Saturday 1 October 2016

വർഗ്ഗീയ വിദ്വേഷപ്രചാരണങ്ങളും ജിംഗോയിസവും തള്ളിക്കളയുക

 
 ഇക്കഴിഞ്ഞ  കേരള സന്ദർശനത്തിനിടെ നരേന്ദ്ര മോദി കോഴിക്കോട് നടത്തിയ  പ്രസംഗം  ഉറി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിലെ കൂട്ടാളികൾ പ്രകടിപ്പിച്ച യുദ്ധവെറി അതേപടി ആവർത്തിക്കുന്നതായിരുന്നില്ലെങ്കിലും, പാക് വിരുദ്ധ ജിംഗോയിസം വേണ്ടുവോളം ഇളക്കിവിടാൻ ശ്രമിക്കുന്നതായിരുന്നു. രാം മാധവ് എന്ന ബി ജെ പി നേതാവ് 'ഉറി ആക്രമണത്തിന് തിരിച്ചടി'യായി 'ഒരു പല്ലിനു പകരമായി ഒരു മുഴുവൻ താടി എടുക്കണം' എന്നാണ് നിർദേശിച്ചിരുന്നത് .   പാക്കിസ്ഥാനെ തുടച്ചു നീക്കാൻ ഇൻഡ്യ ഒരു അണുയുദ്ധത്തിന് തന്നെ തയ്യാറാവേണ്ടതുണ്ടെന്നും, ഇതിന്നായി പത്തുകോടി ഇന്ത്യക്കാർക്ക് ജീവൻ കളയേണ്ടിവന്നാലും വേണ്ടില്ല എന്നും രാജ്യസഭയിലെ ബി ജെ പി അംഗമായ സുബ്രഹ്മണ്യം  സ്വാമി പ്രസ്താവിച്ചു. മോദിയാകട്ടെ, പാകിസ്ഥാനുമായി പെട്ടെന്ന് യുദ്ധം നടത്തുന്ന കാര്യമൊന്നും പറഞ്ഞില്ലെങ്കിലും, , വികസനമുരടിപ്പിനും ദാരിദ്ര്യത്തിനും എതിരായ യുദ്ധത്തിൽ ഇന്ത്യ  പാക്കിസ്ഥാനെ തോൽപ്പിച്ചിരിക്കുന്നുവെന്നു വീമ്പടിച്ചു. "വെള്ളവും രക്തവും ഒന്നിച്ചു ഒഴുകാൻ അനുവദിച്ചുകൂടാ" എന്നുപറഞ്ഞുകൊണ്ട് പാക്കിസ്ഥാനിലേക്കുള്ള നദീജലത്തിന്റ അളവ് പരിമിതപ്പെടുത്താൻ തന്റെ സർക്കാരിന് പരിപാടിയുണ്ടെന്നു മോദി പ്രഖ്യാപിച്ചു.
 പാക്കിസ്ഥാനുമായി 
നദീജലം പങ്കിടുന്നതിനെസ്സംബന്ധിച്ച മേൽപ്പറഞ്ഞ പ്രഖ്യാപനം,  മിലിറ്റൻറ് ആക്രമണത്തെ കേവലം ഒഴിവുകഴിവായി  എടുത്ത് അയൽരാജ്യത്തിലെ ഒരു സിവിലിയൻ ജനതയെ സൈനികേതരമായ മാർഗ്ഗത്തിൽ ശിക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. "തന്ത്രപരമായ സംയമനം" എന്ന ഒരാശയം മോദി സർക്കാരിന്റെ മുൻഗണനകളിൽ എവിടെയും ഇല്ലാ എന്നാണ് ഇത് കാണിക്കുന്നത്.  അയൽരാജ്യത്തിലെ സൈന്യവുമായിട്ടല്ലാതെ ജനങ്ങളുമായി നടത്താൻ ഉദ്ദേശിക്കുന്ന ഇത്തരം ഒരു സൈനികേതര യുദ്ധം പ്രാഥമികമായ  നൈതികയുടെ പ്രശ്നം ഉയർത്തുന്നു. അതിനും പുറമേ , നദീജലം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് പരിമിതപ്പെടുത്തുക എന്ന പരിപാടി നടപ്പാക്കാൻ ഇന്ത്യൻ പ്രദേശത്ത് അണകൾ കെട്ടിയുയർത്തുമ്പോൾ വൻതോതിൽ ജനങ്ങൾ കുടിയിറക്കപ്പെടും എന്നതും, കാശ്മീരിന്റെ ഒട്ടുമുക്കാലും പ്രദേശങ്ങളിൽ വെള്ളപ്പൊക്കഭീഷണി പെരുകും എന്നതും ഗുരുതരമായ മാനുഷിക വിപത്തുകളാണ്.

