സമത്വവും ലിംഗനീതിയും വേണം, യൂണിഫോം സിവിൽ കോഡിന്റെ പേരിൽ വർഗ്ഗീയ ധ്രുവീകരണവും മുസ്ലീങ്ങളെ അപരാധികളാക്കലും ലക്ഷ്യമാക്കുന്ന രാഷ്ട്രീയം വേണ്ടാ!
- ദീപങ്കർ ഭട്ടാചാര്യ
(ഫേസ്‌ബുക് പോസ്റ്റിന്റെ വിവർത്തനം)
ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള മുറവിളിക്ക് ആവേശം പകരുന്നവിധത്തിൽ പ്രധാനമന്ത്രി മോദി ഭോപ്പാലിൽ ബി ജെ പി പ്രവർത്തകരുടെ ബൂത്ത് തല യോഗത്തിൽ പ്രസംഗിച്ചതിനു തൊട്ടുപിന്നാലെ , അതേ സംസ്ഥാനത്ത് നടന്ന വേറൊരു സംഭവത്തിന്റെ വീഡിയോ വാർത്തകളിൽ വൈറൽ ആയി. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ച ബിജെപി യുടെ യുവജനനേതാവ് ആയ പ്രവേശ് ശുക്ല എന്നയാൾ ഒരു ആദിവാസി സമുദായത്തിലെ അംഗമായ ദാസ്മത് റാവത്ത് എന്ന തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ വീഡിയോ ആയിരുന്നു അത്. ബി ജെ പി രണ്ട് ദശാബ്ദത്തിലേറെയായി ഭരണത്തിലിരിക്കുന്ന മദ്ധ്യപ്രദേശിൽ യഥാർത്ഥത്തിൽ നിലനിൽക്കുന്ന (അൺ )സിവിൽ കോഡ് എന്താണെന്നതിന്റെ നടുക്കുന്ന ചിത്രമാണ് അത് സൂചിപ്പിക്കുന്നത് . പടിഞ്ഞാറും വടക്കും ബി ജെ പി ഭരണത്തിൻകീഴിലുള്ള ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ എവിടേയും പാർശ്വവൽകൃതരും മർദ്ദിതരുമായ സാമൂഹ്യ വിഭാഗങ്ങളുടെ നേരെ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരെ നിയമം പിടികൂടാറില്ലെന്നത് ഒരു രഹസ്യമല്ല. ജാതീയവും ലിംഗപരവുമായ എത്ര വലിയ വിവേചനങ്ങളും ഹിംസയും അരങ്ങേറിയാലും അതിന് സാമൂഹ്യമായി അംഗീകാരം നൽകും വിധത്തിൽ സംഘപരിവാർ മനുസ്‌മൃതിയെ അവരുടെ യാഥാർത്ഥ ഭരണഘടനയായി കണക്കാക്കുന്നു.
പട്ടികജാതി-പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ ) നിയമം 1989 നിലവിൽ വന്നത് ജാതീയ മർദ്ദനത്തിന്റെ നടുക്കുന്ന യാഥാർഥ്യങ്ങൾ തിരിച്ചറിയപ്പെട്ട പശ്ചാത്തലത്തിൽ അത്തരം കുറ്റകൃത്യങ്ങൾ തടയാൻ നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ, ബിജെപിയും അതിന്റെ
ആക്രാമകമായ ഹിന്ദുത്വ രാഷ്ട്രീയവും ശക്തി പ്രാപിച്ചതിനു ശേഷം പ്രസ്തുത നിയമത്തിൽ വെള്ളം ചേർത്ത് അതിനെ ദുർബ്ബലപ്പെടുത്തനും റദ്ദാക്കാൻ പോലുമുള്ള മുറവിളികൾക്കിടെ, അതിൻറെ കാര്യക്ഷമമായ നടത്തിപ്പിലെ ഉപേക്ഷ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. അതേ സമയം, മതന്യൂനപക്ഷങ്ങൾക്ക്, വിശേഷിച്ചും മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന ആസൂത്രിതമായ വിദ്വേഷക്കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിരിക്കുന്നു. മോദി ഭരണകാലത്ത് നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ ഹിംസയുടെ വികേന്ദ്രീകൃതവും സ്വകാര്യവൽകൃതവുമായ പുതിയ രൂപമായിരിക്കുമ്പോൾ, ബുൾഡോസർ നിയമബാഹ്യമായ പകപോക്കലുകൾക്കും ഭരണകൂടഭീകരത അഴിച്ചുവിടാനുമുള്ള രീതിയുടെ പുതിയ പ്രതീകമായിരിക്കുന്നു. വർഗ്ഗീയ വിദ്വേഷവും ജാതീയവും ലിംഗപരവും ആയ ആക്രമണങ്ങളും ഒന്ന് മറ്റൊന്നിനെ പ്രോത്സാഹിപ്പിക്കും വിധത്തിൽ ഒരേ സമയം തഴച്ചുവളരുമ്പോഴും വിദ്വേഷക്കുറ്റകൃത്യങ്ങളെ നിസ്സാരവൽക്കരിക്കുന്നതിനും ന്യായീകരിക്കുന്നതിനുപോലും കൂട്ടുനിൽക്കുന്നവരാണ് വൻകിട മാദ്ധ്യമങ്ങൾ .
