Thursday 19 January 2023

 

സി പി ഐ എം എൽ 11 - )0 പാർട്ടി കോൺഗ്രസ്സ്,  പട് ന 
ഫെബ്രുവരി 15 -20 ,2023 







കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ് -ലെനിനിസ്റ്റ് )ന്റെ 11 -)0

 പാർട്ടി കോൺഗ്രസ്സ് 2023 ഫെബ്രുവരി 15 മുതൽ 20 വരെ

 ബിഹാറിലെ  പട് നയിൽ നടക്കുകയാണ്. "ജനാധിപത്യം രക്ഷിക്കൂ- 

 ഇന്ത്യയെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തി   ഫെബ്രുവരി 15 ന്

 പട് ന  ഗാന്ധിമൈതാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഒരു ബഹുജന

 റാലിക്ക് ശേഷമായിരിക്കും പാർട്ടി കോൺഗ്രസ്സ്  ആരംഭിക്കുക .

 പ്രസ്തുത റാലിയിൽ കർഷകരും യുവജനങ്ങളും , വിദ്യാർത്ഥികളും

 ,സ്ത്രീകളും ഗ്രാമീണ ദരിദ്രരും, സ്‌കീം വർക്കേഴ്സ് ഉൾപ്പെടെയുള്ള 

 തൊഴിലാളി വിഭാഗങ്ങളും ആയി    ലക്ഷക്കണക്കിന് ജനങ്ങൾ

 ബിഹാറിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും

 അണിനിരക്കും.മോദി സർക്കാരിന്റെ ബുൾഡോസർ ഭരണത്തിന്

 കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ പ്രസ്തുത

 റാലിയിൽ ഉയർത്തപ്പെടും. തൊഴിലും ഉപജീവന മാർഗ്ഗങ്ങളും

 വിദ്യാഭ്യാസാവകാശങ്ങളും ആരോഗ്യസേവനങ്ങളും

 പാർപ്പിടാവകാശവും നിഷേധിക്കുന്നതും , 

 കാർഷികോല്പന്നങ്ങൾക്കു  മിനിമം താങ്ങു വിലകൾ ഉറപ്പാക്കാനും,

 പങ്കുപാട്ടക്കൃഷിക്കാരുടെ അവകാശങ്ങൾ മാനിക്കാനുമുള്ള

 ആവശ്യങ്ങളെ  അവഗണിച്ചുകൊണ്ട് വാഗ്‌ദത്തലംഘനംങ്ങൾ

 തുടരുന്നതുമായ കേന്ദ്ര സർക്കാരിന്റെ നയത്തിനെ തിരെ 

 ശക്തമായി പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ എത്തുന്ന

 സന്ദർഭമായിരിക്കും ഫെബ്രുവരി 15 ന്റെ റാലി.  തൊഴിലില്ലായ്മ,

 പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ ഒരു പ്രശ്നത്തിനും പരിഹാരം

 കാണാതെ വലിയതോതിൽ കുടിയൊഴിപ്പിക്കലും

 ബുൾഡോസറുകൾ കൊണ്ടുള്ള ഇടിച്ചുനിരപ്പാക്കലും തുടരുന്ന

 സർക്കാർ , ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം മനഃപൂർവ്വം

 ഇറക്കിയ  ജുമ് ലകൾ ( വെറുംവാക്കുകൾ ) ആയിരുന്നുവെന്ന് തെളിയിക്കുകയാണ്.   


പട് നയിലെ ശ്രീകൃഷ്ണാ മെമ്മോറിയൽ ഹാളിൽ ഫെബ്രുവരി 16 ന്

 ആരംഭിക്കുന്ന   പാർട്ടി കോൺഗ്രസ്സിന്റെ ഓപ്പൺ സെഷനിൽ വിവിധ

  ഇടതുപക്ഷ പാർട്ടികളുടെയും സൗഹൃദം പുലർത്തുന്ന മറ്റ് പാർട്ടികളുടേയും 

 നേതാക്കൾ  അഭിസംബോധന ചെയ്യും. സി പി ഐ എം , സി പി ഐ, ആർ

 എസ്  പി,  ഫോർവേഡ് ബ്ലോക്ക് , ആർ എം പി ഐ (പാസ്‌ല ), ലാൽ നിശാൻ

 പാർട്ടി ,സത്യശോധക് സമാജ് പാർട്ടി, മാർക്സിസ്റ്റ് കോഓർഡിനേഷൻ കമ്മിറ്റി ,

 എന്നിവയുൾപ്പെടെ യുള്ള പാർട്ടികളുടെ നേതാക്കളും മറ്റു ക്ഷണിതാക്കളും

 പങ്കെടുക്കുന്ന ഉത്ഘാടന സെഷൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ

 സന്ദർഭത്തിൽ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്  ഒരു പുതിയ

 തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.   


നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ നടന്നുവരുന്ന  ഫാസിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്നുവേണ്ടി  പ്രതിപക്ഷ പാർട്ടികൾക്കിടയിൽ  പരമാവധി  വിശാലമായ ഐക്യം സ്ഥാപിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരി 18 ന്  ഒരു ദേശീയ കൺവെൻഷനും സി പി ഐ (എം എൽ)  11 -)മത്‌ പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.  ജെ ഡി (യു) , ആർ ജെ ഡി , കോൺഗ്രസ്സ് ,ജെ എം എം, എച് യു എം (സെക്യുലർ ) എന്നീ പാർട്ടികൾ അടക്കമുള്ള അനേകം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ നിതീഷ് കുമാർ , തേജസ്വി പ്രസാദ് യാദവ് ,ഹേമന്ത് സൊറൻ , ജിതൻ റാം മാഞ്ഛി എന്നിവർ പ്രസ്തുത കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

11-)0 പാർട്ടി കോൺഗ്രസ്സിൽ വിദേശത്തുള്ള   സൗഹൃദ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള അതിഥികളും പ്രവാസികൾ ആയ ഇന്ത്യൻ ഡയസ്പോറയുടെ പ്രതിനിധികളും പങ്കെടുക്കും.  നേപ്പാളിൽനിന്നും  സി പി എൻ (യു എം എൽ) , സി പി എൻ (മാവോയിസ്ററ്  സെന്റർ), സി പി എൻ (യുണൈറ്റഡ് സോഷ്യലിസ്ററ് ) എന്നീ മൂന്നു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും ബംഗ്ലാദേശിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. ശ്രീലങ്ക, മലേഷ്യാ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സൗഹാർദ്ദ പ്രതിനിധികളും പലസ്‌തീനിലെ ബി ഡി എസ് എന്ന സംഘടനയുടെ പ്രതിനിധിയും പാർട്ടി കോൺഗ്രസ്സിൽ നമ്മുടെ അതിഥികൾ ആയി എത്തിച്ചേരും.   

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന  ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ഉയരുന്ന പ്രതിരോധത്തിന് ഏറ്റെടുക്കാനുള്ള ചുമതലകളും  ദിശാബോധവും പാർട്ടി കോൺഗ്രസ്സിൽ സവിസ്തരം ചർച്ചചെയ്യപ്പെടും . അതിനു പുറമേ , കാലാവസ്ഥാ വ്യതിയാനം നിമിത്തം  ഉണ്ടാകുന്ന ദുരിതങ്ങളുടെയും വെല്ലുവിളികളുടെയും, പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ സർക്കാരുകൾ  അവഗണിക്കുന്നതിന്റെയും പ്രശ്നങ്ങൾ കോൺഗ്രസ്സ്  ചർച്ച ചെയ്യും. ഇപ്പോൾ നാം ജോഷീമഡിൽ കണ്ടത്പോലെ സർക്കാരുകൾ മനഃപൂർവ്വം കാട്ടിയ  കുറ്റകരമായ അനാസ്ഥ നിമിത്തമാണ്  ഒരു നഗരത്തിന്റെ അസ്തിത്വം തന്നെ ഭൂപടത്തിൽനിന്ന് തുടച്ചുമാറ്റേണ്ട അവസ്ഥയുടെ വക്കിൽ രാജ്യത്തെ എത്തിച്ചിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റേയും  പാരിസ്ഥിതിക വെല്ലുവിളികളുടേയും സന്ദർഭത്തിൽ സർക്കാരുകളുടെ നിരുത്തരവാദപരമായ അനാസ്ഥ നിമിത്തം   ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതവും ഉപജീവനോപാധികളും അപകടത്തിലായിരിക്കുന്ന ജോഷീമഡിലേതിന് സമാനമായ സ്ഥിതി ഓരോ സംസ്ഥാനത്തും കാണാൻ കഴിയും. ജോഷീമഡ് പ്രശ്നത്തിൽ സർവ്വദേശീയതലത്തിൽ ഇന്ന് ഗൗരവമായ ശ്രദ്ധ പതിഞ്ഞതിൻറെ ഒരേയൊരു കാരണം ,ഈ നഗരത്തെ നാശത്തിൽനിന്ന് രക്ഷിക്കാനുള്ള ആവശ്യമുയർത്തി സിപിഐ(എംഎൽ) ന്റെ നേതൃത്വത്തിൽ ദീർഘകാലമായി നടന്നുവരുന്ന സമരം ആണ് .   ജോഷീമഡിലെ ജലവൈദ്യുത പദ്ധതിക്ക് ഇരുപതു വര്ഷം മുൻപ് അംഗീകാരം ലഭിച്ചതും നിർമ്മാണം ആരംഭിച്ചതും മുതൽ നമ്മുടെ പാർട്ടിയിലെ നേതാവ് അതുൽ സാഥിയുടെ നേതൃത്വത്തിൽ ജനങ്ങൾ അതിന്റെ ഗുരുതരമായ  ഭവിഷ്യത്തുകൾ ഓർമ്മിപ്പിച്ചുകൊണ്ട് പദ്ധതിക്കെതിരെ പ്രക്ഷോഭരംഗത്ത്  ആയിരുന്നു. പാരിസ്ഥിതിക സുസ്ഥിരത  ഉറപ്പുവരുത്താനും  കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയാനും വേണ്ടി സി പി ഐ (എം എൽ ) ഇനിയും നിലകൊള്ളുന്നതായിരിക്കും. 

പുതുക്കിയ ( അപ്ഡേറ്റ് ചെയ്ത ) ഒരു പാർട്ടി പരിപാടിക്കും  ഭരണഘടനയ്ക്കും പാർട്ടി കോൺഗ്രസ്സ് അംഗീകാരം നൽകുന്നതായിരിക്കും.  ദേശീയവും സാർ വ്വ ദേശീയവും ആയ രാഷ്ട്രീയ സ്ഥിതിഗതികളുടെ വിശകലനം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പ്രത്യേകം സെഷനുകൾ നടക്കും. 

എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി  1700 ന്നടുത്ത് പ്രതിനിധികളും നിരീക്ഷകരും  പങ്കെടുക്കുന്ന കോൺഗ്രസ്സിന്റെ ഒരുക്കങ്ങൾ വലിയതോതിൽ പുരോഗമിച്ചുവരികയാണ്. 11-)0 കോൺഗ്രസ്സ് ഊന്നൽ നൽകുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച്‌ പ്രചാരണങ്ങളും കാമ്പെയിനുകളും നടത്തുന്നതോടൊപ്പം പാർട്ടിയംഗങ്ങളും പ്രവർത്തകരും ബഹുജനങ്ങളിൽനിന്നുള്ള സാമ്പത്തികസമാഹരണത്തിലും മുഴുകിയിരിക്കുന്നു.  ഇതിന്റെ ഭാഗമായി അവർ വീടുകൾതോറും  കയറിയിറങ്ങുമ്പോൾ അനുഭാവികളിൽനിന്നും അഭ്യദയകാംക്ഷികളിൽനിന്നും ആവേശകരമായ പിന്തുണയാണ്  പ്രവർത്തകർക്ക്  ലഭിച്ചുകൊണ്ടിരിക്കുന്നത്.     

ജനുവരി 17 ന് പട് നയിൽ നടത്തിയ പത്രസമ്മേളനത്തിൽ സി പി ഐ എം എൽ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, ബീഹാർ സംസ്ഥാന സെക്രട്ടറി കുനാൽ എന്നിവർക്ക് പുറമേ പോളിറ്റ് ബ്യൂറോ മെമ്പർമാരായ ധീരേന്ദ്ര ഝa , അമർ എന്നിവരും മുതിർന്ന നേതാവായ കെ ഡി യാദവും സന്നിഹിതരായിരുന്നു.   

