Thursday, 14 July 2022

 


ജൂലൈ 28, 2022 പ്രതിജ്ഞ :

പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് വൻ വിജയമാക്കാൻ എല്ലാവിധ പ്രവർത്തനങ്ങളും നടത്തുക !
ക്സൽബാരി കർഷക ഉയിർത്തെഴുന്നേല്പിന്റെ മഹാനായ ശില്പിയും സി പി ഐ (എം എൽ ) സ്ഥാപക ജനറൽ സെക്രട്ടറിയും ആയ സഖാവ് ചാരു മജൂംദാറിന്റെ രക്തസാക്ഷിത്വത്തിന്റെ അൻപതാം വാർഷികമാണ്
ജൂലൈ 28, 2022 . ഇന്ത്യയിലെ വിപ്ലവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്
സഖാവ് ചാരു മജൂംദാർ നൽകിയ മഹത്തായ സംഭാവനകളിൽനിന്നും ആവേശം ഉൾക്കൊള്ളാനുള്ള ഒരു സന്ദർഭമാണ് ഇത്. അദ്ദേഹം രൂപം നൽകിയ പാർട്ടിയെ എല്ലാവിധത്തിലും ശക്തിപ്പെടുത്താനും , വർത്തമാന കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനുവേണ്ടി പാർട്ടിയുടെ ഭാഗധേയം സമസ്ത മേഖലകളിലും കൂടുതൽ കരുത്തുറ്റതും ഫലപ്രദവും ആക്കാനും വേണ്ടി നമ്മുടെ പ്രതിജ്ഞ പുതുക്കാനുള്ള സമയമാണിത്.
സഖാവ് ചാരു മജൂംദാർ കർഷക പ്രസ്ഥാനത്തിന്റെ കമ്മ്യൂണിസ്റ്റ് സംഘാടകൻ എന്ന നിലയിൽ സിപിഐ യിലും പിന്നീട് സിപിഐ(എം )ലും ആയി അനേകം വർഷങ്ങൾ അർപ്പിതമനസ്സോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു. അവിഭക്ത ഇന്ത്യ ബംഗാളിൽ 1940 കളുടെ അന്ത്യത്തിൽ സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ
തേ ഭാഗാ പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകരിലൊരാൾ ആയിരുന്നു അദ്ദേഹം. അവിഭക്ത ബംഗാളിൽ പുരോഗമനത്തിന്റെ ശത്രുക്കളായി തിരിച്ചറിയപ്പെട്ട ഭൂപ്രഭുത്വം , കോളനിവാഴ്ച്ച , വർഗ്ഗീയത എന്നീ മൂന്ന് കാര്യങ്ങൾക്കെതിരെ വലിയ അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ തേ ഭാഗാ പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ സാമ്പത്തികവും കാർഷികവുമായി പ്രതിസന്ധികൾ നേരിട്ട ഒരു പശ്ചാത്തലത്തിൽ തേ ഭാഗാ പ്രസ്ഥാനത്തിന്റെ പൈതൃകവും സ്പിരിറ്റും തിരിച്ചുപിടിക്കാൻവേണ്ടി വർഷങ്ങളോളം നടത്തപ്പെട്ട സംഘടിതവും ബോധപൂർവവും ആയ പരിശ്രമങ്ങളുടെ പരിണിതഫലം ആയിരുന്നു നക്സൽബാരി .
സഖാവ് ചാരു മജൂംദാർ രാഷ്ട്രീയ സ്ഥിതിഗതികളെ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. വർഗ്ഗ സമരത്തെ അതിന്റെ എല്ലാ മാനങ്ങളിലും വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. വർഗ്ഗസമരത്തിന്റെ കാര്യത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അംശങ്ങളിലടക്കം അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. സാമ്രാജ്യത്വത്തിന് എതിരേ നടത്തേണ്ട വിപ്ലവസമരങ്ങളെക്കുറിച്ച് 1950 കളിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നടന്ന സംവാദങ്ങൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരിലും അനുരണനങ്ങൾ ഉണ്ടാക്കിയപ്പോൾ വിപ്ലവലൈനിനെ ഉയർത്തിപ്പിടിച്ചുകൊണ്ട് സഖാവ് മജൂംദാർ 1964 ൽ സിപിഐ (എം) പക്ഷത്ത് നിലകൊള്ളുകയും, വിപ്ലവ നിലപാടിനുവേണ്ടി ആ പാർട്ടിയ്ക്കകത്ത് തൻ്റെ സമരം തുടരുകയും ചെയ്തു. 