Friday 11 September 2020

 

മാധ്യമ വിചാരണയും വേട്ടയാടലും, ഒരു അതിജീവനത്തിൻ്റെ സാക്ഷ്യം

-          --- പാഞ്ചാലി റേ



-         (ന്യൂ ഡൽഹി കേന്ദ്രമായി  പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഗവേഷകയാണ് ലേഖിക)

"വർഷങ്ങൾക്ക് മുമ്പ് ഞാൻ നേരിട്ട പരീക്ഷണങ്ങൾ റിയ ചക്രബർത്തി ഇപ്പോൾ അഭിമുഖീകരിക്കുന്നു!"

എനിക്ക് കഷ്ടിച്ച്  20 വയസ്സ് തികഞ്ഞപ്പോഴാണ് നമ്മുടെ രാജ്യത്ത് ഒരുപാട് സ്ത്രീകൾ പതിവായി  കടന്നുപോകുന്നത് ഏത് തരം അനുഭവങ്ങളിലൂടെ യാണെന്ന്  ഞാനും  തിരിച്ചറിയുന്നത്. ഞാൻ മുൻപ് കേട്ടിട്ടില്ലാത്ത  ഒരു വ്യക്തിയായ റിയാ  ചക്രബർത്തിയുടെ നേരെ ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണയുടെ രൂക്ഷത ഞാൻ കെട്ടിപ്പൊക്കിയതായി സങ്കൽപ്പിച്ച പ്രതിരോധത്തിന്റെ കോട്ട പോലും ഇടിച്ചുനിരപ്പാക്കും വിധമുള്ളതാണ് .(വാസ്തവത്തിൽ, സുശാന്ത് സിംഗ് രാജ്പുത് ആരാണെന്നും എനിക്കറിയില്ല.) കഴിഞ്ഞ 19 വർഷമായി ഓരോ ദിവസവും കഠിനമായ വേദനകൾ സഹിച്ച് എനിക്കു ചുറ്റും  പടുത്തുയർത്തിയതാണ് ജാഗ്രതയുടെ കോട്ട.

ഒരു കൗതുകത്താൽ 1998 , ഞാൻ കൊൽക്കത്തയിലെ ഒരു ചെറിയ സൗന്ദര്യമത്സരത്തിൽ  പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ശേഷം ആറുമാസത്തിനുള്ളിൽ, ഒരു ദേശീയ മത്സരത്തിൽ പങ്കെടുത്ത്  പരാജയപ്പെടുകയും ചെയ്തു, പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ ഞാൻ  മോഡലിംഗ് ജീവിതത്തോട് വിട പറഞ്ഞു ;  മോഡലിങ്  ഒരിക്കലും ഞാൻ  ഗൗരവമായി  എടുത്തിട്ടില്ലായിരുന്നുവെന്ന് മാത്രമല്ല , ഗ്ലാമർ ലോകം ഏറെ ആസ്വദിച്ചിരുന്നുമില്ല .  ഒപ്പം എന്റെ പന്ത്രണ്ടാം ക്ലാസ് ഫൈനൽ പരീക്ഷകൾ   അടുത്തുവന്നതും അത്   ഉപേക്ഷിക്കാനുള്ള ഒഴിവ്കഴിവായി.

 താമസിയാതെ ഞാൻ ദിവസവും കോളേജിൽ പോകുന്ന ഒരു യുവതിയായി  മാറുകയും, സുഹൃത്തുക്കളുമായി ചുറ്റിയടിക്കുകയും, ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും ചെയ്തു. ഒരിക്കൽ ഞങ്ങൾക്ക് കുറച്ച് പണം ലഭിച്ചപ്പോൾ ഒരു പ്രാദേശിക പബ്ബിൽ പോയി ബിയർ കുടിക്കുകയും റോക്ക് ബാൻഡുകൾ കേൾക്കുകയും ചെയ്തു. എന്റെ കുടുംബാംഗങ്ങളെയും ഒരു  വീട്ടുജോലിക്കാരനനേയും  പോലീസ് പിടികൂടിയതായും, ഞങ്ങളുടെ വീട്ടിൽ സെർച്ച് നടത്തിയതായും അറിഞ്ഞതിനെ തുടർന്ന് 2001 ലെ ഒരു സായാഹ്നത്തിൽ ഞാൻ വീട്ടിലെത്തി. ഞാൻ ഉടനെ ലോക്കൽ സ്റ്റേഷനിലേക്ക് പോയി;  ഞങ്ങളെ സിഐഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി, ഖാദിം എംഡിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഞങ്ങളെ യോരോരുത്തരെയും ചോദ്യം ചെയ്യുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിട്ടയക്കുകയും ചെയ്തു. ( തട്ടി ക്കൊണ്ടുപോകൽ സംഭവത്തിലെ മോചനദ്രവ്യം 9/11 ഭീകരക്രമണം സംഘടിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടുവെന്ന ആരോപണം കൂടിയുണ്ടായിരുന്നു ).  പുലർച്ചെ 3 മണിയോടെ ഞങ്ങൾ വീട്ടിലെത്തി.  ഇത് അന്വേഷണ ഉദ്യോഗസ്ഥർ  ആളെ തെറ്റിദ്ധരിച്ചുപോയ തിന്റെ പേരിൽ വന്ന കേസാണെന്നും, അത് അവസാനിച്ചുവെന്നും ഞങ്ങൾ കരുതി. (9/11- സെപ്തംബർ 11, 2001 , അമേരിക്കയിൽ അൽ-ഖ്വയിദ നടത്തിയ ഭീകരാക്രമണം)

