Tuesday, 20 March 2012

മാര്‍ച്ചില്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സന്ദേശം

 മാര്‍ച്ചില്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സന്ദേശം
2014-  ഇല്‍ നടക്കാന്‍ പോകുന്ന ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നടന്ന ഏറ്റവും വിപുലമായ ജനഹിതപരിശോധനയായിട്ടാണ് ഉത്തര്‍ പ്രദേശ്‌ , ഉത്തര ഖണ്ഡ് ,പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനെ പലരും  കണ്ടത്. ഏറ്റവും വലിയ ആള്‍ ഇന്ത്യാ പാര്‍ട്ടികള്‍  ആയ കൊണ്ഗ്രെസ്സിനും ബി ജെ പി യ്ക്കും ആ അര്‍ത്ഥത്തില്‍ ഒരു വലിയ
പരീക്ഷണം തന്നെ ആയിരുന്നു പ്രസ്തുത തെരഞ്ഞെടുപ്പിലെ ജനവിധി. കോണ്‍ഗ്രെസ്സിന്റെ  ജനപിന്തുണയില്‍ ഏറ്റവും വലിയ ഇടിവ് പ്രകടം  ആയപ്പോള്‍ തന്നെ, ബി ജെ പി യ്ക്കും അതിന്റെ നില ഒട്ടും മെച്ചപ്പെടുത്താന്‍  കഴിഞ്ഞിട്ടില്ല. യു പി യില്‍  റായിബറേലിയും അമേത്തിയും ഉള്‍പെടെ നിരവധി  മണ്ഡലങ്ങള്‍  കോണ്‍ഗ്രെസ്സിനെ കയ്യൊഴിയുകയും കേവലം 28 സീറ്റിലേക്ക്  ആ പാര്‍ട്ടിയെ ഒതുക്കുകയും ചെയ്തപ്പോള്‍ ബീ ജെ പി യുടെ നില മുന്‍പത്തേതില്‍ നിന്നും പുറകോട്ട് പോയി 47 സീറ്റില്‍ എത്തി.
പഞ്ചാബില്‍ അകാലിദളിന്റെ നേതൃത്വത്തില്‍ ഭരണത്തില്‍ ഇരുന്ന എന്‍ ഡി എ മുന്നണിക്ക്‌ തിരിച്ചു വരവ് സാധ്യമായെങ്കിലും മിക്കവാറും അകാലി ദളിന് അനുകൂലമായി ലഭിച്ച അപൂര്‍വമായ
തുടര്‍ ജനവിധി ആയി മാത്രമേ അതിനെ കാണാന്‍ ആകൂ . ബീ ജെ പി യ്ക്ക് കഴിഞ്ഞ നിയമ സഭയില്‍ ഉണ്ടായിരുന്ന റിക്കാര്‍ഡ് പ്രാതിനിധ്യം ആയ 19 സീറ്റിനു പകരം ഇപ്പോള്‍ ലഭിച്ചത് ഒരു ഡസന്‍ സീറ്റുകള്‍ മാത്രം ആയിരുന്നു. മാള്‍വാ മേഖലയില്‍ അകാലി വിരുദ്ധ വോട്ടുകള്‍ ഏറെയും കോണ്ഗ്രസ് തട്ടകത്തില്‍ നിന്നും മാറി പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിക്ക് ലഭിക്കുക വഴിയും എന്‍ ഡി എ യ്ക്ക് വിജയം നേടാന്‍ കഴിഞ്ഞു.
