Thursday, 22 December 2022




  ML അപ്ഡേറ്റ്

 CPIML പ്രതിവാര വാർത്താ മാഗസിൻ
 വാല്യം.  25 |  നമ്പർ 52 |  2022 ഡിസംബർ 20–26


 എഡിറ്റോറിയൽ:



 ഗോദി  മീഡിയയ്ക്ക് പിന്നാലെ ഒരു ഗോദി  ജുഡീഷ്യറിയും സർക്കാരിന്  വേണോ?


  സുപ്രിം കോടതിയുടെ ആധികാരികതയ്ക്കു മേൽ മോദി സർക്കാർ  ആസൂത്രിതമായി നടത്തുന്ന   ആക്രമണത്തിന്  അനേകം സൂചനകൾ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി നിലവിലുള്ള  കൊളീജിയം സംവിധാനത്തിനെതിരെ  ഉപരാഷ്ട്രപതി  ജഗ്ദീപ് ധൻ കറും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവും വെവ്വേറെ സന്ദർഭങ്ങളിൽ പരസ്യമായി രോഷപ്രകടനം നടത്തുകയുണ്ടായി. 2015 ലെ ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ (എൻജെഎസി) നിയമം  റദ്ദാക്കിയതിന് ഉപരാഷ്ട്രപതി സുപ്രീം കോടതിയെ കുറ്റപ്പെടുത്തി. " ജനഹിതം "  ആയി സർക്കാർ ചിത്രീകരിച്ച ന്യായവാദങ്ങൾ തള്ളിക്കളഞ്ഞ  സുപ്രീം കോടതി മേൽപ്പറഞ്ഞ പരസ്യ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും , കേന്ദ്രമന്ത്രിമാർ അത്തരം പരാമർശങ്ങൾ   നടത്തുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ യഥാസമയം  ഓർമ്മപ്പെടുത്താത്തതിന്  അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയെ വിമർശിക്കുകയും ചെയ്തു.

 ഈ ആക്രമണത്തിന് തെരഞ്ഞെടുത്ത  സമയം മനസ്സിലാക്കാൻ പ്രയാസമില്ല.  2014-ൽ അധികാരം പിടിച്ചെടുത്തതിന്റെ പിന്നാലെ  സുപ്രീം കോടതിയിൽ നിന്നും ശല്യങ്ങൾ വരാനിടയില്ലാത്ത സുരക്ഷിതമായ ഒരു കാലം ആസ്വദിച്ചതിന് ശേഷം, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി വരുമെന്ന് മോദി സർക്കാരിന് ബോധമുണ്ട്.   അദ്ദേഹം പ്രസ്തുത സ്ഥാനത്ത് തുടരുന്ന  രണ്ട് വർഷക്കാലത്തിനിടെ , 19 ജഡ്ജിമാരെങ്കിലും സുപ്രീം കോടതിയിൽ പുതുതായി നിയമിക്കപ്പെടും.  സുപ്രീം കോടതിയിലേക്ക്.  ജാമ്യാപേക്ഷകളോ പൊതുതാൽപര്യ ഹർജികളോ കേൾക്കരുതെന്ന് സുപ്രീം കോടതിയെ താക്കീത് ചെയ്യുമ്പോലെയുള്ള  റിജുജുവിന്റെ  ആക്രമണത്തിന് മറ്റൊരു കാരണം ഉണ്ട് ; മുഹമ്മദ് സുബൈർ, സിദ്ദിഖ് കാപ്പൻ, വരവര റാവു, ആനന്ദ് തെൽതുംബ്‌ഡെ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും എഴുത്തുകാർക്കും വിയോജിപ്പുള്ള പൗരന്മാർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അത് ഉണ്ടായത് . പൊതുതാൽപര്യ ഹർജികൾ  ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഫയൽ ചെയ്യുന്നത്, "ഭരണഘടനയുടെ ആത്മാവും  ഹൃദയവും" ആണെന്ന് അംബേദ്‌കർ പ്രഖ്യാപിച്ച ആർട്ടിക്കിൾ ആണ് അത്.  .


  ജഡ്ജിമാരുടെ നിയമനത്തിൽ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള തർക്കം അടുത്തകാലത്തുണ്ടായതല്ല.  സ്വാതന്ത്ര്യാനന്തരം കുറേക്കാലം ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവി ന്റെ കൈയ്യിൽ നിലനിർത്തപ്പെട്ടിരുന്നു . വ്യവസ്ഥാപിതമായ കീഴ്വഴക്കം  ലംഘിച്ച്, തന്റെ മൂന്ന് മുതിർന്ന സഹപ്രവർത്തകരെ മറികടന്ന് നാലാമത്തെ മുതിർന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസായി 1973 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചത് വലിയ വിവാദമായിരുന്നു. എഡിഎം ജബൽപൂർ കേസിനോടനുബന്ധിച്ചു ജസ്റ്റിസ് എച്ച്ആർ ഖന്നയ്ക്ക്  ഇന്ദിരാഗാന്ധിയുമായി ഉണ്ടായ വിയോജിപ്പിനുള്ള  ശിക്ഷയായിട്ടാണ് അദ്ദേഹത്തിന്റെ സീനിയോറിട്ടിയെ മറികടന്ന് മറ്റൊരു ജഡ്ജിനെ സൂപ്രീം  കോടതി ചീഫ് ജസ്റ്റീസ് ആയി കണ്ടെത്തിയത് . ഇതുപോലെയുള്ള ഒരു എക്സിക്യൂട്ടീവ് നടപടി ജഡ്ജിമാരുടെ നിയമനവും ജുഡീഷ്യറിയുടെ സ്വതന്ത്ര പദവിയിലുള്ള എക്സിക്യൂട്ടീവ് കൈകടത്തലും  തമ്മിലുള്ള  ബന്ധം സ്ഥാപനവൽക്കരിക്കാൻ ഇടയായി.

