സി പി ഐ എം എൽ 11 - )0 പാർട്ടി കോൺഗ്രസ്സ്, പട് ന
ഫെബ്രുവരി 15 -20 ,2023
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ് -ലെനിനിസ്റ്റ് )ന്റെ 11 -)0
പാർട്ടി കോൺഗ്രസ്സ് 2023 ഫെബ്രുവരി 15 മുതൽ 20 വരെ
ബിഹാറിലെ പട് നയിൽ നടക്കുകയാണ്. "ജനാധിപത്യം രക്ഷിക്കൂ-
ഇന്ത്യയെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 15 ന്
പട് ന ഗാന്ധിമൈതാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഒരു ബഹുജന
റാലിക്ക് ശേഷമായിരിക്കും പാർട്ടി കോൺഗ്രസ്സ് ആരംഭിക്കുക .
പ്രസ്തുത റാലിയിൽ കർഷകരും യുവജനങ്ങളും , വിദ്യാർത്ഥികളും
,സ്ത്രീകളും ഗ്രാമീണ ദരിദ്രരും, സ്‌കീം വർക്കേഴ്സ് ഉൾപ്പെടെയുള്ള
തൊഴിലാളി വിഭാഗങ്ങളും ആയി ലക്ഷക്കണക്കിന് ജനങ്ങൾ
ബിഹാറിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും
അണിനിരക്കും.മോദി സർക്കാരിന്റെ ബുൾഡോസർ ഭരണത്തിന്
കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ പ്രസ്തുത
റാലിയിൽ ഉയർത്തപ്പെടും. തൊഴിലും ഉപജീവന മാർഗ്ഗങ്ങളും
വിദ്യാഭ്യാസാവകാശങ്ങളും ആരോഗ്യസേവനങ്ങളും
പാർപ്പിടാവകാശവും നിഷേധിക്കുന്നതും ,
കാർഷികോല്പന്നങ്ങൾക്കു മിനിമം താങ്ങു വിലകൾ ഉറപ്പാക്കാനും,
പങ്കുപാട്ടക്കൃഷിക്കാരുടെ അവകാശങ്ങൾ മാനിക്കാനുമുള്ള
ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട് വാഗ്‌ദത്തലംഘനംങ്ങൾ
തുടരുന്നതുമായ കേന്ദ്ര സർക്കാരിന്റെ നയത്തിനെ തിരെ
ശക്തമായി പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ എത്തുന്ന
സന്ദർഭമായിരിക്കും ഫെബ്രുവരി 15 ന്റെ റാലി. തൊഴിലില്ലായ്മ,
പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ ഒരു പ്രശ്നത്തിനും പരിഹാരം
കാണാതെ വലിയതോതിൽ കുടിയൊഴിപ്പിക്കലും
ബുൾഡോസറുകൾ കൊണ്ടുള്ള ഇടിച്ചുനിരപ്പാക്കലും തുടരുന്ന
സർക്കാർ , ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം മനഃപൂർവ്വം
ഇറക്കിയ ജുമ് ലകൾ ( വെറുംവാക്കുകൾ ) ആയിരുന്നുവെന്ന് തെളിയിക്കുകയാണ്.
