ഫുൽവാരി ഷെരീഫ് കേസിന്റെ പശ്ചാത്തലത്തിൽ ബീഹാർ ഭരണകൂടവും പോലീസും ഒരു പ്രദേശത്തേയും മുസ്‌ലീം സമുദായത്തേയും "ദേശവിരുദ്ധപ്രവർത്തന"ങ്ങളിൽ ഏർപ്പെടുന്നവരും "തീവ്രവാദി"കളും ആയി ചിത്രീകരിക്കുന്നതിനെതിരെ സിപിഐ എംഎൽ ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ മുഖ്യമന്ത്രിക്ക് കത്തെഴുതി.
ഫുൽവാരി ഷെരിഫ് കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ ആകമാനം ലക്ഷ്യമാക്കി നടന്നുവരുന്ന വ്യാജ പ്രചാരണങ്ങളുടെ സാഹചര്യത്തിൽ , മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലക്ക് കേസ് മൊത്തത്തിൽ പരിശോധിക്കണമെന്ന് ജൂലൈ 24 നു എഴുതിയ കത്തിലൂടെ സി പി ഐ എം എൽ ബിഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ ആവശ്യപ്പെട്ടു.
ഒന്നോ രണ്ടോ സംശയാസ്പദമായ സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടു മുസ്‌ലിം സമുദായത്തേയും ഫുൽവാരി ഷെരീഫ് എന്ന പ്രദേശത്തേയും "തീവ്രവാദപ്രവർത്തനങ്ങളുടെ വിളനിലം" ആയി പോലീസും ഭരണകൂടവും മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിനെ സി പി ഐ എം എൽ ചോദ്യം ചെയ്തു. ഇങ്ങനെ ഒരു സമുദായത്തിലെ അംഗങ്ങളെ തുടർച്ചയായി മാധ്യമങ്ങളിലൂടെ താറടിച്ചു കാണിക്കുന്നത് മുസ്ലീങ്ങൾക്കെതിരെ വിദ് വേഷം ഉൽപ്പാദിപ്പിക്കാനും അവരെ ഭീതിയുടെ അന്തരീക്ഷത്തിൽ നിലനിർത്താനും ആണെന്ന് പ്രസ്തുത കത്തിൽ സ:കുനാൽ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണയിലിരിക്കുന്ന കേസുകൾ മാദ്ധ്യമങ്ങൾ വിചാരണചെയ്യുന്ന ഏർപ്പാട് നിർത്തണമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് അടുത്ത ദിവസം പ്രസ്താവിച്ച കാര്യവും സ:കുനാൽ ബീഹാർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.
ഒരു തെളിവും ജനങ്ങൾക്ക് മുന്നിൽ കാണിക്കാനില്ലാത്തപ്പോഴും പോലീസ് മാധ്യമങ്ങൾ വഴി പലതരത്തിലുള്ള കഥകൾ പ്രചരിപ്പിക്കുകയാണെന്നും , അതുമൂലം ഗുരുതരമായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളിൽ മാധ്യമങ്ങൾ നടത്തുന്ന മുൻകൂർ വിചാരണ ഭരണഘടനയനുസരിച്ചും ജനാധിപത്യത്തിന്റെ താല്പര്യങ്ങളനുസരിച്ചും ആശാസ്യമല്ല. മുസ്‌ലിം സമുദായത്തെയും ഫുൽവാരി ഷെരീഫ് എന്ന പ്രത്യേക പ്രദേശത്തേയും അപകീർത്തിപ്പെടുത്താനായുള്ള ശ്രമത്തിന്റെ ഭാഗമായ അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലയ്ക്ക് ഇടപെടൽ നടത്തണമെന്ന് സ: കുനാൽ ആവശ്യപ്പെട്ടു.
No comments:
Post a Comment