Tuesday 16 March 2021

 അസംബ്‌ളി തെരഞ്ഞെടുപ്പുകൾ ഫാസിസ്റ്റ് വിരുദ്ധ
 ചെറുത്തുനിൽപ്പിന്റെ വേദിയാക്കുക
 

കേരളം, തമിൾ നാട്, അസം , പശ്ചിമ ബംഗാൾ എന്നീ നാലു സംസ്ഥാനനിയമസഭകളിലേക്കും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി യിലേക്കും ഉള്ള തെരഞ്ഞെടുപ്പുകൾ നടക്കാൻ പോവുകയാണ് .കോവിഡ് -19 മഹാമാരിയുടെ കാലത്ത് നടന്ന ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം സമാന സാഹചര്യങ്ങളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ തെരഞ്ഞെടുപ്പാണ് ഇത് .തമിൾനാട്ടിലും കേരളത്തിലും പുതുച്ചേരിയിലും ഒറ്റയൊറ്റ തീയതികളിൽ ഏകഘട്ടതെരഞ്ഞെടുപ്പ് നടക്കുമ്പോൾ, അസമിലും പശ്ചിമ ബംഗാളിലും യഥാക്രമം മൂന്നും എട്ടും ഘട്ടങ്ങളായി ഏപ്രിൽ മാസം മുഴുവൻ നീണ്ടുനിൽക്കും വിധമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ക്രമീകരിക്കപ്പെട്ടിട്ടുള്ളത് . ചില ജില്ലകളിൽത്തന്നെ തെരഞ്ഞെടുപ്പ് രണ്ടും മൂന്നും ഘട്ടങ്ങളിലായി നടത്തതാണ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ബീഹാർ പോലെയുള്ള വലിയ സംസ്ഥാനത്ത് പോലും മൂന്നു ഘട്ടങ്ങളായി ഇലെക്ഷൻ നടത്താൻ സാധിച്ച സ്ഥാനത്ത് എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിൽ അത് എട്ടു ഘട്ടങ്ങൾ ആക്കിയത് ? സ്വാഭാവികമായ ഈ ചോദ്യത്തിന് പ്രത്യേകിച്ച് വിശദീകരണമൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നില്ല. എന്നാൽ, അസാധാരണമായ കാലദൈർഘ്യമേറിയ ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ബിജെപി ക്കു പരമാവധി സൗകര്യം
ഉറപ്പാക്കാൻ വേണ്ടി രൂപപ്പെടുത്തിയതായിരിക്കാം എന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.
ഓരോ തെരഞ്ഞെടുപ്പിനും അതാതു സംസ്ഥാനത്തിൽ നിലവിലുള്ള സ്ഥിതിഗതികളുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭം ഉണ്ടാകാം. എന്നാൽ , ജനാധിപത്യത്തെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന വോട്ടർമാർ ഇന്ത്യയിൽ എവിടെയും , ഏത് തെരഞ്ഞെടുപ്പിലും ഇയ്യിടെയായി ഉയർത്തുന്ന ഒരു പൊതു ആഹ്വാനവും മുദ്രാവാക്യവും "ഫാസിസ്റ്റ് ബിജെപിയെ പരാജയപ്പെടുത്തുക" എന്നതാണ് . ഇന്ത്യൻ സമ്പദ് വ്യവസ്ഥയാകെ കൈപ്പിടിയിൽ ആക്കാനുള്ള കോർപ്പറേറ്റ് താൽപ്പര്യങ്ങൾ നിറവേറ്റു ന്നതിന് ഒത്താശചെയ്യുന്നതിന്റെ ഭാഗമായി മോദി സർക്കാർ എല്ലാ അധികാരങ്ങളും വൻതോതിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് അത്തരം ഒരു മുദ്രാവാക്യം ഉയർന്നത്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആർ എസ്സ് എസ്സ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് മേൽപ്പറഞ്ഞ അധികാര കേന്ദ്രീകരണം. മോദി സർക്കാർ അതിന്റെ രണ്ടാം വാഴ്ച്ചക്കാലത്ത് അജണ്ടകൾ നടപ്പാക്കുന്നതിന് ഗതിവേഗം വർധിപ്പിച്ചിരിക്കുമ്പോൾ , അതുമൂലം രാജ്യമാകെ നേരിടുന്ന ഭീഷണവും അടിയന്തര സ്വഭാവമുള്ളതും ആയ വെല്ലിവിളികൾ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ അസമിൽ ബിജെപി നിലവിൽ ഭരണകക്ഷിയാണ്. പശ്ചിമ ബംഗാളിൽ ആകട്ടെ, 2019 ൽ ലോക് സഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപി ക്ക് 18 പാർലമെന്റ് സീറ്റുകളും 40 % വോട്ടുകളും നേടി രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. തമിൾനാട്ടിലും കേരളത്തിലും പുതുച്ചേരിയിലും ബിജെപി ശ്രമിക്കുന്നത് തന്ത്രപരമായ രാഷ്ട്രീയ സഖ്യങ്ങളിലൂടെയും , കേന്ദ്രത്തിലെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഇടപെടലുകളിലൂടെയും, ആർ എസ്സ് എസ്സിന്റെ നെറ്റ്‌വർക്കുകൾ വ്യാപകമാക്കിയും സ്വാധീനം വളർത്താനാണ്.
മോദി സർക്കാരിന്റെ ജനദ്രോഹനങ്ങൾ രാജ്യത്തെ ഇന്ന് വൻപ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. NRC-NPR-CAA പാക്കേജ് നിമിത്തമായി ദശലക്ഷക്കണക്കിന് ആളുകളുടെ പൗരത്വ പദവിയുടെ മേലെ സംശയത്തിന്റെ ഇരുണ്ട മേഘങ്ങൾ വീഴ്ത്തപ്പെട്ടതോടെ പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും കവർന്നെടുക്കപ്പെട്ട് അവരുടെ ജീവിതം അനിശ്ചിതവും അരക്ഷിതവും ആയിത്തീരുക എന്ന ആപത്ത് അഭിമുഖീകരിക്കുകയാണ്. അസമിലും പശ്ചിമ ബംഗാളിലും ഉള്ള ലക്ഷക്കണക്കിന് മനുഷ്യരെ തുറിച്ചുനോക്കുന്ന ഒരു ഭീഷണിയാണ് അത്. എന്നിട്ടും ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിൽ വഞ്ചനാപരമായ നിശ്ശബ്ദത പുലർത്തുകയാണ് ബി ജെ പി ചെയ്യുന്നത്. മുൻകൂട്ടിയുള്ള യാതൊരു ആസൂത്രണവുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൌൺ മൂലം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉള്ള ദശലക്ഷക്കണക്കിനു തൊഴിലാളികൾ, വിശേഷിച്ചും കുടിയേറ്റത്തൊഴിലാളികൾ തീർത്തും വഴിയാധാരമാക്കപ്പെട്ടു. സാമ്പത്തിക വളർച്ച കീഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ തിരക്കിട്ട് രാജ്യത്തിലെ വിഭവങ്ങൾ വിറ്റുതുലയ്ക്കുകയാണ്. അതിനിടയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും അഭൂതപൂർവ്വമായ ഒരു നിലവാരത്തിലേക്ക് വളർന്നിരിക്കുന്നു. ഏറ്റവുമൊടുവിൽ , കാർഷികപ്രവർത്തനങ്ങളുടെ നിയന്ത്രണമാകെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്ന നയമാണ് ഈ സർക്കാരിൽനിന്ന് ഉണ്ടായത്. കോവിഡിനേത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയുടേയും ലോക്ക് ഡൌണിന്റേയും ഫലമായ എല്ലാ പ്രതികൂലതകൾക്കിടയിലും അനുകൂലദിശയിൽ വളർച്ചാനിരക്ക് രേഖപ്പെടുത്തിയ ഒരേയൊരു സാമ്പത്തിക മേഖല കാർഷികമേഖല ആയിരുന്നു എന്നതുകൂടി ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്.
അടുത്തകാലത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും ബിജെപി യുടെ അതിശയിപ്പിക്കുന്ന വിജയത്തിനു സഹായകമായ ഘടകങ്ങളിൽ ഏറ്റവും പ്രധാനം , സ്വത്വ വൈവിധ്യങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുമ്പോൾത്തന്നെ പീഡിതമായ ഭൂരിപക്ഷസമുദായമെന്ന ഒരു സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ ഒറ്റ ബ്ലോക്ക് ആയി വോട്ടുകളുടെ ഏകീകരണത്തിലൂടെ മോദിയുടെ നേതൃത്വത്തിൽ എല്ലാ പ്രതിസന്ധികളെയും മറികടന്നു ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമോ , ഹിന്ദുക്കളെ ശക്തമായ ഒരു സമുദായമോ ആക്കുമെന്ന വാഗ്ദാനം ആണ്. ഈ ബിജെപി തന്ത്രത്തെ ഫലപ്രദമായി നേരിടാനുള്ള മാർഗ്ഗം ദൈനംദിന ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് എല്ലാ ജനവിഭാഗങ്ങളും ഐക്യപ്പെട്ട് പ്രവർത്തിക്കുക ,അവ പരിഹരിക്കാൻ ശബ്ദമുയർത്തുക എന്നതാണ്. ബിഹാർ തെരഞ്ഞെടുപ്പ് നൽകുന്ന ഒരു വിലപ്പെട്ട പാഠം അതാണ്. ബിജെപി- ജെഡിയു സർക്കാറിന്റെ നയങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് ഉടൻ പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ട ബിഹാറിലെ യുവജനതയുടെ സംഘടിത ശബ്ദവും വോട്ടുകളും ആണ് സിപിഐ (എം എൽ )ന് മുൻപെന്നത്തേക്കാളും വലിയ നേട്ടമായ 12 അസംബ്ലി സീറ്റുകളിലെ വിജയവും , ആർജെഡി -ഇടതുപക്ഷ- കോൺഗ്രസ് മഹാ സഖ്യത്തിന് കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ മാത്രം കുറയുംവിധമുള്ള ജന പിന്തുണയും ലഭിച്ചത്. ഈ അനുഭവപാഠങ്ങൾ അടിസ്ഥാനപ്പെടുത്തിയാവണം വരുന്ന തെരഞ്ഞെടുപ്പുകളെ നാം സമീപിക്കേണ്ടത് .
ഇപ്പോൾ നടന്നുവരുന്ന കർഷകപ്രക്ഷോഭവും പരമ്പരാഗതമായ ജാതി-മത വിഭാഗീയതകളെ മറികടന്നുകൊണ്ടുള്ള കർഷകസമൂഹത്തിന്റെ ഉശിരൻ സമരമാതൃകയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. പഞ്ചാബും ഹരിയാനയും തമ്മിൽ ഉള്ള പരമ്പരാഗതമായ പ്രാദേശിക വൈരുധ്യങ്ങൾ ഇല്ലാതാക്കാനും , പശ്ചിമ ഉത്തർ പ്രദേശിൽ മുസഫർ നഗറിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ വർഗീയ കലാപത്തെത്തുടർന്ന് തീർത്തും മോശമായിരുന്ന ഹിന്ദു- മുസ്‌ലിം സമുദായ ബന്ധങ്ങൾ ഐക്യദാർഢ്യത്തിന്റേതാക്കി പരിവർത്തിപ്പിക്കാനും നിമിത്തമായത് മോദി സർക്കാർ കൊണ്ടുവന്ന വിനാശകരമായ കാർഷികനിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ആണ്. അംബാനി-അദാനിമാരുടെ കമ്പനി രാജിനെതിരായ അതിശക്തമായ ഒരു സന്ദേശം നൽകാൻ കർഷകപ്രക്ഷോഭത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യവൽക്കരണത്തിനെതിരായി സമരം ചെയ്യുന്ന തൊഴിലാളിപ്രസ്ഥാനങ്ങൾ , തൊഴിൽ ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തുന്ന യുവാക്കൾ , പൊതു മേഖലയിൽ താങ്ങാവുന്ന ചെലവിൽ വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങൾ , ആരോഗ്യസേവനങ്ങൾ മുതലായവ ആവശ്യപ്പെടുന്ന മറ്റു ജനകീയ സമരങ്ങൾ ഇവയുടെയെല്ലാം പരിണിതഫലമായി ഉണ്ടാകേണ്ടത് മോദി സർക്കാരിന്റെ വിനാശകരമായ നയങ്ങൾക്കെതിരെ ഉണരുന്ന ശക്തമായ ബഹുജനവികാരമാണ്. പോരാട്ടങ്ങളിലൂടെ വളരുന്ന അത്തരം ജനകീയൈക്യത്തിന് സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളെയും ജനദ്രോഹകരമായ പദ്ധതികളേയും രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയേയും ചോദ്യം ചെയ്യാനുള്ള കരുത്ത് ഉണ്ടായിരിക്കും. വരുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശികമായ വിഷയങ്ങളേയും ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങളേയും നാം അഭിസംബോധന ചെയ്യുമ്പോൾത്തന്നെ , രാജ്യത്തകമാനം ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പ് വികസിപ്പിക്കാനുള്ള ഒരു ഫലവത്തതായ വേദിയായി തെരഞ്ഞെടുപ്പ് പോരാട്ടങ്ങളെ ഉപയോഗിക്കാൻ കഴിയണം .

Editorial , ML Update A CPIML Weekly News Magazine Vol. 24 | No. 10 | 2-8 Mar 2021



No comments:

Post a Comment