Sunday 11 March 2012

ഇന്ത്യന്‍ മാധ്യമങ്ങളുടെ തൊഴില്‍പരമായ നൈതികത 2011ല്‍
















ഇന്ത്യന്‍ മാധ്യമങ്ങളുടെ തൊഴില്‍പരമായ നൈതികത 2011ല്‍ 

(TheHoot.org ല്‍ പ്രസിദ്ധീകൃതമായ ഒരു റിപ്പോര്‍ട്ടില്‍ നിന്ന്)

ഭീകരപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യല്‍
2006ല്‍ നടന്ന മാലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഏഴ് മുസ്ലിം തടവുകാര്‍ക്ക് 2011 നവംബര്‍ 16ന് ജാമ്യം ലഭിച്ചു. മാധ്യമങ്ങള്‍ അത് ആഘോഷപൂര്‍വം റിപ്പോര്‍ട്ട് ചെയ്യുകയും വിജയഭാവത്തില്‍ പുഞ്ചിരിച്ച് പോസ് ചെയ്യാന്‍ പ്രതികളോട് ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) നടത്തിയ അവകാശവാദങ്ങള്‍ ഉദ്ധരിച്ച്  പ്രസ്തുത പ്രതികള്‍ മാലേഗാവില്‍ ബോംബ് വെച്ച് മുസ്ലിം സമുദായത്തില്‍പെട്ട 33 പേരെ കൊന്നവരാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം അവരെല്ലാം നിരപരാധികളാണെന്ന മാലേഗാവിലെ മുസ്ലിങ്ങളുടെ വാദം അച്ചടിക്കാന്‍ ചെറിയ ഇടം പോലും നല്‍കിയില്ല. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് മലേഗാവിലെ മുസ്ലിം സമുദായനേതാക്കളെയും അവരുടെ അഭിഭാഷകരെയും അഭിമുഖങ്ങള്‍ നടത്താന്‍ മത്സരിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഈ സമയത്ത് സാന്നിദ്ധ്യമേയില്ലാതിരുന്ന എ.ടി.എസിന്റെ ഭാഷ്യം എങ്ങിനെ ഏകപക്ഷീയമായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു? മാധ്യമപ്രവര്‍ത്തകരോട് ആരും ചോദിച്ചില്ലെന്നു മാത്രമല്ല, അതിന് വിശദീകരണം ആവശ്യമാണെന്ന് മാധ്യമങ്ങള്‍ കരുതിയതുമില്ല.
'പേര് പറഞ്ഞ്' മുദ്രചാര്‍ത്തല്‍
കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി പരിസരത്തുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ദേശീയഅന്വേഷണ ഏജന്‍സി അധികൃതര്‍ നല്‍കിയ ഭാഷ്യങ്ങള്‍ അടിസ്ഥാനമാക്കി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ മുന്‍പന്തിയില്‍ നിന്നു. സംഭവത്തെക്കുറിച്ച് ഏതെങ്കിലും രീതിയിലുള്ള തുമ്പ് ലഭിക്കുന്നതിന് മുമ്പുതന്നെ പത്രങ്ങള്‍, ഏതാനും വിദ്യാര്‍ത്ഥികളെ പേരെടുത്ത് പറഞ്ഞ് സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ പെടുത്തി. ഷരീഖ് ഭട്ട് എന്ന വിദ്യാര്‍ത്ഥിയെ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അയാളുടെ പേര് ചേര്‍ത്ത് വാര്‍ത്ത അതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. കിസ്ത്വാറിലെ ഹയര്‍സെക്കന്ററി സ്‌കൂള്‍ ആയ ഇസ്ലാമിയ ഫരീദിയയില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ഷരിഖ് ഭട്ടിനെ മാധ്യമങ്ങള്‍ അങ്ങിനെ ഒരു തീവ്രവാദിയാക്കുകയായിരുന്നു.
