക്ക്ഡൗൺ 1.0 പ്രഖ്യാപിച്ചതിന് ശേഷമുള്ള കാലയളവിൽ നിരവധി സംസ്ഥാനങ്ങളിൽ ഇതേരീതി പിന്തുടരുകയും ചെയ്തു. കോർപ്പറേറ്റ്- വർഗീയ സർക്കാർ അതിൻ്റെ സ്വഭാവത്തിനനുസൃതമായി ത്തന്നെ കോവിഡ് -19 നെ നേരിടുന്നതിലെ അതിൻ്റെ പരാജയങ്ങൾ മറച്ചുവെക്കാൻ മുസ്ലീങ്ങളിൽ ഒരു ശത്രുവിനെ കണ്ടെത്തുകയും അത് സ്ഥാപിച്ചെടുക്കുകയും ആയിരുന്നു .
ഒരു തയ്യാറെടുപ്പും ഇല്ലാതുള്ള മോദിയുടെ പെട്ടെന്നുള്ള ലോക്ക് ഡൗണിന്റെ ആദ്യത്തെ പ്രധാന ഇരകൾ രാജ്യത്തുടനീളം ഭക്ഷണമോ, പാർപ്പിടമോ, പണമോ ഇല്ലാതെ കുടുങ്ങിയ കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ഈ കുടിയേറ്റ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ദരിദ്രരാണ്, സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലും പിന്നോക്കക്കാവസ്ഥയിലുമുള്ള ഇവർ ഏറ്റവും താഴ്ന്ന സാമൂഹിക പശ്ചാത്തലമുള്ള ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വളരെ സാവധാനത്തിൽ ഒഴിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടും, ട്രെയിനുകളുടെ എണ്ണം കുറച്ചുകൊണ്ടും, നിരക്ക് വർദ്ധിപ്പിച്ചുകൊണ്ടും അർദ്ധ ആശ്രിതത്വ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ഈ കുടിയേറ്റ തൊഴിലാളികളെ നിർബന്ധിതരാക്കുന്നു. മറ്റൊരു പ്രധാന വിഭാഗം മുൻനിര തൊഴിലാളികളാണ്, പ്രത്യേകിച്ചും ആശാ വർക്കേർസ്, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ പാചകക്കാർ, വീട്ടുജോലിക്കാർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ, ഇവർക്ക് പൊള്ളയായ വാചാടോപങ്ങൾ മാത്രമാണ് വാഗ്ദാനം, ദൃഢനിശ്ചയത്തോടെ കോവിഡ്- 19 നെതിരെ പോരാടുന്ന ഇവരുടെ സേവനത്തെ ആദരിക്കുന്ന സ്പെഷ്യൽ വേതനമില്ലന്ന് മാത്രമല്ല മിനിമം വേതനം പോലും നൽകാതെ തൊഴിലാളികളാണെന്ന പരിഗണന പോലും നൽകുന്നില്ല. ഈ തൊഴിലാളി വിഭാഗത്തിനെതിരായ ആക്രമണം തൊഴിലാളിവർഗത്തിൽ ഏറ്റവും അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കുന്നവർക്ക് എതിരെയുള്ളത് മാത്രമല്ല, ഇവരുടെ ദലിത്-പിന്നോക്കാവസ്ഥയ്ക്ക് നേരെയുള്ള ക്രൂരമായ ആക്രമണവുമാണ്.
ലോക്ക്ഡൗൺ 3.0 രൂപകൽപ്പന ചെയ്തതു തന്നെ കോവിഡ്-19 ൻ്റെ മറവിൽ മുസ്ലിങ്ങൾക്കും ദലിതരോടുമൊപ്പം തൊഴിലാളിവർഗത്തിനും എതിരായ ഒരു യുദ്ധമായാണ്. കോർപ്പറേറ്റ് കുത്തക മൂലധനത്തെ സംരക്ഷിക്കുക, മൂലധനത്തിന്റെ ബലിപീഠത്തിൽ തൊഴിലാളിവർഗത്തെ ബലിയർപ്പിക്കുക എന്നീ ദൗത്യങ്ങൾ ആണ് മോദി സർക്കാർ മറയില്ലാതെ പ്രദർശിപ്പിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ത്രികക്ഷി അല്ലെങ്കിൽ ഉഭയകക്ഷി ചർച്ചകളില്ലാതെ, കൊറോണയുടെ മറവിൽ ഐ‌എൽ‌ഒ കൺവെൻഷനുകളുടെ മാർഗനിർദ്ദേശങ്ങൾ പോലും ലംഘിച്ചുകൊണ്ട് തൊഴിലാളി വിരുദ്ധ കോഡുകൾ പുറംവാതിലിലൂടെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇതിനകം പൊതുമേഖലാ ജീവനക്കാർക്ക് 30 ശതമാനം വേതനം വെട്ടിക്കുറച്ചിട്ടുണ്ട്. ക്ഷാമബത്ത മരവിപ്പിച്ചു. ഇപ്പോൾ ഇത് വ്യവസായ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കുമായിക്കൂടി ബാധകമാകും വിധം വ്യാപിപ്പിക്കുകയാണ് . കൂലി വെട്ടിക്കുറക്കലും വൻതോതിലുള്ള പിരിച്ചുവിടലും കോർപ്പറേറ്റ് തന്ത്രം ആയിത്തന്നെ ഉയർന്നുവരികയാണ്.
