Saturday 12 January 2013

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ചരിത്രപരമായ പോരാട്ടം നിര്‍ണ്ണായക വിജയത്തിലേക്ക്



ദില്ലിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി പതിമൂന്നു ദിവസങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ിസംബര്‍ 29 നു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. അജ്ഞാതയായ  ആ  ഇരുപത്തി മൂന്നുകാരിയെ സ്വാതന്ത്ര്യത്തിനും  നീതിക്കും വേണ്ടിയുള്ള സ്ത്രീകളുടെ ധീരമായ പോരാട്ടത്തിന്റെ നാള്‍ വഴികളിലെ ഒരു അനശ്വര രക്തസാക്ഷിയായി ഇന്ത്യ എന്നെന്നും ഓര്‍മ്മിക്കും. ആണ്കൊയ്മയുടെ ചങ്ങലകള്‍ പൊട്ടിക്കാനും ആക്രമണഭയം കൂടാതെ  ജീവിക്കാനും ഇന്ത്യന്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പോരാട്ട വീര്യത്തിന്റെ പ്രതീകം ആയി മാറിക്കഴിഞ്ഞിട്ടുണ്ട് ആ രക്തസാക്ഷിത്വം.
കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരണത്തോടു മല്ലിടുകയായിരുന്ന  വ്യക്തിയെ ദില്ലിയിലെ ആശുപത്രിയില്‍ നിന്നും  സിംഗപ്പൂരിലേക്ക് മാറ്റിയാല്‍ സംഭവത്തെ തുടര്‍ന്നു രാജ്യത്തെമ്പാടും അണ പൊട്ടിയോഴുകിയ അഭൂതപൂര്‍വമായ ജനരോഷം തണുപ്പിക്കാന്‍ കഴിയുമെന്ന സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍ തെറ്റായിരുന്നു .  ധീരയായ ഈ പോരാളിയുടെ മരണം സിംഗപ്പൂര്‍ ആശുപത്രിയില്‍ വെച്ച് സംഭവിച്ച തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ ,  സമൂഹ ദുഖാചരണത്തിന്റെയും ബഹുജനരോഷത്തിന്റെയും പുതിയ വേലിയേറ്റങ്ങള്‍ രാജ്യ വ്യാപകമായി ഉയര്‍ന്നു വരികയാണ് ചെയ്തത് .അങ്ങേയറ്റം ക്രൂരമായ കൂട്ട ബലാല്‍സംഗം  ദില്ലിയില്‍ അരങ്ങേറിയപ്പോഴും ,  പിന്നാലെ ജനരോഷത്തിന്റെ വന്പിച്ച അലകള്‍ ഉയര്‍ന്നപ്പോഴും ലജ്ജാകരമായ  സംവേദനശൂന്യത കാട്ടിയ ഒരു സര്‍ക്കാരിന്റെ  പ്രതിനിധികള്‍  ഇപ്പോള്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണ്. ദില്ലിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ ജനക്കൂട്ടത്തെ ഒരിക്കല്‍ പോലും  അഭിമുഖീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും പെണ്‍കുട്ടിയുടെ  മൃതദേഹം ഏറ്റു  വാങ്ങാന്‍ വിമാനത്താവളത്തില്‍ കൃത്യമായി എത്തി.   വന്പിച്ച സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയും രഹസ്യമായും സര്‍ക്കാര്‍ സംഘടിപ്പിച്ച ശവസംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ,  പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപാ ധനസഹായവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും  നല്‍കും എന്ന അറിയിപ്പും ഉണ്ടായി .
