Thursday, 13 July 2023

 

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച്  സിപിഐ(എം എൽ ) 

 22 -)0 നിയമ കമ്മീഷന് സമർപ്പിച്ച സബ്‌മിഷൻ 




വൈവിദ്ധ്യത്തേയും സമത്വത്തെയും പരസ്‌പരവിരുദ്ധമായി പ്രതിഷ്ഠിക്കുകയല്ല , സമത്വം ഉറപ്പുവരുത്തുന്നതോടൊപ്പം അതിനെ വൈവിദ്ധ്യവുമായി പൊരുത്തപ്പെടുത്തുന്ന ഒരു വീക്ഷണം ആണ് വേണ്ടത്. 


ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച്  നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് 22-)0 നിയമ കമ്മീഷൻ ഇറക്കിയ നോട്ടിഫിക്കേഷൻറെ അടിസ്ഥാനത്തിൽ 11 -07 - 2023  ന്    സി പി ഐ (എം എൽ ) സമർപ്പിച്ച സബ്‌മിഷന്റെ പൂർണ്ണരൂപം 

To,
Member Secretary,
Law Commission of India,

4th Floor, Lok Nayak Bhawan, Khan Market,
New Delhi– 110 003.

22 -)൦ നിയമ കമ്മീഷൻ പൊതുജനങ്ങളിൽനിന്നും "അംഗീകൃത മത സംഘടനകളി"ൽനിന്നും ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.  അതിൽ ഇങ്ങനെ പറയുന്നുണ്ട്:  
 "ഏകീകൃത സിവിൽ കോഡ് വിഷയം നേരത്തെ 21 -)0 നിയമ കമ്മീഷൻ പരിശോധിച്ചതും, 07 -10 -2016 നു പ്രസിദ്ധപ്പെടുത്തിയ ഒരു ചോദ്യാവലിക്ക് മറുപടി നല്കാൻ എല്ലാ തല്പര കക്ഷികളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 19 -03 -2018  നും 27.03.2018നും 10.4.2018 നും പ്രസ്തുത അഭ്യർത്ഥന വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഫലമായി കമ്മീഷന്റെ മുന്നിൽ ധാരാളം പ്രതികരണങ്ങൾ വന്നു. 21 -)മത് നിയമ കമ്മീഷൻ 31.08.2018 ന് "കുടുംബ നിയമങ്ങളിൽ പരിഷ്‌കാരം " എന്ന ശീർഷകത്തിൽ ഒരു കൺസൽട്ടേഷൻ പേപ്പർ സമർപ്പിച്ചു. അതിൽപ്പിന്നെ മൂന്നുവര്ഷത്തിലധികം സമയം പിന്നിട്ടതുകൊണ്ടും, വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കണക്കിലെടുത്തുകൊണ്ടും, പ്രസ്തുത വിഷയത്തിൽ അനേകം കോടതിവിധികൾ വന്നതുകൊണ്ടും 22 -)മത് നിയമ കമ്മീഷൻ എത്രയും വേഗത്തിൽ  പുതിയ ചർച്ചകൾ ആവശ്യമാണെന്ന് മനസ്സിലാക്കി. അതിനനുസൃതമായാണ് ഏകീകൃത സിവിൽ കോഡ്‌ സംബന്ധമായി  പൊതുജനങ്ങളിൽനിന്നും അംഗീകൃത മത സംഘടകളിൽനിന്നും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വീണ്ടും ക്ഷണിക്കാൻ 22 -)0 നിയമ കമ്മീഷൻ തീരുമാനിച്ചത് "


പൊതുജനങ്ങൾക്കും "അംഗീകൃത മത സംഘടനകൾ"ക്കും ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഏകീകൃത സിവിൽ കോഡിനെപ്പറ്റി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുന്നുണ്ടെങ്കിലും, അത്തരം ഒരു അഭ്യാസം കൊണ്ട് എന്തു നേട്ടം ആണ് ഉദ്ദേശിക്കുന്നതെന്നോ ,"അംഗീകൃത മത സംഘടനകൾ"ക്ക് മറ്റ് സിവിൽ സമൂഹ സംഘടനകളെയപേക്ഷിച്ച്  സവിശേഷമായ ഒരു പ്രാധാന്യം നൽകപ്പെട്ടത് ഏതടിസ്ഥാനത്തിലാണെന്നോ വ്യക്തമാക്കുന്നില്ല. 

