എം എൽ അപ്ഡേറ്റ്
No.38 Vol.26, 12-18 സെപ്റ്റംബർ 20213
G20 ന്യൂ ഡെൽഹി ഉച്ചകോടി: തെറ്റായ മുൻഗണനാക്രമങ്ങളും വസ്തുതകളും
(എഡിറ്റോറിയൽ )
ന്യൂ ഡെൽഹിയിൽ സെപ്റ്റംബർ 8 മുതൽ 10 വരെ നടന്ന ജി 20 രാജ്യങ്ങളുടെ
18 -) മത് ഉച്ചകോടി സമാപിച്ചത് സമ്മേളനത്തിന് മുൻപ് ഒരു വര്ഷം നീണ്ടുനിന്ന ദേശവ്യാപകമായ വിപുലമായ പരിപാടികൾക്ക് ശേഷമായിരുന്നു. 1983 ൽ ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി യോഗത്തിനും, 2010 ൽ കോമൺ വെൽത് ഗെയിംസിനും ആതിഥേയത്വം വഹിച്ചതിന് ശേഷം ഇന്ത്യയിൽ വെച്ചുനടക്കുന്ന ബൃഹത്തായ മറ്റൊരു അന്താരാഷ്ട്ര പരിപാടി എന്ന നിലയിൽ 2023 ജി 20 സമ്മേളനം ഇന്ത്യയിൽ മാത്രമല്ലാ ലോകത്താകമാനവും സ്വാഭാവികമായും ജനശ്രദ്ധ ആകർഷിച്ചു.
ജി 7 പോലെ ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളുടെ ഒരു ക്ളബ്ബ് അല്ല ജി 20 . അതിൽ ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗത്തിലെ നിരവധി വികസ്വര രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും അംഗങ്ങൾ ആയുണ്ട്. 55 ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്ന ആഫ്രിക്കൻ യൂണിയൻ കൂടി അംഗത്വം നേടിയതോടെ ജി 20 സമീപകാലത്ത് ജി 21 ആയി വികസിച്ചിട്ടുണ്ട് . ഡെൽഹി ഉച്ചകോടിയോടെ ഈ ഭൂഖണ്ഡാന്തര ആഗോള വേദിയിൽ ദക്ഷിണാർദ്ധ ഗോളത്തിന്റെ പ്രാതിനിധ്യം വിപുലീകൃതമായിട്ടുണ്ട് എന്നർത്ഥം. ഗ്ലോബൽ സൗത്തിന്റെ നേതൃപദവിയിലുള്ള ഒരു രാജ്യം എന്ന് തോന്നിപ്പിക്കുന്ന നിലപാടു കൾ പലപ്പോഴും സ്വീകരിക്കുന്ന പതിവ് ഇന്ത്യയ്ക്ക് ഉള്ള സ്ഥിതിക്ക് ഡെൽഹി ഉച്ചകോടിക്ക് ആ ദിശയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞേക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഉച്ചകോടി സമാപിച്ചത് പ്രത്യേകിച്ച് ദക്ഷിണാർദ്ധ ഗോളത്തിലെ രാജ്യങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾക്ക് സമാധാനം കണ്ടെത്തുന്നതുപോലുള്ള അജൻഡയ്ക്ക് ഒരു പ്രാധാന്യവും നൽകാതെയാണ്.
വാസ്തവത്തിൽ, ഇന്ത്യയുടെതന്നെ ഏറ്റവും മുഖ്യപ്രശ്നമായ ദാരിദ്ര്യം മറച്ചുവെക്കാൻ പാടുപെടുകയായിരുന്നു മോദി സർക്കാർ . ഡെൽഹിയിലും പ്രാന്തപ്രദേശങ്ങളിലും ദരിദ്രരെ ഒഴിപ്പിക്കുന്ന വ്യാപകമായ പരിപാടിയാണ് ജി 20 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നടത്തിയത്. ഏതെങ്കിലുമൊരു അന്താരാഷ്ട്ര പരിപാടി നടക്കുമ്പോഴോ , പ്രത്യേകിച്ചും അമേരിക്കയുടെയും പാശ്ചാത്യ സഖ്യത്തിന്റെയും പ്രതിനിധികൾ വിദേശത്തുനിന്ന് എത്തുമ്പോഴോ , നഗരത്തിലെ ദരിദ്രരേയും അദ്ധ്വാനിക്കുന്ന വർഗ്ഗത്തേയും അവരുടെ കണ്ണിൽപ്പെടാതെ മാറ്റിനിർത്തിയാൽ അവർക്ക് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പ് കൂടുമെന്ന് സർക്കാർ കരുതുന്നുണ്ടാവണം. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ ട്രംപിൻറെ ഇന്ത്യാ സന്ദർശനവേളയിൽ അഹമ്മദാബാദിലെ ചേരിപ്രദേശങ്ങൾ ഇടിച്ചുനിരത്തുകയോ മതിൽകെട്ടി മറയ്ക്കുകയോ ചെയ്തതും , തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചതും, തെരുവുകൾ കർട്ടനിട്ട് മറച്ചതും, പൊതുഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയതും മറ്റും നമുക്ക് ഓർമ്മയുണ്ട്. അതേ മാതൃക പിന്തുടർന്നുകൊണ്ടാണ് ഇപ്പോൾ ജി 20 ഉച്ചകോടി നടന്ന ദിവസങ്ങളിൽ ഡെൽഹി മൊത്തത്തിൽ അടച്ചിട്ടത് .
