Friday 12 July 2024

ML Update Vol. 27, No. 29 (09-15 July 2024)



 രണ്ട് തെരഞ്ഞെടുപ്പുകളുടെ കഥ :
 ഫാസിസ്റ്റ് മുന്നേറ്റത്തെ തടഞ്ഞതിന് ഫ്രാൻസിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ



2024 ഏപ്രിൽ, മെയ് മാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരീക്ഷണ സമയമായിരുന്നു, ലോകം നമ്മെ ഉറ്റുനോക്കുകയായിരുന്നു. ജൂൺ 4-ന് ബി.ജെ.പിയുടെ തേരോട്ടം 240-സീറ്റുകളിൽ പിടിച്ചു നിർത്തപ്പെട്ടപ്പോൾ, ലോകമെമ്പാടുമുള്ള ജനാധിപത്യ സ്‌നേഹികൾ ആശ്വാസത്തിൻ്റെ നേരിയ ദീർഘനിശ്വാസം വിട്ടു. പക്ഷേ, ഫാസിസ്റ്റ് ശക്തികളെ ഭാഗികമായെങ്കിലും പിന്നോട്ട് തള്ളുന്നതിൽ ഇന്ത്യ വിജയിച്ച പ്രതീതി ഉണ്ടായപ്പോൾ, യൂറോപ്യൻ പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പുകൾ രാജ്യാന്തര രാജ്യങ്ങളിൽ തീവ്രവലതുപക്ഷത്തിൻ്റെ വിദ്വേഷ രാഷ്ട്രീയം വലിയ കുതിപ്പ് രേഖപ്പെടുത്തി. ജർമ്മനിയിലെ AfD, ഫ്രാൻസിലെ RN, ഭരിക്കുന്ന 'ബ്രദേഴ്‌സ് ഓഫ് ഇറ്റലി' എന്നിവയും യൂറോപ്പിലുടനീളമുള്ള സമാനമായ തീവ്ര വലതുപക്ഷ പാർട്ടികളും ജൂണിൻ്റെ ആദ്യ യൂറോപ്യൻ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി. ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രിസ്റ്റ് ഭരണകൂടം ഈ തീവ്ര-ദേശീയ തീവ്ര വലതുപക്ഷ കുതിച്ചുചാട്ടം ശ്രദ്ധിക്കുകയും ജൂൺ 30, ജൂലൈ 7 തിയതികളിൽ പാർലമെൻ്ററി തിരഞ്ഞെടുപ്പുകൾ നടത്താൻ ഉത്തരവിടുകയും ചെയ്തു. അതേസമയം, യുകെ തിരഞ്ഞെടുപ്പ് ജൂലൈ 4 ന് നേരത്തെ നിശ്ചയിച്ചിരുന്നു, ലോകം മുഴുവൻ ഇപ്പോൾ രണ്ട് തിരഞ്ഞെടുപ്പുകളുടെ കഥ ഡീകോഡ് ചെയ്യുന്ന തിരക്കിലാണ്. ഫ്രഞ്ച് സമ്പ്രദായത്തിൽ, വിജയി ഒരു മണ്ഡലത്തിൽ 50 ശതമാനത്തിലധികം വോട്ടുകൾ നേടുന്നതുവരെ വിജയം സാധുതയുള്ളതല്ല, അതിനാൽ രണ്ട് റൗണ്ടുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 30-ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ, ഫലപ്രഖ്യാപനം ഉണ്ടായ 76 സീറ്റുകളിൽ 38 എണ്ണവും വിജയിച്ച് ഉയർന്നുവരുന്ന ഒരു ധ്രുവമായി ഫാസിസ്റ്റ് RN നിലയുറപ്പിച്ചു (ബാക്കിയുള്ള 577 സീറ്റുകളിൽ 501 എണ്ണം രണ്ടാം റൗണ്ടിലേക്ക് പോയി). ന്യൂ പോപ്പുലർ ഫ്രണ്ടിൻ്റെ (എൻഎഫ്‌പി) ബാനറിൽ ഐക്യത്തോടെ പോരാടുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തെത്തി, ഭരണകക്ഷിയായ മധ്യകക്ഷി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വലിയ ജാഗ്രതയും തന്ത്രപരമായ വഴക്കവും രാഷ്ട്രീയ പക്വതയും കാണിച്ചുകൊണ്ട്, രണ്ടാം റൗണ്ടിൽ ഫാസിസ്റ്റ് വിരുദ്ധ വോട്ടിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ എൻഎഫ്‌പി, എൻസെംബിളുമായി ഒരു തെരഞ്ഞെടുപ്പ് ധാരണയിലെത്തി. ഫാസിസ്റ്റ് വിരുദ്ധ തിരഞ്ഞെടുപ്പ് ഏകീകരണം സുഗമമാക്കുന്നതിനു വേണ്ടി 130 NFP സ്ഥാനാർത്ഥികളും 82 എൻസെംബിൾ സ്ഥാനാർത്ഥികളും മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. അതിന്റെ ഫലം നമ്മുടെയെല്ലാം മുന്നിലാണ്. തൂക്കു പാർലമെൻ്റിൽ, 188 സീറ്റുകളുമായി എൻഎഫ്‌പി ഏറ്റവും വലിയ ബ്ലോക്കായി ഉയർന്നു, തുടർന്ന് 161 സീറ്റുകളുമായി സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യവും 142 സീറ്റുകളുമായി ഫാസിസ്റ്റ് ആർഎൻ മൂന്നാം സ്ഥാനത്തും കുടുങ്ങി. എന്നിരുന്നാലും , ഇത് ഫ്രാൻസിൽ ഒരു ഫാസിസ്റ്റ് ഏറ്റെടുക്കൽ ഭീഷണിയിൽ നിന്നുള്ള താൽക്കാലിക ആശ്വാസം മാത്രമാണ്. യുവ ആർഎൻ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം (പാർട്ടി പ്രസിഡൻ്റ് ജോർദാൻ ബാർഡെല്ലയ്ക്ക് 30 വയസ്സ് തികഞ്ഞിട്ടില്ല , പാർട്ടിയുടെ പ്രസിഡൻ്റ് നോമിനി മറൈൻ ലെ പെന്നിനും പ്രായം അൻപതുകളിൽ ആണ് ), ഇത് അവരുടെ വിജയം മാറ്റിവെക്കപ്പെട്ടതിൻ്റെ ഒരു കേസ് മാത്രമാണ്. സ്ഥായിയായ മദ്ധ്യ-ഇടതുപക്ഷ സഖ്യങ്ങളുടെ ചരിത്രവും ഫ്രാൻസിനില്ല, തൂക്കു പാർലമെൻ്റ് സാഹചര്യത്തെ NFPയും സംഘവും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഫ്രാൻസിൽ നിന്ന് വ്യത്യസ്‌തമായി, പതിന്നാലു വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിൻ്റെ നീണ്ട വിനാശകരമായ ഭരണത്തിന് ശേഷം യുകെ തിരഞ്ഞെടുപ്പ് ലേബർ പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവന്നു. എന്നാൽ , സൂക്ഷ്മ വിശകലനത്തിൽ , ഫ്രാൻസിനെപ്പോലെ അയൽരാജ്യമായ ബ്രിട്ടനും തീവ്ര വലതുപക്ഷ പുനരുജ്ജീവനത്തിൻ്റെ വെല്ലുവിളി നേരിടുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത് . വോട്ടുകളുടെ കാര്യത്തിൽ, ലേബർ പാർട്ടിക്ക് 2017-ലും 2019-ലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കുറവ് വോട്ടാണ് ലഭിച്ചത്, എന്നിട്ടും 650-ൽ 400 സീറ്റുകൾ കടന്നു. കൺസർവേറ്റീവ് വോട്ട് ഷെയറിലുണ്ടായ വൻ ഇടിവാണ് ഒരു പ്രധാന കാരണം. തീവ്ര വലതുപക്ഷ റിഫോം പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഏതാണ്ട് പൊരുത്തപ്പെടുന്ന വർദ്ധനയാണ് ഉണ്ടായത് . കെയർ സ്റ്റാർമറിൻ്റെ നിലവിലെ നേതൃത്വത്തിൽ, ലേബർ പാർട്ടി തന്നെ, സാമ്പത്തികനയത്തിന്റെ ദിശയിൽ മാത്രമല്ല, കുടിയേറ്റ വിരുദ്ധ വാചാടോപങ്ങൾ സ്വീകരിക്കുന്നതിലും യാഥാസ്ഥിതികരുമായി മത്സരിച്ചും ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന് പിന്തുണ അറിയിച്ചുകൊണ്ടും ഒരു വലതുപക്ഷ തിരിവ് തന്നെയാണ് ഉണ്ടായത് . പലസ്തീനിൽ സ്ഥിരമായ വെടിനിർത്തലിനുള്ള ആഗോള ആഹ്വാനത്തെ പിന്തുണയ്ക്കാൻ വിസമ്മതിക്കുന്ന ഒരു ലേബർ പാർട്ടിയെയാണ് ബ്രിട്ടനിൽ ഇപ്പോൾ ഭരണകക്ഷിയായി നാം കാണുന്നത്. അതിനാൽ മുൻകാലങ്ങളിലെ ഇടതുപക്ഷ ലേബർ വോട്ടർമാർ പലയിടത്തും സ്വതന്ത്ര ഇടത്, പലസ്തീൻ അനുകൂല സ്ഥാനാർത്ഥികൾക്കും ഗ്രീൻ പാർട്ടി സ്ഥാനാർത്ഥികൾക്കും ആണ് വോട്ട് ചെയ്തത് . ഫ്രാൻസിലെ NFP യ്ക്ക് ആകട്ടെ, പ്രത്യേകിച്ച് ഗാസയ്ക്കും ഫലസ്തീനിനുമെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നയങ്ങളിലും ഒരു അന്തർദേശീയ വിദേശ നയത്തിലും ഇടതുപക്ഷ അജണ്ട ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു. .രണ്ട് ലോകമഹായുദ്ധങ്ങളും രണ്ടാം ലോകയുദ്ധങ്ങൾ തമ്മിലുള്ള ഇടവേളയിലും രണ്ടാം ലോകയുദ്ധത്തിലും ഉണ്ടായ യുദ്ധക്കെടുതികളും വിഷലിപ്തമായ ഫാസിസ്റ്റ് ഹിംസാത്മകതയും യൂറോപ്പിൽ അഭൂതപൂർവമായ ആഘാതവും വിനാശവും സൃഷ്ടിച്ചു. ഈ ഫാസിസ്റ്റ് ദുരിതങ്ങൾക്ക് വിരാമമിടാൻവേണ്ടി യൂറോപ്പിനും ലോകത്തിനാകെയും കനത്ത വിലയാണ് നൽകേണ്ടിവന്നത് . 60 ലക്ഷം പേരുടെ ജീവൻ അപഹരിക്കുകയും ജൂതന്മാരെ ഒരു സമൂഹമെന്ന നിലയിൽ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഹോളോകോസ്റ്റിൻ്റെ ആഘാതം സെമിറ്റിക് വിരോധത്തിന്റെയും ഫാസിസത്തിൻ്റെയും അപകടങ്ങളിലേക്ക് ലോകത്തെ ഉണർത്തി. എന്നാൽ യൂറോപ്പിലെ നവ-ഫാസിസത്തിൻ്റെ പുത്തൻ കുതിച്ചുചാട്ടം അടിവരയിട്ടുകാണിക്കുന്നതു് മുതലാളിത്തത്തിൻ്റെ തീവ്രപ്രതിസന്ധിയുടെ ഇന്നത്തെ ഘട്ടമാണ് . കോവിഡ് മഹാമാരി ഏൽപ്പിച്ച നാശം, ഉക്രെയ്‌നിനെതിരായ യുദ്ധം, കാലാവസ്ഥാ പ്രതിസന്ധി, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുടെ പശ്ചാത്തലത്തിൽ മുഖ്യധാരാ വലതുപക്ഷ പാർട്ടികൾ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത കടുത്ത വംശീയത, ഇസ്‌ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ വിദ്വേഷം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ പുതിയ ഉയർച്ച. ചരിത്രഗതിയിൽ സംഭവിച്ച ഒരു യുക്ത്യാഭാസം എന്നപോലെ , ഇസ്രായേൽ ഇപ്പോൾ സെമിറ്റിക് വിരുദ്ധത