Tuesday, 27 July 2021

 


ജൂലൈ 28 ആഹ്വാനം 


  
സഖാവ് ചാരൂ മജൂംദാർ പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട് 49 വർഷങ്ങൾ തികയുന്ന ദിവസവും , സിപിഐ (എം എൽ) പുനസ്സംഘടിപ്പിച്ചതിന്റെ 47-)0 വാർഷികവും ആണ് 2021 ജൂലൈ 28. 
 1970കളുടെ ആരംഭത്തിലെ പ്രക്ഷുബ്ധമായ വർഷങ്ങൾ 1975ലെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയിൽ പര്യവസാനിച്ച ഒരു ഘട്ടം പിന്നിട്ട് ശേഷം ഏകദേശം അഞ്ച് ദശാബ്ദങ്ങൾ ആവുകയാണ് . ഈയവസരത്തിൽ  ഇന്ത്യൻ ഭരണകൂടം അടിയന്തരാവസ്ഥാക്കാലത്തെ    മർദ്ദനമുറകളും നയങ്ങളും  ഒരിക്കൽക്കൂടി പുറത്തെടുത്തിരിക്കുകയാണ്. കൊളോണിയൽവാഴ്ചയുടെ കാലഘട്ടം സാക്ഷ്യംവഹിച്ച ഭരണകൂട ക്രൂരതയെപ്പോലും ലജ്ജിപ്പിക്കുന്നതാണ്  ഇപ്പോഴത്തെ അവസ്ഥ .

 രാജ്യത്തിൻറെ ജനാധിപത്യാടിത്തറയിലുള്ള ഭരണഘടനാചട്ടക്കൂടുമായി ഒത്തുപോകുന്നതല്ല മേൽപ്പറഞ്ഞ തരത്തിലുള്ള മർദ്ദന വാഴ്ചയെന്നു ഇപ്പോൾ കോടതികൾക്ക് പോലും മോദി ഭരണകൂടത്തെ  ഓർമ്മിപ്പിക്കേണ്ടിവരുന്ന അവസ്ഥയാണ്. വിയോജിക്കാനും പ്രതിഷേധിക്കാനും ഉള്ള  സ്വാതന്ത്ര്യത്തിന്  നമ്മുടെ  ഭരണഘടന നൽകുന്ന  മർമ്മപ്രാധാന്യം സമീപകാലത്തെ ഒരു വിധിയിൽ ഡെൽഹി ഹൈക്കോടതി എടുത്തുപറയുകയുണ്ടായി. അതുപോലെ വേറൊരു കേസിൽ, സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് ദശകങ്ങൾ പിന്നിട്ടിട്ടും എന്തിനാണ് രാജ്യദ്രോഹവകുപ്പ് പോലെയുള്ള ഒരു കൊളോണിയൽ നിയമം അത്യാവശ്യമെന്നു സർക്കാരിന്  തോന്നുന്നത്    സുപ്രീം കോടതി പോലും  ചോദിക്കുകയുണ്ടായി .  

കൊളോണിയൽ കാലത്തെ നിയമമായ രാജ്യദ്രോഹ വകുപ്പും, പിൽക്കാലത്ത് പാസ്സാക്കപ്പെട്ട യുഎപിഎ യും റദ്ദാക്കണമെന്നും, എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നും ഉള്ള ആവശ്യങ്ങൾ ഇന്ന് ഒരിക്കൽക്കൂടി പൊതുമണ്ഡലത്തിൽ ഗൗരവമായ  ചർച്ചാവിഷയം ആയിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഉയർന്നുവന്ന മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങൾ പക്ഷപാതപരമായ പൗരത്വ നിയമ ഭേദഗതി നിയമം  , കാർഷിക രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ കാരണമാകുന്ന കൃഷിനിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ   ലേബർ കോഡുകൾ ഇവ പിൻവലിക്കുക എന്നതാണ് . സ്വകാര്യവൽക്കരണം നിർത്തുക, വിലക്കയറ്റം തടയുക, തൊഴിലവസരങ്ങളും തൊഴിലാളികളുടെ വേതനവും  വർധിപ്പിക്കുക, ഓരോ കോവിഡ് മരണത്തിലും ആശ്വാസധനം നൽകുക ,  ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കുക എന്നീയാവശ്യങ്ങളും ഇന്നത്തെ സന്ദർഭത്തിൽ ജനാധിപത്യപ്പോരാട്ടത്തിന്റെ   അജണ്ടയുടെ ഭാഗമാണ്.     