 എന്നാൽ ഇത് ഒരു തുടക്കമായിരുന്നു. നഗരത്തിലെ പ്രാദേശിക പത്രങ്ങൾ (അല്ല, ടാബ്ലോയിഡുകൾ മാത്രം) എന്റെ  അമ്മയേയും,എന്നേയും  സംശയിക്കപ്പെടുന്നവരായി ചിത്രീകരിച്ചുകൊണ്ട്  തലക്കെട്ടുകൾ  നിരത്തി  ആക്രോശം മുഴക്കി .  അതിന് പിന്നാലെ , താമസിയാതെ ഞങ്ങൾവേശ്യകൾആണെന്നുംലൈംഗിക റാക്കറ്റുകൾനടത്തുന്നുവെന്നുമുള്ള ആരോപണങ്ങൾ വന്നു . ഒരിക്കൽ ഞാൻ ഒരു മോഡലായിരുന്നു എന്ന വസ്തുത ആരോപണങ്ങൾക്കെല്ലാം ആക്കം കൂട്ടി.  എന്റെ മോഡലിംഗ് ദിനങ്ങളിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ മുൻ പേജുകളിൽ അച്ചടിച്ചു. വലിയ പത്ര സ്ഥാപനങ്ങളായ ആനന്ദ ബസാർ പത്രിക, ടെലിഗ്രാഫ്, ബർത്തമാൻ, സ്റ്റേറ്റ്സ്മാൻ എന്നിവയൊന്നും ഇത്തരം ശീർഷകങ്ങളിലുള്ള കഥകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്; എന്നാൽ വൻകിട പത്രങ്ങളിലൊന്ന്  ഇതിന് അപവാദമായി ഉണ്ടായിരുന്നു .  'ഇന്ത്യയുടെ ടോയ്ലറ്റ് പേപ്പർഎന്ന് ചിലർ തമാശയായി പരാമർശിക്കാറുള്ള പത്രത്തിന്റെ നിലവാരം നോക്കിയാൽ അവർ ഞങ്ങളെക്കുറിച്ച്  അതുപോലെ വാർത്തകൾ പടച്ചുവിട്ടതിൽ ഒട്ടും അത്ഭുതമില്ലായിരുന്നു . അന്നത്തെ മാധ്യമ വിചാരണ അത്രത്തോളമായപ്പോൾ , എനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന്  ഒരു പത്രസമ്മേളനത്തിലൂടെ പ്രസ്താവിക്കാൻ സിഐഡി ഇൻസ്പെക്ടർ ജനറൽ പാർഥാ ഭട്ടാചാർജി നിർബന്ധിതനായി . 