സാമൂഹ്യപുരോഗതിയിലും സാമ്പത്തിക വളർച്ചയിലും ഇന്ത്യയേക്കാൾ പുറകിൽ നിൽക്കുന്നവരെന്ന്   പാക്കിസ്ഥാൻകാരെ മോദി പരിഹസിച്ചുവെങ്കിലും , ഇന്ത്യയോ പാക്കിസ്ഥാനോ ഏതാണ് മുന്നിൽ എന്ന ചോദ്യം തന്നെ അപ്രസക്തമാകും വിധത്തിലാണ്  ഇരു രാജ്യങ്ങളുടേയും  യഥാർഥനില. പൗരന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവകാശങ്ങളുടെ കാര്യത്തിൽ എന്നപോലെ സിവിൽ അവകാശങ്ങളേയും  മനുഷ്യാവകാശങ്ങളേയും മാനിക്കുന്ന കാര്യത്തിലും രണ്ടു രാജ്യങ്ങളും ഒരുപോലെ പിന്നോക്കം നിൽക്കുന്നു. 

ഇതിനിടെ, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ജിംഗോയിസത്തിൽ തങ്ങൾ ബി ജെ പിയേക്കാൾ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കാനുള്ള ബദ്ധപ്പാടിലാണ്.  "പാക്കിസ്ഥാനെ ഒരു ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാൻ" എത്രയും പെട്ടെന്ന് പാർലമെന്റിന്റെ ഒരു സംയുക്ത സെഷൻ വിളിച്ചുകൂട്ടണം  എന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഈ വിധത്തിൽ ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും ജിംഗോയിസത്തിൽ മികവുകാട്ടാൻ പരസ്പരം മത്സരിക്കുന്ന ദുഃഖകരവും അങ്ങേയറ്റം ആശങ്കാജനകവുമായ മായ  സ്ഥിതി രാജ്യത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ ഒന്നുകൂടി കലുഷമാക്കുകയേ ഉള്ളൂ എന്നു പറയേണ്ടതില്ല.

  ഈ യുദ്ധവെറി പ്രചരിപ്പിക്കലിന്റേയും  പാക് വിരുദ്ധ വായ്ത്താരികളുടേയും പ്രധാന ഉദ്ദേശ്യം രാജ്യത്തിനകത്ത് ബി ജെ പി യ്ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കൽ ആണെങ്കിലും , നയതന്ത്ര തലത്തിൽ അത് കൊണ്ട് ഇന്ത്യയ്ക്ക് ഒരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല.  ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ഇന്ത്യയുടെ പാക് വിരുദ്ധ വാചകമടിയോട് അനുഭാവം പ്രകടിപ്പിക്കാൻ ഒരു രാജ്യവും തയ്യാറായില്ല. വളരെ പ്രതീക്ഷയോടെ
ഇന്ത്യ സമീപിച്ച രാജ്യങ്ങൾ എല്ലാം പാക്കിസ്ഥാനുമായുള്ള തർക്കവിഷയങ്ങളിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ചില്ല എന്ന് മാത്രമല്ലാ  പാക്കിസ്ഥാനെതിരെ ഇന്ത്യ ഉന്നയിച്ച വിഷയങ്ങൾ നിലനിൽക്കുന്നതായി അംഗീകരിക്കുകപോലും ചെയ്യാതെ പാടേ വിട്ടുനിൽക്കുകയായിരുന്നു.

  ചേരിചേരാ രാഷ്ട്രങ്ങളുടെ ഉച്ചകോടി സമ്മേളനം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അസൗകര്യം പ്രമാണിച്ചു മാറ്റിവെക്കപ്പെട്ട സമീപകാല സംഭവം കാണിക്കുന്നത് മറ്റു വികസ്വര രാജ്യങ്ങളിൽനിന്നും ലോക രാജ്യങ്ങൾ ക്കിടയിലെ പൊതു വീക്ഷണത്തിന്റെ തലത്തിലും ഇന്ത്യ ഏറെക്കുറെ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ഫലപ്രദമായ ഉഭയ കക്ഷി സംഭാഷണത്തിനും നയതന്ത്ര ബന്ധത്തിനും  പകരം നിൽക്കാൻ മറ്റൊന്നിനും വാസ്തവത്തിൽ ആവില്ല. യുദ്ധവെറി പ്രോത്സാഹിപ്പിക്കലും ജിംഗോയിസവും തുടരുന്നതോ, അമേരിക്കയേയോ മറ്റു പാശ്ചാത്യ ശക്തികളേയോ പ്രശ്നത്തിൽ ഇടപെടുവിക്കാൻ നോക്കുന്നതും ഒരിയ്ക്കലും ഫലപ്രദമാവില്ല.


