Friday, 20 October 2023

 ഫലസ്തീൻ ഐക്യദാർഢ്യ പ്രസ്താവന

AICCTU (ആൾ ഇന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് )
20-10-2023
*അവശ്യ സാമഗ്രികൾ എത്തിക്കുന്നതിനുള്ള വിലക്ക് ഉടൻ നീക്കുക !*
*ഗസ്സ യ്ക്കും ഫസ്തീനിനും എതിരായ യുദ്ധം ഉടനടി അവസാനിപ്പിക്കുക !*
*എത്രയും പെട്ടെന്ന് വെടിനിർത്തൽ ഉറപ്പാക്കാൻ എല്ലാവിധ നയതന്ത്ര ശ്രമങ്ങളും ഇന്ത്യാ ഗവൺമെന്റ് നടത്തുക *
* പരമാധികാരപദവിയുള്ള ഒരു സ്വതന്ത്ര ഫലസ്തീനിന് രൂപം നൽകാനുള്ള സംഭാഷണത്തിന് തുടക്കമിടാൻ ഇസ്രയേലിന്റെ മേൽ സമ്മർദ്ദം നടത്തുക !*
ഫലസ്തീൻ ജനതയോട് ആൾ ഇന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (AICCTU) സമ്പൂർണ്ണമായ ഐക്യദാർഢ്യം അറിയിക്കുന്നതോടൊപ്പം ആശുപത്രികളും, സ്കൂളുകളും , വീടുകളും, ജനങ്ങളേയും ആക്രമണലക്ഷ്യമാക്കി തുടർച്ചയായി ബോംബാക്രമണങ്ങൾ അഴിച്ചുവിട്ടും ഭക്ഷണ സാമഗ്രികളുടെ വിതരണവും , വെള്ളവും വൈദ്യുതിയും, ഇന്ധനവും മുടക്കിയും ഇസ്രായേൽ നടത്തുന്ന അതിഭീകരമായ യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരേ രംഗത്തുവരാൻ ലോകത്തിലെ തൊഴിലാളിവർഗ്ഗത്തെ ആഹ്വാനം ചെയ്യുന്നു. ധാരാളം കുട്ടികൾ അടക്കം നൂറുകണക്കിന് ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശത്ത് തടവിൽ ആക്കിയിരിക്കുകയാണ്. ഗസ്സ യുടെ വടക്കൻ പകുതിയിൽ കഴിയുന്ന ദശലക്ഷക്കണക്കിന് ഫലസ്തീൻകാരോട് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നല്കിയപ്പോഴും ഇസ്രായേൽ തുടർച്ചയായുള്ള ബോംബ് വർഷം നിർത്താൻ ഇസ്രായേൽ തയ്യാറായില്ല. 1948 ൽ ദശലക്ഷക്കണക്കിന് ഫലസ്തീൻ ജനതയെ തുടച്ചു നീക്കുകയോ സ്വന്തം മണ്ണിൽ അഭയാർത്ഥികൾ ആക്കുകയോ ചെയ്യുന്നതിൽ കലാശിച്ച നക് ബാ വംശീയ ഉന്മൂലന പരിപാടി ആവർത്തിക്കാനുള്ള ശ്രമത്തിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.
ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യായുദ്ധത്തിനു പിന്തുണ നൽകുകയും, അതിന് സഹായകമായ വിധത്തിൽ വൻതോതിൽ ആയുധങ്ങളും സൈനിക സഹായവും എത്തിക്കുകയും ചെയ്യുന്ന യു എസ് ന്റേയും പാശ്ചാത്യ സഖ്യശക്തികളുടേയും നയത്തെ ഞങ്ങൾ അപലപിക്കുന്നു. അധിനിവിഷ്ട ഗസ്സ യിലും വെസ്റ്റ് ബാങ്ക് പ്രദേശത്തും നടക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങളിൽ അമേരിക്കയും പാശ്ചാത്യ സഖ്യശക്തികളും പങ്കാളികൾ ആവുകയാണ്.