 ഖാദിമിന്റെ എംഡിയെ ഞങ്ങളുടെ വീട്ടിൽ ഒളിപ്പിക്കുന്നതിൽ അമ്മയും ഞാനും പങ്കാളികളായി എന്ന്  ആരോ അവർക്ക് അജ്ഞാത സന്ദേശം  അയച്ചതായി പോലീസ് ഞങ്ങളോട് പറഞ്ഞു.  വിവാഹമോചിതയും, വിജയിച്ച ഒരു സംരംഭകയുമായ എന്റെ അമ്മ, എന്റെ പിതാവുമായി നിരവധി കോടതി വ്യവഹാരങ്ങളിൽ പെട്ടിരുന്നു, തർക്കത്തിലുള്ള സ്വത്ത് (ഞങ്ങൾ താമസിച്ചിരുന്ന വീട്) സംബന്ധമായ കേസ് അടക്കം   വിവിധ കേസുകൾ ഫയൽ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നു . ഞങ്ങളെ പോലീസ് ചോദ്യം ചെയ്തതിന്റെ  തെളിവുകളുമായി എൻ്റെ മുത്തശ്ശിയും, പിതാവും ലോക്കൽ കൗൺസിലറെ സമീപിക്കുകയും, ഞങ്ങളെപ്പോലുള്ള 'സദാചാര നിഷ്ഠ യില്ലാത്ത' സ്ത്രീകളെ മാന്യരായ അയൽവാസികളുടെ ഇടയിൽതുടരാൻഅനുവദിക്കണമോ അതോ പുറത്താക്കണമോ എന്നു ചോദിച്ചതായും പിന്നീട് ഞാൻ മനസ്സിലാക്കി. ഞങ്ങൾ അവരുടെ പ്രതീക്ഷയ്ക്കൊത്ത്  'മാതൃകാജീവിതം' നയിക്കുന്ന  സ്ത്രീകളായിരുന്നില്ലെന്ന് ഞാൻ ഇവിടെ കൂട്ടിച്ചേർക്കുന്നു. എന്റെ അമ്മ  അവരുടെ ഇപ്പോഴത്തെ ഭർത്താവായ  പങ്കാളിയുമൊത്ത്  പരസ്യമായി  താമസിക്കുന്നു, ഒപ്പം ഞാൻഅനുചിതമായിവസ്ത്രങ്ങൾ ധരിക്കുകയും, സിഗരറ്റ് വലിക്കുകയും, അയൽവാസികളായ ആൺകുട്ടികളുമായി കൂട്ടുകൂടി കറങ്ങിനടക്കുകയും ചെയ്യുന്ന ' തന്റേടമുള്ളഎൻ്റെ രീതികളിലൂടെയും അറിയപ്പെടുന്നു എന്ന ഒരവസ്ഥയായിരുന്നു .

 ശേഷമുണ്ടായത് ഒരു പേടിസ്വപ്നം പോലെയായിരുന്നു; ലാൻഡ്ലൈനിൽ ഇടവിട്ടുള്ള അജ്ഞാത കോളുകൾ വന്നു .(മൊബൈൽ ഫോണുകൾ അന്ന്  സാധാരണമായിരുന്നില്ല).  ആളുകൾ ഞങ്ങളെക്കുറിച്ച് ഗോസിപ്പ് ഉണ്ടാക്കുകയും അപവാദം പറയുകയും ചെയ്തു.  ഒരു സുഹൃത്തിന്റെ അമ്മ വാർത്താ ക്ലിപ്പിംഗുകളിലൊന്ന് ഫോട്ടോകോപ്പികൾ എടുത്ത്  അയൽക്കാർക്കിടയിൽ വിതരണം ചെയ്തു, സ്കൂൾ കാലത്തെ ഒരു 'ഉത്തമസുഹൃത്ത്'ഞാൻ  ലൈംഗിക ജോലിയിലൂടെ  ഇഷ്ടം പോലെ പോക്കറ്റ് മണിയുണ്ടാക്കുന്നുവെന്ന്   പ്രചരിപ്പിച്ചു. ഞങ്ങൾ  സ്കൂൾ കാലത്ത് വലിയ സുഹൃത്തുക്കൾ ആയിരുന്നു വെന്നതും, കൊൽക്കത്തയിലെ ഒരു 'പേരുള്ള'  കുടുംബത്തിൽ നിന്നുള്ളയാളായിരുന്നുവെ  ന്നതും അവളുടെ വാക്കുകൾക്ക് വിശ്വാസ്യത നൽകി . ഇതൊന്നും കൂടാതെ  വേറെയും  പല കഥകളും എന്നെക്കുറിച്ച് പ്രചരിച്ചിരുന്നു ; ഞാൻ കണക്കെടുപ്പിനില്ല. ബന്ധപ്പെട്ട എല്ലാ പത്രങ്ങൾക്കെതിരെയും ഞങ്ങൾ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും, തുടർന്നുള്ള കോടതി കയറ്റം ഒമ്പത് വർഷം തുടരുകയും ചെയ്തു.

 എന്നാൽ,  മാധ്യമ വിചാരണകൾക്കിടയിലും   എനിക്ക്  അതിജീവനം സാദ്ധ്യമായത് അന്ന്  സോഷ്യൽ മീഡിയ നിലവിൽ വരാത്തതിനാലും,    റിപ്പബ്ലിക് ടിവിയോ അതുപോലുള്ള ടെലിവിഷൻ ചാനലുകളോ ഇല്ലാത്തതിരുന്നത് കൊണ്ടുംകൂടിയാണെന്ന്  തോന്നുന്നു .  വാസ്തവത്തിൽ അന്ന് ഒരു ടിവി ചാനൽ  പോലും എന്നെ പേരെടുത്തു  പരാമർശിച്ചിരുന്നില്ല .അന്ന് ഞൊടിയിടയിൽ കെട്ടുകഥകൾ മെനഞ്ഞ് ലോകം മുഴുവൻ എത്തിക്കാൻ കഴിയുന്ന ഇന്റർനെറ്റ്ഉണ്ടായിരുന്നില്ല . എന്റെ പേര് വിളിച്ചു പറഞ്ഞ് അലറുമായിരുന്ന ടി വി ആങ്കർമാർ ഇല്ല ; വൃത്തികെട്ട ഹാഷ് ടാഗ്കൾ ,വാട്സ്ആപ്പ് ഫോർവേഡുകൾ ഇവയ്ക്കൊന്നും സാധ്യതകൾ ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നത് കൊണ്ട് കൂടിയാകണം അന്ന് എനിക്ക് അപവാദപ്രചാരണങ്ങൾക്ക് നടുവിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് .

