മണിപ്പൂർ മുതൽ ഹരിയാന വരെയും, ഓടുന്ന ട്രെയിനുകളിൽ വരെയും ഇന്ത്യയെ നശിപ്പിക്കുന്ന വിദ്വേഷത്തിന് അറുതി വരുത്തുക!
(ML അപ്‌ഡേറ്റ് എഡിറ്റോറിയൽ, 1-7 ഓഗസ്റ്റ് 2023)
മൂന്ന് മാസമായി മണിപ്പൂർ കത്തുകയാണ്. മൂന്ന് മാസത്തെ തുടർച്ചയായ അക്രമങ്ങൾ സ്വന്തം സംസ്ഥാനത്ത് അറുപതിനായിരത്തിലധികം ആളുകളെ ഭവനരഹിതരാക്കി. ഈ അക്രമത്തിന്റെ കഥകളും ഇടയ്ക്കിടെയുള്ള വീഡിയോ ക്ലിപ്പുകളും അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചപ്പോൾ, ഭൂഗോളം ചുറ്റുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ ഇതുവരെ സമയം ലഭിച്ചിട്ടില്ല. പാർലമെന്റിലോ സോഷ്യൽ മീഡിയയിലോ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ പോലും അദ്ദേഹം വിസമ്മതിച്ചു, മണിപ്പൂരിലെ ഭയാനകമായ ആൾക്കൂട്ട ആക്രമണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും ഒരു വൈറൽ വീഡിയോ പരാമർശിച്ച ഒരേയൊരു സന്ദർഭത്തിൽ, വ്യത്യസ്തമായ കേസുകളുമായി അതിനെ ചേർത്ത് വെച്ച് സാമാന്യവൽക്കരിക്കുന്ന സൂത്രം ആണ് അദ്ദേഹം പ്രയോഗിക്കാൻ നോക്കിയത്. ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഈ പ്രക്രിയയിൽ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്ന ഭരണകൂടത്തിന്റെ പങ്കിനെ മറച്ചുപിടിക്കാനുള്ള ഒഴിവുകഴിവാക്കി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ഒന്നാം ദിവസം മുതൽ, പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണ്. ചർച്ച നിർബന്ധമാക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടി വന്നെങ്കിലും സമ്മേളനത്തിന്റെ അവസാനത്തിലേക്ക് സർക്കാർ അത് മാറ്റിവയ്ക്കുകയായിരുന്നു.
പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ നിന്നും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സർക്കാരും ഒഴിഞ്ഞുമാറുമ്പോൾ, ജുഡീഷ്യറിയെ നേരിടാൻ സുപ്രീം കോടതി സർക്കാരിനെ നിർബന്ധിച്ചു. 'ഇരട്ട എഞ്ചിൻ' സർക്കാരുകളുടെ പ്രകടമായ പരാജയത്തെക്കുറിച്ച് സുപ്രിം കോടതിയിൽ നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നു, മോദി സർക്കാരിന്റെ ഒളിച്ചോട്ടവും അലക്ഷ്യവും നിഷ്‌കളങ്കവുമായ മറുപടികളും മണിപ്പൂർ സർക്കാരിന്റെയും മോദി സർക്കാരിന്റെയും കൂട്ടുകെട്ട് തുറന്നുകാട്ടി. ആർട്ടിക്കിൾ 355 പ്രകാരം സംസ്ഥാനത്തെ ഭരണത്തിന്റെ ഭൂരിഭാഗവും കേന്ദ്രം ഏറ്റെടുത്തു. മണിപ്പൂരിലെ ക്രമസമാധാന സംവിധാനത്തിന്റെ സമ്പൂർണ തകർച്ചയായാണ് മണിപ്പൂർ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ അധ്യക്ഷനായ ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചത്. സംഘപരിവാറിന്റെ പതിവ് ആരോപണമായ 'അനധികൃത കുടിയേറ്റം' ഉപയോഗിച്ച് വംശീയ ഉന്മൂലനത്തിന്റെ ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ക്യാമ്പെയി നിന്റെ അവസാനഘട്ടത്തിൽ ആണ് തങ്ങൾ എന്ന് ന്യൂനപക്ഷമായ കുക്കി സമൂഹം സ്വയം കണ്ടെത്തുന്ന ഒരു സന്ദർഭത്തിൽ , സുപ്രീം കോടതി ഇപ്പോൾ എങ്ങനെ നീതി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കൂട്ടക്കൊല, കുടിയിറക്ക്, ലൈംഗികാതിക്രമം എന്നിവയെ സാധൂകരിക്കാൻ 'ഭീകരവാദവും' 'കുറ്റകൃത്യവും' ഒഴിവുകഴിവാക്കുകയാണ്.