സാധാരണ പൗരന്മാരെ ബലംപ്രയോഗിച്ച് പുറത്തുനിർത്തൽ സമീപകാലത്ത് വർദ്ധിച്ചതോതിൽ രാജകീയപരിവേഷം വിളംബരപ്പെടുത്തുന്ന ഒരു സർക്കാരിന്റെ നയവുമായി ചേരുന്നതാണ്. ജി 20 യിലെ വിശിഷ്ടാതിഥികൾക്ക് മുന്നിൽ ഇന്ത്യൻ പാരമ്പര്യങ്ങളിലെ രാജകീയ ഭക്ഷണരീതി പ്രദർശിപ്പിക്കാൻവേണ്ടി പ്രത്യേകം ഉണ്ടാക്കിയ വെള്ളിപ്പാത്രങ്ങളും സ്വർണ്ണം പൂശിയ തീന്മേശകളുമായിട്ടാണ് അവർക്ക് വിരുന്നൂട്ടിയത് . എന്നാൽ, സാർവ്വദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾക്കുള്ള പ്രവേശനാനുമതി വളരെ പരിമിതപ്പെടുത്തിയ രീതിയായിരുന്നു. മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി 'മൻ കീ ബാത്ത് 'എന്ന ആത്മഭാഷണ പരമ്പരയും മുൻകൂട്ടി സ്ക്രിപ്റ്റ് തയ്യാറാക്കിയ അഭിമുഖങ്ങളും നടത്തുന്നതിൽ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോദി , ജി 20 ഉച്ചകോടി പോലെയുള്ള ഒരു അന്താരാഷ്ട്ര പരിപാടിയേയും ഒരുവഴിക്ക് മാത്രമുള്ള ആശയവിനിമയത്തിന്റെ വേദിയാക്കി ചുരുക്കുകയായിരുന്നു. ഇന്ത്യ "ജനാധിപത്യത്തിന്റെ മാതാവ്" എന്ന് ലോകത്തിനുമുന്നിൽ പൊങ്ങച്ചം പറയുന്നവരുടെ കഥ ഇത്രേയുള്ളൂ ! വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ ഓഫീസുകളിൽനിന്ന് ആവർത്തിച്ചുള്ള അഭ്യർത്ഥനകൽ വന്നിട്ടും, വിദേശ മാദ്ധ്യമപ്രവർത്തർക്ക് ലൈവ് ആയി ആശയവിനിമയവും സംവാദങ്ങളും നടത്താൻ അനുമതി ലഭിച്ചില്ല. എന്നാൽ, ജി 20 യ്ക്ക് എത്തിയ വിദേശ പ്രതിനിധികൾക്ക് മുന്നിൽ മോദി ഭരണകൂടത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷതയായ ആത്മപ്രശംസയുടെ ചെടിപ്പ് വേണ്ടുവോളം അനാവൃതമായി .