പട് നയിൽ ജനുവരി 15 നു നടന്ന കേഡർ കൺവെൻഷനിൽ  പോളിറ്റ് ബ്യൂറൊ മെമ്പർ ആയ സ്വദേശ് ഭട്ടാചാര്യ അഭിസംബോധന ചെയ്തതിന് ശേഷം വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിൽ, വിവിധ പദ്ധതികളുടെ പേരിൽ വലിയ തോതിൽ കുടിയിറക്കപ്പെടുന്ന ദരിദ്രരുടെയും ദലിത് ജനവിഭാഗങ്ങളുടേയും പ്രശ്‌നം അദ്ദേഹം ഉയർത്തി. ഈ വിഷയവും  11 -)0 പാർട്ടി കോൺഗ്രസ്സ് ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമായിരിക്കുമെന്ന് സ്വദേശ് ഭട്ടാചാര്യചൂണ്ടിക്കാട്ടി. ബിഹാറിലും മറ്റു ചില സംസ്ഥാനങ്ങളിലും അദ്ധ്യാപകനിയമനവുമായി ബന്ധപ്പെട്ട് നേരിടുന്ന സ്തംഭനാവസ്ഥയും,  യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയുടെ രൂക്ഷത വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിലിനുവേണ്ടിയുള്ള സമരങ്ങളിൽ അവരെ അണിനിരത്തുന്നതും കോൺഗ്രസ്സ് ചർച്ചചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Tuesday 17 January 2023

 

സിപിഐ (എം എൽ) ലിബറേഷൻ 11- )o പാർട്ടി കോൺഗ്രസ്സിൽ  [ഫെബ്രുവരി15-20, പട് ന]  കേന്ദ്രകമ്മറ്റിഅവതരിപ്പിക്കുന്ന കരട് പ്രമേയം :


ഫാസിസ്റ്റ് വിരുദ്ധ  പ്രതിരോധത്തിന്റെ

ചുമതലകളും ദിശാനിർണ്ണയവും  

  
സംബന്ധിച്ച പ്രമേയം (കരട്):

 

കഴിഞ്ഞ എട്ട് വർഷമായി നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ തുടരുകയാണ് . മോദി സർക്കാരിന്റെ ഒന്നാമത്തെ  ഭരണകാലത്ത്  തന്നെ വരാനിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച ആശങ്കപ്പെടുത്തുന്ന

 മുന്നറിയിപ്പ്  ഉണ്ടായിരുന്നു, തുടർന്ന് രണ്ടാമത്തെ ഭരണകാലത്ത് കണ്ടത് അതിവേഗത്തിൽ വർദ്ധിച്ചുവന്ന ബഹുമുഖമായ ആക്രമണോൽസുകതയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും ചേർന്ന് ഭരണകൂടത്തെ മുൻപെങ്ങും  കണ്ടിട്ടില്ലാത്തവിധം  പ്രതികാര ദാഹിയായ ഒരു അടിച്ചമർത്തൽ സംവിധാനമാക്കി മാറ്റിയിരിക്കുന്നു. കലാപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്റ്റേറ്റിന്റെ കീഴിൽ ഭരണകൂടം നൽകുന്ന സംരക്ഷണയിലുള്ള ഒരു കൂട്ടം സ്വകാര്യ സേനകളും ജാഗ്രതാ സ്ക്വാഡുകളുമായി ചേർന്ന് ഇന്ത്യയിലെ ഭരണഘടനാപരമായ ജനാധിപത്യത്തെ  ദുർബലമാക്കികൊണ്ടിരിക്കുന്നു. അങ്ങിനെ ഭരണകൂട അടിച്ചമർത്തലും, അവർ മുന്നോട്ടുവയ്ക്കുന്ന ദേശീയതയുടെ 'ആഭ്യന്തര ശത്രുക്കൾ' ആയി അടയാളപ്പെടുത്തിയവർക്കെതിരെയുള്ള ഭരണകൂട പിന്തുണയോടെയുള്ള ആക്രമണങ്ങളും പീഡനങ്ങളും അടങ്ങുന്ന ഭീതിദമായ  ചേരുവ ചരിത്രപരമായി ഫാസിസത്തിന്റെ മുഖമുദ്രയാണ്.  ബ്രാഹ്മണിക്കൽ - പുരുഷാധിപത്യ - ഹിന്ദു മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയിൽ നിർവചിക്കപ്പെട്ട  ദേശീയതയാണ് ഇന്ത്യയിൽ ഹിന്ദു മേധാവിത്വ ഫാസിസത്തിന്   അല്ലെങ്കിൽ ഹുന്ദുത്വ ഫാസിസത്തിന്  ആധാരമാകുന്നത്.

2.

  പ്രത്യയശാസ്ത്രപരമായി ആർഎസ്എസ് എക്കാലത്തും ഫാസിസ്റ്റാണ് . ഭരണകൂട അധികാരപ്രാപ്തിയിലും തെരുവിൽ അക്രമം സംഘടിപ്പിക്കാനുള്ള അതിന്റെ ശേഷിയേയും ആശ്രയിച്ചാണ്  ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള അതിന്റെ കഴിവ് നിലനിൽക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ട് നീണ്ട അതിന്റെ അസ്തിത്വത്തിൽ വിദ്വേഷം വളർത്തിയും, നുണകൾ പ്രചരിപ്പിച്ചും, കിംവദന്തികളിലൂടെയും, ഒട്ടുമിക്ക സുപ്രധാന സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും നടത്തിയ നിരന്തരമായ നുഴഞ്ഞുകയറ്റത്തിലൂടെയും അവർ ശേഷി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്രത്തിനായുള്ള ക്യാമ്പയിൻ അതിന്റെ ഏറ്റവും ആക്രമണാത്മക ഘട്ടമായി  അടയാളപ്പെടുത്താം, ഇത് വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലുമുള്ള

  പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലെത്തിച്ചു.  രഥയാത്രയുടെ ഉന്മാദത്തിലേറിയുള്ള ബി.ജെ.പി.യുടെ വളർച്ച  കേവലം വർഗീയതയോ, മതമൗലികവാദമോ, മതഭ്രാന്തോ അല്ല മറിച്ച് ഇന്ത്യൻ  സ്വത്വത്തെ  പുനർനിർവചിക്കാനും, രാജ്യത്തിന്റെ ഭരണഘടനാ അടിത്തറയുള്ള ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കുവാനുള്ള  വർഗീയ ഫാസിസമാണെന്ന ശരിയായ വിലയിരുത്തൽ  ഞങ്ങൾ നടത്തിയിരുന്നു. ബാബറി മസ്ജിദ് തകർത്ത 1992- നിന്ന്  ഗുജറാത്തിൽ ഗോധ്രാ സംഭവത്തിനു ശേഷം അരങ്ങേറിയ വംശഹത്യയുടെ 2002 ലൂടെ വർഗീയ ഫാസിസത്തിന്റെ ദുഷിച്ച വ്യാപനവും ആഘാതവും നമ്മൾ  കണ്ടു കൊണ്ടിരിക്കുന്നു.

3.

വർഗീയ ഫാസിസം ഇടയ്ക്കിടെ ഉന്മാദങ്ങൾ  സൃഷ്ടിച്ച് ഒരു പരിധിവരെ വളർന്ന് പരമകാഷ്ഠ എത്തിയതിനോടൊപ്പം , അത്  വ്യാപകമായി തുറന്നുകാട്ടപ്പെട്ട് ദുർബലമാവുന്നതും  ഇടയ്ക്ക്  ഒറ്റപ്പെടുന്നതും നം കണ്ടു. ഗുജറാത്ത് വംശഹത്യയുടെ 2002ന് ശേഷം 2004 എൻഡിഎയ്ക്ക് ഇന്ത്യയിൽ ഭരണം നഷ്ടപ്പെട്ടു.

ഗുജറാത്ത് വംശഹത്യ നരേന്ദ്രമോദിയെ യുഎസിലും യൂറോപ്പിലും വിസ നിഷേധിക്കുന്ന വിധം അന്താരാഷ്ട്രതലത്തിൽ കുറ്റാരോപിതൻ  ആക്കിയിരുന്നു.  ഘട്ടത്തിൽ ആണ്

 'വൈബ്രന്റ് ഗുജറാത്തിന്റെ' ബാനറിൻ കീഴിൽ കോർപ്പറേറ്റ് ഇന്ത്യ നരേന്ദ്ര മോദിക്ക് ചുറ്റും അണിനിരന്നത് . കോർപ്പറേറ്റ് ശക്തികളുടെ  വിശ്വസ്ത പിന്തുണ അധികാരത്തിനായുള്ള  പ്രചാരണത്തിന് സംഘ പരിവാറിന്  വലിയ ശക്തിയും ആവേഗവും നൽകുകയും തുടർന്ന് 2014- വിജയത്തിലെത്തുകയും ചെയ്തു. അന്നുമുതൽ അംബാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ കോർപ്പറേറ്റ് സഖ്യത്തിൽ

അതിവേഗം വളരുന്ന അദാനി ഗ്രൂപ്പും നഷ്ടപ്പെട്ട സ്വാധീനം വേണ്ടെടുത്ത ടാറ്റയും ഉൾച്ചേർന്നു. സംഘ പരിവാറിന്റെ  ബുൾഡോസർ രാജുമായി ഒത്തുചേർന്നു അവരുടെ അധികാരം നിലനിർത്താൻ

കോർപ്പറേറ്റ് ഇന്ത്യ പണം ഒഴുക്കുന്നു, ഇതിന് പ്രതിഫലം എന്നോണം പ്രകൃതി വിഭവങ്ങൾ, രാജ്യത്തിന്റെ ധനകാര്യം,  രാജ്യത്തെ പൊതുമേഖല , അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏതാനും കോർപ്പറേഷനുകളുടെ അധീനതയിൽ ആക്കുന്നു. ഇങ്ങനെ ഇവർക്ക് വിലയേറിയ വിഭവങ്ങൾ നൽകുന്നതിനായി നിയമങ്ങളും നയ പരമായ തീരുമാനങ്ങളും  ഒന്നിനുപുറകെ ഒന്ന് എന്ന വിധത്തിൽ പാസാക്കപ്പെടുന്നു.

അങ്ങിനെ   കോർപ്പറേറ്റ് കൊള്ളയും ഫാസിസ്റ്റ് ആക്രമണങ്ങളും

പരസ്പരം പോഷിപ്പിച്ചു വളരുന്നു.

4.

ബാബറി മസ്ജിദ് തകർത്തത് വർഗീയ ഫാസിസത്തിന്റെ അധികാരപ്രാപ്തിയുടെ   ആദ്യ നിർണായക സൂചനയായി നമ്മൾ ശരിയായി വിലയിരുത്തിയിരുന്നു.

തുടർന്ന് ഇന്ത്യയിൽ ഫാസിസത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ ഒരു സുസ്ഥിരമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രചാരണം നമ്മൾ ആരംഭിച്ചു.   വികസനത്തിന്റെ പ്രതീകമായും, കുടുംബ വാഴ്ചയ്ക്കും, അഴിമതിയ്ക്കും എതിരെയുള്ള മോഹിപ്പിക്കുന്ന ബദൽ ആയിട്ടും നരേന്ദ്രമോദിയെ പുനർബ്രാൻഡിംഗ് നടത്തികൊണ്ട് കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുന്നതിനുള്ള കോർപ്പറേറ്റ് മുറവിളിയുടെ ശക്തിയിൽ ബിജെപി സാമൂഹികമായും ഭൂമിശാസ്ത്രപരമായും പുതിയ മേഖലകളിൽ അതിന്റെ സ്വാധീനം വളർത്തുന്നത്  റാഞ്ചിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ നമ്മൾ കൃത്യമായി വിലയിരുത്തിയിരുന്നു. തുടർന്ന് മോദി നേതൃത്വത്തിലുള്ള കേന്ദ്ര  ഭരണത്തിന്റെ നാല് വർഷത്തെ അനുഭവപരിചയം 2018 മാർച്ചിൽ മാൻസയിൽ  പത്താം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ഉണ്ടായിരുന്നു. ഭയപ്പെടുത്തുന്ന വിധത്തിൽ വളരുന്ന ഫാസിസത്തിന്റെ  ശക്തിയെ അംഗീകരിക്കാനോ

ഇതിനെ എല്ലാ വിധത്തിലും ചെറുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനോ സി പി (എം) നയിച്ച ഇടതു     പക്ഷത്തിലെ ചില വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രതിപക്ഷത്തിലെ ഭൂരിഭാഗം പാർട്ടികളും വിസമ്മതിച്ചു.

ചങ്ങാത്ത മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ വളർച്ചയും,  വർഗീയധ്രുവീകരണത്തിന്റെ വർദ്ധനവും, ഭരണഘടനയ്ക്കെതിരേ വർധിച്ചുവരുന്ന  ആക്രമണങ്ങളും വെവ്വേറെ കാര്യങ്ങളായി അവർ അംഗീകരിച്ചുവെങ്കിലും, പ്രവണതകളെ ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സവിശേഷതകളായി  മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല;   ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ ദുരന്തവും നാശവും വിതയ്ക്കുന്ന

ഏറ്റവും വലിയ ഭീഷണിയായി   ഫാസിസ്റ്റ് വിപത്തിനെ അവർ  വേണ്ടവിധത്തിൽ തിരിച്ചറിഞ്ഞില്ല. അതിന്റെ ഭീതിദമായി വളരുന്ന ശക്തിയും തിരഞ്ഞെടുപ്പ് വിജയങ്ങളും  ഒരു  ആധുനിക ഭരണഘടനാ റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യ  എന്ന ആശയത്തിനും അതിന്റെ നിലനിൽപ്പിനും ഉള്ള ഏറ്റവും വലിയ ഭീഷണിയായി മനസ്സിലാക്കുന്നതിൽ അവർ വീഴ്ച വരുത്തി. ഈ ഭീഷണിയുടെ യഥാർത്ഥ വളർച്ചയും സ്വഭാവവും പ്രതിഫലിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തെ വിശേഷിപ്പിക്കാൻ സ്വേച്ഛാധിപത്യം എന്ന പദത്തിനപ്പുറം പോകാൻ സി പി (എം ) വിസമ്മതിക്കുകയുണ്ടായി.

 

 

5.

