Wednesday 18 September 2024

 ആർ എസ്സ് എസ്സും ആഗോള തീവ്രവലതുപക്ഷവും : വിപുലമാവുന്ന കണ്ണികൾ, വളരുന്ന ആധിപത്യ മോഹങ്ങൾ

- ദീപങ്കർ ഭട്ടാചാര്യ

സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന് ആർഎസ്എസ് വിവരണപ്രകാരമുള്ള ലക്ഷണമൊത്ത ഒരു പുതിയ ആഗോള ബ്രാൻഡ് നാമം ലഭിച്ചിരിക്കുന്നു : ദേശീയ യാഥാസ്ഥിതികത എന്നാണ് അതിനെ വിളിക്കുന്നത്. ആഗോള തീവ്ര വലതുപക്ഷം നാറ്റ്‌കോൺ (ദേശീയ യാഥാസ്ഥിതികത) സമ്മേളനങ്ങളുടെ ഒരു പരമ്പര നടത്തി കഴിഞ്ഞ അഞ്ച് വർഷമായി വിശാലമായ ഒരു പ്രത്യയശാസ്ത്ര സഖ്യം രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. 2019 മെയ് മുതൽ 2020 ഫെബ്രുവരി വരെ ലണ്ടൻ, വാഷിംഗ്ടൺ, റോം എന്നിവിടങ്ങളിൽ നടന്ന പ്രാരംഭ കോൺഫറൻസുകൾ ഇസ്രായേൽ-അമേരിക്കൻ താത്വികനായ യോറം ഹാസോണിയുടെ അധ്യക്ഷതയിൽ എഡ്മണ്ട് ബർക്ക് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു പുതിയ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സമാരംഭവും അടയാളപ്പെടുത്തി. 2024 ജൂലൈ 8-10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഏറ്റവും പുതിയ നാറ്റ്‌കോൺ കോൺഫറൻസിൽ സംഘപരിവാറിന്റെ രണ്ട് പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു - രാം മാധവും സ്വപൻ ദാസ്ഗുപ്തയും ആയിരുന്നു അവർ. ഇന്ത്യൻ വംശജരായ പ്രവാസി സമൂഹങ്ങളുടെ സങ്കീർണ്ണമായ ശൃംഖലയ്‌ക്കപ്പുറം ഉയർന്നുവരുന്ന ആർഎസ്എസിൻ്റെ ആഗോള ബന്ധങ്ങളിലേക്ക് ഇത് പുതിയ വെളിച്ചം വീശുന്നു.

ആർ എസ്സ് എസ്സ്, അതിൻ്റെ ആരംഭസമയത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ യൂറോപ്പിലെ ഫാസിസ്റ്റ് തീവ്രവലതുപക്ഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇറ്റലിയിലെ മുസ്സോളിനിയുടെ ആവിർഭാവത്തിൽ നിന്ന് കാര്യമായ അളവിൽ വിഭവശേഷി ആർ എസ്സ് എസ്സ് സ്വാംശീകരിച്ചിരുന്നു. ഇന്ത്യയിലെ ദേശീയവാദികൾ ഹിറ്റ്‌ലറിൽ നിന്ന് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് ഗോൾവാൾക്കർ പരസ്യമായി പറഞ്ഞിരുന്നു. ആഗോള തീവ്രവലതുപക്ഷത്തിൻ്റെ ഇപ്പോഴത്തെ സംഘാടനവും നവഫാസിസത്തിൻ്റെ പുതിയ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. എന്നാൽ ഫാസിസം അല്ലെങ്കിൽ ദേശീയ സോഷ്യലിസം എന്ന് വിളിക്കപ്പെട്ട നാസിസം ഇന്നത്തെ ലോകത്തിൽ ഫാസിസ്റ്റുകൾക്ക് പോലും നിഷിദ്ധമായി കരുതപ്പെടുന്നതിനാൽ , "ദേശീയ യാഥാസ്ഥിതികത"യുടെ മറ അതിന്ന് ആവശ്യമായിവന്നിരിക്കുന്നു.