ജി 20 നു തൊട്ടുപിന്നാലെ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താൻ സർക്കാർ തീരുമാനിച്ചത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് മഹത്തായ ഒരു നേട്ടമായി അവതരിപ്പിക്കാനും , ഏതാനും സംസ്ഥാന അസംബ്ലികളിലേക്കും പിന്നീട് പാർലമെന്റിലേക്കും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനുവേണ്ടി അത് ഉപയോഗിക്കാനും ആണ് എന്നു കാണാം. അന്താരാഷ്ട്ര നയതന്ത്രമേഖലയിൽ അടുത്തകാലത്ത് ഇന്ത്യയുടെ ഭാഗത്തുനിന്ന് അർത്ഥവത്തായ ഒരു സംഭാവനയും പറയാനില്ലാത്തപ്പോഴാണ് ഇത് ചെയ്യുന്നത് എന്നുകൂടി ഓർക്കുക. ചൈനയുടേയും റഷ്യയുടേയും രാഷ്ട്രത്തലവന്മാർ നേരിട്ട് എത്താതിരുന്നതും , ഒരു സംയുക്ത പ്രസ്താവനപോലും പുറത്തിറക്കാൻ കഴിയാത്തതും ഉച്ചകോടിയുടെ സാഫല്യത്തെക്കുറിച്ച് ഏറെ സംശയങ്ങൾ ഉണർത്തുന്നുണ്ട്. ഉച്ചകോടി സമാപിച്ചത് ജി 20 രാഷ്ട്രനേതാക്കളുടെ പ്രഖ്യാപനം എന്ന പേരോടെ 83 പോയിന്റുകൾ അടങ്ങിയ ഒരു രേഖ പൊതുസമവായത്തിന്റെ രൂപത്തിൽ പുറത്തിറക്കിയതാണ്. അതാകട്ടെ , ഏറേയും പൊതുവേ സമ്മതമായ കാര്യങ്ങളുടെ പൊള്ളയായ സാമാന്യവൽക്കരണം ആണ്.
പ്രഖ്യാപിതമായ സാമ്പത്തിക ഊന്നലുകളോടെ പ്രവർത്തിക്കുന്ന ഒരു വേദിയാണ് G20 . ദക്ഷിണാർദ്ധഗോള രാജ്യങ്ങളെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഭീമമായ കടബാധ്യതയാണ്. മഹാമാരിയുടെ പ്രത്യാഘാതം മൂലം അത് വര്ധിച്ചുവരികയുമാണ്. ഇന്ത്യയുടെ തെക്കുള്ള അയൽരാജ്യമായ ശ്രീലങ്കയിൽ കടബാധ്യതമൂലം കടുത്ത പ്രതിസന്ധി ഉണ്ടായതു നമുക്കറിയാം. "കടബാധ്യതയുടെ ആഗോള ആഘാതം കൈകാര്യം ചെയ്യുക"എന്ന ആശയമൊക്കെ പറയുന്നുണ്ടെങ്കിലും ജി 20 പ്രഖ്യാപനത്തിൽ അത് എങ്ങനെ, ഏത് ദിശയിലുള്ള നടപടികളിലൂടെ വേണം എന്ന് പറയുന്നില്ല. അതുപോലെ, കാലാവസ്ഥാ വ്യതിയാനം പൊതുവിൽ ഭൂമിയുടെ അസ്തിത്വത്തെത്തന്നെ പ്രതിസന്ധിയിലാക്കുന്നു എന്ന് അംഗീകരിക്കുമ്പോഴും , ഫോസിൽ ഇന്ധനങ്ങളും കൽക്കരിയും ഉപയോഗിക്കുന്നത് പടിപടിയായി നിർത്തൽ ചെയ്യുക എന്ന വലിയ വെല്ലുവിളി അടിയന്തരമായ നടപടികൾ അർഹിക്കുന്നതാണ് എന്നോ, അത് കാണുന്നില്ല.
യുക്രെയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം പതിനെട്ട് മാസമായി തുടരുകയാണ്. എന്നിട്ടും ജി 20 പ്രഖ്യാപനത്തിൽ ഗുരുതരമായ ഈ ഭൗമരാഷ്ട്രീയ സംഘർഷത്തെക്കുറിച്ചോ, അതിന്റെ പരിഹാരത്തെക്കുറിച്ചോ ഒന്നും പറയാൻ ഇല്ല. ബാലിയിൽ കഴിഞ്ഞ പ്രാവശ്യം നടന്ന ജി 20 സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ പ്രഖ്യാപനത്തിൽ റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. എന്നാൽ , ഡെൽഹിയിലെ ജി 20 പ്രഖ്യാപനം സമവായം ഉണ്ടാക്കുന്നതിനുവേണ്ടി 'യുക്രെയിനിലെ യുദ്ധം' അവസാനിപ്പിക്കണം എന്നും , ബലപ്രയോഗത്തിലൂടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് അപലപനീയം എന്നും, പൊതുതത്ത്വം പറയുകയായിരുന്നു.