  വടക്കു -കിഴക്കൻ മേഖലയിൽ അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ മുതൽ വടക്ക് ഉത്തർപ്രദേശും

 ദക്ഷിണേന്ത്യയിൽ കർണാടകയും വരെയുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി ഭരണത്തിൽ എത്തിയപ്പോഴും     രാഷ്ട്രീയ  വിലയിരുത്തലിന്റെ  കാര്യത്തിൽ മേൽപ്പറഞ്ഞ  ആശയപരമായ അവ്യക്തത തുടർന്നു. 2019 നടന്ന ലോക് സഭാ  തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ  പ്രധാന പ്രതിപക്ഷമായി ബിജെപി വളരുകയും, 2021ലെ  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ  അധികാരം പിടിച്ചെടുക്കുമെന്ന ഭീഷണിയോളം എത്തുകയും ചെയ്തു.   കേന്ദ്രവും ചില സംസ്ഥാനങ്ങളും ഭരിക്കുന്ന  ഭരണവർഗങ്ങളുടെ മറ്റൊരു പാർട്ടി എന്ന വിധം സാധാരണമായി ബി.ജെ.പിയെ കൈകാര്യം ചെയ്യുന്ന  സമീപനത്തിനു വിപരീതമായി നമ്മുടെ പാർട്ടിയുടെ മൻസാ കോൺഗ്രസ് മോദി ഭരണത്തെ ഫാസിസമായി തിരിച്ചറിഞ്ഞു. ഫാസിസ്റ്റ് ആക്രമണങ്ങൾ വര്ധിച്ചുവരുന്നതും അത്തരം മാതൃകകൾ ദൃഢീകരിക്കപ്പെടുന്നതും  തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി നിശ്ചയദാർഢ്യത്തോടെയുള്ള   ചെറുത്തുനിൽപ്പിന് നമ്മൾ  ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിന്റെ വേദികളിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ വിശാലാടിസ്ഥാനത്തിലുള്ള ഐക്യത്തിന്റെ  സാധ്യതകൾ ആരായാനും, ബിജെപി വിരുദ്ധ വോട്ടുകളുടെ വിഭജനം തടയാനും ഉള്ള സമീപനങ്ങൾക്കായി നാം നിലകൊണ്ടു. നിർ ലജ്ജമായ  ചങ്ങാത്ത മുതലാളിത്തവും സാമ്രാജ്യത്വവിധേയത്വവും സമന്വയിപ്പിച്ചാണ്  ഇന്ത്യൻ ഫാസിസം ആക്രമണോത്സുകമാകുന്നത്. ഭൂരിപക്ഷമാത്ര വാദം (majoritarianism),  ഭരണഘടന പൊളിച്ചെഴുതൽ,

 ജനാധിപത്യത്തെ തകർക്കൽ, വിയോജിപ്പിനോടും, എതിർ പ്രത്യയശാസ്ത്രങ്ങളോടുമുള്ള അസഹിഷ്ണുതയും ആക്രമണങ്ങളും, ഒപ്പം മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ദളിതരേയും നിരന്തരം ആക്രമിക്കുന്ന ജാതീയവും പുരുഷാധിപത്യ മൂല്ല്യങ്ങൾ പേറുന്നതുമായ ഹൈന്ദവ മേധാവിത്ത സംഘടനകളുടെ ആക്രമണ പരമ്പരകളായി  ഇവയെ  സ്വകാര്യമായി സംഘടിപ്പിച്ചും ഇത് ഭീകരമായി മാറിക്കഴിഞ്ഞു. സംഘ പരിവാറിന്റെയും  മോദി ഭരണത്തിന്റെയും തുടർച്ചയായഫാസിസ്റ്റ് ആക്രമണങ്ങൾ

 ഇപ്പോൾ പരക്കെ അറിയപ്പെടുന്നത് അപ്രഖ്യാപിതവും എന്നാൽ സർവവ്യാപിയും ശാശ്വതവുമായ

 അടിയന്തരാവസ്ഥ എന്നാണ്. എന്നാൽ അതോടൊപ്പം തന്നെ,  ബഹുജന പ്രതിഷേധത്തിന്റെ ബദൽ സാദ്ധ്യതയും  വളരുന്നുണ്ട് .  സാദ്ധ്യതയെ നാം ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിനുള്ള പ്രവാഹ ശക്തിയാക്കി മാറ്റണം.

 

 

 6.

പ്രതിലോമപരമായ പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രവണതയുള്ളതും തീവ്രദേശീയത പേറുന്നതുമായ ബഹുജന പ്രസ്ഥാനമായി ഫാസിസം  20-)0  നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ രൂപപ്പെട്ട് തുടങ്ങി.  ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ  ആദ്യ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയത്തിന് പിന്നാലെ , 1917 നവംബറിൽ USSR എന്ന പേരിൽ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ഉദയത്തിനും നാം സാക്ഷ്യം വഹിച്ചു.  എന്നാൽ അഞ്ചു വർഷത്തിന് ശേഷം  ഇറ്റലിയിൽ ആദ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഉദയം കൊണ്ടു.  ഇറ്റലിക്ക് ശേഷം സ്പെയിനിലും ജർമ്മനിയിലും അധികാരം പിടിച്ചെടുക്കുന്നതിലും ഫാസിസം വിജയിച്ചു. തുടർന്ന് സോഷ്യലിസത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനും ആകർഷണത്തിനും സംഘടനയ്ക്കും എതിരായ ഒരു ശക്തിയായി യൂറോപ്പിലുടനീളം അതു വളർന്നു. പ്രവണത തെക്കും വടക്കുമുള്ള  അമേരിക്കയിലും ഇന്ത്യ ഉൾപ്പെടെ ഏഷ്യയിലും പടർന്നു. അങ്ങിനെ ഇന്ത്യയിൽ ഫാസിസം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രൂപത്തിൽ വേരൂന്നി. 

 1857-നു ശേഷം രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങളിൽ ഫാസിസ്റ്റുകൾ ഇന്ത്യൻ   ചരിത്രം തിരുത്തിയെഴുതാൻ  ശ്രമിച്ചു . ഹിന്ദുക്കളും  'കടന്നാക്രമണ'ക്കാരായ മുസ്ലീങ്ങളും  തമ്മിലുള്ള നിരന്തര സംഘർഷമായി  ഇന്ത്യൻ ചരിത്രത്തെ അപനിർമിച്ചുകൊണ്ട്  ആർഎസ്എസ് എന്ന സംഘടനയ്ക്ക് അവർ രൂപം നൽകി.

 

 

 7.

രണ്ടാം ലോകമഹായുദ്ധ കാലത്ത് സാർവദേശിയമായി

 ഫാസിസത്തിനെതിരായ ആഗോള സൈനിക പോരാട്ടം നടക്കുകയും

 ഇറ്റലിയിലെയും ജർമ്മനിയിലെയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു  സാർവദേശീയ തലത്തിൽ  വൻതോതിലുള്ള തോൽവിയും വിശ്വാസ്യതാ നഷ്ടവും നേരിടുകയും ചെയ്തു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും നിയമവിരുദ്ധമാക്കുന്നത് വ്യാപകമായി.  ഫാസിസത്തിന്റെ സൈനിക പരാജയം സവിശേഷ  ചരിത്ര സാഹചര്യങ്ങളുടെയും രണ്ടാം ലോകയുദ്ധത്തിന്റെ വഴിച്ചാലുകളുടെയും ഉൽപ്പന്നമായിരുന്നു.    ഇന്ത്യൻ ഫാസിസവുമായുള്ള നമ്മുടെ ഇപ്പോഴത്തെ അഭിമുഖീകരണത്തിന്റെ സന്ദർഭത്തിൽ ,  രണ്ടാം ലോകമഹായുദ്ധത്തിൽ സാർവദേശിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനാം ആർജ്ജിച്ച അനുഭവങ്ങളും ഉൾക്കൊണ്ട പാഠങ്ങളും ഇപ്പോഴും  പ്രസക്തമാണ്.

 

8

അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ 1920 കളുടെ തുടക്കം മുതൽ തന്നെ ഫാസിസത്തെക്കുറിച്ചുള്ള ചർച്ചയുടെ അടിയന്തിര പ്രാധാന്യം വളർന്നു. പക്ഷേ  ഇത് ഉയർത്തിയിരിക്കുന്ന ഭീഷണിയുടെ തീവ്രത മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. ഇറ്റലിയെക്കുറിച്ചുള്ള അന്റോണിയോ ഗ്രാംഷിയുടെ 1920-ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിനുള്ള റിപ്പോർട്ടിൽ ഇറ്റലിയിൽ പിന്തിരിപ്പത്തിന്റെ വളർച്ച വിലയിരുത്തിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ മുസ്സോളിനി യഥാർത്ഥത്തിൽ അധികാരം പിടിച്ചെടുത്തപ്പോൾ അതിനെ ഒരു താൽക്കാലിക പ്രതിഭാസം  മാത്രമായി ഗ്രാംഷി കണ്ടില്ല എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം കാർഷിക ബൂർഷ്വാസിയുടെ പ്രതികരണമായാണ് ഇറ്റാലിയൻ ഫാസിസത്തെ അദ്ദേഹം  കണ്ടത്.  വ്യാവസായിക ബൂർഷ്വാസിയ്ക്കും മുസ്സോളിനിക്കൊപ്പം അണിനിരക്കാൻ കഴിയുമെന്ന് ഗ്രാംഷി കണക്കുകൂട്ടിയിരുന്നില്ല.  ഫാസിസത്തെക്കുറിച്ചുള്ള ആദ്യത്തെ കോമിന്റേൺ റിപ്പോർട്ട് 1923 ജൂൺ മാസത്തിൽ അതിന്റെ എക്സിക്യൂട്ടീവിന്റെ മൂന്നാം പ്ലീനത്തിൽ  ക്ലാര സെറ്റ്കിൻ അവതരിപ്പിച്ചതാണ്. ഫാസിസം ആർജ്ജിച്ച  സാമൂഹിക സ്വാധീനത്തിനെസൈനികമായി  മാത്രം  പരാജയപ്പെടുത്താൻ കഴിയില്ല, അതിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നിലംപരിശാക്കേണ്ടതുണ്ട് " എന്നും ക്ലാര ചൂണ്ടിക്കാട്ടി. , ഓരോ രാജ്യത്തും നിർദ്ദിഷ്ട സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഫാസിസത്തിന്റെ വ്യത്യസ്ത സവിശേഷതകൾ അംഗീകരിക്കുമ്പോൾ തന്നെ,  പ്രധാനപ്പെട്ട രണ്ട് പൊതുപ്രവണതകളെ ഫാസിസത്തിന്റെ സവിശേഷതകൾ ആയി റിപ്പോർട്ട് എടുത്തുകാട്ടി :  വിശാലമായ ബഹുജന സാമൂഹത്തിന്റെ  മാനസികാവസ്ഥകൾ, താൽപ്പര്യങ്ങൾ, ആവശ്യങ്ങൾ ഇവയുമായി കൗശലപൂർവ്വം സംയോജിപ്പിക്കപ്പെടുന്ന ഒരു കപട വിപ്ലവ പരിപാടി ആണ് അതിലൊന്ന് ; രണ്ടാമത്തേത്  ക്രൂരവും അക്രമാസക്തവുമായ ഭീകരതയുടെ ഉപയോഗം.


 

         

9.

 കോമിന്റേൺന്റെ 1935- നടന്ന    ഏഴാമത്തേതും അവസാനത്തേതുമായ ചരിത്ര പ്രാധാന്യമുള്ള കോൺഗ്രസ് ഫാസിസത്തെക്കുറിച്ചുള്ള ഒരു സമഗ്രമായ വിശകലനവും അടവുപരമായ സമീപനത്തെ കുറിച്ചുള്ള ഗൗരവകരമായ നിലപാടും അവതരിപ്പിച്ചു.  റൈക്സ്റ്റാഗ് കത്തിച്ചെന്ന വ്യാജാരോപണത്തെ തുടർന്നുള്ള ലൈപ്സിഗ് വിചാരണയിൽ സ്വയം വാദിച്ചു കുറ്റവിമുക്തനായി പ്രസിദ്ധനായ ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് നേതാവ് ജ്യോർജ്ജി ദിമിത്രോവാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഏറ്റവും പിന്തിരിപ്പനായ   സാമ്രാജ്യത്വ സ്വഭാവമുള്ളതും , മറയില്ലാത്ത ഭീകര സ്വേച്ഛാധിപത്യത്തിലധിഷ്ഠിതവും, തീവ്ര ദേശീയവാദപരവും , ഫൈനാൻസ് മൂലധന ശക്തികളുടെ സൃഷ്ടിയും ആയ ഒന്നായിട്ടാണ്  ഫാസിസ്റ്റ് ഭരണകൂടത്തെ ദിമിത്രോവ് നിർവചിച്ചത്. ഒരു ബൂർഷ്വാ ജനാധിപത്യ ക്രമത്തിനുള്ളിൽ തന്നെ ഫാസിസ്റ്റ് ആശയങ്ങളും  ശക്തികളും  വളർന്നുവരാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്ന വിശകലനം ആയിരുന്നു അത്.   ഒരു ബൂർഷ്വാ  ഗവണ്മെന്റിൽ നിന്നും മറ്റൊരു ഗവണ്മെന്റിലേക്കുള്ള സാധാരണ ഭരണമാറ്റം മാത്രമായി ഫാസിസ്റ്റുകളുടെ  ഭരണാരോഹണത്തെ കാണരുതെന്നുള്ള മുന്നറിയിപ്പാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമർപ്പിക്കപ്പെട്ടത്. എന്നിരുന്നാലും ദിമിത്രോവ് റിപ്പോർട്ട് ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ പ്രാരംഭ ഘട്ടത്തിലെ അധികാര കേന്ദ്രീകരണത്തിൽ മാത്രമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

  ഫാസിസത്തിൻ കീഴിൽ  ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും സ്വഭാവത്തിൽ തുടർന്ന്  ഉണ്ടാവുന്ന മാറ്റങ്ങളിൽ ദിമിത്രോവ്  കൂടുതൽ ശ്രദ്ധയൂന്നിയിരുന്നില്ല. സെമിറ്റിക്ക് / യഹൂദ വിരുദ്ധതയ്ക്ക്  ക്രൂരത നിറഞ്ഞ നാസി പദ്ധതിയിൽ ഉള്ള  കേന്ദ്ര സ്ഥാനം സംബന്ധിച്ച  പ്രാരംഭ തെളിവുകളിലോ , ഒപ്പം ബഹുജനങ്ങളെ ആക്രമണോത്സുകരാക്കുന്ന ഫാസിസ്റ്റുകളുടെ സംഘാടന ശൈലിയിലോ നീക്കങ്ങളിലൊ റിപ്പോർട്ട്  വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല.