കോഴിക്കോട്ടെ ബി ജെ പി ദേശീയ കൗൺസിൽ സമാപന സമ്മേളനത്തിൽ നടത്തിയ മറ്റൊരു  പ്രസംഗം  മോദിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും മുസ്ലിം വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ആർ എസ് എസ്സിന്റെ പ്രമുഖ സംഘ് സൈദ്ധാന്തികരിൽ ഒരാളായിരുന്ന ദീൻ ദയാൽ ഉപാദ്ധ്യായയെ ഉദ്ധരിച്ചു കൊണ്ട് മോദി പറഞ്ഞത് മുസ്ലീങ്ങളെ  "ബഹുമാനിക്കാനോ ,നിന്ദിച്ചു തള്ളാനോ" സാധ്യമല്ലെന്നും, അവരെ "ശുദ്ധീകരിക്കുകയും പരിഷ്കൃതരാക്കുകയു" മാണ് വേണ്ടതെന്നും ,അവരെ "വോട്ട് ബാങ്കുകൾ" ആയി കാണുന്നതിന് പകരം "നമ്മുടെ സ്വന്തം" ആയി പരിഗണിക്കണമെന്നും ആയിരുന്നു. മോദിയുടെ പക്ഷത്തുനിന്ന് ഇതിനെ ന്യായീകരിക്കുന്നവർ അവകാശപ്പെടുന്നത് യഥാർത്ഥത്തിൽ "മുസ്ലീങ്ങൾ  ശാക്തീകരിക്കപ്പെടണം" എന്ന് മാത്രമാണ്  മേൽപ്പറഞ്ഞ പദ പ്രയോഗങ്ങൾ കൊണ്ട് മോദി ഉദ്ദേശിച്ചത് എന്നാണ്‌. ദീൻ ദയാൽ ഉപാദ്ധ്യായയുടെ ലേഖനങ്ങൾ വായിച്ചിട്ടുള്ള  ഏതൊരാൾക്കും അദ്ദേഹത്തിന്റെ ഉദ്ധരണി തന്നെ എന്തിനായിരുന്നു മോദി ഉപയോഗിച്ചത് എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാനിടയില്ല. ഇന്ത്യയെ ഒരു 'ഹിന്ദു രാഷ്ട്ര'മാക്കാൻ മാത്രമല്ലാ ,പാക്കിസ്ഥാന്റെ അസ്‌തിത്വം ഇല്ലാതാക്കിയുള്ള 'അഖണ്ഡ ഭാരതം' നിർമ്മിക്കാനുള്ള ദീൻ ദയാൽ ഉപാദ്ധ്യായയുടെ ചിന്താഗതിയുമായി തികച്ചും പൊരുത്തപ്പെടുന്ന വിധം തന്നെയാണ് മോദി മേൽപ്പറഞ്ഞ ഉദ്ധരണികൾ കോഴിക്കോട് പ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

