Wednesday, 6 July 2022

എം എൽ അപ്ഡേറ്റ് 

A CPIML Weekly News Magazine
Vol. 25 | No. 28 | 5-11 Jul 2022
എഡിറ്റോറിയൽ :
ഇന്ത്യയെ ഇനിയും നാൽപ്പതു വർഷം ബുൾഡോസറുകൾക്ക് കീഴിൽ നിർത്താനുള്ള ബി ജെ പി പദ്ധതിയെ പരാജയപ്പെടുത്തുക
ബി ജെ പി യുടെ ദേശീയ വക്താവ് സ്ഥാനം അലങ്കരിച്ച നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദിനെ ക്കുറിച്ച്‌ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് ലോകവ്യാപകമായി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടതിന് പുറമേ , ഇന്ത്യയ്ക്കകത്ത് അതുകൊണ്ട് ഏത് തരം കാര്യങ്ങൾ സാധിക്കാനുള്ള ഗൂഢപദ്ധതിയാണ്‌ ഇട്ടിരുന്നത് എന്നതിന്റെ ബഹുതലസ്പർശി യായ അടരുകൾ ദൃശ്യമായിക്കൊണ്ടിരിക്കുന്നു. നൂപുർ ശർമ്മയ്ക്കെതിരെ രാജ്യത്തിലെ നിയമപ്രകാരം കേസ് എടുക്കാൻ ബാധ്യതപ്പെട്ട മോദി സർക്കാർ പ്രസ്തുത സംഭവത്തെ 'പ്രാധാന്യമില്ലാത്ത ഒരു വ്യക്തി' നടത്തിയ ഒറ്റപ്പെട്ട ഒരഭിപ്രായ പ്രകടനം എന്ന് ലഘൂകരിക്കാൻ ശ്രമിച്ചത് സ്വാഭാവികമായും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കി. മുസ്ലീങ്ങൾ പല സ്ഥലത്തും വലിയ ജനാവലിയായി പ്രതിഷേധിക്കാൻ മുന്നോട്ടു വന്നു. ഇന്ത്യൻ ഭരണകൂടം വെടിയുണ്ടകൾ കൊണ്ടും ബുൾഡോസറുകൾ കൊണ്ടും അതിനെ അടിച്ചമർത്താൻ ശ്രമിച്ചു. ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ ബുൾ ഡോസറുകൾ കൊണ്ട് പ്രതിഷേധക്കാരെ സർക്കാർ നേരിട്ടപ്പോൾ പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാനിൽ പോലീസ് വെടിവെപ്പിൽ ആളുകൾ മരണപ്പെടുകയും നിരവധിയാളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത് നൂപുർ ശർമ്മയുടെ വിവാദപ്രസ്താവന തൊട്ടു പിന്നാലെയായിരുന്നു. ജൂൺ 14 ന് കേന്ദ്ര സർക്കാർ വിനാശകരമായ അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നു, അതിനു പിന്നാലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ വിളംബരം ചെയ്യപ്പെടുന്നു, പിന്നെ നടക്കുന്നത് മഹാരാഷ്ട്രാ സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള കളികൾ. നൂപുർ ശർമ്മ സംഭവത്തിൽ നിന്നും ജനശ്രദ്ധ ഏതാണ്ട് മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ട അവസരത്തിൽ ആണ് മുഹമ്മദ് സുബൈറിനെതിരായ വേട്ടയാടലും , ഉദയ് പൂരിൽ കനൈയ്യാ ലാലിനെതിരെ നടന്ന ഞെട്ടിപ്പിക്കുന്ന കൊലയും നടന്നത്. ഉദയ് പൂരിലെ കൊലയാളിയുടെ ബി ജെ പി ബന്ധം പുറത്തുവന്നത് സംഭവത്തിന് തൊട്ട് പിന്നാലെയായിരുന്നു. ഇതെല്ലാം കൂടി ചേർത്തുവായിക്കുമ്പോൾ വ്യക്തമാവുന്നത് നമ്മുടെ കൺവെട്ടത്ത് ഉള്ളതിലേറെ കാര്യങ്ങൾ നൂപുർ ശർമ്മ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉണ്ടെന്നതാണ്.
