Sunday 1 September 2024


നീതിയുടെ
ബുൾഡോസിങ് സ്ഥാപനവൽക്കരിക്കപ്പെടുന്ന മോദിയുടെ ഇന്ത്യ ML അപ്‌ഡേറ്റ് വോളിയം. 27, നമ്പർ 36 (27 ഓഗസ്റ്റ് - 02 സെപ്റ്റംബർ 2024)

മോദി യുഗത്തിൽ ബിജെപി ഭരണത്തിൻ്റെ മുഖമുദ്രയായി ഉയർന്നുവന്ന ഭരണകൂട ഭീകരത, അനീതി, കുറ്റവാളികൾക്ക് ശിക്ഷയെ ഭയപ്പെടേണ്ടതില്ലാത്ത അവസ്ഥ, ധാർഷ്ഠ്യ0 എന്നിവ ചിത്രീകരിക്കാൻ ഒരു രൂപകം തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിനെ ബുൾഡോസർ രാജ് എന്ന് വിളിക്കാം. ബുൾഡോസറിനെ 'ഭരണ' ഉപകരണമായി ഉപയോഗിക്കുന്നത് തുടങ്ങിയത് യോഗി ആദിത്യനാഥിൻ്റെ ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശിലാ ണെങ്കിൽ, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് മദ്ധ്യപ്രദേശ് ഇന്ന് ഈ മാതൃക വളരെ കാര്യമായി പിന്തുടരുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ നൈരാശ്യം പൂണ്ട് രോഷാകുലരായ ബി.ജെ.പി സർക്കാരുകൾ യഥാർത്ഥത്തിൽ ബുൾഡോസറുകൾ കൊണ്ടുള്ള ഒരു പകപോക്കൽ കാമ്പെയിൻ തന്നെ അഴിച്ചുവിട്ടതായി തോന്നുന്നു.
ജൂൺ 15 ന് മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ മുസ്ലീങ്ങളുടെ പതിനൊന്ന് വീടുകൾ ആണ് ബുൾഡോസർ ഉപയോഗിച്ച് പോലീസ് തകർത്തുകളഞ്ഞത്. ആ വീടുകളിലൊന്നിലെ റഫ്രിജറേറ്ററിൽ ബീഫ് കണ്ടെത്തിയെന്ന അവകാശപ്പെട്ടതിന് പിന്നാലെയാണ് പോലീസ് അത് ചെയ്തത് . നാലു ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ യോഗി സർക്കാർ ലഖ്‌നൗവിലെ അക്ബർനഗർ മേഖലയിൽ വൻ കുടിയൊഴിപ്പിക്കൽ നടത്തി. പുഴയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പേരിൽ തകർത്തത് 1,169 വീടുകളും 101 വാണിജ്യ സ്ഥാപനങ്ങളും ആയിരുന്നു. ആഗസ്റ്റ് 22 ന്, മധ്യപ്രദേശിലെ ഛത്തർപൂരിൽ, ഒരു മുസ്ലീം ജനക്കൂട്ടത്തെ ലോക്കൽ പോലീസിനെതിരെ ഇളക്കിവിട്ടുവെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് നേതാവായ ഹാജി ഷെഹ്‌സാദ് അലിയുടെ പുതുതായി നിർമ്മിച്ച വീട് നശിപ്പിച്ചത്.
ഏറേയും മുസ്ലീങ്ങൾ, ദലിതർ, ചേരി നിവാസികൾ എന്നിവരുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യുന്ന സംഭവങ്ങൾ സമീപ വർഷങ്ങളിൽ അതിവേഗം വളർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസിംഗ് ആൻ്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്ക് ശേഖരിച്ച കണക്കുകൾ പ്രകാരം, 2022ലും 2023ലും മാത്രം 1,53,820 പൊളിച്ചുമാറ്റലുകൾ നടന്നിട്ടുണ്ട്, ഇത് 7,38,438 ആളുകളെ ഭവനരഹിതരാക്കി. ഇത്തരം പൊളിക്കലിന് ഇരയായവരുടെ എണ്ണം 2019-ൽ 1,07,625-ൽ നിന്ന് 2023-ൽ 5,15,752 ആയി ഉയർന്നു. 2022 ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 128 'ശിക്ഷയുടെ രൂപത്തിലുള്ള പൊളിച്ചുമാറ്റലുകൾ' നടന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ, മുംബൈയിലെ പവായിലെ ജയ് ഭീം നഗർ എന്ന ദളിത് ചേരിയിൽ അറുനൂറോളം താൽക്കാലിക വീടുകൾ തകർത്തു, 3,500 പേരെ ഭവനരഹിതരാക്കി. ഈ കേസുകളിലെല്ലാം ഔദ്യോഗികമായ ഒഴിവ്കഴിവ് കൈയ്യേറ്റങ്ങൾ പൊളിക്കൽ ആയിരുന്നു. എന്നാൽ പ്രബലമായിത്തീർന്ന ആഖ്യാനം 'ബുൾഡോസർ നീതി' സ്ഥാപനവൽക്കരണം ആണ്.