 
 കൊളീജിയം സമ്പ്രദായത്തിന് കീഴിൽ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി  പുറപ്പെടുവിക്കുന്ന 1993 വരെ മാത്രമേ എക്‌സിക്യൂട്ടീവിന് ലഭിച്ചിരുന്ന പ്രാമുഖ്യം നിലനിൽക്കുകയുള്ളൂ.  അധികാരത്തിൽ വന്നയുടൻ എൻജെഎസി  അവതരിപ്പിച്ചുകൊണ്ട് മോദി സർക്കാർ ഈ അധികാരം തിരിച്ചു പിടിക്കാൻ  ശ്രമിച്ചുവെങ്കിലും, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ അത് സർക്കാരിന് തിരിച്ചടിയായി.  വിധേയത്വം കാട്ടുന്ന ഒരു  ജുഡീഷ്യറിയുടെ പിന്തുണ അതുവരെ  ആസ്വദിച്ച മോദി സർക്കാർ, കൊളീജിയം തിരഞ്ഞെടുക്കുന്ന ജഡ്ജിമാരുടെ നിയമനങ്ങൾ വിജ്ഞാപനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതിക്കെതിരെ നിലകൊള്ളുകയാണ്.  
                                    

 "സ്വതന്ത്രനായ ജഡ്ജി എന്റേയോ  സർക്കാരിന്റേതോ അല്ല" എന്ന് മാർക്സ് ഒരിക്കൽ എഴുതി.  ജഡ്ജിമാരുടെ വർഗ്ഗ പരമായ പശ്ചാത്തലത്തിൽ  ശ്രദ്ധേയമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതിൽ സംശയമില്ലെങ്കിലും , വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ  വ്യാഖ്യാനങ്ങൾ  മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അവ ചിലപ്പോൾ ഭരണകൂടത്തിന് അനുകൂലമായും മറ്റ് ചിലപ്പോൾ പ്രതികൂലമായും വരാറുണ്ട്.    ഒരു സ്വതന്ത്ര ജുഡീഷ്യറി എന്നത് ഏത് നിലയിലും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് വിലങ്ങുതടി ആകും എന്ന യുക്തി നിലനിൽക്കാൻ യോഗ്യമാണ്.  അടിയന്തരാവസ്ഥക്കാലത്തും, മിക്ക സുപ്രീം കോടതി ജഡ്ജിമാരും എക്സിക്യൂട്ടീവിന് കീഴടങ്ങിയപ്പോഴും, ജസ്റ്റ്.  എച്ച്ആർ ഖന്നയും നിരവധി ഹൈക്കോടതി ജഡ്ജിമാരും ഭരണഘടനയെ നിർഭയം ഉയർത്തിക്കാട്ടുന്ന  വിധി പുറപ്പെടുവിച്ചു.   
 നിലവിലെ സാഹചര്യം  മുമ്പെങ്ങുമില്ലാത്തവിധം ജുഡീഷ്യറിയുടെ സ്വതന്ത്ര അസ്തിത്വത്തിനു  വെല്ലുവിളി ഉയർത്തുന്നതാണ്. മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നതിനുശേഷം, ഹിന്ദുത്വത്തെ നിയമത്തിലേക്ക്  നഗ്നമായ രീതിയിൽ എഴുതിച്ചേർത്തിട്ടും  സർക്കാരിനോട് ജുഡീഷ്യറി ഗൗരവമായ ചോദ്യങ്ങൾ ഒന്നും ചോദിച്ചിട്ടില്ല.  നോട്ട് അസാധുവാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പുനഃസംഘടന, പൗരത്വ നിയമ ഭേദഗതി,  ഇലക്ടറൽ ബോണ്ടുകൾ എന്നിവയ്‌ക്കെതിരെ സുപ്രീം കോടതികളിൽ  സമർപ്പിക്കപ്പെട്ട  ഹരജികളിൽ ഒന്നുപോലും   ഈ തീയതിവരെ തീർപ്പാക്കിയിട്ടില്ല.  നിയമപണ്ഡിതനായ ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടുന്നത് പോലെ, അലോസരപ്പെടുത്തുന്നതും സമയബന്ധിതവുമായ ഒരു ചോദ്യത്തിൽ  തീരുമാനമെടുക്കുന്നത് കോടതികൾ ഒഴിവാക്കുകയാണ്. ഇതിനെ 'ജുഡീഷ്യൽ ഒഴിഞ്ഞുമാറൽ ' ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത് ഫലത്തിൽ സർക്കാരിന് അനുകൂലമാകുന്നതിനാൽ ഈ പ്രവണത നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. എന്നാൽ, സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ചുള്ള പൊതുബോധത്തെ ഇത്  സാരമായി ബാധിക്കുന്നു.                                                   
 ചീഫ് ജസ്റ്റിസിന്റെ പദവി ഒഴിഞ്ഞ രഞ്ജൻ ഗൊഗോയിയെ മോദി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു, അരുൺ മിശ്രയെ എൻഎച്ച്ആർസിയുടെ ചെയർപേഴ്‌സണായി നിയമിക്കുന്നതിനു വേണ്ടിയുള്ള നിയമഭേദഗതിയും സർക്കാർ ചെയ്തു.  ബാബറി മസ്ജിദ്,  പിഎംഎൽഎ ( കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം), അടുത്തിടെ ഇഡബ്ല്യുഎസ് (സാമ്പത്തികമായി ദുർബ്ബലരായ മുന്നോക്ക ജാതിക്കാർക്ക് ഏർപ്പെടുത്തിയ സംവരണം ) എന്നിവയുൾപ്പെടെയുള്ള ഭരണകൂടത്തിന്റെ രാഷ്ട്രീയ പദ്ധതിക്ക് അനുയോജ്യമായ നിർണായക കാര്യങ്ങളിൽ അനുകൂലവിധികളും സുപ്രീം കോടതിപുറപ്പെടുവിച്ചു.


  കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജികളിൽ ആശ്വാസ പരിപാടികൾ നടപ്പാക്കിയത് സംബന്ധിച്ച്  ഗവണ്മെന്റിന്റെ  കാമ്പില്ലാത്ത അവകാശവാദങ്ങൾ സുപ്രീം കോടതി അംഗീകരിച്ചത് ഒരുപക്ഷേ മേൽപ്പറഞ്ഞതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.  എഡിഎം ജബൽപൂർ കേസ്  ഇനിമേൽ സുപ്രീം കോടതിയുടെ ചരിത്രത്തിലെ  ഏറ്റവും കറുത്ത നിമിഷമായി  ഓർക്കപ്പെടില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി ഗോപാൽ ഗൗഡ പ്രഖ്യാപിച്ചു. " COVID-19 പാൻഡെമിക് സമയത്ത്  തടയാമായിരുന്ന കുടിയേറ്റ പ്രതിസന്ധിയോടുള്ള സുപ്രീം കോടതിയുടെ തണുത്ത പ്രതികരണം  പ്രതികരണമാണ്  ഇപ്പോൾ അതിന്റെ സ്ഥാനത്ത് വന്നിരിക്കുന്നത് ” എന്ന് അദ്ദേഹം പറയുന്നു. ജസ്റ്റീസ് ഖുറേഷിക്ക് സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാന ക്കയറ്റം നൽകുന്നത് തടയുന്ന സർക്കാർ ഇടപെടലിന് മുന്നിൽ കീഴടങ്ങുക വഴി   നിയമനകാര്യങ്ങളിൽ പോലും എക്സിക്യൂട്ടീവിന്  മുമ്പിൽ സുപ്രീം കോടതി സ്വയം അടിയറവ് പറയുകയായിരുന്നു.






 ഇതൊന്നും കൊളീജിയം ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചുള്ള ന്യായമായ വിമർശനത്തിൽ നിന്ന്, പ്രത്യേകിച്ച് സ്വജനപക്ഷപാതം, ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മറ്റ് ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങൾ എന്നിവരുടെ പ്രാതിനിധ്യമില്ലായ്മ എന്നിവയിൽ നിന്ന് വേർതിരിച്ചു മാറ്റാവുന്നതല്ല.  മോദി സർക്കാരിന്റെ ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിയമനങ്ങളിൽ പ്രാതിനിധ്യവും സുതാര്യതയും ഉറപ്പാക്കേണ്ട ബാധ്യത സുപ്രീം കോടതിക്ക് ആണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത്  ഭരണഘടനയുടെ  അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷവും,   പ്രവർത്തനപരമായ ജനാധിപത്യത്തിന് അത് പരമപ്രധാനവുമാണ്.  അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പ്രഖ്യാപിച്ചത്  "ഭയമോ പക്ഷപാതമോ  ഇല്ലാതെ നീതി നടപ്പാക്കുന്നതിന് ആവശ്യമായ സ്വാതന്ത്ര്യം"  ജുഡീഷ്യറിക്ക് ഉണ്ടായിരിക്കണം എന്നാണ്.  പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവും നിതാന്ത ജാഗ്രത പുലർത്തുന്ന ഒരു കാവൽക്കാരൻ എന്ന നിലക്കുള്ള സ്വതന്ത്ര  ജുഡീഷ്യറിയും തമ്മിലുള്ള വേർതിരിവ്  മായ്ച്ചുകളയുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാനേ  ഈയവസരത്തിൽ നമുക്ക് കഴിയൂ .

No comments:

Post a Comment