ഉദയ് പൂരിലെ കൊലപാതകവും ആ ക്ര്യത്യം വീഡിയോവിൽ ചിത്രീകരിച്ചശേഷം നടന്ന വ്യാപകമായ പ്രചാരണവും ഉണ്ടാക്കാൻ സാധ്യതയുള്ള വലിയതോതിലുള്ള തിരിച്ചടികളും പ്രകോപനങ്ങളും വ്യക്തമായും കണക്കുകൂട്ടിയുള്ളതാണ്‌. എല്ലാവരും ആ കൊലപാതകത്തെ അപലപിച്ചുവെന്നത് സത്യമാണെങ്കിലും , 2002 ലെ ഗുജറാത്തിലെ വേദനാജനകമായ സംഭവങ്ങൾ രാജസ്ഥാനിൽ ആവർത്തിച്ചു കാണാത്തതിൽ രാജ്യമാകെ ആശ്വാസം കൊള്ളുകയായിരുന്നു. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ ഉദയ് പൂരിലെ കൊലയാളിയെയും അയാളുടെ രാഷ്ട്രീയ ബന്ധങ്ങളേയും വെളിച്ചത്തുകൊണ്ടുവരുവാൻ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് ഏറെ സമയം വേണ്ടിവന്നില്ല. കനൈയ്യ ലാലിനെ കൊലപ്പെടുത്തിയത് താൻ ആണെന്ന് അട്ടാരി മുഹമ്മദ് ഗൗസ് എന്ന തന്റെ കൂട്ടാളിയുമൊത്ത് മുഹമ്മദ് റിയാസ് കുറ്റസമ്മതം നടത്തി. രാജസ്ഥാൻ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ബി ജെ പി നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയയ്ക്കും ഉദയ് പൂരിലെ ബി ജെ പി പ്രസിഡന്റ് രവീന്ദ്ര ശ്രീമാലിക്കും ഒപ്പം ഉള്ള മൊഹമ്മദ റിയാസിന്റെ ഫോട്ടോകൾ പുറത്തുവന്നു. ബി ജെ പി യിലെ പ്രമുഖരായ രണ്ടു മുസ്‌ലിം നേതാക്കളായ മുഹമ്മദ് താഹിർ, ഇർഷാദ് ചെയിൻവാലാ എന്നിവരുമായും റിയാസിന് ബന്ധം ഉണ്ടെന്നത് ആർക്കും നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.
റിയാസ് അട്ടാരിയ്ക്കു ഇന്ത്യയിലെ ഏതെങ്കിലും പ്രതിപക്ഷ പാർട്ടി നേതാക്കളുമായിട്ടാണ് ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നതെങ്കിൽ പ്രമുഖ മാദ്ധ്യമങ്ങൾ എങ്ങനെ അത് ആഘോഷിക്കുമായിരുന്നെന്നും പ്രതിപക്ഷ പാർട്ടികൾ ഭീകരവാദത്തിന് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നുവെന്ന് ആരോപിച്ചുകൊണ്ട് ആർ എസ് എസ്- ബിജെപി വൃത്തങ്ങൾ എങ്ങിനെയെല്ലാം ഒച്ചവെക്കുമെന്നും നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളൂ. എന്നാൽ, റിയാസ് അട്ടാരിയുടെ തെളിയിക്കപ്പെട്ട ബി ജെ പി ബന്ധം മാദ്ധ്യമങ്ങൾ മൗനത്തിൽ കുഴിച്ചുമൂടാൻ ശ്രമിക്കുകയാണ്. നൂപുർ ശർമ്മയുടെ പ്രസ്താവത്തെ പിന്താങ്ങിയതിന്റെ പേരിൽ എന്നനിലയിൽ മഹരാഷ്ട്രയിലെ അമരാവതിയിൽ ഒരു കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവം കൂടി വന്നതോടെ , ഈ കൊലപാതകങ്ങളുടെ പൊതു സ്വഭാവത്തെക്കുറിച്ചു ചോദ്യങ്ങളും ഉൽക്കണ്ഠയും ഉയർന്നുവന്നത് സ്വാഭാവികമാണ്. അതിനിടെ, കാശ്മീരിൽ ജൂലൈ 3 ന് ജമ്മു-കശ്മീർ പോലീസ് " പിടികൊടുക്കാതെ നടക്കുന്ന ഒരു ഭീകരൻ", "ലഷ്കർ-എ-തോയ് ബാ കമാൻഡർ " എന്നീ നിലകളിൽ അറസ്റ്റ് ചെയ്ത താലിബ് ഹുസെയിൻ ഷാ, മേയ് മാസത്തിൽ ബി ജെ പി കശ്മീർ ന്യൂന പക്ഷ സെല്ലിലെ സാമൂഹ്യ മാദ്ധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന ചാർജ്ജ് വഹിച്ച വ്യക്തിയാണ്. .