അധ്വാനത്തിൻ്റെ വിലയിടിക്കും വിധം തൊഴിൽ നിയമങ്ങൾ റദ്ദാക്കലിലൂടെ
യോഗിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ 38 തൊഴിൽ നിയമങ്ങളുടെ പ്രാബല്യം താത്കാലികമായി എടുത്തു കളയുകയും ഒരലങ്കാരത്തിനു മാത്രം അവയിൽ ചിലത്‌ ശേഷിപ്പിച്ചുകൊണ്ട് 'മൂന്ന് വർഷത്തേക്ക് നിർത്തിവക്കുകയും ചെയ്തു. [പ്രവൃത്തി സമയത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വിജ്ഞാപനം സർക്കാർ പിൻവലിച്ചുവെന്നത് ഇതിന്റെ ഭാഗമായ മറ്റൊരു കഥയാണ്. [ഇത്തരമൊരു സാഹചര്യത്തിൽ, യുപി സർക്കാർ ഗൗരവബുദ്ധിയോടെയാണ് പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന തെങ്കിൽ, പ്രവർത്തന സമയവുമായി ബന്ധപ്പെട്ട അനുബന്ധ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കിയ നടപടിയും നിർത്തിവച്ചു ഫാക്ടറീസ് ആക്ട് അടക്കം പുനസ്ഥാപിക്കുകയും വേണമായിരുന്നു ]. തീവ്രമായ പോരാട്ടങ്ങളിലൂടെയും അസംഖ്യം ത്യാഗങ്ങളിലൂടെയും നേടിയതും, ഭരണഘടന വ്യവസ്ഥ ചെയ്തത് ഉൾപ്പടെയുള്ളതുമായ തൊഴിലാളികളുടെ അനിഷേധ്യമായ അവകാശങ്ങളും, 8 മണിക്കൂർ പ്രവൃത്തിദിനം മുതൽ, മിനിമം വേതനം, ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി, പരാതി പരിഹാരവും തൊഴിൽ വകുപ്പുകളുടെയും ലേബർ കോടതികളുടെയും തർക്കപരിഹാര സംവിധാനങ്ങളും, പരിശോധനാ സംവിധാനവും, യൂണിയൻ രൂപീകരിക്കുന്നതിനും അംഗീകരിച്ചുകിട്ടുന്നതിനും ഉള്ള അവകാശവും, നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിന്റെ പ്രശ്നവുമൊക്കെ ഇല്ലാതാക്കാൻ പേനയുടെ ഒറ്റ വര മതിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . തൊഴിലാളികളുടെ അവകാശങ്ങൾ നിഷ്‌കരുണം അപഹരിക്കപ്പെടുകയും ക്രൂരമായി ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണ് .
മധ്യപ്രദേശ് അവലംബിച്ച തൊഴിൽ നിയമങ്ങളിലെ ‘സമതുലിതമായ’ മാറ്റങ്ങൾ ക്രൂരവും ഭീകരവുമാണ്. വ്യാവസായിക തർക്കനിയമം, കരാർതൊഴിൽ നിയന്ത്രണ നിയമം, ഫാക്ടറീസ് ആക്ട് മുതലായ നിർണായക തൊഴിൽ നിയമങ്ങളുടെ പ്രാബല്യം ഒഴിവാക്കിയതിലൂടെ കോർപ്പറേറ്റുകളോടുള്ള സ്നേഹവും തൊഴിലാളിവർഗത്തോടുള്ള വെറുപ്പുമാണ് സർക്കാർ പ്രകടിപ്പിച്ചത്. തർക്കപരിഹാരത്തിനുള്ള വ്യവസ്ഥാപിത സംവിധാനങ്ങളും, പരിശോധനാ സംവിധാനങ്ങളും തകർക്കപ്പെടുന്നു. സ്വകാര്യ ഏജൻസികൾ നടത്തുന്ന പരിശോധനകൾ പോലും അനുവദനീയമായി. 100 ൽ താഴെ തൊഴിലാളികളെ മാത്രമാണ് നിയമിക്കുന്നതെങ്കിൽ തൊഴിൽ നിയമങ്ങളൊന്നും ഒരു കമ്പനിക്ക് ബാധകമല്ലാതാവും . കമ്പനികൾക്ക് ഒറ്റദിവസം കൊണ്ട് ലൈസൻസ് നൽകുമെന്ന് ഉറപ്പുനൽകുന്നു, കൂടാതെ വിശാഖ് ഗ്യാസ് ചോർച്ച പോലുള്ള വ്യാവസായിക അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമായേക്കാവുന്ന വിധം 10 വർഷത്തേക്ക് കമ്പനികൾ ലൈസെൻസ് പുതുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു . "ലാഭം ജനങ്ങൾക്കും മേലെ " എന്ന മൂലമന്ത്രമാണ് ഈ മാറ്റങ്ങളുടെയെല്ലാം പിന്നിൽ വർത്തിക്കുന്നത് .
ഗുജറാത്തും പിന്തുടരുന്നത് മേൽപ്പറഞ്ഞതുപോലെയുള്ള നയങ്ങൾ ആണ് ; 8 മണിക്കൂർ പ്രവൃത്തിദിനം അവസാനിപ്പിക്കുകയും പകരം12 മണിക്കൂർ പ്രവൃത്തിദിനം അനുവദിക്കുകയും ചെയ്തുകൊണ്ടാണ് ഇതാരംഭിച്ചത് . കോൺഗ്രസും മറ്റ് പ്രതിപക്ഷങ്ങളും ഭരിക്കുന്ന സർക്കാരുകളും ഇതിനൊരു അപവാദമല്ല, കോർപ്പറേറ്റ് യജമാനന്മാരോടുള്ള വിധേയത്വം സന്തോഷപൂർവ്വം പ്രകടിപ്പിക്കുന്നതിൽ ബിജെപിയെ ഇവർ പിന്തുടരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും , ബിജെഡിയുടെ നേതൃത്വത്തിലുള്ള ഒഡീഷയും മേൽപ്പറഞ്ഞ വഴിതന്നെ യാണ് സ്വീകരിച്ചിട്ടുള്ളത് . നിലവിൽ ബാധകമായ തൊഴിൽ നിയമങ്ങളുടെ സ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വ്യവസായാനുകൂല നിയമഭേദഗതികളെക്കുറിച്ച് കർണാടകയും തമിഴ്‌നാടും ഗൗരവമായി ചർച്ച ചെയ്യുന്നു. വ്യാവസായിക - നിർമാണ ലോബികളുടെ ആവശ്യപ്രകാരം കുടിയേറ്റ ത്തൊഴിലാളികളുടെ ട്രെയിനുകൾ റദ്ദാക്കുന്ന നടപടിയെടുക്കാൻ പോലും കർണാടക സർക്കാർ തയ്യാറായി. തൊഴിലുടമകളുടെ അസോസിയേഷന്റെ നിവേദനത്തെത്തുടർന്ന് യെദ്യൂരപ്പ തൊഴിൽ വകുപ്പ് സെക്രട്ടറിയെ മാറ്റിയത് മറ്റൊരു ഉദാഹരണം ആണ് . കോടിക്കണക്കിന് തൊഴിലാളികളെയും അവരുടെ താൽപ്പര്യങ്ങളെയും ചവറുകൂനയിൽ വലിച്ചെറിയുന്നതിനിടയിൽ ത്തന്നെ വ്യവസായികളുടെ ആവശ്യങ്ങളോട് ഗവൺമെന്റുകൾ പ്രതികരിക്കുന്നത് അതീവ വിധേയത്വത്തോടെയാണ്
വേതനം കുറയ്ക്കൽ, 12 മണിക്കൂർ ജോലി, പിരിച്ചുവിടലുകൾ ഇവ ഒരു തന്ത്രമാക്കുമ്പോൾ തന്നെ,
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചു. എന്നാൽ സ്വന്തം വീടുകളിലെത്താൻ നൂറുകണക്കിന് മൈലുകൾ നടക്കേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒരു സഹായവും ആ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല . രാജ്യത്തെ തൊഴിലാളികളിൽ 40 ശതമാനവും കുടിയേറ്റതൊഴിലാളികൾ ആണ് . സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കോടാനുകോടി അസംഘടിത തൊഴിലാളികൾക്കും എന്തിന് സ്ഥിരം തൊഴിലാളികളിൽ ഭൂരിഭാഗത്തിനും മോദി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വേതനം നിഷേധിക്കപ്പെട്ടു . MSME മേഖലയിൽ മാത്രമല്ല, വൻകിട കോർപ്പറേറ്റ് കമ്പനികളിലും ഇതാണവസ്ഥ.
