Friday 16 August 2024

 സമത്വവും ആർ എസ്സ് എസ്സും എതിർ ധ്രുവങ്ങളിൽ : ആധുനിക ഇന്ത്യയുടെ അടിസ്ഥാനപരമായ  ആശയയുദ്ധം  - 

- ദീപങ്കർ ഭട്ടാചാര്യ

ജനറൽ സെക്രട്ടറി , സിപിഐ (എം എൽ ) 


   ഇന്ത്യയെ ഐക്യപ്പെടുത്തുന്ന ഘടകം ജാതി വ്യവസ്ഥയാണ്.എന്നും ,ആ വ്യവസ്ഥയെ എതിർക്കുന്ന ഏതൊരാളും  ഇന്ത്യയുടെ ശത്രുവാണെന്നും ' ആർ എസ്സ് എസ്സിന്റെ  ഹിന്ദി മുഖപത്രമായ പാഞ്ചജന്യ യുടെ എഡിറ്റോറിയൽ കുറിപ്പിൽ  പറയുന്നു: ഇന്ത്യൻ ജാതിവ്യവസ്ഥയെ ഇത്രയും തുറന്ന രീതിയിലും , സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലും മഹത്വവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത് ഇന്ത്യ അതിന്റെ 77)മത്  സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിലാണ്. ഇന്ത്യയുടെ ഇന്നത്തെ 'ഔദ്യോഗിക പ്രത്യയശാസ്ത്ര'ത്തിന്റെ സൂക്ഷിപ്പുകാരും അടുത്ത വർഷത്തിൽ സംഘടനയുടെ ശതാബ്ദി ആഘോഷിക്കാൻപോകുന്നവരും ആയ ആർ എസ്സ് എസ്സ് ആണ് ഇത്  പറയുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ , അത് വലതുപക്ഷത്തുനിന്ന് വരുന്ന ഒരു ഒറ്റപ്പെട്ട ആക്രോശം എന്ന നിലയിൽ അവഗണിച്ചു തള്ളാനാവില്ല.  

ഇന്ത്യയെക്കുറിച്ചുള്ള ആർ എസ്സ്‌ എസ്സിന്റെ വീക്ഷണം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് രൂപം കൊണ്ടതും പിൽക്കാലത്ത് ബാബാ സാഹേബ് അംബേദ്‌കർ അദ്ധ്യക്ഷനായുള്ള  ഭരണഘടനാസമിതി എഴുതിയ ഇന്ത്യൻ ഭരണഘടനയിൽ വിഭാവന ചെയ്തിരിക്കുന്നതുമായ  ആധുനിക ഇന്ത്യയെക്കുറിച്ചുള്ള  കാഴ്ചപ്പാടിന് കടകവിരുദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ഇപ്പോൾ യാതൊരു സങ്കോചവും കൂടാതെ അത് പരസ്യമായി പ്രഖ്യാപിക്കാൻ ആർ എസ്സ് എസ്സിന് കഴിയുന്നത് ഭരണത്തിൽ പിടി മുറുക്കിയതിന്റെ അഹങ്കാരം കൊണ്ടാണ്. സർക്കാർ ഉദ്യോഗസ്ഥർ ആർ എസ്സ് എസ്സിൽ പ്രവർത്തിക്കുകയോ  അംഗങ്ങളാവുകയോ ചെയ്യുന്നതിനെതിരെ  ഉണ്ടായിരുന്ന നിയമപരമായ  വിലക്ക് നീക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയത് അടുത്ത ദിവസം ആയിരുന്നു. 


രൂപീകരണ വർഷങ്ങളിൽ ആർഎസ്എസ് സൈദ്ധാന്തികർ ഒരിക്കലും തങ്ങളുടെ വീക്ഷണങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചില്ല, മനുസ്മൃതിയെ ഇന്ത്യയുടെ ആദർശ സാമൂഹിക കോഡായി ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചും മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും ആശയങ്ങളും നയങ്ങളും അനുകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു.  എന്നാൽ അതിൻ്റെ നിയമപരമായ പദവി നിലനിർത്തുന്നതിന് സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ വിധേയമായ ഒരു നരേറ്റിവിനെ  അവലംബിക്കേണ്ടിവന്നു.  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ മത്സരവേദിയിൽ ജയിക്കാനും  അധികാരത്തിൽ തുടരാനുമുള്ള  ആവശ്യങ്ങളുമായി അതിന് കൂടുതൽ പൊരുത്തപ്പെടേണ്ടിവന്നു.  ആർഎസ്എസിൻ്റെ ബ്രാഹ്മണ കേന്ദ്രം ഇന്ന് വഞ്ചനാപരമായ ഒരു എസ്‌സി/എസ്‌ടി/ഒബിസി സൗഹൃദ ഇമേജ് കൊണ്ടുനടക്കുന്ന കലയെ പരിപക്വമാക്കിയിരിക്കുന്നു.