21 -)0 നിയമ കമ്മീഷന്റെ കൺസൽട്ടേഷൻ പേപ്പർ 


 2016 ജൂണിൽ , ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ നിയമ കമ്മീഷനെ കേന്ദ്ര സർക്കാർ ഒരു റഫറൻസ് വഴി ചുമതലയേൽപ്പിച്ചു. റിട്ടയർഡ് ജസ്റ്റീസ് ബി എസ്  ചൗഹാൻ അധ്യക്ഷത വഹിച്ച ഇന്ത്യൻ നിയമ കമ്മീഷൻ  2018 ആഗസ്ത് 31 ന് ഒരു  കൺസൽട്ടേഷൻ പേപ്പർ പുറത്തിറക്കി. ഏകീകൃത സിവിൽ കോഡും വ്യക്തി നിയമങ്ങളിലെ പരിഷ്കാരങ്ങളുടെ ആവശ്യകതയും എല്ലാമായി സവിസ്തരം ബന്ധപ്പെടുത്തി കുടുംബ നിയമങ്ങളിലെ പരിഷ്കാര സാധ്യതയെക്കുറിച്ചുള്ള ഒരു രേഖയായിരുന്നു അത് . നിലവിലുള്ള വ്യക്തിനിയമങ്ങളിൽ "സ്ത്രീകളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഏറെ"യുണ്ടെങ്കിലും, അസമത്വത്തിന്റെ "മൂലഹേതു വിവേചനമാണ്, വ്യത്യാസം അല്ലാ" എന്നും, "വ്യക്തിനിയമങ്ങളിലെ വൈവിധ്യങ്ങൾ നിലനിർത്തിയും പരിരക്ഷിച്ചും കൊണ്ട് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുമായി പൊരുത്തക്കേടുകൾ വരാത്തവിധം മുന്നോട്ടുപോകുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം"  എന്നും കമ്മീഷൻ ആമുഖമായി അതിൽ പറയുന്നുണ്ട്   

