Thursday, 5 May 2022

 പ്രചോദനത്തിന്റെ അനശ്വര ഉറവിടമായ  വിപ്ലവകാരി കാൾ മാർക്സിന്റെ  204 )-൦ ജന്മദിനം ഉണർത്തുന്ന ചിന്തകൾ 



ദീപങ്കർ ഭട്ടാചാര്യ  






" ഭാവിയെ നിർമ്മിച്ചെടുക്കലും ഓരോ സംഗതിയും എല്ലാക്കാലത്തേക്കുമായി തീർപ്പാക്കലും അല്ല  നമ്മുടെ വിഷയം... നമുക്ക് ഇപ്പോൾ നേടിയെടുക്കാനുള്ളത്  നിലവിലുള്ള എല്ലാറ്റിനേയും നിശിതമായും നിർഭയമായും വിമർശിക്കാനുള്ള ശേഷിയാണ് .വിമർശനത്തിന്റെ  ഭവിഷ്യത്തുകളെയോ , അതുമൂലം അധികാരിവർഗ്ഗവുമായി ഉണ്ടാകാൻ ഇടവരുന്ന സംഘർഷങ്ങളെയോ തരിമ്പ് പോലും ഭയപ്പെടാതെയുള്ളതാവണം വിമർശിക്കാനുള്ള നമ്മുടെ ശേഷി "  

ഇരുപത്തഞ്ചു വയസ്സായ ഒരു യുവാവ് 1843 ൽ തന്റെ സുഹൃത്തിന് എഴുതിയ കത്തിൽ പങ്കുവെച്ച ഒരാശയമാണ് മുകളിൽ ഉദ്ധരിച്ചത് . ആ ചെറുപ്പക്കാരൻ  പിന്നീട് നാൽപ്പതു വർഷങ്ങൾ ജീവിച്ചത് ഇതേ ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടും , തനിക്കു ചുറ്റുമുള്ള ബാഹ്യലോകവുമായി ഇടപഴകുമ്പോൾ   ആയാലും ലോകത്തെ മനസ്സിലാക്കാനും മാറ്റിത്തീർക്കാനും വേണ്ടിയുള്ള സ്വന്തം പരിശ്രമങ്ങളിൽ ആയാലും മേൽപ്പറഞ്ഞ തത്വത്തിൽ  ഒരു വിട്ടുവീഴ്ചയ്ക്കും തയ്യറാകാതെയും ആയിരുന്നു.  

 മുതലാളിത്തത്തെ നിശിതമായി വിമർശിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് എന്നോ സോഷ്യലിസ്റ്റ് എന്നോ വിളിക്കപ്പെടുന്ന സമത്വപൂർണ്ണവും സ്വതന്ത്രവും ആയ ഭാവി സമൂഹത്തെക്കുറിച്ചു ദീപ്തവും ഉൽബുദ്ധവുമായ ദർശനം ലോകത്തിനു സംഭാവന നൽകിയ  ആ ചെറുപ്പക്കാരനെയാണ് ചരിത്രം കാൾ  മാർക്സ് എന്ന പേരിൽ  ഇന്നും ഓർമ്മിക്കുന്നത്. തന്റെ നിലപാടുകളും  പ്രവർത്തനങ്ങളും മൂലം മാർക്സിന് സ്വന്തം ജീവിതകാലത്ത്  ഒട്ടുമിക്ക  പാശ്ചാത്യഭരണകൂടങ്ങളുടേയും വിരോധം സമ്പാദിക്കേണ്ടിവന്നുവെങ്കിലും ആയുസ്സിന്റെ രണ്ടാം പകുതിക്കാലം ബ്രിട്ടനിൽ അഭയാർത്ഥിയായി ജീവിച്ചു. ജനനം കൊണ്ട് ജർമ്മനിക്കാരനായ മാർക്സിന് ബ്രിട്ടീഷ് പൗരത്വം അപ്പോഴും നിഷേധിക്കപ്പെട്ടതിനാൽ കാൾ  മാർക്സ് എന്ന വിപ്ലവകാരിക്ക്  മരണസമയത്ത്  രാജ്യമില്ലായിരുന്നു .