1967 ൽ ആദ്യമായി ബംഗാളിൽ ഒരു കോൺഗ്രസ്സിതര കൂട്ടുകക്ഷി ഭരണം നിലവിൽ വന്നപ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടി മുന്നണിയിലെ പ്രധാനപ്പെട്ട ഒരു ഘടക കക്ഷിയാവുന്നു എന്ന അർത്ഥത്തിൽ അത് ഒരു വഴിത്തിരിവായിരുന്നു. ഈ കാലഘട്ടത്തിൽ, ഗ്രാമീണ കർഷകർ ഉൾപ്പെട്ട വിപ്ലവ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഖാവ് ചാരു മജൂംദാർ മറ്റനേകം സഖാക്കൾക്കൊപ്പം അടിത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചു.
ഒറ്റപ്പെട്ടതെന്ന പ്രതീതിയുണ്ടാക്കുമായിരുന്ന ഒരു കർഷകകലാപം രാജ്യമെങ്ങും വിപ്ലവത്തിന്റെ കൊടുങ്കാറ്റിന്റെ സഞ്ചാര പഥം ആയിത്തീർന്നതിന്റെ ഉദാഹരണമാണ് നക്സൽബാരി. സഖാവ് ചാരു മജൂംദാർ നമുക്ക് കാട്ടിത്തന്നത് വിപ്ലവകാരികൾ അവസരത്തെ എങ്ങിനെ പിടിച്ചെടുക്കണമെന്ന പാഠം ആണ്. നക്സൽബാരിയിലെ മുന്നേറ്റം അഭൂതപൂർവ്വമായ മാനങ്ങളിൽ വിദ്യാർത്ഥി - യുവജന വിഭാഗങ്ങളെ ആകർഷിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു. സഖാവ് മജൂംദാറിന്റെ ആഹ്വാനത്താൽ പ്രചോദിതരായ ആയിരക്കണക്കിന് യുവ വിപ്ലവകാരികൾ ഭൂരഹിത ദരിദ്രരുടെ പോരാട്ടത്തിൽ അണിചേരാനായി ഗ്രാമങ്ങളിലേക്ക് പ്രവഹിച്ചു. സമരങ്ങൾ അതുവരെ ഉണ്ടായിട്ടില്ലാത്ത പുതിയ തരത്തിലുള്ള ഐക്യപ്പെടലിലേക്ക് കേന്ദ്രീകരിക്കുംവിധത്തിൽ ആശയങ്ങളും അനുഭവങ്ങളും തമ്മിൽ ഒരു പുതിയ സംയോജനത്തിന് ആണ് അത് വഴിതെളിച്ചത് . വർഗ്ഗസമരത്തിന്റെ പുതിയതും സവിശേഷവുമായ തീജ്വാലകൾ ആളിപ്പടരുന്നതിനിടെ പിറവിയെടുത്ത ഒരു പാർട്ടിയാണ് സിപിഐ (എം എൽ ). പുതിയ പാർട്ടിയെ കഠിനമായ അടിച്ചമർത്തലിലൂടെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങൾ ഉണ്ടായ അങ്ങേയറ്റം വിഷമകരമായ ഘട്ടത്തിലും, മഹത്തായ ധീരതയോടെയും ആത്മവിശ്വാസത്തോടേയും ബുദ്ധിപൂർവ്വമായും അതിനെ അഭിമുഖീകരിക്കാൻ സഖാവിന് സാധിച്ചു .