"തുല്യതയ്ക്കുള്ള അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ സ്ത്രീകൾക്ക് അവരുടെ മതപരമായ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത"യെ നിയമ കമ്മീഷൻ അംഗീകരിച്ചിരുന്നു. പ്രത്യേക ഗ്രൂപ്പുകളുടേയോ , പാർശ്വവൽകൃത സാമൂഹ്യ വിഭാഗങ്ങളുടേയോ താൽപ്പര്യങ്ങലെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടു   ഇന്ത്യയുടെ  സംസ്കാരത്തിലെ വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം അത് എടുത്തുപറഞ്ഞു.ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ "ആവശ്യമോ, അഭിലഷണീയമോ അല്ലെ"ന്നും , തൽസ്ഥാനത്ത്  വ്യത്യസ്ത മതങ്ങളിലെ കുടുംബ നിയമങ്ങൾ ലിംഗസമത്വം ഉറപ്പാക്കും വിധത്തിൽ പരിഷ്കരിക്കുന്നതിന്നാണ് പ്രാധാന്യം നല്കേണ്ടതെണ്ടതെന്നും അത് അടിവരയിട്ട് പറഞ്ഞു.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ ദത്തെടുക്കലും  സംരക്ഷണവും, പിന്തുടർച്ചാവകാശം  എന്നീ വിഷയങ്ങളിൽ എല്ലാ സമുദായങ്ങളിലെയും വ്യക്തി നിയമങ്ങളിലും മതേതര നിയമങ്ങളിലും ഒരുപോലെ ബാധകമായ വിധത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്ന നിയമ  പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രായോഗികമായ പല നിർദ്ദേശങ്ങളും  21 -)൦ നിയമ കമ്മീഷൻ സമർപ്പിച്ചിരുന്നു. എന്നാൽ,  ആ നിർദ്ദേശങ്ങളിൽ ഒന്നുപോലും ഇന്നുവരെ നടപ്പാക്കിയിട്ടില്ല.  വിഭിന്ന മതങ്ങളിലെ വ്യക്തിനിയമങ്ങളിൽ  ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ സമത്വത്തിനു നിരക്കാത്തവിധത്തിൽ സ്ത്രീകൾക്കെതിരെ പക്ഷപാതം പുലർത്തുന്ന വ്യവസ്ഥകൾ ഉണ്ട് . എന്നാൽ , "ഏകീകൃത സിവിൽ കോഡ് " ആണ് ഇതിന് പരിഹാരമെന്ന വിശ്വാസം പ്രത്യക്ഷത്തിൽത്തന്നെ തെറ്റാണ് . സമത്വമില്ലായ്മയുടെ മൂലകാരണം സ്ഥിതിചെയ്യുന്നത് വ്യത്യാസത്തിലല്ല, വിവേചനത്തിലാണ്.എന്ന് അംഗീകരിക്കേണ്ടതുണ്ട് .വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാനുള്ള ഏതു ശ്രമവും നടക്കേണ്ടത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യത സ്ഥാപിക്കാനായി അതിന്റെ അഭാവത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ടാവണം, ഐകരൂപ്യം അടിച്ചേൽപ്പിച്ചുകൊണ്ടാവരുത്. ലിംഗനീതിയിലേക്ക് നയിക്കുന്നവിധത്തിൽ നിയമപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങൾ ആണ് വേണ്ടത്.  

ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയും അഭിലഷണീയതയും സംബന്ധിച്ച സംവാദങ്ങളിൽ തീരുമാനമായ ഒരു പശ്ചാത്തലത്തിൽ , ഇപ്പോൾ 22 -)0 നിയമ കമ്മീഷൻ നടത്തുന്ന അഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് അതേ സംവാദങ്ങളെ പുനരാനയിക്കാനാണ്.  കമ്മീഷൻ ഇറക്കിയ തൽസംബന്ധമായ  പൊതുവിജ്ഞാപനത്തിലാകട്ടെ , "കൺസൽട്ടേഷൻ പേപ്പർ ( മുൻ നിയമ കമ്മീഷന്റെ ) സമർപ്പിക്കപ്പെട്ട് മൂന്നുവർഷത്തിലധികമായെന്നും ", "വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കുന്നുവെന്നു"മുള്ള ഒഴുക്കൻ മട്ടിലും   എങ്ങും തൊടാതെയുമുള്ള പ്രസ്താവനകൾ ഉണ്ടെന്നല്ലാതെ , ഇത്രയും ചുരുങ്ങിയ സമയത്തിൽ എല്ലാം പുതിയതുപോലെ വീണ്ടും ചെയ്യാൻ കമ്മീഷനെ നിർബന്ധിക്കുന്ന യാതൊരു കാരണവും പറയുന്നില്ല.  