 ചരിത്രം തന്നെ തിരുത്തിക്കുറിച്ച                 മൂലധനത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിനായി മാർക്‌സ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയെ തന്റെ പരീക്ഷണശാലയാക്കി. അന്ന് ബ്രിട്ടൻ ഏറ്റവും വികസിത മുതലാളിത്ത രാജ്യവും വ്യവസായ വിപ്ലവത്തിന്റെ ഭവനവും ഏറ്റവും വലിയ കൊളോണിയൽ ശക്തിയും ആയിരുന്നു. കൊളോണിയൽ കൊള്ളയില്ലാതെ മൂലധനം വളരുമായിരുന്നില്ല. മാർക്‌സിന്റെ വാക്കുകളിൽ,   "[മേരി] ഓജിയർ  അഭിപ്രായപ്പെട്ടതുപോലെ, , പണം ഒരു കവിളിൽ ജന്മനാ രക്തക്കറയുമായാണ് ലോകത്തിലേക്ക് പ്രവേശിച്ചതെന്നാൽ , മൂലധനം ശിരസ്സ് മുതൽ പാദങ്ങൾ വരെ , ഓരോ രോമകൂപത്തിൽ  നിന്നും , രക്തവും അഴുക്കും ഒലിപ്പിച്ചു കൊണ്ടാണ് രംഗപ്രവേശം ചെയ്തത് ."  മൂലധനത്തിനെതിരെ മാർക്സ് നടത്തിയ പോരാട്ടം കൊളോണിയലിസത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ലോകമെമ്പാടുമുള്ള പോരാട്ടവുമായി ഇഴചേർന്ന് വളർന്നു.
1848-ന്റെ തുടക്കത്തിൽ എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യൂറോപ്പിൽ ഉടനടി വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ സ്പന്ദിച്ചു. എന്നാൽ അത് സംഭവിച്ചില്ല, 1848 ലെ വിപ്ലവത്തെ തകർത്തുകൊണ്ട് മൂലധനം അതിന്റെ ഭരണം ഉറപ്പിച്ചു. മൂലധനത്തെക്കുറിച്ചുള്ള പഠനത്തിലും ഒരു വശത്ത് കൊളോണിയൽ വിരുദ്ധ കലാപങ്ങളിലും തൊഴിലാളിവർഗ സമരത്തിന്റെ പ്രാരംഭ തരംഗങ്ങൾക്കിടയിൽ ഐക്യത്തിന്റെ ബന്ധം സ്ഥാപിക്കുന്നതിലും മാർക്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചു. 1850-കളിൽ, അമേരിക്കൻ ജേണലായ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂണിന്റെ ലണ്ടൻ ആസ്ഥാനമായുള്ള യൂറോപ്യൻ ലേഖകനായി മാർക്‌സ് എഴുതാറുണ്ടായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാപട്യവും പ്രാകൃതമായ കൊള്ളയും പീഡനവും അദ്ദേഹത്തിന്റെ വാർത്താ ഡെസ്പാച്ചുകളിൽ  പ്രധാനവിഷയങ്ങളായിരുന്നു. 
1853-ലെ വേനൽക്കാലത്ത്, ഇന്ത്യയിൽ ആദിവാസി കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ നുകം വലിച്ചെറിയുക 
എന്ന ഇന്ത്യൻ ജനതയുടെ അജണ്ട മാർക്‌സ് കൊണ്ടുവന്നു. 1857-ലെ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, യൂറോപ്യൻ മാദ്ധ്യമ വ്യവഹാരങ്ങൾ മിക്കവാറും ഇന്ത്യൻ സൈനികരുടെ ഇംഗ്ലീഷ് വിരുദ്ധ 'വംശീയ ക്രൂരത'യെ ചുറ്റിപ്പറ്റിയുള്ളതായിരുന്നിട്ടും , മാർക്സും ഏംഗൽസും ഇന്ത്യൻ ജനത നടത്തിയ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് ത്തെ അഭിവാദ്യങ്ങൾ അർപ്പിക്കാൻ മുന്നോട്ടുവന്നു.    കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പിന്റെ ഉയർന്നുവരുന്ന വേദിയായി ഇന്ത്യൻ ജനതയുടെ സമരത്തെ അവർ കണ്ടു . 1858-ൽ എംഗൽസിന് എഴുതിയ കത്തിൽ  ഇന്ത്യയെ 'നമ്മുടെ ഏറ്റവും മികച്ച സഖ്യകക്ഷി' (ബ്രിട്ടീഷ് മുതലാളിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും ഇരട്ട ശത്രുവിനെതിരായ പോരാട്ടത്തിൽ) മാർക്സ് വിശേഷിപ്പിച്ചു. അക്കാലത്ത് ഇന്ത്യയിൽ നിന്ന് തത്സമയ വിവരങ്ങൾ ശേഖരിക്കുന്നത് മാർക്‌സിനും എംഗൽസിനും എളുപ്പമായിരുന്നില്ല, എന്നാൽ അവരുടെ അനുഭാവം പൂർണ്ണമായും ഇന്ത്യൻ പോരാളികളോടാണെന്ന് അവരുടെ വായനക്കാർക്ക് വ്യക്തമായി കാണാമായിരുന്നു.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചവരുടെ കൂട്ടത്തിൽ  ഒരാൾ ആയി    മാർക്‌സിനെ ചിത്രീകരിക്കാൻ ആർഎസ്‌എസ്  പ്രചാരകരും സൈദ്ധാന്തികരും  നടത്തുന്ന ഹീനമായ  പ്രചാരവേലകളെ സമഗ്രമായി തുറന്നുകാട്ടുകയും അപലപിക്കുകയും ചെയ്യേണ്ടത് ഈ സന്ദർഭത്തിൽ വിശേഷിച്ചും അനിവാര്യമാകുന്നു. 


