Friday, 2 March 2018


സി പി ഐ (എം എൽ )  10 -)൦ പാർട്ടി കോൺഗ്രസ്സ്
2018 മാർച്ച് 23 - 28 തീയതികളിൽ പഞ്ചാബിലെ മൻസാ യിൽ നടന്ന പത്താം  പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ചു പാസ്സാക്കിയ  രാഷ്ട്രീയ പ്രമേയങ്ങളിൽ ദേശീയ പരിതസ്ഥിതിയെ സംബന്ധിക്കുന്ന  പ്രമേയം


വർത്തമാന ദേശീയ പരിതസ്ഥിതികളുടെ  വിശകലനം
ഫാസിസ്റ്റ് അജണ്ടയുടെ ആക്രാമകത്വം 

1 . ഇന്ത്യൻ ഭരണവർഗ്ഗത്തെ രാഷ്ട്രീയമായി പ്രതിനിധീകരിക്കുന്ന പ്രധാന ശക്തിയെന്നനിലയിൽ കോൺഗ്രസിന്റെ സ്ഥാനം കഴിഞ്ഞ നാലു വർഷങ്ങളായി ബി ജെ പി ഏറ്റെടുത്തതോടെ  രാഷ്ട്രീയമായി 
വലിയ മാറ്റങ്ങളാണ് ഇന്ത്യയിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്.  ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരത്തിലെത്തി എന്നുമാത്രമല്ല, ഏതാനും സംസ്ഥാനങ്ങൾ ഒഴികെയുള്ള  ബഹുഭൂരിപക്ഷം ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭരണം ബി ജെ പി യുടെ നിയന്ത്രണത്തിലാവുകകൂടി ചെയ്തു. ഇത് ബി ജെ പിയെയും സംഘ് പരിവാറിനെയാകെയും പ്രേരിപ്പിച്ചത് മുൻപെന്നത്തെക്കാളും ആക്രമണോല്സുകതയോടെ അവരുടെ  ഫാസിസ്റ്റ് അജണ്ട കെട്ടഴിച്ചു വിടാൻ ആയിരുന്നു.

2 . 2014 തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ ഭാവി പ്രധാനമന്ത്രിയെന്നനിലക്ക് ബി ജെ പി ഉയർത്തിക്കാട്ടിയത് മുതൽത്തന്നെ മേൽപ്പറഞ്ഞ ആക്രമണസ്വഭാവത്തിന്റെ  സൂചനകൾ  സ്പഷ്ടമായിരുന്നു. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാണാറുള്ളതുപോലെ സ്ഥാനാർത്ഥിയുടെ  വ്യക്തിപ്രഭാവത്തെക്കുറിച്ചും  ഗുജറാത്ത് മാതൃകയെക്കുറിച്ചും ഒട്ടേറെ  കെട്ടുകഥകൾ നിർമ്മിച്ച് പ്രചരിപ്പിച്ചും , ഒക്കെയാണ് 2014 ൽ ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം കൊണ്ടും, ബി ജെ പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികൾക്കു 'ഭാരത് വിജയ്' (ഇന്ത്യ കീഴടക്കൽ )റാലി എന്നൊക്കെയുള്ള പേരുകൾ നൽകിക്കൊണ്ടും , ബി ജെ പി അതിന്റെ ആക്രമണ സ്വഭാവം സംശയരഹിതമായി വിളംബരം ചെയ്തു.  കേവലം  31 % വോട്ടുകളുടെ ആനുകൂല്യത്തിൽ  കരസ്ഥമാക്കിയതാണ് 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പു വിജയമെങ്കിലും ,അന്നുമുതൽ ബി ജെ പി ഇന്ത്യയെ കീഴടക്കിയതായി ഭവിക്കുകയും ജനവിധിയെ ബി ജെ പി- സംഘ് പരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള ലൈസൻസ് ആയി കരുതുകയും ചെയ്തുവരികയാണ്.  ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ തുറന്ന യുദ്ധം തന്നെ കെട്ടഴിച്ചുവിടുന്നതുപോലെയാണ് ബി ജെ പി പെരുമാറുന്നത്. മോദി സർക്കാരിൽ മന്ത്രിമാരായിരിക്കുന്ന അനന്ത് ഹെഗ്‌ഡേ യെപ്പോലുള്ളവർ ഭരണഘടന  പൊളിച്ചെഴുതാനുള്ള  തങ്ങളുടെ ദൗത്യം തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെ മനപ്പൂർവ്വം"അംബേദ്‌കർ സ്മൃതി" എന്ന്  വിശേഷിപ്പിക്കാൻ   ഒരുമ്പെട്ട ഹെഗ്‌ഡേ ഉദ്ദേശിക്കുന്ന മാറ്റിയെഴുത്ത്  ഭരണഘടനയുടെ സ്ഥാനത്ത് മനുസ്‌മൃതിയെ മുന്നിൽ കണ്ടുകൊണ്ടാണെന്നത്  വ്യക്തമാണ്.

3  ഇന്ന് ഇന്ത്യയിൽ ഫാസിസ്റ്റ്  ആക്രമണങ്ങൾ   അഴിച്ചുവിടുന്നതിൽ ഭരണകൂട ഏജൻസികളും ഭരണകൂട  ബാഹ്യമായ ശക്തികളും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുന്നതാണ് നാം കാണുന്നത്. ഭരണകൂടം പ്രത്യക്ഷത്തിലും പരോക്ഷമായും സംഘ പരിവാർ ശക്തികൾക്ക്  ഒത്താശകൾ ചെയ്ത് അവയുടെ രക്ഷാകർതൃത്വം ഏറ്റെടുത്തിരിക്കുകയാണ്.  വർഗീയതയുടെയും  ജാതീയതയുടെയും ആൺ കോയ്മയുടേതും ആയ മൂല്യസംഹിതകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി  ആൾക്കൂട്ട കൊലകളും , വിയോജിപ്പ് പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരെയും തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്നതും , അതിനീചമായ വിധത്തിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതും പോലെയുള്ള കാര്യങ്ങൾ  ഭരണകൂടത്തിന്റെ വർദ്ധിതമായ സ്വേച്ഛാധികാര സ്വഭാവവും  അധിനിവേശപരതയും വെളിപ്പെടുത്തുന്നവയാണ്.

 പാർലമെന്ററി ജനാധിപത്യത്തിന്  തുരങ്കം വെക്കുന്നു

4. പാർലമെന്ററി ജനാധിപത്യ സമ്പ്രദായ  പ്രകാരം പ്രവർത്തിക്കുന്ന ക്യാബിനറ്റ് വ്യവസ്ഥയെ അമേരിക്കയിലെ  പ്രസിഡൻഷ്യൽ  ഭരണത്തിന്റെ മാതൃകയിൽ ആണ് മോദി സർക്കാർ ഇപ്പോൾ കൊണ്ടുനടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന് ചെയ്യാൻ ജോലികളൊന്നും ബാക്കി വെയ്ക്കാത്തത്ര ധൃതിയിലും കുറഞ്ഞ ഇടവേളകൾ വെച്ചുള്ളതുമായ മോദിയുടെ വിദേശയാത്രകളും , യു പി തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പൊടുന്നനെ കൊണ്ടുവന്ന നോട്ടു റദ്ദാക്കൽ ഉത്തരവും, റാഫേൽ യുദ്ധവിമാനക്കരാർ സംബന്ധിച്ച്  മുൻസർക്കാർ മുന്നോട്ടുവെച്ചിരുന്ന വ്യവസ്ഥകളെയപേക്ഷിച്ചു വിമാനവിൽപ്പനക്കാരുടെ പക്ഷത്തിനു ഒട്ടേറെ ഇളവുകൾ അനുവദിച്ചുകൊണ്ട് ഉണ്ടാക്കിയ യുദ്ധവിമാനങ്ങൾ വാങ്ങൽ  എഗ്രിമെന്റും, അർദ്ധരാത്രിയിൽ പാർലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത വിളിച്ചുകൂട്ടി   ജി എസ്  ടി  നടപ്പാക്കിയ രീതിയെ ഇന്ത്യാ സ്വാതന്ത്ര്യ വിളംബരത്തോടു താരതമ്യപ്പെടുത്തിയതും , സർക്കാരിന്റെ ഊതിവീർപ്പിച്ച പ്രതിച്ഛായ  നിലനിർത്താനുള്ള മാദ്ധ്യമപ്പരസ്യങ്ങൾക്കും മറ്റുമായി മാത്രം പൊതുഖജനാവിൽ നിന്നു ഓരോ ദിവസവും ശരാശരി 3 കോടി രൂപ ചെലവഴിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം നല്കുന്ന ചിത്രം വളരെ വ്യക്തമാണ്- മോദി സർക്കാർ എല്ലാ അധികാരങ്ങളും സ്വന്തം കൈകളിലേക്ക് കേന്ദ്രീകരിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ; മാത്രമല്ല, അതിന്റെ ഭാഗമായി മോദി യ്ക്ക് ചുറ്റും അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ ഒരു കൾട്ട് കൃത്രിമമായി സൃഷ്ടിക്കാൻ നിർല്ലജ്ജമായ ശ്രമങ്ങളാണ് തല്പര കക്ഷികൾ  ഇന്ന് നടത്തിവരുന്നത്.

5  ബി ജെ പി അധികാരത്തിൽ വന്ന നാൾ മുതൽ പാർലമെൻററി സ്ഥാപനങ്ങളുടെ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും ബോധപൂർവവും ആസൂത്രിതമായ രീതിയിലും ഒഴിവാക്കപ്പെടുകയായിരുന്നു. ദേശീയ ആസൂത്രണക്കമ്മീഷൻ  പിരിച്ചുവിട്ട് തൽസ്ഥാനത്ത് നീതി ആയോഗ്  എന്ന സംശയാസ്പദമായ പുതിയ സ്ഥാപനത്തെ കൊണ്ടുവന്നത്  അതിനു ഉദാഹരണമാണ്. സമ്പദ് വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യാൻ ശുപാർശ ചെയ്ത ഈ സ്ഥാപനം  സാധാരണ ജനങ്ങൾക്ക് അതുമൂലം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ വാക്കുകൾ കൊണ്ടുപോലും അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപദേശിച്ചതും,  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നിരുത്തരവാദപരമായും ആധാർ നിയമം  നടപ്പാക്കുന്നതും , പുതിയ ധന ബിൽ എന്ന പേരിൽ  ഒരുകൂട്ടം വിവാദാസ്പദമായ നടപടികൾക്ക്  സർക്കാർ തുനിയുന്നതും മേൽപ്പറഞ്ഞ രീതിയിൽ പാർലമെന്ററി സ്ഥാപനങ്ങളുടെ അന്തസ്സത്ത ചോർത്തിക്കളയുന്നത്തിന്റെ  ഉദാഹരണങ്ങൾ ആണ്.

6 . ' ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് 'എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള ബി ജെ പി സർക്കാരിന്റെ നീക്കങ്ങൾ ഫെഡറലിസത്തിന്റെയും രാഷ്ട്രീയ വൈവിധ്യങ്ങളുടെയും തത്വങ്ങളെ യാണ് ആക്രമണ ലക്ഷ്യമാക്കുന്നത്.  ജനങ്ങളുടെ വൈവിധ്യപൂർ ണ്ണമായ  രാഷ്ട്രീയമായ അഭീഷ്ടങ്ങളുടെ സ്ഥാനത്ത് വൻകിട മാധ്യമങ്ങളും ഭരണകക്ഷിയും ചേർന്ന് രൂപം നൽകുന്ന ഏകശിലാരൂപേണയുള്ള ഒരു രാഷ്ട്രീയ വ്യവഹാരത്തെ  അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ' 
ഒരേ സമയത്ത് ഒറ്റ തെരഞ്ഞെടുപ്പ് '  എന്ന ആശയം കൊണ്ടുവരുമ്പോൾ  നടക്കുന്നത്.  

7. ബി ജെ പി കേന്ദ്രത്തിൽ അധികാരമേറ്റതുമുതൽ വിവിധ സംസ്ഥാനങ്ങളിൽ നിയമിതരായ ഗവർണർമാർ പരസ്യമായും ആർ എസ് എസ്സിന്റെ അജൻഡ പ്രൊമോട്ട് ചെയ്യുന്ന പ്രചാരവേലക്കാരെപ്പോലെയാണ് പ്രവർത്തിച്ചുവരുന്നത് . ഗവർണർമാരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാൻ  ഒട്ടും  മടികാട്ടാതെ ഇവർ ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും സാമുദായിക ധ്രുവീകരണങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു .

ചങ്ങാത്ത മുതലാളിത്തം , അഴിമതി , സാമ്പത്തിക കെടുതികൾ
 
8 . സാമ്പത്തിക രംഗത്തു് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ അജണ്ടകൾക്ക്  തികച്ചും യോജിച്ച വിധത്തിൽ പാർലമെന്ററി സ്ഥാപനങ്ങളിലെ നടപടിക്രമങ്ങളും പരമ്പരാഗതമായ കീഴ്വഴക്കങ്ങളും ഒഴിവാക്കപ്പെടുകയും അധികാരം പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുകയാണ്.  മോദി അധികാരമേറ്റ ശേഷം കൊണ്ടുവരാൻ ശ്രമിച്ച ഒരു ഓർഡിനൻസിൽ 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിലെ പ്രധാനപ്പെട്ട ചില വകുപ്പുകൾ വ്യവസ്ഥ ചെയ്തിരിക്കുന്ന നഷ്ടപരിഹാരത്തിനുള്ള കർഷകരുടെ അവകാശം എടുത്തുകളയാൻ ശ്രമം ഉണ്ടായി.  ജനങ്ങളുടെ കടുത്ത എതിർപ്പും പ്രതിരോധവും നിമിത്തം ഭൂമിയേറ്റെടുക്കൽ ഓർഡിനൻസ് എന്ന പേരിലുള്ള പ്രസ്തുത ഓർഡിനൻസ് നിയമമാക്കാതെ സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു.  പക്ഷെ, അതുകൊണ്ടൊന്നും കോർപ്പറേറ്റ് പ്രീണന നയവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ സാമ്പത്തിക അജൻഡ ഉപേക്ഷിക്കാൻ മോഡി സർക്കാർ തയ്യാറായിട്ടില്ല.  നേരെ മറിച്ചു് , ഇന്ത്യൻ സമ്പദ് വ്യവസ്ഥ വിദേശ മൂലധന താൽപ്പര്യങ്ങൾക്ക് വേണ്ടി തുറന്നിടുകയും ,   'ഇന്ത്യയിൽ നിർമ്മിക്കുക'  എന്ന മുദ്രാവാക്യം ഉപയോഗിച്ച് ഉൽപ്പാദനമേഖലയെ ചിട്ടയായി സ്വകാര്യവൽക്കരിക്കാനും സംയുക്ത സംരംഭങ്ങൾ പോഷിപ്പിക്കാനും ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുകയാണ്;  മേൽപ്പറഞ്ഞ നയങ്ങൾ മോദി സർക്കാരിന്റെ സാമ്പത്തിക അജണ്ടയുടെ കാതലായ അംശം ആണ്.  അവ നടപ്പാക്കുന്നതിന്റെ  ഫലമായി തൊഴിലുകളിൽനിന്നും പുറന്തള്ളപ്പെടുന്നവരുടെ എണ്ണം പതിന്മടങ്ങു വർധിച്ചുവെന്ന്  മാത്രമല്ല,  വികസനത്തിന്റെ പേരിൽ ഭൂമിയുടെ അവകാശത്തിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ സംഖ്യയും അഭൂതപൂർവ്വമായി പെരുകി.

9  മോദി  സർക്കാരിന്റെ സാമ്പത്തിക പരിപാടിയുടെ ഭാഗമായ മറ്റു രണ്ടു പ്രധാന ഇനങ്ങളായി മുന്നിൽ നിർത്തപ്പെട്ടിരിക്കുന്നത് ബാങ്കിങ് മേഖലയുടെ പുനസ്സംഘാടനവും ,സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റലൈസേഷനും ആണ്. ബാങ്കിങ് മേഖല ഇന്ത്യയിൽ നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം "കാര്യക്ഷമതയില്ലാത്ത ആസ്തികൾ" അഥവാ "നോൺ പെർഫോമിംഗ്   അസ്സെറ്റ്‌സ് " എന്ന്  പേര് നൽകിയിരിക്കുന്ന അവസ്ഥാവിശേഷത്തിന്റെ ഫലമായി ബാങ്കുകൾ അനുഭവിക്കുന്ന  ബാധ്യതകളുടെ  ഭാരം ആണ് എന്നത്  പരക്കെ അറിയപ്പെടുന്ന കാര്യമാണ്.   പൊതുമേഖലാ ബാങ്കുകൾ വായ്‌പകൾ ആയി കൊടുക്കുന്ന  ഭീമമായ തുകകൾ കോർപ്പറേറ്റ്കൾ തിരിച്ചടയ്ക്കാത്തതു മൂലം ബാങ്കിങ്  മേഖല നേരിടുന്ന  പ്രതിസന്ധി "നോൺ പെർഫോമിംഗ്   അസ്സെറ്റ്‌സ് " മൂലം ഉണ്ടാകുന്നതാണെന്നു എന്ന് പറയുന്നത് ഒരു സാങ്കേതികത്വം  ആണ്. ഇത്തരത്തിൽ വായ്‌പ്പാ തിരിച്ചടവുകളിൽ വീഴ്ച  വരുത്തുന്ന വൻ കിടക്കാരെ ഉത്തരവാദികൾ ആക്കുകയോ ശിക്ഷിക്കുകയോ ചെയ്യാൻ ഒന്നും ചെയ്യാത്ത സർക്കാർ , ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാൻ എന്ന പേരിൽ ചെയ്യുന്നത് ഭീമമായ തുകയ്ക്കുള്ള കിട്ടാക്കടങ്ങൾ കാലാകാലങ്ങളിൽ എഴുതിത്തള്ളുകയോ, പൊതുധനം  ഉപയോഗിച്ച്  ബാങ്കുകളെ സംരക്ഷിക്കുകയോ
 ( 'ബെയിൽ ഔട്ട്' ) ഒക്കെയാണ്. നോട്ടു റദ്ദാക്കൽ ഉത്തരവിലൂടെ പ്രചാരത്തിലിരുന്ന കറൻസിയുടെ 86 % പിൻവലിച്ച്‌ ജനങ്ങളുടെ കയ്യിലെ പണം പൊതുമേഖലാ ബാങ്കുകളിൽ നിർബന്ധപൂർവ്വം എത്തിച്ച ശേഷം  ഇപ്പോൾ സർക്കാർ സജീവമായി പരിഗണിക്കുന്നത്  സമാനമായ മറ്റൊരു നടപടി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചാണ്: ബാങ്കിലെ പണനിക്ഷേപങ്ങൾ നിക്ഷേപകരുടെ അനുവാദമില്ലാതെ   ബാങ്ക് ഓഹരികൾ ആക്കിമാറ്റാനുള്ള നീക്കം ആണ് അത്. ഡ്രാക്കോണിയൽ വകുപ്പുകൾ അടങ്ങിയ എഫ് ആർ ഡി ഐ എന്ന പുതിയ ബിൽ,  ഡിജിറ്റലൈസേഷനും ആധാറും ഉൾപ്പെടെയുള്ള മറ്റു നടപടികളുടെ തുടർച്ചയാണ്. അന്താരാഷ്‌ട്ര ഫൈനാൻസ് മൂലധനത്തിന്റെ നടത്തിപ്പുകാർ നൽകുന്ന കുറിപ്പടികൾ അനുസരിച്ചു സമ്പദ് വ്യവസ്ഥയെ പുനസ്സംഘടിപ്പിക്കുന്ന ഈ നടപടികളിൽ അന്തർഭവിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ അവഗണിക്കുന്ന മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും തെരഞ്ഞെടുപിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾക്ക്  പൂർണ്ണമായും കടകവിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്.   ആഗോള ഫൈനാൻസ് ഘടനയുടെ സമ്മർദ്ദ ങ്ങളെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക്  പരമ്പരാഗതമായി ഒരു പരിധിവരെ അതിജീവിക്കാനും,  ആപേക്ഷികമായി അതിൽനിന്നും അകന്നു നിൽക്കാനും  ,അതുമായി പൂർണ്ണമായും ഉൽഗ്രഥിക്കപ്പെടാതെയിരിക്കാനും സാധിച്ചിരുന്നു.  രാജ്യത്തിന്റെ  സാമ്പത്തിക പരമാധികാരത്തെ വിദേശ മൂലധനത്തിന്റെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാൻ  ഉദ്ദേശിച്ചു നിലനിർത്തപ്പെട്ട ചില ഘടകങ്ങൾ ആയിരുന്നു അതിനു സഹായകമായിരുന്നത്. എന്നാൽ , അടുത്തകാലത്ത് മോദി സർക്കാർ സ്വീകരിച്ച നടപടികൾ മൂലം വൈദേശിക മൂലധനം സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾക്കും ആഘാതങ്ങൾക്കും നേരെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനിൽക്കാനുള്ള സാധ്യതയെ ഗണ്യമായ അളവിൽ ഇല്ലാതാക്കുകയായിരുന്നു. .