വരാനിരിക്കുന്ന
നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഭരണകൂടം രക്ഷകര്തൃത്വം വഹിക്കുന്ന അക്രമത്തിന്റെ ഈ പാത രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വീണ്ടും പടരുന്നത് കാണാം. യുപി, ഹരിയാണ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യത്യസ്‌ത റിപ്പോർട്ടുകൾ, ഓടുന്ന ജയ്‌പൂർ-മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടന്ന ഷൂട്ടൗട്ട് കൊലകൾ എന്നിവ ഈ മാതൃകയുടെ ഭയാനകമായ ദൃഷ്ടാന്തങ്ങൾ നൽകുന്നു. ഹരിയാനയിലെ മേവാഡ് മേഖലയെ വർഗീയ ധ്രുവീകരണത്തിന്റെയും അക്രമത്തിന്റെയും മറ്റൊരു പരീക്ഷണശാലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി ഏറെ നാളുകളായി. ഈ വർഷം ഫെബ്രുവരിയിൽ നസീറിനെയും ജുനൈദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ഒളിവിൽപ്പോയ ബജ്‌റംഗ്ദൾ ഗുണ്ടയുമായ മോനു മനേസർ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ മുസ്‌ലിം ആധിപത്യമുള്ള നുഹിലെ പ്രദേശങ്ങളിലൂടെ പ്രകോപനപരമായ വിഎച്ച്‌പി ഘോഷയാത്ര നടത്തിയത് വർഗ്ഗീയത ആളിക്കത്തിക്കാൻ കാരണമായി. ഹോം ഗാർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ജീവൻ അത് അപഹരിച്ചു. അന്നു രാത്രി വൈകി ഗുരുഗ്രാമിലെ സെക്ടർ 57 ലെ അഞ്ജുമൻ ജമാ മസ്ജിദ്, നഗരത്തിൽ മുസ്ലീങ്ങൾക്ക് പ്രാർത്ഥന നടത്താൻ സർക്കാർ അനുവദിച്ച ഭൂമിയിലെ ഏക മുസ്ലീം പള്ളി അഗ്നിക്കിരയാക്കുകയും മസ്ജിദിലെ 19 കാരനായ ഡെപ്യൂട്ടി ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. നേരത്തെയും ഈ പള്ളി ആവർത്തിച്ചുള്ള ആക്രമണങ്ങൾ നേരിട്ടിരുന്നു.
യുപിയിലെ ബറേലിയിലും സമാനമായ വർഗീയ കലാപം കാണാമായിരുന്നു, എന്നാൽ പോലീസിന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലും അത് തടഞ്ഞു. കൻവാരിയാകളുടെ അനധികൃത വഴികളിലൂടെയുള്ള ഘോഷയാത്ര പോലീസ് തടഞ്ഞു, എന്നാൽ ഇപ്പോൾ അതിലുൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിരിക്കുകയാണ്. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും, സീനിയർ പോലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരിയെ ഉദ്യോഗകാലത്തിലെ 21-ാം തവണ സ്ഥലം മാറ്റുകയോ ശിക്ഷാ പോസ്റ്റിംഗിന് വിധേയനാക്കുകയോ ചെയ്തു. മോദിയുടെ ‘പുതിയ ഇന്ത്യ’യിൽ യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ രാജ’ത്തിൽ നിയമവാഴ്ച ഉയർത്തിപ്പിടിച്ചതിന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന വിലയാണിത്. തീർച്ചയായും, മോദി-ഷാ ഗുജറാത്ത് മോഡൽ മുതൽ ആദിത്യനാഥിന്റെ യുപിയിലും ബീരേൻ സിങ്ങിന്റെ മണിപ്പൂരിലും വരെ, ആൾക്കൂട്ട അക്രമ സംഭവങ്ങളും വിവിധ തലങ്ങളിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തവും ഇപ്പോൾ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന്റെ മുഖമുദ്രകളായി മാറിയിരിക്കുന്നു.