 ഈ പ്രക്രിയയിൽ ജാതിയുടെയും സംവരണത്തിൻ്റെയും പ്രശ്നത്തെ നേരിടാൻ ആർഎസ്എസ് ഒരു ബഹുമുഖ തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്.  മൂന്ന് പതിറ്റാണ്ട് മുമ്പ്, വി.പി. സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ ശുപാർശകളിൽ ചിലത് നടപ്പിലാക്കാനുള്ള തീരുമാനം ആദ്യമായി പ്രഖ്യാപിച്ചപ്പോൾ, സംഘ് ബ്രിഗേഡ് അതിൻ്റെ കടുത്ത സംവരണ വിരുദ്ധ നിലപാടിന് കുപ്രസിദ്ധരായിരുന്നു . എന്നാൽ കാലക്രമേണ, സംഘ് ബ്രിഗേഡ് സംവരണത്തെ എതിർക്കുന്നതിൻ്റെ നിരർത്ഥകത മനസ്സിലാക്കുകയും , പകരം ഒബിസിയിലെ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ ഉയർത്തി വിഭജിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗിൻ്റെ ഉപകരണമായി ജാതിയെ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.  2000 വർഷമായി മർദ്ദിത ജാതിക്കാർ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ 200 വർഷത്തേക്ക് സംവരണം സ്വീകരിക്കാൻ 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോഹൻ ഭഗവത് സവർണ്ണ ഇന്ത്യക്കാരെ പ്രേരിപ്പിച്ചതും നാം  കേട്ടു.

 രണ്ടായിരം വർഷത്തെ ജാതീയ അടിച്ചമർത്തലിൻ്റെ ഈ പ്രസംഗം ഭാഗവതിൽ നിന്ന് വരുമ്പോൾ പതിറ്റാണ്ടുകളുടെ നിഷേധത്തിന് ശേഷം വൈകിയുള്ള ഏറ്റുപറച്ചിൽ പോലെ തോന്നി.  ഇപ്പോൾ അധികാരത്തിൽ, സംവരണം വെട്ടിച്ചുരുക്കുന്നതിനും നിഷേധിക്കുന്നതിനുമുള്ള ഫലവത്തായ  മാർഗങ്ങൾ തീർച്ചയായും ബി.ജെ.പിയുടെ പരിഗണനയിൽ  ഉണ്ട് - ജാതി വ്യവസ്ഥ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നതിനേക്കാൾ , അത് ഉപയോഗിച്ച് കളിക്കുക എന്നതാണ് അത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ്ണർക്കുള്ള EWS ക്വോട്ടയുടെ പേരിൽ സവിശേഷമായ സവർണ്ണ സംവരണം ഏർപ്പെടുത്തിയത് മുതൽ, പ്രത്യേക വ്യവസ്ഥകൾ വഴി സംവരണം ഒഴിവാക്കാനുള്ള വ്യാജവും ദുർബലവുമായ ഒഴികഴിവിൻ്റെ വ്യാപകമായ ഉപയോഗത്തിലൂടെ SC/ST/OBC ക്വാട്ട പൂർത്തീകരിക്കാതെ വിടുന്നത് വരെ അവയിൽപ്പെടും. 'NFS' ( not found suitable - അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയില്ല) എന്ന യുക്തി,   'ലാറ്ററൽ എൻട്രി', സ്വകാര്യവൽക്കരണത്തിൻ്റെ വിവേചനരഹിതമായ പ്രോത്സാഹനം, എന്നിങ്ങനെ പല മാർഗ്ഗങ്ങളിലൂടെയും  സംവരണ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ മോദി സർക്കാർ അനേകം സൂത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