കോവിഡ്- 19 നെതിരെ പോരാടാനായി ജോലി സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കി വർദ്ധിപ്പിക്കുക വഴി കമ്പനികൾക്ക് 50 ശതമാനം അല്ലെങ്കിൽ 65 ശതമാനം തൊഴിൽ ശക്തി ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് ഓരോ കമ്പനിയിലും നിലവിലുള്ള തൊഴിലാളികളുടെ 35 മുതൽ 50 ശതമാനം വരെ വെട്ടികുറയ്ക്കുന്നതിനുള്ള ദുഷ്ടലാക്കോടെയുള്ള തന്ത്രമാണ്. ഇത് വൻതോതിലുള്ള പിരിച്ചുവിടലിൽ നിന്നോ, വേതന വെട്ടിക്കുറവിൽ നിന്നോ തൊഴിലാളികളെ സംരക്ഷിച്ചില്ലങ്കിലും, കോർപ്പറേറ്റ് കമ്പനികളുടെ ലാഭം സംരക്ഷിക്കാനായുള്ള സർക്കാരിന്റെ വ്യഗ്രത എടുത്തുകാട്ടുന്നുണ്ട്. സർക്കാർ പി.എഫ് വിഹിതം 4 ശതമാനം കുറച്ചതും ഇതു പോലെയാണ്. തൊഴിലുടമകളുടെയും ജീവനക്കാരുടെയും പുതുക്കിയവിഹിതത്തിൻ്റെ ।0 ശതമാനം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ പി.എഫിലേക്കുള്ള വിഹിതം വേതനത്തിൽ നിന്ന് പല തൊഴിലുടമകളും കുറയ്ക്കുകയാണ്. നിർദ്ദിഷ്ട ഗ്രാമീണ പാക്കേജിന് MNREGA ക്ക് കീഴിൽ ജോലിയോ വേതനമോ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ച് സർക്കാറിന് ഒന്നും പറയാനില്ല, മറിച്ച് സമ്പന്നകർഷകരെയും കുലാക്കുകളെയും സഹായിക്കുന്നതിനായി ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പിന്തുണയുടെ രൂപത്തിൽ ആണ് പാക്കേജ് വരുന്നത് . പാവപ്പെട്ട കാർഷിക തൊഴിലാളികൾ ചിത്രത്തിലേ ഇല്ല. MNREGA വിഹിതം ക്രമേണ കുറച്ചുകൊണ്ട് തിരക്കേറിയ നഗരങ്ങളിലേക്ക് ഇതിനകം തൊഴിൽ തേടി ഗ്രാമീണ തൊഴിലാളികളെ കുടിയേറാൻ നിർബന്ധിതരാക്കി മാറ്റുകയും ചെയ്തിരുന്നു. കോർപ്പറേറ്റുകൾക്കും മറ്റ് വ്യവസായങ്ങൾക്കും വേണ്ടി അധ്വാന ശക്തികളെ ദുർബലമാക്കി കൂട്ടത്തോടെ പിരിച്ചുവിടാനും, നാമമാത്രമായമായ വേതനമുള്ളവരാക്കിത്തീർക്കാനും ശ്രമിക്കുകയാണ് സർക്കാർ . വൻതോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുക എന്നത് കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്നതിനും, അവരുടെ ലാഭം സംരക്ഷിക്കുന്നതിനും മാത്രമല്ല വർദ്ധിപ്പിക്കുന്നതിനുവേണ്ടി ക്കൂടിയുമുള്ള സർക്കാരിന്റെ തന്ത്രമാണ്.

തൊഴിലാളികൾക്ക് മിനിമം വേതനം നിഷേധിക്കപ്പെടുന്നു, അത് പട്ടിണിവേതനമായി ചുരുങ്ങുന്നു, എന്നാൽ ഈ നിഷേധം നിയമവിധേയമാക്കപ്പെടുന്നു എന്നതാണ് ഏറ്റവും മോശപ്പെട്ട വസ്തുത. ന്യായമായ വേതനം, ജീവിക്കാനാവശ്യമായ വേതനം, ജോലി സമയം കുറയ്ക്കുക തുടങ്ങിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ കാറ്റിൽ പറത്തികൊണ്ട് ജോലി സമയം കൂട്ടുക, വേതനം കുറയ്ക്കുക, വൻതോതിൽ പിരിച്ചുവിടുക, ചിലവുകുറഞ്ഞ അധ്വാനശക്തിക്കായി വൻതോതിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുക എന്നിവയിലൂടെ ലാഭം വർദ്ധിപ്പിക്കുകയോ പരിരക്ഷിക്കുകയോ ചെയ്യുക എന്ന നയം ആണ് സ്വീകരിക്കപ്പെടുന്നത്, അല്ലാതെ ഉൽപാദനമോ ഉൽപാദനക്ഷമതയോ വർദ്ധിപ്പിക്കലല്ല. നൂറ്റമ്പത് വർഷങ്ങൾക്ക് പിന്നിലേക്ക് ചരിത്രത്തിന്റെ ചക്രങ്ങൾ കീഴ്മേൽ മറിയുന്നു. തൊഴിലാളികളുടെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും സമരങ്ങളെയും ത്യാഗങ്ങളെയും പരിഹസിച്ചുകൊണ്ട് 12 മണിക്കൂർ പ്രവൃത്തിദിനം നിയമവിധേയമാക്കുന്നു. തൊഴിൽ നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ അടിമത്തവും ആശ്രിതത്വവും സ്ഥാപനവൽക്കരിക്കപ്പെടുകയും നിയമവിധേയമാക്കുകയും ചെയ്യുന്നു. ആധുനിക ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഇവിടെ അടിമത്തത്തിനായുള്ള തിരക്കഥ രചിച്ചു കൊണ്ട് ആധുനികതയല്ല, സാമ്പത്തികേതര ബലപ്രയോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മനുഷ്യത്വരഹിതവും തീവ്രതരവുമായ ചൂഷണത്തെ ആശ്രയിക്കുന്ന കാടത്തമായി അതിനെ മാറ്റുകയാണ് ചെയ്യുന്നത് .
