ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റോഡിയൽ കൊലപാതകത്തിൽ പ്രതിഷേധിക്കുക, അനുശോചനം ആചരിക്കുക
,ന്യൂ ഡെൽഹി , 05-07-2021
സിപിഐ എം എൽ ലിബറേഷൻ
കേന്ദ്ര കമ്മിറ്റി .
84 വയസ്സുള്ള ജസ്യൂട്ട് പുരോഹിതനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ പോലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിൽ ജാർഖണ്ഡിലെ മർദ്ദിതരും ദരിദ്രരുമായ ജനതയടക്കം ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ പങ്കിടുന്ന രോഷത്തിലും അനുശോചനത്തിലും സി പി ഐ എം എൽ ഒപ്പം നില കൊള്ളുന്നു.
മോദി- ഷാ ഭരണകൂടത്തിന്റെ പിണിയാളുകളായി എൻ ഐ ഐ കെട്ടിച്ചമച്ച "ഭീമാ കോറേഗാവ് കേസിൽ" യു എ പി എ എന്ന ഡ്രകോണിയൻ നിയമത്തിലെ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടവർ ഇന്ത്യയിലെ പ്രമുഖരായ മനുഷ്യാവകാശപ്പോരാളികൾ ആയിരുന്നു. അക്കൂട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും, ജാമ്യം നിഷേധിക്കപ്പെട്ടു അനിശ്ചിതകാലം ജെയിലിൽ കഴിയുകയും ചെയ്ത വിചാരണത്തടവുകാരിൽ ഒരാൾ ആയിരുന്നു ഫാദർ സ്വാമി.
ഭീമാ കൊറേഗാവ് കേസ് അപഹസ്യമാം വിധം കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കേസ് ആണെന്നും, പ്രതിചേർക്കപ്പെട്ട എല്ലാവരും വിചാരണയ്ക്ക് ശേഷം കുറ്റ വിമുക്തരാവുമെന്നും മോദി-ഷാ ഭരണകൂടത്തിനും എൻ ഐ എ യ്ക്കും നല്ലപോലെ ബോധ്യമുണ്ടായിരുന്നു. എന്നാൽ, "ജുഡീഷ്യൽ പ്രക്രിയ യിലൂടെ" പോലീസ് കസ്റ്റഡിയും പീഡനങ്ങളും ഫലത്തിൽ വധശിക്ഷ പോലും അടിച്ചേൽപ്പിക്കുന്ന കുടിലതന്ത്രമാണ് ഭീമാ കൊറേഗാവ് കേസിൽ കണ്ടത്.
ഫാദർ സ്റ്റാൻ ൻറെ ജാമ്യാപേക്ഷയിലുള്ള ഹിയറിങ്ങുകൾ ഇന്ത്യൻ ജുഡീഷ്യറിയുടെ നിലവാരം എത്രമാത്രം അധഃപതിച്ചു എന്നതിന്റെ ചരിത്രസാക്ഷ്യമായി എന്നും നിലനിൽക്കും. അടിയന്തരാവസ്ഥാകാലത്ത് കുപ്രസിദ്ധി നേടിയ ജബൽപൂർ എഡിഎം കേസ് കേട്ട സുപ്രീം കോടതി ഭരണഘടനാ സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കുന്നതിൽ കാട്ടിയ ലജ്‌ജാകരമായ വീഴ്ചയുടെ ചരിത്രത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നാണ് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയുടെ ഹിയറിങ്ങിനിടെ ജഡ്‌ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടായ സമീപനം.. വെള്ളം കുടിക്കാൻ പ്രയാസം നേരിട്ട അവസ്ഥയിൽ സ്റ്റാൻ സ്വാമിക്ക് സ്ട്രോ ലഭ്യമാക്കാനുള്ള ഒരു അപേക്ഷയിൽ അനുകൂലമായ തീരുമാനം ഉണ്ടാക്കാൻ അവർ രണ്ട് മാസം ആണ് എടുത്തത്. പിന്നീട് ഭക്ഷണം സ്വയം എടുത്തു് കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ട സമയത്തു് സ്പൂൺ ഉപയോഗിച്ച് ആഹാരം തന്റെ വായിൽ വെച്ചുതരാൻ സഹതടവുകാരെ അനുവദിക്കണം എന്ന അഭ്യർത്ഥന പ്രസ്തുത കോടതി നിരസിച്ചതിനെത്തുടർന്ന് സമർപ്പിച്ച ഒരു അപ്പീലും തള്ളപ്പെടുകയായിരുന്നു.
ഒരു വിചാരണത്തടവുകാരന് ജാമ്യം അനുവദിക്കാൻ തക്കതായ പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും സ്വാമിക്ക് ഇല്ലെന്നും, വാർധക്യത്തിൻറെ "സ്വാഭാവികമായ ചില ലക്ഷണങ്ങൾ" മുൻനിർത്തി ജാമ്യം നൽകാനാവില്ലെന്നും ഔദ്ധത്യപൂർവ്വം പ്രസ്താവിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.. ഫാദർ സ്റ്റാൻ ന് ജാമ്യം നിഷേധിച്ച ഓരോ ജഡ്ജിയുടെ കയ്യിലും രക്തക്കറ പുരണ്ടിരിക്കുന്നു.
സാമൂഹ്യപ്രവർത്തകർക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കുകയും, പോലീസ് കസ്റ്റഡിയിൽ പീഡനങ്ങളും കൊലപാതകങ്ങളുമടക്കം നടത്തുകയും ചെയ്യുന്ന അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ അധികാരപരിധിയിലാണ്. 21 മാസത്തെ അടിയന്തരാവസ്ഥാ കാലത്തെ ജനാധിപത്യം ആക്രമിക്കപ്പെട്ട കാലം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ലേഖനം എഴുതിയത് ഇതേ അമിത് ഷായാണ് എന്നത് ക്രൂരമായ ഒരു വിരോധാഭാസമായി അവശേഷിക്കുന്നു.
ഫാദർ സ്റ്റാൻ ൻറെ മരണത്തിൽ അനുശോചനം ആചരിക്കുന്നതിലുപരിയായി,
ഈ കസ്റ്റഡിക്കൊലപാതകത്തിനെതിരെ നമ്മുടെ രോഷം ഉണരേണ്ടതുണ്ട് .ഇന്ത്യയിലെ ഏറ്റവും മർദ്ദിതരായ ജനവിഭാഗങ്ങളുടെ നീതിക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഒപ്പം നിൽക്കുകയും , ഇന്ത്യയുടെ ഭരണം കയ്യാളുന്ന ഫാസിസ്റ്റ് ശക്തികളുടെ ആക്രമണങ്ങൾക്കും മുൻപിൽ മുട്ടുമടക്കാൻ വിസമ്മതിക്കുകയും ചെയ്ത ഫാദർ സ്റ്റാൻ സ്വാമിക്ക് നൽകാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയ ബഹുമതി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ തുടർന്ന് മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് .
No comments:
Post a Comment