കമ്മ്യൂണിസ്റ്റ് സ്വപ്നവുമായാണ് മാർക്‌സ് തന്റെ യാത്ര ആരംഭിച്ചത്. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനം, സാക്ഷാത്കരിക്കാവുന്ന ഒരു സ്വപ്നമാണ്‌ കമ്മ്യൂണിസം എന്നുള്ള ആത്മവിശ്വാസം മാർക്സിന് നൽകി. എന്നാൽ ചരിത്രത്തിന്റെ മുന്നോട്ടുള്ള ചലനത്തിലും സ്വന്തം ചരിത്രമെഴുതാനുള്ള ജനങ്ങളുടെ ശക്തിയിലും ഉള്ള വിശ്വാസം മാർക്സിൽ അന്തർലീനമായിരുന്നുവെങ്കിലും , അതിനപ്പുറം പ്രവചിക്കുന്നതിനോ, ഭാവിയുടെ മാതൃകകൾ രൂപകൽപ്പന ചെയ്യുന്നതിനോ മാർക്സ് ഒരിയ്ക്കലും മെനക്കെട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എവിടെയും സമരം നിരന്തരമായി മുന്നോട്ടു കൊണ്ടുപോകുക എന്നത് ഒരു അനിവാര്യതയായിരുന്നു. അതിനാൽ ചരിത്രം മുന്നോട്ടുവെക്കുന്ന സാഹചര്യത്തെയും ലഭ്യമായ സാമഗ്രികളെയും ഉപയോഗപ്പെടുത്താൻ മാത്രമേ കഴിയൂ. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെട്ട കാലത്ത് വിഭാവന ചെയ്ത 1848 ലെ വിപ്ലവത്തിന്റെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെട്ടില്ല. മാർക്‌സിന്റെ ജീവിതകാലത്ത് ആ സ്വപ്‌നത്തെ ഏറ്റവും ശക്തമായി ജ്വലിപ്പിച്ച സംഭവം 1871-ലെ പാരീസ് കമ്യൂൺ ആയിരുന്നു. എന്നാൽ എഴുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷം പാരീസ് കമ്മ്യൂൺ അടിച്ചമർത്തപ്പെട്ടു . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യത്തെ സോഷ്യലിസ്റ്റ് മാതൃകയായി ഉയർന്നുവന്ന സോവിയറ്റ് യൂണിയൻ ആകട്ടെ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം തകരുകയും തിരോഭവിക്കുകയും ചെയ്തു.