എന്നാല്‍ , ഇത്തരം പ്രഖ്യാപനങ്ങള്‍ കൊണ്ടൊന്നും മായ്ച്ചു കളയാന്‍ പറ്റുന്നതല്ല ദില്ലി കൂട്ട ബലാല്‍സംഗം ഉണ്ടാക്കിയ മുറിപ്പാടുകള്‍ . ഇന്ത്യന്‍ മുഖ്യധാരാ സമൂഹവും സംസ്കാരവും ഇന്ന് നിര്‍വചിതമായിരിക്കുന്നത് തന്നെ ആഴത്തില്‍ വേരിറങ്ങിയ ആണ്‍കോയ്മയാലും
സ്ത്രീ
വിരുദ്ധതയാലും ആണ് . അതിന്റെ ഏറ്റവും ജ്ഗുപ്സാവഹവും ക്രൂരവുമായ  ഒരു പ്രകടിത രൂപം മാത്രമാണ് ബലാല്‍ സംഗം 
ഒരു ഭരണ കക്ഷി എം പി യും  , ഇന്ത്യന്‍ പ്രസിഡണ്ട്‌ ന്റെ പുത്രനും ആയ വ്യക്തി ബലാല്‍സംഗത്തിനെതിരെ പ്രതിഷേധിച്ച  സ്ത്രീകള്‍ക്കെതിരെ വൃത്തികെട്ട ഒരു  പരസ്യപ്രസ്താവം  നടത്തിയിട്ടും , പൊള്ളയായ ഒരു ക്ഷമാപണത്തിലൂടെ തടിയൂരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു . ഇന്ത്യന്‍ ഭരണ വര്‍ഗ്ഗങ്ങള്‍ക്ക്  ഈ വിഷയത്തില്‍ പൊതുവായി ഉള്ള  മൃദുസമീപനത്തെയാണ് ഇത് വെളിവാക്കുന്നത്. മേല്പറഞ്ഞ പാര്‍ലമെന്റ് അംഗത്തിനെതിരെ  ഒരു ശിക്ഷാ നടപടിയും സ്വീകരിക്കാന്‍  അദ്ദേഹത്തിന്റെ പാര്‍ട്ടി തയ്യാറായിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന സംഗതി, സ്ത്രീ വിരുദ്ധമായ ആശയങ്ങളുമായി എത്രത്തോളം ചങ്ങാത്തത്തില്‍ ആണ് ഇന്ത്യന്‍ വരേണ്യ ഭരണ വര്‍ഗ്ഗങ്ങള്‍ എന്ന വാസ്തവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്  . മുന്‍ചൊന്ന വിധത്തിലുള്ള  സ്ത്രീവിരുദ്ധ മൊത്തത്തില്‍ എതിര്‍ക്കേണ്ട ഒരു സാമൂഹ്യ തിന്മയായി ജുഡിഷ്യറിയട്കം ഇന്ത്യന്‍ ഭരണകൂടം കാണുന്നില്ല എന്ന് മാത്രമല്ലാ , പലപ്പോഴും അതിന്റെ സംരക്ഷകര്‍ ആയി രംഗത്ത് വരാറുമുണ്ട് . പോലീസ് കസ്റ്റഡിയില്‍ വെച്ച് ഏറ്റവും അധികം ബലാല്‍സംഗങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ ആയതില്‍ ഒട്ടും അത്ഭുതം ഇല്ല .
   ബലാല്‍സംഗത്തിനെതിരെ  കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ സ്ത്രീകള്‍ ഇന്ത്യയില്‍ പടുത്തുയര്‍ത്തിയ പോരാട്ടത്തിലെയും  ചെറുത്തു നില്പ്പിലെയും നാഴികക്കല്ലുകള്‍ ആയിത്തീര്‍ന്ന രണ്ടു സംഭവങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ് . പോലീസ്‌ ബലാത്സംഗവു മായി ബന്ധപ്പെട്ടവയാണ്  അവ എന്ന സത്യം  നാം മറന്നുകൂടാ . മഥുര എന്ന സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് പോലീസ് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍  ഹൈക്കോടതി ആദ്യം ശിക്ഷിച്ച പോലീസ്  കോണ്‍സ്റ്റബിള്‍മാരെ  സുപ്രീം കോടതി വെറുതെ വിട്ടു . ഇതേത്തുടര്‍ന്നു സ്ത്രീകളുടെ മുന്‍കൈയില്‍  രാജ്യവ്യാപകമായി വന്പിച്ച പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു . 1979 ഇല്‍  സ്ത്രീകള്‍ നടത്തിയ ഈ സമരത്തെത്തുടര്‍ന്ന്  ബലാല്‍ സംഗവുമായി ബന്ധപ്പെട്ട നിയമത്തില്‍ കാതലായ ചില ഭേദഗതികള്‍ വേണം എന്ന ആവശ്യം  ഉയര്‍ന്നു വന്നു . തല്‍ലമായിട്ടാണ് 1983 ഇല്‍  കൂടുതല്‍ കര്‍ശനമായ ഒരു നിയമം ആദ്യമായി നിലവില്‍ വന്നത്. 