കൊറോണ ഒരു ഒഴിവ്കഴിവ ല്ലാതെ മറ്റൊന്നുമല്ല. കൊറോണയുടെ പേരിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയാൽ, ചൈനയിൽ നിന്ന് വലിയ അളവിൽ പിൻവലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര മൂലധനത്തെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് സർക്കാരും വ്യാവസായിക മൂലധനവും പകൽകിനാവ് കാണുകയാണ്. തൊഴിലാളികളുടെ സ്വമേധയാ ഉണ്ടാകുന്ന പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മൂലധനത്തിന് തൊഴിൽ സാഹചര്യങ്ങളിൽ ചില ചിട്ടപ്പെടുത്തലുകൾ ആവശ്യമാണെന്നത് അവർ മനസ്സിലാക്കുന്നില്ല. തൊഴിൽ അവകാശങ്ങൾ, തൊഴിൽ നിയമങ്ങൾ മുതലായവ റദ്ദാക്കുന്നത് അരാജകത്വത്തിനും, പ്രതിഷേധത്തിന് ഇന്ധനം പകരാനും, പ്രതിഷേധം ശക്തമാക്കുന്നതിനും ഇടയാക്കും. നിയമങ്ങളുടെയും, ചട്ടങ്ങളുടെയും യഥാർത്ഥ ഉദ്ദേശം തന്നെ ചൂഷണ സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന തൊഴിലാളികളുടെ പ്രതിഷേധത്തിൽ നിന്ന് സ്വയരക്ഷ നേടാൻ മൂലധനത്തെ സഹായിക്കുക മാത്രമാണ്. ഫ്യൂഡൽ സമൂഹം അടിമത്തവും ആശ്രിതത്വവും നിലനിർത്തി കൊണ്ട് തൊഴിലാളികളുടെ മേൽ മനുഷ്യത്വരഹിതവും ക്രൂരവുമായ ചൂഷണം വഴി ഭീമമായ ലാഭം നേടി. ചൂഷണവും അതിന്റെ അനന്തരഫലമായ തൊഴിലാളികളുടെ പ്രതിഷേധവും നിയന്ത്രിക്കാൻ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. വ്യാവസായിക വിപ്ലവങ്ങൾ ലാഭം വർദ്ധിപ്പിക്കുന്നതിനായി പുതിയ തൊഴിലുപകരണങ്ങളടങ്ങിയ സാങ്കേതികവിദ്യ ഉൾപ്പടെയുള്ള പുതുരൂപങ്ങളുടെ കണ്ടുപിടിത്തം, ഫോർഡിസ്റ്റ് അസംബ്ലി ലൈൻ ഉൽ‌പാദന രീതികൾ തുടങ്ങിയവയെയാണ് ആശ്രയിച്ചത്. ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മൂലധനസാന്ദ്രമായ ചൂഷണ രീതികൾ സ്വീകരിച്ചപ്പോൾ ത്തന്നെ, ബൂർഷ്വാ വിപ്ലവങ്ങളുടെ വിജയങ്ങളിലെ കാലാൾ പടയാളികളായ തൊഴിലാളികൾ‌ക്കും, മറ്റ് ചൂഷിതർക്കും സ്വാതന്ത്ര്യത്തിന്റെ ഒരു മിഥ്യാധാരണയും അവ വാഗ്ദാനം ചെയ്തു. എല്ലാ കേന്ദ്ര തൊഴിൽനിയമങ്ങളും റദ്ദാക്കി മോദി സർക്കാർ നാല് ലേബർ കോഡുകൾക്കുള്ള നിർദേശങ്ങൾ കൊണ്ടുവന്നപ്പോൾ, ‘ആധുനിക അടിമത്വത്തിൻ്റെ' തിരക്കഥാ രചനയായാണ് നമ്മൾ ഇതിനെ വിശേഷിപ്പിച്ചത്. കാരണം, നിയമവാഴ്ചയുടെ ചില അവശിഷ്ടങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കഠിനമായ നിയമങ്ങളിലൂടെ ചൂഷണം തീവ്രമാക്കാനുള്ള ശ്രമമായിരുന്നു അത്. നിർഭാഗ്യവശാൽ, കൊറോണയുടെ മറവിൽ ഇപ്പോൾ തൊഴിലാളിവർഗത്തിനെതിരെ നടക്കുന്ന യുദ്ധം അപരിഷ്കൃത രീതികളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, ഇപ്പോഴിത് ഒരു ആധുനിക അടിമത്തമല്ല, ലളിതവും ശുദ്ധവുമായ രൂപത്തിലുള്ള ഫ്യൂഡൽ അടിമത്തവും ആശ്രിതത്വവുമാണ്.
പഴയ രീതിയിൽ ഭരിക്കാനാവില്ലെന്ന് ഭരണവർഗം തീരുമാനിക്കുകയും പ്രകോപനങ്ങളിലൂടെ തൊഴിലാളികളുടെ അനിയന്ത്രിതമായ പ്രതിഷേധത്തിൻ്റെ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. കാടത്തസ്വഭാവം നിറഞ്ഞ ഫ്യൂഡൽ ചൂഷണത്തിനായി നിയമവാഴ്ച ഇല്ലാതാക്കുമ്പോൾ തൊഴിലാളിവർഗത്തിനു അതിന്റെ പുതിയ രൂപത്തിലുള്ള പ്രതിഷേധങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് തീരുമാനിക്കേണ്ടതുണ്ട്.
തൊഴിലാളിവർഗത്തിനെതിരെ കോർപ്പറേറ്റ് യുദ്ധം നടത്താനുള്ള ഒരു ഒഴിവ്കഴിവ് മാത്രമാണ് മോദിക്ക് കൊറോണ.
