Friday 30 August 2024





വയനാട് ദുരന്തം: 

ആഗോളതാപനത്തിന്റെ വിപൽ ഭീഷണി വർദ്ധിക്കുന്നു 

- ഡോ . എസ്  ഫൈസി 

(translated text of the original English article published in Liberation monthly, August 2024)  

 ഴിഞ്ഞ ജൂലൈ 30 ന് പുലർച്ചെയോടെ കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത്  വിനാശകരമായ പ്രകൃതിദുരന്തങ്ങളുടെ വേദിയായി. തുടർച്ചയായി പെയ്ത മഴയിൽ  മാരകമായ രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ വീടുകളിൽ  ഉറക്കത്തിലായിരുന്ന  231 പേർ മരിക്കുകയും 128 പേരെ  ദിവസങ്ങൾ നീണ്ട തെരച്ചിലുകൾക്കു ശേഷവും കാണാതാവുകയും ചെയ്തു; നാശം വളരെ ഭയാനകമായിരുന്നു, മരണപ്പെട്ടവരിൽ പലരുടേയും ശരീരങ്ങൾ കഷണങ്ങളായി ചിതറുകയായിരുന്നു. മരിച്ച 205 പേരുടെ ശരീരഭാഗങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. മുണ്ടക്കൈ, ചൂരൽമല, അട്ടമല വില്ലേജുകളിലെ നാനൂറോളം വീടുകൾ പൂർണമായും തകർന്നു, പലതും ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്നുള്ള വെള്ളവും ചെളിയും പാറക്കല്ലുകളും ചരലും നിറഞ്ഞ പ്രവാഹത്തിൽ ഒലിച്ചുപോയി.



2018 ൽ കേരളത്തിന്റെ ഭൂരിഭാഗങ്ങളിലും  ഉണ്ടായ വെള്ളപ്പൊക്കത്തിൽ അനവധിയാളുകൾക്ക് ജീവഹാനി സംഭവിക്കുകയും 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുകയും ചെയ്തു. അതിന്റെ പിന്നാലെ ,2019 ൽ വയനാട് , മലപ്പുറം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ 75 പേർ മരണപ്പെട്ടു. അന്ന് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമല യിൽനിന്നും കഷ്ടിച്ച് 6 കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ ദുരന്തം ഉണ്ടായ പ്രദേശങ്ങളിലൊന്നായ ചൂരൽമല സ്ഥിതിചെയ്യുന്നത്.  


ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തത്തോടെ , കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾ തുടർച്ചയായി ഉണ്ടാവുന്ന ഒരു പ്രദേശം എന്ന നിലയിൽ കേരളം മാറിയിരിക്കുന്നു. ഈ ദുഃസ്ഥിതി വന്നുചേർന്നതിൽ  സംസ്ഥാനത്തിന് കാര്യമായ പങ്ക് ഇല്ല എന്നതാണ് സത്യം. വനമേഖലയുടെ വിസ്തൃതി കുറഞ്ഞതും കല്ല് ഖനനം ചെയ്യുന്ന ക്വാ റികൾ പ്രവർത്തിക്കുന്നതും,എന്തിന് ക്വാറികളിൽനിന്നുള്ള പൊടിയാണ് അധിക മഴയ്ക്ക്  നിമിത്തമായതെന്നുപോലും ദുരന്തത്തിൻറെ കാരണങ്ങളായി ഉന്നയിച്ച് രംഗത്തുവരാനും കുറ്റപ്പെടുത്താനും   ചിലർക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല . എന്നാൽ, കേരളം കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയുടെ നിർഭാഗ്യങ്ങൾ തുടർച്ചയായി നടമാടുന്ന ഒരു സ്ഥിരം അരങ്ങായിക്കഴിഞ്ഞു എന്ന് സംശയമെന്യേ പറയാവുന്നവിധത്തിലാണ് ഇപ്പോഴത്തെ ദുരന്തം ഉണ്ടായിരിക്കുന്നത്. ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത് പുലർച്ചെ രണ്ടുമണിക്കായിരുന്നുവെങ്കിൽ കൂടുതൽ നാശങ്ങൾ വരുത്തിവെച്ച രണ്ടാമത്തേത് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു.  തൊട്ട് മുമ്പത്തെ 24 മണിക്കൂറിൽ അവിടെ പെയ്ത മഴയുടെ അളവ്‌ പേടിപ്പെടുത്തും വിധം 372 മില്ലിമീറ്റർ ആയിരുന്നു. അതിനും മുമ്പുള്ള 24 മണിക്കൂറിൽ 204 .5 മില്ലിമീറ്റർ മഴ പെയ്തിരുന്നു. 200 മില്ലിമീറ്ററിലധികം വരുന്ന മഴ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർവ്വചനപ്രകാരം  അതിതീവ്ര മഴയുടെ ഗണത്തിൽപ്പെടുന്നു . അപ്പോൾ , അനിവാര്യമായ ദുരന്തത്തിന് തൊട്ട് മുൻപത്തെ 48 മണിക്കൂറിൽ സ്ഥലത്ത് പെയ്തത് 572 മില്ലിമീറ്റർ മഴയായിരുന്നുവെന്ന് മനസ്സിലാക്കാം. ഒരുദിവസം മുഴുവൻ അതിതീവ്ര മഴയിൽ നനഞ്ഞു കുതിർന്ന ഭൂമിയിൽ ആണ് തൊട്ടടുത്ത 24 മണിക്കൂറിൽ കൂടുതൽ കഠിനമായ മഴ പെയ്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ് .

 

ആഗോളതാപനത്തിൻ്റെ ഫലമായി മഴയുടെ തീവ്രതയിലും വിതരണത്തിലുമുള്ള മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മൾട്ടി ഡിസിപ്ലിനറി ഇൻ്റർഗവൺമെൻ്റൽ പാനൽ (IPCC) 2007-ൽ പ്രവചിച്ചിരുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും മിക്ക പ്രദേശങ്ങളിലും പതിവായി'കനത്ത മഴയും അനുബന്ധ വെള്ളപ്പൊക്കവും തീവ്രമാകുമെന്നും കൂടുതൽ ആവർത്തനസ്വഭാവത്തോടെ അത് സംഭവിക്കുമെന്നും  IPCC ഉത്തമ ബോദ്ധ്യത്തോടെ 2021-ൽ റിപ്പോർട്ട് ചെയ്തിരുന്നു.  ഈ പ്രവചനം നടക്കുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് തീവ്രശ്രമത്തിലായിരുന്നു വയനാട്ടിലെ ചില താൽപ്പര്യ ഗ്രൂപ്പുകൾ. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ 2021 ലെ ഫോറസ്റ്റ് എസ്റ്റിമേഷൻ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ, വയനാടിന് 74.2 ശതമാനം വനമേഖലയും , തൊട്ട് മുൻപത്തെ രണ്ടുവര്ഷങ്ങളിലേതിനെയപേക്ഷിച്ച്  0.29 ചതുരശ്ര കിലോമീറ്റർ വീതം അധിക വനവിസ്തൃതിയും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .  പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെന്നപോലെ വയനാട്ടിലും ക്വാറികൾ ഉണ്ട്, എന്നാൽ ഏറ്റവും അടുത്തുള്ള ക്വാറി,  പ്രത്യേകിച്ച് റിസർവ് ഫോറസ്റ്റ് പ്രദേശം.കൂടിയായ ഇപ്പോഴത്തെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 10.5 കിലോമീറ്റർ അകലെയായിരുന്നു, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യമായ യുഎഇ, കാലാവസ്ഥാ വ്യതിയാനം ഏപ്രിലിലെ വെള്ളപ്പൊക്കത്തിന് കാരണമായി പറയാൻ മടിക്കുന്നുവെങ്കിലും  ഏപ്രിൽ 14 നും 15 നും ഇടയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴയാണ് ആ രാജ്യത്ത് പെയ്തത്.  അതേസമയം, 2022 ൽ രേഖപ്പെടുത്തിയ  മഴ 10 മാസത്തിനിടെ ആകെ 56.2 മില്ലിമീറ്റർ എന്ന രീതിയിലായിരുന്നു. 


