Tuesday, 21 October 2014

'ലവ് ജിഹാദ്' കെട്ടുകഥകളുടെ ഉറവിടം വർഗീയ- ആണ്‍കോയ്മാ കൂട്ടുകെട്ടിന്റെ വിദ്വേഷ അജണ്ട

 'ലവ് ജിഹാദ്' കെട്ടുകഥകളുടെ ഉറവിടം വർഗീയ- ആണ്‍കോയ്മാ കൂട്ടുകെട്ടിന്റെ വിദ്വേഷ അജണ്ട  

 ബി ജെ പി -സംഘ് പരിവാർ ശക്തികൾ അടുത്തകാലത്ത് നടത്തിവരുന്ന വിദ്വേഷ കാമ്പയിൻ ആയ  'ലവ് ജിഹാദ്' ൻറെ  കേന്ദ്ര പ്രമേയം നുണകൾ പറഞ്ഞു പരത്തൽ  ആണെന്ന് വ്യക്തമായി.  'ലവ് ജിഹാദ്' ൻറെ ഇരയായി സംഘ് പരിവാർ ശക്തികൾ ചിത്രീകരിച്ച മീററ്റിലെ ഇരുപതുകാരിയായ ഹിന്ദു യുവതി പോലീസ് ഉദ്യോഗസ്ഥരുടെ അടുക്കൽ  തന്റെ കഥയിലെ യാഥാർഥ്യം തുറന്ന് പറഞ്ഞതോടെ ചുരുൾ നിവർന്നത്‌ സ്വന്തം കുടുംബാംഗങ്ങളും രക്ഷിതാക്കളും ഉൾപ്പെട്ട ആണ്‍ കോയ്മാ സമൂഹം വർഗീയ രാഷ്ട്രീയത്തിന്റെ നേതൃശക്തികളുമായി നടത്തിയ കുറ്റകരമായ  ഒരു വൻ ഗൂഢaലോചനയുടെ കഥയാണ്‌.   
(
 
ഒരു മുസ്ലിം യുവാവുമായി പ്രണയത്തിൽ ആയതിനു ശേഷം അയാളുമായുള്ള വിവാഹ ബന്ധത്തിൽ ഗർഭിണിയായ യുവതിയെ സ്വന്തം വീട്ടുകാരും സമുദായവും ഒറ്റപ്പെടുത്തുകയായിരുന്നു. വളരെ സാധാരണമായ ഈ സന്ദർഭത്തെ വർഗീയ ശക്തികൾ അവരുടെ വിദ്വേഷ അജണ്ടയ്ക്കു വേണ്ടി മുതലെടുത്തപ്പോൾ സൃഷ്ടി ക്കപ്പെട്ടത്‌ പ്രേമത്തിന്റെ വാസ്തവ കഥയുടെ സ്ഥാനത്ത് 'ലവ് ജിഹാദി'ന്റെ കെട്ടുകഥ യായിരുന്നു. പ്രണയം, വീട്ടുകാരിൽ നിന്നുള്ള ഒളിച്ചോട്ടം എന്നിവയെത്തുടർന്നുള്ള വിവാഹം ഒരു യാഥാർഥ്യം ആയി അംഗീകരിക്കുന്നതിനു പകരം ബലാത്സംഗവും 'നിർബന്ധിത മതപരിവർത്തന'വും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നിരപരാധികളായ 10 പേരെ ഈ സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്ത് ജെയിലിൽ അടച്ചു . അതിനിടയിൽ, ചെറുപ്പക്കാരിയായ പ്രസ്തുത സ്ത്രീയെ കഠിനമായി മാനസിക സമ്മർദ്ദത്തിലാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ആണ് താൽപ്പര കക്ഷികൾ ചെയ്തുപോന്നത്.
 ഇതിനു മുൻപ് പല അവസരങ്ങളിലും ഞങ്ങൾ ചൂണ്ടിക്കാട്ടിയതുപോലെ ബി ജെ പി യുടെ 'ലവ് ജിഹാദ്' പ്രചാരണങ്ങൾ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരേയും സ്ത്രീകളേയും ഒരേ സമയം ആക്രമണ ലക്ഷ്യങ്ങൾ ആക്കുകയാണ് എന്ന് തെളിയിക്കുന്ന ലക്ഷണമൊത്ത ഒരു  ഉദാഹരണം ആണ് മീററ്റ് 'ലവ് ജിഹാദ്' കേസിലൂടെ ലഭിക്കുന്നത്.
ആണ്‍ കോയ്മാ സമൂഹങ്ങളിൽ, ഭിന്ന ജാതികളിലോ സമുദായങ്ങളിലോ വർഗ്ഗങ്ങളിലോ പെട്ട സ്ത്രീ പുരുഷന്മാർ തമ്മിൽ പ്രണയബന്ധം ഉണ്ടായാൽ സ്ത്രീയുടെ കുടുംബക്കാർ പെട്ടെന്ന് അതിനെ നേരിടാൻ ബലാൽസംഗമെന്ന ആരോപണം ഒരു മറയായി ഉന്നയിക്കാറുണ്ട്.   ബലാത്സംഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സംബന്ധിച്ച്  ഇയ്യിടെ ഡെൽഹിയിൽ നടത്തിയ ഒരു പഠനത്തിൽ  കണ്ടത് അത്തരം പരാതികൾ നാല്പ്പത് ശതമാനത്തോളവും പ്രണയിച്ച പുരുഷന്റെ  ജീവിതപങ്കാളിയാകാൻ വേണ്ടി  വീട്ടിൽനിന്നും ഒളിച്ചോടാൻ ഇട വന്ന  പെണ്‍മക്കളുടെ രക്ഷിതാക്കൾ പോലീസിൽ നല്കിയ വ്യാജപ്പരാതികൾ ആയിരുന്നുവെന്നാണ്. 