മേല്പറഞ്ഞവയെല്ലാം ഉണ്ടായിട്ടും, ജാതി സെൻസസ് വേണമെന്ന ആവശ്യം ആർഎസ്എസിനെ ചൊടിപ്പിച്ചതായി തോന്നുന്നു. ജാതി സെൻസസ് നടന്നാൽ  സമൂഹത്തിൻ്റെ എല്ലാ സ്ഥാപനങ്ങളിലും മേഖലകളിലും ന്യായമായ പ്രാതിനിധ്യം വേണമെന്ന ആവശ്യം അത്  അഴിച്ചുവിടുമെന്ന് ഭയന്ന്, ജാതി സെൻസസ് എന്ന ആശയത്തെത്തന്നെ അപകീർത്തിപ്പെടുത്താൻ  സംഘ് ബ്രിഗേഡ് ശ്രമിക്കുന്നതായി തോന്നുന്നു.  പാഞ്ചജന്യ എഡിറ്റോറിയൽ അനുസരിച്ച്, ജാതിഎന്നത്  ഹിന്ദുമതം തന്നെയാണ്, ജാതിയാണ് ഇന്ത്യൻ രാഷ്ട്രം, ജാതികൾ എല്ലാം തമ്മിൽത്തമ്മിൽ  യോജിപ്പുള്ള ഒരു ക്രമത്തിൽ ഐക്യപ്പെടുന്നു.  എന്നാൽ , ജാതി വളരെ കേന്ദ്രീകൃതവും സർവ്വവ്യാപിയുമാണെങ്കിൽ, നവീകരിച്ച ജാതി ഗണനയെ  ആർഎസ്എസ് എന്തിനാണ് ഭയപ്പെടുന്നത് ?  കാരണം , ജാതി എന്നത്  (ലിംഗഭേദത്തോടൊപ്പം)  ഇന്ത്യയിലെ സാമൂഹിക അസമത്വത്തിൻ്റെയും അസന്തുലിതാവസ്ഥയുടെയും ഏറ്റവും വലിയ അടയാളമാണ്.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വലിപ്പം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുടെ  അശ്ലീലമായ സാമ്പത്തിക അസമത്വത്തെ മറയ്ക്കാൻ സംഘ് പ്രോപഗാൻഡാ ആഗ്രഹിക്കുന്നതുപോലെ, യോജിപ്പുള്ളതും ഉൽഗ്രഥിതവുമായ ഒരു സമൂഹത്തിൻ്റെ നിർമ്മാണ ഘടകം തന്നെ  ക്രമവും ദേശീയ അസ്തിത്വവും സംരക്ഷിക്കുന്ന ജാതി ആണെന്ന കെട്ടുകഥ വിറ്റ് ,  തീർത്തും വളച്ചൊടിക്കപ്പെട്ട സാമൂഹിക പ്രാതിനിധ്യത്തിൻ്റെ സ്വഭാവത്തെ മൂടിവെയ്ക്കാൻ  അത് ആഗ്രഹിക്കുന്നു. 

ജാതിയെപ്പോലെ തന്നെ , സംഘ്-ബിജെപി സ്ഥാപനവും ഇന്ത്യയുടെ ചങ്ങാത്ത മുതലാളിത്ത ക്രമത്തെ  സമാനമായി പ്രതിരോധിക്കുന്നു. അദാനിയുടെ ഉയർച്ചയെയും വൻതോതിലുള്ള കോർപ്പറേറ്റ് വഞ്ചനയെയും കുറിച്ചും , സമ്പത്തും പൊതു സ്വത്തുക്കളും അദാനി ഗ്രൂപ്പിൻ്റെ കൈകളിൽ അസാമാന്യമായി കേന്ദ്രീകരിക്കുന്നതിന് പിന്നിൽ മോദി-അദാനി കൂട്ടുകെട്ട് വഹിച്ച കേന്ദ്ര പങ്കിനെക്കുറിച്ചുമുള്ള ഓരോ ചോദ്യത്തേയും ഇന്ത്യയ്‌ക്കെതിരായ  ഗൂഢാലോചനയായി മുദ്രകുത്തി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്.    .  അദാനി-അംബാനി കഥകൾ അടിസ്ഥാനപരമായും  ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ആക്രമണോത്സുകമായ സമ്പദ് ശേഖരണത്തെയും സമ്പത്തിൻ്റെ അശ്ലീലമായ  പ്രദർശനത്തെയും കുറിച്ചുള്ളതാണ്, എന്നിട്ടും സംഘ വ്യവഹാരങ്ങൾ അവയെ മഹത്തായ ദേശീയ നേട്ടങ്ങളായി ആഘോഷിക്കുകയും ,  സമ്പന്നരായ അഞ്ച് ശതമാനത്തെ ഒഴിവാക്കിയാൽ, ഇന്ത്യയുടെ  ആളോഹരി വരുമാനം ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളുമായി തുല്യതപ്പെടുത്താവുന്നതാണ് എന്ന സത്യം  മറയ്ക്കാൻ  അവ ഉപയോഗിക്കുകയും ചെയ്യുന്നു.    ഇന്ത്യയുടെ രൂക്ഷമായ  സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കുള്ള  സുനിശ്ചിതമായ പാതകളെ നിർവചിക്കുന്നത് തീർച്ചയായും, ജാതിയും ചങ്ങാത്ത മുതലാളിത്തവുമാണ്. എന്നാൽ  സംഘ പരിവാർ വീക്ഷണത്തിൽ  ഇന്ത്യയുടെ സാമൂഹിക സ്ഥിരതയുടെയും സാമ്പത്തിക വികസനത്തിൻ്റെയും രണ്ട് തൂണുകളാണ് ഇവ.