       അതിനിടെ , ഞാൻ ഇതിനകം ഒരു ഫെമിനിസ്റ്റായി മാറിയതുകൊണ്ട് കൂടി  എനിക്ക് അതിജീവിക്കാനായി;  എന്റെ കോളേജിലെ ആദ്യ വർഷത്തിൽ തന്നെ ഞാൻ "സെക്കൻഡ് സെക്സ്" ( സ്ത്രീകളെ ചരിത്രത്തിലുടനീളം എങ്ങിനെ പരിഗണിച്ചിരുന്നുവെന്ന തുസംബന്ധിച്ചു  സിമോങ് ദ് ബുവ്വാ എഴുതിയ  ഗവേഷണ സ്വഭാവമുള്ള പുസ്തകം) വായിച്ചിരുന്നു. അന്ന് എനിക്ക് അതിലെ ഉള്ളടക്കം അത്രയൊന്നും മനസ്സിലായിരുന്നില്ലെങ്കിലും , മുകളിൽ പറഞ്ഞ  ആക്രമണങ്ങളെയെല്ലാം  സ്ത്രീവിരുദ്ധതയുടെയും, പുരുഷാധിപത്യപരമായ അച്ചട ക്കം പഠിപ്പിക്കലിന്റെയും അനുഭവങ്ങൾ എന്ന നിലയിൽ ബുദ്ധിപരമായിത്തന്നെ  ഉൾകൊള്ളാനായി - ഇത് കുടുംബം മുതൽ ഭരണകൂടം വരെ നീളുന്നതാണ്.

 ഞാൻ ഒളിച്ചോടിയില്ല. അടുത്ത പത്തുവർഷക്കാലം ഞങ്ങൾ അതേ വീട്ടിൽ താമസിച്ചു, എന്റെ അമ്മ പുനർവിവാഹം ചെയ്തു, ഞാൻ എം ചെയ്യാൻ മുംബൈയിലേക്ക് പോയി. ശേഷം ഒരു സംസ്ഥാന സർവകലാശാലയിൽ പിഎച്ച്ഡി പ്രോഗ്രാമിൽ ചേരാൻ കൊൽക്കത്തയിൽ തിരിച്ചെത്തി, തുടർന്ന് അഞ്ച് വർഷത്തിലേറെ "വിമൻസ് സ്റ്റഡി സെൻ്ററിൽ" പഠിപ്പിച്ചു. പക്ഷെ എൻ്റെ അശുഭ ചിന്തകളൊഴിഞ്ഞില്ല. ഇപ്പോൾ പ്പോലും പിറുപിറുക്കലുകൾ ഞാൻ കേൾക്കുന്നുണ്ട് :  എന്നെ തിരിച്ചറിഞ്ഞശേഷം ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയുള്ള  പുതിയ ആമുഖം,  ചോദ്യ രൂപത്തിലുള്ള ഒരു നോട്ടം - ഇവൾ   പെൺകുട്ടിതന്നെ യാണോ? അങ്ങിനെയാവുക  സാധ്യമാണോ?

എൻ്റെ ഇരുപതുകളും, മുപ്പതുകളുടെ വലിയൊരു ഭാഗവും വിഷാദം, കുറ്റബോധം, ലജ്ജ, ഒന്നും ഒഴിവാക്കാനാവില്ലെന്നുള്ള നിരാശയാൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വയംമതിപ്പ് , ഇവയോട് പോരാടിയാണ് ഞാൻ നാളുകൾ  ചെലവഴിച്ചത്. എന്നിരുന്നാലും, ഗ്രാമീണ ബംഗാളിലെ കാർഷികത്തൊ  ഴിലാളികളുടെ ഒരു ട്രേഡ് യൂണിയനുമായി ചേർന്ന് ഞാൻ പ്രവർത്തിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയും, സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയുള്ളതുമായ  ജനകീയ പ്രസ്ഥാനങ്ങളിൽ ഞാൻ സജീവമായി പങ്കെടുത്തു . പക്ഷെ, മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാനുള്ള സാഹചര്യങ്ങളിൽ നിന്നെല്ലാം ഞാൻ തെന്നിമാറിയിരുന്നു എന്നത് സമ്മതിക്കുന്നു.