ഫാസിസ്റ്റ് എന്ന ആരോപണത്തിന് സാധാരണ വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി നിലവാരത്തിലുള്ള ഒരു മറുപടിയുമായിട്ടാണ് രാം മാധവ് രംഗത്തുവന്നത്. ജൂതന്മാരെയും ഇസ്രായേലിനെയും ഇത്രയധികം സ്‌നേഹിക്കുന്ന ഞങ്ങളെ ഹിറ്റ്‌ലറെ പിന്തുടർന്നവർ എന്നും ഫാസിസ്റ്റുകൾ എന്നും എങ്ങനെയാണ് വിളിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതെന്ന് മാധവ് ചോദിക്കുന്നു. ഇന്ത്യയിലെ 'ജനാധിപത്യത്തിൻ്റെ പിന്നോക്കാവസ്ഥ'യെക്കുറിച്ചുള്ള ഇന്ത്യൻ, പാശ്ചാത്യ ലിബറൽ വ്യവഹാരങ്ങളെ വിശ്വസിക്കരുതെന്ന് അദ്ദേഹം വെള്ളക്കാരായ തൻ്റെ സദസ്സിനോട് രാം മാധവ് ആവശ്യപ്പെട്ടു: 'ഓർക്കുക, അതേ ആളുകൾ നിങ്ങളെ വെള്ളക്കാരായ മേധാവികളും വംശീയവാദികളും എന്ന് വിളിക്കുന്നു'. ഫാസിസ്റ്റുകളും വംശീയവാദികളും എങ്ങനെ യാഥാസ്ഥിതികതയുടെ കുടക്കീഴിൽ സ്വയം പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നുവെന്നറിയാൻ നാറ്റ്‌കോൺ കോൺഫറൻസിൽ രാം മാധവിൻ്റെ പ്രസംഗം കേട്ടാൽ മതിയാകും.

യാഥാസ്ഥിതികതയുടെ ഈ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യം ഇന്ത്യയാണെന്ന് രാം മാധവും സ്വപൻ ദാസ് ഗുപ്തയും സമ്മേളനത്തിൽ പറഞ്ഞു, കാരണം ഇന്ത്യക്കാർ പ്രത്യക്ഷത്തിൽ യാഥാസ്ഥിതികരാണ്. അവരുടെ അഭിപ്രായത്തിൽ, 'വിശ്വാസം, പതാക, കുടുംബം' - 'ദൈവത്തിലുള്ള വിശ്വാസം', കുടുംബത്തോടും രാഷ്ട്രത്തോടും ഉള്ള വിശ്വസ്തത എന്നിവയുടെ യാഥാസ്ഥിതിക വിശ്വാസം ഇന്ത്യക്കാർക്ക് സ്വാഭാവികമായി വരുന്നതാണ് . ഒരു ബില്യൺ ഇന്ത്യക്കാർ യാഥാസ്ഥിതിക പ്രത്യയശാസ്ത്രം പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെടുന്ന മാധവ്, ഇന്ത്യയിലെ യാഥാസ്ഥിതികതയുടെ ഭൂരിപക്ഷ അടിത്തറ സ്ഥാപിച്ചെടുക്കുന്ന സംഖ്യ കണ്ടെത്തിയത് വേഗത്തിലായിരുന്നു. യഥാർത്ഥ സംഖ്യകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ, ഇന്ത്യയിൽ ഒരു ബില്യണിനടുത്ത് ജനങ്ങൾ വോട്ടർ പട്ടികയിൽ പേരുള്ളവരായി ഉണ്ട്. അതിൽ 642 ദശലക്ഷം 2024 ൽ വോട്ട് ചെയ്തു, ബിജെപിക്ക് 36.56% അല്ലെങ്കിൽ 24 ദശലക്ഷത്തിൽ താഴെ വോട്ട് ഷെയർ ഉണ്ടായിരുന്നു,