നവംബര്‍ 1-ാം തീയതി എന്‍.ഐ.എ. നല്‍കിയ വിവരണങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതേ ലേഖനത്തില്‍ തന്നെ എന്‍.ഐ.എയുടെ നിഗമനത്തിലെ യുക്തിരാഹിത്യം എടുത്തുകാട്ടിയിട്ടും, കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട യുവാവ് ബോംബാക്രമണം ആസൂത്രണം ചെയ്ത വിധവും അയാളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളും വിശദമായി പ്രതിപാദിക്കുകയുണ്ടായി. പോലീസ് ഭാഷ്യത്തെ വാര്‍ത്തയുടെ അവസാനഭാഗത്ത് ചോദ്യം ചെയ്യുമ്പോഴും പ്രതിയെ പേരെടുത്ത് പരാമര്‍ശിച്ചത് അനുചിതം എന്ന് പത്രത്തിന് തോന്നിയില്ല.
ഇതേ പത്രം, ഡിസംബര്‍ 20ന് പ്രതികളിലൊരാളായിരുന്ന മാലിക്കിനെ ഉദ്ധരിച്ച്, അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വച്ച് ഭീകരമായി മര്‍ദ്ദിച്ചതായും എന്‍.ഐ.എ.യുടെ വിവരണത്തില്‍ തന്നെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് പ്രത്യേകകോടതിയില്‍ ഒരു കത്തെഴുതി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയായി ആരോപിക്കപ്പെട്ട വ്യക്തിയുടെ പിതാവ് വക്കീല്‍ നോട്ടീസയക്കുന്നു
'ദ് ഹിന്ദു' ദിനപത്രത്തില്‍ വന്ന പ്രവീണ്‍സ്വാമിയുടെ ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐ.എം.) പ്രവര്‍ത്തകനായി ചിത്രീകരിക്കപ്പെട്ടിരുന്ന യാസിന്‍ ഭട്കല്‍ എന്ന വ്യക്തിയുടെ പിതാവ് കര്‍ണാടകസ്വദേശിയായ മുഹമ്മദ് സരാര്‍ സിദിബാപ്പ പത്രത്തിന്റെ ചീഫ് എഡിറ്ററായ എന്‍. റാം, പ്രവീണ്‍സ്വാമി എന്നിവര്‍ക്കെതിരെ അയച്ച ഒരു വക്കീല്‍ നോട്ടീസില്‍ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമാക്കിയിരുന്നതായി ഡിസംബര്‍ 19ന് തെഹല്‍ക വാരിക റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 1ന്റെ ദ് ഹിന്ദു പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്ന റിപ്പോര്‍ട്ടിന്റെ തലക്കെട്ട് '2010ലെ ആക്രമണങ്ങളുടെ അന്വേഷണത്തില്‍ ഉണ്ടായ പുരോഗതി പുതിയ ജിഹാദിസ്റ്റ് ആക്രമണ ഭീഷണി ഉയര്‍ത്തുന്നു' എന്നായിരുന്നു. സിദി ബാപ്പയെ ഒരു ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ശേഷം 2005 മുതല്‍ ഒളിവില്‍ പോയ ആളും ആയി ചിത്രീകരിച്ചു. തെഹല്‍കയോട് സിദി ബാപ്പ പറഞ്ഞതാകട്ടെ കഴിഞ്ഞ മൂന്ന് ദശകങ്ങളായി അദ്ദേഹം ദുബൈയില്‍ ഒരു ബിസിനസ് സ്ഥാപനം നടത്തിവരികയാണെന്നാണ്.