 അസമത്വത്തെ ഒരു ഇന്ത്യൻ വിജയഗാഥയായി ആഘോഷിക്കുന്ന ഈ സംഘ ദർശനം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് സവിശേഷതകളും അവിഭാജ്യമായ ഒന്നായി നിലകൊള്ളുന്ന ഒരു ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെക്കുറിച്ചുള്ള അംബേദ്കറുടെ സമത്വ കാഴ്ചപ്പാടിന് തികച്ചും വിരുദ്ധമാണ്.  അംബേദ്കറെ സംബന്ധിച്ചിടത്തോളം, 'ഒരു വോട്ട്, ഒരു മൂല്യം' എന്ന രാഷ്ട്രീയ സമത്വത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഇന്ത്യയുടെ ആഴത്തിൽ വേരൂന്നിയ സാമൂഹിക അസമത്വവും വളരുന്ന സാമ്പത്തിക അസമത്വവുമാണ്, കൂടാതെ ഒരു ഏകീകൃത ആധുനിക രാഷ്ട്രമായി ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം ജാതിയായിരുന്നു. അപ്പോഴാണ്  ഇന്ത്യയുടെ സ്ഥിരതയുടെയും ശക്തിയുടെയും 
അടിസ്ഥാന സ്രോതസ്സായി ജാതിയെ പരിഗണിക്കുന്ന ആർഎസ്എസ് വീക്ഷണം മറനീക്കി രംഗത്ത് വരുന്നത് ! 

 മോദി ഭരണഘടനയെ പ്രശംസിച്ച് മോദി  എത്രതന്നെ  അധരവ്യായാമം നടത്തിയാലും , ആർഎസ്എസ് ലോകവീക്ഷണം അടിസ്ഥാനപരമായി നീതിയുടെയും സമത്വത്തിൻ്റെയും ഭരണഘടനാദർശനത്തിന് എതിരാണ്.  കൊൽക്കത്തയിലെ ഒരു യുവ ഡോക്ടറുടെ ദാരുണമായ ബലാത്സംഗത്തിനും കൊലപാതകത്തിനുമെതിരായ ജനരോഷം പശ്ചിമ ബംഗാളിലും രാജ്യവ്യാപകമായും ഐക്യദാർഢ്യത്തിന് വഴിതെളിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡസൻ കണക്കിന് പ്രതിഷേധപരിപാടികൾ  സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള അഭൂതപൂർവമായ കൂട്ടായ അവകാശവാദമായി മാറി. "രാത്രി വീണ്ടെടുക്കുക"  "ഞങ്ങൾക്ക് നീതി വേണം" എന്നീ  മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ ഉയർത്തിയായിരുന്നു  പ്രതിഷേധ സമ്മേളനങ്ങളിൽ  സ്ത്രീകൾ പങ്കെടുത്തത് . 

 ഇന്ന് സ്വാതന്ത്ര്യം എന്നത് ഭൂതകാലത്തെ ഓർക്കാനുള്ളതല്ല, അത് നമ്മുടെ ഭരണഘടനാപരമായ ലക്ഷ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുള്ള പോരാട്ടമാണ്.  ഒരു ജനാധിപത്യ റിപ്പബ്ലിക്കായി മുന്നോട്ട് പോകാൻ   ഇന്ത്യയ്ക്ക് കഴിയണമെങ്കിൽ ആർഎസ്എസ് പദ്ധതിയെ നിർണ്ണായകമായി തോൽപ്പിക്കേണ്ടതുണ്ട്.


No comments:

Post a Comment