ജയ്പൂർ-മുംബൈ ട്രെയിനിലെ വെടിവയ്പ്പ് ഇന്ത്യയെ ഭീകരാക്രമണത്തിന്റെ തികച്ചും പുതിയ തലത്തിലേക്ക് തുറന്നുകാട്ടി. ഒരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ജവാൻ തന്റെ ബോസിനെയും മൂന്ന് മുസ്ലീം യാത്രക്കാരെയും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് വ്യത്യസ്ത കോച്ചുകളിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെ അയാൾ തന്റെ ഇരകളെ പാകിസ്ഥാൻ ഏജന്റുമാരെന്ന് കുറ്റപ്പെടുത്തുകയും, ഇന്ത്യയിൽ ജീവിക്കാനും വോട്ടുചെയ്യാനും താൽപ്പര്യമുണ്ടെങ്കിൽ മോദിയേയും യോഗിയേയും പിന്തുണയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതുമായ വീഡിയോ വൈറൽ ആയി. മുഖ്യധാരാ മാധ്യമങ്ങളിലെ തുടർച്ചയായ വിദ്വേഷ പ്രചാരണത്തിന്റെ, പ്രത്യേകിച്ച് ഗോദി മീഡിയ ചാനലുകളിലെ പ്രൈംടൈം ഷോകളുടെയും സംഘ് ബ്രിഗേഡ് ഐടി സെല്ലിന്റെ വിദ്വേഷം നിറഞ്ഞ നുണകളുടെ ആസൂത്രിത പ്രചാരണത്തിന്റെയും ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു തലം നമ്മെ പരിചയപ്പെടുത്തുന്ന സംഭവം കൂടിയാണ് ഇത് . ടെലിവിഷൻ ചാനലുകളുടെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഗോദി മാധ്യമങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ വിഷം ചീറ്റുന്നത് തുടരുകയാണ്. ജയ്പൂർ-മുംബൈ ട്രെയിൻ വെടിവയ്പ്പ് സംഭവത്തെ മാനസിക സ്ഥിരത തെറ്റിയ ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട പ്രവൃത്തിയായി തള്ളിക്കളയാൻ സർക്കാരും ഗോദി മാധ്യമങ്ങളും തിടുക്കപ്പെടുകയാണ്. ഹരിയാനയിൽ 'കല്ലെറിയുന്നവരും' കലാപകാരികളുമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന അക്രമങ്ങളായിരുന്നു അവരുടെ വാർത്തകളുടെ ഫോക്കസ്. അറുപത് ലക്ഷം പേരെ കൊലപ്പെടുത്തിയ നാസി ജർമ്മനിയുടെ 'അവസാന പരിഹാരം' ഓർമ്മിപ്പിക്കാൻ കഴിയുന്ന 'ശാശ്വത ചികിത്സ'ക്കായി ഒരു ചാനൽ മുറവിളി കൂട്ടി. ദശലക്ഷക്കണക്കിന് ജൂതന്മാരും ലക്ഷക്കണക്കിന് റോമാക്കാരും കമ്മ്യൂണിസ്റ്റുകളും മറ്റുള്ളവരും ആണ് ഈ "ഫൈനൽ സൊല്യൂഷനിൽ" കൊല്ലപ്പെട്ടത് .
അഞ്ച് വർഷം മുമ്പ് 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി ഭരണത്തിനും സംഘ്-ബിജെപി ബ്രിഗേഡിന്റെ ഫാസിസ്റ്റ് ആക്രമണത്തിനും എതിരായ ജനരോഷത്തിന്റെ ദൃശ്യമായ അടയാളങ്ങൾ ഉണ്ടായിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. അപ്പോഴാണ് പുൽവാമ ഉണ്ടായത്, നാൽപ്പത് സിആർപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു, തിരഞ്ഞെടുപ്പ് രംഗം നാടകീയമായി മാറി. വ്യക്തമായ വീഴ്ചകളിലൂടെ പുൽവാമ എങ്ങനെയാണ് സംഭവിക്കാൻ അനുവദിച്ചതെന്നും സർക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനോട് പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടതെങ്ങനെയെന്നും ഇന്ന് രാജ്യത്തിന് അറിയാം. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജനങ്ങളുടെ നിരാശ കൂടുതൽ ആഴത്തിൽ വളർന്നു, വിദ്വേഷത്തിന്റെയും നുണകളുടെയും, ഭയത്തിന്റെയും നാശത്തിന്റെയും നിലവിലുള്ള ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണം അടിസ്ഥാനതലത്തിൽ കൂടുതലായി ദൃശ്യമാകുന്നുണ്ട്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീവ്രമായ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത് സാമൂഹിക ധ്രുവീകരണത്തിന് മൂർച്ച കൂട്ടുന്നതിനും മാറ്റത്തിനായുള്ള ജനകീയ അന്വേഷണത്തെ അട്ടിമറിക്കുന്നതിന് അസ്ഥിരതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ്. മണിപ്പൂർ മുതൽ ഹരിയാന വരെ നൽകുന്ന മുന്നറിയിപ്പുകൾ ഉച്ചത്തിലും വ്യക്തവുമാണ്. ഇന്ത്യയിലെ ജനങ്ങൾ ഈ കെണിയിൽ വീഴുന്നത് ഒഴിവാക്കുകയും മാറ്റത്തിനായുള്ള പോരാട്ടം വിജയത്തിലേക്ക് നയിക്കുകയും വേണം.
No comments:
Post a Comment