[പരിഭാഷ: സുജിത് രവീന്ദ്രൻ]

Friday, 1 May 2020

മേയ് ദിനം 2020: ആഗോള മഹാമാരിയുടെ ദിവസങ്ങളിൽ സാർവ്വദേശീയ തൊഴിലാളി ദിനാചരണം [ സ:ദീപങ്കർ ഭട്ടാചാര്യ ]


മേയ് ദിനം 2020: ആഗോള മഹാമാരിയുടെ ദിവസങ്ങളിൽ സാർവ്വദേശീയ തൊഴിലാളി ദിനാചരണം

[ സ:ദീപങ്കർ ഭട്ടാചാര്യ ]
അന്താരാഷ്ട്ര തൊഴിലാളദിനമായ മേയ് ദിനത്തിന്റെ ഉത്ഭവം എട്ട് മണിക്കൂർ പ്രവൃത്തി സമയം എന്ന മുദ്രാവാക്യം മുഴക്കി തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിൽ നിന്നാണ് . എന്നാൽ നമ്മുടെ രാജ്യത്ത് കൊറോണ വൈറസ് ലോക്ക് ഡൌൺ മറയാക്കിക്കൊണ്ട് തൊഴിലാളികളുടെ പ്രവൃത്തിസമയം 8 മണിക്കൂറിൽനിന്നും വീണ്ടും 12 മണിക്കൂർ ആക്കാൻ ശ്രമിക്കുകയാണ് . മേയ് ദിനം ഉയർത്തിയ മറ്റൊരു പ്രധാനമുദ്രാവാക്യം എല്ലാ തൊഴിലാളികൾക്കും വേതനത്തോടുകൂടിയ അവുധി എന്നായിരുന്നു. എന്നാൽ , തൊഴിലാളികളെന്ന അംഗീകാരം പോലും നിഷേധിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾ ഇപ്പോഴും ജോലിചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ .
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൌൺകാലത്തും ഇളവില്ലാത്ത അധ്വാനഭാരംകൊണ്ട് വീർപ്പുമുട്ടുന്ന തൊഴിലാളിവിഭാഗങ്ങളുടേയും , ലോക്ക്ഡൌൺമൂലം തൊഴിലും ഉപജീവനവും നഷ്ടമായി കഷ്ടതകൾ അനുഭവിക്കുന്നവരുടേയും പ്രശ്നങ്ങൾ സവിശേഷമായി ഉയർത്തിക്കൊണ്ടുവരുന്ന സന്ദർഭം കൂടിയാണ് 2020 ലെ മേയ് ദിനം . ഡോക്ടർമാർ മുതൽ നഴ്സ്മാരും പാരാ മെഡിക്കൽ ജീവനക്കാരുംവരെ ഉള്ള വിഭാഗങ്ങളും , ശുചീകരണരംഗത്തും ട്രാൻസ്‌പോർട് രംഗത്തും പണിയെടുക്കുന്നവരും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട പോലീസ് സേനാംഗങ്ങളും എല്ലാംതന്നെ കഠിനമായ അധ്വാനഭാരം കൊണ്ടും രോഗ സംക്രമണത്തിന്റെ അപായസാധ്യത കൊണ്ടും ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്‌. പ്രത്യേകിച്ചും വ്യക്തിഗതരക്ഷയ്ക്കുള്ള മുൻകരുതൽ ആയി അവശ്യം വേണ്ട ഉപാധികൾ (PPE ) ലഭ്യമാക്കാത്ത സാഹചര്യത്തിലും ജോലിചെയ്യാൻ അധികാരികൾ നിർബന്ധിച്ച അനുഭവങ്ങൾ ഇപ്പറഞ്ഞ എല്ലാ വിഭാഗത്തിനും ഉണ്ടായിട്ടുണ്ട്‌. അവരുടെ സുരക്ഷിത്വം ഉറപ്പാക്കാൻ വേണ്ടതൊന്നും ചെയ്യാത്തവർ ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരെയും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത് മുറിവിന് മേലെ അപമാനം കൂടി ചാർത്തിക്കൊടുക്കുന്നതിന് തുല്യമാണ് .
മേയ് ദിനം തൊഴിലിന്റെ അന്തസ്സിനും തൊഴിലിടത്തിന്റെ സുരക്ഷിതത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെക്കൂടി പ്രതീകവൽക്കരിക്കുന്നു. കക്കൂസുകളും ഓടകളും നേരിട്ട് വൃത്തിയാക്കുന്ന ജോലിക്കിടയിൽ ദിവസേനയെന്നോണം മരിച്ചു വീഴുന്ന തൊഴിലാളികൾ മേൽപ്പറഞ്ഞ തൊഴിലിടത്തിന്റെ സുരക്ഷിതത്വവും തൊഴിലിന്റെ അന്തസ്സും രണ്ടും നിഷേധിക്കപ്പെട്ടവരാണ്.. തൊഴിലിടങ്ങളിൽ ദിനം പ്രതി അവഹേളനവും ലൈംഗികമോ ജാതീയമോ ആയ പീഡനം ഉൾപ്പെടെ നിരവധി പീഡനങ്ങളും സഹിക്കേണ്ടിവരുന്നവരുടെ എണ്ണം ഇന്ത്യയിൽ നിരവധിയാണ്. തൊഴിലെടുക്കുന്നവരുടെ ജനാധിപത്യപരമായ അവകാശങ്ങളും അന്തസ്സും പണിയിടങ്ങളുടെ സുരക്ഷിതത്വവും അംഗീകരിച്ചുകിട്ടാനുള്ള തുടർച്ചയായ പോരാട്ടങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള സന്ദേശവും മേയ് ദിനം നമുക്ക് നൽകുന്നു.
' വീട്ടിലിരുന്ന് ജോലി ചെയ്യാം ' എന്ന സന്ദേശം ഈ മേയ് ദിനത്തിൽ, ഹരം പകരുന്ന ഒരു പുതിയ ആശയം പോലെ നമുക്കിടയിൽ പ്രചരിക്കുമ്പോൾ പ്രാഥമികമായും നമ്മൾ ഓർക്കേണ്ടത് വീടും തൊഴിലും രണ്ടും ഇല്ലാതെ വിദൂര സ്ഥലങ്ങളിൽ പെട്ടുകിടക്കുന്ന കുടിയേറ്റത്തൊഴിലാളികളായ സഹോദരീസഹോദരന്മാരെ യാണ് .പണിയും വരുമാനവും ഇല്ലാതെ അരക്ഷിതത്വവും അവഹേളനങ്ങളും വിശപ്പും ദാരിദ്ര്യവും മാത്രം സന്തത സഹചാരികളായുള്ള അവരുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. സുരക്ഷിതരായും അകലങ്ങൾ പാലിച്ചും ഇരിക്കാൻ ജനങ്ങളോട് അധികാരികൾ പറയുന്ന വീടുകൾ നിർമ്മിച്ച പണിക്കാർക്ക് അവരുടേതെന്ന് പറയാൻ വീടുകൾ ഇല്ലാത്ത അവസ്ഥയാണ്.