1953 ൽ ആർ എസ് എസ് മുഖപത്രമായ 'പാഞ്ചജന്യ'യിൽ ' അവിഭക്ത ഇന്ത്യ'എന്ന തലക്കെട്ടിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലദ്ദേഹം പറഞ്ഞത് 'അഖണ്ഡഭാരത' മെന്ന ലക്ഷ്യ ത്തെ സാക്ഷാൽക്കരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായിരിക്കുന്നത് മുസ്‌ലീം സമുദായത്തിന്റെ ദേശവിരുദ്ധതയും വിഭാഗീയ മനോഭാവവും ആണെന്നാണ്. പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടായതുതന്നെ(മുസ്ലീങ്ങളുടെ) ഈ മനോഭാവം ജയിക്കാനനുവദിച്ചതുകൊണ്ടാണെന്ന് ദീൻ ദയാൽ ഉപാദ്ധ്യായ വാദിച്ചു. അഖണ്ഡഭാരതത്തെക്കുറിച്ചു സംശയാലുക്കളായ ആളുകൾക്ക് തോന്നുന്നത് മുസ്ലീം അവന്റെ നയം തിരുത്താനിടയില്ല എന്നാണെങ്കിൽ  ആറു  കോടി മുസ്ലീങ്ങൾ ഇന്ത്യയിൽ  ജീവിക്കുന്നത്  ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കെതിരാണ്  എന്നല്ലേ അതിന്റെ  അർത്ഥം  എന്നും , മുസ്ലീങ്ങളെ ഇന്ത്യയിൽനിന്ന് ഓടിക്കണമെന്ന് ഏതെങ്കിലും കോൺഗ്രസുകാരൻ ആവശ്യപ്പെടുമോ എന്നും ദീൻ ദയാൽ ഉപാദ്ധ്യായ ചോദിച്ചു. മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഈ രാജ്യത്തിന്റെ "ദേശീയ ജീവിത"ത്തിൽ അവർ "അലിഞ്ഞുചേരണ"മെന്നും, ഭൂമിശാസ്ത്രപരമായി വിഭജിതമായ ഇന്ത്യയിൽ അങ്ങിനെയൊരു അലിഞ്ഞു ചേരൽ നടന്നുകഴിഞ്ഞാൽ   ഇന്ത്യയിൽ നിന്നും ഭൂപരമായി മുറിച്ചുമാറ്റപ്പെട്ട ശിഷ്ട ഭാഗവും  ഏറെത്താമസിയാതെ ഇന്ത്യയിൽ ചേർക്കപ്പെടും എന്നും  ഉപാദ്ധ്യായ വാദിച്ചു. ഇങ്ങനെയൊരു ഏകീകരണം നടക്കുന്നതിനു ഉപാദ്ധ്യായ വെച്ച ഒരു മുന്നുപാധി "ഹിന്ദു മുസ്ലിം ഐക്യം" എന്ന ആശയം ഉപേക്ഷിക്കലാണ് . അതിനു പകരം അദ്ദേഹം വെച്ച നിർദ്ദേശം ഇതായിരുന്നു: "ഐക്യം വേണമെങ്കിൽ നമ്മൾ ഹിന്ദു ദേശീയതയെ ഇന്ത്യൻ ദേശീയതയായും , ഹിന്ദു സംസ്കാരം ഇന്ത്യൻ സംസ്കാരമായും അംഗീകരിച്ചേ മതിയാകൂ. ഈ തത്ത്വം രാജ്യത്തിന്റെ മാർഗ്ഗദർശിയായ ഒരു സിദ്ധാന്തം ആയി സ്വീകരിച്ചു ഏവരും അതനുസരിച്ചു ജീവിക്കണം"

   
മുസ്ലീങ്ങളെ "പരിഷ്കരിക്കാൻ" ദീൻ ദയാൽ ഉപാദ്ധ്യായ ആഹ്വാനം ചെയ്യുമ്പോൾ ഹിന്ദുക്കളോട് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ മാത്രമല്ലാ പാക്കിസ്ഥാനിലുള്ള മുസ്ലീങ്ങളുടെ   ദേശവിരുദ്ധ മനോഭാവത്തെ മാറ്റിയെടുക്കാനും അവരെ "ഇന്ത്യൻ ദേശീയത"യിൽ "അലിയിച്ചുചേർക്കാനും" ഹന്ദുക്കളോട് നടത്തിയ ആഹ്വാനം ആണ് മുകളിൽ കൊടുത്ത ഉദ്ധരണിയിൽനിന്നും വ്യക്തമാവുന്നത്. മുസ്ലീങ്ങളെ ഹിന്ദുയിസത്തിൽ അലിയിച്ചു ചേർക്കുക എന്നതും, പാക്കിസ്ഥാനെ ഹിന്ദു ഇന്ത്യയിൽ അലിയിച്ചു ചേർക്കുക എന്നതും ആർ എസ് എസ്സിന്റെ രാഷ്ട്രീയ വും പ്രത്യയശാസ്ത്രപരവുമായ പദ്ധതിയിൽ കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ആശയങ്ങളാണ്.

"ഏകാത്മക മാനവികത" എന്ന സങ്കല്പത്തെക്കുറിച്ചു ഉപാധ്യായ നിർമ്മിച്ച സിദ്ധാന്തത്തിലും ആർ എസ് എസ്സിന്റെ വർഗീയ സമീപനം തന്നെയാണ് മുഴച്ചു നിൽക്കുന്നത്. അതിൽ അദ്ദേഹം ആർ എസ് എസ് സ്ഥാപകൻ ഗോൾവാൾക്കർ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നുണ്ട്: "അവരുടെ വ്യക്തിജീവിതത്തിൽ  എത്രതന്നെ  നീചന്മാരായിരുന്നാലും, ഹിന്ദുക്കൾ  ഒരു സംഘടിത ഗ്രൂപ്പ് ആയാൽ    എപ്പോഴും നല്ല കാര്യങ്ങളെക്കുറിച്ചു മാത്രമേ ചിന്തിക്കൂ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് ..എന്നാൽ, മുസ്ലീങ്ങളുടെ കാര്യം നേരെ മറിച്ചാണ്; ഒറ്റയ്‌ക്കൊറ്റയ്ക്കു ഏതൊരു മുസ്ലീമും സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത ദുഷ് പ്രവൃത്തികളെക്കുറിച്ചു ആലോചിക്കാനും അവയ്ക്കു അനുമതി നൽകാനും രണ്ടു മുസ്ലീങ്ങൾ ഒന്നിച്ചു ചേർന്നാൽ കഴിയും "