10 .ചങ്ങാത്ത മുതലാളിത്തം സൃഷ്ടിച്ച നിരവധി സാമ്പത്തിക കുംഭകോണങ്ങൾക്കെതിരെ ഉയർന്ന ജനരോഷം  മുതലെടുത്ത്  യു പി ഏ സർക്കാരിനെ  ആക്രമിച്ചുകൊണ്ടാണ് മോദി ഗവൺമെന്റ് അധികാരത്തിലെത്തിയത്. എന്നാൽ മോദി സർക്കാരിന്റെയത്രയും  തീവ്രമായി കോർപ്പറേറ്റ് താൽപ്പര്യങ്ങളും അതിൽത്തന്നെ ഒരു പിടി വൻകിട സ്ഥാപനങ്ങളുമായി താദാത്മ്യം പ്രാപിച്ച  ഒരു സർക്കാരും കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്നില്ല. പ്രകൃതിവിഭവങ്ങൾ കോർപ്പറേറ്റ് കൊള്ളയ്ക്ക് തീറെഴുതിക്കൊടുക്കുന്നതിലും, പൊതുമേഖലാ ഉടമസ്ഥതയിലുള്ള  രാജ്യത്തെ ആസ്തികളും ബാങ്കിങ് ഫൈനാൻസും അഡാനി -അംബാനിമാരുടെ  വിദേശ രാജ്യങ്ങളിലെ സംരംഭങ്ങളെ പോഷിപ്പിക്കുന്നതിനായി വിട്ടുകൊടുക്കുന്നതിലും മുന്നിൽ നിന്ന ഈ സർക്കാർ ചുരുങ്ങിയ കാലത്തെ ഭരണംകൊണ്ടുതന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ മകുടോദാഹരണമായിക്കഴിഞ്ഞു. വിജയ് മല്യയെയും നീരവ് മോദിയേയും പോലുള്ള വൻതോക്കുകളായ സാമ്പത്തികക്കുറ്റവാളികൾക്ക്  നിയമത്തിൽനിന്നും രക്ഷപ്പെടാൻ സഹായകമാവും വിധത്തിൽ രാജ്യം വിട്ടുപോകാൻ ഒത്താശകൾ ചെയ്ത സർക്കാരാണ് ഇത്. ജയ് അമിത് ഷായുടെ ആസ്തികൾ  ചുരുങ്ങിയ കാലം  കൊണ്ട്  നാടകീയമായി  കുതിച്ചുകേറിയതും അതുപോലെയുള്ള അനേകം കേസുകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാദ്ധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും എതിരെ ഭീഷണിയുണ്ടായതും ,   വ്യാപാര രഹസ്യങ്ങൾ സൂക്ഷിക്കുന്നതിന്റെയും രാജ്യതാൽപ്പര്യത്തിന്റെയും പേരിൽ  റാഫേൽ യുദ്ധവിമാന ഉടമ്പടിയുടെ സാമ്പത്തിക വിശദാംശങ്ങൾ പാർലമെന്റിൽപ്പോലും വെളിപ്പെടുത്തുകയില്ല എന്ന് സർക്കാർ പക്ഷം ശഠിച്ചതും അഴിമതിയുടെ വിഷയത്തിൽ മോദി സർക്കാർ സ്വീകരിക്കുന്ന ആത്മ വഞ്ചനാപരമായ നിലപാടിന്റെ ഉദാഹരങ്ങൾ ആണ്. സാമ്പത്തിക വിഷയത്തിൽ ഈ സർക്കാർ എടുക്കുന്ന  പ്രധാനപ്പെട്ട ഓരോ തീരുമാനവും ഒരു വശത്ത് ഒരുപിടി വൻകിട ക്കാരെ സഹായിക്കുമ്പോൾ മറുവശത്ത്‌ അതിന്റെ വിപരീത പ്രത്യാഘാതങ്ങൾ മൂലം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതങ്ങൾ നിറഞ്ഞതായിത്തീരുന്നു.  

കാർഷിക രംഗത്തെ പ്രതിസന്ധി, അസമത്വങ്ങൾ, തൊഴിലില്ലായ്മ

11 .ചെറുകിട ഉൽപ്പാദന മേഖലയും വാണിജ്യ മേഖലയും തകർച്ചകൾ അഭിമുഖീകരിച്ചതോടൊപ്പം തന്നെ  കാർഷികരംഗവും വർദ്ധിച്ച അളവിൽ ആക്രമണ വിധേയമായി.  കർഷകരും ഗ്രാമീണ മേഖലയിലെ തൊഴിലാളികളും  തങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാനും ന്യായവിലയ്ക്ക് നിത്യോപയോഗ വസ്തുക്കൾ ലഭ്യമാക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ  നിർദ്ദയമായ  ഭരണകൂട അടിച്ചമർത്തലുകൾ  ആണുണ്ടായത്.  കൃഷിക്കാരും ആദിവാസികളും ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്തപ്പോൾ  ഝാർഖണ്ഡിലും മധ്യപ്രദേശിലെ   മാന്ദ് സോറിലും  നടന്ന പോലീസ് വെടിവെപ്പുകളും,  ഉത്തർ പ്രദേശിലേയും മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും  സർക്കാരുകൾ  നാമമാത്രമായ ഋണാശ്വാസ നടപടികൾ പ്രഖ്യാപിച്ചു  കർഷകരുടെ ആവശ്യങ്ങളെ അവഹേളിക്കുന്ന തരത്തിൽ പ്രതികരിച്ചതും, യു പി, ബിഹാർ, അസം എന്നിവിടങ്ങളിൽ അദ്ധ്വാനിക്കുന്ന ചെറുകിട കർഷകരെ ബലപ്രയോഗത്തിലൂടെ ഭൂമിയിൽനിന്നു ഒഴിപ്പിച്ചതും, കർഷക സമരനേതാവായ അഖിൽ ഗൊഗോയ് യെ ദേശീയ സുരക്ഷാ നിയമം (NSA ) ഉപയോഗിച്ച് അന്യായമായി തടങ്കലിൽ പാർപ്പിച്ചതും എല്ലാം വ്യക്തമായും സൂചിപ്പിക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  കർ ഷകർക്കെതിരെ അതാതു ഭരണകൂടങ്ങൾ ഫലത്തിൽ യുദ്ധം നടത്തുന്നതാണ്.  അതിനിടെ, ഗോസംരക്ഷണത്തിന്റെ പേരിൽ ബി ജെ പി അഴിച്ചുവിട്ട വർഗീയ പ്രചാരണങ്ങൾ കന്നുകാലി വ്യാപാരം മുതൽ ഡയറി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങൾ , മാംസ വ്യവസായം, ഹോട്ടൽ വ്യവസായം  എന്നിവയെല്ലാം ഉൾപ്പെട്ട ബൃഹത്തായ ഒരു വ്യവസായ  ശൃംഖലയെത്തന്നെ  ബാധിക്കുംവിധത്തിൽ അതിന്റെ ഭാഗമായ ഗ്രാമീണ കാർഷിക  ജീവിതത്തെ  ദുരിതമയമാക്കിയിരിക്കുന്നു. 

12.    കാർഷിക  പ്രതിസന്ധിമൂലം  കച്ചവടവും ചെറുകിട നിർമ്മാണ വ്യവസായങ്ങളും ഉൾപ്പെട്ട ഗ്രാമീണ സാമ്പത്തിക മേഖലയിൽ ആകെ ഞെരുക്കം അനുഭവപ്പെട്ടതോടെ മൊത്തമായ  സാമ്പത്തിക വികസനത്തിൽ മുരടിപ്പ് ഉണ്ടായി. വിശേഷിച്ചും തൊഴിൽ ലഭ്യതയുടെ കാര്യത്തിൽ അപകടകരമായ   കുറവ് അനുഭവപ്പെട്ടു. ഇന്ത്യയെ പൂർണ്ണമായും പണരഹിത മായ ഒരു സമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനല്ലെങ്കിലും പണരഹിത ഇടപാടുകൾക്ക്‌ പരമാവധി സാദ്ധ്യതകൾ ഒരുക്കുന്ന പുതിയ നയത്തെക്കുറിച്ചാണ് ആവർത്തിച്ചുള്ള അവകാശവാദങ്ങൾ  മോദി ഉന്നയിക്കുന്നത്.  എന്നാൽ, യാഥാർഥ്യത്തിൽ ഇന്ത്യൻ സമ്പദ്  വ്യവസ്ഥ തൊഴിൽരഹിത  വളർച്ചയുടെ ഘട്ടത്തിൽ നിന്നും  ഉള്ള തൊഴിലുകൾ പോലും നഷ്ടപ്പെടുന്ന മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന വേദനാജനകമായ അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. രാജ്യത്തകമാനമുള്ള  തൊഴിൽ ലഭ്യത മൊത്തത്തിൽ കുറഞ്ഞിരിക്കുന്നു. സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകൾ വെട്ടിക്കുറയ്ക്കൽ ഒരുവശത്ത് തുടരുമ്പോൾ,  മറുവശത്ത് കഴിഞ്ഞ രണ്ടു ദശകങ്ങളായി ഐ ടി മേഖലയിലും കയറ്റുമതി വ്യവസായങ്ങളുമായി ബന്ധ പ്പെട്ട  തൊഴിൽ മേഖലകളിലും ലഭ്യമായിരുന്ന തൊഴിലവസരങ്ങൾ ഗണ്യമായ അളവിൽ അടുത്തകാലത്ത് ഇല്ലാതായി. ആഗോളതലത്തിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കു പുറമെ ,മോദി സർക്കാർ സ്വേച്ഛാ പരമായി അടിച്ചേൽപ്പിച്ച  സവിശേഷമായ നടപടികളും ഇതിനു കാരണമാണ്. പ്രത്യേകിച്ചും നോട്ട്  റദ്ദാക്കൽ, ജി എസ്  ടി  തുടങ്ങിയ നടപടികൾ അത്തരത്തിലുള്ളവയാണ്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള ഓരോ സർക്കാർ പദ്ധതിയിലും ബഡ്‌ജറ്റ്‌ വിഹിതത്തിൽ വെട്ടിക്കുറവും പദ്ധതികളെ  ആധാറുമായി ബന്ധിപ്പിക്കുന്ന  നടപടിയും കൂടി വന്നപ്പോൾ  ഗ്രാമീണ മേഖലകളിൽ  അതിന്റെ പ്രത്യാഘാതങ്ങൾ  അതീവ ഗുരുതരമായി.
13.    ബഹുഭൂരിപക്ഷം ഇൻഡ്യാക്കാരുടേയും യഥാർത്ഥവരുമാനം കുറഞ്ഞുവരുന്നതിനിടയിൽ സാമ്പത്തിക അസമത്വം പെരുകിക്കൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഈ പ്രക്രിയ തുടരവേ , സാമ്പത്തികക്കെടുതികൾക്കൊപ്പം കോർപ്പറേറ്റ് കടന്നാക്രമണങ്ങൾക്കു തുറന്ന ഒത്തശ ചെയ്യുന്ന  മോദി സർക്കാരിന്റെ സമീപകാല നയങ്ങൾ  അതിനു ആക്കം വർധിപ്പിച്ചിരിക്കുന്നു. 2014 തൊട്ടുള്ള  കണക്കുകളനുസരിച്ച് സാമ്പത്തികമായി ഏറ്റവും മേലേത്തട്ടിലുള്ള  1 % ആളുകളുടെ വരുമാനം ഓരോ വർഷവും കുതിച്ചുയരുകയാണ്. 2014 ൽ അത് രാജ്യത്തിലെ മൊത്തം വരുമാനത്തിന്റെ 49 % ആയിരുന്നുവെങ്കിൽ 2015 ൽ 53 % വും 2016 ൽ 58 .4 % വും 2017 ൽ 73 % വും ആയി മുകളിലോട്ട് കുതിച്ചു എന്ന്  ഓക്സ് ഫാം നടത്തത്തിയ ഒരു പഠനം പറയുന്നു. അതേ സമയം, ലോകത്ത് വിശപ്പിന്റെ പ്രശ്നം ഏറ്റവും രൂക്ഷമായി അഭിമുഖീകരിക്കുന്ന 119 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 )മത്  ആണെന്ന് 2017 ലെ ആഗോള  തലത്തിൽ വിശപ്പ് മുഖ്യ പ്രശ്നങ്ങളിലൊന്നായ രാജ്യങ്ങളുടെ നില കാണിക്കുന്ന  സൂചകങ്ങൾ (  ഗ്ലോബൽ  ഹംഗർ ഇൻഡക്സ് )ചൂണ്ടിക്കാട്ടുന്നു.
14.  ആഗോള കോർപറേറ്റുകൾക്കും  നാട്ടിലെ വൻകിടക്കാർക്കും ' വ്യാപാരം എളുപ്പ ' മാക്കാൻ സ്വീകരിച്ച  നടപടികളെക്കുറിച്ച് ഊറ്റം കൊള്ളുന്ന പ്രധാനമന്ത്രി മോദി എങ്ങിനെയാണ് അത് സാധിക്കുന്നത് എന്നതുസംബന്ധിച്ച് സംസാരിക്കുകയില്ല. 'വ്യാപാരം എളുപ്പ' മാക്കുന്ന  നടപടികളുടെ ഭാഗമായി തൊഴിൽ നിയമങ്ങളും   പരിസ്ഥിതി സംരക്ഷണ നിയമങ്ങളും പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്.  തങ്ങളുടെ കോർപ്പറേറ്റ്-അനുകൂല പ്രതിച്ഛായ മറച്ചുവെക്കാൻ മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും  'വ്യാപാരം എളുപ്പ' മാക്കുന്ന  നടപടികളെക്കുറിച്ചു പറയുന്നതിന് പുറമേ ,ഇയ്യിടെയായി സംസാരിക്കുന്നത് ' ജീവിതം എളുപ്പമാക്കുന്ന'തിനെക്കുറിച്ചു കൂടിയാണ്.  ഇത്തരം വഞ്ചനാത്മക വ്യവഹാരങ്ങളുടെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുംവിധത്തിൽ  വർധിച്ചുവരുന്ന പട്ടിണിമരണങ്ങളേയും  കർഷകരുടെ ആത്മഹത്യകളെയും കുറിച്ചുള്ള  ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ആണ് രാജ്യത്തിൻറെ നാനാഭാഗങ്ങളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടെ ,മോദിയും സംഘവും  കൊട്ടിഘോഷിക്കുന്ന  "സ്കിൽ ഇൻഡ്യാ" പദ്ധതിയുടെ  ഭാഗമായി സ്വയം തൊഴിൽ കണ്ടെത്തനുള്ള മാർഗ്ഗമെന്ന നിലയിൽ നിർദ്ദേശിക്കപ്പെട്ട പക്കുവട നിർമ്മാണവും വഴിയോര വിൽപ്പനയും പോലെയുള്ള സംഗതികൾ   തൊഴിൽ രഹിതർക്കു ഒരുതരത്തിലും പുതുതായി ഏതെങ്കിലും  തൊഴിൽ വൈദഗ്ധ്യമോ തൊഴിൽ  ശിക്ഷണത്തിനുള്ള അവസരമോ , നിശ്ചിതവും സ്ഥിരവുമായ  വരുമാനമാർഗ്ഗങ്ങളോ സൃഷ്ടിക്കുന്നില്ലെന്ന് വ്യക്തമാണ്. അനൗപചാരിക മേഖലകളിൽ  സ്വയം തൊഴിൽ കണ്ടെത്തലിനെ പ്രോത്സാഹിപ്പിക്കാൻ തൊഴിൽരഹിതർക്കു വായ്‌പകൾ ലഭ്യമാക്കും എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ , നിലവിൽ ഇതുപോലുള്ള തൊഴിലുകൾ ചെയ്തു ഉപജീവനം കണ്ടെത്താൻ ശ്രമിക്കുന്ന തെരുവ് കച്ചവടക്കാരുടെ  അനുഭവം എന്താണ് എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു: അവരെസംബന്ധിച്ച്   പറയുകയാണെങ്കിൽ ജീവിതവും   കച്ചവടവും 'എളുപ്പ'മാകുന്നതിനു പകരം  മുമ്പത്തേക്കാൾ കൂടുതൽ ദുഷ്കരമാവുകയാണ് അടുത്തകാലത്ത്  സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഗരങ്ങളിലെ  തെരുവുകളിൽ നിന്നും വഴിയോരക്കച്ചവടക്കാർ   ഒഴിപ്പിക്കപ്പെടുന്ന കാഴ്ചയാണ് ഇ പ്പോൾ ആവർത്തിച്ചു കാണാൻ കഴിയുന്നത്.  മാർച്ച് 2017 ൽ പ്രസിദ്ധീകൃതമായ ഐ എൽ ഓ സ്റ്റാറ്റ് ഡേറ്റാ ബേസ് (ILOSTAT database) പ്രകാരമുള്ള കണക്കുകൾ അനുസരിച്ച്   (The World Development Indicators, International Labour Organization, ILOSTAT database, March 2017) ഒരു രാജ്യത്ത്  മൊത്തം  ഉള്ള തൊഴിലുകളും  സ്ഥിര ശമ്പളമുള്ള  തൊഴിലുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം ഏതാനും രാജ്യങ്ങളുടേത് ലഭ്യമാണ്.  ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ  ശരാശരി കണക്കു പ്രകാരം , ശമ്പളമുള്ള തൊഴിലുകൾ ആകെ തൊഴിലുകളുടെ 26 %  ആണ്. എന്നാൽ , ഇന്ത്യയിൽ അത് വെറും 21 .2 % മാത്രം ആയി  ദക്ഷിണേഷ്യൻ ശരാശരിയേക്കാൾ എത്രയോ താഴെ നിൽക്കുന്നു.  ബംഗ്ളാ ദേശിൽ ഇത് 44 .5 % വും, പാകിസ്ഥാനിൽ 39 .6 % വും ,ഏറ്റവും കടബാധ്യതയുള്ള ദരിദ്ര രാജ്യങ്ങളുടെ (Heavily Indebted Poor Countries ) ശരാശരിയനുസരിച്ച് 28 . 9 % വും , ഏറ്റവും അവികസിത രാജ്യങ്ങളിലെ (Least Developed Countries ) ശരാശരി  33 . 3 % വും  ആണ് !   വിവിധ രാജ്യങ്ങൾ  നേരിടുന്ന പ്രതിസന്ധിയുടെ സ്വഭാവം പഠന വിഷയമാക്കി  ലോകബാങ്ക് അടുത്തകാലത്ത് തയ്യാറാക്കിയ ഒരു വിശകലനത്തിൽ  [draft  Systematic Country Diagnostic (SCD) report ] , ഭൂരിപക്ഷം ജനങ്ങളെയും നിലനിൽപ്പിനു വേണ്ടി താഴ്ന്ന വരുമാനമുള്ള  അസ്ഥിര തൊഴിലുകളിലേയ്ക്കും ഉപജീവനമാർഗങ്ങളിലേയ്ക്കും തള്ളിവിടുന്ന അവസ്ഥയാണ് ഇന്ത്യയിലെന്നും, ഇതിനു ഏക പരിഹാരം സ്ഥിര ശമ്പളവും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുന്ന തൊഴിലുകൾ കൂടുതലായി    സൃഷ്ടിക്കുക മാത്രമാണെന്നും  ഊന്നിപ്പറയുന്നുണ്ട്.