തെരഞ്ഞെടുപ്പ് ആസന്നമായ മദ്ധ്യപ്രദേശിൽ ആദിവാസിവോട്ടുകൾ നിർണ്ണായകമായ ഒരു ഘടകമായതിനാൽ ശിവരാജ് സിംഗ് ചൗഹാൻ ഇപ്പോൾ ദുരിതനിവാരണ നടപടിയെന്ന മട്ടിൽ ചില അഭ്യാസങ്ങൾക്കു മുതിർന്നിരിക്കുന്നു. ദാസ്മത് റാവത്തിനെ സ്വന്തം സഹോദരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ആചാരപരതയോടെ കാൽ കഴുകി 'പ്രായശ്ചിത്തം' അനുഷ്‌ഠിക്കുന്നതിന്റേയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതിന്റെയും വീഡിയോ പ്രചരിപ്പിക്കപ്പെട്ടു; അതോടൊപ്പം, പ്രവേശ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം ഇടിച്ചുതകർക്കാൻ ബുൾഡോസർ അയക്കുന്നതിന്റെയും, ഒരു പോലീസ് വാഹനത്തിലേക്ക് അയാളെ പിടിച്ചിടുന്നതിന്റേയും വീഡിയോകളും പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്ത സമയമല്ലായിരുന്നെങ്കിലോ കുറ്റക്ര്യത്യത്തിന്റെ വീഡിയോ വൈറൽ ആയിരുന്നില്ലെങ്കിലോ ഈ വക അഭ്യാസങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. മാത്രമല്ല, ഇത്തരം ഓരോ സംഭവം പുറത്തുവരുമ്പോഴും ഡസൻ കണക്കിന് അതിക്രമങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ വേറെയും നടക്കുന്നുണ്ട് എന്നതും വ്യക്തമാണ്. തന്നെ പീഡിപ്പിച്ച പ്രവേശ് ശുക്ലയ്‌ക്ക് 'മാപ്പുനല്കണ'മെന്ന് സംഭീതനായ ദാസ്മത് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവരുമ്പോൾത്തന്നെ, ഇൻഡോറിൽ രണ്ടു ആദിവാസി യുവാക്കളെ മർദ്ദിക്കുന്നത്തിന്റെ വീഡിയോ വൈറൽ ആയി.
സാമൂഹ്യവിവേചനങ്ങളും മർദ്ദനങ്ങളും നടമാടുന്ന ഒരു വ്യവസ്ഥയിൽ, മാനുഷികമായ അന്തസ്സും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന സ്ഥിതിയും വെറുപ്പിനും ഹിംസയ്ക്കും ഉള്ള രാഷ്ട്രീയ രക്ഷാകർതൃത്വവും സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിൽ ഏകീകൃത സിവിൽ കോഡിന്റെ പ്രശ്നം എങ്ങനെയാണു നാം നോക്കിക്കാണേണ്ടത് ? മദ്ധ്യപ്രദേശിലെ പ്രവേശ് ശുക്ലാ സംഭവത്തിൽ കണ്ടതുപോലെ , തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അതുപോലുള്ള അതിക്രമ സംഭവം ബാധ്യതയാകുമില്ലാ യിരുന്നെവെങ്കിൽ കുറ്റവാളിക്ക് രാഷ്ട്രീയ സംരക്ഷണവും നിയമപരമായ പ്രത്യാഘാതങ്ങളെ ഭയപ്പെടാനില്ലാത്ത അവസ്ഥയും ഉറപ്പായും ഉണ്ടായേനെ.
