നോട്ട് നിരോധനം മുതൽ റേഷൻ കാർഡ് റദ്ദാക്കൽ വരെ - മോദി ഭരണം ദരിദ്രർക്കെതിരേ യുദ്ധം തുടരുന്നു എഡിറ്റോറിയൽ, എം എൽ അപ്പ്ഡേറ്റ് 31 മേയ് - 6 ജൂൺ
ഉത്തർപ്രദേശിൽ മാർച്ച് ആദ്യം തുടർച്ചയായി രണ്ടാം വട്ടം അധികാരത്തിൽ വന്ന ബി ജെ പി യ്ക്ക് ലഭിച്ച തെരഞ്ഞെടുപ്പ് വിജയത്തിന് അടിസ്ഥാനം ക്രൂരമായ ലോക് ഡൌൺ കാലത്തെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ദരിദ്രർക്ക് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞതാണെന്ന് ചിലർ വിലയിരുത്തി. 'ലവാർത്തി',അഥവാ വിവിധ ക്ഷേമപദ്ധതികളുടേയും സഹായ പദ്ധതികളുടെയും ഗുണഭോക്താക്കളേക്കുറിച്ചാണ് തെരഞ്ഞെടുപ്പ് വിശകലനക്കാർ സംസാരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വ്യവഹാരങ്ങളുടെ സ്വഭാവം അതിവേഗത്തിൽ മാറിവരുന്നത് വരാനിരിക്കുന്നത് എന്തെന്നതിന്റെ അപായകരമായ ചില സൂചനകൾ നൽകുന്നുണ്ട്.
ബുൾഡോസർ , ബി ജെപി മാതൃകയിലുള്ള ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രത്തിലെ സ്മാരകങ്ങളുടെയും പള്ളികളുടെയും സ്വഭാവം മാറ്റിമറിക്കാനുള്ള കേസുകൾകൊണ്ട് കോടതികൾ നിരന്തരം വേട്ടയാടപ്പെടുകയാണ്. ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്ത് 15 ന്റെ തൽസ്ഥിതി നിലനിർത്തണമെന്ന് പ്രഖ്യാപിക്കുന്ന 1991 ലെ നിയമം മാറ്റാൻ മുറവിളി ഉയരുകയാണ്. റേഷൻ കാർഡുകൾ റദ്ദാക്കാനും ,കാർഡുകൾ തിരിച്ചേൽപ്പിക്കാൻ ഉടമസ്ഥരെ ഭീഷണിപ്പെടുത്താനും ഉള്ള ഗൂഢവും ക്രൂരവുമായ ഒരു നീക്കം രാജ്യമെമ്പാടും ആരംഭിച്ചിരിക്കുന്നു.
യു പി യിലെ പല ജില്ലകളിലും ജില്ലാ ഭരണകൂടം "അർഹതയില്ലാത്ത" കാർഡ് ഉടമകൾ റേഷൻ കാർഡുകൾ മേയ് 20 -നാകം തിരിച്ചേല്പിക്കണം എന്ന് നോട്ടീസ് നൽകിയിരിക്കുന്നു. "അര്ഹതയില്ലാത്തവർ" ആയി നിർവചിച്ചിരിക്കുന്നത് സ്വന്തമായി ഒരു വീടോ, മോട്ടോർസൈക്കിളോ ഉള്ളവരും ഗ്രാമപ്രദേശത്തെങ്കിൽ 2 ലക്ഷവും നഗരത്തിലെങ്കിൽ 3 ലക്ഷവും രൂപ വാർഷിക വരുമാനം ഉള്ള, വെറും അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഉള്ളവരും ആയ വിഭാഗങ്ങളെയാണ്. "അനർഹർ" ആയ കാർഡ് ഉടമകൾക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തുമെന്നും,അത്തരം കാർഡിൽ വാങ്ങിയ ഓരോ കിലോ ഗോതമ്പിനും 24 രൂപയും ഓരോ കിലോ അരിക്കും 32 രൂപയും വീതം തിരികെ ഈടാക്കലും പിഴ ചുമത്തലും ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കും എന്നും ഭീഷണിയുണ്ട്.
പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ അത്തരം നോട്ടീസ് ഇറക്കിയ കാര്യം സർക്കാർ നിഷേധിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പതിവ് പരിശോധന മാത്രമായിരുന്നു അതെന്ന വിശദീകരണം ഉണ്ടായി.പക്ഷെ, ആയിരക്കണക്കിനാളുകളെ ഭയപ്പെടുത്തി സൂത്രത്തിൽ അവരുടെ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യിക്കുന്ന സ്ഥിതിയിൽ ഇത് കൊണ്ടുചെന്നെത്തിച്ചുകഴിഞ്ഞു. ഉത്തർ പ്രദേശിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രവർത്തിക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്.