വിയോജിപ്പിന്റെ ശബ്ദങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും  ദളിതുകൾക്കും നേരെയുള്ള ആക്രമണങ്ങൾ  


15.  തീവ്രദേശീയവാദത്തിന്റെ പൊള്ളയായ വായ്ത്താരികളുടെ അകമ്പടിയോടെയാണ്    കോർപ്പറേറ്റ് അനുകൂലമായ സാമ്പത്തിക അജൻഡ  ജനങ്ങളിൽ  അടിച്ചേൽപ്പിക്കുന്നത്‌ . വിയോജിപ്പിന്റെ ഓരോ ശബ്ദവും , അസുഖകരമായ ഓരോ  ചോദ്യവും ഉയരുമ്പോൾ അവയെല്ലാം നിശ്ശബ്ദമാക്കാനുള്ള  ശ്രമത്തിന്റെ ഭാഗമായി ദേശവിരുദ്ധം എന്ന നിലയിൽ മുദ്രയടിക്കപ്പെടുകയോ , രാജ്യത്തിന്റെ അതിർത്തികൾ കാത്ത് സൂക്ഷിക്കാൻ പട്ടാളക്കാർ സഹിക്കുന്ന കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും എതിരെ പ്രതിഷ്ഠിച്ച്‌   അപലപിക്കപ്പെടുകയോ ചെയ്യുന്നു. ഇത്തരത്തിൽ പ്രകടിതമാവുന്ന  തീവ്രദേശീയത മുസ്ലീങ്ങൾക്കെതിരെ ശത്രുതയും ഹിംസാത്മകതയും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പുകമറ  മാത്രമാണ്.  ആളുകൾ ബീഫ് കഴിക്കുന്നതു തൊട്ട് കന്നുകാലിക്കച്ചവടം നടത്തുന്നതും ,വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികൾ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതുവരെ രാജ്യത്തെവിടെ വേണമെങ്കിലും മുസ്‌ലിംകൾക്കെതിരെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു കൊലയാളികളായ ആൾക്കൂട്ട ങ്ങളെ  ഉണ്ടാക്കാനുള്ള നിമിത്തങ്ങളായി സംഘ് പരിവാർ കാണുന്നു. മുസ്‌ലിം പുരുഷന്മാരുമായി ഇതര സമുദായങ്ങളിലെ പെൺകുട്ടികൾ ക്കു പ്രേമം ഉണ്ടാകുന്നതോ ,വിവാഹബന്ധം ഉണ്ടാകുന്നതോ ഇസ്ലാമിക തീവ്രവാദത്തിന്റെ  ഒരു ആസൂത്രിത പദ്ധതിയായ  'ലവ് ജിഹാദ്' മൂലം ആണെന്ന് സംഘപരിവാർ ശക്തികകൾ പ്രചരിപ്പിക്കുന്നു.  മുഹമ്മദ് അഖ്‌ലാഖിനെ രാത്രിയിൽ വീട്ടിൽനിന്നു വലിച്ചിഴച്ചു പുറത്തുകൊണ്ടുവന്നു ആൾക്കൂട്ടം കൊലപ്പെടുത്തിയതും , ജാർഖണ്ഡിൽ ഇംത്യാസ് നെയും മജ്‌ലും നേയും തല്ലിക്കൊന്ന ശേഷം അവരുടെ ശരീരങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയതും, രാജസ്ഥാനിൽ റോഡിൽ ട്രക്ക് തടഞ്ഞുനിർത്തി പെഹ്‌ലു ഖാനെ  പുറത്തേക്കു വലിച്ചിഴച്ച ശേഷം പട്ടാപ്പകൽ കൊലപ്പെടുത്തിയതും, ഇളം പ്രായക്കാരനായ ജുനൈദിനെ ആളുകൾ തിങ്ങി യാത്രചെയ്യുകയായിരുന്ന ഒരു ട്രെയിനിലെ കംപാർട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയതും ,  മൊഹമ്മദ് അഫ്‌റാസൂലിനെ  വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ  വീഡിയോവിൽ ചിത്രീകരിച്ച  ശേഷം 'ലവ് ജിഹാദി' നെതിരായ താക്കീത്  എന്ന നിലയിൽ  ആ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതും  നമ്മൾ കണ്ടു.  മൂന്നു തലാഖ് ഒറ്റത്തവണ ചൊല്ലിയുള്ള  ഏകപക്ഷീയമായ വിവാഹമോചനം നിയമ സാധുതയുള്ളതല്ലെന്ന സുപ്രീം കോടതി വിധി ക്കു നിമിത്തമായത്  മുസ്‌ലിം സ്ത്രീകളുടെ സംഘടനകൾ നടത്തിയ ദീർഘകാലത്തെ നിയമപ്പോരാട്ടങ്ങളും സാമൂഹ്യ മുന്നേറ്റവും ആണെന്നത് വ്യക്തമാണ്. എന്നാൽ പിന്നീട് കൊണ്ടുവന്ന  മുത്തലാഖ്  നിരോധന ബില്ലിലെ വ്യവസ്ഥകൾ പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് മുസ്‌ലിം സ്ത്രീകളുടെ അവകാശസംരക്ഷണം എന്നതിലുപരിയായി  മുസ്‌ലിം  പുരുഷന്മാരെ വില്ലൻമാരായി ചിത്രീകരിക്കാനും പീഡിപ്പിക്കാനും ആണ് എന്ന് കാണാം.

16. മുസ്ലിങ്ങളെ ഒരു സമുദായമെന്ന നിലയിൽ   സംഘ പരിവാർ ആക്രമണലക്ഷ്യമാക്കുന്നതുപോലെതന്നെ സംഘ് ബ്രിഗേഡിന്റെ ആക്രമണങ്ങൾക്ക്  ദലിത് സമുദായത്തിൽപ്പെട്ടവരും ഇരകളാവുന്നുണ്ട്. വിവിധ അധികാര സ്ഥാപനങ്ങളിലേക്ക് സംഘപരിവാരത്തിൽ പെട്ടവർ കയറിപ്പറ്റിയതോടെ ദളിതുകൾക്കെതിരെ കരുതിക്കൂട്ടി നടക്കുന്ന രാജ്യവ്യാപകമായ  ജാതീയ ആക്രമണങ്ങൾക്ക്  ആക്കം വർദ്ധി ച്ചിട്ടുണ്ട്. ഭൂവുടമകളുടെ  സ്വകാര്യ സായുധസേനകളും സംഘ പരിവാറും തമ്മിലുള്ള  ബന്ധം പ്രകടമാണ്. വിശേഷിച്ചും 1990 കളിലും 2000 നു ശേഷമുള്ള ഏതാനും വര്ഷങ്ങളിലുമായി ആസൂത്രിതമായി ദളിത് കൂട്ടക്കൊലകൾ സംഘടിപ്പിച്ച  ബിഹാറിലെ  കുപ്രസിദ്ധമായ രൺവീർസേനയും ആർ എസ് എസ്സും തമ്മിലുള്ള സഹവർത്തിത്വം ഏറെ സ്പഷ്ടമായിരുന്നു.   വിദൂര ഗ്രാമ പ്രദേശങ്ങൾ മുതൽ മെട്രോപൊളിറ്റൻ നഗരങ്ങളിലെ സർവ്വകലാശാലകളിൽ വരെ  ഇപ്പോൾ നാം കാണുന്നത്  ദളിതുകൾക്കെതിരെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നടക്കുന്ന  ആക്രമണങ്ങളെ   സാർവത്രികമായി പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന  സംഘപരിവാർ നയമാണ്.ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യിൽ റിസർച്ച് സ്കോളർ ആയിരുന്ന രോഹിത് വെമുലയെ ആത്മഹത്യയിലേക്കു നയിച്ച സംഭവ വികാസങ്ങൾ വ്യവസ്ഥാപിതമായ ഒരു  കൊലപാതകത്തിലേക്കാണ് (institutional murder ) വിരൽ ചൂണ്ടുന്നത്.  അതുപോലെ  ഗുജറാത്തിലെ ഉന യിൽ ദളിത് യുവാക്കളെ ചാട്ടവാർ കൊണ്ട് അടിച്ചു അവശരാക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ച്‌  ഹിംസയുടെ തുറന്ന സന്ദേശം ദലിതുകൾക്കു നൽകാൻ ഹിന്ദുത്വ ശക്തികൾക്ക് മടിയുണ്ടായില്ല. സഹാരൻപൂരിലും ദലിത് പീഡനത്തിന്റെ സമാനമായ  സംഭവം ഉണ്ടായി.   ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ' രാവൺ ' ദേശീയ സുരക്ഷാ നിയമം (NSA ) എന്ന ഡ്രാക്കോണിയൻ നിയമത്തിലെ വകുപ്പുകൾ ചുമത്തപ്പെട്ട് ജെയിലിൽ കഴിയുമ്പോൾ , യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യു പി യിൽ സവർണ്ണ ഹിന്ദു സമുദായക്കാർ ആയ യുവാക്കൾ അംഗങ്ങളായുള്ള 'ഹിന്ദു യുവാ വാഹിനി' യുടെ നേതൃത്വത്തിൽ ദലിതുകൾക്കെതിരെ  ആസൂത്രിത ബലപ്രയോഗങ്ങളും ഹിംസയും നടക്കുകയാണ്. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയിലും  ദളിതുകൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവരുന്നു.  . മേൽപ്പറഞ്ഞ സംഭവങ്ങളിലൂടെയെല്ലാം ഉരുത്തിരിയുന്ന ആക്രമണങ്ങളുടെ മാതൃക വളരെ വ്യക്തമാണ്.  മുസ്ലീങ്ങൾക്കോ ക്രിസ്ത്യാനികൾക്കോ എതിരായി സംഘ് ബ്രിഗേഡ് ആസൂത്രണം ചെയ്യുന്ന വർഗ്ഗീയ ഹിംസകളിൽ  സജീവമായി പങ്കെടുക്കുന്ന    കാലാൾപ്പടകളായി ദലിതുകൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, ആർ എസ് എസ്സിന്റെ പ്രത്യയശാസ്ത്രത്തിൽ ,വർഗ്ഗീയതയും  ജാതീയഹിംസയും  ഒരേ നാണയത്തിന്റെ  ഇരുവശങ്ങളാണ്.


17.    വർഗ്ഗീയവും ജാതീയവുമായ സംഘടിത ആക്രമണങ്ങൾക്ക്   പുതിയത രത്തിൽ ഉള്ള ഒരു  മിലിറ്റൻസി കൂടി കൈവന്നിരിക്കുന്നു. തൻമൂലം,  പരിചിതമായ ഖാപ് പഞ്ചായത്ത് (നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ജാതി പഞ്ചായത്തുകൾ }ന്റെ കേവലമാതൃകകൾക്കപ്പുറം ,ഭരണകൂടത്തിന്റെ ക്രമസമാധാന സംവിധാനത്തിന്റെ ഒത്താശകളോടെ പ്രവർത്തിക്കുന്ന 'ആന്റി റോമിയോ സ്‌ക്വാഡു'കളും സദാചാരപ്പോലീസിംഗിന്റെ ഭാഗമായി അക്രമങ്ങൾ അഴിച്ചുവിടുന്ന   ആൾക്കൂട്ടങ്ങളും കൂസലില്ലാതെ  തെരുവുകൾ ഭരിക്കുന്ന അവസ്ഥയുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾക്കെതിരായുള്ള  ആക്രമണങ്ങൾ  ഏറെ വർധിപ്പിക്കാൻ ഇത് ഇടയാക്കി.  "ബേട്ടി  ബച്ചാവോ" , "ബേട്ടി പഠാവോ" തുടങ്ങിയ കാപട്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ  ഉയർത്തിയും മുത്തലാഖ് ബിൽ കൊണ്ടുവന്നും  മറ്റും  മോദി സർക്കാർ സ്ത്രീകളുടെ രക്ഷകർ എന്ന പ്രതിഛായ  കൈക്കലാക്കാൻ നോക്കുമ്പോൾ ആൺകോയ്മയുടെ വിവിധതരത്തിലുള്ള കടന്നാക്രമണങ്ങൾക്കെതിരെയും നീതിയ്ക്കുവേണ്ടിയും പോരാടുന്ന സ്ത്രീകളുടെ ശബ്ദം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുകേൾക്കുകയാണ്. ബനാറസ് ഹിന്ദു സർവ്വകലാശാല പോലെയുള്ള കലാലയങ്ങളുടെ ക്യാമ്പസ്സുകൾ മുതൽ   രാജ്യത്തിന്റെ പരമോന്നത കോടതിയിൽ വരെ ഇത്തരം പോരാട്ടങ്ങളിൽ സ്ത്രീകൾ ഏർപ്പെട്ടിരിക്കുന്നത് കാണാൻ കഴിയും. സ്ത്രീവിരുദ്ധ സംസ്കാരത്തിന്റെ മൂല ഉറവിടങ്ങൾ  . ജാതിയുടെയും ആൺകോയ്മയുടെയും അടിസ്ഥാനത്തിൽ മർദ്ദന സംവിധാനങ്ങളെ എങ്ങിനെയെല്ലാം ചിട്ടപ്പെടുത്തണമെന്ന് അനുശാസിക്കുന്നതും , ആർ എസ് എസ്സ്‌ കാർ ഇന്ത്യയുടെ മൗലികവും ആത്യന്തികവുമായ  ഭരണഘടനയെപ്പോലെ കരുതുന്നതുമായ  മനുസ്‌മൃതിയും അതുണ്ടാക്കിയ തിട്ടൂരങ്ങളും പാരമ്പര്യങ്ങളും ആണെന്ന്  ഓർമ്മിക്കേണ്ടതാണ്.

18.   ആർ എസ് എസ്സിന്റെ പ്രത്യയശാസ്ത്രപ്രകാരം,  മുസ്ലീങ്ങളും ദളിതുകളും  ആദിവാസികൾക്കിടയിലെ   മാവോയിസ്റുകളായോ ക്രിസ്ത്യാനികളായോ  മുദ്രകുത്തപ്പെട്ട വിഭാഗങ്ങളും വെറുപ്പിനും ഹിംസയ്ക്കും പത്രമാകേണ്ടവരാണ്; അതുപോലെ, സ്ത്രീകൾ, കമ്മ്യൂണിസ്റ്റുകാർ, എല്ലാവിഭാഗങ്ങളിലും പെട്ട ഇടതു- ലിബറൽ ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും വെറുക്കപ്പെടേണ്ടവരാണെന്നും ആർ എസ് എസ് ന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂട് വിഭാവന ചെയ്യുന്നു. സാമൂഹ്യ നീതിയും ശാസ്ത്രബോധവും സാർവ്വത്രിക മൂല്യങ്ങളാക്കാൻ യത് നിക്കുന്ന  പോരാട്ടങ്ങൾ നയിച്ച  നരേന്ദ്ര ധാബോൾക്കർ  , ഗോവിന്ദ് പൻസാരെ , എം എം കൽബൂർഗി , ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയത് ആഘോഷിക്കൽ  മുതൽ വിദ്യാർഥി- യുവജന  നേതാക്കൾക്കെതിരെ രാജ്യദ്രോഹ നിയമവും ദേശീയ സുരക്ഷാ നിയമവും പ്രയോഗിക്കുന്നതും , സത്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഭരിക്കുന്നവർക്ക് അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതും , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പ്രവർത്തകർക്കും ഓഫിസുകൾക്കും അവ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങൾക്കുമെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതും വരെ   മോദി ഭരണകാലത്ത്  ഭരണകൂട ശക്തികളും ഭരണകൂടത്താൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന   സംഘങ്ങളും ചേർന്ന്  ഇന്ത്യയുടെ  ഓരോ മുക്കിലും മൂലയിലും നടപ്പാക്കുന്ന ആക്രമണോൽ സുകമായ  പരിപാടിയുടെ വ്യക്തമായ സൂചനകളാണ്. വിയോജിപ്പിന്റെ സ്വരങ്ങളെ  ആസൂത്രിതമായ നുണ പ്രചാരണങ്ങളിലൂടെയും   വിദ്വേഷം പരത്തുന്ന പ്രോപഗാൻഡ യിലൂടെയും നിശ്ശബ്ദമാക്കാം എന്ന് അവർ കണക്കുകൂട്ടുകയാണ്‌ .

19  കശ്മീർ പോലെയുള്ള ഒരു സംസ്ഥാനത്ത്  ജനങ്ങൾ 
സ്വയംഭരണാവകാശാധികാരം സ്ഥാപിച്ചുകിട്ടാനായി കഠിനമായ ഭരണകൂട അടിച്ചമർത്തലിനെ നേരിട്ടുകൊണ്ടും ദീർഘകാലമായുള്ള  പോരാട്ടത്തിൽ ആണ് . ഇപ്പോൾ ശ്രീനഗറിൽ സംസ്ഥാന സർക്കാരിലെ പങ്കാളികൂടിയായ ബി ജെ പി ഭരണഘടനാനുസൃതമായ ഒരു ഭരണത്തിന്റെ എല്ലാ നാട്യങ്ങളും കയ്യൊഴിഞ്ഞിരിക്കുന്നു. സാധാരണക്കാരായ കാശ്മീരികളെ സർക്കാർ ഫലത്തിൽ പരിഗണിക്കുന്നത് യുദ്ധത്തടവുകാരായാണ്.   കഴിഞ്ഞ രണ്ടു വർ ഷങ്ങളായി കാശ്മീരികൾക്കെതിറീ നടക്കുന്ന  ഭരണകൂട അടിച്ചമർത്തലിന് ആനുപാതികമായി ജനങ്ങളുടെ പ്രതിരോധവും ശക്തിപ്പെട്ടിരിക്കുന്നു. കശ്മീർ താഴ്‌വരയിൽ ഓരോ ദിവസവും സ്ത്രീകളും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ള സിവിലിയൻ വിഭാഗങ്ങൾ   സൈന്യത്തോടും പോലീസിനോടും  ഏറ്റുമുട്ടലിൽ ഏർപ്പെടുന്ന കാഴ്ചയാണിന്ന്‌ നമ്മൾ കാണുന്നത്.  ഇത് പരിഹാരം കാണേണ്ട ഒരു പ്രശ്നമാണെന്ന ചിന്താഗതി  ഒരു കേന്ദ്രത്തിലെയും ജമ്മു-കാശ്മീരിലെയും ബി ജെ പി സർക്കാരുകൾക്ക്  അവരുടെ നാട്യങ്ങളിൽപ്പോലും ഇല്ലാതായിരിക്കുന്നു; പകരം അവർ ഇന്ത്യയിലെമ്പാടും ഇസ്ലാമോഫോബിയയും പ്രതിലോമപരമായ തീവ്ര ദേശീയവാദവും ആളിക്കത്തിക്കാൻ കശ്മീർ പ്രശ്നത്തെ ഉപയോഗിക്കുകമാത്രമാണ് ചെയ്യുന്നത് .
ഫാസിസത്തിന്റെ വളർച്ച അനിഷേധ്യമായ ഒരു യാഥാർഥ്യം
20  പാരമ്യത്തിലെത്തി നിൽക്കുന്ന  കോർപ്പറേറ്റ് കൊള്ള,  സാമുദായിക  ആക്രമണങ്ങളും ജാതീയ മർദ്ദനവും വർധിച്ചു വരുന്നത്  ,  വിയോജിപ്പിന്റെ ശബ്ദങ്ങളെ   അടിച്ചമർത്താനുള്ള ചിട്ടയായ ശ്രമം , കമ്മ്യൂണിസ്റ്റു വിരുദ്ധത ഇവയുടെയെല്ലാം ഏകോപനം   മോദി ഭരണത്തെ  നിർണ്ണയിക്കുന്ന ഉൾക്കാമ്പ്  എന്ന നിലയിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുകയാണ്  .  ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളുടെ സിംഹഭാഗവും മോദി ഭരണത്തിന്റെ  വക്താക്കളുടെ നിലയിലോ  , സംഘപരിവാർ- ബി ജെ പി സ്ഥാപനത്തിന്റെ പ്രോപഗാൻഡാ സംവിധാനങ്ങളുടെ ഭാഗമായോ ഫലത്തിൽ അധപ്പതിച്ചിരിക്കുന്നു. ഊർജ്ജസ്വലനായ  ഒരു നേതാവായും , വികസനം കൊണ്ടുവരാൻ പ്രാപ്തനായ ഒരു വ്യക്തിയായും, കഴിവുറ്റ ഒരു ഭരണകർത്താവായും ഒക്കെ മോദിയെ മാർക്കറ്റ് ചെയ്യാൻ തീവ്ര പരിശ്രമം നടത്തുന്നതിനിടയിൽ 2002 ലെ ഗുജറാത്തിന്റെ ഓർമ്മകളെ വിദഗ്ദ്ധമായി കുഴിച്ചുമൂടാം എന്നും അവർ കരുതുന്നു.  2014 -ലെ തെരഞ്ഞെടുപ്പ് വിജയം  വികസന പുരുഷൻ എന്ന നിലയിലുള്ള മോദിയുടെ  പുതിയ അവതാരം സംബന്ധിച്ച തങ്ങളുടെ കഥകൾക്കുള്ള സാധൂകരണം ആയി അവർ കൊണ്ടാടി.   എന്നാൽ,  അച്ഛേ ദിൻ വാഗ്ദാനവും , കള്ളപ്പണം വിദേശത്തുനിന്നു നാട്ടിലേക്കു തിരികെ എത്തിക്കലും , സ്വച്ഛ് ഭാരതും പോലെയുള്ള വാചകമടികൾ കൊണ്ട് തുടക്കത്തിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞതുപോലെ  മോദി ഭരണത്തിന് ഇനി സാധ്യമല്ലാത്തവിധം അതിന്റെ തനി നിറം മുഴുവൻ പുറത്തുവന്നിരിക്കുകയാണ് .



