Wednesday 4 September 2024

സമനില തെറ്റിയ ബിജെപി 

 വിദ്വേഷവും ഹിംസയും വളർത്തുന്ന  പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നു.


[എഡിറ്റോറിയൽ,
ML Update
A CPIML Weekly News Magazine
Vol. 27 | No. 37 | 3-9 Sep 2024]








2024 ലെ പ്രതികൂല ജനവിധികണ്ട് ഞെട്ടിയ മോദി  സർക്കാരും സംഘ്-ബിജെപി സംവിധാനവും ജനങ്ങളുടെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ നേരിടാൻ ഒരു ബഹുമുഖ തന്ത്രം മെനയുകയാണെങ്കിലും, മോദി സർക്കാരിനെ ഒരു പരിധിവരെ പിന്നോട്ടടിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന് സാധിച്ചു.  നിർദിഷ്ട വഖഫ് ബോർഡ് ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിടുകയും സാമൂഹ്യ മാദ്ധ്യമങ്ങളെ  നിയന്ത്രിക്കാനുള്ള നടപടികൾ നിയമമാക്കുന്ന ആശയം മാറ്റിവെക്കുകയും ചെയ്യാൻ സർക്കാർ നിർബന്ധിതമായി. കേന്ദ്ര   ബ്യൂറോക്രസിയിലേക്കുള്ള ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെൻ്റിനുള്ള സർക്കുലർ പിൻവലിക്കാൻ യുപിഎസ്‌സിയോട് ആവശ്യപ്പെടാനും കേന്ദ്രം നിർബന്ധിതമായി . എന്നാൽ തന്ത്രപരമായ പിൻവാങ്ങലിൻ്റെയോ മാറ്റിവയ്ക്കലിൻ്റെയോ ആയ ഒരു മറുവശംകൂടി  ഇതിന് ഉണ്ടെന്നത് നാം കാണാതിരിക്കരുത്.  കൂടാതെ , ബി ജെ പി ഭരിക്കുന്ന ഓരോ സംസ്ഥാനത്തും  വിദ്വേഷപ്രചാരണത്തിന്റെയും  അടിച്ചമർത്തലിൻ്റെയും തീവ്രത വർദ്ധിച്ചുവരുന്നതും  അവഗണിക്കുക സാദ്ധ്യമല്ല .

ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പരീക്ഷിച്ചു ഫലസിദ്ധി കൈവരിച്ച  മുസ്ലീം വിരുദ്ധ വർഗീയ ധ്രുവീകരണം, ജാതിയുപയോഗിച്ചുള്ള സോഷ്യൽ  എഞ്ചിനീയറിംഗ്, നിർബന്ധിത രാഷ്ട്രീയ കൂറുമാറ്റം എന്നിവയുടെ പദ്ധതി നടപ്പിലാക്കാൻ ബി ജെ പി മെഷിനറി വീണ്ടും ശ്രമിക്കുകയാണ് .  തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് അല്ലെങ്കിൽ അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘ് ബ്രിഗേഡ് വർഷങ്ങൾ കൊണ്ട്  നിർമ്മിച്ച വിവിധ ലബോറട്ടറികളിലും ഈ തന്ത്രം കളിക്കുകയാണ് . ഹിന്ദുക്കളുടെ കൻവാർ യാത്രയുടെ പരമ്പരാഗത വേദി മുസ്ലീം വിരുദ്ധ വിഷം ചീറ്റാൻ ഉപയോഗിക്കുന്നത് മുതൽ മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനും നോട്ടമിട്ട് ആക്രമിക്കാനുമുള്ള  പുതിയ ഒഴിവുകഴിവുകൾ ഉണ്ടാക്കുന്നതിന് വേണ്ടിവരെയുള്ള പരീക്ഷണങ്ങൾ  ഈ ലബോറട്ടറികളിലെ പാത്രങ്ങളിൽ     24 മണിക്കൂറും തിളച്ചുമറിഞ്ഞ് പ്രവർത്തിക്കുകയാണ് .