ഇന്ത്യൻ സ്ത്രീകളുടെ പദവി സംബന്ധിച്ച് പഠന

റിപ്പോർട്ട് നല്കാൻ നിയുക്തമായ

ഡോ പാം രാജ്‌പുത് 
അദ്ധ്യക്ഷനായ

 ഉന്നതതല കമ്മിറ്റി (HLCSW) റിപ്പോർട്ട് 


ഇന്ത്യൻ സ്ത്രീകളുടെ പദവി സംബന്ധമായി സമഗ്രപഠനം നടത്തിയ ശേഷം അനുയോജ്യമായവിധത്തിൽ  ഇടപെടാനുള്ള നയപരമായ ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായ ഡോ  പാം രജ്‌പുതിന്റെ  അദ്ധ്യക്ഷതയിലുള്ള   ഹൈ ലെവൽ കമ്മിറ്റി ഓൺ ദ് സ്റ്റാറ്റസ് ഓഫ് വിമെൻ ഇൻ ഇന്ത്യ (HLCSW) എന്ന സമിതി 2015 ജൂണിൽ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു .വ്യക്തി നിയമങ്ങളുടെയും ഏകീകൃത സിവിൽ കോഡിന്റെയും പ്രശ്നങ്ങളും കമ്മിറ്റി പഠിക്കാൻ ശ്രമിച്ചിരുന്നു. തൽഫലമായി , വ്യക്തിനിയമങ്ങളുടെ ഫലമായി വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിന്റെ പ്രശ്നത്തെ എങ്ങനെയാണു സമീപിക്കേണ്ടതെന്നത് സംബന്ധിച്ച ഒരു മാർഗ്ഗനിർദ്ദേശക തത്വം ഇങ്ങനെ വിശദീകരിക്കുന്നു: " ..എല്ലാവർക്കും ഒരു നിയമം ഉറപ്പുവരുത്തുക എന്നതായിരിക്കരുത് നമ്മുടെ സമീപനം, നേരെ മറിച്ച് അവർ അതാത് സമുദായത്തിന്റെ വ്യക്തിനിയമം അനുസരിച്ചോ മതേതര നിയമം അനുസരിച്ചോ എങ്ങനെ ജീവിക്കാൻ തീരുമാനിച്ചാലും ഇന്ത്യൻ ഭരണഘടന അവർക്കു നൽകുന്ന വാഗ്‌ദാനപ്രകാരമുള്ള   സമത്വം ആസ്വദിക്കാൻ സാധിക്കണം. നിയമത്തിന്റെ മേഖലയിലുള്ള നിരവധി  പ്രശ്നങ്ങൾ സവിശേഷമായ രീതിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇത് സാദ്ധ്യമാവുക, മൗലികവാദപരമോ ഭൂരിപക്ഷവാദപരമോ ആയ "ഐകരൂപ്യം" ("യൂണിഫോമിറ്റി") അടിച്ചേൽപ്പിച്ചുകൊണ്ടല്ല. .തുടർന്ന് റിപ്പോർട്ട് പറയുന്നത്  "നിയമങ്ങളിലെ (de jure ) വിവേചനത്തെ മാത്രം അഭിസംബോധനചെയ്തതുകൊണ്ട് കാര്യമില്ലെന്നും, വസ്തുതാപരമായ (de facto ) വിവേചനത്തിന്റെ സ്ഥിതിയെക്കൂടി കണക്കിലെടുക്കണ"മെന്നും ആണ്. " അതിന് , നിയമങ്ങളിലെ വിവേചനപരമായ അംശങ്ങളെയും പ്രയോഗങ്ങളെയും മായ്ചുകളയും വിധത്തിൽ  അനുയോജ്യമായ നിയമനിർമ്മാണത്തോടൊപ്പം നയരൂപീകരണവും പ്രായോഗിക നടപടികളും സർക്കാർ ഏറ്റെടുക്കണം.അങ്ങനെ എല്ലാ വ്യക്തിനിയമങ്ങളും സമത്വസങ്കൽപ്പവുമായി പൊരുത്തപ്പെടുന്നതാക്കണം. സ്ത്രീകൾ ജോലിചെയ്ത് കുടുംബത്തിൻറെ വരുമാനത്തിൽ പങ്കാളിത്തം വഹിക്കുകയും സമൂഹത്തിനു പലവിധത്തിലും നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾത്തന്നെ ,  വേതനമില്ലാത്ത ജോലി കുടുംബങ്ങൾക്കകത്തും ചെയ്യുന്നവരാണ്  അവർ എന്നത് ഭരണകൂടം അംഗീകരിക്കേണ്ട കാലം കഴിഞ്ഞു.   വിവാഹത്തിലൂടെ  സ്ത്രീകൾ ആർജ്ജിക്കുന്ന സ്വത്തിന്റെ കാര്യത്തിൽ വ്യക്തിനിയമങ്ങൾ ഒന്നും നിലവിൽ ഇല്ല. അപ്പോൾ സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്നതും, വിവാഹാനന്തരം  ഭർതൃ കുടുംബത്തിൽ നിന്ന് ആർജ്ജിക്കുന്നതും ആയ സ്വത്തുക്കളിലെ അവകാശം സംരക്ഷിക്കാൻ സ്റ്റേറ്റിന് പുതുതായി നിയമങ്ങൾ നിർമ്മിക്കാവുന്നതാണ്." 