 ഭരണകൂട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പുരുഷാധിപത്യ കടന്നാക്രമണങ്ങൾ  അഭിമുഖീകരിക്കുന്ന ഗ്രാമീണസ്ത്രീകൾക്കും,   തൊഴിലാളിവർഗം, ദലിത്, മുസ്ലീം , വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കും ഒപ്പം പ്രവർത്തി ച്ചതിന്റെ  അനുഭവങ്ങൾ ആണ് ജാതീയവും വർഗ്ഗപരവും ആയ വരേണ്യ പദവിയിൽ നിക്ഷിപ്തമായ  സാമൂഹികവും സാംസ്കാരികവും ആയ മൂലധനം  ഉപരിവർഗ്ഗക്കാരായ സ്ത്രീകൾക്ക്  താരതമ്യേന അധികമായി നൽകുന്ന പരിരക്ഷകൾ  എന്തെന്ന്  എന്നെ പഠിപ്പിച്ചത് . എന്നേയും അമ്മയേയും പോലീസ് അതിക്രമങ്ങളിൽനിന്നും  അന്യായമായി  കസ്റ്റഡിയിലെടുക്കപ്പെടലിൽ നിന്നും അന്ന്  സംരക്ഷിച്ചത് മേൽപ്പറഞ്ഞ വരേണ്യ സാമൂഹ്യ പദവിയാണ് എന്ന് തിരിച്ചറിയുന്നു . ധാരാളം നല്ല മനുഷ്യർ അന്ന്  ഞങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു .  അടുത്ത കാലത്ത്  ഛത്തീസ്ഗഡിൽ പോവുകയും, ഒരു ഗവേഷണ പ്രോജക്റ്റിനായി തീപ്പൊരി പോലത്തെ  നേതാവായ സോണി സോറിയുടെ അഭിമുഖമെടുത്തു . തുടർന്ന്, നിശ്ചയദൃഢതയുടെ പ്രതീകമായ  ഇറോം ഷർമിളയുമായി മണിപ്പൂരിൽ വെച്ചും അഭിമുഖം നടത്താൻ എനിക്ക് അവസരം ഉണ്ടായി.  ഭരണകൂട അതിക്രമങ്ങൾ, വേട്ടയാടലുകൾ, അപവാദ പ്രചരണങ്ങൾ, മാധ്യമ വിചാരണകൾ ഇവയൊക്കെ നേരിട്ട രണ്ട് സ്ത്രീകൾ:   എന്നിട്ടും അവർ തളർച്ചയില്ലാതെ നീതിക്കുവേണ്ടി പോരാടുന്നു.

സ്ത്രീ വിരുദ്ധ ലൈംഗിക പരിഹാസങ്ങളെ നേരിടുന്നതിനെക്കുറിച്ച് സോറി വിശദമായി സംസാരിച്ചു . സ്ത്രീവിരുദ്ധത തീവ്രമായതും , മറയില്ലാതെ നിരന്തര മാധ്യമവിചാരണകൾ  നടക്കുന്നതുമായ രാഷ്ട്രീയ മേഖലയിൽ പ്രവേശിക്കാനുള്ള അവരുടെ ദൃഢനിശ്ചയം എന്നെ ആശ്ചര്യപ്പെടുത്തി. എന്റെ കണ്ണുകളിലേക്ക് ഉറ്റ്നോക്കി അവർ പറഞ്ഞു:  "നിങ്ങൾ എന്തിനാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് സംസാരിക്കുന്നത്?" എൻ്റെ ഭർത്താവ് എന്നോട് ചോദിച്ചു. ആളുകൾ എന്നെ പരിഹസിക്കുന്നു, എന്നെ കളിയാക്കുന്നു, വളരെയധികം സാമൂഹിക സമ്മർദ്ദമുണ്ട്. നിങ്ങൾക്ക് മറ്റ് തരത്തിലുള്ള അക്രമങ്ങളെക്കുറിച്ച് സംസാരിക്കാം, പക്ഷേ ലൈംഗിക അതിക്രമത്തെക്കുറിച്ച് പറയരുത്. ഞാൻ പോരാട്ടം നിറുത്തില്ല, അതുകൊണ്ട് എനിക്ക് വിവാഹമോചനം നൽകാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മാനഹാനി, ആളുകളെ അഭിമുഖീ കരിക്കൽ തുടങ്ങിയ വിഷയങ്ങൾ  മാത്രമാണ് അദ്ദേഹം ചിന്തിച്ചിരുന്നത്, ഞാൻ  അവയിലൊന്നിലും ഇനിമേലിൽ ചൂളിപ്പോവില്ല.”