തന്റെ രക്തസാക്ഷിത്വത്തിന് ദിവസങ്ങൾ മുൻപ് സഖാവ് ചാരു മജൂംദാർ എഴുതിയ കുറിപ്പുകളിൽ പാർട്ടിയെ എല്ലാ സാഹചര്യങ്ങളിലും സജീവമായി നിലനിർത്താനും, പാർട്ടിക്ക് ഉണ്ടായിട്ടുള്ള തിരിച്ചടികളെ അതിജീവിക്കാനും വേണ്ടി ജനങ്ങളുമായി ഉറ്റ ബന്ധം നിലനിർത്താൻ തന്റെ സഖാക്കളെ ആഹ്വാനം ചെയ്തു. ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുക എന്നതാണ് പാർട്ടിയുടെ ഒരേയൊരു താൽപ്പര്യം എന്നും, അത് സാധ്യമാക്കാനായി മുൻപ് നമ്മൾ പ്രതിയോഗികളും എതിരാളികളുമായിക്കരുതിയവരും വിശാല ഇടത് പക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരും ആയ പ്രതിപക്ഷത്തെ രാഷ്ട്രീയപ്പാ ർട്ടികളുമായിപ്പോലും ഐക്യപ്പെട്ടും സഹകരിച്ചും മുന്നോട്ട് പോകേണ്ട കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ഒടുവിലത്തെ സന്ദേശത്തിൽ നിന്ന് ലഭിച്ച പ്രചോദനമാണ് പാർട്ടിയെ പുനസ്സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തത്തോടെ സഖാവിന്റെ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാർഷികത്തിൽ ഒരു കേന്ദ്ര കമ്മിറ്റിക്ക് നാം രൂപം നൽകിയത്. തുടർന്ന് അഞ്ചു ദശാബ്ദക്കാലം കടുത്ത ഭരണകൂട അടിച്ചമർത്തലിന്റേയും ഫ്യൂഡൽ - രാഷ്ട്രീയ ഹിംസയുടേയും ഇടയ്ക്കിടെ ഉണ്ടായ രാഷ്ട്രീയ തിരിച്ചടികളുടേയും പ്രത്യയശാസ്ത്രപരമായ വെല്ലുവിളികളുടേയും ഘട്ടങ്ങളെ അതിജീവിച്ചുകൊണ്ട് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പാർട്ടിക്ക് സാധിച്ചു.
സഖാവ് ചാരു മജൂംദാറിൻറെ രക്തസാക്ഷിത്വം അൻപത് വർഷങ്ങൾ പിന്നിടുന്ന ഈ സന്ദർഭത്തിൽ നമ്മൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ സാഹചര്യങ്ങളെയാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനോപാധികളും സ്വാതന്ത്ര്യങ്ങളും ഇന്ന് അങ്ങേയറ്റം അരക്ഷിതാവസ്ഥയിൽ ആണെന്നതിന് പുറമേ , മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത റിപ്പബ്ലിക്കിൽ നിന്നും അതിവേഗത്തിൽ എടുത്തുകളയുന്ന ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രത്തിന്റെ കെണിയിൽപ്പെട്ടിരിക്കുകയാണ് രാജ്യം. വിപ്ലവമെന്ന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിന് വേണ്ടി സ്ഥാപിതമായ ഒരു പാർട്ടിയുടെ മുന്നിൽ ഇന്നുള്ള കടമ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത ഈ ദുരിതത്തിൽനിന്നും റിപ്പബ്ലിക്കിനെ മോചിപ്പിച്ച് പുന:സൃഷ്ടിക്കുന്ന പ്രക്രിയയിൽ നേതൃത്വപരമായ പങ്കുവഹിക്കുക എന്നാണ് . വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെങ്കിൽ പാർട്ടിയെ സംഘടനാപരമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി , അടുത്ത ഫെബ്രുവരിയിൽ പട് നയിൽ നടക്കാനിരിക്കുന്ന പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു. പാർട്ടി കോൺഗ്രസ്സ് മഹത്തയ ഒരു വിജയമാക്കാൻ ഓരോ പാർട്ടിയംഗവും, ബ്രാഞ്ച് കമ്മിറ്റിയും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കട്ടെ.

No comments:

Post a Comment