രേഖയിലെ 14-) മത്തെ പോയിന്റ് ഒറ്റവരിയിൽ ഒതുങ്ങുന്ന ഒരു ഖണ്ഡികയാണ് :
"ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേത് ആയിക്കൂടാ". അതുപോലെ, മതപരമായ അസഹിഷ്ണുതയ്ക്ക് എതിരേയും , ജനാധിപത്യാവകാശങ്ങളും സിവിലിയൻ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്നതിന് വിരുദ്ധമായും പ്രഖ്യാപനത്തിൽ പറയുന്നുണ്ട് . എന്നാൽ , ആതിഥേയ രാജ്യങ്ങളിൽ അതാത് ഉച്ചകോടികൾ നടക്കുന്ന സമയത്ത്പോലും വ്യാപകമായ തോതിൽ
അവകാശനിഷേധങ്ങൾ ഉണ്ടാകാറുണ്ടെന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇത്തരം സാമാന്യമായ പ്രസ്താവങ്ങൾക്കു പകരം ഫലവത്തതായ സവിശേഷ നടപടികൾക്കുള്ള ആവശ്യം ഉയരുമായിരുന്നു. അങ്ങനെ ജനാധിപത്യാവകാശങ്ങൾ അമർച്ചചെയ്യുന്ന സർക്കാരുകളിൽ പ്രമുഖമായ ഒന്നാണ് ജി 20 ന്റെ ഏറ്റവും ഒടുവിലത്തെ ഉച്ചകോടിയുടെ ആതിഥേയത്വം വഹിച്ച രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്
അടുത്ത തവണ നടക്കുന്ന ജി 21 ഉച്ചകോടിയുടെ പ്രസിഡണ്ട് സ്ഥാനം ബ്രസീലിനു ആണ്. ജി 20 ന്റെ പേരിൽ കാട്ടിക്കൂട്ടിയ ധൂർത്തിനും ആഘോഷത്തിനും ശേഷം സംഘ പരിവാർ ശക്തികൾക്ക് തീർച്ചയായും നാട്ടിലെ പരുഷമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഭാരത് മണ്ഡപം എന്ന പേരിലുള്ള ജി 20 വേദി ഏതാനും മണിക്കൂർ നീണ്ടുനിന്ന മഴയിൽ വെള്ളം കയറി അലങ്കോലമായത് വികസനത്തെക്കുറിച്ച് മോദി സർക്കാർ തുടർച്ചയായി നടത്തുന്ന അവകാശവാദങ്ങളെക്കുറിച്ച് പ്രതീകാത്മകമായ ഒരു റിയാലിറ്റി ചെക്ക് കൂടിയായി കലാശിച്ചു. സെപ്റ്റംബർ 5 ന്റെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ INDIA സഖ്യം NDA യെക്കാൾ മുൻതൂക്കം നേടിയത് മോദി -ഷാ- യോഗി നിയന്ത്രിക്കുന്ന യു പി യിലെ ഡബിൾ എൻജിൻ സർക്കാരിന് അടക്കം ജനങ്ങൾ നൽകുന്ന ശക്തമായ തിരിച്ചടിയുടെ രൂപത്തിൽ ഉള്ള മറ്റൊരു റിയാലിറ്റി ചെക്ക് ആണ്. ഇപ്പോൾ രാജ്യം കാത്തിരിക്കുന്നത് ദുരൂഹമായ ഒരു പ്രത്യേക പാർലമെന്റ് സെഷനേയും , അതിലൂടെ സംഘപരിവാറും ബി ജെ പിയും എന്തൊക്കെ അജണ്ടകൾ ആണ് പുറത്തെടുക്കാൻ പോകുന്നത് എന്നുമാണ്. അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ഏക ലക്ഷ്യത്തോടെ ഏതൊക്കെ നൈരാശ്യം പൂണ്ട നടപടികൾ ഈ സർക്കാർ കൊണ്ടുവന്നാലും ഇന്ത്യയിലെ, അഥവാ ഭാരതത്തിലെ ജനങ്ങൾ അത്തരം ഗൂഢപദ്ധതികളെ പരാജയപ്പെടുത്താനുള്ള സമരം ഏറ്റെടുത്തു കൊണ്ട് മോദി സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കേണ്ടതുണ്ട്.
No comments:
Post a Comment