 ഇത് എന്നെ വല്ലാതെ സ്പർശിച്ചു. വേദനയോടെ മൗനത്തിലൊളിക്കൽ, ആളുകളെ ഒഴിവാക്കൽ, തീവ്രമായ സാമൂഹിക ഇടപെടലുകൾ നടത്തൽ, ഏകാന്തമായ എന്നാൽ അസ്വസ്ഥമായ ജീവിതം നയിക്കാനുള്ള എന്റെ പ്രവണത തുടങ്ങിയ എൻ്റെ രീതികളിലേക്ക് ഞാൻ നോക്കി. സാറാ അഹമ്മദ് നമ്മോട് പറയുന്നതുപോലെ, "ലജ്ജ," ഒരു തീവ്രമായ വികാരമാണ്, “അപമാനം നമ്മുടെ സജീവത ചോർത്തുന്നു.”  മൗനം നമ്മെ സംരക്ഷിക്കില്ലെന്ന് സോറി എന്നെ ഓർമ്മിപ്പിച്ചു. നിശ് ശബ്ദത പുരുഷാധിപത്യത്തെ ശക്തമാക്കുന്നു.

 ചില വസ്തുതകൾ: മാനനഷ്ടക്കേസ് ഒൻപത് വർഷം തുടർന്നു - ചില ടാബ്ലോയിഡുകൾക്ക് താഴുകൾ  വീണു; ഫയൽനഷ്ടമായതിനാൽഒന്നിൻ്റെത് വർഷങ്ങളോളം വൈകി;  ഒടുവിൽ ചിലത് ഖേദ പ്രകടനം അച്ചടിച്ചു.  വർഷങ്ങൾക്കുശേഷം ഞാൻ എന്റെ പിതാവിനെ കണ്ടു;  നീണ്ടുനിന്ന മദ്യപാനം മൂലം ഉണ്ടാകുന്ന ഡിമെൻഷ്യ ( ഓർമ്മക്ഷയം ) ബാധിച്ച അദ്ദേഹത്തിന് ഇനി സംഭവങ്ങൾ ഓർമിക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ അവസാനനാളുകളിൽ ഞാൻ അദ്ദേഹത്തെ പരിപാലിച്ചു, അത് ഞാൻ അദ്ദേഹത്തിന്റെ കുറ്റങ്ങൾക്ക് മാപ്പ് നൽകിയത് കൊണ്ടല്ല, മറിച്ച് എല്ലാ വിദ് വേഷമനോഭാവങ്ങളും  ഞാൻ അവസാനിപ്പിച്ചതിനാലായിരുന്നു . വിനാശകരമായ ഓർമ്മകളിൽ നിന്നും പേടിസ്വപ്നങ്ങളിൽ നിന്നും ഞാൻ വിമുക്തയായി. എനിക്ക് ഒന്നും ലഭിച്ചില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 19 വർഷത്തിനുശേഷം, ഞാൻ വളരെ വേദനയോടെയും, തീവ്രതയോടെയും കെട്ടി ഉയർത്തിയതെല്ലാം പൊളിച്ചുമാറ്റാനുള്ള സാഹസികത എനിക്ക് നൽകിയതും , എന്നെ പേന എടുക്കാൻ പ്രേരിപ്പിച്ചതും എന്താണ്? ഒരുപക്ഷേ, ഞാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ട്വിറ്റർ അക്കൗണ്ട് തുറന്നതും ഇടതടവില്ലാത്ത #rhea (റിയ ചക്രബർത്തി) യിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതും കാരണമാകാം ( ഒരു ടിവി   സ്വന്തമായി വേണമെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല . അത്  കാണുകയും  ചെയ്യാറില്ല).  ഒരുപക്ഷേ രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതയല്ല എന്ന അറിവും മേൽപ്പറഞ്ഞ തിന് കാരണമാകാം.

 ബെംഗളൂരുവിലെ ഒരു നടിയുടെഅനുചിതമായ വസ്ത്രധാരണത്തെ  അപഹസിച്ചു കൊണ്ടുള്ള  ഒരു വീഡിയോയുടെ  പശ്ചാത്തലത്തിലാണ്  ഇന്നലെ ഞാൻ ഉണർന്നത്, അവളെ ഒരു പാഠം പഠിപ്പിക്കാൻ, നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് അന്വേഷണവുമായി അവളുടെ പേര് ബന്ധിപ്പിക്കുമെന്ന് ചില പുരുഷന്മാർ ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. സ്ത്രീകളുടെ വിശ്വാസ്യത നശിപ്പിക്കുന്ന  പ്രവൃത്തികളുടെ  ഉത്തമ ഉദാഹരണമാണ് ഇത്, ഇത് അവരെ ദുർബലരാക്കുകയും സംസാരിക്കാനുള്ള അവരുടെ അവകാശത്തെപ്പോലും നശിപ്പിക്കുകയും ചെയ്യുന്നു.