ഉദയ് പൂരിലും അമരാവതിയിലും നടന്ന കൊലപാതകങ്ങൾ അന്വേഷിക്കാനുള്ള ചുമതല എൻ ഐ എ യ്ക്ക് നൽകിക്കഴിഞ്ഞു. "ലഷ്കർ-എ-തോയ് ബാ കമാൻഡർ " എന്ന നിലയിൽ കശ്മീരിൽ പിടിക്കപ്പെട്ട ആളെ ബി ജെ പി എന്തുകൊണ്ട് അതിന്റെ സമൂഹ മാധ്യമ വിങ്ങിന്റെ തലവൻ ആയി മുൻപ് നിയമിക്കാൻ ഇടവന്നു എന്ന ചോദ്യം ഉണ്ട്. ഇതിനു നൽകപ്പെടുന്ന വിശദീകരണം പ്രസ്തുത നിയമനം ഓൺലൈൻ റിക്രൂട്ട്മെന്റ് സമ്പ്രദായത്തിലൂടെ ആയിരുന്നതിനാൽ വ്യക്തികളുടെ പശ്ചാത്തലം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നുവെന്നാണ്. അതേ സമയം, ഒരു ബിജെപി വക്താവ് ഇപ്പോൾത്തന്നെ അതിനെ 'നേതൃത്വത്തിലെ ഉന്നതരെ വധിക്കാൻ ഉള്ള ഗൂഢാലോചന ' യായി വിശേഷിപ്പിച്ചിരിക്കുന്നു .ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ഏറ്റുമുട്ടൽക്കൊലകളുടെ പരമ്പരയെ ന്യായീകരിക്കാൻ ഇതേപോലുള്ള തിരക്കഥകൾ ആണ് ഉപയോഗിച്ചിരുന്നത്. അതിനേക്കാൾ സമീപകാലത്ത് ഇസ്രയേലി സോഫ്റ്റ് വെയർ സാങ്കേതിക വിദ്യയുപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിൽ തെളിവുകൾ കൃത്രിമമായി നിക്ഷേപിച്ച ശേഷം മനുഷ്യാവകാശപ്രവർത്തകർക്കെതിരെ കേസ് എടുക്കുകയുണ്ടായി; ഭീമാ കോരേഗാവ് കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെയാണ് ആ രീതി ഉപയോഗിച്ചത്. നൂപുർ ശർമ്മാ വിവാദവും ഉദയ് പൂർ - കശ്മീർ വെളിപ്പെടുത്തലുകളും മുതലാക്കിക്കൊണ്ട് 2024 തെരഞ്ഞെടുപ്പിന് മുൻപ് വിയോജിക്കുന്നവർക്കെതിരെ പകപോക്കാൻ
"ബിജെപി യിലെ ഉന്നത നേതൃത്വത്തിന് ജീവന് ഭീഷണി" എന്ന തിരക്കഥയുണ്ടാക്കി നീക്കങ്ങൾ നടത്താൻ ബിജെപി ഒരുമ്പെട്ടാൽ അത്ഭുതമില്ല.
സമാന്തര മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി വസ്തുതാന്വേഷണം നടത്തി സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും വ്യാജ വാർത്തകൾ പൊളിച്ചുകാട്ടുകയും ചെയ്യുന്ന വെബ് സൈറ്റ് ആയ ആൾട്ട് ന്യൂസിന്റെ സ്ഥാപകരിൽ ഒരാൾ ആയ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്ന പ്രതീക സിൻഹയെക്കൂടി അറസ്റ്റ് ചെയ്യാത്തതിൽ ആസൂത്രിതമായി മുറവിളി ഉയർത്തുന്നതും സൂചിപ്പിക്കുന്നത് അങ്ങേയറ്റം ദുഷ്ടലാക്കോടുകൂടിയ ഹീനമായ പകപോക്കൽ നയം ഇനിയും തുടരാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് .ടീസ്‌ത സെതൽവാദ് , ആർ ബി ശ്രീകുമാർ , സഞ്ജീവ് ഭട്ട് എന്നിവർ ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം നടത്തിയതിനാണ് പകപോക്കലിന് ഇരകൾ ആയതെങ്കിൽ, മുഹമ്മദ് സുബൈറിന് എതിരായ വേട്ടയുടെ കാരണം ഭരണകൂടം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളും നുണകളും ധൈര്യസമേതം തുറന്നുകാട്ടാൻ അദ്ദേഹം മുന്നോട്ടുവന്നുവെന്നതാണ്. വിദ്വേഷം, നുണകൾ, അടിച്ചമർത്തൽ, ഭീകരത എന്നീ നാല് തൂണുകളാൽ താങ്ങിനിർത്തപ്പെടുന്ന ഒരു ഭരണകൂടത്തിന് സത്യവും നീതിയും അനഭിമതമാവുന്നതിൽ അത്ഭുതമില്ല. അതിനാൽ നേരിന്റെയും ന്യായത്തിന്റേയും സാക്ഷാൽക്കാരം തേടുന്ന ഏവരേയും വെറുക്കപ്പെട്ട ക്രിമിനലുകളെ എന്നപോലെയാണ് പരിഗണിക്കുന്നത്.