മുസ്ലീം വീടുകളും കടകളും ലക്ഷ്യമിട്ടുള്ള ഭൂരിഭാഗം പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന ബുൾഡോസറുകളുടെ ഏറ്റവും പ്രകടമായ ബ്രാൻഡ് എന്ന നിലയിൽ സർവ്വവ്യാപിയായ ജെസിബികൾ, മോദിയുടെ ഇന്ത്യയിലെ ജുഡീഷ്യൽ ഭീകരതയുടെ ഏറ്റവും ശക്തമായ പ്രതീകമായി ഉയർന്നുവന്നു, ഈ ബുൾഡോസർ നടപടിയിൽ ജുഡീഷ്യറി വ്യക്തമായ മൗനത്തിലാണ്. നീതി എന്നത് ഇടയ്ക്കിടെയുള്ള താൽകാലിക സ്റ്റേ ഉത്തരവുകൾ മാത്രമായി പരിമിതപ്പെടുമ്പോൾ , അധികാരപ്രമത്തമായ ബുൾഡോസർ ഭരണരീതിക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതികൾ മടിക്കുകയാണ്. തൽക്ഷണ നീതി വിതരണത്തിൻ്റെ വളരെ ആഘോഷിക്കപ്പെട്ട മാതൃകയായിരിക്കുന്നു ബുൾഡോസറുകൾ. ജെ.സി.ബി എന്ന ബ്രാൻഡിനെ 'ജിഹാദി കൺട്രോൾ ബോർഡ്' എന്ന നിലയിൽ ആഘോഷിക്കാൻ പോലും ചില ബി.ജെ.പി നേതാക്കൾ ധൈര്യപ്പെടുന്നു. കൂടാതെ, ബി.ജെ.പി യിതര രാഷ്ട്രീയ നേതാക്കൾ പോലും മത്സരിച്ച് ബുൾഡോസറുകൾ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഭരണഘടനാപരമായ നിയമവാഴ്ചയുടെ സംരക്ഷകരുടെ മനഃപൂർവ്വമായ മൗനം നിയമത്തെയും നീതിയേയും വെറും നോക്കുകുത്തികളാക്കുന്ന കുറ്റവാളികൾക്ക് ധൈര്യം പകരുക മാത്രമാണ് ചെയ്യുന്നത്.
2024-ലെ ജനവിധിക്ക് ഫാസിസ്റ്റ് മോദി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞില്ല, എന്നാൽ പാർലമെൻ്ററി രംഗത്ത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിലും ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ സാധാരണക്കാർക്ക് ആവശ്യമായ പ്രതീക്ഷയും ധൈര്യവും നൽകുന്നതിലും അത് സ്പഷ്ടമായും വിജയിച്ചു. വിവാദമായ വഖഫ് ബോർഡ് ബിൽ പാസ്സാവില്ലെന്നു കണ്ട് സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിട്ടതും , ബദൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഡ്രക്കോണിയൻ സ്വഭാവമുള്ള സംപ്രേഷണ ബിൽ ഉപേക്ഷിച്ചതും, കേന്ദ്ര ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെൻ്റിനെക്കുറിച്ചുള്ള സർക്കുലർ പിൻവലിച്ചതും, സമീപകാല പാർലമെൻ്റ് നടപടികളിലെ ജനവിധിയുടെ സ്വാധീനത്തിന്റെ ഫലങ്ങൾ ആയി നാം കണ്ടു. ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെയും ജനങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നതിനെതിരെയും വിവിധ സംസ്ഥാനങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതിൻ്റെ സൂചനകളും നാം കാണുന്നു. ബുൾഡോസർ രാജ് അവസാനിപ്പിക്കാൻ അതേ മനോഭാവം ഇപ്പോൾ ഉയർത്തിപ്പിടിക്കണം.
ബുൾഡോസറുകൾ ഒരിക്കലും നീതിയുടെ ആയുധമാകില്ല, അവ വ്യക്തമായും ഭീകരതയുടെയും നാശത്തിൻ്റെയും ഉപകരണങ്ങളാണ്, ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളെയും ചവിട്ടിമെതിക്കുന്ന ഭരണകൂടത്തെയാണ് അത് പ്രതീകപ്പെടുത്തുന്നത്. ഭൂമിയും ധാതുക്കളും വനങ്ങളും നദീതടങ്ങളും ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത് ലാഭം കൊയ്യുന്നതിനാൽ പാവപ്പെട്ടവർ കുടിയൊഴിപ്പിക്കലിനെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലുടനീളം, ബുൾഡോസറുകൾ കോർപ്പറേറ്റ് പിടിച്ചെടുക്കലിൻ്റെ വാഹനങ്ങളാണ്. ഇന്ത്യയിലെ മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം, ബുൾഡോസറുകൾ വർഗ്ഗീയധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ഭീകരതയുടെയും ഫാസിസ്റ്റ് ആക്രമണത്തിൻ്റെയും ആയുധങ്ങളല്ലാതെ മറ്റൊന്നുമല്ല, ഫാസിസ്റ്റുകൾ ഒരു സമൂഹത്തിൻ്റെ മുഴുവൻ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ നിശ്ശബ്ദമായി വിധേയപ്പെടുത്താൻ ആണ് അതിലൂടെ ശ്രമിക്കുന്നത്. കൊള്ളയുടെ ഉപകരണമായ ബുൾഡോസറിനെ തടയാനും പാർശ്വവൽക്കരിക്കപ്പെട്ട ഓരോ വിഭാഗത്തിൻ്റെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും ജനാധിപത്യ ഇന്ത്യ അതിൻ്റെ എല്ലാ ശക്തിയും വിനിയോഗിക്കണം .

No comments:

Post a Comment