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിൻ്റെ പ്രധാന മുഖമായി ഉയർന്നുവന്നിരിക്കുന്നു .  അടുത്തിടെ കനത്ത മഴയിൽ ഗുവാഹത്തിയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ, അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള മേഘാലയയിലെ ഒരു സ്വകാര്യ സർവ്വകലാശാല 'അസാമിനെതിരെ പ്രളയ ജിഹാദ്' നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചത് നാം  കേട്ടു.   അസമിലെ മുസ്ലീം പച്ചക്കറി കർഷകർ രാസവളം അമിതമായി ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും, ഹിന്ദു ഉപഭോക്താക്കൾക്കെതിരെ മുസ്ലീങ്ങൾ നടത്തുന്ന  'വളം ജിഹാദ്' ആയി അതിനെ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. താഴത്തെ അസമിലെ മിയ മുസ്‌ലിംകൾ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്ക് അസമിൽ ഉപയോഗിക്കുന്ന അപകീർത്തികരമായ പദം) ഉൽപ്പാദിപ്പിക്കുന്ന മത്സ്യം കഴിക്കുന്നത് നിർത്താൻ അദ്ദേഹം അപ്പർ അസം നിവാസികളോട് ഉപദേശിച്ചു.    അസമിലെ നാഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, മുകളിലെ അസമിലെ 'മിയ' മുസ്ലീങ്ങളുടെ അധിനിവേശമാണ് ഇതിന് കാരണമെന്ന് ഹിമന്ത ബിശ്വാസ്  ആരോപിച്ചു.  മുകളിലെ അസമിനെ  കീഴടക്കാൻ  'മിയ മുസ്ലീങ്ങളെ ഞങ്ങൾ അനുവദിക്കില്ല' എന്ന  അസം മുഖ്യമന്ത്രിയുടെ  പ്രതികരണം ഞെട്ടിപ്പിക്കുന്നതായിരുന്നു!  ഒരു സംസ്ഥാന ഗവൺമെൻ്റിൻ്റെ തിരഞ്ഞെടുക്കപ്പെട്ട തലവൻ തന്നെ  വർഗ്ഗീയ കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ഇതിലും വ്യക്തമായ ഉദാഹരണം വേറെ എന്തുണ്ട്?
അതിനിടെ, മറ്റൊരു ബിജെപി മുഖ്യമന്ത്രി ഹരിയാനയിലെ നയാബ് സിംഗ് സൈനി തൻ്റെ സംസ്ഥാനത്ത് നടക്കുന്ന  ആൾക്കൂട്ട കൊലപാതകങ്ങളെ വിശദീകരിക്കാൻ വിചിത്രമായ ഒരു  'യുക്തി'യുമായി രംഗത്തെത്തി.  പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സാബിർ മാലിക്കിനെ  ഓഗസ്റ്റ് 27-ന് പശുരക്ഷകരുടെ ഒരു സംഘം ചർഖി ദാദ്രിയിൽ വെച്ച് തല്ലിക്കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പശുക്കളെ സംരക്ഷിക്കാനുള്ള ഹരിയാനയുടെ ദൃഢനിശ്ചയത്തിൻ്റെ അടയാളമായി ട്ടായിരുന്നു !  'പശുവിനോടുള്ള ബഹുമാനമാണ് ഹരിയാനയിലെ ജനങ്ങളെ നയിക്കുന്നത്, ആർക്കാണ് അവരെ തടയാൻ കഴിയുക' എന്നാണ്  ചാർഖി ദാദ്രി ആൾക്കൂട്ട ആക്രമണത്തോട്  ഹരിയാന മുഖ്യമന്ത്രി പ്രതികരിച്ചത്. കാർഷിക മേഖലയെ   കോർപ്പറേറ്റ്കളുടെ ഇംഗിതങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരായ ചരിത്രപരമായ കർഷക മുന്നേറ്റത്തിൽ ഹരിയാന ഒരു മുൻനിര സംസ്ഥാനമാണ്. അഗ്നിവീർ പദ്ധതിയോടും ഹരിയാനയിലെ വനിതാ ഗുസ്തിതാരങ്ങളോട്  കാണിക്കുന്ന അനീതിക്കും അപമാനത്തിനും എതിരെയും കർഷകർ ശക്തമായി പ്രതിഷേധിച്ചതും എടുത്തുപറയേണ്ടതാണ് .  കർഷക സമരത്തിനെതിരെ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ ദുരാരോപണങ്ങൾ എരിതീയിൽ എണ്ണയൊഴിച്ച ഫലമാണ് ഉണ്ടാക്കിയിരുന്നത്. ഗോസംരക്ഷണത്തിൻ്റെയും മുസ്ലീം വിരുദ്ധ വർഗീയ വിദ്വേഷത്തിൻ്റെയും അടിസ്ഥാനത്തിൽ ഹരിയാനയുടെ അഭിമാനത്തെ പുനർനിർവ്വചിക്കാൻ  ഇപ്പോൾ തീവ്ര ശ്രമത്തിലാണ് നൈരാശ്യം പൂണ്ട ബി ജെ പി. 