വിവാഹം, കസ്റ്റോഡിയൽ അവകാശം, ജീവനാംശം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കാരങ്ങൾ വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. അതുപോലെ സ്ത്രീകൾക്കെതിരായ പക്ഷപാതങ്ങൾ  മതേതരനിയമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. 

സ്ത്രീകളുടെ പദവി സംബന്ധിച്ച ഉന്നത തല കമ്മിറ്റി (HLCSW ) അതിന്റെ മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണത്തിൽ പറയുന്നത് എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകൾക്ക് സാർവ്വത്രികമായി ബാധകമാവും  വിധത്തിൽ  ഗാർഹിക പീഡനം സംബന്ധിച്ച നിയമവും ( പ്രൊട്ടക്ഷൻ ഓഫ് വിമെൻ ഫ്രം ഡൊമെസ്റ്റിക് വയലൻസ് ആക്ട്, 2005 ), ബാലവിവാഹ നിരോധന നിയമവും (പ്രൊഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് ആക്ട് ,2006 ), ഗർഭഛിദ്ര നിയമവും ( മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ട് ,1971) കൊണ്ടുവന്നത് വഴി ഭരണഘടനയിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ ഭാഗമായ 44 )0 അനുച്ഛേദം പ്രകാരമുള്ള ഏകീകൃത സിവിൽ കോഡിന് പ്രായോഗികമായ പുതിയ അർഥം നൽകപ്പെട്ടിട്ടുണ്ടെന്നാണ്. അതുവഴി, സ്ത്രീകളുടെ അവകാശങ്ങൾ  സംരക്ഷിക്കുന്നതിലേക്കുള്ള  മാർഗ്ഗം ഇരട്ട  മുനകൾ ഉള്ള ഒന്നാണെന്ന് കമ്മീഷൻ കണ്ടെത്തി- ഒന്ന് മേല്പറഞ്ഞതുപോലെയുള്ള നിയമനിർമ്മാണപ്രക്രിയയും, മറ്റേത് എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക്‌ സാർവ്വത്രികമായി ബാധകമായ വിധത്തിൽ നിലവിലുള്ള എല്ലാ നിയമങ്ങളിലും സവിശേഷമായ പരിഷ്‌കാരങ്ങൾ നടപ്പാക്കൽ  

നിയമ കമ്മീഷൻ ഇതുവരെയും പ്രസ്തുത റിപ്പോർട്ട് അവഗണിച്ചിരിക്കുകയാണെന്നാണ്  ഞങ്ങൾ മനസ്സിലാക്കുന്നത്.   

ലിംഗനീതിയിലേക്കുള്ള

യഥാർത്ഥ ചുവടുവെപ്പുകൾ  


കേവലമായ ഐകരൂപ്യം ( uniformity  )എന്നത്കൊണ്ട്  സമത്വ (equality ) മെന്നോ , നീതിസമത്വ (equity )മെന്നോ അർത്ഥമാകണമെന്നില്ല എന്നും,  'ഐക്യമുള്ള  ഒരു രാഷ്ട്രം' എന്നാൽ രൂപപരമായ ഐക്യം (uniformity ) എന്നതിലേറെ ചില  മനുഷ്യാവകാശങ്ങൾ  സാർവ്വത്രികമായി നിലനിർത്തപ്പെടേണ്ടവയാണെന്ന  കാര്യത്തിൽ  അനിഷേധ്യമായ വാദങ്ങളുമായി ഇണങ്ങുംവിധത്തിൽ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രം ആണെന്നും 21 -)0 നിയമ കമ്മീഷൻ അതിന്റെ കൺസൽട്ടേറ്റീവ് പേപ്പറിൽ നിരീക്ഷിക്കുന്നുണ്ട്.      


