NEET 2024 അഴിമതി: ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ ഭാവിയുമായി കളിക്കുന്നത് നിർത്തുക
[ ML അപ്ഡേറ്റ് വോളിയം. 27, നമ്പർ 26 (18-24 ജൂൺ 2024) ]
2024 ജൂൺ 4 ന്, 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം സംപ്രേഷണം ചെയ്യുന്നതിനിടെ, 24 ലക്ഷം NEET പരീക്ഷാർത്ഥികളുടെ ഭാവി മറ്റൊരു അഴിമതിമൂലം അവതാളത്തിലായി . NEET പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപനം വന്നതോടെയാണ് അതുണ്ടായത്. രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, ഡെൻ്റൽ, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൻ്റെ (NEET )ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപന ദിവസം തന്നെയാണ് പ്രഖ്യാപിച്ചത് എന്നതിനാൽ ,അന്ന് അത് അധികം മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയി. . കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് NEET 2024 ലെ അഴിമതി തുറന്നുകാട്ടി വിദ്യാർത്ഥികളുടെ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് , വൻ തട്ടിപ്പിൻ്റെ യഥാർത്ഥ സ്വഭാവം പുറത്തുവരികയും അഴിമതിക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങുകയും ചെയ്തു.
മെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനായി നേരത്തെയുള്ള സംസ്ഥാനതല പ്രവേശന പരീക്ഷകൾക്ക് പകരമായി 2016 ൽ മോദി സർക്കാർ ഒരു ദേശീയതല പ്രവേശന പരീക്ഷയായി നീറ്റ് അവതരിപ്പിച്ചു. പ്രവേശന പരീക്ഷ കേന്ദ്രീകൃതമായതിനാൽ സംഭവിക്കുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ തുടക്കം മുതൽ NEET ന്റെ രംഗപ്രവേശത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
ഈ വർഷം മേയിൽ നീറ്റ് പരീക്ഷയ്ക്ക് ശേഷം,പേപ്പർ ചോർന്നതിനേക്കുറിച്ചുള്ള വാർത്തകൾ ബിഹാർ മുതൽ ഗുജറാത്തിലേക്ക് വരെ പ്രവഹിക്കാൻ തുടങ്ങി.ചോദ്യപേപ്പർ ചോർത്തുന്നതിന് 30 മുതൽ 50 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട 13 പേരെ പട്‌ന പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർ എഴുതാൻ 10 ലക്ഷം രൂപ ഈടാക്കുന്ന സ്കൂൾ അധ്യാപകനും ബിജെപി നേതാവും ഉൾപ്പെട്ട വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ നടത്തിയിരുന്ന മുഴുവൻ റാക്കറ്റും ഗുജറാത്ത് പോലീസ് തകർത്തു. നീറ്റ് നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അഴിമതിയെക്കുറിച്ച് അറിയുകയും , ജൂൺ 4 ന് ഷെഡ്യൂൾ ചെയ്ത തീയതിക്ക് പത്ത് ദിവസം മുമ്പും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടന്ന അതേ ദിവസവും നീറ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചതിലെ ഉദ്ദേശ്യം വ്യക്തമായിരുന്നു - നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കുക.എന്നതാണ് അത്.