 

 

 10.

 ആറ് ദശലക്ഷത്തിൽ കുറയാത്ത ജൂതന്മാരെ കൊന്നൊടുക്കിയ  ഹോളോകോസ്റ്റ് പദ്ധതിയുടെ ഞെട്ടിപ്പിക്കുന്ന ഭീകരതയെക്കുറിച്ച്  ലോകം തിരിച്ചറിഞ്ഞത് 1945- ഹിറ്റ്ലറുടെ പരാജയത്തിനു ശേഷം ആയിരുന്നു.  'ആഭ്യന്തര ശത്രുക്കൾ' ആയി നാസി ജർമ്മൻ ഭരണകൂടം ചാപ്പ കുത്തിയവർ ആണ് ഹോളോകാസ്റ്റിന് ഇരകൾ ആയത് ( യഹൂദർ ,നാടോടി സമൂഹങ്ങൾ,

 കമ്മ്യൂണിസ്റ്റുകാർ, സ്വവർഗാനുരാഗികൾ ഇവരായിരുന്നു ഭരണകൂടത്തിന്റെ പ്രധാന ശത്രുക്കൾ ആയി മുദ്രയടിക്കപ്പെട്ടവർ ).  ജനാധിപത്യത്തെ സമ്പൂർണമായി തകർത്തും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ആണ്   മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കെതിരായുള്ള വംശഹത്യാ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനും  നടപ്പാക്കാനും  സാഹചര്യമൊരുക്കിയത് . നാസി ജർമ്മനിയുടെ അനുഭവം ഫാസിസത്തിന്റെ ഭീകരതയെക്കുറിച്ച് ആഗോള തലത്തിൽ  അവബോധം സൃഷ്ടിച്ചു,  ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് ശക്തികൾ

 പരാജയപ്പെടുകയും, അപലപിക്കപ്പെടുകയും, പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ആർ.എസ്.എസ്, ഹിന്ദു മഹാസഭ തുടങ്ങിയ ഹിന്ദുത്വ സംഘടനകൾ സ്വാതന്ത്ര്യ സമര കാലത്ത്

  ഒരു നാമമാത്ര സാന്നിധ്യമായി മാത്രം തുടർന്നു. രാജ്യ വിഭജനത്തിന്റെ ആഘാതമുണ്ടായിട്ടും ആർഎസ്എസിന് പിന്തുണ ആർജ്ജിക്കാനായില്ല, അങ്ങിനെ സ്വാതന്ത്ര്യാനന്തരം ഇന്ത്യ അതിന്റെ ഭരണഘടനാ ചട്ടക്കൂട് രൂപീകരിച്ച് പാർലമെന്ററി ജനാധിപത്യ രാജ്യമായി മാറി. ഭരണഘടനയേയും, ദേശീയ പതാകയേയും അന്ന് എതിർത്തിരുന്ന  ആർ എസ് എസ് , ഗാന്ധിയുടെ കൊലപാതകത്തിലൂടെ ശ്രമിച്ചത് ശൈശവ ദശയിലുള്ള റിപ്പബ്ലിക്കിനെ അസ്ഥിരപ്പെടുത്താൻ ആയിരുന്നു. തുടർന്ന് , ആർഎസ്എസ് സംഘടനാപരമായും, ആശയപരമായും  ഒറ്റപെടുകയും, പരക്കേ  അപലപിക്കപ്പെടുകയുംചെയ്തു.  ഇന്ത്യയുടെ പ്രഥമ  ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ 1948 ഫെബ്രുവരി മുതൽ 1949 ജൂലൈ വരെ ആർഎസ്എസിനെ നിരോധിച്ച സമയത്ത്  "രാജ്യത്തിലെ വിദ്വേഷത്തിന്റെയും തിന്മയുടെയും ശക്തികളെ വേരോടെ പിഴുതെറിയാൻ" ആഹ്വാനം ചെയ്തു. ഇന്ന് ആർഎസ്എസും മോദി സർക്കാരും സ്വന്തമാക്കാൻ  കഠിനമായി ആഗ്രഹിക്കുന്നത്  അതേ സർദാർ പട്ടേലിനെയാണ് !

സ്വാതന്ത്ര്യാനന്തരം  ആർ എസ് എസ്സിന്റെ ഒറ്റപ്പെടലിന്റെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിന് ശേഷമുള്ള ചരിത്രത്തിലേക്ക്  തിരിഞ്ഞു നോക്കുമ്പോൾ,  ഭരണത്തിൽ ഇരുന്ന കോൺഗ്രസും  മിക്ക കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളും പല സന്ദര്ഭങ്ങളിലും ആർഎസ്എസിനോടും   അതിന്റെ രാഷ്ട്രീയ അനുബന്ധ സംഘടനകളോടും (അത് ഭാരതീയ ജനസംഘമായിക്കോട്ടെ തുടർന്നുള്ള ഭാരതീയ ജനത പാർട്ടി ആവട്ടെ ) മൃദുസമീപനം പുലർത്തുകയായിരുന്നുവന്നു കാണാൻ കഴിയും. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പ്പോലും ഉല്ലംഘിച്ചുകൊണ്ട് കൂടുതൽ  ശക്തിയാർജ്ജിച്ചു തിരിച്ചുവരാനും കുതിച്ചുയരാനും

ആർ എസ്സ് എസ്സിനും  അനുബന്ധ സംഘടനകൾക്കും സാധിച്ചത്, പ്രത്യേകിച്ച് അയോധ്യ പ്രക്ഷോഭവും ബാബറി മസ്ജിദ് തകർക്കലും നടന്ന കാലം മുതൽ കൂടുതൽ പ്രകടമായിരുന്ന മേൽപ്പറഞ്ഞ മൃദുസമീപനത്തിന്റെ ഫലമായിട്ടാണ്.

 

 

 11.

  1920-നും 1940-നും ഇടയിലുള്ള കാലഘട്ടത്തെപ്പോലെ ഒരിക്കൽ കൂടി ഫാസിസം ഒരു സാർവ്വദേശീയ    പ്രവണതയായി ഉയർന്നുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ ലോകമഹായുദ്ധവും തൽഫലമായുണ്ടായ തീവ്ര ദേശീയവാദത്തിന്റെയും പ്രതിലോമകരമായ  രാഷ്ട്രവാദത്തിന്റെയും കാലാവസ്ഥയും ,  ഒപ്പം മഹാമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും നിരാശയുമാണ് ഫാസിസത്തിന്റെ ഉദയത്തിനു കാരണമായത്. യൂറോപ്പിലുടനീളം സോഷ്യലിസത്തിന്റെ വ്യാപന 'ഭീഷണി' പല രാജ്യങ്ങളിലെയും ബൂർഷ്വാസിയെ ഫാസിസത്തിലെത്തിച്ചു. ഇന്ന് വീണ്ടും ആഗോള മുതലാളിത്തം ആഴത്തിലുള്ള പ്രതിസന്ധിയിലും, അനിശ്ചിതത്വത്തിലും മുങ്ങിയിരിക്കുന്നു.അത് യുദ്ധത്തിലൂടെയും, ബൂർഷ്വാ ജനാധിപത്യത്തെ ആഴത്തിൽ തകർത്തും, ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെടുത്തിയും, ഇതിൽ നിന്നും പുറത്തേക്കുള്ള ഒരു വഴി തേടുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫാസിസത്തിന്റെ സവിശേഷതകൾക്ക് സമാനമായി ഇപ്പോഴും ഫാസിസം വിവിധ രാജ്യങ്ങളിൽ അതിന്റെ ദേശീയമായ പ്രത്യേകതകൾ പ്രദർശിപ്പിക്കുന്നു.  ഇന്ത്യൻ സാഹചര്യം സവിശേഷമായിത്തീരുന്നത് ആർഎസ്എസിന്റെ മുഖ്യപങ്കിലാണ്, അത്  ഏകദേശം ഒരു നൂറ്റാണ്ടോളമായി ഫാസിസ്റ്റ് പദ്ധതിയെ പരിപോഷിപ്പിക്കുന്ന  കേന്ദ്രമായിരുന്നു. ഇന്ത്യയിലെ ഫാസിസത്തിന്റെ രംഗപ്രവേശത്തിൽ  പ്രധാന പങ്ക് വഹിച്ചത് ഇന്ത്യയുടെ  ആഭ്യന്തര സംഭവവികാസങ്ങളാണെങ്കിലും നിലവിലെ സാർവ്വദേശീയ സാഹചര്യങ്ങൾ   അതിന് തന്ത്രപരമായ പിന്തുണയും, സാധുതയും നൽകിക്കൊണ്ട്  അതിനെ താങ്ങിനിർത്തുന്നതിൽ പങ്കെടുക്കുന്നുണ്ട്. 


12 
മോദി ഭരണത്തിന് നാസി ജർമ്മനിയുമായുള്ള  സമാനതകൾ

 കഴിഞ്ഞ രണ്ടു ദശകങ്ങളായി അത് വികസിച്ചു വന്ന രീതിയിൽത്തന്നെ പ്രകടമാണ്.  ആദ്യം ഗുജറാത്തിൽ ഒരു വംശഹത്യയിലൂടെയും നിയമബാഹ്യമായ  ഭീകരതയും ഹിംസയും വ്യാപകമായി പ്രയോഗിച്ചും

അധികാരം ഉറപ്പിച്ചതും ,  തുടർന്ന് 2014 മുതൽ അഖിലേന്ത്യാ തലത്തിൽ പ്രസ്തുത  ഗുജറാത്ത് മോഡൽ പകർത്തിയതും അത്  വ്യക്തമാക്കുന്നു.  സമാനതകൾ ഹിറ്റ്ലറുടെയും മോദിയുടെയും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന  ശൈലികളിലും, സവിശേഷതകളിലും മാത്രം ഒതുങ്ങുന്നില്ല .  നുണകളിൽ അധിഷ്ഠിതമായ പ്രചാരണവും,  ഒപ്പം പെട്ടെന്നുള്ള വിജയം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള  തീവ്ര സൈനിക സ്വഭാവമുള്ള കാമ്പെയിനും അതിൽ  ഉൾപ്പെടുന്നു. ഏറ്റവും പ്രധാനമായി രണ്ട് ഭരണകൂടങ്ങളുടെയും പ്രത്യയശാസ്ത്രപരവും  രാഷ്ട്രീയവും നിയമപരവും  നിയമനിർമ്മാണപരവും ആയ  പ്രവർത്തന ചട്ടക്കൂടിന്റെ പൊതുവായ സവിശേഷതകൾ കാണാം.  . നാസി ജർമ്മനിയുടെ സെമിറ്റിക് വിരുദ്ധ (യഹൂദ വിരുദ്ധ) പ്രചാരണം ഹോളോകോസ്റ്റിന്റെ ഭീകരതയിലേക്ക് നയിക്കുംവിധം വെറുപ്പ് പടർത്തുകയും അങ്ങിനെ ഏകദേശം 60 ലക്ഷം ജൂതന്മാരെ ഉന്മൂലനം ചെയ്യുകയും ചെയ്തു. ഇത് സാധ്യമായത് വിദ്വേഷ പ്രചരണത്തിലൂടെയും, യഹൂദരിൽനിന്നും അവകാശങ്ങൾ എടുത്തുകളയുന്നത്  ലക്ഷ്യം വച്ചുള്ള നിയമനിർമ്മാണങ്ങൾ വഴിയുമാണ്.