ഏകീകൃത സിവിൽ കോഡിന്റെ നിർദ്ദിഷ്ട ഉള്ളടക്കം എന്തെന്നുള്ളതിന്റെ ഒരു സൂചനയും നൽകാതെയാണ് 22 -)0 നിയമ കമ്മീഷൻ പൊതുജനങ്ങളുടെ അഭിപ്രായം 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്ന വിജ്ഞാപനം ഇറക്കിയത്. ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയിൽ ഏറെ തീവ്രമായ സംവാദങ്ങൾക്ക് ശേഷമാണ് ഏകീകൃത സിവിൽ കോഡ് നിയമപരമായി നടപ്പാക്കാനോ കോടതി നടപടികളിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതോ കഴിയുന്ന ഒരു കാര്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അതിനെ രാഷ്ട്രനയതിന്റെ മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ ഭാഗമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എന്ന് ചരിത്രം നമ്മളോട് പറയുന്നു. പൗരന്മാർക്ക് വേണമെങ്കിൽ സ്വേച്ഛയാ സ്വീകരിക്കാൻ കഴിയുന്ന ഒരു ഏകീകൃത സിവിൽ കോഡ് എന്ന ആശയം ബാബ സാഹേബ് അംബേദ്‌കർ അവതരിപ്പിച്ചിരുന്നു. 21 -)0 നിയമ കമ്മീഷൻ പോലും ഇപ്പോഴത്തെ പരിതഃസ്ഥിതിയിൽ യൂണിഫോം സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും എന്ന് കണ്ടെത്തുകയും, തൽസ്ഥാനത്ത് എല്ലാ വ്യക്തിനിയമങ്ങളിലും ലിംഗ സമത്വം ഉറപ്പുവരുത്തും വിധമുള്ള പരിഷ്‌കാരങ്ങൾ വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ 22-)0 നിയമ കമ്മീഷൻ ഇത്ര ധൃതിയിൽ ആ വിഷയത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രം എന്ത് മാറ്റമാണുണ്ടായത് ?
ഏകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കം എന്താണെന്നു സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂർത്തമായ യാതൊരുവിധ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലാതിരിക്കുമ്പോഴും ബിജെപി- സംഘപരിവാർ പ്രോപ്പഗാൻഡാ സംഘങ്ങൾ മുസ്‌ലിം സമുദായത്തിനെതിരേ ആക്ഷേപങ്ങൾ അഴിച്ചുവിടുന്ന തിരക്കിലാണ്. ഏകീകൃത സിവിൽ കോഡിനെതി രെ ഉന്നയിക്കപ്പെടുന്ന ഓരോ വിയോജിപ്പിനേയും മുസലീം സമുദായത്തെ പ്രീണിപ്പിക്കൽ ആയോ, കലാപത്തിന് പ്രേരിപ്പിക്കൽ ആയോ അവർ മുദ്രകുത്തുകയാണ്. ചുറ്റും കണ്ണോടിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത് ഏകീകൃത സിവിൽ കോഡിനോട് മുസ്‌ലീം സമുദായത്തിൽ എന്നതിലേറെ കൂടുതൽ ഭയാശങ്കകളും ശക്തമായ എതിർപ്പും ഉയർന്നുവന്നിട്ടുള്ളത് മേഘാലയയും നാഗാലാന്റും പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ എല്ലാ ഭാഗത്തുമുള്ള ആദിവാസികളിലും ആണ്. ആഭ്യന്തര മന്ത്രി അമിത് ഷായും നിയമകാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുശീൽ മോഡിയും ക്രിസ്ത്യാനികളേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഏകീകൃത സിവിൽ കോഡിൽനിന്ന് ഒഴിവാക്കും എന്ന് ഇപ്പോൾത്തന്നെ സൂചിപ്പിച്ചുകഴിഞ്ഞു. ഭരണഘടനാ ശില്പികൾ ഏകീകൃത സിവിൽ കോഡിനെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയതും , അടുത്തകാലത്ത് 21 -)0 നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും ആണെന്ന് കണ്ടതും എന്തുകൊണ്ടായിരുന്നു എന്നത് വളരെ സുവിദിതമാണ്. യഥാർത്ഥത്തിൽ, ഹിന്ദു ഇതര സമുദായങ്ങളിൽ ഉള്ളതുപോലെ ഹിന്ദുക്കൾക്കിടയിൽത്തന്നെ വിഭിന്ന പ്രദേശങ്ങളിൽ വൈവിധ്യപൂർണ്ണമായ സാമുദായിക കീഴ്വഴക്കങ്ങളും ആചാരങ്ങളും വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു.