ബിഹാറിൽ ഏതാണ്ട് 30 ലക്ഷത്തോളം റേഷൻ കാർഡുകൾ റദ്ദാക്കിക്കഴിഞ്ഞു. കാർഡുകൾ റദ്ദാക്കിക്കാൻ ഓരോ സംസ്ഥാനത്തും സ്വീകരിച്ചത് വ്യത്യസ്ത രീതികൾ ആയിരുന്നു.കർണ്ണാടകയിൽ 20 ലക്ഷത്തോളം റേഷൻ കാർഡുകൾ ആണ് താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത് . "ഇ - കെ വൈ സി" പ്രക്രിയ പൂർത്തിയാക്കിയിട്ടില്ലെന്നതിന്റെയും ബയോമെട്രിക്സ് നല്കിക്കഴിഞ്ഞിട്ടില്ലാത്തതിന്റേയും പേരിൽ ആണ് ഇത്.ഏതാണ്ട് അഞ്ചു ലക്ഷം കാർഡുടമകളെ അനർഹർ ആയി മുദ്രകുത്തുകയും , ഇക്കൂട്ടത്തിൽ പകുതിയോളം റദ്ദാക്കുകയും ചെയ്തുകഴിഞ്ഞു.
ഇങ്ങനെ റേഷൻ കാർഡുകൾ വൻതോതിൽ റദ്ദാക്കൽ വ്യക്തമായും പൊതുവിതരണ സമ്പ്രദായം ദുർബ്ബലപ്പെടുത്താനും പൊളിച്ചെഴുതാനും ഉള്ള ആദ്യ ചുവടുവെപ്പാണ്. കൃഷി കോർപറേറ്റുകൾ ഏറ്റെടുക്കാൻ വേണ്ടി മോദി ഭരണം നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണ് ഇതും. മൂന്നു കർഷക
മാരണനിയമങ്ങൾ പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതമായെങ്കിലും , ആസൂത്രണം മുഴുവൻ ആ വഴിക്കുതന്നെയാണ്.
ഇന്ത്യയിലെ ഗോതമ്പു സംഭരണത്തിന്റെയും വിതരണത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മേൽപ്പറഞ്ഞ ഗൂഢ പദ്ധതി വ്യക്തമാവും.ഫെബ്രുവരിഅവസാനം ഉക്രെയിനിൽ റഷ്യ നടത്തിയ ആക്രമണം ആഗോളഗോതമ്പുവിതരണം തകിടം മറിച്ചു.ആഗോളകമ്പോളത്തിൽ ഗോതമ്പുവില കുതിച്ചുയരാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഗോതമ്പു കയറ്റുമതി 2020 -21 ൽ 20 ലക്ഷം ടൺ ആയിരുന്നത് 2021 -22 ൽ 70 ലക്ഷം ടണ്ണിലധികമായി ഉയർന്നു. 2022 -23 വർഷത്തിൽ ഒരു കോടി ടൺ ഗോതമ്പു കയറ്റുമതി ചെയ്യാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തികവര്ഷത്തിന്റെ ആദ്യമാസം ആയ ഏപ്രിലിൽ മാത്രം കയറ്റുമതി 14 ലക്ഷം ടൺ കടന്നു. ലോകത്തിനു ഭക്ഷ്യം നല്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ബൈഡനോട് മോദി പറഞ്ഞിട്ടും ഉണ്ട്. മേയ് മാസം ആദ്യം ഡെൻമാർക്ക് സന്ദർശനവേളയിൽ ഇതേ നിലപാട് മോദി ആവർത്തിച്ചിരിക്കുന്നു.
ശ്രീലങ്കയിലെ സംഭവവികാസങ്ങളും, ഇന്ധന, ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ അസംതൃപ്തിയും മൂലം സർക്കാർ ഗോതമ്പു കയറ്റുമതിക്ക് ഒരു താല്കാലിക നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ഈ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്ന ലക്ഷണങ്ങൾ ഇപ്പോൾത്തന്നെ കാണാൻ ഉണ്ട്. ആഗോള കമ്പോളത്തിൽ വിലക്കയറ്റം തുടരുമ്പോൾ കയറ്റുമതിനിയന്ത്രണം ഒരു താൽക്കാലിക സംവിധാനം മാത്രമായേ കാണാൻ കഴിയൂ.
കയറ്റുമതിയിലുള്ള വർധിച്ച ഊന്നൽ , സംഭരണത്തിൽ ഗണ്യമായ കുറവ് വരുത്താൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലുള്ള സംഭരണമാണ് ഇപ്രാവശ്യത്തെ റാബി വില്പനക്കാലത്ത് നടന്നിട്ടുള്ളത്.(കഴിഞ്ഞ വർഷത്തെത്തിന്റെ പകുതിയിൽ കുറവ് ,അതായതു ഏകദേശം 180 ലക്ഷം ടൺ മാത്രമാണ് ഇക്കുറി സംഭരിച്ചത് ).മൊത്തം ഔദ്യോഗിക സംഭരണത്തിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പങ്ക് 5.51 ശതമാനം മാത്രമായി, എക്കാലത്തെയും ഏറ്റവും ചുരുങ്ങിയ അളവിലെത്തിക്കഴിഞ്ഞു.
