സഖാവ് ജോണ് കെ എരുമേലിയുടെ വേർപാടിന് ഒരു വർഷമാകുമ്പോൾ
സിപിഐ (എം എൽ) ലിബറേഷൻ കേരള ഘടകത്തിന്റെ സെക്രട്ടറി എന്ന നിലയിൽ വൈവിദ്ധ്യപൂർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമായ അനേകം പോരാട്ട ഭൂമികകളിലൂടെ പ്രസ്ഥാനത്തെ മൂന്നര ദശാബ്ദക്കാലം മുൻനിരയിൽനിന്ന് നയിച്ച സഖാവ് ജോണ് കെ എരുമേലി 2023 ഫെബ്രുവരി 11ന് നമ്മെ വിട്ടുപിരിഞ്ഞത് 11-)0 പാർട്ടി കോണ്ഗ്രസ്സിന് ആരംഭം കുറിക്കുന്നതിന് നാല് ദിവസങ്ങൾ മുൻപേ ആയിരുന്നു. പ്രായാധിക്യം കൊണ്ടുള്ള ശാരീരിക അവശതകൾക്കു പുറമേ, ദീർഘയാത്രകൾ അസാദ്ധ്യമാക്കുന്ന സവിശേഷമായ ആരോഗ്യപ്രശ്നങ്ങളും അലട്ടിക്കൊണ്ടിരുന്നപ്പോഴും മനസ്സുകൊണ്ട് ഒരിക്കലും തളരാത്ത ഒരു കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്ന സഖാവ് തന്റെ അവസാനദിവസം വരെ പാർട്ടിയെ തന്റെ എല്ലാമായിക്കരുതി. സിപിഐ (എം എൽ) ലിബറേഷൻ മുന്നോട്ട് വെക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സങ്കൽപ്പവും പാർട്ടി സംസ്കാരവും പൊതുവിൽ പുരോഗമന ജനാധിപത്യശക്തികളേയും ഫാസിസ്റ്റ് വിരുദ്ധ വിശാല ബഹുജന ഐക്യത്തേയും കലവറയില്ലാതെ പോഷിപ്പിക്കാൻ എത്രമാത്രം അനുപേക്ഷണീയമാണെന്ന് സഖാവ് സ്വന്തം ജീവിതം കൊണ്ടും , ജനങ്ങളുടെ താല്പര്യമാണ് പാർട്ടിയുടെ താൽപ്പര്യം എന്ന തത്ത്വം സ: ചാരൂ മജൂംദാറിനെ അനുസ്മരിച്ച് ഉയർത്തിക്കാട്ടുന്ന പ്രവർത്തന ശൈലികൊണ്ടും , കേരളത്തിലെ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും നിരന്തരം ഓർമ്മിപ്പിച്ചു. നക്സൽബാരിയുടെ ചരിത്രം , ചാരൂ മജൂംദാറിന്റെ ലഘുജീവചരിത്രം, വിനോദ് മിശ്രയുടെ ഏതാനും ലേഖനങ്ങളുടെ തർജ്ജമ, 'വന്ന വഴി' എന്ന ടൈറ്റിലിൽ മരണാനന്തരം പ്രസിദ്ധീകൃതമായ ആത്മകഥ, എന്നീ രാഷ്ട്രീയ രചനകൾക്ക് പുറമേ, ശ്രദ്ധേയമായ ഏതാനും ചെറുകഥകളിലൂടെയും , കവിതകളിലൂടെയും, 'തീപ്പക്ഷികളുടെ കോളനി' എന്ന നോവലിലൂടെയും, സഖാവ് ജോണ് കെ സാഹിത്യത്തിന്റെ മേഖലയിലും തനതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. സിപിഐ (എം എൽ) ന് ആഴത്തിൽ വേരോട്ടമുള്ളതും സുശക്തവുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കാനുള്ള സഖാവ് ജോണ് കെ യുടെ സ്വപ്നം സാഫല്യത്തിലെത്തിക്കുമെന്ന് അദ്ദേഹത്തിന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ നമുക്ക് പ്രതിജ്ഞ പുതുക്കാം.
No comments:
Post a Comment