യാഥാസ്ഥിതികത്വം എന്ന പൊതുപദം ഉപയോഗിക്കുമ്പോൾ, സ്റ്റാറ്റസ് ക്വോയിസം മുതൽ ഫാസിസം വരെ മാധവിൻ്റെ മനസ്സിലെ അർത്ഥം എന്തുതന്നെ ആയാലും, സംഘ്-ബിജെപി സ്ഥാപനങ്ങൾക്ക് ഒരു ബില്യൺ ഇന്ത്യക്കാരുടെ പിന്തുണ ഒരിക്കലും ഉണ്ടായിട്ടില്ല. ഐക്കണുകൾ കൈക്കലാക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതും പോലെ, നീതിന്യായം തേടുന്ന ജനാധിപത്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരെ ആർഎസ്എസിൻ്റെ പിന്തിരിപ്പൻ പ്രത്യയശാസ്ത്ര പദ്ധതിയുടെ പിന്തുണക്കാരായി തെറ്റായി ചിത്രീകരിക്കുന്ന ഒരു വ്യവഹാരമാണ് സംഘ് പരിവാർ തുടർച്ചയായി നിർമ്മിക്കുന്നത്. യാഥാസ്ഥിതികതയും പൊരുത്തപ്പെടലും ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെ പ്രധാന സവിശേഷതകളായാൽ, അതിനെ സാമൂഹികമെന്നോ സാംസ്കാരികമെന്നോ രാഷ്ട്രീയമെന്നോ വിളിക്കുകയാണെങ്കിൽ, ഇന്ത്യ ഇപ്പോഴും കൊളോണിയൽ ഭരണത്തിൻ കീഴിലായിരിരുന്നേനെ. ദളിതർ ഇപ്പോഴും അടിമത്തത്തിന് വിധേയരാകുകയും, ഭർത്താക്കന്മാർ മരിച്ചുപോയ ഹിന്ദു സ്ത്രീകളെ സതി അനുഷ്ഠാനത്തിന്റെ പേരിൽ ചിതയിൽ ചുട്ടുകളയുന്നതും ഇപ്പോഴും തുടർന്നേനെ. തീർച്ചയായും, ജനാധിപത്യപരവും സമൂലവുമായ മാറ്റത്തിനുള്ള പ്രേരണകൾ 'ഇന്ത്യൻ' ആണെന്നിരിക്കെ, പുരുഷാധിപത്യ-ഫ്യൂഡൽ ജാതി സമൂഹത്തിൻ്റെ യാഥാസ്ഥിതികതയെ വിശേഷിപ്പിക്കാൻ 'ജനാധിപത്യവിരുദ്ധത ആഴത്തിൽ വേരോടിയ മണ്ണ്' എന്ന് അംബേദ്കർ വിളിച്ചത് ഇവിടെ പ്രസക്തമാവുന്നു. മാധവ് ആഘോഷിക്കുന്നത് എന്താണോ അതിന്റെ കാതലിൽ വേരുറപ്പിക്കാൻ അവർക്ക് എപ്പോഴും പാടുപെടേണ്ടി വന്നിട്ടുണ്ട്. ആഗോള യാഥാസ്ഥിതികതയുടെ മാതൃകയായി ലോകത്തിന് മുന്നിൽ അത് പ്രദർശിപ്പിക്കാൻ അവർ എപ്പോഴും ആഗ്രഹിക്കുന്നു.