ഉത്തരഖണ്ഡ് ഇല്‍ അഴിമതി ആരോപണങ്ങളുടെ കറ പുരണ്ട മുഖ്യ മന്ത്രി
പൊക്രിയാലിനെ  തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മാറ്റി തല്‍സ്ഥാനത്ത് ഖന്‍ഡൂരിയെ  കൊണ്ടുവരാന്‍  കഴിഞ്ഞതിന്റെ ഫലം ആയി ബി ജെ പി നേതൃത്വത്തിന്  ജനരോഷത്തില്‍ നിന്നും അല്‍പ്പം ആശ്വാസം ലഭിച്ചു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ഇപ്പോള്‍ ഉണ്ടായ തൂക്കുനിയമസഭയില്‍ കോണ്‍ഗ്രസ്സിന്  ലഭിച്ച 32 സീറ്റിനേക്കാള്‍ ഒരു സീറ്റ്  കുറവാണ് ആ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്ഗ്രസ് ആണോ ബി ജെ പി യാണോ എന്ന് തീരുമാനിക്കുന്നതില്‍ ഇപ്പോള്‍ നിര്‍ണ്ണായക ഘടകങ്ങള്‍, മൂന്ന് എം എല്‍ എ മാര്‍ വീതം   ഉള്ള കോണ്ഗ്രസ് വിമതരുടെയും, ബീ എസ പി യുടെയും ഗ്രൂപ്പുകളും ഏക എംഎല്‍എ ഉള്ള ഉത്തരഖണ്ഡ് ക്രാന്തിദല്‍ എന്ന പാര്‍ട്ടിയും ആണ്.
തെരഞ്ഞെടുപ്പ് നടന്ന മറ്റു രണ്ടു സംസ്ഥാനങ്ങള്‍ ആയ ഗോവയിലും മണിപ്പുരിലും വ്യക്തമായ ജന വിധി ആയിരുന്നു. ഗോവയില്‍ ഖനന മാഫിയാകളും മറ്റും ഉള്‍പെട്ട  അഴിമതിയില്‍ ആറാടിയ കോണ്ഗ്രസ് ഭരണത്തിന് ബി ജെ പി യ്ക്ക് അനുകൂലമായ കേവല ഭൂരിപക്ഷ ജനവിധിക്ക് മുന്‍പില്‍ തിരശ്ശീല വീണപ്പോള്‍  , മണിപ്പൂരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്  അധികാരം നിലനിര്‍ത്തി. തൃണമൂല്‍  കോണ്‍ഗ്രെസ്സിനു  ഏഴു സീട്ടുകളോടെ മണിപ്പൂരില്‍ ആദ്യമായി മുഖ്യ പ്രതി പക്ഷം ആകാന്‍ കഴിഞ്ഞതാണ് കൌതുകകരം ആയ മറ്റൊരു കാര്യം.
ഉത്തര്‍ പ്രദേശില്‍ നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത് പോലെ സമാജ് വാദി പാര്‍ട്ടി ബീ എസ് പി യെ ജനവിധിയില്‍ ബഹുദൂരം പിന്നില്‍ ആക്കി കേവല ഭൂരിപക്ഷം നേടി. ദേശീയ പാട്ടികള്‍ക്ക് കുറെക്കാലമായി സ്വാധീനം നഷ്ട്ടപ്പെടുകയും തല്‍ സ്ഥാനത്ത് പ്രബലരായ  രണ്ട് പ്രാദേശിക കക്ഷികള്‍ മാറി മാറി അധികാരത്തില്‍ വരികയും ചെയ്യുന്ന തമിള്‍ നാടിന്റെ രാഷ്ട്രീയ സാഹചര്യത്തോട് യു പി രാഷ്ട്രീയത്തെ ചിലര്‍ താരതമ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഒരു പ്രധാന വ്യത്യാസം യു പി യിലെ ബി എസ് പി യും, എസ് പിയും  പ്രാദേശികവാദത്തിന്റെ അടിത്തറയില്‍ വളര്‍ന്നിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ അല്ല എന്നുള്ളതാണ്.
ബഹുഭൂരിപക്ഷം  ജനങ്ങളും ദാരിദ്ര്യത്തിന്റെ പിടിയില്‍ കഴിയുന്ന അവസ്ഥ തുടരുമ്പോഴും ഉത്തര്‍ പ്രദേശ്‌ വ്യാപകമായ കോര്‍പ്പറേറ്റ് ഭൂമി കയ്യേറ്റങ്ങള്‍ക്കും  തൊഴിലില്ലായ്മക്കും സാക്ഷ്യം വഹിച്ചു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ അഖിലേഷ് യാദവ് എന്ന പുതിയ നേതാവിന്റെ രംഗ പ്രവേശം അല്ലാ, മറിച്ച് സമാജ് വാദി പാര്‍ട്ടി വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങളും വര്‍ദ്ധിച്ച തൊഴിലില്ലായ്മാ വേതനവും ആയിരിക്കണം കൂടുതല്‍ യുവാക്കളെ സമാജ് വാദി പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചത്. അവസാന നിമിഷത്തില്‍ മുസ്ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ്  പ്രഖ്യാപിച്ച  തുച്ഛമായ സംവരണ ആനുകൂല്യമോ  , ഹിന്ദു വോട്ടര്‍മാരെ വശത്താക്കാന്‍  ബി ജെ പി പ്രയോഗിച്ച സംവരണ വിരുദ്ധ പ്രചാര  വേലകളോ 
യു പിയില്‍ ഇരു പാര്‍ട്ടികളെയും  സഹായിച്ചില്ല എന്നത് ശ്രദ്ധേയമാണ്.  ഭൂമി , തൊഴിലവസരങ്ങള്‍, പൊതു ധനവ്യയത്ത്തില്‍ ഭരണകൂടം ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്തം, തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ ജാതി മത വിഭാഗീയതകളെ ഏറെ പിന്നില്‍ ആക്കിക്കൊണ്ട് മുന്നില്‍ വന്നതിന്റെ വ്യക്തമായ സൂചന ആണ് യു പി തെരഞ്ഞെടുപ്പ് ഫലം.
സംസ്ഥാന തെരഞ്ഞെടുപ്പുകള്‍  സ്വാഭാവികമായും പ്രാദേശിക വിഷയങ്ങള്‍ക്ക്‌ മുന്‍‌തൂക്കം കാണിക്കുമെങ്കിലും ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും അത്തരം ഘടകങ്ങള്‍ക്കപ്പുറം  കോണ്‍ഗ്രസ്സും ബിജെപി യും പ്രതിനിധാനം ചെയ്യുന്ന തരത്തിലുള്ള  ദേശീയ രാഷ്ട്രീയത്തെ ജനങ്ങള്‍ എതിര്‍പ്പോടെയാണ് നോക്കി കാണുന്നതെന്ന് തെളിയിക്കുന്നു.
യൂ പി എ - എന്‍ ഡി എ ഇതരം ആയ ഒരു മൂന്നാം അഖിലേന്ത്യാ ഫെഡരല്‍  മുന്നണിക്ക്‌ വേണ്ടി ഇരു മുന്നണികളിലെയും അസംതൃപ്തരായ പാര്‍ട്ടികള്‍ ചിലപ്പോള്‍ പുതുതായി നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. അതെ സമയം , അവയൊന്നും തന്നെ അഖിലേന്ത്യാ തലത്തില്‍ ബദലുകള്‍ ആയിത്തീരും വിധം സ്വീകാര്യത നേടിയിട്ടില്ല എന്നതും ഒരു വസ്തുതയാണ്.
ഫെബ്രുവരി 28 ന്റെ
രാജ്യവ്യാകമായ  പണിമുടക്കില്‍ ദൃശ്യമായത് പോലെയുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പൊരുതുന്ന ശക്തികളുടെയും ഐക്യം മാത്രമാണ്  പെരുകുന്ന അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും പ്രത്യാഘാതങ്ങളില്‍ നിന്ന്  മോചനം നേടാനും   കോര്‍പ്പറേറ്റ് അനുകൂലമായ ഭരണനയങ്ങളെ പിറകോട്ട് അടിപ്പിക്കാനും ഉള്ള  ഒരേയൊരു മാര്‍ഗ്ഗം.       

No comments:

Post a Comment