ധാതു സമ്പന്നമായ ഒരു പ്രധാന സംസ്ഥാനമായ ജാർഖണ്ഡിൽ, ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും സമീപകാല വിജയങ്ങൾക്ക് ശേഷം 'അദാനി ത്രികോണം' പൂർത്തിയാക്കാനുള്ള വിജയമാണ്  ബിജെപി  ആഗ്രഹിക്കുന്നത് . അസംതൃപ്തരായ ജെഎംഎം നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  മുൻ ജെഎംഎം മുഖ്യമന്ത്രി ചമ്പായി സോറന് പിന്നാലെ മറ്റൊരു ജെഎംഎം വിമത എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നു.  ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനായി അദാനിക്ക് വേണ്ടി ഒഴിച്ചിട്ട പ്രത്യേക സാമ്പത്തിക മേഖലയായി  നേരത്തെ തന്നെ ഗോഡ്ഡ പവർ പ്ലാൻ്റ് മോദി സർക്കാർ സമ്മാനിച്ചിരുന്നു.  അദാനിയുടെ ഓസ്‌ട്രേലിയയിലെ കാർമൈക്കൽ ഖനിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൽക്കരി ബംഗ്ലദേശിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻവേണ്ടി ഗോഡ്ഡയിൽ കത്തിക്കുകയായിരുന്നു, ഷെയ്ഖ് ഹസീന ഭരണത്തിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശുമായുള്ള വൈദ്യുതി കരാറിൻ്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് മോദി സർക്കാർ അദാനിയെ രക്ഷിക്കാൻ എത്തിയത് .  ഇന്ത്യയുടെ ആഭ്യന്തര ഗ്രിഡിന് ഗോഡ്ഡ യിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി  വിൽക്കാൻ അദാനി ഗ്രൂപ്പിനെ ഏർപ്പാട് ചെയ്യുകയായിരുന്നു .

പശ്ചിമ ബംഗാളിൽ, കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ബിരുദാനന്തര ട്രെയിനിയായ  ഡോക്ടറെ ബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയ സംഭവത്തിന്റെ  പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തെ മുതലാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി.  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന "ജസ്റ്റിസ് ഫോർ ആർജി കാർ" കാമ്പെയ്‌നിൽ ഫെമിനിസ്റ്റ് പ്രസ്ഥാനവും പുരോഗമന സിവിൽ സമൂഹവും മുൻനിരയിലായിരിക്കുമ്പോൾ, "പശ്ചിമ ബംഗാളിലെ വിദ്യാർത്ഥി സമൂഹം" എന്ന സാങ്കൽപ്പിക ബാനറിന് കീഴിൽ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ ബിജെപി ശ്രമിച്ചു.തുടർന്ന് ' പോലീസ് അധികാരികളുടെ അനീതിയോട് പ്രതിഷേധിക്കാൻ ' പാർട്ടിയുടെ പേരിൽ ഒരു ' ബംഗ്ലാ ബന്ദി ' ന്  ആഹ്വാനം ചെയ്തു.  .  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നതിൽ ഏറ്റവും മോശം ട്രാക്ക് റെക്കോർഡാണ് ബിജെപിക്കുള്ളത്.  പശ്ചിമ ബംഗാളിലെ ബലാത്സംഗ വിരുദ്ധ ജനരോഷം മുതലെടുക്കാൻ പാർട്ടി ശ്രമിക്കുമ്പോഴും, ജാമ്യത്തിൽ പുറത്തിറങ്ങിയ ഐഐടിയിലെ (ബിഎച്ച്‌യു) വിദ്യാർത്ഥിനിയെ  ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബിജെപി ഐടി സെൽ സംഘാടകരെ ഉത്തർപ്രദേശിലെ പാർട്ടി അഭിനന്ദിച്ചു.   'ജസ്റ്റിസ് ഫോർ ആർ ജി കാർ' എന്ന കാമ്പെയ്‌നെ ഹൈജാക്ക് ചെയ്യാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിൽ ബി.ജെ.പി 'ജസ്റ്റിസ് ഫോർ ആർ ജി കാർ' എന്ന കാമ്പെയ്‌നെ ഹൈജാക്ക് ചെയ്യാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഇത്തരം കാപട്യങ്ങൾ പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ വിലപ്പോകുന്നില്ല.  



 ബി ജെ പിയുടെ  ഈ ബഹുമുഖതന്ത്രത്തെ പരാജയപ്പെടുത്തി, സമഗ്രമായ
 നീതിക്കും എല്ലാവർക്കും ലഭ്യമാകേണ്ട ഭരണഘടനാപരമായ
 അവകാശങ്ങൾക്കും വേണ്ടിയുള്ള വർദ്ധിച്ചുവരുന്ന അഭിലാഷത്തെ
 ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറാനുള്ള ചുമതലയാണ് ഇന്ന് ഇന്ത്യയിൽ
  ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന പ്രസ്ഥാനങ്ങൾക്ക്  മുന്നിലുള്ളത്. 

No comments:

Post a Comment