"കുപ്രസിദ്ധമായ ന്യൂറംബർഗ് നിയമങ്ങൾ" നിയമപരമായും, സാമൂഹികമായും യഹൂദർക്കുള്ള പരിരക്ഷകൾ ഇല്ലാതാക്കി അവരെ ദുർബലരാക്കി. അങ്ങിനെ ദുർബലരാക്കപ്പെട്ടവരെ ജർമ്മൻ ഭരണകൂടവും, ഒപ്പം ജാഗ്രതാ സ്ക്വാഡുകളും ക്രൂരമായ ആക്രമണങ്ങൾക്കും വംശഹത്യയ്ക്കും വിധേയമാക്കി. തികച്ചും സമാനമായ വിധമാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഒരു കൂട്ടം നിയമനിർമ്മാണങ്ങളും, ഭരണപരമായ നടപടികളും വഴി ചിട്ടയായ സജ്ജീകരണങ്ങളാൽ   മുസ്ലീം സമൂഹത്തെ കൂട്ടത്തോടെ ലക്ഷ്യമിടുന്ന മോദി  ഭരണം പ്രവർത്തിക്കുന്നത് . അത് മുസ്ലീം സമൂഹത്തിന്റെ ഉപജീവനമാർഗം (കന്നുകാലി കച്ചവടം, ഇറച്ചിക്കടകൾ എന്നിവ നിരോധിക്കുന്നത് പോലെ); മതസ്വാതന്ത്ര്യം (മതപരിവർത്തനം നിരോധിക്കൽ, മസ്ജിദുകൾ പൊളിക്കൽ, ഹിജാബ് നിരോധനം, വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹത്തിന്റെ ക്രിമിനൽവൽക്കരണം, ഏകീകൃത സിവിൽ കോഡ്, പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധനം); പൗരത്വനിയമ ഭേദഗതി  (സിഎഎ മുസ്ലിംങ്ങളോട് വ്യക്തമായി വിവേചനം കാണിക്കുന്നു); ഒപ്പം നിലനിൽപ്പിന്റെ അടിസ്ഥാന  സുരക്ഷിതത്വം നിഷേധിക്കൽ  (മുസ്ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കൽ, ആൾക്കൂട്ടക്കൊലപാതകങ്ങൾ, വംശഹത്യക്കായുള്ള തുറന്ന ആഹ്വാനങ്ങൾ,  പ്രാദേശിക അക്രമ സംഭവങ്ങൾ) ഇവയുടെയെല്ലാം വർദ്ധനയിലൂടെ പ്രകടമാവുന്നു .

 

13.

  സാമ്രാജ്യത്വ രാജ്യങ്ങളിലെ ഫാസിസവുമായി നിരവധി സമാനതകൾ നിലനിൽക്കുന്നെങ്കിലും,സാമ്രാജ്യത്വ ചൂഷണത്തിന് ഇപ്പോഴും വിധേയമായി തുടരുന്ന ഒരു മുൻ കോളനി രാജ്യത്തെ ഫാസിസത്തിന് അനിവാര്യമായും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉണ്ട്. ആഗോള മൂലധനശക്തികളും   സാമ്രാജ്യത്വവുമായി സമഗ്രമായി സംയോജിച്ച തദ്ദേശ ശതകോടീശ്വര മുതലാളിമാരും ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുന്നു. അതിനാൽ യൂറോപ്പിലെ ഫാസിസത്തിന്റെ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യങ്ങളിലെ  ഭൂരിപക്ഷ സമുദായങ്ങൾ രാഷ്ട്രത്തിലെ ഉത്തമപൗരർ ആയി ചിത്രീകരിക്കപ്പെടുമ്പോഴും അവർ   സാമ്പത്തിക ഗുണഭോക്താക്കൾ ആകുന്നില്ല. പകരം അവർക്ക് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മുദ്രയടിക്കപ്പെട്ടവർക്കെതിരെ നിത്യേനയുള്ളതും  വർദ്ധിച്ചുവരുന്നതുമായ  ആക്രമണ ങ്ങളുടെ കാഴ്ചകൾകൊണ്ട് അവർ തൃപ്തരാവുമെന്ന് പ്രതീക്ഷിക്കപ്പെടുകയാണ്. കൂടാതെ, നിയോ ലിബറലിസത്തിന്റെ വർത്തമാന ആഗോള പശ്ചാത്തലത്തിൽ മൂലധനം അത്യധികം

ആക്രമണോൽസുകത നേടുകയും , ഒപ്പം പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാൽ അത് തൊഴിലാളി പ്രസ്ഥാനങ്ങൾ നേടിയെടുത്ത നേട്ടങ്ങളെ പിടിച്ചുപറിയിലൂടെ ഇല്ലാതാക്കുന്നു. ഭൂമി കൈയേറ്റങ്ങൾക്കും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനും ഒപ്പം ,   സ്വകാര്യവൽക്കരണത്തിന്റെ വലിയ ക്യാമ്പെയിനുകൾ നടത്തി പൊതു ഉടമസ്ഥതയിൽ അവശേഷിക്കുന്ന വിഭവങ്ങളും കൈക്കലാക്കുന്നു. മോദിയെപ്പോലുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് തഴച്ചുവളരാൻ കഴിയുന്ന  വളക്കൂറുള്ള  മണ്ണാണ് ഇത് എന്നതിനാൽ ,  അന്താരാഷ്ട്ര വേദിയിൽ  ഉയരാൻ സാധ്യതയുള്ള ഏത്   എതിർപ്പിനെയും  ഒറ്റപ്പെട്ട തലത്തിൽ പരിമിതപ്പെടുത്താൻ മേൽപ്പറഞ്ഞ  പ്രക്രിയകൾ കൂടുതൽ സുഗമമാക്കി കൊണ്ട് മോദിയ്ക്ക് കഴിയും. ഗുജറാത്തിൽ 2002 നടന്ന വംശഹത്യക്ക് ശേഷം മുഖ്യമന്ത്രിയെന്ന നിലയിൽ മോദി  നേരിട്ട പരിമിതമായ വിലക്കുകൾ പോലും വർധിച്ച സഹകരണവും സ്വീകാര്യതയുമായി  മാറുംവിധമാണ് നിലവിലെ അന്താരാഷ്ട്ര ക്രമം പ്രവർത്തിക്കുന്നത്.

 

  14.

  രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ചാപ്പയടിക്കപ്പെട്ടവർക്കെതിരെ ബഹുജന ഉന്മാദത്തെ വളർത്തുകയാണ്  ഫാസിസം ചെയ്യുന്നത് . ഭരണകൂടത്തിനും, രാഷ്ട്രത്തിനും, നാഗരികതയ്ക്കും, സംസ്കാരത്തിനും, എന്തിന് പൊതു ക്രമത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും താത്പര്യങ്ങൾക്ക് പോലും ഭീഷണിയായി ചിത്രീകരിച്ച് അവർ അപനിർമ്മിക്കപ്പെടുന്നു. ഫാസിസത്തിന്റെ വക്താക്കൾ  ഒരേസമയം ഇരകളായും, വ്ര ണപ്പെട്ടവരായും ഭാവിക്കുകയും അഭിമാനത്തിന്റെയും മേൽക്കോയ്മയുടെയും അവകാശവാദങ്ങൾ  ഉയർത്തുകയും ചെയ്യും. ഒപ്പം , ഒരു സുവർണ്ണ ഭൂതകാലത്തിന്റെ മിഥ്യയും മഹത്തായ  ഭാവിയെ കുറിച്ചുള്ള സ്വപ്നവും നിരന്തരമായി വിളിച്ചോതും. ഇന്ന് ഇന്ത്യയിൽ ഇത് തികച്ചും വ്യവസ്ഥാപിതമായിത്തന്നെ സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയും. വേദയുഗത്തെ വിജ്ഞാനത്തിന്റെ പരകോടിയായി വിശേഷിപ്പിക്കാൻ സംഘപരിവാർ നിരന്തരം 'വ്യാജ ചരിത്രം' നിർമ്മിക്കുകയും, ഭരണഘടനാപരമായ റിപ്പബ്ലിക്കിനേക്കാൾ  ഉപരി , സാംസ്കാരിക - നാഗരികതാ സ്വത്വം ഇന്ത്യ  പേറുന്നതായി അവതരിപ്പിക്കുക്കുകയും ചെയ്യുന്നു. ഇന്ത്യയെ 'അഖണ്ഡ ഭാരതം' ആക്കി മാറ്റും എന്ന വാഗ്ദാനത്തോടെ നിലവിലെ ഇന്ത്യയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, മാത്രമല്ല

 പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ, തെക്ക് ശ്രീലങ്ക, വടക്ക്  ടിബറ്റ് - നേപ്പാൾ - ഭൂട്ടാൻ, കിഴക്ക് മ്യാൻമറും ഉൾപ്പെടുന്ന ഒരു സൂപ്പർ പവർ പദവിയെപ്പറ്റിയുള്ള വായ്ത്താരികളുടെ അകമ്പടിയോടെ മോദിയെ  'വിശ്വ ഗുരു' ആയി വിശേഷിപ്പിക്കുന്നു.  സോഷ്യലിസത്തിന്റെ ജനകീയ ആകർഷണം മുതലെടുക്കാൻ ഹിറ്റ്ലർ

  ഫാസിസത്തെ ദേശീയ സോഷ്യലിസ്റ്റ് മാതൃക ആയി അവതരിപ്പിച്ചു, സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ജനാഭിലാഷത്തെ ആർഎസ്എസും ബിജെപിയും ഉപയോഗിക്കുന്നത്

  ഫാസിസത്തെ പുതിയ സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും മാതൃകയായി അവതരിപ്പിച്ചു കൊണ്ടാണ്. ബി.ജെ.പി വായ്ത്താരിയായആത്മനിർഭർ ഭാരതത്തിന്സ്വശ്രയത്വത്തിന്റെ  സാമ്പത്തിക ഉള്ളടക്കം അല്ലാ ,  മറിച്ച്   'മേക്ക് ഇൻ ഇന്ത്യ' എന്ന പേരിൽ ആഗോളമൂലധനത്തിന് ഇന്ത്യയെ വാടകയ്ക്ക് നൽകാനുള്ള ആഗ്രഹം മാത്രമാണ്  ഉള്ളത്.

 

  15.

അതുപോലെ, ബി.ജെ.പി കൊളോണിയൽ വിരുദ്ധ വാചാടോപങ്ങൾ മുഴക്കുന്നുണ്ട്, പക്ഷെ ഇത്

  കോർപ്പറേറ്റ് ആധിപത്യത്തിനോ സാമ്രാജ്യത്വത്തിനോ എതിരായല്ല ലക്ഷ്യം വെക്കുന്നത് ,  മറിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങൾക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയുമാണ്.   ഇസ്ലാമോഫോബിയയുടെ ആഗോള കാലാവസ്ഥ ഉപയോഗപ്പെടുത്തി വ്യാജമായ ഭീതിയും ആശങ്കകളും  സൃഷ്ടിക്കുന്നു.  അതായത് അനിയന്ത്രിത ജനന നിരക്ക്, കുടിയേറ്റം, നുഴഞ്ഞുകയറ്റം മാർഗങ്ങളാൽ മുസ്ലീങ്ങൾ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കുമെന്ന  തെറ്റിധാരണ പരത്തൽ അതിന്റെ ഭാഗമാണ്.

ജർമ്മനി നാസി മോഡലിലൂടെ വംശീയ വിശുദ്ധി കൈവരിക്കാൻ ശ്രമിക്കുകയും , ഒരു വംശീയ ഉട്ടോപ്യ സാധിതമാക്കാൻ ആസൂത്രിത വംശഹത്യകളിലൂടെയുള്ള വംശീയ ഉന്മൂലനം,

 കൂട്ട വന്ധ്യംകരണം, ജനിതക രോഗമുള്ളവരെയും വികലാംഗരേയും ദയാവധത്തിന് വിധേയമാക്കൽ, ഒപ്പം

 ജർമ്മൻ വംശത്തിനെ 'ജനിതകമായി മെച്ചപ്പെടുത്താൻ' യൂജെനിക് എഞ്ചിനീയറിംഗ് പോലും, പരീക്ഷിച്ചുകൊണ്ടാണ് ഫാസിസ്റ്റ് അജൻഡ  നടപ്പിലാക്കിയത്. വർത്തമാന ഇന്ത്യയിൽ ഭരണകൂട ആശിർവാദത്തോടെ വംശഹത്യക്കും, വന്ധ്യംകരണങ്ങൾക്കും, ക്യാമ്പുകൾക്കുമുള്ള ആഹ്വാനങ്ങളും ഇവ ഉടൻ ഉണ്ടാകാനിടയുണ്ടെന്ന അനിഷേധ്യമായ മുന്നറിയിപ്പുകളും, ലക്ഷണങ്ങളും ഒരു യാഥാർത്ഥ്യമാണ്. നാസി ജർമ്മനി മാത്രമല്ല , വംശീയതയിൽ ഇസ്രായേലിന്റെ മാതൃകയും മോദി ഭരണത്തെ വളരെയധികം ആകർഷിക്കുകായും സ്വാധീനിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ  ദേശീയ സുരക്ഷാ നയം ഇസ്രായേലിന്റെ സൈന്നിക സിദ്ധാന്തത്തെയും, നിരീക്ഷണ സമ്പ്രദായങ്ങളെയും (surveillance techniques) അനുകരിക്കുന്നു.  സയണിസ്റ്റ് കടന്നുകയറലിന്റെ ഇസ്രായേലി നയത്തോട് പ്രത്യയശാസ്ത്രപരമായ നേർ സാമ്യവും ഹിന്ദുത്വം കാണിക്കുന്നു.  ഇസ്രായേലിന്റെ പാലസ്തീൻ വിരുദ്ധതയ്ക്ക് വിമർശനം ഉണ്ടാകുമ്പോൾ വിമർശനത്തെ യഹൂദ വിരുദ്ധതയായി വിശേഷിപ്പിക്കും പോലെ 

മോദി ഭരണത്തിനെതിരായ വിമർശനങ്ങളെ ഭരണകൂടവും

 ആർഎസ്എസും ഹിന്ദുഫോബിയ എന്ന പദം ഉപയോഗിച്ച് ചെറുക്കുകയും കൂടാതെ സംഘപരിവാറിന്റ ഹൈന്ദവ മേൽക്കോയ്മ വാദ പ്രചാരണങ്ങൾളോടുള്ള എതിർപ്പിനെ ഹിന്ദു വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളായി ആരോപിച്ച് അടിച്ചമർത്താനും ശ്രമിക്കുന്നു.