21.  ബി ജെ പി രാജ്യത്തിന്റെ രാഷ്ട്രീയ  മുഖ്യധാരയിലെ  പ്രധാനപ്പെട്ട വലതുപക്ഷ പാർട്ടിയായിക്കഴിഞ്ഞുവെന്നും,  തീവ്രവർഗീയത  ആ പാർട്ടിയിലെ ഒരു ചെറിയ വിഭാഗം മാത്രം  പ്രതിനിധാനം ചെയ്യുന്ന ഒരുതരം പാർശ്വ വർത്തിയായ പ്രവണത മാത്രമാണെന്നും  ഉള്ള ലിബറൽ ആഗ്രഹ ചിന്തകൾ തീർത്തും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിനെ  യു പി  മുഖ്യമന്ത്രിയാക്കിയതും , അതുമുതൽ ബി ജെ പി യുടെ അഖിലേന്ത്യാ സംഘടനാ സ്വരൂപത്തിൽ   മോദിക്കും അമിത് ഷായ്ക്കും തൊട്ട് താഴെ ആദിത്യനാഥ്‌ അവരോധിതനായതും , ഓരോ വർഗീയാക്രമണ സംഭവത്തെയും ആൾക്കൂട്ടത്തെ ഇളക്കിവിട്ടുള്ള കൊലപാതകത്തെയും  പരസ്യമായി ന്യായീകരിക്കാനും കുറ്റക്കാരെ സഹായിക്കാനും സംഘപരിവാർ- ബി ജെ പി നേതൃത്വമാകെ  മുന്നോട്ടുവന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ  അരങ്ങേറിയത്. മോദി സ്വയം ചുക്കാൻ പിടിച്ച  ബിഹാറിലെയും യു പി യിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ബി ജെ പി ആവർത്തിച്ചു പ്രയോഗിച്ച തെരഞ്ഞെടുപ്പ് തന്ത്രവും ഭൂരിപക്ഷ വർഗീയതയെ പോഷിപ്പിക്കുക എന്നതുതന്നെയായിരുന്നു. ആസൂത്രിതമായ രീതിയിൽ സംഘ് ബ്രിഗേഡ് നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സീനിയർ അംഗങ്ങളും ആർ എസ് എസ്സിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരും പലപ്പോഴും തികഞ്ഞ നിസ്സംഗതയാണ് വെച്ചു  പുലർത്തുന്നത് .മറ്റു ചിലർ ഇത്തരം കുറ്റകൃത്യങ്ങൾക്ക്  തുറന്ന പിന്തുണയും പ്രോത്സാഹനവും നൽകുകയോ, അഥവാ ഒരു പടികൂടി മുന്നോട്ടുപോയി അവയെ ആഘോഷിക്കുകയോ ചെയ്യുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചതും  , ബാബരി മസ്‌ജിദ്‌ തകർത്തതിന്റെ ഇരുപത്തഞ്ചാം വാർഷികദിനത്തിൽ രാജസ്ഥാനിലെ രാജ്‌സമാണ്ടിൽ മുഹമ്മദ്  അഫ്റാ സുൽ എന്ന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ  വീഡിയോ ദൃശ്യങ്ങൾ ആസൂത്രിതമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും ഇത്തരം ആഘോഷിക്കലിന്റെ ഭാഗമായിട്ടായിരുന്നു.
22 .    ഇപ്പോഴത്തെ  ഭരണകൂടത്തിൻറെ  മേൽപ്പറഞ്ഞ സവിശേഷതകളെ ആർ എസ്സ് എസ്സ് പ്രത്യയശാസ്‌ത്രത്തിന്റെ കാതലായ അംശങ്ങളും ആ സംഘടനയുടെ ചരിത്രവും ആയി ബന്ധപ്പെടുത്തി  പരിശോധിക്കുകയാണെങ്കിൽ , ഇന്ത്യയിൽ  ഫാസിസം വേരുകൾ ആഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന അനിഷേദ്ധ്യ സത്യത്തിലാണ് നാം എത്തുന്നത്.  മോദി  ഭരണത്തെ പലകാര്യങ്ങളിലും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ ഭരണവുമായി താരതമ്യം ചെയ്യാറുണ്ട്. ഭരണ സംവിധാനത്തിൽ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതും  ,ഭരണ കൂടം  അതിന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ  വിപുലമായ  പ്രചാരണ സന്നാഹങ്ങൾ  സജ്ജീകരിക്കുന്നതും ,ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയും സ്വാതന്ത്ര്യത്തിനു നേരെയും ചിട്ടയായി ആക്രമണങ്ങൾ  നടത്തുന്നതും ഈ രണ്ട് കാലഘട്ടത്തിലും പൊതുവായി കാണുന്ന സവിശേഷതകൾ ആണ്. വാസ്തവത്തിൽ ,അടിയന്തരാവസ്ഥാ കാലഘട്ടം മൗലികാവകാശങ്ങളിൽ പലതും മൊത്തമായി റദ്ദാക്കുന്നതിലും  പത്രങ്ങൾക്കു സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിലും  പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റു ചെയ്തു തടവിലാക്കുന്നതിലും  തെരഞ്ഞെടുപ്പുകൾ  യഥാസമയത്ത് നടത്താതെ നിയമസഭകളുടെ വിഹിതമായ  കാലാവധി  നീട്ടിക്കൊണ്ടുപോകുന്നതിലും മറ്റും  കുറേക്കൂടി മുന്നിൽ ആയിരുന്നു. അതുപോലുള്ള  ചെയ്തികൾ  ഇപ്പോഴത്തെ  ഭരണത്തിന്റെ  സ്വാഭാവിക ഘടകങ്ങൾ ആയി ഇനിയും  വന്നിട്ടില്ല. പക്ഷെ, ഭരണകൂടത്തിനും ഗവണ്മെന്റ്  സംവിധാനത്തിനും അകത്ത്  സാധ്യമാകുന്ന ചില  താരതമ്യങ്ങൾക്കപ്പുറം  അവയ്ക്കു പുറത്തേക്ക് കൂടി  നോക്കുകയാണെങ്കിൽ , മോദി ഭരണത്തെ അടിയന്തരാവസ്ഥാ കാലത്തേതിൽ നിന്ന് വ്യത്യസ്തമാക്കുന്ന  പ്രധാനപ്പെട്ട ചില സംഗതികൾ കാണാം. അടിയന്തരാവസ്ഥ എന്നത്   മർദ്ദക സ്വഭാവമുള്ള ഒരു ഭരണകൂടസംവിധാനത്തെ ചുറ്റിപ്പറ്റിമാത്രം ഉള്ള ഒരു  അവസ്ഥ യായിരുന്നു. പക്ഷെ, മോദി ഭരണം ആകട്ടെ, ഭരണകൂടം സ്വയം നേതൃത്വം നൽകുന്ന കോർപ്പറേറ്റ്  ആക്രമണത്തിൻറെയും ഹിന്ദു ഭൂരിപക്ഷ വർഗ്ഗീയത  അടി ച്ചേൽപ്പിക്കുന്ന  ആർ എസ് എസ്സ് പദ്ധതിയുടെയും  ഒന്നിച്ചുചേരൽ ആണ്. അടിയന്തരാവസ്ഥക്കാലത്തെ അമിതാധികാര  വാഴ്ചയിൽനിന്നും മോദി ഭരണ മാതൃകയെ വേർതിരിച്ചു നിർത്തുന്നത് സംഘ് ബ്രിഗേഡിന് അതിന്റെ ഫാസിസ്റ്റ് അജൻഡ കെട്ടഴിച്ചുവിടാൻ സർവ്വ സ്വാതന്ത്ര്യവും ഒത്തശയും നൽകുന്ന ഒരു കേന്ദ്ര ഭരണമാണ്. ഇതിന്നായി പലപ്പോഴും അവർ ആക്രമണോല്സുകരായ ആൾക്കൂട്ടങ്ങളെ സജ്ജമാക്കുകായും ചെയ്യുന്നു .

ഭരണസംവിധാനത്തിന്റെ  വർഗ്ഗീയവൽക്കരണം, വിദ്യാഭ്യാസത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും  മേലെയുള്ള ആക്രമണങ്ങൾ
23   ബി ജെ പി സർക്കാരുകൾ  ഇന്ന് അവലംബിച്ചുപോരുന്ന പ്രത്യേകമായ ചില ഭരണരീതികൾ  ഫാസിസത്തിന്റെ മുഖമുദ്രകൾ പേറുന്നവയാണ്. തെരഞ്ഞെടുക്കപ്പെട്ട  ബി ജെ പി ജനപ്രതിനിധികൾ ഒന്നടങ്കം ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ചു പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വേച്ഛാധികാര പരമായ ഭരണത്തെ ഫാസിസത്തിൽനിന്നു വേർതിരിക്കുന്ന ഒരു പ്രധാനപ്പെട്ട സംഗതി ഫാസിസം  ഭരണകൂട അടിച്ചമർത്തലിനെ  എല്ലായ്പ്പോഴും ന്യായീകരിക്കുന്നുവെന്നതാണ്. സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ അണിനിരത്തിക്കൊണ്ടു ന്യൂനപക്ഷങ്ങൾക്കെതിരായ  ഹിംസ നടപ്പാക്കാൻ അതിനു കഴിയും. ഇന്ത്യൻ സൈന്യത്തെ ആർ എസ് എസ്സുമായി താരതമ്യം ചെയ്തുകൊണ്ടു മോഹൻ ഭാഗവത് ഇയ്യിടെ നടത്തിയ പ്രസ്താവന സൂചിപ്പിക്കുന്നത് ഒരേ സമയം ഹിന്ദുക്കളെ  സൈനിക വൽക്കരിക്കാനും  സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും ഉള്ള ആർ  എസ് എസ്സ് പദ്ധതിയാണ്. ഈ അജൻഡ യനുസരിച്ചു ആർ എസ് എസ്സ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഹിന്ദുമഹാ സഭയുടെ തലവൻ ആയിരുന്ന ബി എസ് മൂൺ ജെ   1937 -ൽ  നാഗ് പൂരിൽ ഭോൺസലെ   മിലിറ്ററി അക്കാഡമി എന്ന പേരിൽ ഒരു സൈനിക അക്കാഡമി സ്ഥാപിച്ചിരുന്നു. പ്രസ്തുത നീക്കത്തിന് മുൻപ് മൂൺജെ  ഇറ്റലിയിലെ  ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തലവനായിരുന്ന മുസ്സോളിനിയെ നേരിട്ട് സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തിരുന്നു.  ഭോൺസലെ  മിലിറ്ററി അക്കാഡമി യെക്കുറിച്ചു 2012 -ൽ മോഹൻ ഭാഗവത് തന്നെ പറഞ്ഞത് ഇന്ത്യൻ സേനയിൽ  ഒഴിവുകൾ നികത്തപ്പെടാതെ അംഗബലം കുറഞ്ഞാൽ ഒരു ഫീഡർ ഇൻസ്റ്റിറ്റ്യൂട്ട് ആയി ആ സ്ഥാപനത്തെ പരിഗണിക്കാൻ പറ്റുമെന്നാണ്. മാ ലേഗാവ് ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ ഒരു സൈനിക ഓഫീസർ പ്രസ്തുത സ്ഥാപനത്തിൽനിന്നും  വ്യക്തിയായിരുന്നു. ഈ അക്കാഡമിയിലെ പരിശീലകരിൽ മിക്കവരും സൈനികസേവനത്തിൽ തുടരുന്നവരോ പിരിഞ്ഞവരോ ആയ ഓഫീസർമാരാണ്. അതുപോലെ റിട്ടയർ ചെയ്ത ഐ ബി ഉദ്യോഗസ്ഥരും അവിടെ പരിശീലകരായി  ഉണ്ട്. മുസ്ലീങ്ങൾക്കെതിരെ ആസൂത്രിതമായി വർഗീയ ആക്രമണങ്ങൾ നടത്തുന്ന ബജ് രംഗ് ദൾ  കേഡർ മാർക്കും പ്രസ്തുത സ്ഥാപനം പരിശീലനം നൽകുന്നുണ്ട്. പ്രത്യേകം നിയുക്തരായ ഹിന്ദു യുവാക്കളെ ഉപയോഗിച്ച് മുസ്ലീങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുമ്പോൾ ഇരകളെ പാക്കിസ്ഥാനികൾ എന്ന് മുദ്രകുത്തലും, അതുവഴിയായി  വർഗ്ഗീയ ആക്രമണങ്ങൾ   'ആന്തരിക ശത്രുക്കൾ' ക്കെതിരായുള്ള ദേശസ്നേഹത്താൽ പ്രചോദിതമായ കർത്തവ്യം  എന്ന്  വരുത്തലും സംഘ് പദ്ധതിയുടെ ഭാഗമാണ്.

24 .  ബി ജെ പി സംസ്ഥാനങ്ങളിൽ പിന്തുടരുന്ന ഫാസിസ്റ്റ് രീതിയുടെ  മറ്റൊരു സവിശേഷത  നാടകീയമായ  'ഏറ്റുമുട്ടൽ ' കൊലപാതകങ്ങളെയും  യുദ്ധക്കുറ്റകൃത്യങ്ങളെയും ഭരണകൂടനയത്തിന്റെ വിജയമായി ചിത്രീകരിച്ചു ആഘോഷിക്കലാണ്. ഭോപ്പാലിൽ  എട്ട് മുസ്‌ലിം തടവുകാരെ  ജെയിൽ ചാട്ടക്കാരായി ചിത്രീകരിച്ചു പോലീസ് നടപ്പാക്കിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ സർക്കാരിന്റെ മഹത്തായ  നേട്ടമായി പ്രകീർത്തിച്ചതും, ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തന്റെ സംസ്ഥാനത്ത്  നടന്ന സമാനമായ ഏറ്റുമുട്ടൽക്കൊലപാതകങ്ങളെ ന്യായീകരിച്ചതും, ഒരു  കശ്മീരി  പുരുഷനെ  ജീപ്പിൽ കെട്ടി വലിച്ചിഴച്ച കരസേനയിലെ മേജറുടെ പ്രവൃത്തിയെ സർക്കാരിന്റെ വക്താക്കൾ  ന്യായീകരിച്ചതും,  സർക്കാരിനോട് പ്രതിഷേധിക്കുന്നവർക്കു ഒരു താക്കീത് നൽകുക എന്ന ഏക ഉദ്ദേശത്തോടെ  ജമ്മുവിലെ എട്ടുവയസ്സുകാരിയായ ഗുജ്ജർ ബാലികയെ   ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി വലിച്ചെറിഞ്ഞ സ്‌പെഷൽ പോലീസ് ഓഫീസർമാർക്കെതിരായ നിയമാനുസൃത നടപടികൾ പിൻവലിക്കാൻ  ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയും  ഇതിനു സദൃശമായ ഉദാഹരണങ്ങളാണ്.  ഇത്തരം കുറ്റകൃത്യങ്ങൾ ബി ജെ പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെങ്കിലും , യൂണിഫോമിട്ടവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ഒരു സർക്കാർ നയം എന്ന നിലയിൽ പരസ്യമായി ന്യായീകരിക്കുന്നത് ബി ജെ പി സർക്കാരുകൾ മാത്രമാണ്.

25 .     വിദ്യാഭ്യാസരംഗത്തെ അട്ടിമറിക്കലും  കാവിവൽക്കരിക്കലും സംഘ് പരിവാറിന്റെ ഫാസിസ്റ്റു പദ്ധതിയുടെ മുഖ്യ അജൻഡ എന്ന നിലയിൽ ബി ജെ പി സർക്കാരുകൾ നടപ്പാക്കിവരുന്നു .ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ   ചരിത്ര  പാഠപുസ്തകങ്ങൾ തിരുത്തിയെഴുതൽ, പാഠ്യപദ്ധതിയെ കാവിവൽക്കരിക്കൽ എന്നിവ മുതൽ ഇളം മനസ്സുകളിൽ വർഗീയ വിഷം കുത്തിവെയ്ക്കാനുള്ള ലക്ഷ്യത്തോടെ ആർ എസ് എസ്സ്  കാർ സംഘടിപ്പിക്കുന്ന പഠന ക്യാമ്പുകളിൽ സ്കൂൾ കുട്ടികളുടെ ഹാജർ നിർബന്ധമാക്കുന്ന പരിപാടിവരെ ഉൾപ്പെടുന്നു. അതെ സമയം, ഉന്നത വിദ്യാഭ്യാസ രംഗം ആകെ അലങ്കോലപ്പെടുത്തുന്ന വിധം സർവ്വകലാശാലകളുടെ ഉത്തരവാദപ്പെട്ട അധികാര സ്ഥാനങ്ങളിൽ  ബി ജെ പി അവരുടെ വിശ്വസ്ത വിധേയരെ കുത്തി നിറച്ചിരിക്കുകയാണ്. തന്മൂലം കാമ്പസുകളിലെ  അഭിപ്രായ സ്വാതന്ത്ര്യവും  ജനാധിപത്യവും സാമൂഹ്യ നീതിയുടെ സങ്കൽപ്പവും  ഗവേഷണ പ്രവർത്തനങ്ങളും അധികാരികളുടെ ഭാഗത്തുനിന്നുള്ള കടന്നാക്രമണങ്ങൾക്കു വി ധേയമായിക്കൊണ്ടിരിക്കുന്നു.  പുരോഗമന പക്ഷത്തുനിന്നുകൊണ്ടുള്ള വിയോജിപ്പിന്റേതായ  എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്തുകയും കടന്നാക്രമണം നടത്തുകയും ചെയ്യുന്ന സ്റ്റോം ട്രൂപ്പേഴ്‌സ് ന്റെ പങ്കാണ്  ബി ജെ പി നിയന്ത്രിക്കുന്ന വിദ്യാർഥി സംഘടനയായ എ ബി വി പി ഇന്ന് നിർവഹിക്കുന്നത്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും ആർ എസ് എസ്സിന്റെ വളർച്ചയും 

26 .     മോഡി ഭരണം പല പ്രകാരത്തിലും ഹിറ്റ്ലറുടെ കീഴിലെ നാസി ജർമ്മനിയുമായി താരതമ്യപ്പെടുത്താവുന്നതാണ്.  ആർ എസ് എസ്സ് അതിന്റെ രൂപീകരണകാലമായ 1920 കൾ മുതൽക്കേ തന്നെ മാതൃകയാക്കിയിരുന്നത് മുസ്സോളിനിയുടെയും ഹിറ്റ്ലറുടേ യും ഫാസിസ്റ്റു രീതികൾ ആയിരുന്നുവെ ന്നത് ശ്രദ്ധേയമാണ്. സൈനികവാദവും തീവ്രമായ  ദേശീയതാവാദവും  പുരുഷമേധാവിത്വവും ഉൾച്ചേർന്ന ഒരു പ്രവർത്തന ശൈലിയാണ് ആർ എസ് എസ്സ് സ്വായത്തമാക്കിയിരിക്കുന്നത് . ആഭ്യന്തര ശത്രുക്കളായി കണക്കാക്കപ്പെട്ടവർക്കെതിരെയുള്ള വെറുപ്പും ഹിംസയും പ്രചോദനത്തിന്റെ കേന്ദ്ര ആശയങ്ങളായിരുന്ന നാസി ജർമ്മനി ആഭ്യന്തര ശത്രുക്കളായി കണക്കായിരുന്നത് ജൂത ജനതയേയും ഇതര  ന്യൂനപക്ഷങ്ങളേയും കമ്മ്യൂണിസ്റുകാരെയും ആണെന്നതുപോലെ മോദി ഭരണത്തിൽ ആഭ്യന്തര ശത്രുക്കളായി  പരിഗണിക്കപ്പെടുന്നത് മുസ്ലിങ്ങളും ദളിതുകളും മോദി ഭരണത്തോട് വിയോജിപ്പ് പുലർത്തുന്ന എല്ലാ വിഭാഗ ങ്ങളും ആണ്.  പരമോന്നതനായ  ഒരു നേതാവിനു ചുറ്റും വ്യക്തിപ്രഭാവത്തിന്റെ സാങ്കൽപ്പിക വലയം തീർത്ത് ബഹുജന വികാരത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ, തുടർച്ചയായി അസത്യങ്ങളും കിംവദന്തികളും ഉൽപ്പാദിപ്പിച്ചു ജനങ്ങൾക്കിടയിൽ അവ പ്രചരിപ്പിക്കൽ , എന്നിവയിൽ നാസി ജർമ്മനിയും മോഡി ഭരിക്കുന്ന ഇന്ത്യയും തമ്മിലുള്ള സമാനതകൾ കണ്ടില്ലെന്നു നടിക്കാൻ ഒരുതരത്തിലും സാധ്യമല്ല.

27 ഇന്ത്യന്‍ മൂലധനം  ഇനിയും 1930കളിലും 1940കളിലും ജർമ്മനിയ്ക്കു കൈവരിക്കാൻ കഴിഞ്ഞ വികാസതലം കൈവരിച്ചില്ലെന്നും , പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂട് തകര്‍ക്കാന്‍ സംഘപരിവാറിനു ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ പോലെ വിസ്തൃതവും വൈവിധ്യമാര്‍ന്നതുമായ ഒരു ജനാധിപത്യത്തില്‍ ഫാഷിസത്തിന്റെ ഏകീകരണ നിരപ്പാക്കലുകള്‍ക്കെതിരെ ആന്തരികമായ  സുരക്ഷാക്രമീകരണങ്ങളുണ്ടെന്നും മറ്റുമുള്ള സാന്ത്വന യുക്തികളിൽ ആശ്വാസം തേടുന്നത് തീര്‍ച്ചയായും ചരിത്രത്തി ന്റെ പാഠങ്ങളെ അവഗണിക്കുക എന്ന ഹ്രസ്വ ദൃഷ്ടി കലര്‍ന്നതും ആത്മഹത്യാപരവുമായ സമീപനമായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഫാഷിസത്തിന് ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ഫാഷിസത്തില്‍നിന്നു പ്രകടമായ വ്യത്യസ്തതകള്‍ ഉണ്ടായിരിക്കും ; എന്നാല്‍ അത് ഫാഷിസ്റ്റ്‌ ഭീഷണിയുടെ സാധ്യതകുറക്കുകയോ ,അപകടം കുറയ്ക്കുകയോ ചെയ്യുന്നില്ല .ലോകമെമ്പാടും പലയിടത്തും കാണാവുന്നതുപോലെ അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കാലാവസ്ഥ ഇന്ന്  ഫാഷിസ്റ്റ്‌ പ്രവണതകള്‍ക്ക് അനുകൂലമാണ് .സാമ്പത്തികത്തകര്‍ച്ച,വര്‍ധിക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതത്വവും,ഇസ്ലാം വിരോധം ,അഭയാര്‍ഥി വിരുദ്ധ ഭ്രാന്ത് ഇതെല്ലാം പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഫാഷിസവും വംശീയതയും കലര്ന്നരാഷ്ട്രീയം വീണ്ടും തലപൊക്കുന്നതിനു വളക്കൂറുള്ള മണ്ണൊരുക്കുന്നു. പ്രതിസന്ധിയിലാണ്ടുകിടക്കുന്ന ഈ മുതലാളിത്ത ആഗോളക്രമത്തോട് ഇന്ത്യ കൂടുതലായി ഉദ് ഗ്രഥിക്കപ്പെടുന്നത് ; വിശേഷിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രയേലുമായുള്ള തന്ത്രബന്ധങ്ങള്‍ , ഇന്ത്യയിലെ ഫാഷിസ്റ്റ്‌ പ്രവണതകളെ കൂടുതല്‍ പ്രബലമാക്കുന്നുണ്ട് .

28 .   ഇന്ത്യയിലെ ഫാഷിസത്തിന്റെ ആവിര്‍ഭാവ വികാസങ്ങളില്‍ വര്‍ഗീയത ഒരു മുഖ്യഘടകമാണ് .സ്വാതന്ത്ര്യസമരക്കാലത്ത്‌ ഉയര്‍ന്നുവന്ന വര്‍ഗീയരാഷ്ട്രീയം  ചോരപ്പുഴയും അഭയാർത്ഥിപ്രവാഹവും സൃഷ്ടിച്ച് .ഇന്ത്യാവിഭജനത്തിലേക്ക് നയിച്ചത് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സഹായത്തോടെയാണെന്നു ഈ സന്ദര്‍ഭത്തില്‍ നാം ശ്രദ്ധിക്കണം. മതേതരവും ബഹുത്വം കലര്‍ന്നതുമായ ഒരു ചട്ടക്കൂടില്‍നിന്ന്ഹിന്ദുമേധാവിത്വ, ഭൂരിപക്ഷാത്മക ഏകശിലാരൂപത്തിലേക്ക്  ഇന്ന് ഇന്ത്യയുടെ ദേശീയ സ്വത്വത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റം സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള അമേരിക്കന്‍ സാമ്രാജ്യത്വ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നത് തന്നെയാണ് .ഇസ്ലാമിക് അറബ് ലോകത്തിനും കണ്ഫ്യൂഷിയന്‍ ചൈനക്കുമെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പാശ്ചാത്യ യുദ്ധത്തില്‍ ഹിന്ദു ഇന്ത്യയെ പ്രധാന സഖ്യ കക്ഷിയായാണ് പരിഗണിക്കുന്നത് .

29 .   ഇന്ത്യയുടെ ഫാഷിസ്റ്റു പരിപാടിയില്‍ ഇതേപോലെ കേന്ദ്ര സ്ഥാനത്തുള്ള ഒന്നാണ് ജാതിയെ തരം തിരിച്ച  സാമൂഹ്യ അസമത്വത്തിന്റെ ഒരടയാളമായുംഒഴിച്ചുനിര്‍ത്തലിനും മര്‍ദനത്തിനുമുള്ള ഒരു ഉപകരണമായും കാണുന്ന അവസ്ഥ.ജാതിവ്യവസ്ഥയുടെ ദൂഷ്യഫലങ്ങള്‍ മിക്കപ്പോഴും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ് . ഇന്ത്യയില്‍ ഭരണഘടനാധിഷ്ടിത ജനാധിപത്യം ജനാധിപത്യമില്ലായ്മയുടെ  മേലുള്ള ഒരാവരണം മാത്രമെന്ന് ഡോ:അംബേദ്‌കര്‍ വിവരിച്ചത് ഈ സാമൂഹിക പശ്ചാത്തലം മനസ്സില്‍വച്ചുകൊണ്ടായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ അലിഞ്ഞു കിടക്കുന്ന അനീതിയും അക്രമവും പ്രയോജനപ്പെടുത്തുകയും പ്രബലമാ ക്കുകയും വികസിപ്പിക്കുകയുമാണ്ഇന്ത്യന്‍ ഫാഷിസം ചെയ്യുന്നത് .ഇന്ത്യാ ചരിത്രത്തിലും പൈതൃകത്തിലുമുള്ള  ജനാധിപത്യ വിരുദ്ധമായ എല്ലാറ്റി നെയുമാണ് ആറെസ്സെസ്സ് ഇന്ന് പ്രതിനിട്ജ്ഹാനം ചെയ്യുന്നത് .

30    ആറെസ്സെസ്സിന്റ്റെ ഫാഷിസ്റ്റ്‌ പ്രത്യയശാസ്ത്രം അതിന്റെ ആദ്യ അമ്പത് കൊല്ലക്കാലം ആരും സ്വീകരിച്ചില്ല .സ്വാതന്ത്ര്യസമരത്തില്‍നിന്നു അത് വിട്ടുനിന്നു വിവിദ്ധമെഖലകളില്‍ ബ്രിട്ടീഷുകൊളോണിയലിസവുമായി സഹകരിക്കുന്ന പൊതുനയമാണ് അത് പ്രോത്സാഹിപ്പിച്ചത് . വിശേഷിച്ചും,ആധുനിക ഇന്ത്യയില്‍ ഒരു പ്രമുഖ സമുദായമെന്ന മുസ്ലിങ്ങളുടെ പദവി ദുര്‍ബല പ്പെടുത്തുവാന അവര്‍ ശ്രമിച്ചു .ഗാന്ധിവധത്തെ  തുടര്‍ന്നു നിയമപരമായ നിരോധനം മാത്രമല്ല,സാമാന്യജനങ്ങളുടെ കണ്ണിലും വിലയിടിച്ചില്‍ അവര്‍ നേരിട്ടു.വര്‍ഗീയതയുടെ കാര്യത്തില്‍ കോണ്ഗ്രസ്സിന്റെ ചാഞ്ചാട്ടവും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വാഗ് ദാനങ്ങളും അഭിലാഷങ്ങളും അത് വഞ്ചിച്ചതും ആര്‍ എസ് എസ്സിന് വീണ്ടും സംഘടിക്കാനും ശക്തിയും സാധൂകരണവും നേടാനും സഹായകമായി .1962 ല്‍ചൈനയുമായും 1965 ലും 1971ലും പാക്കിസ്ഥാനുമായും ഉണ്ടായ തുടര്‍ച്ചയായ യുദ്ധങ്ങള്‍ ആക്രമണാത്മക ദേശീയതയ്ക്ക് പ്രചാരം നല്‍കിയ 1960കളിലാണ് ആര്‍ എസ് എസ്സിന് പുനരധിവാസം ലഭിച്ചത് .അടിയന്തരാവസ്ഥ പ്രഖ്യാപനം അതിന്റെ ബന്ധമേഘല കൂടുതല്‍ വികസിപ്പിക്കാനും ജനാധിപത്യ പുനസ്ഥാപനത്തിനുള്ള പ്രസ്ഥാനങ്ങളിലൂടെ സ്വാധീനം വളര്‍ത്താനും  അവസരം നല്‍കി,സാമ്പത്തിക ഉദാരവത്കരണവും അമേരിക്കയ്‌ ക്കനുകൂലമായ വിദേശനയവും സ്വീകരിച്ചതോടെ കോണ്ഗ്രസ് സ്വാതന്ത്ര്യ സമര പൈതൃകത്തില്‍നിന്നു അകലുകയുംപ്രത്യയശാസ്ത്രപരമായും നയപരമായും കൊണ്ഗ്രസ്സും ബീ ജെ പ്പിയും തമ്മിലുള്ള വ്യത്യാസം മങ്ങുകയും ചെയ്തപ്പോള്‍ വ്യത്യസ്ത പ്രദേശ്ങ്ങളില്‍നിന്നും സാമൂഹ്യ ഗ്രൂപ്പുകളില്‍നിന്നും സഖ്യമുണ്ടാക്കാനും അവിടെയുമിവിടെയുംപ്രായോഗിക നീക്ക് പോക്കുകള്‍ നടത്തി സ്വാധീനം വിപുലീകരിക്കാനും ബി ജെ പ്പിക്ക് പ്രയാസമുണ്ടായില്ല . 31 ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ നയങ്ങളടങ്ങിയ നിയോലിബറലിസ്റ് സാമ്പത്തിക അജൻഡ ഇന്ത്യയുടെമേൽ അടിച്ചേല്പിക്കപ്പെടാൻ തുടങ്ങിയതോടെ കോൺഗ്രസ്സിന്റെയും പ്രബലരായ പ്രാദേശിക പാർട്ടികളുടെയും വിശ്വാസ്യത പ്രായേണ നഷ്ടപ്പെടുകയും തൽസ്ഥാനത്ത് രാഷ്ട്രീയമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുകയും ചെയ്തു.  ഈ ശൂന്യതയിലേക്ക് ആക്രമണോല്സുകതയോടെ ഇരച്ചുകയറാൻ ബി ജെ പി ശ്രമിക്കുമ്പോൾ ആർ എസ് എസ്സ് അതിനു സഹായകമായ വിധത്തിൽ ഇന്ത്യയുടെ രാഷ്ട്രീയവും ചരിത്രപരവുമായ ഭാവനകളെ തച്ചുടച്ചു സ്വന്തം പ്രത്യയശാസ്ത്രം തൽസ്ഥാനത്ത് അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം മനുസ്മൃതി യായിരിക്കണമെന്ന സ്വാതന്ത്ര്യസമരകാലത്തെ ആർ എസ് എസ് നിലപാട് അധികം മുന്നോട്ടു കൊണ്ടുപോകാൻ ആ സംഘടനയ്ക്ക് അന്ന് സാധിച്ചിരുന്നില്ല: ജാതീയത, ആൺകോയ്മ ,വർഗീയമായ മുൻവിധികൾ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയുടെ 'പൊതുബോധം' തന്നെയായിട്ടും ആർ എസ് എസ്സിന് അന്ന് വിജയിക്കാൻ സാധിക്കാഞ്ഞതിനു കാരണം ഇന്ത്യയിൽ അന്ന് പ്രബലമായിരുന്നു രാഷ്ട്രീയ സമവായം ആർ എസ് എസ്സ് പദ്ധതിയ്ക്ക് അനുകൂലമായിരുന്നില്ല എന്നതായിരുന്നു; രാഷ്ട്രീയവും സാമൂഹ്യവുമായ തുല്യതയെ ഒരു ലക്‌ഷ്യം എന്ന നിലയിൽ ഔപചാരികമായെങ്കിലും സ്വീകരിച്ചവരായിരുന്നു അന്നത്തെ നേതൃത്വം. ഗോൾവാൾക്കറിന്റെ സങ്കൽപ്പത്തിലെ ഇന്ത്യ നെഹ്രുവിനെയും പട്ടേലിനെയും പോലുള്ള നേതാക്കൾക്ക് സ്വീകാര്യമായിരുന്നില്ല. നേരത്തെ വിജയിക്കാതിരുന്ന അതിന്റെ ദേശീയ വീക്ഷണവും സാമൂഹ്യവും ചരിത്രപരവുമായ ഭാവനകളും ഇന്ത്യയെക്കുറിച്ചുള്ള സ്വീകാര്യമായ "ഒരേയൊരു വീക്ഷണം" ആക്കിത്തീർ ക്കാൻ ഇപ്പോൾ മോദി സർക്കാർ അധികാരത്തിലെത്തിയ അവസരം പരമാവധി മുതലെടുക്കുകയാണ് ആർ എസ് എസ് ചെയ്യുന്നത്. ഈ പരിശ്രമത്തിനിടയിൽ അവർ നെഹ്‌റു വിനെ വില്ലനായി ചിത്രീകരിക്കുകയും ഗാന്ധിയെ വൃത്തിയാക്കിയെടുക്കുകയും, അംബേദ്കറിനെയും ഭഗത് സിംഗിനെയും വളച്ചൊടിക്കുകയും ,ചരിത്രത്തിൽ അക്ബർ അടക്കമുള്ള എല്ലാ മുസ്‌ലീം ഭരണാധികാരികളേയും താജ് മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങളെയും 'ദേശവിരുദ്ധത'യുടെ അടയാളങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ജാതി-ലിംഗ ശ്രേണീബദ്ധതകളേയും കലഹരണപ്പെട്ടതും നീചവുമായ സാമൂഹ്യാചാരങ്ങളെയും വർഗ്ഗീയ വിദ്വേഷത്തേയും ' ഇന്ത്യൻ സംസ്കാരത്തിന്റെ കാതലായ അംശങ്ങൾ ' എന്ന നിലയിൽ ഉദാത്തവൽക്കരിക്കുകയും ചെയ്യുന്നു!
32 ഫാസിസ്റ്റു വിരുദ്ധ ചെറുത്തുനില്പിലെ ഏറ്റവും മുഖ്യമായ ഒരു വശം ചരിത്രത്തെ വളച്ചൊടിക്കുകയും പുനർ നിർമ്മിക്കുകയും ചെയ്ത് സ്വന്തമാക്കാനുള്ള ഫാസിസ്റ്റു പദ്ധതിയെ എതിർക്കലാണ്. ഇന്ത്യൻ ജനതയുടെ കൊളോണിയൽ വിരുദ്ധപ്പോരാട്ടങ്ങളിൽനിന്ന്
 ചരിത്രപരമായി അകന്നുനിൽക്കുകയോ അവയ്‌ക്കെതിരായിപ്പോലും നിലകൊള്ളുകയോ ചെയ്ത സംഘടനയാണ് ആർ എസ് എസ്. ബ്രിടീഷ് ഭരണത്തിന്റെ നുകങ്ങളിൽനിന്നു മോചനം നേടാൻ ഇന്ത്യൻ ജനത നടത്തിയ യഥാർഥമായ സമരങ്ങളിൽ ഒരു സംഭാവനയും നൽകാത്ത ആർ എസ് എസ് സാംസ്കാരിക ദേശീയതയുടെ കൃത്രിമമായ ഒരു വ്യവഹാരം സ്വന്തമായി സൃഷ്ടിക്കുകയായിരുന്നു.  മിത്തോളജിയേയും മറ്റും സ്ഥിരമായി ഉപജീവിച്ചുകൊണ്ട്  യഥാർഥ ചരിത്രത്തെ  വളച്ചൊടിക്കലും,   വർഗീയമായ സ്വന്തം താൽപ്പര്യങ്ങൾക്കിണങ്ങുംവിധം 
ദേശീയതയുടെ വ്യാഖ്യാനങ്ങൾ ചമയ്ക്കലും അതിന്റെ ഭാഗമാണ്.   അതിനാൽ ഇന്ത്യയെന്ന ആശയത്തെ  നിർവചിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇന്ന് മുഖ്യപങ്കു നിർ വഹിക്കുന്ന സമരങ്ങളുടെ മേഖലകളിലൊന്ന്  ചരിത്രത്തിന്റേതായിരിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കാനും തെറ്റായി വ്യാഖ്യാനിക്കാനും തട്ടിയെടുക്കാനും ആർ എസ് എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ ചെറുക്കാൻ നമ്മൾ ഇന്ത്യയിലെ  ജനതയുടെ ചരിത്രത്തെയും അതോടൊപ്പം ജനാധിപത്യപ്പോരാട്ടങ്ങളെയും സാമൂഹ്യ നീതിക്കും മനുഷ്യമോചനത്തിനും വേണ്ടിയുള്ള മഹത്തയ സമരങ്ങളുടെ  പാരമ്പര്യത്തെയും  ഉയർത്തിപ്പിടിക്കണം. നമ്മുടെ പാരമ്പര്യങ്ങളിലെ പുരോഗമന സ്വഭാവമുള്ളതും വിമോചനപരമായ ദൗത്യം ഉൾക്കൊള്ളുന്നതും ആയ എന്തിനേയും ഉയർത്തിപ്പിടിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യപരവും സോഷ്യലിസ്റ് ഉള്ളടക്കമുള്ളതുമായ ഭാവി കരുപ്പിടിപ്പിക്കാനുള്ള സമരങ്ങൾക്ക് രാജ്യത്താ കെ പുതു ഊർജ്ജവും  ശക്തിയും  പകർന്നുകൊടുക്കാൻ അവയ്ക്ക്  കഴിയൂ.


സാമ്പത്തിക നയവും വിദേശനയവും ഉൾക്കൊള്ളുന്ന ചില സവിശേഷതകൾ 


  1.  33.  ആർ എസ് എസ്സിന്റെ ദേശീയവാദം ആഗോളവൽക്കരണ നയങ്ങളെ പുറകോട്ടടിപ്പിക്കാനും സാമ്പത്തിക ഉള്ളടക്കമുള്ള ഒരു ദേശീയതയെ തൽസ്ഥാനത്തു കൊണ്ടുവരാനും  ബി ജെ പി യെ പ്രാപ്തമാക്കും എന്ന പ്രതീക്ഷ അടിസ്ഥാനമില്ലാത്തതാണെന്നു തെളിഞ്ഞു ; സംഘ് പരിവാറിലെ ' ചെറു  ന്യൂനപക്ഷം 'എന്നു  കരുതപ്പെടുന്ന തീവ്ര വാദികളെ നിലക്ക് നിർത്താൻ   അധികാരം കയ്യാളുന്ന ഘട്ടത്തിൽ  ബി ജെ പി യ്ക്ക് സാധിക്കും എന്ന തെറ്റായ പ്രതീക്ഷ പോലെത്തന്നെയാണ് അത്.  വാജ് പേയ് ഭരണകാലം പോലെയുള്ള  ആദ്യഘട്ടത്തിൽ ഒട്ടൊക്കെ സംയമനത്തോടെയും, പിന്നീടങ്ങോട്ട് 2002 ലെ ഗുജറാത്ത് വംശഹത്യയുടെ പുറത്തു് പടുത്തുണ്ടാക്കിയ ഗുജറാത്ത് മോഡൽ വികസനമാതൃകയിലൂടെയും നടപ്പാക്കിയ ഒരു അജണ്ടയുടെ വികസിതരൂപമാണ് 2014 മുതൽ വന്ന മോദിയുഗത്തിൽ നാം കാണുന്നത്. നിർദ്ദയമായ ഭരണകൂട അടിച്ചമർത്തലും പൗര ജീവിതത്തിന്റെ സ്വകാര്യ ഇടങ്ങളിൽപ്പോലും  കടന്നാക്രമിക്കുന്നത്  പതിവാക്കിയ ഭരണകൂടത്തെ  വികസനത്തിന്റെ പേരിൽ കോർപറേറ്റുകൾ  സദാ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയും അതിന്റെ സവിശേഷതകളാണ്. രാജ്യമെമ്പാടും ഗുജറാത്ത് മാതൃക ആവർത്തിക്കപ്പെടുമെന്ന വാഗ്ദാനമാണ് മോദി യുഗത്തിൽ തുടർച്ചയായി ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.     ഇപ്പോൾ നാം കാണുന്നതുപോലെയുള്ള  ആർ എസ് എസ് - ബി ജെ പി കൂട്ടുകെട്ടിന്റെ ഏറ്റവും പരിപക്വമായ ഒരവസ്ഥയിൽ തീവ്ര ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന "ചെറുന്യൂനപക്ഷം"എന്ന് വിളി ക്കപ്പെടുന്നവർ ആർ എസ് എസ് നിശ്ചയിക്കുന്ന സാമൂഹ്യ വ്യവഹാരങ്ങൾ സർവതന്ത്ര സ്വാതന്ത്ര്യത്തോടെയും ഒരു നിയമത്തെയും പേടിക്കേണ്ടാത്തവിധമുള്ള സംരക്ഷണത്തോടെയും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. വ്യക്തികളുടെ പൗരസ്വാതന്ത്ര്യങ്ങൾ അവർ നിശ്ചയിക്കുന്ന പരിധികളിലൊതുക്കാൻ ശ്രമങ്ങൾ നടക്കുന്നു. അതേ സമയം, സർക്കാർ  പാക്കേജുകൾ നാടനും  വിദേശീയവുമായ കോർപ്പറേറ്റ്  താല്പര്യങ്ങൾക്കനുസൃതമായി വിദേശ മൂലധന നിക്ഷേപങ്ങളെ  ആനയിച്ചുകൊണ്ടുവരുന്നതിനെ   സാമ്പത്തിക വികസനം എന്ന് വിളിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വിശ്വസ്തനായ ഒരു ജൂനിയർ  പാർട്ട്നർ ആയി ഇന്ത്യയെ പരിവർത്തിപ്പിക്കുമ്പോൾത്തന്നെയാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മുൻനിര ആഗോള ശക്തി എന്ന ബഹുമതി ചാർത്തിക്കൊടുത്തത്.
  2. 34 .1990 കളുടെ തുടക്കത്തിൽ കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന ദിശയിലുള്ള  സാമ്പത്തിക നയങ്ങളും വിദേശ നയവും തന്നെയാണ് ഏറെക്കുറെ മോദി സർക്കാരും പിന്തുടരുന്നത് .പക്ഷെ, ഇപ്പോഴത്തെ ഭരണകൂടം അവ നടപ്പാക്കുന്നതിന്റെ ഗതിവേഗവും ആക്രമണോല്സുകതയും  സ്വേച്ഛാപരതയും വാജ്‌പേയി നയിച്ച ആദ്യത്തെ എൻ ഡി എ  സർക്കാർ അടക്കമുള്ള എല്ലാ മുൻഗാമികളുടേതിൽ ല്നിന്നും വേറിട്ട് നിൽക്കുന്നതാണ് .   വിദേശമൂലധന നിക്ഷേപത്തിലും ,സാമ്പത്തിക ഉൽഗ്രഥനത്തിലും ഡിജിറ്റലൈസേഷനിലും സ്വകാര്യവൽക്കരണത്തിലും തൊഴിൽ രക്ഷാനിയമങ്ങളുടെ ലംഘനത്തിലും എല്ലാം അത് മുൻസർകാറുകളുടെ നയങ്ങളേക്കാൾ ഏറെ കാർക്കശ്യം പുലർത്തി.  ജന ക്ഷേമ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്റെ ബാധ്യതകൾ പൂർണ്ണമായും കയ്യൊഴിയുന്ന  കാര്യത്തിൽ  ഇപ്പോഴത്തെ സർക്കാർ അതിന്റെ മുൻഗാമികളേക്കാൾ നിരങ്കുശത്വവും ഉളുപ്പില്ലായ്മയും തെളിയിച്ചു. ആസൂത്രണ കമ്മീഷൻ പിരിച്ചുവിടുന്ന കാര്യത്തിലായാലും ഗ്രാമീണ തൊഴിൽദാന പദ്ധതിയും ഭക്ഷ്യ സുരക്ഷാ പദ്ധതിയും പടിപടിയായി തുരങ്കം വെക്കുന്നതിലായാലും ,സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ സ്ഥാനത്തു് ഇൻഷുറൻസ് അധിഷ്ഠിതമായ  സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്ക് വാതിൽ തുറന്നുകൊടുത്തതിലായാലും   തൊഴിൽ ഉൽപ്പാദനത്തിന്റെ അജണ്ടയെ നിസ്സാരവൽക്കരിച്ചു് സ്വയം തൊഴിൽ കണ്ടെത്തുന്നതിലേക്കും   പക്കുവട ഉണ്ടാക്കി വിൽക്കുന്ന തൊഴിലിലേക്കും സമീപകാലത്ത് ശ്രദ്ധ തിരിച്ചുവിടുന്നതിലായാലും അത് വ്യക്തമാണ്. സ്ഥിരമായ വേതനമുള്ള തൊഴിലിനു പകരം ജീവിതം വല്ലവിധേനയും അരിഷ്ടിച് തള്ളിനീക്കുന്നതിന് സഹായിക്കുന്ന പ്രവൃത്തികളെ മാതൃകാ തൊഴിലുകളായി ചിത്രീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്.    
  3. 35 .വിദേശനയത്തിന്റെ മേഖലയിൽ , മോദി സർക്കാർ അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ആശ്രിതത്വ നയത്തെ അതിന്റെ പര കാഷ്ഠയിലെത്തിച്ചിരിക്കുകയാണ്. ട്രംപിന്റെ പ്രസിഡണ്ട് പദവിയോട്  മിക്കവാറും താദാത്മ്യം പ്രാപിക്കുന്ന വിദേശനയം സ്വീകരിച്ചിരിക്കുന്ന മോദി സർക്കാർ (ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാൻ വിസമ്മതിച്ചത്  അമേരിക്കൻ നിലപാടിനെ സമീപകാലത്ത് ഇന്ത്യ എതിർത്ത ഏക ഉദാഹരണമാണെങ്കിലും)  അമേരിക്കയിലെ  ഇന്ത്യൻ വംശജർക്കെതിരെ ആക്രമണങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ മൗനം  ദീക്ഷിക്കുകയാണ്. ട്രംപിന്റെ വർ ണ വെറിപൂണ്ട നയങ്ങളെ  അമേരിക്കയിലെ ഹിന്ദുത്വ സംഘടനകൾ പരസ്യമായിത്തന്നെ പിന്തുണച്ചുവരികയാണ്  .ഇസ്രയേലിന്റെ ഭാഗത്തു് തുടർന്നുവരുന്ന പലസ്തീൻ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കൂടുതൽക്കൂടുതൽ  ഒറ്റപ്പെടുകയും ശാസിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിലും ഇസ്രയേലിന്റെ പ്രധാനമന്ത്രി നെതന്യാഹുവിനെ ആർഭാടപൂർവ്വം  കൊണ്ടാടാൻ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് മടിയില്ല.  ചൈനയുടെ ഭീഷണിയെ നേരിടുന്നതിന്റെ പേരിൽ മോദി സർക്കാർ ജപ്പാനെയും ആസ്ട്രേലിയയെയും സന്തോഷിപ്പിക്കാനും ആസിയാൻ (ASEAN ) രാജ്യങ്ങളുമായി സൗഹൃദം പുലർത്തനും ഏതറ്റം  വരെയും  പോകാനൊരുക്കമാണ്. എന്നാൽ അതേ മോദി സർക്കാർ ഇന്ത്യയുടെ അയൽ രാജ്യങ്ങളോട് തുടർന്നുപോന്ന വല്യേട്ടൻ  മനോഭാവം നിമിത്തം ആ രാജ്യങ്ങളിൽനിന്നെല്ലാം മിക്കവാറും ഒറ്റപ്പെട്ടിരിക്കുന്നു.. പാക്കിസ്ഥാനും ചൈനയുമായി നിലനിൽക്കുന്ന എല്ലാ തർക്കങ്ങൾക്കും ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ ശാശ്വത പരിഹാരങ്ങൾ തേടും വിധം പ്രവർത്തിക്കാൻ ഈ സർക്കാരിന് ഒട്ടും താൽപ്പര്യമില്ല;  സമാധാനത്തിനും നീതിക്കും വികസനത്തിനും വേണ്ടി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദം ഉയർത്തുന്നതിന് പകരം മോദി തന്റെ വിലക്ഷണമായ നയതന്ത്ര വാചാടോപങ്ങൾ ഉപയോഗിക്കുന്നത്   ആഭ്യന്തര രാഷ്ട്രീയത്തിൽ ബി ജെ പി യുടെ യും സംഘ്പരിവാറിന്റെയും അനുയായികളെ തൃപ്തിപ്പെടുത്താനും അവരുടെ കയ്യടി നേടാനും ആണ്. തന്മൂലം നയതന്ത്രപരമായി അയൽ രാജ്യങ്ങളിൽനിന്നും ഉള്ള ഇന്ത്യയുടെ ഒറ്റപ്പെടൽ മുൻപെന്നത്തെക്കാളും ശോചനീയമായ അളവിൽ ആണ്.   
  4. 36 .ഇന്ത്യൻ സിറ്റിസൺസിഷിപ്പ് ആക്ട് ഭേദഗതി ചെയ്യാനുള്ള  ബില്ലിൽ  ഇന്ത്യൻ  പൗരത്വത്തിന്റെ നിർവചനം മാറ്റിയെഴുതാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. പാകിസ്ഥാൻ,ബംഗ്ലാ ദേശ്,  അഫ് ഗാനിസ്ഥാൻ  എന്നിവിടങ്ങളിൽ നിന്ന് കുടിയേറിത്താമസിക്കുന്നവരിൽ  ഹിന്ദുക്കൾക്ക് മാത്രം ഇന്ത്യൻ പൗരത്വം അനുവദിക്കാനുള്ള ബില്ലിലെ വ്യവസ്ഥകൊണ്ട്  പരോക്ഷമായി ശ്രമിക്കുന്നത് ഇസ്രയേലിനെ "ജൂതജന്മദേശമായി"  ചിത്രീകരിക്കാൻ അടുത്ത കാലത്തു അവിടത്തെ   ഭരണകൂടം ശ്രമങ്ങൾ ഊർജ്ജിതമാക്കിയതുപോലെ   ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി  നിർവചിക്കാനാണ്. അയൽ രാജ്യങ്ങളിലെ പീഡിതന്യൂനപക്ഷങ്ങളെ മതാടിസ്ഥാനത്തിൽ വേർതിരിച്ചു കാണുകയും ഇന്ത്യൻ പൗരത്വത്തിന്  അപേക്ഷിക്കുന്ന അവരിൽ അമുസ്ലീങ്ങൾക്ക് പ്രത്യേക അവകാശം നൽകുകയും ചെയ്യുന്ന ഒരു ഭേദഗതിയാണ് ഇത്. ഈ നീക്കം ആസാമിൽ ഇപ്പോൾത്തന്നെ  വൻപിച്ച അസ്വാസ്ഥ്യങ്ങളും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.  നേരത്തെ നിലവിൽ വന്ന  ' ആസ്സാം അക്കോർഡ് ' എന്ന സംവിധാനം അനുസരിച്ചു 1971 മാർച്ച് 24 നു മുൻപ് കുടിയേറിപ്പാർത്തവർക്ക്‌ ഇന്ത്യൻ പൗരത്വം നൽകാനുള്ള വ്യവസ്ഥയെ അട്ടിമറിക്കാൻ വേണ്ടി സിറ്റിസൻഷിപ്പ് ആക്ട് ഭേദഗതി ബില്ലിലെ വർഗീയ സ്വഭാവമുള്ള ഉള്ളടക്കത്തെ  ബി ജെ പി ഉപയോഗപ്പെടുത്താനുള്ള പ്രകടമായ സാദ്ധ്യതയാണ് പ്രസ്തുത  അസ്വാസ്ഥ്യങ്ങൾക്കും പ്രതിഷേധത്തിനും കാരണം.  അതിനിടെ,പൗരത്വമുള്ളവരുടെ ഒരു ദേശീയ രജിസ്റ്റർ National Register of Citizens (NRC )  സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന പ്രക്രിയ ആരംഭിച്ചതും ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ NRC യിൽ പേരില്ലാതെ വരുന്ന ലക്ഷക്കണക്കിന് ആളുകളെ രാജ്യത്തുനിന്നും പുറത്താക്കും എന്ന് ആസാം സർക്കാരിൻറെ വക്താക്കളായ രാഷ്ട്രീയ നേതാക്കളുടെ  പ്രസ്താവനകളിൽ  വൻതോതിലുള്ള ഒരു മാനുഷിക പ്രതിസന്ധിയുടെ സൂചനയുണ്ട്.  ഈ പ്രതിസന്ധി ഒഴിവാക്കണമെങ്കിൽ കേന്ദ്ര സർക്കാരും ബംഗ്ലാ ദേശ് ഗവണ്മെന്റും ചേർന്ന് ഉണ്ടാക്കുന്ന ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിനു പരിഹാരം  കാണാനുള്ള സാധ്യതകൾ ആരായാണം . അതോടൊപ്പം, NRC  പ്രകാരമുണ്ടാവുന്ന പൗരത്വ പട്ടികയിൽ പേരില്ലാത്തവർക്കു വർക്ക്  പെർമിറ്റുകൾ നൽകാനും വ്യവസ്ഥയുണ്ടാവണം .
  1. സംഘ് -ബി ജെ പി  ആക്രമണങ്ങൾക്ക് ഇന്ധനമാകുന്ന  മുഖ്യ  ഘടകങ്ങൾ

    സംഘ് -ബി ജെ പി സ്ഥാപനത്തിന് അധികാരത്തിൽ പിടി മുറുക്കാനും അതിന്റെ സമ്പൂർണ്ണമായ അജണ്ട കെട്ടഴിച്ചുവിടാനും സഹായകമായ ഘടകങ്ങൾ ഏതൊക്കെയാണ് ? ഇപ്പോൾ ഒരു  അവലോകനം  നടത്തുകയാണെങ്കിൽ  നമുക്ക് കാണാൻ കഴിയുക മുഖ്യമായും നാലു സംഗതികളാണ്. ബി ജെ പി കേവലം ഒരു തെരഞ്ഞെടുപ്പ് വിജയം നേടിയതിലുപരി  രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ നിലനിന്ന  ശൂന്യതയെ പൂർണ്ണമായും മുതലെടുക്കുകയായിരുന്നു  2014 ൽ സംഭവിച്ചത് .  നേതൃത്വപരമായും വിശ്വാസ്യത സംബന്ധിച്ചും ഉള്ള വലിയ പ്രതിസന്ധി കോൺഗ്രസ് നേരിട്ട സമയത്തു് ബി ജെ പിവിരുദ്ധമായ മറ്റു രാഷ്ട്രീയധാരകളിൽപ്പെട്ട ശക്തികളും ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുടെ കാര്യത്തിൽ   സമാനമായ പ്രതിസന്ധിയിൽ ആയിരുന്നു. പ്രാദേശിക പാർട്ടികളായാലും, ' സാമൂഹ്യ നീതി 'ക്കു വേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളും ,ഇടതുപക്ഷ പാർട്ടികളും ആയാലും ഇതിന്  അപവാദമായിരുന്നില്ല. അതിനാൽ ഈ വിഭാഗങ്ങൾക്ക്  തെരഞ്ഞെടുപ്പിൽ ലഭിച്ച ജനപിന്തുണ സാധാരണയിലും ഗണ്യമായി കുറവായിരുന്നു.  2014 ൽ മോദി അസന്ദിദ്ധമായ തെരഞ്ഞെടുപ്പ് വിജയം നേടിയതോടെ, രാഷ്ട്രീയനേട്ടങ്ങളുടെ  തുലാസ്  ബി ജെ പിയ്‌ക്കനുകൂലമായി തൂങ്ങാൻ ആരംഭിച്ചു.  അന്നുതൊട്ട്  തെരഞ്ഞെടുപ്പു നടന്ന ഓരോ സംസ്ഥാനത്തും (ഡൽഹി, ബീഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ) അധികാരത്തിൽ പിടി മുറുക്കാനും , ബി ജെ പി യിതര കക്ഷികൾ ഭരിക്കുന്നിടങ്ങളിൽ ഗവർണ്ണർമാരായും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്ര സർക്കാരിന്റെ സ്ഥാപനങ്ങളിൽ മേധാവികളായും  സ്വന്തം ആളുകളെ  തെരഞ്ഞുപിടിച്ചു നിയമിക്കാനും  ബി ജെ പി ഒരുമ്പെട്ടു .
  2. രണ്ടാമത്തെ കാര്യം, കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഭരണവർഗ്ഗ പാർട്ടികളിൽ ഉരുത്തിരിഞ്ഞുവന്ന സമവായമാണ്. സാമ്പത്തികനയത്തിന്റെകാര്യത്തിലെന്നപോലെ  ആഭ്യന്തര ഭരണ നയങ്ങളിലും  വിദേശനയത്തിന്റെ കാര്യത്തിലും  ഇങ്ങനെയൊരു സമവായം പ്രകടമായിരുന്നു. നയങ്ങളുടെ കാര്യത്തിൽ കാതലായ വ്യത്യാസമില്ലാത്ത അവസ്ഥയിൽ , അവ നടപ്പാക്കുന്നതിന് ഏറ്റവും കരുത്തും  കാര്യക്ഷമതയും ഉള്ള ശക്തി എന്ന നിലയിൽ സ്വയം അവതരിപ്പിക്കാൻ ബി ജെ പി യ്‌ക്ക്‌  സാധ്യമായി.
  3. മൂന്നാമതായി, മേൽപ്പറഞ്ഞ നയപരമായ സമവായത്തിന്റെ അടിസ്ഥാനത്തിൽ   നിർമ്മിതമായ ഒരു  പൊതുബോധം രൂപപ്പെടുത്താനും ദിവസേനയെന്നോണം അത് അരക്കിട്ടുറപ്പിക്കാനും കോർപ്പറേറ്റ് ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ വലിയ പങ്കു വഹിച്ചു.  ഏതൊരു പ്രദേശത്തും പദ്ധതികൾക്കുവേണ്ടി ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത് വികസനത്തിന് അനിവാര്യമായി നല്കേണ്ടിവരുന്ന വിലയാണ് എന്നും, മനുഷ്യാവകാശങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം തീർത്തും അവഗണിക്കേണ്ടതാണെന്നും ,ഡ്രാക്കോണിയൻ നിയമങ്ങൾ കൊണ്ടുമാത്രമേ രാജ്യത്തിൻറെ ഐക്യം നിലനിർത്താൻ കഴിയൂ എന്നും, സാമ്പത്തിക രംഗത്തെ എല്ലാ പോരായ്മ കൾക്കുമുള്ള ഒറ്റമൂലി  സ്വകാര്യവൽക്കരണം ആണെന്നും മറ്റും മറ്റുമുള്ള  അനേകം അബദ്ധ ധാരണകൾ മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ ഭാഗമായി.  
  4. നയങ്ങളിലെ ഭരണവർഗ്ഗ സമവായവും നിർമ്മിതമായ പൊതുബോധവും സമർത്ഥമായി മുതലെടുത്ത്  അവയെ ആയുധമാക്കാൻ ബി ജെ പിയ്ക്ക് സാധിച്ചു. രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ ആർ എസ് എസ്സിന്  സ്വന്തമായുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്വേഷവും,നുണകളും , കിംവദന്തികളും പ്രചരിപ്പിക്കുന്നതോടൊപ്പം , സ്വകാര്യവൽകൃതമായ ഭീകരതയുടെ നെറ്റ്‌വർക്ക് കളും അതിനു തുണയായി.    

ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരായ ജനകീയ പ്രതിരോധം 

  1. 1947 നു ശേഷം നമ്മുടെ രാജ്യത്തിൻറെ നിലനിൽപ്പിനിടക്ക് നേരിടേണ്ടിവന്നിരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിപത്താണ് വർധിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണങ്ങൾ എന്ന സത്യം അംഗീകരിക്കേണ്ടതുണ്ട് ; വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാർ എന്ന നിലയിലും ജനാധിപത്യത്തിനും സാമൂഹ്യപരിവർത്തനത്തിനും മനുഷ്യമോചനത്തിനും വേണ്ടിയുള്ള  പോരാട്ടത്തിലെ  ഏറ്റവും സ്ഥൈര്യമുള്ള പടനായകർ എന്ന നിലയിലും ഇതിന്റെ ഗൗരവം  നമ്മൾ തിരിച്ചറിയുന്നതിനാൽ ഇന്നത്തെ പരിതസ്ഥിതിയിൽ ഫാസിസത്തെ ചെറുത്തു പരാജയപ്പെടുത്തുക എന്നത് മർമ്മപ്രധാനമായ  ഒരു രാഷ്ട്രീയ വെല്ലുവിളിയായി ഏറ്റെടുക്കണം . ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ സാധ്യമായ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്യുന്നതായിരിക്കും. 
  2. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും അരക്ഷിതാവസ്ഥയുടെയും കാലഘട്ടങ്ങളിലാണ് എപ്പോഴും  ഫാസിസം വളരുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ യൂറോപ്പിൽ ഉണ്ടായത് പോലെയുള്ള ഫാസിസത്തിന്റെ ക്‌ളാസിക്കൽ മാതൃകയുടെ കാര്യത്തിലെന്നപോലെ വർത്തമാന കാലത്തും സാമ്പത്തികപ്രതിസന്ധിയുമായി അത് ബന്ധപ്പെട്ടിരിക്കുന്നതിനാൽ , ഇന്ന് ഫാസിസ്റ്റ് പ്രവണതകൾ യൂറോപ്പിലും അമേരിക്കയിലും ശക്തിപ്പെട്ടിരിക്കുന്നതു കാണാം. വർധിച്ചുവരുന്ന തൊഴിലില്ലായ്മമൂലവും  അടിച്ചേല്പിക്കപ്പെട്ട ചെലവ് ചുരുക്കൽ നിമിത്തവും സംജാതമാവുന്ന കടുത്ത അസംതൃപ്തിയും ഉൽക്കണ്ഠകളും ജനരോഷവും ഗതിതിരിച്ചു വിടപ്പെടുന്നത് ഇസ്ലാമോഫോബിയയിലേക്കും വംശീയ വിദ്വേഷത്തിലേക്കും അന്യദേശക്കാരോടുള്ള വെറുപ്പിലേക്കും ആണ്.  ഇന്ത്യയിലും ഇതിനു സമാനമായി ഫാസിസ്റ്റു ശക്തികൾ പ്രവർത്തിക്കുന്നത് കാണാൻ കഴിയും. തൊഴിലില്ലാതാക്കപ്പെട്ട വിഭാഗങ്ങളിൽനിന്നും,  മോദി സർക്കാർ കെട്ടഴിച്ചുവിട്ട വിനാശകരമായ  സാമ്പത്തിക നയങ്ങൾ മൂലം ഏറ്റവും ദുരിതങ്ങളനുഭവിക്കാനിടയായവരിൽനിന്നും ആണ് ഫാസിസ്റ്റുകൾ റിക്രൂട്ട് ചെയ്തിരിക്കുന്ന  കാലാൾ പടയാളികൾ ഏറെയും വരുന്നത്.അതിനാൽ , ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പ് ഫലപ്രദമാകണമെങ്കിൽ ജനങ്ങളുടെ രോഷത്തിനും ഉൽക്കണ്ഠകൾക്കും മൂല കാരണമായ ഘടകങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.  ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെടുന്നതിന്റെയും സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാക്കപ്പെടുന്നതിന്റെയും പ്രശ്നങ്ങൾ അടക്കം വർഗ്ഗപരമായ ഉള്ളടക്കമുള്ളതും എല്ലാവരെയും ബാധിക്കുന്നതുമായ വിഷയങ്ങളിൽ ഊന്നിക്കൊണ്ടുള്ള ജനകീയൈക്യം കെട്ടിപ്പടുത്തുകൊണ്ട് മാത്രമേ മേൽപ്പറഞ്ഞ ചെറുത്തുനിൽപ്പ് ഫലവത്താകൂ.  
  3. 2014 ലെ മോദിയുടെ തെരഞ്ഞെടുപ്പുവിജയം ഫാസിസ്റ്റു ആക്രമണങ്ങൾക്കു കൂടുതൽ കരുത്തു പകർന്നിട്ടുണ്ടെന്നതുപോലെ ഇന്ത്യയിലെ സാധാരണ ജനതയുടെ പക്ഷത്തുനിന്നുള്ള ധീരമായ   ചെറുത്തുനിൽപ്പുകളും ഉണ്ടായിട്ടുണ്ട് എന്ന് കാണാതെ വയ്യ. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള മോദി സർക്കാരിന്റെ ശ്രമത്തെ തടഞ്ഞുനിർത്തിയത് കർഷകരുടെയും ആദിവാസികളുടെയും പ്രക്ഷോഭമായിരുന്നു; അതുപോലെ ജാർഖണ്ഡിലെ ജനങ്ങൾ ഛോട്ടാനാഗ്പൂർ -സന്താൾ പർഗാന ടെനൻസി ആക്ട് ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുകയുണ്ടായി. സമീപകാലത്തതായി രാജ്യത്തിലങ്ങോളമിങ്ങോളമുള്ള കർഷക സംഘടനകൾ കടബാധ്യതകൾ എഴുതിത്തള്ളാനും കാർകോല്പന്നങ്ങൾക്കു  ന്യായവില ഉറപ്പാക്കാനും ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം കര്ഷകസമരത്തിന്റെ സമരോല്സുകമായ ഒരു മുഖമാണ് പ്രകടമാക്കിയത്. രോഹിത് വെമുലയുടെ മരണം സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു കൊലപാതകമായിരുന്നെന്ന്  രാജ്യവ്യാപകമായി തുറന്നുകാട്ടിയ വിദ്യാർത്ഥിസമരങ്ങൾ കള്ളക്കേസുകൾ ചുമത്തൽ അടക്കമുള്ള ഭരണകൂട പ്രതികാര നടപടികൾക്കും ദുഷ്ടലാക്കോടെയുള്ള മാധ്യമവിചാരണകൾക്കും സംഘപരിവാർ ഗുണ്ടാ ആക്രമണങ്ങൾക്കും മുന്നിൽ പതറാതെ പിടിച്ചു നിന്നു. അതിന്റെ യഥാർത്ഥ പരിണിതഫലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടത് ഓരോ കാംപസ് തെരഞ്ഞെടുപ്പിലും ആർ എസ് എസ്സിന്റെ അനുബന്ധ വിദ്യാർത്ഥി  സംഘടനയായ എ ബി വി പി യ്ക്ക് തുടരെത്തുടരെ ഉണ്ടായ തോൽവിയുടെ രൂപത്തിൽ ആയിരുന്നു.  2016 ൽ തൊഴിലാളികൾ രാജ്യവ്യാപമായി 48 മണിക്കൂർ നീണ്ട പൊതുപണിമുടക്കിൽ അണിനിരന്ന് ശക്തി തെളിയിച്ചതും , 2017 നവംബറിൽ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ പാർലമെന്റ് മന്ദിരത്തിന്റെ കവാടത്തിൽ മൂന്നു ദിവസം നീണ്ട ഒരു കുത്തിയിരുപ്പ് സമരം നടത്തിയതും  ചെറുത്തുനിൽപ്പിന്റെ മറ്റു ഉദാഹരണങ്ങളാണ് .
  1. ഗുജറാത്ത് മുതൽ ഉത്തർ പ്രദേശ് വരെയും മഹാരാഷ്ട്ര തൊട്ട്  ബീഹാർ വരെയും ദലിത് പ്രതിരോധങ്ങളുടെ ഉശിരൻ മാതൃകകൾ അടുത്തകാലത്ത്  നമ്മൾ കണ്ടു. ഭൂമി, വിദ്യാഭ്യാസാവകാശങ്ങൾ, തൊഴിൽ, അന്തസ്സിനുള്ള അവകാശം എന്നീ അടിസ്ഥാന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചു് പുരോഗമനപരമായ ദിശയിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിന്റെ സൂചനയാണ് അവ നൽകുന്നത്. ദലിത് ജനവിഭാഗങ്ങൾക്കെതിരെ ആർ എസ് എസ് പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങൾ വർധിച്ചതോടെ ചെറുപ്പക്കാരായ ദളിത് നേതാക്കൾ നയിക്കുന്ന ശക്തമായ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടുവന്നു .  ദലിത് വിഭാഗങ്ങളെ വർഗീയവൽക്കരിച്ചു മുസ്ലിം വിരുദ്ധ സാമുദായിക ഹിംസയുടെ പിണിയാളുകളാക്കാനുള്ള  ശ്രമങ്ങൾക്കെതിരെ അതിന്റെ ഇരകളാകുന്ന   മുസ്ലിങ്ങൾക്കൊപ്പം ദൃഢനിശ്ചയത്തോടെ നിലയുറപ്പിക്കുന്നുവെന്നത്  മേൽപ്പറഞ്ഞ ദലിത് പ്രസ്ഥാനങ്ങളുടെ നിലപാടിലെ സ്വാഗതാർഹമായ ഒരു വശമാണ്.  രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിന്റെ പശ്ചാത്തലത്തിലും  ഉനയിൽ നടന്ന  ദലിത് പീഡനത്തിന്റെ വെളിച്ചത്തിലും രൂപം കൊണ്ട ഈ പ്രസ്ഥാനങ്ങൾ സാമ്പത്തിക / ഭൗതിക ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടങ്ങളും തമ്മിൽ ഉണ്ടായിരുന്ന വേർതിരിവിന്റെ "ചൈനീസ് മതിൽ" ഭേദിച്ചുതുടങ്ങിയിരിക്കുന്നു.  പശുവിനെ 'മാതാവിന്റെ പ്രതീക'മാക്കുന്ന  സംഘ് പരിവാർ ആശയത്തിന് ദലിതുകൾ ഉയർത്തിയ കനത്ത വെല്ലുവിളിയായി മാറിയതിനു പുറമെ, ഉന പ്രസ്ഥാനം ഭൂമിക്കുവേണ്ടിയും അന്തസ്സുള്ള തൊഴിലുകൾക്കുവേണ്ടിയും ശബ്ദമുയർത്തി. ദലിതുകളെ അങ്ങേയറ്റം തരം താഴ്ത്തുന്നതും ചൂഷണം ചെയ്യുന്നതുമായ തൊഴിലുകൾ ബഹിഷ്കരിക്കാനുള്ള  ആഹ്വാനം ഫലവത്തായി ഉയർത്താനും പ്രസ്ഥാനത്തിന് കഴിഞ്ഞു. അംബേദ്‌കർ ഉയർത്തിയ ജാതിനിർമ്മൂലനത്തിന്റെ  അജണ്ടയും സാമൂഹ്യ പരിവർത്തനത്തിനുള്ള ഇടതുപക്ഷത്തിന്റെ അജണ്ടയും വെവ്വേറെയായി കേന്ദ്രസ്ഥാനത്തു നിൽക്കുന്ന ബഹുജന സമരങ്ങളെ  ഐക്യപ്പെടുത്തുന്ന ഒരു പ്രക്രിയയിലേക്കു  മേൽപ്പറഞ്ഞ ദലിത് സമരങ്ങൾ വഴി തുറന്നിടുകയായിരുന്നു. അതിനാൽ,  അടിസ്ഥാന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള മേൽപ്പറഞ്ഞ ഓരോ സമരവുമായും ഐക്യപ്പെടാനും അതിനെ ശക്തിപ്പെടുത്താനും, ചെറുത്തുനിൽപ്പിന്റേതായ വിവിധ സമരമുഖങ്ങളിൽ  ഐക്യദാർഢ്യത്തിന്റെ കണ്ണികൾ  ബലപ്പെടുത്താനും കഴിയുമ്പോഴേ ഫാസിസത്തിനെതിരായ  ബഹുജന പ്രതിരോധം ഉന്നം വെക്കുന്ന ശക്തമായ ഒരു ഫാസിസ്റ്റു വിരുദ്ധ സമര മുന്നണി യാഥാർഥ്യമാവുകയുള്ളൂ. 
  2. ഇന്ത്യയിലെ സ്ഥാപനങ്ങൾ അധികവും ഫാസിസത്തെ ചെറുക്കാൻ കാര്യശേഷി തെളിയിച്ചിട്ടില്ലാത്തവയാണ്. അതിലേറെ, ഇന്ത്യൻ ബ്യൂറോക്രസി പ്രകടമായ വിധത്തിൽ ഫ്യൂഡൽ സ്വഭാവമുള്ളതും കൊളോണിയൽ സ്വാധീനങ്ങളിൽനിന്നു മുക്തമല്ലാത്തതുമാണ്. തന്മൂലം  എല്ലായ്പ്പോഴും ജനവിരുദ്ധമായ ഒരു ദിശാബോധമാണ് അത് കാഴ്ചവെച്ചിരുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളാവട്ടെ നിയോലിബറൽ നയങ്ങളുടെ നടത്തിപ്പിന്റെ മാനേജർമാരും  സംഘാടകരും എന്ന നിലയിൽ നിയോലിബറലിസത്തിന്റെ ഘടനയപരമായ  ഒരു വിപുലനം ആയി മാറിയിരിക്കുന്നു. അധികാരത്തിന്റെ മുഖത്തുനോക്കി സത്യം വിളിച്ചു പറയുക എന്ന മാധ്യമധർമ്മം കയ്യൊഴിഞ്ഞ അവർ ജനാധിപത്യവ്യവസ്ഥയിലെ കാതലായ ഒരു സ്ഥാപനം എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് പകരം  വർഗീയ ഫാസിസ്റ്റ് ആക്രമങ്ങളെപ്പോലും പരസ്യമായി  പിന്തുണക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുന്നു. പൊതുവിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും ,സമീപകാലത്തതായി ഇതിന്നപവാദമായി ജനങ്ങൾക്ക് ആശ്വാസം പകരുന്ന ധീരമായ വിയോജിപ്പിന്റെ ആശാവഹമായ ചില പ്രവണതകൾ ജുഡീഷ്യറിയിൽനിന്നും ബ്യൂറോക്രസിയിൽനിന്നും മുഖ്യധാരാ മാധ്യമങ്ങളിൽനിന്നും ഉയർന്നുവന്നതായിക്കാണാം.  ഏറ്റവും പ്രോത്സാഹ ജനകമായ മറ്റൊരു കാര്യം, മിക്കവാറും യുവജനങ്ങൾ അണിനിരന്നതും നയിക്കുന്നതുമായ  നിശ്ചയദാർഢ്യത്തോടെയുള്ള പ്രതിഷേധങ്ങൾ അവസരത്തിനൊത്ത് എമ്പാടും ഉയർന്നുവരുന്നതാണ്. പുതിയ സമര രൂപങ്ങളും പ്രതിരോധത്തിന്റെയും ചെറുത്തു നില്പിന്റെയും പുതിയ ഇടങ്ങളും സൃഷ്ടിക്കാൻ അവയ്ക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ആക്ടിവിസത്തിന്റെ എല്ലാ മാതൃകകളുമായും അടുത്ത ബന്ധം പുലർത്താനും അവയുമായി സഹകരിച്ചു ഐക്യത്തിന്റെ കണ്ണികൾ ബലപ്പെടുത്താനും  വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാർക്ക് ബാധ്യതയുണ്ട്. ഈ ഉത്തരവാദിത്തം ഫലവത്തായി നിറവേറ്റപ്പെടുമ്പോൾ മാത്രമാണ് രാജ്യത്തിനകത്ത് ഫാസിസ്റ്റു പദ്ധതികളെ പരാജയപ്പെടുത്തി ജനാധിപത്യത്തിന്റെ ഓരോ ഇടവും സംരക്ഷിക്കാൻ കഴിയുക. 
  3. ഫാസിസ്റ്റു ശക്തികളെ പരാജയപ്പെടുത്തുന്നതിന് ജനങ്ങളുടെ കയ്യിൽ ലഭ്യമായ രണ്ടു പ്രധാനപ്പെട്ട ആയുധങ്ങൾ ഇന്ത്യൻ ഭരണഘടനയും വോട്ടും  ആണ്. അതുകൊണ്ടുതന്നെ ഇവ രണ്ടിന്റേയും പ്രഹരശേഷി ഇല്ലാതാക്കാനുള്ള  അട്ടിമറിശ്രമങ്ങൾ  ഫാസിസ്റ്റുകളുടെ നേതൃത്വത്തിൽ അരങ്ങേറുന്നുണ്ട് .വാജ്‌പേയിയുടെ കാലഘട്ടത്തിൽത്തന്നെ ഭരണഘടനയെ അവലോകനം ചെയ്യാൻ വേണ്ടി ഒരു കമ്മിറ്റിയെ ബി ജെ പി നിയോഗിച്ചിരുന്നു.  ഇന്നാണെങ്കിൽ ,  ഭരണഘടന ഭേദഗതിചെയ്യുന്നതു സംബന്ധിച്ച് ബി ജെ പി മന്ത്രിമാർ പലപ്പോഴും സംസാരിക്കുന്നത് നമ്മൾ കേൾക്കുന്നു .അതോടൊപ്പം,  അടിസ്ഥാനപരമായും ഭരണഘടനയുടെ ഉള്ളടക്കം തുരങ്കം വെക്കുന്ന പുതിയ നിയമനിർമ്മാണങ്ങൾക്ക് സർക്കാർ കോപ്പുകൂട്ടിക്കണ്ടിരിക്കുന്നു.   സിറ്റിസൺഷിപ് ആക്ട് ഭേദഗതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അത്തരത്തിലുള്ളവയാണ്. ഇന്ത്യൻ  പൗരത്വം നിർണ്ണയിക്കുന്നതിൽ  മതം ഒരു മാനദണ്ഡം എന്നനിലയിൽ  ഒളിച്ചുകടത്താനും ,അഭയാർത്ഥികളുടെ വിഷയം  ഭരണകൂടം കൈകാര്യം ചെയ്യുമ്പോൾ മതപരമായ വിവേചനത്തിനു  ഔദ്യോഗിക അംഗീകാരം നൽകാനും ആണ് ഇതിലൂടെ ശ്രമിക്കുന്നത് . നിയമങ്ങളെ  കൂടുതൽ യുക്തിസഹമാക്കാനെന്ന നാട്യത്തിൽ ജനാധിപത്യാവകാശങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തനും , എല്ലാ മേഖലകളിലും വിശേഷിച്ചും തൊഴിൽ രംഗത്ത് ട്രേഡ് യൂണിയൻ അവകാശങ്ങളും കൂട്ടായി വിലപേശാനുള്ള സ്വാതന്ത്ര്യങ്ങളും തൊഴിലെടുക്കുന്ന  സ്ഥലത്തെ ജനാധിപത്യാവകാശങ്ങളും  നിഷേധിക്കാനും ശ്രമങ്ങൾ നടക്കുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും മുഖ്യ നിദാനമായ വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും ഫെഡറൽ ചട്ടക്കൂട് ദുർബ്ബലപ്പെടുത്തുംവിധത്തിൽ ആർ എസ് എസ് ഭാവനയെ ആസ്പദമാക്കിയുള്ള ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ മാതൃക അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ  നടക്കുന്നു.  
  4. തെരഞ്ഞെടുപ്പ് രംഗത്തും ഇന്ന് ദൃശ്യമാകുന്ന ഒരു പ്രവണത കളിയുടെ നിയമങ്ങൾ മാറ്റാനുള്ള തുടർച്ചയായ ശ്രമങ്ങളാണ്. രാഷ്ട്രീയപ്പാർട്ടികൾ തെരഞ്ഞെടുപ്പിലേക്ക് സംഭാവനകൾ സ്വീകരിക്കുന്നത്തിനു  നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം ,വലിയ പാർട്ടികൾക്ക് കോർപറേറ്റുകൾ നൽകുന്ന ഭീമമായ സാമ്പത്തിക സഹായം മറച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെ  അനോണിമസ് കോർപ്പറേറ്റ് ഫണ്ടിംഗ് എന്ന പുതിയ സംവിധാനത്തിന് വഴിമാറുകയാണ്. അതുപോലെ ലോക് സഭയിലേയ്ക്കും സംസ്ഥാന നിയമ സഭകളിലേയ്ക്കും ഒരേ സമയത്തു പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം പ്രാദേശികമായ സാമൂഹ്യ മുൻഗണനാക്രമങ്ങളെയും  വൈവിധ്യങ്ങളെയും കാഴ്ചപ്പാടുകളേയും അവഗണിക്കാനും,തൽസ്ഥാനത്ത് അധീശത്വത്തിലുള്ള ഏകീകൃതവും  കേന്ദ്രീകൃതവും ആയ ഒരു മൂശയിലേക്ക്  രാഷ്ട്രീയവ്യവഹാരങ്ങളെ ഒതുക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമാണ്.   ഏറെക്കുറെ ഇരുധ്രുവ സ്വഭാവം പുലർത്തുന്ന പ്രസ്തുത ചട്ടക്കൂട് എല്ലാവിധത്തിലുമുള്ള ഇതര വൈജാത്യങ്ങളെയും വൈവിധ്യങ്ങളെയും ബഹുസ്വരതകളെയും അടിച്ചമർത്താൻ ഉദ്ദേശിച്ചുള്ളതാണ്.  തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും അതുപോലെ പുനർ നിർവചിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട്  അവയുടെ പ്രവർത്തന വൈകല്യങ്ങളും ബൂത്തടിസ്ഥാനത്തിൽ വോട്ടെണ്ണൽ നടക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ട അനേകം കൃത്രിമങ്ങളും പുറത്തുവന്നതോടെ ഇ വി എം ഉപയോഗിച്ചുള്ള  തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ ആകെത്തന്നെ സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ട്.
    ഭരണഘടനയെ അട്ടിമറിക്കാനും ,തെരഞ്ഞെടുപ്പ് പ്രക്രിയ അവതാളത്തിലാക്കാനും മോദി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ചോദ്യം ചെയ്യപ്പെടുകയും അവയെ ശക്തമായി ചെറുക്കുകയും ചെയ്യേണ്ടതുണ്ട്. 
  5.  തീർച്ചയായും, മോഡി ഭരണത്തിന്  അതിന്റെ  ഏറ്റവും പ്രബലമായ കേന്ദ്രങ്ങളിലൊന്നിൽ നിന്ന് തന്നെ ശക്തമായ അടിയേറ്റ  സംഭവമായിരുന്നു ഗുജറാത്തിൽ ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി . ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽപ്പോലും, ജങ്ങൾക്കിടയിൽ ഉണ്ടായ ശക്തമായ എതിർപ്പുകൾ ഗുജറാത്തിലെ വിവിധ ജനവിഭാഗങ്ങളെ പ്രക്ഷോഭങ്ങളുടെ പരമ്പരകളിൽ അണിനിരക്കാൻ  പ്രേരിപ്പിച്ചതുമൂലമാണ് ബി ജെ പി യെ ഏതാണ്ട് ഭരണത്തിൽനിന്നു പുറത്താക്കാനുള്ള ഒരു സാഹചര്യം അവിടെ ഉണ്ടായത് . ബീഹാർ പോലെയുള്ള ഒരു സംസ്ഥാനത്തിൽ മോദിയും അമിത് ഷായും ചേർന്നു എന്തെല്ലാം സാമുദായിക വിഭാഗീയതകളും  ധ്രുവീകരണവും ഉണ്ടാക്കാൻ നോക്കിയിട്ടും ബി ജെ പിക്ക്  അത്രയൊന്നും ജനപിന്തുണ നേടാൻ കഴിഞ്ഞിരുന്നില്ല. അതിനുകാരണം ബിഹാറിൽ തുടർച്ചയായി നടന്നുവരുന്ന  ജനകീയപ്രക്ഷോഭങ്ങൾ ആണ്. ഇടതു പക്ഷവും ജനകീയ പ്പോരാട്ടത്തിന്റെ വേദികളിലെ മറ്റു ശക്തികളും  ചേർന്ന് സൃഷ്ടിച്ച ഐക്യവും സമരവീര്യവും ഊട്ടിയുറപ്പിക്കുമ്പോൾത്തന്നെ  അതിനെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോകുംവിധം ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളിയെ   തെരഞ്ഞെടുപ്പിൽ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്തുന്ന ഒരു തന്ത്രം ആവിഷ്കരിക്കാനുള്ള ഉത്തരവാദിത്തം  വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ട്.  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വം ഒരുപ്രകാരത്തിലും അടിയറവെക്കാതെ ബി ജെ പി യെയും സഖ്യ കക്ഷികളുടെയും തെരഞ്ഞെടുപ്പ് പരാജയം ഉറപ്പുവരുത്താനായി  ആവശ്യമെങ്കിൽ ഇടത് - ഇതര പ്രതിപക്ഷ കക്ഷികളുയിപ്പോലും ഐക്യപ്പെടുക എന്ന ആശയത്തോട് തുറന്ന സമീപനമായിരിക്കും നാം വച്ചുപുലർത്തുന്നത്.   