2018 ൽ പ്രളയം ഉണ്ടായപ്പോഴും ഡോ മാധവ് ഗാഡ്ഗിലും കൂട്ടാളികളും ഉൾപ്പെട്ട ചില നിരീക്ഷകർ  വനനശീകരണത്തിന്റെയും ക്വാറി പ്രവർത്തനങ്ങളുടെയും കാര്യം എടുത്തുപറഞ്ഞ് പെട്ടെന്ന് കുറ്റപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ, ആ വർഷം  ആഗസ്ത് 9 മുതൽ 15 വരെ സാധാരണയിലും കവിഞ്ഞ് 257 % അധിക മഴയുണ്ടായി എന്നതും, അത്തരമൊരു സാഹചര്യത്തിൽ ഏത് തരം ഭൂമിയിലും പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കുമെന്നുമുള്ള വസ്തുത ഇവർ പാടേ അവഗണിച്ചിരുന്നു.  2017 ലെ  എഫ് എസ്  ഐ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിലെ വനകവചിത ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂടിയതായി കാണപ്പെട്ടിരുന്നു. ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കുന്നിൻ പ്രദേശങ്ങൾ ഉള്ള വയനാട് ജില്ലയിൽ പൊതുവേ ജൂൺ മാസത്തിൽ നല്ല മഴ ലഭിക്കാറുണ്ടെങ്കിലും , ഈ വർഷം ജൂണിൽ മഴ കുറവായിരുന്നു. എന്നാൽ, ജൂലൈ 30 ന് രാവിലെ നാശം വിതയ്ക്കാൻ കരുതിവെച്ചപോലെ വെള്ളത്തിന്റേയും പാറക്കല്ലുകളുടേയും താഴോട്ടുള്ള കുത്തിയൊഴുക്ക് രണ്ട് ഗ്രാമങ്ങളെ അക്ഷരാർത്ഥത്തിൽ തുടച്ചുനീക്കിയപ്പോൾ  ഒരു സമൂഹം കൂടി കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗ്യഹീനരായ ഇരകളായിത്തീരുകയായിരുന്നു. വ്യാവസായികമായി മുന്നേറ്റം കൈവരിച്ച രാജ്യങ്ങളും, വികസ്വര ലോകത്തിൽ ജീവിക്കുന്ന ഒരു പിടി സമ്പന്നരും ആണ് കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ഉത്തരവാദികൾ. എന്നിട്ടും ഡോ .ഗാഡ്ഗിൽ ഉന്നയിക്കുന്നത് ക്വാറികളിൽ നിന്ന് വരുന്ന പൊടി നിമിത്തം രൂപപ്പെടുന്ന എയ്റോസോളുകൾ (aerosol ) അധിക മഴസൃഷ്ടിച്ചതുകൊണ്ടാണ് ദുരന്തം ഉണ്ടായതെന്ന വിചിത്ര മായ വാദം ആണ്. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയ പ്രകൃതി വിഭവ മാനേജ്‌മെന്റ് പ്രാവർത്തികമാക്കാൻ യോജിച്ചതാണ്  ഇന്ത്യയിലെ  ജാതി-വർണ്ണ വ്യവസ്ഥ എന്ന് കുറച്ചു മുൻപ് ഡോ.ഗാഡ്ഗിൽ പറഞ്ഞ അഭിപ്രായം പോലെ വിചിത്രമാണ്  ഇതും. ഇന്ത്യയിലെ പരിരക്ഷണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ . സലിം അലിയെ  അമേരിക്കൻ ഏജന്റ് എന്ന് സമീപകാലത്ത് ഡോ .മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചതും അതുപോലെ വിചിത്രമാണ് .

കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ലഘൂകരണം സാദ്ധ്യമാകുന്നത് ഭൗമതാപനത്തിനു കാരണമായ  വാതകങ്ങളുടെ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നതിലൂടെയാണെങ്കിലും, സർക്കാരുകൾ അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) അടുത്തിടെ ഒരു നഷ്ടപരിഹാര ഫണ്ട് സ്ഥാപിച്ചു.  യുപി, ഹിമാചൽ പ്രദേശ്, അസം, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിർത്താതെ പെയ്ത മഴയുടെ ഫലമായി അസാധാരണമായ വെള്ളപ്പൊക്കം ഈ സീസണിൽ നാം കണ്ടു. ഇന്ത്യ കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾക്ക് ഏറെ സാധ്യതയുള്ള   ഒരു  രാജ്യവും , കേരളം അതിന്റെ നിത്യ ഇരയായ ഒരു സംസ്ഥാനവും ആണ്. നഷ്ടപരിഹാര ഫണ്ടിൻ്റെ സ്ഥാപനപരമായ ആസ്ഥാനം നിലവിൽ  ഫിലിപ്പീൻസ്  ആണെങ്കിലും  കേന്ദ്രസർക്കാരിൻ്റെ പിന്തുണയോടെ കേരളം ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള നടപടികൾ ആരംഭിക്കണം.  വൻതോതിൽ കാർബണിൻ്റെ ശേഖരണം നിമിത്തമുള്ള കെടുതികളും   ആഗോളതാപനത്തിൻ്റെ ഈ ദാരുണമായ ആഘാതവും അനുഭവിക്കേണ്ടി വന്നത് 74.2 ശതമാനം വനവിസ്തൃതിയുള്ള വയനാടിനായിരുന്നു  എന്നത് വിരോധാഭാസമാണ്. രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും സമ്പത്തും ദാരിദ്ര്യവും ധ്രുവീകരിക്കപ്പെടുന്ന ഒരു ലോകക്രമത്തിൽ, സമ്പന്നർ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം ദരിദ്രരാണ് വഹിക്കുന്നത്.