ഇസ്രായേലിന്റെ നിഷ്ടുരമായ യുദ്ധത്തെ സഹായിക്കാൻ അവിടേക്ക് ആയുധങ്ങളും മറ്റ് സൈനിക സാമഗ്രികളും എത്തിക്കാനോ നിർമ്മിക്കാനോ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാൻ ലോകത്തിലെ തൊഴിലാളികളോടും അവരുടെ തൊഴിലാളിസംഘടനകളോടും ഫലസ്തീനിലെ ട്രേഡ് യൂണിയനുകൾ നടത്തിയ ആഹ്വാനത്തിന് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു.
ഫസ്തീനിലെ ജനതയ്ക്കു ഐക്യദാർഢ്യവുമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓരോ രാജ്യത്തും നൂറുകണക്കിനും ആയിരക്കണക്കിനുമായി ജനങ്ങൾ വലിയ റാലികളിൽ അണിനിരക്കുന്നുണ്ട്.
അവരേയെല്ലാം ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഫ്രാൻസ് മുതൽ യു കെ വരേയും , ഈജിപ്ത് മുതൽ ഇന്ത്യ വരേയും മാത്രമല്ലാ , അമേരിക്കയിലെ അനേകം നഗരങ്ങളിൽ ഇസ്രായേലിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള യു എസ് ഗവണ്മെന്റിന്റെ നയത്തെ ചോദ്യം ചെയ്തുകൊണ്ട് വലിയ ജനപങ്കാളിത്തത്തോടെ റാലികൾ നടന്നു.വാഷിങ്ങ്ടൺ ഡി സി യിലെ ക്യാപ്പിറ്റോളിനു പുറത്ത് ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധം തുടരുമ്പോൾ, നാസി കൂട്ടക്കൊലയെ അതിജീവിച്ചവരുടെ പിൻ തലമുറയിൽപ്പെട്ടവരും യഹൂദ മതപണ്ഡിതരും ( റാബൈമാർ - Rabbi ) ആയ 500 ഓളം പ്രതിഷേധക്കാർ "ഗസ്സയെ ജീവിക്കാൻ അനുവദിക്കൂ" എന്ന മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധേയമാണ്. അതുപോലെ പ്രധാനമന്ത്രി നെതന്യാഹുവിനെ അസന്ദിഗ്ധമായ ഭാഷയിൽ ശബ്ദം ഉയർത്തുന്ന ജനകീയപ്രതിഷേധങ്ങൾ ഇസ്രയേലിലും ഉയർന്നുവരുന്നുണ്ട് .
ഒരു സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം അന്തിമ പരിഹാരമായിക്കാണാൻ കഴിയും വിധമുള്ള സംഭാഷണങ്ങൾക്ക് നേരിട്ട് തുടക്കംകുറിക്കാനുള്ള ആവശ്യം ഇസ്രായേൽ ഭരണകൂടത്തോട് ഇന്ത്യാ ഗവൺമെന്റ് ഉന്നയിക്കണം എന്ന് എഐസിസിടിയു ആവശ്യപ്പെടുന്നു.
അവശ്യ സാധനങ്ങൾ ഗാസയിലെത്തിക്കുന്നതിനുള്ള ഉപരോധം ഉടൻ നീക്കണമെന്നും ഗസ്സ യ്ക്കും ഫലസ്തീനിനും എതിരായ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും എഐസിസിടിയു ആവശ്യപ്പെടുന്നു.
ഫലസ്തീനിലെ ജനങ്ങൾക്കൊപ്പവും, യുദ്ധവെറിക്ക് എതിരായും , തങ്ങളുടെ സർക്കാരുകളും , തൊഴിലിടങ്ങളായ സൈനിക വ്യാവസായിക കോംപ്ലക്സ്കളും അനുവർത്തിക്കുന്ന ഇസ്രായേൽ അനുകൂല നയങ്ങൾക്കെതിരേയും നിലകൊള്ളാൻ ലോകത്തെമ്പാടുമുഉള്ള തൊഴിലാളിവർഗ്ഗത്തോട്‌ എഐസിസിടിയു ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment