Tuesday 6 September 2016

സഖാവ് സ്വപൻ മുഖർജി അന്തരിച്ചു

സഖാവ് സ്വപൻ മുഖർജി അന്തരിച്ചു

സി പി ഐ (എം എൽ )ലിബറേഷൻ  പോളിറ്റ് ബ്യൂറോ അംഗവും AICCTU വിന്റെ ദേശീയ വൈസ് പ്രസിഡന്റും ആയിരുന്ന സഖാവ് സ്വപൻ മുഖർജി യുടെ ആകസ്മികമായ വേർപാടിന്റെ വാർത്ത അത്യഗാധമായ ദുഃഖത്തോടെയും നടുക്കത്തോടെയും കേരള സ്റ്റേറ്റ് ലീഡിങ് ടീം, സി പി ഐ (എം എൽ ) ലിബറേഷൻ അറിയിക്കുന്നു.
ഇന്നലെ രാത്രി ചണ്ഡീഗഡിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത ശേഷം ഒരു സഖാവിന്റെ വീട്ടിൽ തങ്ങിയിരുന്ന സഖാവ് സ്വപന് പുലർച്ചെ   ഉണ്ടായ കഠിനമായ ഒരു ഹൃദയാഘാതത്തെത്തുടർന്ന് 4 -15 ന് അന്ത്യം സംഭവിക്കുകയായിരുന്നു എന്ന് സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ (ന്യൂ ഡെൽഹി ,സെപ്റ്റംബർ 6 ,2016 ) അറിയിക്കുന്നു. 
1953 നവംബർ 17 ന് ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി ഇടത്തരം കുടുംബത്തിൽ ജനിച്ച സഖാവ് സ്വപൻ 1970 കളുടെ ആദ്യത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽപ്പെട്ട കിരോറിമൽ കോളേജിൽ ബി എസ് സി വിദ്യാർഥിയായിരിക്കേ എം എൽ പ്രസ്ഥാനത്തിലെ സജീവ പോരാളിയാകുകയും , വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , ഡെ ൽഹി ട്രാസ്പോർട് കോർപറേഷനിലേയും ആസാദ് പൂരിലേയും തൊഴിലാളികൾക്കും ഇടയിൽ വിപ്ലവ രാഷ്ട്രീയത്തിന്റെ സന്ദേശം എത്തിക്കുകയും ചെയ്തു.
സി പി ഐ (എം എൽ )പ്രസ്ഥാനം അതിന്റെ ആദ്യ ഘട്ടത്തിൽ  കടുത്ത തിരിച്ചടികൾ നേരിട്ട  സാഹചര്യത്തിൽ പരക്കെയുണ്ടായ ആശയക്കുഴപ്പങ്ങൾക്കും നിർജ്ജീവാവസ്ഥയ്ക്കും നടുവിലും, സഖാവ് ചാരു മജൂംദാറിന്റെ വിപ്ലവാത്മക ദിശാബോധവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച്‌ പാർട്ടി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് സഖാവ് സ്വപൻ നൽകിയ സംഭാവന നിസ്തുലമായിരുന്നു.
 സഖാവ് ജൗഹർ ജനറൽ സെക്രട്ടറിയായി 1974 ജൂലൈ 28 ന് സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റി നിലവിൽ വരുന്നതിനു മുൻപേ തന്നെ,  സഖാവ് സ്വപനും  ഈശ്വർ ചന്ദ് ത്യാഗിയടക്കം ഉള്ള മറ്റു സഖാക്കളും സ: ജൗഹർ നേതൃത്വം നൽകിയ ബിഹാർ സഖാക്കളുമായി ബന്ധം പുലർത്തിയിരുന്നു. പാർട്ടി പുനസ്സംഘടിപ്പിക്കപ്പെട്ട സമയം മുതൽ 1976 ആദ്യം ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസ് വരേയും ഡെൽഹിയിലെ പാർട്ടി പ്രവർത്തനങ്ങളിൽ സഖാവ് സ്വപൻ സജീവമായ പങ്കു വഹിച്ചു. 1976 മദ്ധ്യം മുതൽ 1978 വരെയുള്ള ഹ്രസ്വമായ ഒരു കാലം നക്സൽ വിരുദ്ധ പോലീസ് വേട്ടയെ അതിജീവിക്കുന്നതിനായി ഡെൽഹിയിൽനിന്നും മാറിനിൽക്കേണ്ട  അവസ്ഥ സഖാവിന് ഉണ്ടായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ടൈംസ് ഓഫ് ഇൻഡ്യയിൽ ക്ലരിക്കൽ സ്റ്റാഫ് അംഗമായി ജോലിയിൽ ചേർന്നപ്പോൾ  ഡെൽഹിയിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ  തുടർന്ന് അദ്ദേഹം നടത്തി.

അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ പി യു സി എൽ, പി യു ഡി ആർ എന്നീ സംഘടനകൾ മുഖ്യമായി നയിച്ച പൗരാവകാശ പ്രവർത്തന മേഖലകളിലും സഖാവ് സ്വപൻ സജീവമായി ഇടപെട്ടിരുന്നു. ജസ്റ്റീസ് വി എം താർക്കുൺഡേ, ഗോവിന്ദ് മുഖോതി തുടങ്ങിയവരുൾപ്പെട്ട  പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരുമായി സഖാവ് നിരന്തരം ബന്ധം പുലർത്തിയിരുന്നു.  നാഗ് ഭൂഷൺ പട്നായിക്കിനേയും നെൽസൺ മണ്ടേലയെയും ജെയിൽമോചിതരാക്കാൻ വേണ്ടി പൗരാവകാശപ്പോരാളികൾ അക്കാലത്ത് നടത്തിയ കാമ്പെയിനുകളിലും സഖാവ് പങ്കെടുത്തിരുന്നു. 1970 കളിലും 1980 കളിലും  ഡെൽഹി കേന്ദ്രമായി നടന്ന അനേകം സമരങ്ങളിലും സാർവ്വദേശീയ വിഷയങ്ങളെ ആസ്പദമാക്കിയ കാംപെയിനുകളിലും സി പി ഐ (എം എൽ) ലിബറേഷന്റെ  പ്രതിനിധി എന്ന നിലയിൽ സഖാവിന്റെ പങ്ക് ശ്രദ്ധേയമായി. വിയറ്റ്നാമിലും ആഫ്രിക്കയിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ ജനമുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്ന കാംപെയിനുകൾ , 1982 ൽ  സ്വേച്ഛാധിപത്യ വാഴ്ചയ്‌ക്കെതിരെ ഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ , 1982 ഏപ്രിൽ 26  ന് ഇന്ത്യൻ പീപ്പ്ൾസ് ഫ്രണ്ട് (IPF ) എന്ന രാഷ്ട്രീയ മുന്നണിയുടെ രൂപീകരണം , 1984 ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ നടന്ന ജനകീയ പ്രതിഷേധങ്ങൾ ഇവയ്ക്കെല്ലാം സഖാവ് സ്വപൻ നേതൃത്വവും മുൻകൈയും നൽകി . ഈ സമയത്തെല്ലാം അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിച്ച പാർട്ടിയുടെ ഡെൽഹി സംസ്ഥാന ഘടകത്തിൽ അംഗമായിരുന്നുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ യിൽ ജോലിയിൽ തുടരുകയായിരുന്ന സഖാവ് 1987 ൽ ആ ജോലി ഉപേക്ഷിച്ചു; പിന്നീട് മുഴുവൻ സമയ സംഘാടകനായി ഡൽഹിയിൽ തിരിച്ചെത്തുകയും , IPF സംസ്ഥാന ഘടകത്തിന്റെ ചുമതല സഖാവിനെ പാർട്ടി ഏൽപ്പിക്കുകയും ചെയ്തു .  CPI (ML)ന്റെ നേതൃത്വത്തിൽ രൂപീകൃതമായ പുതിയ ട്രേഡ് യൂണിയന്റെ  ഒന്നാം ദേശീയ സമ്മേളനം  ചെന്നൈയിൽ ചേർന്നപ്പോൾ സഖാവ്   AICCTU വിന്റെ സ്ഥാപക ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1993 ൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിൽ അംഗമായതിന് ശേഷം തുടർന്നുള്ള മൂന്ന് ദശാബ്ദക്കാലത്തോളം പഞ്ചാബിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള ചുമതലയിൽ സഖാവ് പ്രത്യേകം നിയുക്തനായിരുന്നു. 1998 ൽ ഒരിയ്‌ക്കൽക്കൂടി  AICCTU ജനറൽ സെക്രട്ടറി ആകുകയും, 2015 മേയ് യിൽ പട്നയിൽ നടന്ന AICCTU വിന്റെ  ഒൻപതാം ദേശീയ സമ്മേളനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് സ്ഥാനം ഏൽക്കുന്നതുവരെ തൽസ്ഥാനത്ത് തുടരുകയും ചെയ്തു. പാർട്ടിയിലെ നേരിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു AICCTU ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സഖാവ് ഒഴിവായത്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ ഡൽഹി, പഞ്ചാബ് ,ഹരിയാണ,മഹാരാഷ്ട്ര, ഒറീസ്സ എന്നീ  സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതല വഹിക്കുന്നതിനിടയിൽ ആയിരുന്നു സഖാവ് സ്വപന്റെ നടുക്കുന്നതും ആകസ്മികവും ആയ നിര്യാണം.
സമീപകാലത്ത് ആൾ ഇന്ത്യാ പീപ്പിൾസ് ഫോറം (AIPF ) എന്ന വിശാലമായ ഒരു ജനകീയ സമരവേദിക്ക്‌ രൂപം നൽകുന്നതിൽ സഖാവ് സ്വപൻ മുഖ്യമായ പങ്കു വഹിച്ചു.  ധിഷണാശാലിയായ ഒരു പാർട്ടിസംഘാടകൻ ആയിരുന്ന സഖാവിന്   നൂതനമായ  ആശയങ്ങളുമായി എല്ലായ്പ്പോഴും  തുറന്ന രീതിയിലും ക്ഷമയോടേയും സംവാദാത്മകമായി സമ്പർക്കം പുലർത്താനുള്ള കഴിവ് ഉണ്ടായിരുന്നു.  തൽഫലമായി, പാർട്ടിയുടെ നിലപാടുകൾ ശരിയായി ഗ്രഹിക്കാനും ഫലവത്തായി പ്രയോഗത്തിൽ കൊണ്ടുവരാനും പാർട്ടി ഘടകങ്ങളെ സഹായിക്കാൻ സഖാവിന്  കഴിഞ്ഞിരുന്നു.   ഡെൽഹിയിലും മുംബൈയിലും പഞ്ചാബിലും ചൺഡീഗഢിലും ഉള്ള പാർട്ടി പ്രവർത്തകരായ അനേകം യുവതീയുവാക്കളെ സംബന്ധിച്ചിടത്തോളം പ്രത്യേകമായും  സഖാവിന്റെ അകാലനിര്യാണം മൂലം നഷ്ടപ്പെട്ടത്  എപ്പോഴും സ്നേഹോഷ്മളതയോടെ തങ്ങൾക്ക് വഴികാട്ടിയിരുന്ന ഒരു പ്രിയ സഖാവിനെയാണ്.
ഒരു സംഘാടകൻ എന്ന നിലയിൽ മുൻനിരയിൽ നിന്ന് മികവുറ്റ രീതിയിൽ പരിപാടികൾക്ക് സൂക്ഷ്മ രൂപം കൊടുക്കുന്നതിലും കൃത്യതയോടെ അവ നടപ്പാക്കുന്നതിലും സഖാവ് എപ്പോഴും ശ്രദ്ധാലുവായിരുന്നു. ക്ഷമാശീലമുള്ള  ഒരു പഠിതാവും മികച്ച ശ്രോതാവുംകൂടിയായിരുന്നതിനാൽ, പ്രത്യയ ശാസ്‌ത്രപരമായി വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന ജനകീയ പ്രസ്ഥാനങ്ങളിലും സാംസ്കാരിക -ബൗദ്ധിക പ്രവർത്തന മേഖലകളിലും, മറ്റു ഇടതു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും  ഉള്ളവരുടെ പോലും ബഹുമാനം ആർജ്ജിക്കാൻ സഖാവിനു കഴിഞ്ഞിരുന്നു.

സഖാവ് സ്വപൻറെ ആകസ്മികമായ വേർപാട് ഉണ്ടാക്കിയിരിക്കുന്ന നഷ്ടം സി പി ഐ (എം എൽ) നെ മാത്രം ബാധിക്കുന്ന ഒന്നല്ല; രാജ്യത്തിലെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിപുലമായ വർണ്ണരാജിയെ സംബന്ധിച്ചും അതൊരു നികത്താനാവാത്ത വിടവ് തന്നെയായിരിക്കും. കർമ്മ നിരതനായും, ശുഭാപ്തി വിശ്വാസിയായും, ആവേശഭരിതനായും,  അവസാനംവരെയും തളരാതെയും ജീവിച്ചപോലെ തന്നെയായിരുന്നു  സഖാവ് നമ്മോട് വിടപറഞ്ഞതും. 
സഖാവ് സ്വപന്റെ പത്നിയായ സഖാവ് ശർമ്മിളയേയും , മകൻ ശൗഭിക്, മകൾ ഉപാസന എന്നിവരേയും,  കുടുംബത്തിലെ മറ്റ് എല്ലാ അംഗങ്ങളേയും   സി പി ഐ (എം എൽ) അനുശോചനം അറിയിക്കുന്നു.
സഖാവ് സ്വപൻ  മുഖർജിയ്ക്ക് ചുകപ്പൻ അഭിവാദ്യങ്ങൾ !


.

No comments:

Post a Comment