ഉപാദ്ധ്യായ് സ്ഥാപിച്ച ഒരു പ്രസിദ്ധീകരണം ആയ 'രാഷ്ട്ര ധർമ്മ'യുടെ 2015 നവംബർ  സ്‌പെഷ്യൽ  ലക്കത്തിൽ മോദിയുടെ സാംസ്കാരിക വകുപ്പ് മന്ത്രിയായ മഹേഷ് ചന്ദ് ശർമ്മ എഴുതിയ ഒരു ലേഖനമുണ്ട്. "മുസ്‌ലീം പ്രശ്നം ദീൻ ദയാൽ ഉപാദ്ധ്യായയുടെ വീക്ഷണത്തിൽ" എന്നാണ് അതിന്റെ ശീർഷകം. "മുസ്ലീങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്തുക", "പാക്കിസ്ഥാനെ രാഷ്ട്രീയമായി പരാജയപ്പെടുത്തുക"എന്നിവയാണ് "മുസ്‌ലീം പ്രശ്നം" പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ആയി ദീൻ ദയാൽ മുന്നോട്ടു വെച്ചത് എന്ന് പ്രസ്തുത ലേഖകൻ പറയുന്നു. "രാഷ്ട്രീയമായി പരാജിത"നാകുമ്പോൾ അവൻ (മുസ്ലിം) തന്റെ ആക്രമണ മനോഭാവം കൈവെടിഞ്ഞു "പൈതൃകമായ ഹിന്ദു സ്വഭാവത്തിലേക്ക്" താനേ മടങ്ങുമെന്ന്" ലേഖനം തുടർന്ന് പറയുന്നു.



ആർ എസ് എസ്സും, മോദിയും, മോദിയുടെ  സാംസ്കാരിക വകുപ്പ് മന്ത്രിയും മുസ്ലീങ്ങളെ "പരിഷ്കരിക്കാ"നും "ശുദ്ധീകരിക്കാ"നും പറയുമ്പോൾ  അവരുദ്ദേശിക്കുന്നതു മുസ്ലീങ്ങൾക്കുള്ള "ഘർ വാപസി" വാഗ്ദാനമോ ,"തെറ്റുകൾ തിരുത്തി" "ഒറിജിനൽ ഹിന്ദു സ്വഭാവ"ത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനമോ അല്ലാതെ മറ്റെന്തെങ്കിലുമാണെന്നു ആർക്കെങ്കിലും സംശയിക്കാനാവുമോ?  മുസ്ലീങ്ങളുടെ "രാഷ്ട്രീയ പരാജയം" ഉറപ്പുവരുത്താൻ അവർ ആഹ്വാനം ചെയ്യുമ്പോൾ ഇന്ത്യൻ പൗരന്മാർ എന്ന നിലക്ക് തുല്യതയിലും അന്തസ്സോടെയും ജീവിക്കാനുള്ള മുസ്ലീങ്ങളുടെ ആഗ്രഹത്തെ തോൽപിക്കണം എന്നാണോ ഉദ്ദേശിക്കുന്നത് ?

പാക്കിസ്ഥാൻ വിരുദ്ധ ജിംഗോയിസം വളർത്തുന്നതിന്റെ മറവിൽ  ഇന്ന് ബി ജെപിയും ആർഎസ്എസ്സും ഇന്ത്യയ്ക്കകത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരെ വിദ്വേഷ മനസ്ഥിതിയും ഹിംസാത്മകതയും ഊട്ടിവളർത്തുകയാണ്. അതിനാൽ ഈ
വിദ്വേഷ പ്രചാരണത്തേയും ജിംഗോയിസത്തെയും തിരിച്ചറിയുകയും ഉചിതമായ രീതിയിൽ അവയെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്; അതേസമയം  പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഫലപ്രദമായ നയതന്ത്ര ശ്രമങ്ങൾ ഇന്ത്യഅടിയന്തരമായി ഏറ്റെടുക്കണം.


  

No comments:

Post a Comment