 എന്നിരുന്നാലും, സദാചാര വിചാരണകളും, ആൾകൂട്ട ക്കൊലകളും നമ്മുടെ രാജ്യത്തിനും ( ആഗോളതലത്തിലും) പുതിയതല്ല, മിക്കപ്പോഴും കുറ്റകൃത്യങ്ങൾ തെളിയാതിരിക്കുക/ തെളിയിക്കാനാവാതിരിക്കുക എന്നതാണ് അവസ്ഥ. കിംവദന്തികൾ പലപ്പോഴും പൊതു വികാരത്തെ നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു, ഇത് സദാചാര വിചാരണകളിലേക്ക് നയിക്കുകയും കൊലപാതകങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ആൾക്കൂട്ട നീതി സ്ത്രീകൾ, ദലിതർ, ആദിവാസികൾ, മുസ്ലീങ്ങൾ, സ്വവർഗ്ഗപ്രേമക്കാർ  എന്നിവരുടെ നേരെ സാധാരണമാവുകയും ചെയ്യന്നു.  ലിഞ്ചിംഗ് കേസുകളിൽ ഭൂരിഭാഗവും സ്വമേധയാ രൂപമെടുക്കുന്നതല്ല, മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. (കൂടുതലും സങ്കൽപ്പിച്ചുണ്ടാക്കിയ) കുറ്റാരോപണങ്ങൾ; സാമൂഹിക മേധാവിത്വത്തെ- അട്ടിമറിക്കുന്നു, മാനദണ്ഡം ലംഘിക്കുന്നു, സാമൂഹിക ക്രമത്തിന് ഭീഷണിയുണ്ടാക്കുന്നു  തുടങ്ങിയവയാണ് കൃത്രിമമായി നിർമ്മിക്കുന്ന ആരോപണങ്ങൾ . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോ രക്ഷാസംഘങ്ങൾ മുസ്ലീങ്ങളെ  എത്രമാത്രം ലക്ഷ്യം വച്ചിട്ടുണ്ടെന്ന് നമ്മൾ കണ്ടു, വാട്ട്സ്ആപ്പ് പോലുള്ള സാങ്കേതികവിദ്യയുടെ സാർവത്രികത സംഭവങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചുവെന്ന് ആരോപണമുണ്ട്.

 

 പക്ഷെ, സാമൂഹിക അംഗീകരത്തോടെയുള്ള അക്രമങ്ങൾ , അതിനു ലഭിക്കുന്ന  നിയമസാധുത, കുറ്റവാളികളെ ശിക്ഷാനടപടികളിൽ നിന്നും സംരക്ഷിക്കുക എന്നതിനുള്ള ഒഴികഴിവ് മാത്രമാണ് സാങ്കേതികവിദ്യയെ പ്പറ്റിയുള്ള കുറ്റപ്പെടുത്തൽ. സമൂഹം, രാഷ്ട്രം എന്നിവ ഭീഷണിയിൽ ആണെന്ന കെട്ടുകഥ  നിർമ്മിച്ച്   സങ്കൽപ്പിക ഭീഷണിയിൽനിന്ന്  രക്ഷനേടുന്നതിന് ഹിംസ  അനിവാര്യമായ ഒന്നായി കാണുന്നതിനാലാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് ലഭിക്കുന്നത് -  ലിംഗപരമായ വിഭജനത്തിന്റെ  അടിസ്ഥാനത്തിൽ താൻ ചെയ്യാൻ ബാധ്യസ്ഥമായ   കർത്തവ്യങ്ങൾ ചെയ്യാൻ  വിസമ്മതിക്കുന്ന ഒരു ' വ്യത്യസ്ത' സ്ത്രീ, അല്ലെങ്കിൽ പരിശുദ്ധമായ ഒരു സ്ഥലം തന്റെ സാന്നിധ്യം കൊണ്ട് മലിനമാക്കുന്ന ദലിതൻ , തുടങ്ങിയ ഗണങ്ങളിലുള്ളവർ ഹിംസയ്ക്ക് പ്രത്യേകം പാത്രങ്ങളാവുന്നത് അങ്ങനെയൊരു ചുറ്റുപാടിൽ ആണ്‌ .