നീറ്റ് 2024 ൻ്റെ മുഴുവൻ പ്രക്രിയയും തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. ഒന്നാമതായി, NEET 2024 ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 9 ന് ആരംഭിച്ച് മാർച്ച് 16 വരെ നീട്ടി. പെട്ടെന്ന്, ഏപ്രിൽ 9 ന്, പരീക്ഷയുടെ സ്വതന്ത്രവും നീതിയുക്തവുമായ നടത്തിപ്പിൻ്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ' ഗുണഭോക്താക്കളുടെ ' അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷൻ രണ്ട് ദിവസത്തേക്ക് വീണ്ടും തുറക്കുമെന്ന് എൻടിഎ പ്രഖ്യാപിച്ചു. ഹരിയാനയിലെ ജജ്ജാറിലെ ഒരേ സെൻ്ററിൽ നിന്ന് പരീക്ഷയെഴുതിയ 67 വിദ്യാർത്ഥികൾ 720 എന്ന ഫുൾ മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. സ്ഥിതിവിവരക്കണക്ക് പ്രകാരം തീർത്തും അസാദ്ധ്യമായ മാർക്കുകൾ ആയ 719, 718 എന്നിവ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചത് എങ്ങനെ എന്ന ചോദ്യവും വന്നിട്ടുണ്ട്. തങ്ങളുടെ ഒഎംആർ ഷീറ്റിലെ മാർക്ക് അന്തിമ ഫലവുമായി പൊരുത്തപ്പെടുന്നില്ലെന്നും വിദ്യാർത്ഥികൾ തുറന്നുകാട്ടി. പരീക്ഷ തുടങ്ങാൻ വൈകിയതിനാലാണ് 1500 ഓളം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതെന്ന എൻടിഎയുടെ വിശദീകരണം, വിവാദത്തിന് ആക്കം കൂട്ടി.
വിദ്യാർത്ഥികൾ ഉയർത്തുന്ന മറ്റൊരു പ്രധാന ആശങ്ക വൻതോതിലുള്ള റാങ്ക് പെരുപ്പമാണ്. 2022-ൽ, 715 എന്ന സ്‌കോർ നേടിയ ആൾക്ക് ആയിരുന്നു ഉയർന്ന റാങ്ക് . 2023-ൽ പോലും , ഈ മാർക്ക് 4-ാം റാങ്കായിരുന്നുവെങ്കിൽ , ഈ വർഷം അതേ സ്‌കോർ 225-ആം സ്ഥാനത്താണ് ! 700 എന്ന സ്‌കോർ ലഭിച്ചയാൾക്കു 2022-ൽ 49, 2023-ൽ 294, ഈ വർഷം 1,770 എന്നിങ്ങനെയാണ് റാങ്ക് . തീർച്ചയായും പരീക്ഷ കാലക്രമേണ എളുപ്പമാകില്ല, അല്ലെങ്കിൽ പരീക്ഷയ്ക്ക് ഹാജരായ വിദ്യാർത്ഥികളുടെ ഗുണനിലവാരം ഒരു ക്വാണ്ടം കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നു. മുഴുവൻ സംവിധാനവും ഉള്ളിൽ നിന്ന് പൂർണ്ണമായും വിട്ടുവീഴ്ച ചെയ്യപ്പെടുകയും വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും ഈ വ്യവസ്ഥാപിതമായ അഴിമതിക്ക് വില നൽകുകയും ചെയ്യുന്നു നീറ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് 2013-ൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും 2016-ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ സംവിധാനം പുനഃസ്ഥാപിക്കുകയും 2017 നവംബറിൽ മോദി സർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ നോഡൽ അതോറിറ്റിയായി ആരംഭിക്കുകയും ചെയ്തു. അമിത കേന്ദ്രീകൃതമായ ഈ നീറ്റ് പരീക്ഷയ്ക്ക് , 'ഒരു രാഷ്ട്രം, ഒരു പരീക്ഷ ' എന്ന മോഡലിന് , സമ്പന്നർക്കും വിശേഷാധികാരമുള്ളവർക്കും അനുകൂലമായി സഹജമായ ഒരു പക്ഷപാതിത്തമുണ്ട്; ഇതിനു പുറമേ , കോച്ചിംഗ് വ്യവസായത്തിൻ്റെയും പേപ്പർ ചോർത്തിക്കൊടുക്കുന്ന മാഫിയയുടെയും ഉയർച്ചയും ഏകീകരണവും ആവുമ്പോൾ, ഈ സംവിധാനം ഇയ്യിടെ വളരെ അന്യായവും അതാര്യവുമാണ്. രാജ്യത്തിൻ്റെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ ഗുണനിലവാരത്തിൽ അമിതമായ കേന്ദ്രീകൃതവും അതാര്യവും അഴിമതി നിറഞ്ഞതുമായ ഒരു സംവിധാനത്തിൻ്റെ പ്രത്യാഘാതങ്ങൾ തീർത്തും അസ്വാസ്ഥ്യജനകമാണ്. 'മെറിറ്റിൻ്റെ' ചാമ്പ്യന്മാരായി വേഷമിടുന്ന സംവരണവിരുദ്ധ ലോബിയാകട്ടെ, വർദ്ധിച്ചതോതിൽ വാണിജ്യവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിൽ പണാധിപത്യത്തിൻ്റെ ഈ വ്യാപകമായ കള്ളക്കളിയെക്കുറിച്ച് മൗനം പാലിക്കുകയാണ് .
