Thursday, 15 February 2024

 ഇലക്ടറൽ ബോണ്ട് സ്കീം എന്ന ജനാധിപത്യ വിരുദ്ധ പദ്ധതി നിർത്താൻ ഉത്തരവിട്ട സുപ്രീം കോടതിവിധി സ്വാഗതാർഹം

സിപിഐ(എംഎൽ) ലിബറേഷൻ | ഫെബ്രുവരി 15, 2024
ബി.ജെ.പി സർക്കാരിൻ്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു . ഏറെ കാത്തിരുന്ന ഈ വിധിയെ സിപിഐ(എംഎൽ) ലിബറേഷൻ സ്വാഗതം ചെയ്യുന്നു. ഇലക്ടറൽ ബോണ്ടുകൾ തികച്ചും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനാ വിരുദ്ധമായ ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ നടന്ന കോർപ്പറേറ്റ് ഫണ്ടിംഗിൻ്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനും , കോർപ്പറേറ്റ് ശക്തികളും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെ പൊതുജന ദൃഷ്ടിയിൽ നിന്നും മറച്ചു പിടിക്കുന്ന അദൃശ്യതയുടെ തിരശ്ശീല മുൻകാലപ്രാബല്യത്തോടെ നീക്കം ചെയ്യാനും സുപ്രീം കോടതി ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു.
ഏത് പാർട്ടിക്ക് ആരാണ് എത്ര തുക സംഭാവന ചെയ്യുന്നതെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനുപകരം, വ്യക്തികളെയും കമ്പനികളെയും (ഇന്ത്യയിലും വിദേശത്തും ഉള്ള) രാഷ്ട്രീയ പാർട്ടികൾക്ക് പരിധിയില്ലാത്ത തുകകൾ അജ്ഞാതമായി സംഭാവന ചെയ്യാൻ ഇന്ത്യൻ വോട്ടിംഗ് സമ്പ്രദായത്തിൽ കീഴിൽ ഇലക്ടറൽ ബോണ്ടുകൾ അനുവദിക്കുകയായിരുന്നു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദാതാക്കൾ ആരെന്നും സംഭാവനകളുടെ വിശദാംശങ്ങളും അറിയുന്നതിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഇലക്ടറൽ ബോണ്ടുകൾ തടയുന്നു - അങ്ങനെ അത് ചങ്ങാത്ത മുതലാളിത്തത്തിനും അഴിമതിക്കും മറ നൽകുന്നു.
2017 മുതൽ, ഇലക്ടറൽ ബോണ്ടുകൾ വഴി നൽകിയ എല്ലാ രാഷ്ട്രീയ സംഭാവനകളിലും ഭൂരിഭാഗവും ബിജെപിക്ക് ലഭിക്കുകവഴി ആ പാർട്ടി പദ്ധതിയുടെ പ്രധാന ഗുണഭോക്താവായി മാറുന്നു. ഈ ആനുകൂല്യം ഉറപ്പാക്കാൻ, ഇലക്ടറൽ ബോണ്ടുകൾ കള്ളപ്പണത്തിനും തിരഞ്ഞെടുപ്പ് അഴിമതിക്കും ആക്കം കൂട്ടുമെന്ന ആർബിഐയുടെയും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും മുന്നറിയിപ്പുകൾ പോലും മോദി ഭരണം മറികടന്നു.
ഇലക്ടറൽ ബോണ്ടുകൾ വൻതോതിലുള്ള തിരഞ്ഞെടുപ്പ് അഴിമതിയുടെയും ഭരണഘടനാ അട്ടിമറിയുടെയും ജനാധിപത്യത്തിൻ്റെ ശോഷണത്തിൻ്റെയും ഒരു നാണംകെട്ട ഉപകരണമാണ്. ഭരണഘടനാ വിരുദ്ധമായ ഈ പദ്ധതി നടപ്പാക്കിയ ഭരണകൂടം ഇനി ജനങ്ങളാൽ ശിക്ഷിക്കപ്പെടണം.
സംശയാസ്പദമായ കോർപ്പറേറ്റ് പിന്തുണയുള്ള ഇലക്ടറൽ ബോണ്ടുകളുടെ ധനസഹായം കൊണ്ട് നിലനിർത്തപ്പെട്ട ഭരണത്തെ വരാനിരിക്കുന്ന 2024 തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പുറത്താക്കാൻ ഇന്ത്യയിലെ ജനങ്ങൾ മുന്നോട്ട് വരണം.
പുറപ്പെടുവിച്ചത്-
ദീപങ്കർ ഭട്ടാചാര്യ
ജനറൽ സെക്രട്ടറി, സി.പി.ഐ (എം.എൽ) ലിബറേഷൻ


No comments:

Post a Comment