ഏകതയ്ക്കുവേണ്ടി ഐകരൂപ്യം അടിച്ചേൽപ്പിക്കുന്നതിന്റെ സ്ഥാനത്ത് വൈവിധ്യങ്ങളെ സമത്വ സങ്കല്പവുമായി പൊരുത്തപ്പെടുത്തേണ്ടത്തിന്റെ ആവശ്യകതയിൽ ഊന്നൽ നൽകിയ 21 -)0 നിയമ കമ്മീഷന്റെ നിലപാട് ശരിയായിരുന്നു, ആർ എസ്സ് എസ്സിന്റെ തലവൻ ആയിരുന്ന ഗോൾവാൾക്കർ പോലും ഇന്ത്യയെപ്പോലുള്ള വൈവിധ്യങ്ങൾ നിലനിൽക്കുന്ന വിശാലമായ ഒരു രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കുക എന്ന ആശയത്തിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നത് ആരിലും അത്ഭുതമുണ്ടാക്കും. ആർ എസ് എസ്സിന്റെ മുഖപത്രമായ ഓർഗനൈസറിൽ അതിന്റെ പത്രാധിപർ കെ ആർ മൽക്കാനിയുമായി 1971 ൽ നടത്തിയ നീണ്ട ഒരഭിമുഖത്തിൽ , ഇന്ത്യയുടെ ഐക്യ(Unity )ത്തിന് ആവശ്യം "യൂണിഫോമിറ്റി"യേക്കാൾ "ഹാർമണി"യാണ് എന്ന് ഗോൾവാൾക്കർ പറഞ്ഞു. ഇന്ന് മോദി സർക്കാർ അതിന്റെ നിർമ്മിതിയിൽ താത്വികമായി പങ്കുവഹിച്ചവരും മുൻഗാമികളായ ഭരണകർത്താക്കളും നൽകിയ കരുതൽ ഉപദേശങ്ങൾ ഉപേക്ഷിക്കാൻ തിരക്ക് കൂട്ടുന്നത് അത്തരം മുന്നറിയിപ്പുകളൊന്നും ചെവിക്കൊള്ളേണ്ട ആവശ്യം ഇല്ലാത്ത ഒരു ഘട്ടമായി എന്ന തോന്നൽ മൂലവും, നീറുന്ന ദൈനംദിന ജീവിതപ്രശ്നങ്ങളിൽനിന്നു പൊതുജന ശ്രദ്ധ തിരിച്ചു വിട്ട് ഇന്ത്യയെ വർഗ്ഗീയമായി ധ്രുവീകരിക്കാൻ ഏറ്റവും നല്ല ഉപാധി ഏകീകൃത സിവിൽ കോഡ് ആണെന്ന ധാരണ നിമിത്തവും ആണ്.