കഴിയാവുന്നത്രയും റേഷൻ കാർഡുകൾ റദ്ദ് ചെയ്യാൻ ഇപ്പോഴത്തെ ഭരണക്കാർ ഇത്രയധികം ധൃതികൂട്ടുന്നതു എന്തിനെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. PMGKAY യ്ക്ക് കീഴിൽ ഉള്ള ഗോതമ്പു വിഹിതം കുറച്ചിരിക്കുന്നു. അരി-ഗോതമ്പ് അനുപാതം പലസംസ്ഥാനത്തും മാറ്റിമറിച്ചുകൊണ്ട് അരി കൂടുതലും, ഗോതമ്പു കുറവും ആയി നല്കാൻ നീക്കമുണ്ട്.റേഷൻ കാർഡുകൾ റദ്ദാക്കുകയും ഗോതമ്പു കൊടുക്കുന്ന അളവ് കുറയ്ക്കുകയും ചെയ്താൽ ആളുകൾക്ക് തുറന്ന കമ്പോളത്തിൽനിന്ന് കൂടുതൽ വിലകൊടുത്ത് ധാന്യം വാങ്ങേണ്ടിവരും.; വീണ്ടും ഭക്ഷ്യ സുരക്ഷയിൽ കുറവുവരുത്തുന്നതിനും പട്ടിണി വർധിപ്പിക്കുന്നതിനും ഇത് ഇടയാക്കും.
ആഗോളഭക്ഷ്യ സുരക്ഷാ സൂചികയിലും ആഗോള പട്ടിണിസൂചികയിലും ഇന്ത്യ ഇപ്പോൾത്തന്നെ ഏറ്റവും അടിത്തട്ടിലാണ്. ഭക്ഷ്യസുരക്ഷാ സൂചികയിൽ 113 രാജ്യങ്ങളിൽ 71 -)മതും , ആഗോള പട്ടിണിസൂചികയിൽ 116 രാജ്യങ്ങളിൽ 101 -)മതും ആണ് ഇന്ത്യയുടെ സ്ഥാനം. നിലവിലുള്ള പൊതുവിതരണ സംവിധാനം ദുർബ്ബലമാക്കിയാലും റേഷൻ കാർഡുകൾ റദ്ദാക്കിയാലും അതുണ്ടാക്കുന്ന പ്രതികൂല ഫലങ്ങൾ കണക്കുകൂട്ടാൻ പ്രയാസമില്ല. ഭക്ഷ്യ സുരക്ഷയും ഭക്ഷണത്തിനുള്ള അവകാശവും സാർവത്രികമാക്കാൻ വിഭാവനം ചെയ്യപ്പെട്ടതായിരിക്കണം . എന്നാൽ, ഇന്ത്യ പിന്തുടരുന്നത് ചിലരെ മാത്രം ലക്ഷ്യമിടുന്ന സമീപനമാണ്. ദരിദ്രരെ കൂടുതലായി ഒഴിവാക്കാൻ ആണ് ഇത് സഹായിക്കുക. ഉദ്ദിഷ്ട ലക്ഷ്യങ്ങൾ നിശ്ചയിക്കുന്ന കാര്യത്തിൽ സംഭവിക്കുന്ന വലിയ അബദ്ധങ്ങളും വലിയ തോതിലുള്ള സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളും ഒരുമിച്ചുചേരുമ്പോൾ ദരിദ്രരും ഓരങ്ങളിലേക്കു തള്ളപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് അത് കൂടുതൽ പരിമിതികൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
മഹാമാരിയുടെയും,അതിന്റെ ഭാഗമായ ലോക് ഡൗണിന്റെയും സാമ്പത്തികഭാരവും, തൽഫലമായുണ്ടായ വരുമാന ഉപജീവന നഷ്ടങ്ങളും കൂടിച്ചേർന്ന് ഞെരുങ്ങുകയാണ് ഇന്ന് ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗം. ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്നത് വരുമാനത്തിൽ വർധനയും ദരിദ്രർക്ക് ഭക്ഷ്യ സുരക്ഷയുടെ പിന്തുണയും ആണ്. എന്നാൽ , സർക്കാർ ചെയ്യുന്നത് ഇതിനു നേർ വിപരീതമായ കാര്യങ്ങൾ ആണ്. റേഷൻ കാർഡുകൾ പിടിച്ചെടുക്കലും ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും സൃഷ്ടിക്കലും അവയിൽപ്പെടുന്നു. നോട്ട് നിരോധനത്തിനു ലോക് ഡൗണിനും ശേഷം , റേഷൻ കാർഡുകൾ റദ്ദാക്കാനും ഭീഷണിപ്പെടുത്തി സറണ്ടർ ചെയ്യിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ ദരിദ്രരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മേൽ കൂടുതൽ ദുരിതങ്ങളുടെ ആഘാതം ഏൽപ്പിക്കാൻ ആണ്.
No comments:
Post a Comment