നിലവിൽ മോദി ഭരണം അനുഭവിക്കുന്ന അധികാരം വിളിച്ചോതിക്കൊണ്ട് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള തൻ്റെ സഹയാഥാസ്ഥിതികരെ നയിക്കാനാണ് രാം മാധവ് ശ്രമിക്കുന്നത് . പത്ത് വർഷം മുമ്പായിരുന്നുവെങ്കിൽ, താനും ഒരു പക്ഷേ യാഥാസ്ഥിതികതയുടെ ഒരു 'കുഴപ്പക്കഥ' പങ്കുവെക്കുമായിരുന്നു, എന്നാൽ ഇന്ന് തനിക്ക് ഒരു വിജയഗാഥയാണ് പറയാനുള്ളതെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. താഴെനിന്നുള്ള സാംസ്കാരിക സമാഹരണം, യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള അവകാശവാദം എന്നിവയാണ് ഈ വിജയം നേടിയതെന്ന് അദ്ദേഹം പറയുന്നു. ഒരു വലിയ നുണയാണ് ഇവിടെ രാം മാധവ് പറയുന്നത്. അദ്വാനിയുടെ അയോദ്ധ്യ രഥയാത്ര മുതൽ മോദിയുടെ മേൽനോട്ടത്തിൽ നടന്ന ഗുജറാത്ത് കൂട്ടക്കൊല വരെ, കഴിഞ്ഞ പത്ത് വർഷമായി നിരന്തരമായ മുസ്ലീം വിരുദ്ധ കലാപങ്ങളും ആൾക്കൂട്ടക്കൊലകളും ബുൾഡോസർ ആക്രമണങ്ങളും വരെ നടത്തിയ അക്രമാസക്തമായ പ്രചാരണങ്ങളാണ് ബിജെപിയെ അധികാരത്തിലെത്താൻ വഴിയൊരുക്കിയത്. ആസൂത്രിതമായി അക്രമം നടത്തി അധികാരത്തിൽ വന്ന ബിജെപി ഇന്ന് കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും ഭീകരത വളർത്തുകയും ചെയ്തുകൊണ്ട് അതിനെ നിലനിർത്തുന്നതിന് വേണ്ടി ശ്രമിക്കുകയാണ്.
ഫാസിസത്തിൻ്റെ ക്ലാസിക്കൽ സ്വഭാവം മുൻനിർത്തി വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഇന്നത്തെ ബിജെപി ഭരണം ഫലത്തിൽ ഒരു തുറന്ന തീവ്രവാദ സ്വേച്ഛാധിപത്യമാണ്. 2024ലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയും, തൽഫലമായി ജനങ്ങളിൽ ഭീതിജനിപ്പിക്കാനുള്ള ശേഷി ഭരണപക്ഷത്ത് ദുർബ്ബലപ്പെടുന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ മോദിയുടെ മൂന്നാംവട്ട ഭരണം ഒരു തരത്തിലും തയ്യാറല്ല. ആർഎസ്എസിൻ്റെ ഉയർച്ചയെയും വളർച്ചയെയും സംബന്ധിച്ചിടത്തോളം, അത് എല്ലായ്പ്പോഴും ജാതിയുടെയും മതത്തിൻ്റെയും പരമ്പരാഗത ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണകൂട അധികാരത്തിലും ഒരു ആധുനിക സമൂഹത്തിൻ്റെ സ്ഥാപന ശൃംഖലയിലും അതിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണത്തെയും ആശ്രയിച്ചിരിക്കുന്നു. യാഥാസ്ഥിതികതയുടെ പിന്തിരിപ്പൻ പ്രത്യയശാസ്ത്രത്തിലേക്കുള്ള നേരിട്ടുള്ള ആഹ്വാനങ്ങളേക്കാൾ, നുണകളും കിംവദന്തികളും പ്രചരിപ്പിച്ചും വിദ്വേഷവും അക്രമവും സംഘടിപ്പിച്ചുമാണ് ആർഎസ്എസ് ചരിത്രപരമായി വളർന്നത്.

മോദിയുടെ 'വിശ്വഗുരു' ഭാവവും അഭിലാഷവും പോലെ, ആർഎസ്എസും ഇപ്പോൾ വലിയ ആഗോള അംഗീകാരത്തിനും റോളിനും വേണ്ടി ശ്രമിക്കുന്നതായി തോന്നുന്നു. ലോകത്തെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടിൽ ഇന്ത്യയുടെ തന്ത്രപരമായ പ്രസക്തി, ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലും ചൈനയെ നിയന്ത്രിക്കുന്നതിലും ഒരു സഖ്യകക്ഷിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കും സാദ്ധ്യതയും ചുറ്റിപ്പറ്റിയാണെന്ന് ആർഎസ്എസിന് അറിയാം. തീവ്ര വലതുപക്ഷ യാഥാസ്ഥിതിക ബന്ധത്തിൻ്റെ ശക്തമായ പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ ഈ തന്ത്രപരമായ ബന്ധം സ്ഥാപിക്കാൻ അത് ആഗ്രഹിക്കുന്നു. വിശാലമായ നിയോലിബറൽ സാമ്പത്തിക സമവായത്തിൻ്റെയും പാശ്ചാത്യ സൈനിക ആധിപത്യത്തിൻ്റെയും ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങളുടെ നയതന്ത്ര സഹകരണത്തിനപ്പുറം, മാറുന്ന രാഷ്ട്രീയം പരിഗണിക്കാതെ തീവ്ര വലതുപക്ഷത്തിൻ്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ഒത്തുചേരലിനായി പ്രവർത്തിച്ചുകൊണ്ട് പ്രത്യയശാസ്ത്ര രംഗത്ത് അതിൻ്റെ പങ്ക് തേടാൻ ആർഎസ്എസ് ആഗ്രഹിക്കുന്നു. വംശീയത, ഇസ്ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ തീവ്രദേശീയവാദം, പരദേശി വിദ്വേഷം എന്നിവയുടെ പങ്കിട്ട മൂല്യങ്ങളിൽ കെട്ടിപ്പടുക്കുന്ന, പരമാധികാര രാജ്യങ്ങളിലെ സന്തുലിതാവസ്ഥയും തിരഞ്ഞെടുപ്പ് ജയാപജയസാദ്ധ്യതകളും ആണ് അത് മുന്നിൽ കാണുന്നത്.