ലിംഗനീതിയിലേക്ക് നയിക്കുന്ന നിയമപരവും സ്ഥാപനപരവും ആയ പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം കൊണ്ടുവരുന്നത് സംബന്ധിച്ച ഏതൊരു കാൽവെപ്പും സാധ്യമാകണമെങ്കിൽ ഏകീകൃത സിവിൽ കോഡുമായി ബന്ധവിഛേദനം നടക്കേണ്ടതുണ്ട്. സമത്വം, വൈയക്തിക സ്വയംനിർണ്ണയാധികാരം, അന്തസ്സ് , പക്ഷപാതരാഹിത്യം, സ്വാതന്ത്ര്യം, ഉൾക്കൊള്ളൽ (inclusiveness) ,ഭരണഘടനാപരമായ സദാചാരം എന്നീ തത്വങ്ങളിൽ കേന്ദ്രീകരിച്ചുള്ള നിയമ പരിഷ്കരമാണ് ഇന്നത്തെ ആവശ്യം. വ്യക്തിനിയമങ്ങളിൽ ആയാലും, മതേതര നിയമങ്ങളിലായാലും പക്ഷപാതപരമായ അംശങ്ങൾ നീക്കം ചെയ്യുന്ന പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത് മേൽപ്പറഞ്ഞ തത്വങ്ങൾക്കനുസൃതമാണെന്നു ഉറപ്പുവരുത്തണം.  വിവാഹമോചനം, കുട്ടികളെ ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം , രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം എന്നീ വിഷയങ്ങളിൽ സ്ത്രീയ്ക്കും പുരുഷന്നും തുല്യ അധികാരങ്ങൾ ഉണ്ടാവുക എന്നാണ് ഇതിൻറെ അർഥം. (ദുരഭിമാന )അഭിമാനക്കൊലപാതകങ്ങൾ , മിശ്ര ജാതി / മത ദാമ്പത്യങ്ങളിലെ പങ്കാളികളുടെ സംരക്ഷണം, ജീവിതപങ്കാളിയെ തീരുമാനിക്കുന്നതിൽ സ്ത്രീയുടെ സ്വയം നിർണ്ണയാധികാരം, സ്വവർഗ്ഗ / ട്രാൻസ് ദാമ്പത്യങ്ങളും ബന്ധങ്ങളും എന്നീ വിഷയങ്ങളിലെല്ലാം നിയമപരിഷ്‌കാരങ്ങൾ ആവശ്യമാണ്.  


സ്ത്രീകളുടെ സമത്വവും അന്തസ്സും ഉയർത്തികാട്ടുന്ന വിധത്തിൽ വ്യക്തിനിയമങ്ങളുടെ പരിഷ്കാരത്തെ പൂർണ്ണമായും പിന്തുണയ്ക്കുമ്പോൾത്തന്നെ , 'ഏകീകൃത സിവിൽ കോഡ് ' സംബന്ധിച്ച സംവാദങ്ങൾ തുറന്നുവിടാനുള്ള  നീക്കത്തെ കരുതലോടെ കാണുകയും  വർഗ്ഗീയത കൊണ്ട് കലുഷിതമായ ഇപ്പോഴത്തെ  അന്തരീക്ഷത്തിൽ അതിനെ എതിർക്കുകയും ചെയ്യേണ്ടതുണ്ട്. ബിജെപി ഇപ്പോൾ യൂണിഫോം സിവിൽ കോഡിന്റെയും വ്യക്തിനിയമ പരിഷ്കാരത്തിന്റെയും പ്രശ്നം അവതരിപ്പിക്കുന്ന രീതി നോക്കുമ്പോൾ, ലിംഗ നീതിയേക്കാളേറെ അവർക്കു താൽപ്പര്യം വർഗ്ഗീയമായി നിർവചിക്കപ്പെട്ട ഒരു ഭൂരിപക്ഷ സിവിൽ കോഡ് രാജ്യത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിലാണെന്നു അനുമാനിക്കാൻ കഴിയും.  


