ML അപ്ഡേറ്റ് CPIML വീക് ലി ന്യൂസ് മാഗസിൻ വാല്യം. 27 | നമ്പർ 30 | 16 ജൂലൈ - 22 ജൂലൈ 2024
എഡിറ്റോറിയൽ:
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മുന്നിലുള്ള വെല്ലുവിളികളും
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കുശേഷം പതിമൂന്ന് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.ജെ.പി.ക്ക് ആകെ നേടാനായത് നേരിയ ഭൂരിപക്ഷത്തോടെയുള്ള രണ്ട് സീറ്റുകളിലെ വിജയം ആയിരുന്നു. തീർച്ചയായും, ആ അർത്ഥത്തിൽ 2024 ജനവിധിയുടെ ഒരു സ്ഥിരീകരണമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ കാണാൻ കഴിയും. ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ മനോഭാവത്തിലും പ്രഖ്യാപനങ്ങളിലും ആൾക്കൂട്ടക്കൊലകളുടേയും ബുൾഡോസർ പൊളിക്കലുകളുടെയും ആവർത്തനങ്ങളിലും പ്രതിഫലിക്കുന്നത് ജനവിധിയുടെ സ്പിരിറ്റ് മോദി ഭരണകൂടം ധിക്കാരപൂർവ്വം തള്ളിക്കളയുകയാണെന്നാണ്. ഈ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
പതിമൂന്ന് സീറ്റുകളിൽ ആറെണ്ണം കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിച്ചു, അതിൽ നാലെണ്ണം വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഭരണകക്ഷിയായ ടിഎംസിയോട് നാല് സീറ്റുകളിലും തോറ്റു . ഇതിൽ മൂന്ന് സീറ്റുകൾ 2021 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചവയാരുന്നു, 2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പോലും ബി ജെ പി അതാത് അസംബ്ലി സീറ്റുകളിൽ മുൻകൈ നിലനിർത്തിയിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പ് ഫലം വന്നത് ഉത്തരാഖണ്ഡിൽ നിന്നാണ്. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബദരീനാഥ് , കോർപ്പറേറ്റ് പ്രേരിതമായ അനിശ്ചിതത്വത്തിൻ്റെയും ഹിമാലയൻ പരിസ്ഥിതിയുടെ നാശത്തിൻ്റെയും ശക്തമായ പ്രതീകം കൂടിയാണ്. പ്രാദേശിക കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വിമതന് വോട്ടർമാരിൽ നിന്ന് ലഭിച്ചത് ശക്തമായ തിരിച്ചടിയായിരുന്നു. ഹരിദ്വാറിലെ മറ്റൊരു നിയമസഭാ മണ്ഡലത്തിലാകട്ടെ, മുസ്ലീം വോട്ടർക്കെതിരെ പരസ്യമായ പക്ഷപാതവും ക്രൂരമായ ഉപദ്രവങ്ങളും അഴിച്ചുവിട്ട ഭരണകൂടത്തിന് കനത്ത അടിയായി കോൺഗ്രസിൻ്റെ ഒരു മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചത് ഏറെ ആശ്വാസകരമായിരുന്നു .
ഇന്ത്യാ മുന്നണിക്കുള്ള വർദ്ധിച്ചുവരുന്ന ഈ ജനപിന്തുണ യഥാർത്ഥത്തിൽ മാറ്റത്തിനുള്ള ശക്തമായ ജനകീയ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത് . മോദി സർക്കാരിൻ്റെ പത്തുവർഷങ്ങൾ അഭൂതപൂർവമായ കോർപ്പറേറ്റ് കൊള്ള, വർഗ്ഗീയ വിദ്വേഷം, ക്രൂരമായ അടിച്ചമർത്തൽ ഭരണം, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വലിയ നഷ്ടം വരുത്തുന്ന സാമ്പത്തികവും സാമൂഹികവുമായ ദുരന്തം എന്നിവയെല്ലാമാണ് അർത്ഥമാക്കുന്നത് . മണിപ്പൂർ ഒരു വർഷമായി കത്തുകയാണ് ; വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായത്തിലെ അഴിമതി വളരെ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യുന്നത് സാധാരണമായിരിക്കുന്നു ; റെയിൽവേ നിരക്ക് വർദ്ധന തുടരുമ്പോഴും സാധാരണ യാത്രക്കാർക്ക് റെയിൽ യാത്ര പേടിസ്വപ്നവും സുരക്ഷിതമല്ലാത്തതുമായി മാറിയിരിക്കുന്നു, ബിഹാർ പോലുള്ള 'ഇരട്ട എഞ്ചിൻ ഓടിക്കുന്ന' സംസ്ഥാനത്ത് ഒന്നിന് പിറകെ ഒന്നായി പാലങ്ങൾ തകർന്ന് വീഴുകയാണ്. അരാജകത്വം അതിവേഗം ദിവസത്തിൻ്റെ ക്രമമായി മാറുകയാണ്.