രാം മാധവും സ്വപൻ ദാസ് ഗുപ്തയും യുഎസിലെ ഇന്ത്യൻ പ്രവാസികളെ ഇസ്രായേൽ അനുകൂല ജൂത ലോബിയുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ ഇന്ത്യൻ പ്രവാസികൾ മുൻചൊന്ന ലോബിയോട് താരതമ്യപ്പെടുത്താവുന്ന ശക്തിയിലും ഐശ്വര്യത്തിലും എത്തിയിട്ടുണ്ടെന്ന് ദാസ്ഗുപ്ത വിശ്വസിക്കുന്നു. ഇസ്രായേൽ അനുകൂല ലോബിയെ പോലെ തന്നെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സ്വാധീനമുള്ളതായിരിക്കണം അമേരിക്കയിലെ ഇന്ത്യൻ പങ്ക് എന്ന് ഇപ്പോൾ അവർ ആഗ്രഹിക്കുന്നു. ഇസ്രയേലിന് യുഎസിൽ നിന്ന് പൂർണമായ മതിപ്പും സജീവമായ പിന്തുണയും ലഭിക്കുന്നതുപോലെ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോടും മുസ്ലീം അയൽക്കാരോടും ഇടപെടുന്ന മോദി സർക്കാരിൻ്റെ മാതൃക അമേരിക്ക സ്വീകരിക്കണമെന്നും മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് നേരിയ വിമർശനം പോലും ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും ആണ് മാധവ് ആഗ്രഹിക്കുന്നത്. മതപരിവർത്തനത്തിനെതിരായ ആർഎസ്എസിൻ്റെ എതിർപ്പിനെ അല്ലെങ്കിൽ മതപരിവർത്തനത്തിനുള്ള ക്രിസ്ത്യൻ മിഷണറി പ്രവർത്തനം നിരോധിക്കണമെന്ന സംഘപരിവാറിന്റെ ആവശ്യത്തെ, സുവിശേഷകരായ അമേരിക്കൻ യാഥാസ്ഥിതികർ അഭിനന്ദിക്കണമെന്നും മാധവ് ആഗ്രഹിക്കുന്നു.

2025-ൽ ആർഎസ്എസ് അതിൻ്റെ ശതാബ്ദിക്ക് തയ്യാറെടുക്കുമ്പോൾ, സ്വയം ഒരു ആഗോള റോൾ മോഡലായും ഇന്ത്യയെ ഒരുപക്ഷേ ലോകമെമ്പാടുമുള്ള 'ദേശീയ യാഥാസ്ഥിതികരുടെ' പ്രത്യയശാസ്ത്ര ലക്ഷ്യസ്ഥാനമായും എടുത്തുകാട്ടി വിൽക്കാനുള്ള കൂടുതൽ ശ്രമങ്ങൾ ആർഎസ്എസിൽ നിന്ന് നമുക്ക് കാണാൻ കഴിയും. വാസ്തവത്തിൽ, യാഥാസ്ഥിതിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻനിര പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നാണ് മാധവ് തൻ്റെ യാഥാസ്ഥിതിക സഹപ്രവർത്തകരോട് പറയുന്നത്. ഇന്ത്യൻ ഫാസിസത്തിൻ്റെ ഉയർന്നുവരുന്ന സമകാലിക അന്താരാഷ്ട്ര ബന്ധങ്ങൾക്ക് തീർച്ചയായും ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ ശക്തികളിൽ നിന്ന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
(ഈ ലേഖനം ആദ്യമായി TheWire.com-ൽ 2024 ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചു; Liberation മാസിക സെപ്റ്റംബർ 2024 ലക്കത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി)

No comments:

Post a Comment