നീറ്റ് അവതരിപ്പിച്ച് 5 വർഷം പിന്നിട്ട സമയത്ത് 2021-ൽ ജസ്റ്റിസ് എ കെ രാജൻ്റെ അധ്യക്ഷതയിൽ തമിഴ്‌നാട് സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. വിവിധ സാമൂഹിക, വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നീറ്റ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ ആയിരുന്നു അത്. മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ വിഹിതം നീറ്റ് ഏർപ്പെടുത്തിയതിനു ശേഷം ഗണ്യമായി വർധിച്ചതായി സമിതി കണ്ടെത്തി. 2010-11 മുതൽ 2016-17 വരെയുള്ള നീറ്റിന് മുമ്പുള്ള കാലയളവിൽ, ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ശരാശരി 61.5% സീറ്റുകൾ നേടിയിരുന്നു, 2020-21 ആയപ്പോഴേക്കും ഇത് 49.91% ആയി കുറഞ്ഞു. താഴ്ന്ന വരുമാനവും തമിഴ് മീഡിയം പശ്ചാത്തലത്തിലുള്ളതുമായ വിദ്യാർത്ഥികളുടെ ചെലവിൽ ഉയർന്ന വരുമാന പശ്ചാത്തലത്തിൽ നിന്നും സിബിഎസ്ഇ പശ്ചാത്തലത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന വിഹിതവും പഠനം ചൂണ്ടിക്കാട്ടി. രാജൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ കേന്ദ്രീകൃത പരീക്ഷാ രീതി സംബന്ധിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ ഉന്നയിച്ച ആശങ്കയെ സാധൂകരിക്കുന്നു. 2020-21 മുതൽ എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും പ്രവേശനത്തിനായി ആരംഭിച്ച സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) , വിവിധ ഭാഷാ, പ്രാദേശിക, സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇന്ത്യയിലെ വിദ്യാർത്ഥികളുടെ മേൽ മോദി സർക്കാർ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്ന കേന്ദ്രീകൃത പരീക്ഷാ രീതിയുടെ മറ്റൊരു ഉദാഹരണമാണ്. വിവിധ സംസ്ഥാന ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ സമാന രീതിയിൽ തന്നെയാണ് രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും CUET ആസൂത്രിതമായി പുറത്താക്കിയത് .
നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളുടെയും വാദം സുപ്രീം കോടതി കേൾക്കാൻ കാത്തിരിക്കുമ്പോൾ, നീറ്റ് 2024 ഫലം റദ്ദാക്കാനും എല്ലാ പൊരുത്തക്കേടുകളും അവസാനിപ്പിക്കാൻ പരീക്ഷയുടെ പുതിയ നടത്തിപ്പ് നടത്താനുമുള്ള വിദ്യാർത്ഥികളുടെ ആവശ്യത്തെ നാം പിന്തുണയ്ക്കേണ്ടതുണ്ട് . കെടുകാര്യസ്ഥത കൈമുതലായ എൻടിഎയും അന്യായമായ നീറ്റ് സമ്പ്രദായവും ഇല്ലാതാക്കണമെന്ന ആവശ്യം ഉയർന്നുവരികയാണ്. രാജ്യത്തിന് ഇനി അവഗണിക്കാനാവാത്തവിധം ഗുരുതരമാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിലെ അമിത കേന്ദ്രീകരണത്തിൻ്റെയും വാണിജ്യവൽക്കരണത്തിൻ്റെയും അഴിമതിയുടെയും ആപത്തുകൾ.
No comments:
Post a Comment