ഈ കുഴപ്പങ്ങൾക്ക് അലങ്കാരമെന്നത് പോലെ , ആദ്യ രണ്ട് ടേമുകളിൽ സ്വയം പ്രഖ്യാപിത 'ആഗോള നേതാവ്' എന്ന നിലയിലുള്ള തൻ്റെ പതിവ് വിദേശ യാത്രകൾ മോദി തുടരുകയാണ് .ജൂണിൽ ഇറ്റലിയിലേക്കും മറ്റൊന്ന് ജൂലൈയിൽ റഷ്യയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര നടത്തിയാണ് മോദി തൻ്റെ മൂന്നാം ടേം ആരംഭിച്ചത് . മോദി റഷ്യയിലെത്തിയത് ഉക്രെയിനിൽ 41 പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് . ബോംബാക്രമണത്തിനു വിധേയമായ കീവിലെ ആശുപത്രിയിൽ കുട്ടികളടക്കം കൊല്ലപ്പെട്ടിരുന്നു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം 'നിർത്തി' യതിന് മോദിയുടെ പ്രചാരണ യന്ത്രം പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യ യഥാർത്ഥത്തിൽ യുദ്ധത്തിന് ധനസഹായം നൽകുകയാണ് ചെയ്തുപോരുന്നത്. വിലക്കിഴിവുള്ള എണ്ണ ഇറക്കുമതിയുടെ നേട്ടങ്ങൾ സാധാരണ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ലെങ്കിലും, റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചു റിലയൻസ് ഉണ്ടാക്കുന്ന പെട്രോ ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് തിരികെ കയറ്റുമതി ചെയ്ത് മുഴുവൻ ലാഭവും ഉണ്ടാക്കുന്നത് മുകേഷ് അംബാനിയാണ് !
നിലവിൽ ലോകത്തിലെ ഏറ്റവും യുദ്ധക്കൊതിയൻമാരായ രണ്ട് ഭരണകൂടങ്ങളായ ഇസ്രായേലുമായും റഷ്യയുമായും സൗഹൃദത്തിന് മുൻഗണന നൽകികൊണ്ട് സമാധാനത്തിനായുള്ള ആഗോള മുറവിളിയെ മോദിയുടെ വിദേശനയം പരിഹസിക്കുകയാണെങ്കിൽ, മറ്റെല്ലാറ്റിനേക്കാളും അദ്ദേഹത്തിൻ്റെ ആഭ്യന്തര നയങ്ങൾ ചങ്ങാത്ത മുതലാളിമാരുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. ജനങ്ങളുടെ ഉപജീവനവും പരിസ്ഥിതി സംരക്ഷണവും. ഇന്ത്യയിലെ കോർപ്പറേറ്റ് ശക്തിയുടെ ഏറ്റവും അശ്ലീലമായ പ്രദർശനം വന്നത് അംബാനി രാജവംശത്തിലെ ഏറ്റവും ഇളയ സന്തതിയുടെ വിപുലമായ വിവാഹ ആഘോഷത്തിൻ്റെ രൂപത്തിലാണ് . വിവാഹത്തിന് മുമ്പുള്ള ആഘോഷം സുഗമമാക്കുന്നതിനുവേണ്ടി ഈ വർഷം ആദ്യം സർക്കാർ ജാംനഗറിനെ ഒരു അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റി. ജൂലൈയിൽ മുംബൈയിലെ ചില റോഡുകൾ അടച്ചുകൊണ്ടായിരുന്നു മഹാരാഷ്ട്ര സർക്കാർ അംബാനിയുടെ വിവാഹ ആഘോഷത്തെ പൊലിപ്പിച്ചത് .