പട് നയിലെ ശ്രീകൃഷ്ണാ മെമ്മോറിയൽ ഹാളിൽ ഫെബ്രുവരി 16 ന്
ആരംഭിക്കുന്ന പാർട്ടി കോൺഗ്രസ്സിന്റെ ഓപ്പൺ സെഷനിൽ വിവിധ
ഇടതുപക്ഷ പാർട്ടികളുടെയും സൗഹൃദം പുലർത്തുന്ന മറ്റ് പാർട്ടികളുടേയും
നേതാക്കൾ അഭിസംബോധന ചെയ്യും. സി പി ഐ എം , സി പി ഐ, ആർ
എസ് പി, ഫോർവേഡ് ബ്ലോക്ക് , ആർ എം പി ഐ (പാസ്‌ല ), ലാൽ നിശാൻ
പാർട്ടി ,സത്യശോധക് സമാജ് പാർട്ടി, മാർക്സിസ്റ്റ് കോഓർഡിനേഷൻ കമ്മിറ്റി ,
എന്നിവയുൾപ്പെടെ യുള്ള പാർട്ടികളുടെ നേതാക്കളും മറ്റു ക്ഷണിതാക്കളും
പങ്കെടുക്കുന്ന ഉത്ഘാടന സെഷൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ
സന്ദർഭത്തിൽ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന് ഒരു പുതിയ
തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ നടന്നുവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്നുവേണ്ടി പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പരമാവധി വിശാലമായ ഐക്യം സ്ഥാപിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരി 18 ന് ഒരു ദേശീയ കൺവെൻഷനും സി പി ഐ (എം എൽ) 11 -)മത് പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ജെ ഡി (യു) , ആർ ജെ ഡി , കോൺഗ്രസ്സ് ,ജെ എം എം, എച് യു എം (സെക്യുലർ ) എന്നീ പാർട്ടികൾ അടക്കമുള്ള അനേകം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ നിതീഷ് കുമാർ , തേജസ്വി പ്രസാദ് യാദവ് ,ഹേമന്ത് സൊറൻ , ജിതൻ റാം മാഞ്ഛി എന്നിവർ പ്രസ്തുത കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
11-)0 പാർട്ടി കോൺഗ്രസ്സിൽ വിദേശത്തുള്ള സൗഹൃദ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള അതിഥികളും പ്രവാസികൾ ആയ ഇന്ത്യൻ ഡയസ്പോറയുടെ പ്രതിനിധികളും പങ്കെടുക്കും. നേപ്പാളിൽനിന്നും സി പി എൻ (യു എം എൽ) , സി പി എൻ (മാവോയിസ്ററ് സെന്റർ), സി പി എൻ (യുണൈറ്റഡ് സോഷ്യലിസ്ററ് ) എന്നീ മൂന്നു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും ബംഗ്ലാദേശിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. ശ്രീലങ്ക, മലേഷ്യാ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സൗഹാർദ്ദ പ്രതിനിധികളും പലസ്‌തീനിലെ ബി ഡി എസ് എന്ന സംഘടനയുടെ പ്രതിനിധിയും പാർട്ടി കോൺഗ്രസ്സിൽ നമ്മുടെ അതിഥികൾ ആയി എത്തിച്ചേരും.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ഉയരുന്ന പ്രതിരോധത്തിന് ഏറ്റെടുക്കാനുള്ള ചുമതലകളും ദിശാബോധവും പാർട്ടി കോൺഗ്രസ്സിൽ സവിസ്തരം ചർച്ചചെയ്യപ്പെടും . അതിനു പുറമേ , കാലാവസ്ഥാ വ്യതിയാനം നിമിത്തം ഉണ്ടാകുന്ന ദുരിതങ്ങളുടെയും വെല്ലുവിളികളുടെയും, പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ സർക്കാരുകൾ അവഗണിക്കുന്നതിന്റെയും പ്രശ്നങ്ങൾ കോൺഗ്രസ്സ് ചർച്ച ചെയ്യും. ഇപ്പോൾ നാം ജോഷീമഡിൽ കണ്ടത്പോലെ സർക്കാരുകൾ മനഃപൂർവ്വം കാട്ടിയ കുറ്റകരമായ അനാസ്ഥ നിമിത്തമാണ് ഒരു നഗരത്തിന്റെ അസ്തിത്വം തന്നെ ഭൂപടത്തിൽനിന്ന് തുടച്ചുമാറ്റേണ്ട അവസ്ഥയുടെ വക്കിൽ രാജ്യത്തെ എത്തിച്ചിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റേയും പാരിസ്ഥിതിക വെല്ലുവിളികളുടേയും സന്ദർഭത്തിൽ സർക്കാരുകളുടെ നിരുത്തരവാദപരമായ അനാസ്ഥ നിമിത്തം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതവും ഉപജീവനോപാധികളും അപകടത്തിലായിരിക്കുന്ന ജോഷീമഡിലേതിന് സമാനമായ സ്ഥിതി ഓരോ സംസ്ഥാനത്തും കാണാൻ കഴിയും. ജോഷീമഡ് പ്രശ്നത്തിൽ സർവ്വദേശീയതലത്തിൽ ഇന്ന് ഗൗരവമായ ശ്രദ്ധ പതിഞ്ഞതിൻറെ ഒരേയൊരു കാരണം ,ഈ നഗരത്തെ നാശത്തിൽനിന്ന് രക്ഷിക്കാനുള്ള ആവശ്യമുയർത്തി സിപിഐ(എംഎൽ) ന്റെ നേതൃത്വത്തിൽ ദീർഘകാലമായി നടന്നുവരുന്ന സമരം ആണ് . ജോഷീമഡിലെ ജലവൈദ്യുത പദ്ധതിക്ക് ഇരുപതു വര്ഷം മുൻപ് അംഗീകാരം ലഭിച്ചതും നിർമ്മാണം ആരംഭിച്ചതും മുതൽ നമ്മുടെ പാർട്ടിയിലെ നേതാവ് അതുൽ സാഥിയുടെ നേതൃത്വത്തിൽ ജനങ്ങൾ അതിന്റെ ഗുരുതരമായ ഭവിഷ്യത്തുകൾ ഓർമ്മിപ്പിച്ചുകൊണ്ട് പദ്ധതിക്കെതിരെ പ്രക്ഷോഭരംഗത്ത് ആയിരുന്നു. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്താനും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയാനും വേണ്ടി സി പി ഐ (എം എൽ ) ഇനിയും നിലകൊള്ളുന്നതായിരിക്കും.