ഫാസിസത്തെ പരാജയപ്പെടുത്തുക !
ജനകീയ ഇന്ത്യയ്ക്കായി മുന്നോട്ട് !

  1. ഫാസിസത്തെ പരാജയപ്പെടുത്തുക എന്ന വെല്ലുവിളി കേവലം തെരഞ്ഞെടുപ്പിന്റെ വെല്ലുവിളി മാത്രമായി ചുരുക്കിക്കാണാൻ ആവില്ല. മഹാസഖ്യം എന്ന് വിളിക്കപ്പെട്ട ഒരു ബി ജെ പി വിരുദ്ധ തെരഞ്ഞെടുപ്പു  സഖ്യം ബി ജെ പിയെ നിർണ്ണായകമായി തോൽപ്പിച്ചു അധികം നാൾ കഴിയുന്നതിനു മുൻപ് തകരുകയും പിൻവാതിലിലൂടെ ബി ജെ പിയെ അധികാരത്തിലെത്തിക്കാൻ അതിലെ പ്രമുഖ കക്ഷികൾ തന്നെ പ്രവർത്തിച്ചതും ആയ ബിഹാറിലെ അനുഭവം കാട്ടിത്തരുന്നത് ഇത്തരം 'മഹാസഖ്യങ്ങളുടെ' ആന്തരികമായ ശൈഥില്യവും ഉള്ള് പൊള്ളയായ സ്വഭാവവുമാണ്. ഗുജറാത്തിൽ ദുർബ്ബലമായ കോൺഗ്രസ്സ് ബി ജെ പിയെ അധികാരഭരിഷ്ടമാക്കുന്നതിനടുത്തുവരെ എത്തിയത് വിവിധങ്ങളായ  ജനകീയ പ്രസ്ഥാനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ പിന്തുണ താരതമ്യേന കൂടുതൽ വിശാലമായ ഒരു തലത്തിൽ ആർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. പക്ഷെ, അതിന്റെ സ്പിരിറ്റിന്  യോജിക്കാത്തവിധത്തിൽ കോൺഗ്രസ് ഇപ്പോഴും ബി ജെ പി കൽപ്പിക്കുന്ന  മതപരവും സാംസ്കാരികവുമായ ഒരു അജൻഡയ്ക്കനുസൃതമായി  ജനപിന്തുണയാർജ്ജിക്കാൻ അവരോട് മത്സരിക്കുകയാണ് ചെയ്യുന്നത്.  . ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഇത്തരം എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബി ജെ പി യോട് മത്സരിച്ചു അവരുടെ സ്ഥാനം പിടിച്ചുപറ്റാനുള്ള  ശ്രമത്തിൽ,   ബി ജെ പി ഉയർത്തിക്കൊണ്ടുവരുന്ന മുദ്രാവാക്യങ്ങളും പ്രതീകങ്ങളും മത്സരിച്ചു  സ്വന്തമാക്കിയെടുക്കാൻ പാടുപെടുന്ന ഒരു രീതിയാണ് അത്.  ബി ജെ പിയുടെ ആക്രമണോല്സുകമായ ഭൂരിപക്ഷവാദം കോൺഗ്രസ് സ്വംശീകരിക്കാൻ ശ്രമിക്കുമ്പോൾ ഫലത്തിൽ കാര്യങ്ങൾ ബി ജെ പിയ്ക്ക് കൂടുതൽ അനുകൂലമായി നീങ്ങുന്ന ഒരവസ്ഥയാണ് ഉണ്ടാവുക.  മറ്റൊരു ഉദാഹരണം എടുത്താൽ, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബി ജെ പി യ്ക്ക് എതിരായി ശക്തമായി നിലയുറപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുമ്പോഴും ,അത് തന്നത്താൻ നടത്തുന്ന ഭീകരവാഴ്‌ചയും അഴിമതിയും ജനാധിപത്യ ധ്വംസനങ്ങളും ഫലത്തിൽ  ആ സംസ്ഥാനത്ത് ബി ജെ പി യുടെ വളർച്ചയെ പോഷിപ്പിക്കുന്നതിലാണ് കലാശിക്കുക. തന്മൂലം , ഫാസിസത്തിനെതി രെ  രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വേണ്ടത്ര ശക്തമായ ബദലുകൾ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം ഒരിക്കലും നാം വിസ്മരിച്ചുകൂടാ.    
  2. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെ നമ്മൾ അഭിസംബോധന ചെയ്യുന്നതിനിടയിൽ ഫാസിസ്റ്റുകളെ  അവരുടെ വിദ്വേഷ പ്രോപഗാൻ ഡയും  വിദ്വേഷകുറ്റകൃത്യങ്ങളുമായി രക്ഷപ്പെടാൻ  ഒരു കാരണവശാലും നാം അനുവദിച്ചുകൂടാ.  പ്രാദേശികമായ ജനകീയ സംഘടനകൾ  ഫാസിസ്റ്റ്‌ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരായും ഒറ്റക്കെട്ടായും നിലകൊള്ളുകയാണെങ്കിൽ വർഗ്ഗീയ ഹിംസയെ തടഞ്ഞുനിർത്താൻ കഴിയും എന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ അയല്പക്കങ്ങൾ കേന്ദ്രീകരിച്ചുള്ള സമരോല്സുകമായ ജനകീയൈക്യം ഫാസിസ്റ്റു ഭീഷണിയെ മുളയിൽത്തന്നെ നുള്ളിക്കളയാൻ  ഏറെ പ്രയോജനകരമാണ്.  വർഗ്ഗീയവും ജാതീയവുമായ ഹിംസകൾ തടയുന്നതിൽ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന  ആക്ടിവിസ്റ്റുകളുടേയും  മുതിർന്ന പൗരന്മാരുടെയും ജാഗ്രതയും സമരോല്സുകതയും വിലപ്പെട്ട പങ്കു വഹിച്ചതായ അനുഭവങ്ങൾ ധാരാളം നമ്മുടെ മുന്നിൽ ഉണ്ട്. വർഗ്ഗീയ ഫാസിസ്റ്റുകൾ നടത്തുന്ന അസത്യ പ്രചാരണവും വിദ്വേഷ പ്രോപഗാൻഡയും ഫലപ്രദമായി തുറന്നുകാട്ടാൻ യഥാർത്ഥ വസ്തുതകളും വിശകലനങ്ങളും ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നതും   ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടുന്നതിൽ  പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെ  പ്രതിനിധാനം ചെയ്യുന്ന  വർഗ്ഗ ബഹുജന സംഘടനകളെ നമ്മുടെ പ്രവർത്തനങ്ങളുടെ എല്ലാ  മേഖലകളിലും ഫാസിസ്റ്റു വിരുദ്ധ ചെറുത്തുനില്പിനു് സജ്ജമാക്കും വിധത്തിൽ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്യണം. 
  3.  ദുർബ്ബലവിഭാഗങ്ങളുടെ എല്ലാ ചെറുത്തുനിൽപ്പുകളെയും നാം സജീവമായി പിന്തുണയ്ക്കുകയും, തൊഴിലാളികളും കർഷകരും സ്ത്രീകളും ദളിതുകളും ആദിവാസികളും വിദ്യാർഥികളും യുവജനതയും ഏർപ്പെട്ടിരിക്കുന്ന ജനകീയപ്പോരാട്ടങ്ങളിൽ മുൻനിരയിൽ നിൽക്കുകയും വേണം. LGBTQ (ലെസ്ബിയൻ, ഗേ ,ബൈസെക്ഷ്വൽ , ട്രാൻസ് ജെൻഡർ,  ക്വിയെർ ) വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ലൈംഗിക ന്യൂനപക്ഷത്തിന്റെയും, വെവ്വേറെ ജാതിക്കാരോ മതക്കാരോ ആയ മിശ്രവിവാഹിതരുടെയും ,സ്വവർഗ്ഗദാമ്പത്യം സ്വീകരിച്ചവരുടെയും കാശ്മീരികളുടെയും അവകാശസംരക്ഷണത്തിനായുള്ള സമരങ്ങളെ  സജീവമായി പിന്തുണയ്ക്കണം. ജനവിരുദ്ധമായ  എല്ലാ സാമ്പത്തിക നയങ്ങളെയും പരിസ്ഥിതിസംരക്ഷണ നയങ്ങളെയും എതിർക്കുകയും, ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും ജീവിതങ്ങൾക്കും അന്തസ്സിനും മേലെ നടക്കുന്ന കടന്നാക്രമണങ്ങളെ ചെറുക്കുകയും വേണം.  വർഗ്ഗീയ ആക്രമണങ്ങൾക്കും ഹിംസയ്ക്കും മറപിടിക്കാനായി "ദേശീയതയുടെ" മുദ്രാവാക്യങ്ങളും പ്രതീകങ്ങളും ഉയർത്തിക്കാണിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കുമെതിരെ  പ്രത്യേകമായി നാം ജാഗ്രത പുലർത്തണം .  ഭരണഘടനാപരവും ജനാധിപത്യപരവും പുരോഗമനപരവും ആയ  മൂല്യങ്ങൾ എന്തെന്ന് മനസ്സിലാക്കാനും അവയെ സംരക്ഷിക്കാനുമായി ജനങ്ങളെ അണിനിരത്താൻ ഓരോ ശ്രമവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കണം; കൂടുതൽ മെച്ചപ്പെട്ടതും സമത്വാധിഷ്ഠിതവും ജനാധിപത്യപരവും ആയ ഒരു ഇന്ത്യക്കുവേണ്ടിയുള്ള സമരങ്ങൾ നാം ശക്തിപ്പെടുത്തണം.  .
  4.  പ്രക്ഷുബ്ധവും പ്രതിസന്ധി നിറഞ്ഞതുമായ വർത്തമാനകാലത്ത്
    നിലനില്ക്കുന്ന ശൂന്യതയാണ് ഫാഷിസ്റ്റ്കൾക്ക് രക്ഷകൻ ചമഞ്ഞ്
    കയറിപ്പറ്റാൻ അവസരമൊരുക്കിയത്. നല്ല നാളെയക്ക് വേണ്ടിയുള്ള
    ദർശനവുംപോരാട്ടവും ആ സ്ഥാനത്ത് വരണം.ഇന്ത്യയിലെ ജനങ്ങൾക്ക്
    മെച്ചപ്പെട്ട ജീവിതവും  കൂടുതൽ വിപുലമായ അവകാശങ്ങളും ഉറപ്പു 
    നൽകാൻ കഴിയുന്ന സമ്പന്നവും ബഹുസ്വരവും തുല്യ നീതിയുള്ളതുമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആയിരിക്കും അത്.  സ്വാതന്ത്ര്യസമര കാലഘട്ടത്തിലും പിന്നീട് ഏതാനും വർഷത്തോളവും ഉരുവം കൊണ്ട  രാഷ്ട്രരൂപീകരണത്തിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും  ഊർജ്ജസ്വലമായ ഭാവനകൾക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കിൽ, നമുക്ക് ഇന്നാവശ്യം ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജമാണ്. ജനങ്ങൾക്ക് പൂർണ്ണമായ സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്ര്യങ്ങൾ  ഉറപ്പുവരുത്തിക്കൊണ്ട്  നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ശക്തി പകരാൻ  അതുകൊണ്ടുമാത്രമേ കഴിയൂ.  ' ഒരു വ്യക്തിക്ക് ഒരു വോട്ട് ' എന്ന രാഷ്ട്രീയ സമത്വ സങ്കല്പത്തെ അപഹാസ്യമാക്കും വിധമാണ് ഇന്ന് നമ്മുടെ രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ വർദ്ധിച്ചുവരുന്നതെങ്കിൽ  നമുക്ക് ആവശ്യമായിരിക്കുന്നത് അസമത്വത്തിന്റെ ഘടനകളെ മറികടക്കാൻ ഉതകുന്ന ഒരു സാമൂഹ്യ പരിവർത്തനമാണ്.  ഇന്ത്യൻ മണ്ണിന്റെ ജനാധിപത്യമില്ലായ്മയാണ് ജനാധിപത്യത്തിന്റെ മേലാവരണത്തെ സ്ഥിരമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ,  നമ്മുടെ ഭരണഘടനാ ജനാധിപത്യത്തെ ഫാസിസം ഈ മണ്ണിൻറെ ജനാധിപത്യവിരുദ്ധതയ്ക്ക്  പൂർണ്ണമായും കീഴ്പ്പെടുത്തുന്നുവെങ്കിൽ , ഈ മണ്ണിനെ ജനാധിപത്യവൽക്കരിച്ചുകൊണ്ടേ  യഥാർത്ഥ അധികാരം ജനങ്ങളുടെ കൈകളിൽ എത്തൂ . ജനങ്ങളെ തകർത്തുകൊണ്ട് കടന്നുപോകാൻ ഫാസിസത്തെ അനുവദിച്ചുകൂടാ. ജനകീയൈക്യത്തിലൂടെ ഫാസിസ്റ്റ് വിപത്തു്  ആത്യന്തികമായി മറികടക്കപ്പെടുകയും ജനങ്ങൾ അവർക്കുവേണ്ടി നിർമ്മിക്കുന്ന കരുത്തുറ്റതും ആഴത്തിൽ വേരോടിയതുമായ ജനാധിപത്യം  നിലവിൽ വരികയും ചെയ്യും.

No comments:

Post a Comment