 

 

 16.

 ഭയം , വിദ്വേഷം ഇവയെ , ഇരവാദവും മേൽക്കോയ്മാവാദവുമായും  കൂട്ടിക്കെട്ടുന്നതിന് ജനസമ്മതി  ഉണ്ടാക്കുന്നതിന് തന്ത്രപരമായ ഒരു ശ്രമം സംഘപരിവാർ -ബിജെപി ശക്തികൾ  വ്യാപകമായി നടത്തുന്നുണ്ട് .

വലിയ വിഭാഗം ജനങ്ങൾ ദാരിദ്ര്യത്താലും, അടിച്ചമർത്തലിനാലും രൂപപ്പെട്ട ദയനീയമായ അസ്തിത്വ സാഹചര്യങ്ങളിൽ രോഷാകുലരായിരുന്ന അവസ്ഥയെ, തനിക്കനുകൂലമാക്കി മോദി മാറ്റിയത് വിശുദ്ധനായ ഒരു വ്യവസ്ഥാ വിരുദ്ധ പോരാളിയായി ആദ്യം മുതൽ  സ്വയം മാർക്കറ്റ് ചെയ്തുകൊണ്ട് ആണ് . അങ്ങിനെ നിലവിലുള്ള വ്യവസ്ഥിതിയുടെ  എല്ലാ ദോഷങ്ങളെയും ഇന്ത്യയിലെ സുദീർഘമായ കോൺഗ്രസ് ഭരണവുമായി ബന്ധപ്പെടുത്തി കൗശലപൂർവ്വം അവതരിപ്പിക്കാൻ  മോദിക്ക്  കഴിഞ്ഞു.  സാഹചര്യം അഴിമതിയാലും കുടുബവാഴ്ച രാഷ്ട്രീയത്താലും തീവ്രമായി 'കോൺഗ്രസ്-മുക്ത ഭാരതം' എന്ന ആഹ്വാനം എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധ മാനസികാവസ്ഥയിലേക്ക് എത്തിക്കാൻ മോദിക്ക് കഴിഞ്ഞു .തന്റെ സർക്കാർ  അധികാരമേറ്റ ശേഷവും  'Lutyens' Delhi' (ഡൽഹിയിലെ പ്രാധാന അധികാര സ്ഥാപനങ്ങൾ നിലനിൽക്കുന്ന സ്ഥലം) ക്ക് എതിരെ  തന്റെ ആക്രോശം മോദി  തുടർന്നു. തന്റെ  സാമ്പത്തിക വാഗ്ദാനങ്ങളുടെ കാപട്യം  അല്ലെങ്കിൽ വാചക കസർത്തിന്റെ പൊള്ളത്തരം  കൂടുതലായി തുറന്നുകാട്ടപ്പെടുകയും , പുതിയ ഭരണകൂടം നിർ ലജ്ജമായി  ചങ്ങാത്ത മുതലാളിത്തം നടപ്പിൽ വരുത്തുകയും ,  സംഘപരിവാർ ആധിപത്യം ഭീതിദമായി വളരുകയും എല്ലാം സംഭവിച്ചിട്ടും ,  പുതിയ വ്യവസ്ഥയുടെ വാഗ്ദാനം ഉണ്ടാക്കിയ ആവേശത്തിൽ ആകൃഷ്ടരായ  എല്ലാ വർഗ്ഗത്തിലും തട്ടിലുമുള്ള ആളുകൾ മോദിയുടെ  ചേരിയിൽ ഇപ്പോഴും ഉണ്ട്.



17.

സംഘപരിവാർ  -ബിജെപി തന്ത്രത്തിന്റെ മർമ്മസ്ഥാനത്ത് , നേതാവിന്റെ സവിശേഷമായ വ്യക്തിത്വ ഗുണങ്ങളും ജനപ്രിയതയുടെ പ്രതിച്ഛായയും മുൻനിർത്തിയുള്ള പ്രചാരണങ്ങൾക്ക് ഉള്ള അത്രയും തന്നെ പ്രാധാന്യം നിയമബാഹ്യമായി പ്രവൃത്തിക്കുന്ന ജാഗ്രതാ സ്ക്വാഡുകൾക്ക് സ്വകാര്യവൽക്കരിച്ച്  പകുത്തുനൽകപ്പെടുന്നതും, സാധാരണ നിലയിൽ ഭരണകൂടത്തിന്റെ കുത്തകാവകാശമായതും ആയ ഹിംസയ്ക്ക്ഉണ്ട്. ഇന്ത്യൻ മുസ്ലീങ്ങളെ അപരവൽക്കരിക്കാൻ  ഫാസിസ്റ്റ്കൾ ഇസ്ലാമോഫോബിയയെ   ഇന്ധനമാക്കുന്നു, അവരെ ഒരു 'ആഭ്യന്തര ശത്രു' ആയി ഉറപ്പിക്കാനുള്ള സംഘപരിവാറിന്റെ പുതിയ  തന്ത്രമെന്നത് വ്യത്യസ്ത സംസ്ഥാനങ്ങളിലെ പ്രബലമായ സാമൂഹിക ഗ്രൂപ്പുകൾക്കെതിരെ ഒരു സാമൂഹിക സംഘാടനത്തിലൂടെ പുതിയ കൂട്ടുകെട്ടിലേർപ്പെട്ട് ഒരു കീഴാള പ്രതീതി രൂപീകരിക്കുകയും ഒപ്പം മനുവാദത്തിന്റെതായ സ്വന്തം മുഖത്തെ മൂടിവെയ്ക്കുന്ന ഒരു സോഷ്യൽ എഞ്ചിനീയറിംഗുമാണ്.     ആർഎസ്എസിന്റെ ബ്രാഹ്മണ്ണ്യ ആശയ അടിത്തറയെ പിന്നാക്ക ജാതിയിൽ നിന്നുള്ള ഒരു പ്രധാനമന്ത്രി,

 ദളിത്, ആദിവാസി പശ്ചാത്തലത്തിൽ നിന്നുള്ള രാഷ്ട്രപതി, ഇവരെ വെച്ച് മറയ്ക്കാൻ  ബി.ജെ.പി ശക്തമായി പ്രചരണം നടത്തുന്നു. ഭരണഘടന, സുപ്രീം കോടതി, തുടങ്ങിയ ഇന്ത്യയുടെ സ്ഥാപനപരമായ  ചട്ടക്കൂടിനെ പ്രതിനിധീകരിക്കുന്ന ആധുനികമായ സംവിധാനങ്ങളെയും,  ബുദ്ധിജീവികളിൽ നിന്നുള്ള വിമർശന ധാരകളെയും,  പ്രത്യേകിച്ച്  അക്കാദമികവും സാംസ്കാരികവുമായ മേഖലകളിൽ നിന്നുള്ളവയെ ,എല്ലാം പാശ്ചാത്യ പ്രചോദിതവും വരേണ്യവാദവും ആയി ചിത്രീകരിക്കുന്നു. മോശമായ  വ്യവസ്ഥയ്ക്കെതിരായ ശരിക്കുള്ള ബദൽ  നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഭരണവും ആണെന്ന്  സ്ഥാപിക്കാൻ സംഘ്പരിവാർ -ബി.ജെ.പി വാദങ്ങൾ കൂടുതലായി പ്രചരിപ്പിക്കപ്പെടുമ്പോൾ .

 ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളെയും വിലയിടിച്ചുകാണിക്കാൻ വേണ്ടി അവയെ കുടുംബവാഴ്ച്ച പിന്തുടരുന്നതും , കുടുംബങ്ങൾ നടത്തുന്നതും ആയ  സംരംഭങ്ങളായി ചിത്രീകരിക്കുകയാണ്. 

 സർക്കാരിന്റെ ആഡംബര ചെലവുകൾ കൊളോണിയൽ കാലഘട്ടത്തിനു മുമ്പുള്ള സാമ്രാജ്യങ്ങളെയാണ്  മാതൃകയാക്കുന്നത് .  പുതിയ ഒരു പാർലമെന്റ് മന്ദിരം , സ്മാരകങ്ങളുടെ ഒരു മുഴുവൻ ശ്രേണി, പ്രതിമകൾ, ക്ഷേത്രങ്ങൾ എന്നിവ തന്റെ  അധികാരത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നതായി മോദി കണക്കാക്കുന്നു.

 

 

18.

ഇന്ത്യയുടെ കൊളോണിയൽ ഭരണ മാതൃകയുടെ  പാരമ്പര്യത്തിൽനിന്നും ,

 ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളുടെയും സംസ്കാരത്തിന്റെയും ബലഹീനതയില്നിന്നും  മുതലെടുത്തുകൊണ്ടാണ്  ഇന്ത്യൻ ഫാസിസം കരുത്താർജ്ജിക്കുന്നത്.  "സ്വാതന്ത്ര്യമെന്നാൽ  വെള്ളക്കാരുടെ കൈകളിൽ നിന്നും തവിട്ടുനിറമുള്ള സാഹിബുകളിലേക്ക് അധികാരം കൈമാറലല്ലെന്നും , കൊളോണിയൽ കാലഘട്ടത്തിൽ നിന്നുള്ള സമ്പൂർണ്ണമായ  പൊളിച്ചെഴുത്താണ് ആവശ്യമെന്നും" ഉള്ള ഭഗത് സിംഗിന്റെ പ്രസിദ്ധമായ ഉദ്ധരണി ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട് .   

1980-കളുടെ അവസാനം മുതലുള്ള ബി.ജെ.പി.യുടെ അതിശയകരമായ വളർച്ചയ്ക്ക് മുൻപുള്ള കോൺഗ്രസിന്റെ ദീർഘകാല ഭരണവും

 ഇന്ത്യൻ ജനാധിപത്യ സ്ഥാപനങ്ങളുടെ ദൗർബല്യത്തെ  അഭിസംബോധന ചെയ്തില്ല, മറിച്ച് 1975- ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ള ഭരണഘടനാ വ്യവസ്ഥ   ഉപയോഗിച്ചു ജനാധിപത്യ അവകാശങ്ങൾ നിർത്തലാക്കാനാണ് ശ്രമിച്ചത്.

 

 

 19.

 ഏകാധിപത്യ ഭരണത്തിന്  അടിയന്തരാവസ്ഥ നൽകിയ ഒരു രൂപമാതൃക മോദി ഭരണം അതിന്റെ ഫാസിസ്റ്റ് ലക്ഷ്യത്തിനായി പൂർണ്ണമായും പ്രയോജനപ്പെടുത്തുകയാണ്. നേരത്തെ അത്  ഇന്ത്യൻ ജുഡീഷ്യറിയുടെ ബലഹീനത  തുറന്നുകാട്ടുകയും, എക്സിക്യൂട്ടീവിന്റെ ആധിപത്യം പൂർണ്ണമാക്കുകയും ചെയ്തിരുന്നുവെങ്കിൽ, പാതയിലൂടെ മോദി സർക്കാർ ജുഡീഷ്യറിയുടെ മേൽ അതിന്റെ പിടി വ്യവസ്ഥാപിതമായിത്തന്നെ മുറുക്കിയിരിക്കുന്നു,  എല്ലാ ഏകപക്ഷീയ നടപടികൾക്കും  ഭരണഘടനയുടെ കടുത്ത ലംഘനങ്ങൾക്കും ജുഡീഷ്യൽ അംഗീകാരം അങ്ങിനെ ഉറപ്പാക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾ അവയുടെ സ്വതന്ത്രമായ അന്തസ്സത്ത പ്രതിഫലിപ്പിച്ചിരുന്നു, അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയുടെ

 സ്വേച്ഛാധിപത്യ സംവിധാനങ്ങൾക്ക് മാധ്യമങ്ങളെ അനുസരിപ്പിക്കാൻ പ്രസ് സെൻസർഷിപ് ഏർപ്പെടുത്തേണ്ടി വന്നു. ഇത് ജനങ്ങളുടെ അതൃപ്തി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗത്തെയും നിയന്ത്രിക്കുന്ന (പ്രത്യേകിച്ച് ടെലിവിഷൻ ചാനലുകളെ,) ഭരണത്തിന്റെ വിശ്വസ്തരായ കോർപ്പറേറ്റ് ചങ്ങാതിമാരുടെ പൂർണ പിന്തുണയോടെ മാധ്യമങ്ങളുടെ സ്വഭാവം 'ഗോദി മീഡിയ' അല്ലെങ്കിൽ 'ലാപ്ഡോഗ്' / മടിത്തട്ട് മാദ്ധ്യമങ്ങൾ എന്ന പേരിന് അർഹമായവിധം തരംതാഴ്ത്താൻ മോദി സർക്കാരിനും ആർഎസ്എസിനും കഴിഞ്ഞു. അതേസമയം, സത്യസന്ധരായ മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്യുമ്പോൾ പീഡിപ്പിക്കപ്പെടുകയോ ശാരീരികമായി ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്നു. 