സമത്വവും നീതിയും ഉറപ്പു വരുത്താനുള്ള നിയമപരിഷ്കാരങ്ങൾ തുടർച്ചയായി അജണ്ടയിൽ വേണ്ടതുതന്നെ ; എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകൾക്ക് ലിംഗസമത്വം അനുഭവവേദ്യമാക്കും വിധം ഭരണഘടനയുടെ ആർട്ടിക്കിൾ 44 ൽ നിർദ്ദേശിച്ച ദിശയിൽ സ്റ്റേറ്റ് പരിഷ്‌കാരങ്ങൾ കൊണ്ടുവരണം. പക്ഷേ , ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തതും അവരുടെയെല്ലാം പങ്കാളിത്തത്തോടെയും അല്ലാതെ അത് ഒരു ശൂന്യതയിൽനിന്നുകൊണ്ട് നടപ്പാക്കാൻ സാദ്ധ്യമല്ല . കൂടാതെ, ഭരണഘടനയിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിന് ആർട്ടിക്കിൾ 44 മാത്രം തെരഞ്ഞെടുക്കുകയും 36 മുതൽ 51 വരെയുള്ള ഖണ്ഡികകളിൽ പറയുന്ന അതുപോലെ സുപ്രധാനമായ മറ്റ് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ അവഗണിക്കുകയും ചെയ്യുന്നു എന്ന പ്രശ്നമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശവും ഉപജീവനോപാധികളും ഭരണകൂടം സാർവ്വത്രികമായി ഉറപ്പു വരുത്തുക, സമ്പത്തും ഉൽപ്പാദനോപാധികളും ചുരുക്കം കൈകളിൽ കുന്നുകൂടുന്നത് ഒഴിവാക്കി വരുമാനത്തിലെ അന്തരങ്ങൾ കുറച്ചുകൊണ്ടുവരിക എന്നതൊക്കെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽപ്പെടുന്ന മറ്റ് വിഷയങ്ങൾ ആണ്.
ഇപ്പോൾ ഏകീകൃത സിവിൽ കോഡിന് ബി ജെ പി നൽകുന്ന ഊന്നൽ ലിംഗ സമത്വം ഉറപ്പാക്കാനുള്ള താൽപ്പര്യം മൂലമോ , മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽനിന്നുൾക്കൊണ്ട പ്രചോദനത്തിന്റെ ഫലമോ ആണെന്ന് ധരിക്കുന്നതായി അഭിനയിക്കാൻ നമുക്കാവില്ല. വാസ്തവത്തിൽ ഏക സിവിൽ കോഡ് എന്ന അജണ്ടയെ ബി ജെ പി മുന്നിൽ കൊണ്ടുവരുന്നത് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും മുസ്ലീങ്ങളെ നീചരായി ചിത്രീകരിക്കാനുമുള്ള ബൃഹത്തയ പദ്ധതിയുടെ ഭാഗമായിട്ടാണ്. 'ലവ് ജിഹാദ്' എന്ന മിത്ത് കുടിലമായ ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതോടൊപ്പം, മുസ്ലീങ്ങൾ ബഹുഭാര്യാത്വ സമ്പ്രദായം അംഗീകരിക്കുന്നതുകൊണ്ട് ജനസംഖ്യയിൽ ഹിന്ദുക്കളെ കവച്ചുവെക്കാൻ പോകുന്നു എന്ന യുക്തിശൂന്യമായ പ്രോപ്പഗാൻഡയുടെ നേതൃത്വം മോദിതന്നെ ഏറ്റെടുത്ത ഒരു പശ്ചാത്തലത്തിലാണ് ഏക സിവിൽ കോഡ് ചർച്ചയെ ബിജെപി ഉയർത്തിവിടുന്നത്. ഈ കുതന്ത്രത്തെ ഫലപ്രദമായി പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിയണമെങ്കിൽ കുതിച്ചുയരുന്ന ജീവിതച്ചെലവുകളും വിലക്കയറ്റവും തൊഴിലില്ലായ്മയും പോലെയുള്ള നീറുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാമൂഹ്യ മർദ്ദനത്തിന്റേയും ഹിംസയുടേയും കോഡ് ആയ മനുസ്മൃതി സാർവ്വത്രികമാക്കി രാജ്യത്തെ പിറകോട്ട് തള്ളിവീഴ്ത്താനുള്ള ഓരോ ശ്രമത്തേയും ചെറുക്കാൻ ആധുനികമായ ഒരു മതേതര ജനാധിപത്യ ഇന്ത്യ എന്ന ഭരണഘടനാപരമായ വീക്ഷണത്തെ പ്രതിരോധിക്കേണ്ടതുണ്ട് .
ലിംഗനീതിയും സമത്വവും വേണം, യൂണിഫോം സിവിൽ കോഡിന്റെ പേരിൽ വർഗ്ഗീയ ധ്രുവീകരണവും മുസ്ലീങ്ങളെ അപരാധികളാക്കലും ലക്ഷ്യമാക്കുന്ന രാഷ്ട്രീയം വേണ്ടാ!
No comments:
Post a Comment