20-ാം നൂറ്റാണ്ടിലെ സോഷ്യലിസം അതിന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെങ്കിൽ, മുതലാളിത്തത്തിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെയാണ്? മാർക്‌സിന്റെ കാലത്ത്, മൂലധനത്തിന് ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനവും പ്രചാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു, ആ ബന്ധം  ലാഭം സാക്ഷാത്കരിക്കുന്നതിന്നുള്ള  ഒരു മുൻവ്യവസ്ഥയായിരുന്നു. എത്ര കൊള്ളയടിച്ചാലും പ്രാകൃതമായ രീതികൾ അവലംബിച്ച് 
ആയിരുന്നാലും മൂലധനത്തിന്റെ സമാഹരണം  നിർബാധം  നടക്കണമെങ്കിൽ അരിഷ്ടിച്ചുള്ള ഉപജീവനത്തിന്റെ തലത്തിൽ ജനങ്ങൾ ജീവിച്ചാൽപ്പോലും , മനുഷ്യരുടെ അധ്വാനശക്തിയുടെ  സാമൂഹിക പുനരുൽപാദനം ഉറപ്പാക്കേണ്ടതുണ്ട്. ഇന്ന് ആകട്ടെ,  ഉൽപ്പാദനവുമായുള്ള ഏതൊരു ഇടപെടലിൽ നിന്നും കൂടുതൽ അകന്നുപോകുമെന്ന് ഭീഷണിപ്പെടുത്തുകയാണ് മൂലധനം. കൂടാതെ ഓട്ടോമേഷൻ, നിർമ്മിത ബുദ്ധിശക്തി  (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )എന്നിവയുടെ പ്രയോഗം വർദ്ധിപ്പിച്ചുകൊണ്ട്, ഉൽപ്പാദന പ്രക്രിയകളിൽ നിന്നും  വലിയൊരു വിഭാഗം മനുഷ്യരെ പുറംതള്ളുമെന്ന്  ഭീഷണി മുഴക്കാൻ മൂലധനത്തിന് കഴിയുന്നു. അതുപോലെ ആദ്യകാല  
മുതലാളിത്തതിലേതിൽ നിന്ന്   വ്യത്യസ്തമായി ജനാധിപത്യമല്ല സ്വേച്ഛാധിപത്യമാണ്    മുതലാളിത്തത്തിന്റെ അടിസ്ഥാന രാഷ്ട്രീയ രൂപം എന്ന അവസ്ഥയുണ്ടാക്കി   ജനാധിപത്യത്തെ ഭ്രഷ്ഠ മാക്കാനും സ്വേച്ഛാധിപത്യം സാർവ്വത്രികമാക്കാനും  ഉള്ള ഭീഷണിയാണ് മൂലധന ശക്തികൾ സൃഷ്ടിക്കുന്നത് .. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 'ചരിത്രത്തിന്റെ അന്ത്യം' ആയി എന്ന് ആഹ്ളാദം പ്രകടിപ്പിച്ച  മാന്യൻ , റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ സന്ദർഭത്തിൽ ഇപ്പോൾ   'ചരിത്രത്തിന്റെ അന്ത്യത്തിന്റെ അന്ത്യത്തെ" ക്കുറിച്ച്' വേവലാതിപ്പെടുകയാണ് .
ചുരുക്കത്തിൽ, മുതലാളിത്തം ഇന്ന് അതിന്റെ ഏറ്റവും ആഴമേറിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.  സുസ്ഥിരതയില്ലാത്തതും തുടർന്ന് നിലനിർത്താൻ സാധ്യമല്ലാത്തതും ആയ  ഒരു  വർത്തമാനകാലത്തിൽ വേരുകൾ ഊന്നിയതും , കോവിഡ് കെടുതികൾക്കും ,കാലാവസ്ഥാവ്യതിയാനങ്ങൾക്കും,   വംശനാശഭീഷണികൾക്കും  അഭിമുഖമായി നിൽക്കുന്ന   അരാജകമായ ഒരു ലോകത്തിന്റെ  അനിശ്ചിത ഭാവിയിലേക്ക് യാത്ര ആരംഭിക്കുന്നതും ആണ് മേൽപ്പറഞ്ഞ  മുതലാളിത്ത പ്രതിസന്ധി . 'സോഷ്യലിസത്തിന്റെ പ്രതിസന്ധി'യെക്കുറിച്ച് നിരാശപ്പെടുന്നതിന് പകരം, മുതലാളിത്തമെന്ന ഭീകര സ്വത്വം  അടിച്ചേൽപ്പിക്കുന്ന കഷ്ടപ്പാടുകൾക്ക് മാനുഷികമായ ഒരു ബദൽ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള സോഷ്യലിസത്തിന്റെ പല്ലുമുളയ്ക്കൽ വേദനയെ അതിജീവിച്ചുകൊണ്ട് പോരാട്ടങ്ങൾ  ഇനിയും ശക്തമാക്കാൻ  സോഷ്യലിസ്റ്റുകൾക്ക് ആകുമോ ?   ഉയർന്ന രൂപത്തിലുള്ള  ജനാധിപത്യവും കൂടുതൽ സമഗ്രസ്വഭാവം ആർജ്ജിച്ച മുതലാളിത്തനിരാകരണവും ആണ് 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത് . മാർക്സ് നിർദ്ദേശിച്ചതുപോലെ , പ്രകൃതിയുമായി കൂടുതൽ ഗാഢമായി ഇടപഴകുന്ന സംഭാഷണവുമാണ് അത് .  വർത്തമാനകാല മാർക്സിസ്റ്റുകളുടെ തലമുറ ഏറ്റെടുത്ത് മുന്നോട്ടു പോകേണ്ട ഇന്നത്തെ  വെല്ലുവിളി അതാണ് .

(ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത് 2022 മെയ് 04  ന്റെ ആനന്ദബസാർ പത്രികയിൽ ആണ് )


No comments:

Post a Comment