പുതുക്കിയ ( അപ്ഡേറ്റ് ചെയ്ത ) ഒരു പാർട്ടി പരിപാടിക്കും ഭരണഘടനയ്ക്കും പാർട്ടി കോൺഗ്രസ്സ് അംഗീകാരം നൽകുന്നതായിരിക്കും. ദേശീയവും സാർ വ്വ ദേശീയവും ആയ രാഷ്ട്രീയ സ്ഥിതിഗതികളുടെ വിശകലനം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പ്രത്യേകം സെഷനുകൾ നടക്കും.
എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി 1700 ന്നടുത്ത് പ്രതിനിധികളും നിരീക്ഷകരും പങ്കെടുക്കുന്ന കോൺഗ്രസ്സിന്റെ ഒരുക്കങ്ങൾ വലിയതോതിൽ പുരോഗമിച്ചുവരികയാണ്. 11-)0 കോൺഗ്രസ്സ് ഊന്നൽ നൽകുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളും കാമ്പെയിനുകളും നടത്തുന്നതോടൊപ്പം പാർട്ടിയംഗങ്ങളും പ്രവർത്തകരും ബഹുജനങ്ങളിൽനിന്നുള്ള സാമ്പത്തികസമാഹരണത്തിലും മുഴുകിയിരിക്കുന്നു. ഇതിന്റെ ഭാഗമായി അവർ വീടുകൾതോറും കയറിയിറങ്ങുമ്പോൾ അനുഭാവികളിൽനിന്നും അഭ്യദയകാംക്ഷികളിൽനിന്നും ആവേശകരമായ പിന്തുണയാണ് പ്രവർത്തകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജനുവരി 17 ന് പട് നയിൽ നടത്തിയ പത്രസമ്മേളനത്തിൽ സി പി ഐ എം എൽ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, ബീഹാർ സംസ്ഥാന സെക്രട്ടറി കുനാൽ എന്നിവർക്ക് പുറമേ പോളിറ്റ് ബ്യൂറോ മെമ്പർമാരായ ധീരേന്ദ്ര ഝa , അമർ എന്നിവരും മുതിർന്ന നേതാവായ കെ ഡി യാദവും സന്നിഹിതരായിരുന്നു.
പട് നയിൽ ജനുവരി 15 നു നടന്ന കേഡർ കൺവെൻഷനിൽ പോളിറ്റ് ബ്യൂറൊ മെമ്പർ ആയ സ്വദേശ് ഭട്ടാചാര്യ അഭിസംബോധന ചെയ്തതിന് ശേഷം വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിൽ, വിവിധ പദ്ധതികളുടെ പേരിൽ വലിയ തോതിൽ കുടിയിറക്കപ്പെടുന്ന ദരിദ്രരുടെയും ദലിത് ജനവിഭാഗങ്ങളുടേയും പ്രശ്‌നം അദ്ദേഹം ഉയർത്തി. ഈ വിഷയവും 11 -)0 പാർട്ടി കോൺഗ്രസ്സ് ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമായിരിക്കുമെന്ന് സ്വദേശ് ഭട്ടാചാര്യചൂണ്ടിക്കാട്ടി. ബിഹാറിലും മറ്റു ചില സംസ്ഥാനങ്ങളിലും അദ്ധ്യാപകനിയമനവുമായി ബന്ധപ്പെട്ട് നേരിടുന്ന സ്തംഭനാവസ്ഥയും, യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയുടെ രൂക്ഷത വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിലിനുവേണ്ടിയുള്ള സമരങ്ങളിൽ അവരെ അണിനിരത്തുന്നതും കോൺഗ്രസ്സ് ചർച്ചചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
No comments:
Post a Comment