അദാനിയുടെയും അംബാനിയുടെയും ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് ഓഫീസിലേക്ക് കള്ളപ്പണം നിറച്ച ടെമ്പോ ലോഡ് ചാക്കുകൾ നീക്കിയതിനെക്കുറിച്ച് നരേന്ദ്ര മോദി പരാമർശിച്ചത് തൻ്റെ 2024 ലെ തിരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങളിലൊന്നിൽ ആയിരുന്നുവെന്നത് ആരും മറന്നിട്ടില്ല. എന്നാൽ, ഇടതുപക്ഷത്തിനുപുറമേ , കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഗാന്ധി-നെഹ്‌റു കുടുംബാംഗങ്ങളും അടങ്ങിയ കോൺഗ്രസ്സ് നേതൃത്വവും മാത്രമാണ് പണക്കൊഴുപ്പിന്റെ ഈ അശ്ലീലമായ പ്രദർശനത്തിൽ നിന്നും, ആഘോഷത്തിൽനിന്നും മാന്യതയോടെ മാറിനിന്നത് . കാർഷികമേഖലയിലെ കോർപ്പറേറ്റ് ഏറ്റെടുക്കലിനെതിരെ കർഷക ജനത പോരാടുകയും ഇന്ത്യ ചരിത്രപരമായ സാമ്പത്തിക അസമത്വത്തിൽ വലയുകയും ചെയ്യുന്ന ഒരു സമയത്ത്, ഏറ്റവും വലിയ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമായി ഒരു സമ്പന്ന ഇന്ത്യൻ കുടുംബത്തിൻ്റെ സ്വകാര്യ വിവാഹ ആഘോഷം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നു. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിലെ ചില പാർട്ടികളും അവരുടെ നേതൃത്വത്തിൻ്റെ സാന്നിദ്ധ്യത്താൽ കോർപ്പറേറ്റ് ശക്തിയുടെ ഈ അശ്ലീല പ്രദർശനത്തിന് അംഗീകരം ചാർത്തുകയായിരുന്നു. നമ്മുടെ പാർലമെൻ്ററി ജനാധിപത്യത്തിൽ രാഷ്ട്രീയ സമത്വത്തിൻ്റെ ഏറ്റവും വലിയ ശത്രുവായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങളെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. നിലവിൽ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിൻ്റെ തോത് കൊളോണിയൽ കാലഘട്ടത്തിലേതിനേക്കാൾ മോശപ്പെട്ട ഒരു നിലയിൽ ആണ്. സമ്പത്തിൻ്റെയും വരുമാനത്തിൻ്റെയും വിതരണത്തിൻ്റെ കാര്യത്തിൽ, ഇന്ന് ഏറ്റവും സമ്പന്നരായ 1% ത്തിന്റെ കയ്യിൽ 40.1 ശതമാനം വിഭവസമ്പത്തും 22.6% പണവും കേന്ദ്രീകരിച്ചിരിക്കുന്നു. പിന്തിരിപ്പൻ നികുതി സമ്പ്രദായം ഈ കടുത്ത അസമത്വത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. മൊത്തം ജി എസ് ടി നികുതിത്തുക യുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പിരിച്ചെടുക്കുന്നത് ജനസംഖ്യയുടെ താഴേത്തട്ടുകളിലുള്ള 50 % ജനതയിൽ നിന്നും, മൂന്നിലൊന്ന് 40% വരുന്ന മദ്ധ്യവർഗ്ഗങ്ങളിൽനിന്നും ആയിരിക്കുമ്പോൾ അതിധനിക വർഗ്ഗങ്ങളിൽപ്പെട്ട 10% ൽ നിന്ന് പിരിക്കുന്ന ജി എസ് ടി വെറും 3-4% മാത്രമാണ്. എന്നിട്ടും സമ്പത്തിൻ്റെയും പിന്തുടർച്ചാവകാശമായി ലഭിക്കുന്ന സമ്പാദ്യങ്ങളുടേയും മേലെ നികുതി ഏർപ്പെടുത്തുന്ന ( wealth and inheritance taxes ) പ്രശ്നത്തെ വളച്ചൊടിച്ചുകൊണ്ട് നരേന്ദ്ര മോദി 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രമിച്ചത് അത്തരം ആശയങ്ങൾ പാവപ്പെട്ടവരുടെ സമ്പാദ്യങ്ങൾ തട്ടിപ്പറിക്കാനുള്ള ഗൂഢാലോചനയാണെന്ന തെറ്റിദ്ധാരണയും ഭീതിയും ജനിപ്പിക്കുകയായിരുന്നു.
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടവും സാമ്പത്തിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള സമരങ്ങളും സമഗ്രമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സ്വന്തം രാഷ്ട്രീയ പരിണാമത്തിൽ അംബേദ്കർ തൻ്റെ ആശയങ്ങളിലും പോരാട്ടങ്ങളിലും സമത്വത്തിൻ്റെയും നീതിയുടെയും രണ്ട് വശങ്ങളെ എല്ലായ്‌പ്പോഴും സമന്വയിപ്പിച്ചു. ഈ ഐക്യത്തിന്റെ ഭാവന ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലും പ്രതിഫലിക്കുന്നുണ്ട് . കോർപ്പറേറ്റ് കൊള്ള, ജനങ്ങളുടെ ഉപജീവനത്തിനും ക്ഷേമത്തിനും മേലുള്ള ആക്രമണം, വർഗ്ഗീയ വിദ്വേഷത്തിന്റെ വ്യാപനവും ആക്രമണവും, സാംസ്‌കാരിക ബഹുസ്വരതയുടേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റേയും ശോഷണം, ഭരണഘടനയുടെ അടിസ്ഥാന സ്പിരിറ്റിനും മൂല്യങ്ങൾക്കും മേലുള്ള ആക്രമണങ്ങൾ ഇവയ്‌ക്കെല്ലാം എതിരേ സമത്വത്തിൻ്റെയും നീതിയുടെയും സമഗ്ര രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും , ഫാസിസ്റ്റ് ആക്രമണത്തിൻ്റെ എല്ലാ മേഖലകളിലെയും ത്രിശൂലമുനകൾ ചെറുക്കാനും ഇന്ത്യാ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾ കൂടുതൽ ശക്തികളെ പ്രചോദിപ്പിക്കേണ്ടത് ആവശ്യമാണ്.
No comments:
Post a Comment