എല്ലായ്പ്പോഴും വീട്ടിലും പുറത്തും ജോലി ചെയ്യുന്ന, എന്നാൽ എല്ലായ്പ്പോഴും അദൃശ്യരായി തുടരുന്ന സ്ത്രീകളും കുട്ടികളും; ഒരിക്കലും വിലമതിച്ചിട്ടില്ലാത്ത അവരുടെ സംഭാവനകൾ, ഇവരെ കുറിച്ച് നമുക്ക് ചിന്തിക്കാം. ഐടി മേഖലയിലെ തൊഴിലാളികളുടെ വലിയൊരു വിഭാഗത്തിന് വീടും ജോലിസ്ഥലവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിയതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം, ഈ പരിവർത്തനം അത്യധികമായ സമ്മർദ്ദമുണ്ടാക്കുന്നു. എല്ലായ്പ്പോഴും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നവർ മുതൽ ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നുവെന്ന ആനുകൂല്യങ്ങളുടെ ഭാരവും ചുമത്തപ്പെടുന്ന എല്ലാതരത്തിലുമുള്ള തൊഴിലാളികളുടെ ഈ സ്പെക്ട്രത്തിന് വേണ്ടിയാണ് മെയ് ദിനം.
2020 മെയ് ദിനത്തിൽ ആസന്നമായ മാന്ദ്യം നമ്മെ തുറിച്ചുനോക്കുന്നു. ഈ വിനാശകരമായ ആഘാതത്തിൽ നിന്നും തകർച്ചയിൽ നിന്നും സമ്പദ്‌വ്യവസ്ഥയെ എങ്ങനെ വീണ്ടെടുക്കും? ഈ വലിയ നഷ്ടം ആരാണ് വഹിക്കുക? ഇതിനകം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലിയും ഉപജീവനവും നഷ്ടപ്പെട്ടു. വേതനം വെട്ടിക്കുറയ്ക്കുകയാണ്, ഡിയർനസ്സ് അലവൻസുകൾ മരവിപ്പിക്കുകയാണ്, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ തുടങ്ങിയപ്പോഴും മിക്ക വ്യവസായങ്ങളും വൻതോതിൽ "വെട്ടികുറക്കലിനെ" കുറിച്ചാണ് സംസാരിക്കുന്നത്. പാൻഡെമിക്കിന്റെ ഭാരവും ആസന്നമായ ഈ മാന്ദ്യവും ഇതിനകം ദരിദ്രരും ദുർബലരുമായ അധ്വാനിക്കുന്ന ജനങ്ങളിലേക്ക് മാറ്റാൻ സാധ്യമല്ല. സമ്പദ്‌വ്യവസ്ഥയുടെ പുനർനിർമ്മാണത്തിനും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് "കോവിഡ് വെൽത്ത് ടാക്സ്" അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിനാണ് 2020 മെയ് ദിനം.
തൊഴിലാളികളാണ് ഉൽപാദനത്തിൻ്റെ കേന്ദ്രമായിരിക്കുന്നത്. പ്രകൃതിയിൽനിന്നുള്ള വിഭവങ്ങൾ മനുഷ്യന്റെ അധ്വാനത്തിലൂടെ ചരക്കുകളിലേക്കും സേവനങ്ങളിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നു. ഈ ഉൽ‌പ്പന്നങ്ങളാണ് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ സമ്പത്തിന്റെ പർ‌വ്വതങ്ങളായി അടിഞ്ഞുകൂടി അധ്വാനിക്കുന്ന ജനതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നതിനുള്ള ആയുധമായി മാറുന്നത്. 2020 മെയ് ദിനം സമ്പത്ത് ഉൽപാദനം, ഏറ്റെടുക്കൽ, വിതരണം എന്നിവയെക്കുറിച്ച് പുനർവിചിന്തനം നടത്തുവാനുള്ളതാണ്. പൊതുജനങ്ങൾക്ക് ചെലവുചുരുക്കൽ, കുറച്ച് പേർക്ക് അഭിവൃദ്ധി, ലാഭത്തിന്റെ സ്വകാര്യവൽക്കരണം, നഷ്ടത്തിന്റെ ദേശസാൽക്കരണം, സാമൂഹ്യവത്കൃത ഉൽപാദനത്തിൻ്റെ കോർപ്പറേറ്റ് നിയന്ത്രണവും സ്വകാര്യ ശേഖരണവും ഇവയെല്ലാം ആവശ്യത്തിലേറെ ഉണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കൊള്ളയുടെയും പിടിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും പുതിയതും കൂടുതൽ നീതിപൂർവവുമായ ഒരു ലോകം സൃഷ്ടിക്കാനുമുള്ള ഒരു ഉണർത്ത് കാഹളമാണ് കോവിഡ് -2019.
ജാതി എന്നത് തൊഴിൽ വിഭജനമല്ല, അത് തൊഴിലാളികളുടെ വിഭജനമാണെന്നുള്ള അംബേദ്കർ വാക്യം പ്രസിദ്ധമാണല്ലോ. മെയ് ദിനം എന്നത് തൊഴിലാളികളുടെ ഐക്യമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും അടിച്ചമർത്തപ്പെട്ട ജനങ്ങളുടെയും ഐക്യമാണ്. ലോകമെമ്പാടും, കോവിഡ് -19 മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് അധ്വാനിക്കുന്ന ജനതയാണ്.  അതിനു കാരണം മിക്ക രാജ്യങ്ങളിലെയും പൊതുജനാരോഗ്യ വ്യവസ്ഥയുടെ സ്വകാര്യവൽക്കരണത്തിലൂടെ ഉണ്ടായ പ്രത്യാഘാതങ്ങൾ ആണ്. എന്നിട്ടും, സർക്കാരുകൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കുന്നതിൻ്റെയും പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലും, തൊഴിലാളികളെ കുറ്റപ്പെടുത്തുന്നതിൻ്റെയും ഭിന്നിപ്പിക്കുന്നതിതിൻ്റെയും തിരക്കിലാണ്. ഈ വിഭജന അജണ്ടയെ ചെറുക്കുന്നത് എന്നത്തെകാളും കൂടുതൽ അടിയന്തരമായത് ഇന്നാണ്. ഇന്ന് ആഗോള മുതലാളിത്തവും മനുഷ്യന്റെ നിലനിൽപ്പും തമ്മിലുള്ള പൊരുത്തക്കേട് വളരെ തെളിച്ചമുള്ളതാവുകയും, മറ്റൊരു ലോകം, പുതിയതും മികച്ചതുമായ ഒരു ലോകം തികച്ചും അനിവാര്യവും അടിയന്തിരവുമായി മാറിയിരിക്കുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കാനും, വിജയിക്കാനും നമുക്കുണ്ട്. ഐക്യപ്പെടുന്ന ജനങ്ങൾ പരാജയപ്പെടുകയില്ല.