ബലാല്‍സംഗത്തിനെതിരെയുള്ള സ്ത്രീ മുന്നേറ്റത്തിന്റെ രണ്ടാം തരംഗം 2004 ഇല്‍ ആണ് ഉണ്ടാവുന്നത് . തൈഗം മനോരമ എന്ന് പേരായ  മണിപ്പൂര്‍ സ്ത്രീയെ ഇന്ത്യന്‍ സേനയുടെ ഒരു റെജിമെന്റ്റ് ആയ ആസ്സാം റയിഫ്ള്‍സ് ലെ സൈനികര്‍ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ , സ്ത്രീകളുടെ മുന്‍കൈയില്‍ ഉണ്ടായ ധീരവും അഭൂതപൂര്‍വ്വവും ആയ  വന്‍ പ്രതിഷേധം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റി . രാജ്യത്തിന്റെ ചില മേഖലകളില്‍ സൈനിക വിഭാഗങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന Armed Forces Special Powers Act (AFPSA )പിന്‍വലിക്കണം എന്ന  ആവശ്യം അതേത്തുടര്‍ന്ന് പൂര്‍വ്വാധികം ശക്തമായി ഉയര്‍ത്തപ്പെടുകയും , ഈ ആവശ്യം ഉന്നയിച്ചു ഈറോം  ഷര്‍മിള ചാനു നടത്തി വന്ന സുദീര്‌ഘമായ  അനിശ്ചിത കാല നിരാഹാരത്തിന് രാജ്യത്തെമ്പാടും ഉള്ള സമരോല്‍സുക ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഉറച്ച പിന്‍തുണ ലഭിക്കുകയും ചെയ്തു . കശ്മീര്‍ മുതല്‍ ഗുജറാത്ത് -ചത്തീസ് ഗഡ് വരെയും അതിനപ്പുറവും ഉള്ള മേഖലകളില്‍ ഭരണകൂടം നേരിട്ടോ , അതിന്റെ ഒത്താശയോടെയോ നടപ്പാക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തില്‍ സ്ത്രീകളെ പ്രത്യേകം ലക്‌ഷ്യം വെക്കുന്ന ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുക എന്നത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ടകളില്‍ സ്ഥാനം പിടിച്ചു .
 ദില്ലി കൂട്ട ബാലാല്സംഗത്തെ തുടര്‍ന്ന് സ്ത്രീകളുടെ മുന്‍കൈയില്‍ ജനാധിപത്യ പുരോഗമന ബഹുജന പ്രസ്ഥാനങ്ങളുടെ അഭൂതപൂര്‍വ്വമായ ന്കാളിത്തത്ത്തോടെ  നടക്കുന്ന സമരങ്ങള്‍ ,  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉള്ള ഐതിഹാസികമായ പോരാട്ടത്തിന്റെ ദീര്‍ഘമായ  ചരിത്രത്തില്‍ മൂന്നാമത്തെ നാഴികക്കല്ല് ആണ് . ഇതൊരു തല്ക്കാല പ്രതികരണം മാത്രമാണെന്നും , ഈ പ്രതിഷേധങ്ങള്‍ താനേ കെട്ടടങ്ങിക്കൊള്ളും എന്നും  വരുത്തിത്തീര്‍ക്കാന്‍ തല്‍പ്പരകക്ഷികളും സര്‍ക്കാരും  ശ്രമം നടത്തുന്നുണ്ട് . അത് കൊണ്ടുതന്നെ , ഇന്ത്യയിലെ സ്ത്രീകളുടെ പോരാട്ടത്തെ  ഈ ഘട്ടത്തിലേക്ക് എത്തിച്ച സമര പരമ്പരകളുടെ   ചരിത്രപരമായ കണ്ണികള്‍ തിരിച്ചറിയേണ്ടതും , അവയുടെ പ്രാധാന്യം എടുത്തു പറയേണ്ടതും അനിവാര്യമായിരിക്കുന്നു . ഏതാനും അന്വേഷണ കമ്മിറ്റികള്‍ പ്രഖ്യാപിച്ചും , ഉപരിപ്ലവമായ  നിയമ ഭേദഗതികളും കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . ബലാല്‍സംഗത്തിന്റെയും സ്ത്രീകള്‍ ക്കെതിരായ ആക്രമണങ്ങളുടെയും കാര്യത്തില്‍ അനിവാര്യമായ നിയമ ഭേദഗതികള്‍  തീര്‍ച്ചയായും വേണ്ടത് തന്നെ. എന്നാല്‍ അതിലും ഉപരിയായി