യെ ഒരു ഒഴിവുകഴിവാക്കി സ്വാതന്ത്ര്യത്തിനായുള്ള ഫലസ്തീൻ അന്വേഷണത്തെ അടിച്ചമർത്താനും ഫലസ്തീൻ ലക്ഷ്യത്തോടുള്ള ആഗോള ഐക്യദാർഢ്യത്തെ നിശബ്ദമാക്കാനും ശ്രമിക്കുകയാണ്. മദ്ധ്യ പൗരസ്ത്യ മേഖലയിലും അതിനുമപ്പുറവും നടക്കുന്ന സാമ്രാജ്യത്വ കൊള്ളയ്ക്ക് പിന്തുണ നൽകുന്ന ഒരു നെടും കോട്ടയായി നിലനിർത്തപ്പെടുന്ന ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ അധിനിവേശവാഴ്ചയ്ക്ക് ലഭിക്കുന്ന പാശ്ചാത്യ സൈനിക പിന്തുണയും , ഫലസ്തീനുമായുള്ള ഐക്യദാർഢ്യത്തിനെതിരായ പാശ്ചാത്യവിലക്കും നിയമവിധേയമാക്കുന്നത് ഇസ്രായേലിൻ്റെ ഫാസിസ്റ്റ് അധിനിവേശത്തെ സംരക്ഷിക്കാൻ ആണ്. ഇസ്‌ലാമോഫോബിയയുടെ പ്രത്യയശാസ്ത്രത്തിലൂടെയും യഹൂദ വിരുദ്ധതയ്‌ക്കെതിരായ പൊതുജനവികാരത്തെ ചൂഷണം ചെയ്യാനുമുള്ള ശ്രമത്തിലൂടെയും ആണ് അത് സാധിച്ചെടുക്കുന്നത് . മേല്പറഞ്ഞതിന് തികച്ചും സമാനമാണ് ജനാധിപത്യത്തിന്നും അതിൻ്റെ ഭരണഘടനാ അടിത്തറയ്ക്കുമെതിരായ ആക്രമണത്തെ ന്യായീകരിക്കാനും, ഭരണകൂടത്തിൻ്റെ ഫാസിസ്റ്റ് അജണ്ടയെയും ആക്രമണത്തെയും കുറിച്ചുള്ള വിയോജിപ്പുകളെ 'ഹിന്ദു വിരുദ്ധത ' യും 'രാജ്യദ്രോഹ' വും ആയി ചിത്രീകരിക്കലും 'അപകോളനിവൽക്കരണ'ത്തെ അതിനുള്ള ഒരു കവചമായി ഉപയോഗിക്കാനുള്ള മോദി ഭരണകൂടത്തിൻ്റെ ശ്രമവും . ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ കൊളോണിയൽ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യതോടൊപ്പം ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ ഫാസിസ്റ്റ് ആക്രമണത്തെ നാം ഇന്ത്യയിൽ ചെറുക്കുന്നു . ആ വഴിയിൽ നാം സമത്വപരമായ സാമൂഹിക-സാമ്പത്തിക ക്രമത്തിനായുള്ള ജനങ്ങളുടെ അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സമാന്തരമായി യൂറോപ്പിലെ ഇടതുപക്ഷവും അതിൻ്റെ നവീകരണം നടത്തുകയാണ്. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിലെ കാതലായ ശക്തിയെന്ന നിലയിൽ മുൻനിരപ്പോരാളിയാകാൻ ഇടതുപക്ഷത്തിന് ബാദ്ധ്യതയുണ്ട് . 1789-ൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ വിളംബരം പുറപ്പെടുവിച്ച ഫ്രാൻസ്, 1871-ൽ ചരിത്രപ്രസിദ്ധമായ പാരീസ് കമ്മ്യൂണിലൂടെ സോഷ്യലിസത്തിൻ്റെ ആദ്യ കാഴ്ച്ചപ്പാട് ഉണ്ടാക്കിയ നാട് കൂടിയാണ്. ഫാസിസ്റ്റ് വിരുദ്ധരുടെ പ്രധാന നാടകവേദിയായ അവിടെ ചരിത്രപരമായ പങ്ക് നിർവ്വഹിക്കാൻ അവിടെ ഇടതുപക്ഷം വീണ്ടും ഉയർന്നുവരുന്നതാണ് നാം കാണുന്നത്.

No comments:

Post a Comment