മേൽപ്പറഞ്ഞ കേസ്സുകളിൽ എല്ലാം തന്നെ സ്ത്രീകൾക്ക് യഥാർഥത്തിൽ പീഡനങ്ങളും അതിക്രമങ്ങളും അനുഭവപ്പെട്ടത് സ്വന്തം വീട്ടുകാരിൽ നിന്നും സമുദായങ്ങളിൽനിന്നും ആയിരുന്നു; ജാതിയും മതവും നോക്കാതെ സ്വന്തം ഇഷ്ടമനുസരിച്ച് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന പെണ്‍മക്കൾ  കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അഭിമാനത്തെ വ്രണപ്പെടുത്തുന്നവർ ആയി മുദ്രകുത്തപ്പെടുമ്പോൾ അപ്രകാരം വിവാഹിതരാകുന്ന യുവതീയുവാക്കന്മാരെ  വീട്ടുകാരും സമുദായ പ്രമാണിമാരും ചേർന്ന് പിന്തുടർന്ന് വധിക്കുന്ന സമ്പ്രദായം ആയ "അഭിമാന വധങ്ങൾ" ഇൻഡ്യയുടെ പല ഭാഗത്തും തുടരുകയാണെന്ന്  സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബി ജെ പിയും സംഘ് പരിവാറും ചേർന്ന് കെട്ടഴിച്ചുവിട്ടിട്ടുള്ള 'ലവ് ജിഹാദ്' വിദ്വേഷ പ്രചാരണം,  ന്യൂനപക്ഷ സമുദായങ്ങൾക്ക് എതിരെ  വെറുപ്പും സംശയവും ഉൽപ്പാദിപ്പിക്കും വിധത്തിൽ 'അഭിമാന വധ'ങ്ങൾക്കും
 ഭയപ്പെടുത്തലുകൾക്കും സ്ത്രീകളുടെ ജനാധിപത്യാവകാശങ്ങൾക്ക് നേരെയുള്ള സംഘടിതമായ ആക്രമണങ്ങൾ ക്കും രാഷ്ട്രീയ പിൻതുണയും പ്രോത്സാഹനവും നല്കുന്നു. ബി ജെ പി നേതൃനിരയിലെ ചില പ്രമുഖർ പരസ്യമായിത്തന്നെ 'ലവ് ജിഹാദ്' പ്രചാരണത്തെ ഏറ്റെടുത്തിട്ടുണ്ട്.    ഗർബാ എന്ന പേരിലുള്ള ഗുജറാത്തി പരമ്പരാഗത സംഗീത -നൃത്ത പൊതു സദസ്സുകളിൽ മുസ്ലിം പുരുഷന്മാർക്ക് പ്രവേശനം വിലക്കിക്കൊണ്ട് ബി ജെ പി നേതാക്കൾ പ്രസ്താവനകൾ നടത്തിയതും ആർ എസ് എസ്സിൻറെ വിദ്യാർഥി വിഭാഗമായ എ ബി വി പി രാജ്യവ്യാപകമായി 'ലവ് ജിഹാദ്' വിരുദ്ധ കാമ്പെയിൻ നടത്തിയതും ഇതിന്റെ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്. ആർ എസ് എസിന്റെ ഔദ്യോഗിക ജിഹ്വകൾ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്ന  കവർ സ്റ്റോറികൾ  ആയി 'ലവ് ജിഹാദ്' കെട്ടുകഥകൾ  അവതരിപ്പിച്ചതും ഇതിന്റെ ഭാഗമാണ്.  