20

രാജ്യത്തിനകത്തും പുറത്തും നിന്ന് നേരിടുന്ന ഭീഷണികളെ ഉയർത്തിക്കാട്ടിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും .1971 ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതും ,പിന്നീട് സുപ്രീം കോടതി ശരിവെച്ചതുമായ  അലഹബാദ് ഹൈക്കോടതിയുടെ വിധിയായിരുന്നു രാജ്യം നേരിടുന്ന വലിയ ഭീഷണിയ്ക് ഏറ്റവും സമൂർത്തമായ ഒരു ഉദാഹരണം ആയി ചിത്രീകരിക്കപ്പെട്ടത് . രാജ്യം എന്നാൽ അപ്പപ്പോൾ ഭരിക്കുന്ന സർക്കാർ ആണെന്നും, സർക്കാരിനോട്  വിയോജിപ്പ്  പ്രകടിപ്പിക്കുന്നത് രാജ്യവിരുദ്ധമായ പ്രവൃത്തിയാണെന്നും ഉള്ള ആശയം ആണ് അടിയന്തരാവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ, പ്രമുഖരായ പ്രതിപക്ഷനേതാക്കൾ ഒട്ടുമിക്കവരെയും  ജെയിലുകളിൽ അടച്ചു. ഭരണകൂടത്തിന് അതിന്റെ ഇഷ്ടപ്രകാരം നയങ്ങൾ ഉണ്ടാക്കാനും നടപ്പാക്കാനും സാധിക്കുംവിധത്തിൽ പൗരന്മാരുടെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ മരവിപ്പിച്ചു. ഭരണത്തിന്റെ യുക്തിയും മാതൃകയുമാണ് മോദി സർക്കാർ കുറേക്കൂടി പരിഷ്കരിച്ചവിധത്തിൽ ഇപ്പോൾ നടപ്പാക്കുന്നത്. നേരത്തെ ഇല്ലാതിരുന്ന വർഗ്ഗീയ ധ്രുവീകരണം, മുസ്ലീം വിരുദ്ധത എന്നീ പുതിയ ആയുധങ്ങൾ കൂടി ഇപ്പോൾ സർക്കാർ ഉപയോഗിക്കുന്നു എന്നേയുള്ളൂ. മോദി സർക്കാരിനോട് വിയോജിക്കുന്നതിനെ  ഇന്ത്യാവരുദ്ധവും ഹിന്ദുവിരുദ്ധവും ആയ പ്രവൃത്തികൾ ആയി ചിത്രീകരിക്കപ്പെടുന്നു. ഡ്രക്കോണിയൻ നിയമങ്ങൾ, കെട്ടിച്ചമയ്ക്കപ്പെടുന്ന കേസുകൾ , ട്രോൾ സേനകൾ, കൊലയാളികളാവുന്ന ആൾക്കൂട്ടങ്ങളും  ലിഞ്ച് മോബുകളും, ഇവയെല്ലാമടങ്ങുന്ന ഒരു സുസജ്ജമായ സംവിധാനം വഴിയാണ് സർക്കാരിനെതിരെ ഉയരുന്ന  വിയോജിപ്പിന്റെ ഓരോ ശബ്ദത്തേയും ഇല്ലാതാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നത്.  

  

21
അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ഒരു കാലയളവ്  സാമൂഹ്യമായ ഉൾപ്പെടുത്തലിന്റേയും ജനാധിപത്യപരമായ വികേന്ദ്രീകരണത്തിന്റെയും വിപുലനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക്  സാക്ഷ്യം  വഹിച്ചു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഭാഗികമായി നടപ്പാക്കിയതും, പഞ്ചായത്തീ രാജ് സ്ഥാപനങ്ങൾ നിലവിൽ വന്നതും വഴിയാണ് അതുണ്ടായത്. എന്നാൽ, 1990 കൾ മുതൽ നിയോലിബറൽ നയങ്ങളുടെ ചട്ടക്കൂട് സ്വീകരിക്കപ്പെട്ടതോടെ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ പെരുകുകയും, ജനാധിപത്യാവകാശങ്ങൾക്ക് വലിയ തോതിൽ ഇടിവ് സംഭവിക്കുകയും ചെയ്തു. ഭൂമിയും പ്രകൃതിവിഭവങ്ങളും നിർ ബന്ധമായി പിടിച്ചെടുക്കപ്പെട്ടതിനെത്തുടർന്ന്  ആദിവാസികളും കർഷകരും കുടിയൊഴിപ്പിക്കപ്പെട്ടു. പ്രതിഷേധങ്ങൾ ഉയർത്തുന്നവരെയെല്ലാം മാവോയിസ്റ്റുകൾ എന്ന മുദ്ര ചാർത്തി പീഡിപ്പിക്കുന്നത് ഒഡീസ , ഛത്തീസ്ഗഡ്‌, ജാർഖണ്ഡ് തുടങ്ങിയ വിഭവസമൃദ്ധമായ സംസ്ഥാനങ്ങളിൽ ഈയ്യിടെ പതിവായിരിക്കുന്നു. നിയോലിബറൽ നയങ്ങളുടെ രൂപത്തിൽ മോദി ഭരണകൂടം നടപ്പാക്കുന്ന ദ്രോഹകരമായ നയങ്ങൾ   വൻതോതിലുള്ള കുടിയൊഴിപ്പിക്കലുകളിലും കയ്യേറ്റങ്ങളിലും കലാശിക്കുന്ന  തലത്തിലേക്കും ,മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതിലുള്ള തൊഴിലില്ലായ്മയിലേക്കും എത്തിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന സാമ്പത്തിക വിഷമതകളാലും അനിശ്ചിതത്വങ്ങളാലും പൊറുതിമുട്ടിയ ജനങ്ങൾ ക്ഷുഭിതരാവുമ്പോൾ  സംഘപരിവാർ ശ്രമിക്കുന്നത് അസംതൃപ്തിയെത്തന്നെ ഗതി തിരിച്ചുവിട്ട് സ്വന്തം കയ്യിലെ ആയുധമാക്കാനാണ്. ഇതിനുവേണ്ടി അവർ  ഉപയോഗിക്കുന്ന മാർഗ്ഗം തീവ്രമായ വിദ്വേഷ പ്രചാരണത്തിന്റേതാണ് . ജനങ്ങൾ തങ്ങളുടെ ദുരിതങ്ങൾക്ക് കാരണക്കാരായി  ആരെയും എന്തിനെയും കുറ്റപ്പെടുത്തിയാലും ,ഭരണത്തിലുള്ള സർക്കാരിനെ ഒരിക്കലും കുറ്റപ്പെടുത്താത്ത വിധത്തിൽ  അന്ധവിശ്വാസത്തേയും  വിധിവിശ്വാസത്തേയും  മുതലെടുക്കുന്ന പ്രചാരണങ്ങൾ ആണ് സംഘപരിവാർ പ്രോപഗാണ്ടയുടെ കാതലായ വശം.   സങ്കല്പികമായ ചില ഭീഷണികളിൽനിന്ന്  ഹിന്ദു സ്വത്വത്തെ സംരക്ഷിക്കുന്നത് മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളുടെ കൂട്ടത്തിൽ എടുത്തുകാട്ടുന്ന   സംഘപരിവാർ പ്രചാരവേലയിൽ, മറ്റ് ഏതൊരു പ്രശ്നവും അപ്രധാനമെന്ന് ജനങ്ങൾ ധരിക്കാൻ ഇടയാകുന്നു . 

വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകളുടെ മുമ്പിൽ ഇന്നുള്ള ഏറ്റവും അടിയന്തരമായ വെല്ലുവിളി ഫാസിസ്റ്റ് വിപത്തിൽനിന്നും ഇന്ത്യയെ രക്ഷിക്കുക എന്നതാണ്. എല്ലാ ജനാധിപത്യ ശക്തികളുടെയും പ്രത്യയശാസ്ത്ര ധാരകളുടേയും സാധ്യമായത്ര അളവിൽ സഹകരണവും പരാമവധി  ഐക്യവും നിലനിർത്തിക്കൊണ്ടേ ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയൂ.
വർത്തമാന
ഇന്ത്യൻ സന്ദർഭത്തിൽ അങ്ങനെയൊരു ഐക്യത്തിന്റെ അർഥം , ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കലും രാജ്യത്തിൻറെ വിഭവങ്ങളും  അടിസ്ഥാനഘടനയും  കോർപ്പറേറ്റ് അധീനതയിലാക്കുന്നതിനെ ചെറുത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മൂല്യപൈതൃകം  ഉയർത്തിപ്പിടിച്ചുകൊണ്ട്  രാജ്യത്തെ രക്ഷിക്കലും ആണ്. ഭരണഘടനയെ പ്രതിരോധിക്കുന്നതിനും , സ്വകാര്യവൽക്കരണത്തിനെതിരായും സമീപകാലത്ത് ഉയർന്നുവന്ന ശക്തമായ പ്രസ്ഥാനങ്ങളിൽ അഭൂതപൂർവ്വമായ ഐക്യവും നിശ്ചയദാർഢ്യവും ദൃശ്യമായിട്ടുണ്ട് .പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയർന്നുവന്ന പ്രസ്ഥാനമായാലും കാർഷിക മേഖലയെ മോദി സർക്കാർ കോർപ്പറേറ്റ് നിയന്ത്രണത്തിന് വിട്ടുകൊടുക്കുന്നതിനെതിരേ ഉണ്ടായ ചരിത്ര പ്രധാനമായ കർഷക പ്രക്ഷോഭവും അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പീഡനങ്ങൾ കൂസാതെ  സിവിൽ സമൂഹത്തിലെ സാമൂഹ്യപ്രവർത്തകരും ആക്ടിവിസ്റ്റുകളും കാട്ടുന്ന ധീരതയെ  നിലവിലുള്ള പ്രസ്ഥാനങ്ങൾക്കിടയിലെ  ഐക്യവും നിശ്ചയദാർഢ്യവുമായി സമന്വയിപ്പിക്കാനുള്ള പ്രവർത്തനം വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ മേഖലകളിലും നടക്കുന്ന ചെറുത്തുനില്പിനു് ആക്കം കൂട്ടാനും, പ്രതിപക്ഷത്തെ മൊത്തത്തിൽ ഊർജ്ജസ്വലമാക്കാനും അത് വഴിയൊരുക്കും. സിവിൽ സമൂഹവും ബഹുജനങ്ങളും ഉയർത്തുന്ന പ്രക്ഷോഭങ്ങളുടെ സമീപനത്തിൽനിന്നു പൊതുവിൽ വ്യത്യസ്തമാണ്  ബൂർഷ്വാ പ്രതിപക്ഷത്തിന്റെ സ്ഥിതി. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങൾക്കും പ്രതികാരനടപടികൾക്കും മുൻപിൽ മുട്ടുകുത്തുന്ന സമീപനത്തിന് പുറമേ , പണത്തിന്റെ  സ്വാധീനത്തിന് വഴങ്ങാനുള്ള സാധ്യതയും അവരെ സംബന്ധിച്ച് ഏറെയാണ്. സങ്കീര്ണതയും വൈവിധ്യങ്ങളും നിറഞ്ഞ  ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ കോൺഗ്രസ്സിന് സ്വാധീനം തുടർച്ചയായി കുറഞ്ഞുവരുമ്പോൾ ഇന്ത്യയിൽ എല്ലായിടത്തും  സാന്നിധ്യം ഉള്ള പാർട്ടി എന്ന നിലയിൽ മറ്റൊരു പ്രതിപക്ഷ പാർട്ടിക്കും തൽസ്ഥാനത്ത് വരാൻ കഴിയാത്ത ഇപ്പോഴത്തെ അവസ്ഥ ഒരു അഖിലേന്ത്യാ പാർട്ടി എന്ന നിലയിൽ ബി ജെ പി ക്ക് താരതമ്യേന കൂടുതൽ  പ്രയോജനകരമാകും. അതെ സമയം, ഇപ്പോഴത്തെ നിലക്ക് ബി ജെ പി ഏറ്റവും വലിയ പാർട്ടി ആയിരുന്നാൽപ്പോലും,  അത് തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത പാർട്ടിയൊന്നുമല്ലെന്ന്  അടുത്തയിടെ ഏതാനും സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ കാട്ടിത്തരുന്നു. അഖിലേന്ത്യാ തലത്തിലും വലിയ സംസ്ഥാനങ്ങളിലും ചലനാത്മകവും നിശ്ചയദാർഢ്യത്തോട് കൂടിയുള്ളതുമായ ഒരു സംയുക്ത പ്രതിപക്ഷം രൂപപ്പെടുത്തുകയാണെങ്കിൽ ബി ജെ പി യെ ദുർബ്ബലപ്പെടുത്താനും, അടുത്ത തെരഞ്ഞെടുപ്പിൽ മോദി  ഭരണത്തെ അധികാരഭ്രഷ്ടമാക്കാനും കഴിയും. 1977 അടിയന്തരാവസ്ഥ പിൻവലിച്ചതിനു തൊട്ടു പിന്നാലെ നടത്തിയ പൊതുതെരഞ്ഞെടുപ്പിൽ  ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സർക്കാർ പുറത്തക്കപ്പെട്ട കാര്യം ഓർക്കാവുന്നതാണ് . അപ്രഖ്യാപിതമായ മറ്റൊരു  അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ  2024 നടക്കുന്ന തെരഞ്ഞെടുപ്പ്  1977 ലേതിനേക്കാൾ വലിയ വെല്ലുവിളിയാണ് മുന്നോട്ടുവെക്കുന്നത്. 