 രാഷ്ട്രീയ പ്രവർത്തകരുടെയും, വിയോജിക്കുന്നവരുടെയും, അക്കാദമിക് വിദഗ്ധരുടെയും നേരെയുള്ള  വേട്ട പലപ്പോഴും സമാനമായ ഒരു മാതൃക പിന്തുടരുന്നു . ജനാധിപത്യ പരമായി വിയോജിപ്പിന്റെ ശബ്ദം ഉയർത്തുന്നവരെ  വില്ലൻമാരായി  ചിത്രീകരിക്കുകയും, അവരുടെ വിശ്വാസ്യത പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു .  സുധാ ഭരദ്വാജിനെതിരെ റിപ്പബ്ലിക് ടിവി നടത്തിയ അപകീർത്തികരമായ പ്രചാരണം അവരെ തടവിലാക്കാൻ കാരണമായി. റിയ ചക്രബർത്തിയുടെ നേരെയുള്ള മാധ്യമ വിചാരണ, ഇപ്പോഴത്തെ രാഷ്ട്രീയമേലാളന്മാരുടെ  അതിമോഹങ്ങളുടെയും, എല്ലാവരെയും  'തെറ്റ്' തിരുത്തി ശരിയാക്കാക്കിയേ അടങ്ങൂ എന്ന മട്ടിൽ ഉന്മത്തരായി നിൽക്കുന്ന  ആൾക്കൂട്ടങ്ങളെ പ്രതിനിധീ കരിക്കുന്ന ഒരു പ്രേക്ഷക വൃന്ദത്തെ തൃപ്തിപ്പെടുത്തുന്നതിന്റെയും , മാതൃക തന്നെയാണ്  റിയാ ചക്രബർത്തിയ്ക്ക് നേരെ നടക്കുന്ന മാധ്യമ വേട്ടയിലും പ്രതിഫലിച്ചു കാണുന്നത്. മകന്റെ മരണത്തിന് /ആത്മഹത്യയ്ക്ക് പിന്നിൽ   കാപട്യക്കാരിയും, സ്വത്തു മോഹിയും, ചോരയൂറ്റിയെടുക്കുന്നവളും, നിരവധി സ്വഭാവദൂഷ്യങ്ങൾ ഉള്ളവളും ആയ ഒരു സ്ത്രീയുടെ പങ്ക് കണ്ടെത്തുന്ന പതിവ് സ്ത്രീവിരുദ്ധതയിൽ സാന്ത്വനം തേടുന്ന ദുഖിതരായ കുടുംബക്കാരുടെ വഴി   മ്ലേഛത/അസൻമാർഗം തിരയലിൽ ആണ് എന്നു വരുന്നു . രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന്  റിയാ യ്ക്കെതിരായ മാധ്യമ  വിചാരണ നമ്മോട് പറയുന്നു. അവർ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിരുന്നില്ല, ഭരണ ത്തോട് വിയോജിപ്പുള്ള ആളുമായിരുന്നില്ല.  അല്ലെങ്കിൽ, അവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ എന്താണെന്ന് നമുക്കറിയില്ല.

 പുരുഷാധിപത്യ രീതികൾക്ക് ചേരാത്ത വിധത്തിൽ ജീവിക്കാനും, സ്നേഹിക്കാനും തീരുമാനിച്ച 'ഒരു നഗര വനിതയായിരുന്നു അവർ. സിബിഐ, ഇഡി, എൻസിബി എന്നിവ അവരെപ്പറ്റി അന്വേഷിക്കുന്നുണ്ട്, അവർക്കെതിരേ  ഇപ്പോഴും തെളിവുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും, അറസ്റ്റ് സാധ്യമാക്കിയിട്ടുണ്ട്.  അവരോടുള്ള മാധ്യമ വിചാരണ (എന്റെ നേർക്ക് മുൻപ് ഉണ്ടായതും ) നമ്മുടെ സമൂഹത്തിലെ മധ്യവർഗം നടത്തുന്ന ഒരു വിചാരണയാണ്; ഉപഭോഗ സംസ്കാരം കൊണ്ട് പരിമിത പ്പെട്ടതും  , വ്യർത്ഥമായ അഭിലാഷങ്ങളെ പിന്തുടരുന്നതും, മടുപ്പ് ഉളവാക്കുന്ന സദാചാരനിയമങ്ങളാൽ   നിർവചിതവും ആയ   മധ്യവർഗജീവിതത്തിന്റെ മാതൃകയിൽ ജീവത്തായി  ശേഷിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്ന്  ഇത്തരം ഗോസിപ്പുകളിലൂടെയും  രക്തം പൊടിയാതെയുള്ള ആക്രമണ ങ്ങളിലൂടെയും സദാചാര ജാഗ്രതയുടെ കാവലാളുകൾ ആകുക എന്നതാണ് .  അവർ ഏറ്റവും ഒടുവിൽ   ആമസോൺ പർചേസിലൂടെ കരസ്ഥമാക്കിയ ആഡംബര ഉപഭോഗവസ്തുവിന്   നൽകാൻ കഴിയുന്നതിനേക്കാൾ  അവരുടെ സ്വന്തം ജീവിതത്തിന് ചില അർത്ഥങ്ങൾ അങ്ങിനെ ലഭിച്ചതായി അവർ കരുതുന്നുണ്ടാവണം .

( വിവർത്തനം: സുജിത് )

The  Wire “Of Media Trials and Witch Hunts: A Testimony of Survival” എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച മൂല ലേഖനത്തിന്റെ പരിഭാഷ 

https://thewire.in/media/rhea-chakraborty-media-trial-witch-hunt


 

No comments:

Post a Comment