എ ഐ സി സി ടി യു മേയ് ദിന പ്രതിജ്ഞ - 2020

എ ഐ സി സി ടി യു
മേയ് ദിന പ്രതിജ്ഞ - 2020
ഒരു ആഗോള മഹാമാരിയുടെയും , തുടർന്ന് മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ ഒന്നും നടത്താതെ മോദി സർക്കാർ പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൌൺ നിമിത്തം ജനങ്ങൾക്കുണ്ടായ ദുരിതങ്ങളുടെയും അസാധാരണ സാഹചര്യത്തിൽ ആണ് നാം 2020 ലെ മേയ് ദിനം ആചരിക്കുന്നത് . പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൌൺ നിമിത്തം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്ടുപോയ അസംഘടിതർ, പ്രത്യേകിച്ചും കുടിയേറ്റത്തൊഴിലാളികൾ തൊഴിലും ഉപജീവനമാർഗ്ഗവും ഇല്ലാതായതിനാൽ, ഭക്ഷണത്തിനും പാർപ്പിടത്തിനും അവശ്യ വൈദ്യസഹായത്തിനും മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയാതെ ഗതിമുട്ടിയ അവസ്ഥയിലാണ് . ലോക്ക് ഡൌൺ സമയത്ത് വാഗ്ദാനം ചെയ്യപ്പെട്ട വേതന വും , പിരിച്ചുവിടലിനെതിരായ സംരക്ഷണവും, തൃപ്തി കരമായ റേഷൻ വിതരണവും എല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയിരുന്നുവെന്ന് വ്യക്തമായി. സർക്കാരുകൾ ജനങ്ങളുടെമേൽ ഇത്രയേറെ ദുരിതങ്ങൾ അടിച്ചേൽപ്പിച്ച ഈ വിഷമസന്ധിയിൽ നമ്മൾ ജനങ്ങൾക്കൊപ്പം ഉറച്ചു നിൽക്കും. പെരുവഴിയിൽ ആശ്രയമറ്റ് നിൽക്കുന്ന കുടിയേറ്റത്തൊഴിലാളികൾ അടക്കമുള്ള എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി നാം പോരാട്ടം തുടരും .
രാജ്യത്തിലെ മുൻനിര ആരോഗ്യ പ്രവർത്തകർ, സ്കീം തൊഴിലാളികൾ ,ശുചീകരണ ജോലിക്കാർ എന്നീ വിഭാഗങ്ങൾ ഒരു വശത്ത് കൊറോണ വിപത്തിനെതിരെ പോരാടാൻ നിർ ബന്ധിതരായിരിക്കേതന്നെ അവർക്ക് PPE അടക്കം ഉള്ള അവശ്യമായ സുരക്ഷാ ഉപാധികൾ ലഭ്യമല്ലാത്ത അവസ്ഥയിൽപ്പോലും പണിയെടുക്കേണ്ടിവരുന്നു. ഇത്തരത്തിൽ കൊറോണ വിപത്തിനു ഇരകൾ ആവുമ്പോഴും അവർ സാമൂഹ്യ ബഹിഷ്കരണത്തിനും ശാരീരിക കയ്യേറ്റങ്ങൾക്കും പോലും പാത്രമാവുന്നു. മുൻ നിര ആരോഗ്യപ്രവർത്തകരും ,പ്രത്യേകിച്ച് സ്കീം ജോലിക്കാരും ശുചീകരണത്തൊ ഴിലാളികളും സാമ്പത്തികമായും അങ്ങേയറ്റം കഷ്ടപ്പാടുകൾ അനുഭവിച്ചുകൊണ്ടാണ് കൊറോണക്കെതിരായ പ്രവർത്തനങ്ങളിൽ അവരുടെ പങ്ക് നിർവഹിക്കുന്നത്. ഈ യവസരത്തിൽ അവർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യുന്നു.
ദശലക്ഷക്കണക്കിന് ദരിദ്രരേയും അസംഘടിത തൊഴിലാളികളേയും തീരാദുരിതങ്ങളിലേക്കും ഇല്ലായ്മകളിലേക്കും തള്ളി വിട്ട ശേഷം മോദി സർക്കാരും കോർപ്പറേറ്റുകളും കൊറോണാ ഭീതിയെ ചൂഷണം ചെയ്ത് തൊഴിലാളികളുടെ അവകാശ ങ്ങൾ തട്ടിയെടുക്കാനും, സ്വന്തം ലാഭം വർദ്ധി പ്പിക്കാനും ശ്രമിക്കുകയാണ്. കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും ആയ ലേബർ കോഡ് നടപ്പാക്കിയും, ജനങ്ങളുടെ ഉപജീവനോപാധികൾ നശിപ്പിച്ചുകൊണ്ട് വൻകിട കോർപ്പറേറ്റ്കളുടെ ആസ്തിയും ലാഭവും സംരക്ഷിക്കാനും ആണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ തുടക്കം എന്നോണം ഗുജറാത്ത്‌ ,ഹിമാചൽ ,രാജസ്ഥാൻ ,പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ ജോലി സമയം 12 മണിക്കൂർ എന്ന നിയമം വന്നുകഴിഞ്ഞു. 2021 ജൂലൈ വരെയുള്ള ഒന്നര വർഷക്കാലത്തേക്ക് മോദി സർക്കാർ കേന്ദ്ര ഗവണ്മെണ്ട് ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിക്കുന്ന ഉത്തരവ് ഇറക്കി. വ്യവസായത്തൊ ഴിലാളികൾ അടക്കം എല്ലാ വിഭാഗം ജീവനക്കാർക്കും ക്ഷാമബത്തയും മറ്റ് എല്ലാ വിധ അലവൻസുകളും നിഷേധിക്കുന്ന പരിപാടിക്ക് വേണ്ടി സംസ്ഥാനങ്ങൾക്ക് ഇതിലൂടെ വഴികാട്ടിക്കൊ ടുക്കാൻ ആണ് കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ് .
ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ മറ്റ് അലവൻസുകൾ പിൻവലിക്കുന്നതിൽ മുൻകൈയെടുത്തു. വിവിധ സംസ്ഥാനങ്ങൾ ഡിഎ മരവിപ്പിക്കുന്നതിനും വേതനം കുറയ്ക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ ഒരു വർഷത്തേക്ക് പുതിയ നിയമനത്തിന് മൊറട്ടോറിയം ഏർപ്പെടുത്തി. യൂണിയനുകൾ നിരോധിക്കണമെന്നും, ലോക്ക്ഡൗൺ വേതനം സംബന്ധിച്ച ഉപദേശം പിൻവലിക്കണമെന്നും തൊഴിലുടമകൾ ആക്രോശിക്കുന്നു. ബാങ്കുകളിലെ ജനങ്ങളുടെ സമ്പാദ്യം കവർന്നെടുക്കുക, പൊതു സമ്പത്ത് കൊള്ളയടിക്കുക, തൊഴിൽ ചൂഷണം തീവ്രമാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുക, അങ്ങനെ ആധുനിക അടിമത്തത്തിൻ്റെ തിരക്കഥ രചിച്ചുകൊണ്ടാണ് മോദി സർക്കാർ വ്യവസായത്തിനും കോർപ്പറേറ്റുകൾക്കുമായി സാമ്പത്തിക പുനരുജ്ജീവന പാക്കേജുകൾ തയ്യാറാക്കുന്നത്. മോദി സർക്കാർ തൊഴിലാളികളുടെ അടിമത്തത്തെ സ്ഥാപനവൽക്കരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്ന 4 ലേബർ കോഡുകകളുടെ നിയമനിർമാണത്തിനും നടപ്പാക്കുന്നതിനുമായി പാൻഡെമിക് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ പോലും ഓവർടൈം പ്രവർത്തിക്കുന്നു. അതേസമയം, വിയോജിപ്പും, ജനാധിപത്യവും, മൊത്തത്തിലുള്ള ഭരണഘടനാ അവകാശങ്ങളും ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന്റെ പേരിൽ തീവ്രമായ ആക്രമണം നേരിടുന്നു. വിലയേറിയ പോരാട്ടങ്ങളിലൂടെയും എണ്ണമറ്റ ത്യാഗങ്ങളിലൂടെയും നേടിയ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഞങ്ങളുടെ എല്ലാ ശക്തിയോടും പോരാടുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
കൊവിഡ് -19 പാൻഡെമിക്കിനും ലോക്ക് ഡൗണിനും ആളുകൾ കനത്ത വില നൽകുമ്പോൾ; മരണങ്ങൾ - കൊറോണ, ദാരിദ്ര്യം, പട്ടിണി എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുമ്പോൾ, ആർ‌എസ്‌എസ്-ബിജെപി കൂട്ട്കെട്ട് അവരുടെ വിദ്വേഷം നിറഞ്ഞ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ചൈനയും മുസ്‌ലിം സമൂഹവുമാണ് കൊറോണ വൈറസ് പകർച്ചവ്യാധിയുടെ കാരണമെന്നും; വ്യാജ വാർത്തകളും, അന്ധവിശ്വാസങ്ങളും, അവ്യക്തമായ ആശയങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്‌ലിം സമുദായത്തെ അതിവേഗം സാമൂഹികവും, സാമ്പത്തികവുമായി ബഹിഷ്‌കരിക്കുന്നതിനും, ഉപരോധിക്കുന്നതിനുമായ് സ്വീകരിക്കുന്ന ഈ വർഗീയ പ്രചാരണത്തെ ഞങ്ങൾ അപലപിക്കുന്നു, കൊറോണ വൈറസിനെ ചുറ്റിപറ്റി സൃഷ്ടിക്കപ്പെടുന്ന തീവ്രമായ തൊട്ടുകൂടായ്മയും കളങ്കവും തള്ളികളയുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ ഏകതയും
ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിനും, യുക്തിസഹവും പുരോഗമനപരവുമായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വർഗീയതയുടേയും, വിശപ്പിൻ്റെയും വൈറസുകളെ പരാജയപ്പെടുത്തുന്നതിനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
ഈ കൊറോണ പ്രതിസന്ധി മുതലാളിത്തം, പ്രത്യേകിച്ച് അതിൻ്റെ ആരോഗ്യ വ്യവസ്ഥയും ആരോഗ്യ നയവും ദയനീയമായ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അതിന് സാധാരണക്കാരെപറ്റി ഏതൊരു ആശങ്കയുമില്ല, മറിച്ച് “ജനങ്ങൾക്ക് ഉപരി ലാഭം” മാത്രമേയുള്ളൂ. വിനാശകരമായ മുതലാളിത്ത വ്യവസ്ഥയെ മറികടക്കുന്നതിനുള്ള ദൗത്യത്തിലേക്ക് ഞങ്ങൾ സ്വയം സമർപ്പിക്കുകയും മെച്ചപ്പെട്ട ബദൽ സമൂഹം, അധ്വാനിക്കുന്ന ജനങ്ങൾക്ക് നീതിയും തുല്യതയും ഉള്ള ഒരു സോഷ്യലിസ്റ്റ് സമൂഹം എന്നിവയ്ക്കായി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
1. ജനങ്ങളുടെ പട്ടിണി മാറ്റുക. വേതനം, ജോലി എന്നിവ സംരക്ഷിക്കുക.
2. കൊറോണയേയും, പട്ടിണിയേയും, ദാരിദ്ര്യത്തേയും പരാജയപ്പെടുത്തുക.
3. ആളുകളുടെ ജീവനും അവരുടെ ഉപജീവനവും സംരക്ഷിക്കുക.
കൊറോണയുടെ പേരിലുള്ള വർഗ്ഗീയവത്കരണം വേണ്ട!
കൊറോണയുടെ പേരിൽ കോർപ്പറേറ്റ് ആക്രമണം വേണ്ട!
അടിമത്തം വേണ്ട!
കോർപ്പറേറ്റ്, വർഗീയ, ഫാസിസ്റ്റ് ഭരണാധികാരികൾ വേണ്ട!
സോഷ്യലിസം നീണാൾ വാഴട്ടെ!
മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ!
ഇൻക്വിലാബ് സിന്ദാബാദ്!
മെയ് ദിനം സിന്ദാബാദ്!