സംവാദത്തിന്റെ മേൽപ്പറഞ്ഞ തരത്തിലുള്ള വർഗ്ഗീയമായ അവതരണം ലിംഗനീതിയെക്കുറിച്ച് ഉയർന്നുവന്ന അടിയന്തരമായ പ്രശ്നങ്ങളുടെ പരിഹാരത്തെ ദോഷകരമായി ബാധിക്കുന്നു.അതിനാൽ, ഏകീകൃത സിവിൽ കോഡിനെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളെ മുന്നിൽ കൊണ്ടുവരുന്നതിന് ലിംഗനീതിയു ടെ  വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും, അത് പ്രശ്നത്തെ വർഗ്ഗീയവൽക്കരിച്ച് മുതലെടുക്കാനും, ന്യൂനപക്ഷങ്ങളെ ആക്രമണലക്ഷ്യമാക്കാനും ഉള്ള ഒരു ഉപാധി മാത്രമാണെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.    

ആദിവാസികളും ഇതര സംസ്കാരങ്ങളും 


ആദിവാസികളുടെ തനതായ സംസ്ക്കാരങ്ങളേയും കീഴ്വഴക്കങ്ങളേയും സാമൂഹ്യമര്യാദകളേയും സാരമായ വിധത്തിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിക്കാൻ വഴിയൊരുക്കുന്ന ഒന്നാണ് ഏകീകൃത സിവിൽ കോഡ് എന്നതിനാൽ, അത് ആ സമുദായങ്ങളെ ഹൈന്ദവവൽക്കരിക്കാനുള്ള മറ്റൊരു ശ്രമമാണ്. ആദിവാസികൾക്ക് ഭരണഘടനാനുസൃതമായി നല്കപ്പെട്ടിട്ടുള്ള പ്രത്യേകാവകാശങ്ങളും സംരക്ഷണവും അതോടെ പിൻ വലിക്കപ്പെടും .കൂടാതെ, ഭരണഘടനയുടെ 371 A മുതൽ 371 I വരെ അനുഛേദങ്ങൾ  പ്രകാരം ഗിരിവർഗ്ഗ ജനവിഭാഗങ്ങളുടെ ,പ്രത്യേകിച്ചും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികളുടെ  പരമ്പരാഗതമായ ആചാരങ്ങളിലും കീഴ്വഴക്കങ്ങളിലും മേൽപ്പറഞ്ഞ വിധം പാർലമെന്റ്  ഇടപെടുന്നതിന് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ  ഉണ്ട് .


രാജ്യത്തെമ്പാടുമുള്ള ആദിവാസി ജനത ഏകീകൃത സിവിൽ കോഡിനോട് ഗൗരവമായ എതിർപ്പ് പ്രകടിപ്പിച്ചതും, അവരുടെ പരമ്പരാഗതമായ സാമൂഹ്യാചാരങ്ങളിലും കീഴ്വഴക്കങ്ങളിലും ഇടപെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയതിന്റെ കാരണവും മുകളിൽ പറഞ്ഞതാണ്. 