നിയമങ്ങള്‍ നടപ്പാക്കാനും നീതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമം ആക്കാനും ഉള്ള ഇച്ഹാ ശക്തി അനിവാര്യമായിരിക്കുന്നു . ഈ ദിശയിലേക്കുള്ള ഒരു മാറ്റത്തിന് സര്‍ക്കാര്‍ തയ്യാര്‍ ആവണം. രാജ്യത്തിലെ സ്ത്രീ സംഘടനകളെ പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുക്കുന്നതും , സുതാര്യവും ,  ജനാധിപത്യ പരമായതും ആയ ഒരു പ്രക്രിയയിലൂടെയേ അത് സാധ്യമാവുകയുള്ളൂ. ബലാല്‍സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും കര്‍ശനമായി കൈകാര്യം ചെയ്യുന്നതിനുള്ള  നിയമ ഭേദഗതി  പാര്‍ലമെന്റിന്റെ ദയാദാക്ഷിണ്യത്തെ മാത്രം ആശ്രയിച്ചുള്ളതാവരുത് . നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്നു സംവരണം  ഏര്‍പ്പെടുത്താന്‍ ഉള്ള നിയമ നിര്‍മ്മാണം പോലും രണ്ടു ദശാബ്ദങ്ങളായി വെച്ച് താമസിപ്പിച്ച്‌ ഫലത്തില്‍  അത് ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുകയാണ്  പാര്‍ലമെന്റ്. എന്ന സത്യം മറന്നുകൂടാ . 
ഡിസംബറില്‍ ദില്ലിയിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും ഉണ്ടായ പ്രതിഷേങ്ങള്‍ ഉല്‍പ്പാദിപ്പിച്ച  കരുത്ത്‌  ബലാല്‍സംഗത്തിനു ഇരയാവുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള  കേവലമായ നിയമഭേദഗതികള്‍ക്കുള്ള പോരാട്ടത്തില്‍ ചെലവഴിക്കാന്‍ മാത്രം ഉള്ളതല്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഇദം  പ്രഥമമായി ആണ്കൊയ്മ (patriarchy )യുടെ സ്ത്രീവിരുദ്ധമായ ഹിംസാഭിമുഖ്യത്തിന്റെ  പ്രശ്നം  ജനാധിപത്യ സമരങ്ങളുടെ വേദിയില്‍ ഊക്കോടെ കേന്ദ്ര സ്ഥാനത്ത് വന്നിരിക്കുന്നു .സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങ്കള്‍ തീര്‍ത്തു  അവരുടെ അന്തസ്സും ജനാധിപത്യാവകാശങ്ങളും കവരാന്‍ ശ്രമിക്കുന്ന  എല്ലാ  ആണ്‍ കോയ്മയുടെ ആശയങ്ങള്‍ക്കും ശക്തികള്‍ക്കും മേലെ നിര്‍ണ്ണായകമായ വിജയം നേടാന്‍  2013 ഇല്‍ ഈ സമരങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരായിരിക്കാം. അന്തിമ വിജയം പ്രതിഷേധിക്കുന്ന ജനശക്തിയുടേത്‌ ആയിരിക്കും എന്നതിന്റെ  സൂചനകള്‍  ഇപ്പോള്‍ തന്നെ തെരുവുകളില്‍ ദൃശ്യമാണ് ..

.
https://www.youtube.com/watch?feature=player_embedded&v=pbOhDJFc0Dc.

http://www.ndtv.com/video/player/news/fromndtv/259816
http://www.democracynow.org/2013/1/3/indian_gang_rape_victims_attackers_charged
http://www.aljazeera.com/programmes/insidestory/2012/12/2012122472117251850.html
http://aipwa-aipwa.blogspot.in/2013/01/rally-for-justice-and-freedom-for-women.html?spref=fb

No comments:

Post a Comment