 താൻ ആരെ സ്നേഹിക്കണം എന്നോ സ്വന്തം ജീവിത പങ്കാളി ആരായിരിക്കനമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം  ഓരോ സ്ത്രീയ്ക്കും പുരുഷനും ഉണ്ടായിരിക്കേണ്ടതാണ്. ഇൻഡ്യൻ ഭരണഘടന ഉറപ്പു നല്കുന്ന ഒന്നാണ്  ഈ സ്വാതന്ത്ര്യം. എന്നാൽ ഇൻഡ്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷി തന്നെ ഈ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങൾക്ക് പരസ്യമായി നേതൃത്വം നൽകുമ്പോൾ സാധാരണ ജനങ്ങളുടെയും വിശേഷിച്ചു സ്ത്രീകളുടെയും അവകാശങ്ങൾ എങ്ങിനെയാണ് സംരക്ഷിക്കപ്പെടുക? 
ഇന്നത്തെ സാഹചര്യത്തിൽ, അന്യ ജാതിക്കാരനോ ഭിന്ന മതസ്ഥനോ ആയ ഒരു വ്യക്തിയുമായി പ്രണയമോ വിവാഹ ബന്ധമോ ഉള്ള  ഒരു സ്ത്രീയ്ക്ക് നിയമത്തിന്റെ തുണ ലഭിക്കാൻ എല്ലാ അവകാശവും ഉണ്ടായിട്ടും അത് ഫലവത്തായി ഉപയോഗിക്കാൻ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാൻ പറ്റാത്ത നിലയാണ് ഉള്ളത് .
ഹിന്ദു സ്ത്രീയുമായി പ്രണയബദ്ധനായ ഒരു ക്രിസ്‌ത്യൻ / മുസ്ലീം യുവാവിനോ, വേറെ സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെ സ്നേഹിക്കുന്ന ദലിത് യുവാവിനോ  തന്റെയോ കാമുകിയുടെയോ നിയമാനുസൃതമായ  താൽപ്പര്യം നടപ്പാക്കാൻ ഭരണകൂടത്തെ സമീപിക്കാൻ ആവാത്ത സാഹചര്യം ആണ്.  ജാതീയവും വർഗീയവും ആയ ആണ്‍കോയ്മാ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവരായി പോലീസും രാഷ്ട്രീയപ്പാർട്ടികളും ഇന്ന് അത്രയേറെ  അധപ്പതിചിരിക്കുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കും വിധത്തിൽ, ഇൻഡ്യയുടെ ഭരണ കക്ഷി 'ലവ് ജിഹാദ്'കെട്ടുകഥ കൾ പ്രചരിപ്പിച്ച് സാമുദായിക സൌഹാർദ്ദം തകർക്കുന്നതോടൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ കടന്നാക്രമിക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ് .
ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിൽ   ഒരു ഹിന്ദു യുവതിയും ക്രിസ്ത്യൻ യുവാവും ഉൾപ്പെട്ട വിവാഹ ബന്ധം ഭീഷണി പ്രയോഗിച്ച് വേർപെടുത്താൻ പോലും സംഘപരിവാർ ആൾക്കൂട്ടങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി  പോലീസ് ഇയ്യിടെ തുനിഞ്ഞു.  ഭിന്ന ജാതി /മതസ്ഥരായ ദമ്പതിമാരുടെ 
ദാമ്പത്യ അവകാശങ്ങളും മറ്റു അവകാശങ്ങളും നിയമപരമായി പരിരക്ഷിക്കുന്നതിനു തടസ്സം നില്ക്കാൻ ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിനു ഒരു ഉളുപ്പും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്.  
 ഭിന്ന മതസ്ഥർ തമ്മിൽ വിവാഹം സാധ്യമാക്കുന്നതിനുള്ള നിയമപരമായ   ഉപാധിയായ സ്പെഷ്യൽ മാര്യേജസ് ആക്റ്റിലെ ചില വ്യവസ്ഥകൾ പരിഷ്കരിക്കേണ്ടത് ഈ സന്ദർഭത്തിൽ ആവശ്യമായിരിക്കുന്നു. ഇന്നത്തെ രൂപത്തിൽ ഈ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിവാഹിതരാകാൻ  ശ്രമിക്കുന്ന യുവതീയുവാക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം, വിവാഹ പ്രൊപോസൽ സംബന്ധമായി ബന്ധപ്പെട്ട വീട്ടുകാർക്ക് എതിർപ്പ്  ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ ഒരു മാസം സമയം നൽകുന്ന നിയമാനുസൃത നോട്ടിഫിക്കേഷനുള്ള വ്യവസ്ഥയാണ്‌ . എന്നാൽ ഈ ഒരുമാസ നോട്ടിഫിക്കേഷന്റെ വ്യവസ്ഥ വീട്ടുകാരുടെ ഭാഗത്ത് നിന്നുള്ള നിയമബാഹ്യമായ സമ്മർദ്ദങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും വേണ്ടി ഫലത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നു.
ബി ജെ പിയുടെയും സംഘപരിവാറിന്റെയും വര്ഗീയ-ആണ്‍ കോയ്മാ അജണ്ടകൾക്കെതിരായി രാജ്യത്തെമ്പാടും ഉള്ള ജനാധിപത്യ-പുരോഗമന ശക്തികൾ രംഗത്ത് വന്ന് ശക്തമായ ജനകീയ ചെറുത്തു നില്പ്പ് സംഘടിപ്പിക്കാൻ സമയമായിരിക്കുന്നു. സ്നേഹിക്കാനും സ്വന്തം അഭീഷ്ടപ്രകാരം വിവാഹ ബന്ധത്തിൽ  ഏർപ്പെടാനും  ഓരോ വ്യക്തിക്കും ഉള്ള അവകാശത്തെ  ധൈര്യസമേതം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം അതിനെ   ആഘോഷപൂർവ്വം കൊണ്ടാടാനും നാം തയ്യാറാവുക. 

No comments:

Post a Comment