ഏകീകൃത സിവിൽ കോഡ് നിർദ്ദേശത്തിനെതിരെ വ്യാപകമായ ആശങ്കയും എതിർപ്പുകളും രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിൽനിന്നും ഒരിക്കൽക്കൂടി ഉയർന്നു വന്നത് സൂചിപ്പിക്കുന്നത് അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം തല്പര കക്ഷികളേയും പങ്കെടുപ്പിച്ചുള്ള സവിസ്തരമായ കൂടിയാലോചനയിലൂടെ ആ വിഷയത്തിൽ എല്ലാവര്ക്കും സ്വീകാര്യമായ ഒരു സമവായത്തിൽ എത്തേണ്ടതിന്റെ പ്രാധാന്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പികൾ ഈ വിഷയത്തെ രാഷ്ട്രനയത്തിന്റെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലൊന്നായി ആർട്ടിക്കിൾ 44 പ്രകാരം എഴുതിച്ചേർത്തതിനു പിന്നിലെ സ്പിരിറ്റും അതുതന്നെയാണ്. അത് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടിയുള്ളതാണ്. പൗരന്മാർക്ക് ഐച്ഛികമായി ബാധകമാക്കാൻ കഴിയുന്ന ഒരു സിവിൽ കോഡ് നിർമ്മിക്കുന്നതിനെക്കുറിച്ച്  വിവേകപൂർവ്വമായി ഡോ. അംബേദ്‌കർ ഉപദേശിച്ചിരുന്നുവെന്ന കാര്യവും നമ്മൾ ഓർക്കേണ്ടതാണ്. ഏകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു രൂപരേഖയും ഇല്ലാതെ അങ്ങനെയൊരു അജണ്ട വീണ്ടും പുറത്തെടുത്തത് ഇതിനകം തന്നെ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അത് വർഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും പ്രത്യേക സാമൂഹ്യ വിഭാഗങ്ങളെ നീചരായി ചിത്രീകരിക്കുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്തിട്ടുണ്ട്. നിയമപരിഷ്കാരമെന്നത് തുടരുന്ന ഒരു അജണ്ട ആയതിനാൽ, വേണ്ടത്ര സമയമെടുത്തുള്ള വിസ്തരിച്ച ചർച്ചയോ സംവാദമോ ഇല്ലാതെ  ധൃതി പിടിച്ച് ഈ പ്രശ്നത്തെ മുന്നിൽ കൊണ്ടുവരുന്നത് തികച്ചും അസ്വീകാര്യമാണ്‌ , പ്രത്യേകിച്ചും റിപ്പബ്ലിക് ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന അവസരത്തിൽ. 

21 -)0 നിയമ കമ്മീഷൻ സമർപ്പിച്ച സുചിന്തിതമായ ഉപദേശത്തെ മറികടന്നുകൊണ്ട് ഏകീകൃത സിവിൽ കോഡിന്റെ അജൻഡ വീണ്ടും പുറത്തെടുക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. എല്ലാ സമുദായങ്ങളിലും മതങ്ങളിലും സമത്വവും  ലിംഗനീതിയും ഉറപ്പാക്കുന്നതിനുള്ള നിയമ പരിഷ്കാരങ്ങൾക്കുവേണ്ടി എല്ലാ അർത്ഥത്തിലും നിലകൊള്ളുമ്പോൾത്തന്നെ,  അടിച്ചേൽപ്പിക്കുന്ന ഐകരൂപ്യത്തിന്റെ പേരിൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങൾ അവഗണിക്കാനുള്ള നീക്കത്തോട്  ഞങ്ങൾ ശക്തമായി വിയോജിക്കുന്നു. സമത്വവും  വൈവിദ്ധ്യവും പരസ്പരവിരുദ്ധമായ സംഗതികളായി കാണുകയല്ല, മറിച്ച്‌ സമത്വം ഉറപ്പു വരുത്തുമ്പോൾ അതിനെ വൈവിദ്ധ്യവുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം  

നന്ദിപൂർവ്വം, 

ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി 
കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് -ലെനിനിസ്റ്റ് ) ലിബറേഷൻ 
cpimlhq@gmail.com | mail@cpiml.org | +91-11-42785864

No comments:

Post a Comment