ദുരന്തസമയത്ത് കേരളം ഒന്നിക്കുന്നുവെന്ന അനുഭവം  ഇത്തവണയും വ്യത്യസ്തമായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ സേനയ്‌ക്കൊപ്പം നിരവധി പേർ പങ്കെടുത്തു. ദുരന്തബാധിതരെ  പിന്തുണയ്ക്കാനുള്ള ജനങ്ങളുടെ ഐക്യവും സന്നദ്ധതയും ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും, വൈകൃതത്തിന്റെ  മുഖങ്ങൾക്ക്  പ്രത്യക്ഷപ്പെടാനുള്ള അവസരം കൂടിയായിരുന്നു ദുരന്തത്തിൻ്റെ സന്ദർഭം. സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണറുടെ തലവനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവിയോട് നടത്തിയ ഒരു  'അഭ്യർത്ഥന' യുടെ ഉള്ളടക്കം ,  നിരീക്ഷണ പഠനങ്ങൾ നടത്താനും അവരുടെ അഭിപ്രായങ്ങൾ  സ്വതന്ത്രമായി  മാദ്ധ്യമങ്ങളോട്.പങ്കുവെക്കാനും തല്പരർ ആയ ശാസ്ത്രജ്ഞന്മാരെ ദുരന്തമേഖലയിൽ പോകാൻ അനുവദിക്കരുത് എന്നായിരുന്നു.  മാദ്ധ്യമങ്ങളിൽ ഉണ്ടായ  വ്യാപകമായ  പ്രതിഷേധത്തെ തുടർന്ന്  സർക്കാർ ഇത് പിൻവലിക്കാൻ നിർബന്ധിതരായി . എന്നാൽ ആശങ്കാജനകമായ കാര്യം എന്തെന്നാൽ, സയൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനത്തിൻ്റെ തലവൻ  ശാസ്ത്രജ്ഞന്മാരുടെ വായ് മൂടിക്കെട്ടാനുള്ള സർക്കാർ  നിർദ്ദേശത്തിലെ വിവേകത്തെ ചോദ്യം ചെയ്ത് തിരികെ എഴുതുന്നതിനുപകരം അതിലെ ഉള്ളടക്കം  ബന്ധപ്പെട്ടവർക്കിടയിൽ ഉടനെ  പ്രചരിപ്പിച്ചുകൊണ്ട്  അത് നടപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. . വൈവിദ്ധ്യത്തിൻ്റെയോ ഉൾക്കൊള്ളലിൻ്റെയോ യോഗ്യതയോ പരിഗണനയോ ഇല്ലാതെ, ജാതി ബന്ധങ്ങളെയും രാഷ്ട്രീയ സ്വാധീനത്തെയും അടിസ്ഥാനമാക്കി നിയമനങ്ങൾ നടത്തുന്ന നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിതാപകരമായ അവസ്ഥയെയാണ്  ഇത് വെളിപ്പെടുത്തുന്നത് . മറ്റൊരു സംഭവം,  ഒരു പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള ഒരു യുവജന ഗ്രൂപ്പിൽപ്പെട്ട  ചെറുപ്പക്കാർ ദുരന്തസ്ഥലത്ത് ദിവസങ്ങളായി സൗജന്യമായി ഒരുക്കിയിരുന്ന  മെച്ചപ്പെട്ട   ഭക്ഷണ വിതരണം നിർത്താൻ പെട്ടെന്ന്  സർക്കാർ ആവശ്യപ്പെട്ടതായിരുന്നു . എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ആ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. നിരുപാധികമായ ഐക്യദാർഢ്യത്തിൻ്റെ സ്പിരിറ്റ് ദുരിതഭൂമിയിൽ അത്രയ്ക്ക്  വ്യാപകമായിരുന്നു.



കാലാവസ്ഥാ വ്യതിയാനത്തിൽനിന്നുൽഭൂതമാവുന്ന  ഇത്തരം സുനിശ്ചിത ദുരന്തങ്ങൾ പാടേ ഒഴിവാക്കാനാവില്ലെങ്കിലും, ഭൂവിസ്തൃതിയുടെ പകുതിയോളം ഉരുൾപൊട്ടലിനുള്ള വിവിധ തലത്തിലുള്ള അപകടസാധ്യതകൾക്ക് വിധേയമായ കേരളത്തിൽ , സുസ്ഥിര ഭൂവിനിയോഗം സംബന്ധിച്ച ഒന്നിലധികം നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തോട്ടമുടമകൾ , ടൂറിസം വ്യവസായം , പള്ളി, ക്വാറി ഉടമകൾ എന്നിവരുടെ ശക്തമായ ലോബികൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾ മറികടക്കാൻ  രാഷ്ട്രീയ പാർട്ടികൾക്കും  ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും  ബാദ്ധ്യത യുണ്ട്. കേരള പഞ്ചായത്തീരാജ് ആക്ടിൽ വളരെ ശക്തമായ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകളുണ്ട്, നമ്മുടെ പൊതു ഭാവിയെ മുൻനിർത്തി അവ  നടപ്പിലാക്കാൻ ജനങ്ങൾ സംഘടിക്കുകയും , പഞ്ചായത്തുകളോട് ആവശ്യപ്പെടുകയും വേണം.

 ( ജൈവവൈവിധ്യ പരിപാലനത്തിലും അന്താരാഷ്ട്ര പരിസ്ഥിതി നയത്തിലും വിദഗ്ധനായ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ.
 s.faizi111@gmail.com എന്ന വിലാസത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള അദ്ദേഹത്തെ ബന്ധപ്പെടാം )

No comments:

Post a Comment