മോദി ഗവണ്മെന്റിന്റെ പുനസ്സംഘടിപ്പിക്കപ്പെട്ട ജംബോ കാബിനറ്റ് പുതിയ ഏതാനും ജനദ്രോഹ ബില്ലുകൾകൂടി  പാർലമെന്റിന്റെ വർഷകാല സെഷനിൽ അവതരിപ്പിച്ചു പാസ്സാക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ കരുത്തുറ്റ പ്രതിരോധമുയർത്താൻ  രാജ്യത്തെ പ്രതിപക്ഷത്തിന് ഉത്തരവാദിത്തമുണ്ട്. തെരുവുകളിലെ ബഹുജനപ്രക്ഷോഭങ്ങൾ നയിക്കുന്നവർക്കെന്നപോലെ  പാർലമെന്റിന്റെ വേദിയിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷപാർട്ടികൾക്കും വിശേഷിച്ചും ഇടത് ശക്തികൾക്കും  നിർണ്ണായകമായ പങ്കുവഹിക്കാനുള്ള ഒന്നായിരിക്കും അത്. 

 സർവശക്തിയും സമാഹരിച്ചും ഊർജ്ജസ്വലതയോടെയും ഈ പുതിയ സ്ഥിതിവിശേഷത്തോട് പ്രതികരിക്കാൻ പാർട്ടികമ്മിറ്റികളും മെമ്പർമാരും തയ്യാറാവണം.
.
കോവിഡ്  മഹാമാരിയുടെ സന്ദർഭത്തിൽ നിയന്ത്രണങ്ങളും ലോക് ഡൗണുകളുമായി ജീവിക്കുന്ന അവസ്ഥ രണ്ടാം വർഷത്തിൽ എത്തിയിരിക്കുന്ന  നാം വ്യത്യസ്തതരത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് ഇരകളായിരിക്കുന്നു. ഈ കാലഘട്ടത്തിൽ നിരവധി സഖാക്കളെയാണ് നമുക്ക് നഷ്ടപ്പെട്ടത് .കോവിഡ് രോഗബാധയുടെ അനന്തരഫലമായ ശാരീരിക അവശതകളുമായി ഇന്നും പൊരുതിക്കൊണ്ടിരിക്കുന്ന സഖാക്കളും ഉണ്ട്. ഈ ചുറ്റുപാടിൽ, പരമ്പരാഗതമായവഴികളിലൂടെ സമരങ്ങളും സംഘടനാപ്രവർത്തനങ്ങളും  മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ തടസ്സങ്ങൾ നേരിടുമ്പോഴും ഡിജിറ്റൽ മാർഗ്ഗങ്ങളും ഭൗതികമായ സംഘാടനവും തമ്മിൽ ഫലപ്രദമായി സമന്വയിപ്പിക്കാനും അത് വഴി ക്യാമ്പെയിനുകൾ വിജയകരമായി  നടത്താനും നമുക്ക് സാധിച്ചിട്ടുണ്ട് . മഹാമാരിയുടെ കാലം നീളുന്തോറും 'സാധാരണഅവസ്ഥയുടെ പുനഃസ്ഥാപനം' എന്ന് നടക്കും എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും നീണ്ടുപോകുകയാണ്. അതിനാൽ , നമ്മുടെ സജീവപങ്കാളിത്തത്തിന്റെ തോത് വർധിപ്പിക്കുന്നതിനും പ്രസ്ഥാനത്തെ കൂടുതൽ വിശാലമായ  ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയും  നൂതനമായ വഴികൾ ആരായുന്നത് തുടരണം.  
  

സഖാവ് ചാരൂ മജൂംദാർ തന്റെ ജീവിതാന്ത്യത്തിൽ നൽകിയ സന്ദേശം   -  "എല്ലായ്പ്പോഴും ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുക, പാർട്ടിയെ എല്ലാ വിധത്തിലും സജീവമായി നിലനിർത്തുക" എന്നിവയായിരുന്നു. 1970കളിൽ നേരിട്ട തിരിച്ചടിയെ അതിജീവിക്കാനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും  നമുക്ക് പ്രചോദനവും മാർഗ്ഗനിർദ്ദേശവും ആയത് സഖാവ്‌ ചാരൂമജൂംദാറിന്റെ ഈ വാക്കുകൾ ആയിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞ   ഇന്നത്തെ സാഹചര്യത്തിലും അവ പ്രസക്തമാണ്.
മോദിയുടെ രണ്ടാംഭരണവും കോവിഡ്-19 രണ്ടാംതരംഗവും ഒത്തുചേരുന്നതിന്റെ മാരകമായ ഫലങ്ങൾക്കു നടുവിൽനിൽക്കുന്ന നമുക്ക് അവസരത്തിനൊത്തവിധം ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട് ;    വ്യത്യസ്തങ്ങളായ അനേകം സമരമുഖങ്ങളിൽ വരാനിരിക്കുന്ന പോരാട്ടങ്ങൾ  നടത്താൻ പാർട്ടിയെ കൂടുതൽ പ്രാപ്‌തവും  കരുത്തുറ്റതും ആക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്.    


കേന്ദ്ര കമ്മിറ്റി
കമ്മ്യൂണിസ്റ്റ്പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് -ലെനിനിസ്റ്റ് ) 




No comments:

Post a Comment