 

 

23

നമ്മുടെ ശ്രദ്ധ പതിയാനുള്ള മറ്റൊരു കാര്യം , ഇന്ന് ഇന്ത്യയിൽ രൂപം കൊള്ളുന്ന പ്രതിപക്ഷ ഐക്യത്തിന്റെ  ഉള്ളടക്കം ആണ്.  ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞാബദ്ധതയോ  അവബോധമോ പൊതുവിൽ  എന്തായിരിക്കണം എന്ന ധാരണ അത് ഇനിയും  ആർജ്ജിച്ചുകഴിഞ്ഞിട്ടില്ല . ഭരണകൂടം അതിന്റെ മുഖ്യ ശക്തിസ്രോതസ്സായി ആശ്രയിക്കുന്നത്  ആർ എസ് എസ്സിന്റെ സംഘടനാ ശ്രുംഖലയെയാണെങ്കിലും ,പ്രതിപക്ഷത്തുള്ള പല പാർട്ടികളും ആർ എസ് എസിനെയും , അത് അഴിച്ചുവിടുന്ന  വിദ്വേഷ പ്രചാരണങ്ങളേയും നുണപ്രചാരണങ്ങളെയും ഭീകരതയേയും എതിർക്കാൻ തയ്യാറല്ല . നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാന ദിശയേയും അമേരിക്കൻ അനുകൂല വിദേശനയത്തേയും  ചോദ്യം ചെയ്യാതിരിക്കുന്നതിലും ഭൂരി പക്ഷം പ്രതിപക്ഷ പാർട്ടികൾക്കിടയിലും വിശാലമായ ഒരു സമവായം നിലനിൽക്കുന്നു.  ഡ്രക്കോണിയൻ നിയമങ്ങളുടേയും ഭരണകൂട അടിച്ചമർത്തലിന്റേയും, പ്രത്യേകിച്ചും വിയിജിപ്പു പ്രകടിപ്പിക്കുന്ന പൗരന്മാർക്കും ജനകീയ പ്രസ്ഥാനങ്ങൾക്കും എതിരെ സ്വീകരിക്കപ്പെടുന്ന പീഡന നയത്തിന്റേയും കാര്യങ്ങൾ വരുമ്പോൾ അവയെല്ലാം  പ്രതിപക്ഷ പാർട്ടികളുടെ അജണ്ടയിൽനിന്നും പ്രകടമായും ഒഴിവാക്കപ്പെട്ടിരിക്കുകയോ അവഗണിക്കപ്പെടുകയോ ആണ്. പ്രതിപക്ഷ പാർട്ടികളുടെയും ശക്തികളുടെയും ഐക്യത്തെ പരമാവധി സാധിച്ചെടുക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾത്തന്നെ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി  സ്വതന്ത്ര നിലപാട് പൂർണ്ണമായും നിലനിർത്തിയും ഉയർത്തിപ്പിടിച്ചും  മുന്നോട്ടുപോകാനും , അത് ഫാസിസത്തിനെതിരായ സമഗ്രവും ഫലപ്രദവുമായ പ്രതിരോധമാക്കി മാറ്റാനും ഉള്ള ഉത്തരവാദിത്തം  കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കുണ്ട്.

  24 .

 

മോദി  സർക്കാരിനെ വോട്ടുചെയ്ത് അധികാരഭ്രഷ്ടമാക്കിയതുകൊണ്ട് മാത്രം ഫാസിസത്തിന് മേൽ നിർണ്ണായകമായ വിജയം ആവുമെന്ന് നമ്മൾ ധരിക്കേണ്ടതില്ല. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുപരാജയങ്ങൾ ഉണ്ടായാലും പിടിച്ചുനിൽക്കാൻപോന്ന  ശക്തി സംഘ് പരിവാർ ആർജ്ജിച്ചുകഴിഞ്ഞിട്ടുണ്ട് .അതിനാൽ ഏറ്റവും ആവശ്യമായിരിക്കുന്നത് അതിന്റെ  പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ശക്തിയായി തള്ളപ്പെട്ട്  ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും അരികുകളിൽ കഴിയേണ്ട പഴയ അവസ്ഥയിലേക്ക് അവരെ എത്തിക്കുക എന്നതാണ്. ഇപ്പോഴത്തെ ഫാസിസ്റ്റ് ഭരണത്തിന്  നേതൃത്വം നൽകുന്നതിലും  അഖിലേന്ത്യാ തലത്തിൽ ബി ജെ പി യുടെ വോട്ട് ഷെയർ വർധിപ്പിക്കുന്നതിലും കേന്ദ്രസ്ഥാനത്ത് നരേന്ദ്രമോദിയും മറ്റ് സംഘപരിവാർ നേതാക്കളേയെല്ലാം ചെറുതാക്കുംവിധത്തിൽ അദ്ദേഹത്തെച്ചുറ്റിപ്പറ്റിയുള്ള വ്യക്തിപ്രഭാവത്തിന്റെ പ്രതിച്ഛായയും  ആണെന്നത് സത്യമെങ്കിലും,  ഓരോ  സന്ദർഭങ്ങളിലും അവരോധിക്കപ്പെട്ട  നേതൃത്വത്തിന്റെ നീണ്ട നിര തന്നെ സംഘ് ചരിത്രത്തിൽ കാണാവുന്നതാണ് . ജനാധിപത്യത്തിന്റേയും സമൂലമായ സാമൂഹ്യ പരിവർത്തനത്തിന്റേയും  ചാഞ്ചാട്ടമില്ലാത്ത ചാമ്പ്യന്മാർ എന്ന നിലക്ക് കമ്മ്യൂണിസ്റ്റുകാർക്ക് ദീര്ഘകാലാടിസ്ഥാനത്തിലും സമഗ്രമായുമുള്ള ചെറുത്തുനിൽപ്പിലൂടെ  ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ  അർഹിക്കുന്ന തിരിച്ചടി നൽകി  പരാജയപ്പെടുത്തേണ്ടതുണ്ട് . ഇന്ത്യയുടെ മർദ്ദകമായ സാമൂഹ്യഘടനയിൽ വേരൂന്നിയ ഏറ്റവും പിന്തിരിപ്പനായ ആശയങ്ങളും നിലപാടുകളും പ്രവൃത്തികളും, വിശേഷിച്ചും ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയും പുരുഷമേധാവിത്വവും ആണ് ജനാധിപത്യ വിരുദ്ധമായ ഒരു സാഹചര്യത്തിൽ ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന പുതിയ ശക്തിയും സാധൂകരണവും പ്രദാനം ചെയ്യുന്നത്.  അതിനാൽ, ഇന്ത്യയുടെ സംസ്കാരത്തിലേയും  ചരിത്രത്തിലെയും  പുരോഗമനപരവും പരിവർത്തനോന്മുഖവും ആയ ഓരോ ധാരയും സ്വാംശീകരിച്ചുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധപ്പോരാട്ടത്തിന്റെ വഴികൾ തെളിക്കാൻ കമ്മ്യൂണിസ്റ്റ്കാർക്ക് കഴിയണം. പ്രത്യേകിച്ചും ഇന്ത്യൻ സമൂഹത്തിലേയും ചരിത്രത്തിലേയും കരുത്തുറ്റ ജാതിവിരുദ്ധസമരങ്ങളും ആണ്കോയ്മയ്ക്കെതിരായ മുന്നേറ്റങ്ങളും, സമത്വം, യുക്തിചിന്ത ,ബഹുസ്വരത എന്നിവയുടെ പക്ഷത്ത് നിൽക്കുന്ന മൂല്യങ്ങളും ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാഗമായി  സ്വാംശീകരിക്കപ്പെടണം

 

 

25

 

ഫാസിസം ഇന്ത്യയുടെ മേൽ വീണിരിക്കുന്നു ഒരു വലിയ ദുരന്തഭീഷണിയായി നാം മനസ്സിലാക്കുകയാണെങ്കിൽ, ഫാസിസ്റ്റു വിരുദ്ധ ചെറുത്തുനില്പിനു് അതിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ലക്ഷ്യം പോലെത്തന്നെ പ്രധാനമാണ് പുതിയ ഇന്ത്യയെ പടുത്തുയർത്തുക എന്നതും. എങ്കിൽമാത്രമേ അത്തിന്റെ വഴിച്ചാലുകളിൽ ഉടനീളം ഇതിനകം വരുത്തിവെച്ച കെടുതികളിൽനിന്നും നാശനഷ്ടങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റാൻ സാധിക്കൂ. ഫാസിസ്റ്റ് ശക്തികൾക്ക് അധികാരം പിടിച്ചെടുക്കാനും ഇപ്പോൾ നടക്കുന്നതുപോലെ  ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിൽ പുനർ നിർവചിക്കാനും ഇട നൽകിയത് ഇന്ത്യയുടെ രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ അന്തർനിഹിതമായ ദൗർബ്ബല്യങ്ങളും പൊരുത്തക്കേടുകളും ആണ്; ഇന്ത്യയിലെ ബൂർഷ്വാ ജനാധിപത്യം ഫ്യൂഡൽ അവശിഷ്ടങ്ങളുമായി സന്ധി ചെയ്തതും കൂട്ടുചേർന്ന് പ്രവർത്തിച്ചതും ,കോളനിവാഴ്ചയുടെ ശേഷിപ്പുകൾ   സ്വാംശീകരിച്ചതും, സാമ്രാജ്യത്വ താല്പര്യങ്ങളുമായി സഹകരിച്ചതും അതുമായി ബന്ധപ്പെട്ട ജെകാര്യങ്ങൾ ആണ്. നിയമ വാഴ്ചയുടെ അടിസ്ഥാന സങ്കല്പങ്ങൾ ഭരണകൂടം  കയ്യൊഴിയുന്ന ഇപ്പോഴത്തെ സന്ദർഭത്തിൽ ആധുനിക ഇന്ത്യയുടെ ചട്ടക്കൂടും ഭരണഘടനയുടെ അടിസ്ഥാന വീക്ഷണങ്ങളും അട്ടിമറിക്കപ്പെട്ട് ഫാസിസ്റ്റ് വാഴ്ച യുടെ കാലം ഇനിയും ദീർഘിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും പൂർണ്ണമായ സാമൂഹ്യ സ്വാതന്ത്ര്യവും, രാഷ്ട്രീയ സ്വാതന്ത്ര്യവും സാംസ്കാരിക വൈവിദ്ധ്യങ്ങൾ നിലനിർത്തപ്പെടുമെന്ന ഉറപ്പും നൽകുംവിധം ശക്തവും സമ്പൂർണ്ണവുമായ ജനാധിപത്യത്തിന്റെ അടിത്തറയിൽ ഇന്ത്യയെ പുനർനിർമ്മിക്കുന്നതിന് വേണ്ടി ഫാസിസത്തിന്റെ പിടിയിൽനിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള  നീണ്ടുനിൽക്കുന്നതും സമഗ്രവും നിശ്ചയദാർഢ്യത്തോടെയുള്ളതുമായ പോരാട്ടത്തിന് വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാർ  തയ്യാറെടുക്കേണ്ട സമയമാണ് ഇത് .ഭരണഘടനയെ രക്ഷിക്കുക എന്ന മുദ്രാവാക്യം കേവലം പ്രതിരോധാത്മകമോ , നിലവിലുള്ള തൽസ്ഥിതിയെ അനുകൂലിക്കുന്നതോ ആയ ഒന്നല്ല. ഇന്ത്യയെ ഒരു പരമാധികാര,ജനാധിപത്യ, സോഷ്യലിസ്ററ് , മതേതര റിപ്പബ്ലിക്ക് ആയി ഉൽഘോഷിക്കുകയും എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സമഗ്രമായ സാമൂഹ്യ-സാമ്പത്തിക -രാഷ്ട്രീയ നീതിയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതായ ഒരു ആമുഖമാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്. ഭരണഘടന ഇവയെല്ലാം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നിടത്താണ് ഭരണഘടനയെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി. ഫാസിസം ഇന്ത്യയെ നശിപ്പിക്കാനും നമ്മെ പിറകോട്ട് തള്ളാനും ഉള്ള   ഭീഷണിയുമായി  നിലകൊള്ളുമ്പോൾ , ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പിന്റെ വിജയകരമായ പരിണിതി റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കട്ടെ   ; അതിന്നായി സമർപ്പിതമായ ജനങ്ങളുടെ ഊർജ്ജവും മുൻകൈയും കെട്ടഴിച്ചു വിടപ്പെടട്ടെ , ജനാധിപത്യത്തിൽ അടിയുറച്ചതും , ജനങ്ങളുടെ അവകാശങ്ങൾ സമഗ്രമായി സാക്ഷാൽക്കരിക്കുന്നതും ആയ ഒരു രാജ്യമായി ഇന്ത്യ മുന്നോട്ട് പോകട്ടെ.


 [ പൊതുജനങ്ങളുടെ ചർച്ചയ്ക്ക് വേണ്ടിയും, വിലയേറിയ അഭിപ്രായങ്ങൾക്കുവേണ്ടിയും സി പി ഐ (എം എൽ) ലിബറേഷൻ കേരള സംസ്ഥാന ലീഡിങ് ടീമിന് വേണ്ടി    ജോൺ. കെ എരുമേലി, സെക്രട്ടറി, SLT, സി പി ഐ (എം എൽ) ലിബറേഷൻ, കേരളം  പ്രസിദ്ധപ്പെടുത്തുന്നത്.]

ബന്ധപ്പെടാവുന്ന നമ്പരുകൾ:
9747190135
9605614952@WA
  9447488215@WA