കടിഞ്ഞാണില്ലാതെ പ്രവർത്തിക്കുന്ന അദാനി- അംബാനി മാരുടെ കോർപ്പറേറ്റ് അധികാരത്തിന്റെ പിന്തുണയും, ഇ ഡി , സി ബി ഐ എന്നീ കേന്ദ്ര ഏജൻസികളുടെ പ്രഹരശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയെ ഇനിയുമൊരു നാല്പത് വർഷം അടക്കിവാഴാനുള്ള പദ്ധതിയാണ് ബി ജെ പി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു അവകാശവാദം അടുത്തയിടെ അമിത് ഷാ ഒരിക്കൽക്കൂടി ഉന്നയിക്കുകയും ചെയ്തു. പട്ടാളത്തിലെ മേലുദ്യോഗസ്ഥർ അതാത് കാലത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിനെ സംരക്ഷിക്കുമ്പോൾ താഴേത്തട്ടിലെ സാധാരണ പട്ടാളക്കാർ തൊഴിൽ സുരക്ഷിതത്വമോ, സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിൽ ഗുണഭോക്താക്കൾ ആകാനുള്ള അർഹതയോ ഒന്നുമില്ലാത്ത കോൺട്രാക്ട് ജോലിക്കാർ ആയി മാറ്റപ്പെടുംവിധത്തിൽ ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും പുനസ്സംഘടിപ്പിക്കാനും ഉള്ള ഒരു കാൽവെപ്പ് എന്ന നിലയിൽ അഗ്നിപഥ് നടപ്പാക്കാനുള്ള നീക്കത്തോടെ , സർക്കാരിന്റെ ഉദ്ദേശം എന്തെന്ന ഒരു സൂചനയാണ്‌ നമുക്ക് കിട്ടിയത്. മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ യിൽ യഥാർത്ഥത്തിൽ കോടതി ഉത്തരവ് ഉണ്ടാകുന്നതിനു മണിക്കൂറുകൾ മുൻപേ പോലീസാണ് ജാമ്യാപേക്ഷ തള്ളിയതായ വാർത്ത ആദ്യം പ്രഖ്യാപിച്ചത് എന്നതും, ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്ക് നീതിതേടി സുപ്രീം കോടതിയുടെ മുന്നിൽ എത്തിയ കേസിലെ അഭിഭാഷകയായിരുന്ന ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്യാൻ അതെ കേസിന്റെ വിധിപ്രസ്താവം പ്രേരണ നൽകിയതും ഇന്ത്യൻ ജുഡീഷ്യറി ഭാവിയിൽ എങ്ങനെയായിത്തീരാൻ പോകുന്നുവെന്നതിന് മുന്നോടിയായ സൂചനകൾ ആണ്.
മോദി അധികാരത്തിൽ വന്നതിനുശേഷമുള്ള എട്ട് വർഷക്കാലത്തിനിടെ ബി ജെ പി യുടെ ഉന്നം "കോൺഗ്രസ്സ് മുക്‌ത ഭാരതം " എന്നതിൽ നിന്നും മാറി വിയോജിപ്പുകളില്ലാത്ത ജനാധിപത്യം എന്നതിലേക്ക് എത്തിയിരിക്കുന്നു. ഭരണഘടനയുടെ മുഖവുരയായി എഴുതിവെച്ചിരിക്കുന്ന തത്വങ്ങളിലേക്ക് ഇന്ത്യ തിരിച്ചുപോകാൻ സമയമായിരിക്കുന്നു. ജനാധിപത്യവും വൈവിദ്ധ്യങ്ങളും വിയോജിപ്പുകളും എല്ലാം ചേർന്നതാണ് ആധുനിക ഇന്ത്യ എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട സമയമാണ് ഇത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എൺപതാം വാർഷികത്തിൽ ഇന്ത്യയെ ബുൾഡോസറുകൾ കൊണ്ട് ഭരിക്കാൻ കഴിയുന്ന ഒരു ബനാനാ റിപ്പബ്ലിക്ക് ആക്കാൻ നിങ്ങളെ അനുവദിക്കില്ല എന്ന് കൊളോണിയൽ ഭരണകർത്താക്കളുടെ വിധേയ ശിഷ്യന്മാരോട് ഇന്ത്യ ഒന്നടങ്കം ഉറച്ച ശബ്ദത്തിൽ പറയേണ്ടതുണ്ട് !




No comments:

Post a Comment