കൂലിക്ക് എഴുതപ്പെടുന്ന വാര്‍ത്തകള്‍
കൂലിക്ക് വാര്‍ത്ത എഴുതിച്ചതിന്റെ പേരില്‍ ആദ്യമായി ഒരു രാഷ്ട്രീയനേതാവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തതും 2011ല്‍ ആയിരുന്നു. ഉത്തരപ്രദേശിലെ രാഷ്ട്രീയലോക്ദള്‍ അധ്യക്ഷയായ ഒരു നേതാവിനെ, രണ്ട് ഹിന്ദിഭാഷാ പത്രങ്ങള്‍ക്ക് 'ന്യൂസ് ഐറ്റംസ്' നിര്‍മിക്കാന്‍ എന്ന ഇനത്തില്‍ ചെലവഴിച്ച തുകയുടെ കണക്ക് സമര്‍പ്പിച്ച തെറ്റായ നടപടിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മൂന്ന് വര്‍ഷത്തേയ്ക്ക് അയോഗ്യത കല്‍പിച്ചു.
മറ്റൊരു സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രം ബി.ടി. കോട്ടണ്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട മൂന്ന് വര്‍ഷം പഴക്കമുള്ള ഒരു വാര്‍ത്ത പുതുതായി ഒരു വിവരവും നല്‍കാതെ അതേപടി എടുത്ത് പ്രസിദ്ധീകരിച്ചു. മഹീകൊ മൊണ്‍സാന്റോ ബയോടെക് എന്ന കമ്പനിക്കെതിരെ അപകീര്‍ത്തിയുണ്ടാകാനിടയുള്ള ഒരു വാര്‍ത്ത ഓഗസ്റ്റ് 28ന് പത്രങ്ങളില്‍ വന്നതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടിയും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയും ആയിരുന്നു സെപ്റ്റംബറില്‍ ടൈംസ് ഓഫ് ഇന്ത്യ 'ഉപഭോക്താവുമായി നേരിട്ടു ബന്ധപ്പെടാനുള്ള മുന്‍കൈ പ്രവര്‍ത്തനം' എന്ന തലക്കെട്ട് നല്‍കി പഴയ വാര്‍ത്ത പുനഃപ്രസിദ്ധീകരിച്ചത്. 2008ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ എഡിഷന് പുറമേ ഇക്കണോമിക് ടൈംസിലും യു.എന്‍.ഐ., പി.ടി.ഐ. എന്നീ ഏജന്‍സികളുടെ ന്യൂസ് ഫീഡുകളിലും ഓടിയ വാര്‍ത്തയായിരുന്നു അത്.
അപകീര്‍ത്തി പരത്തല്‍
കൂടംകുളത്തെ ആണവനിലയവിരുദ്ധജനകീയ സമരത്തിന്റെ നേതാക്കളായ എസ്. പി. ഉദയകുമാര്‍, എം. പുഷ്പരായന്‍, എം. പി. സെല്‍വരാജ് എന്നിവര്‍ക്കെതിരെ ദിനമലര്‍ എന്ന തമിഴ് പത്രം നവംബര്‍ 24ന് അപകീര്‍ത്തികരമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതിന്റെ തലവാചകം 'കൂടംകുളം വിവാദത്തിന് പിന്നിലെ സത്യവും വ്യാജപ്രചരണങ്ങളും' എന്നായിരുന്നു. തമിഴ്‌നാടിന്റെ വികസനം ഇഷ്ടപ്പെടാത്ത അമേരിക്കയാണ് കൂടംകുളം ആണവനിലയവിരുദ്ധസമരത്തിന് പിന്നില്‍ എന്ന് ആരോപിച്ച ദിനമലര്‍ റിപ്പോര്‍ട്ടില്‍ മൂന്ന് നേതാക്കളുടെയും വ്യക്തിപരമായ വിവരങ്ങളും ഫോണ്‍നമ്പറുകളും ഇമെയില്‍ വിലാസങ്ങളും കൊടുത്തിരുന്നു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകൃതമായതിനുശേഷം മൂന്നുപേര്‍ക്കും തുടര്‍ച്ചയായി ടെലിഫോണിലൂടെയും മറ്റും ഭീഷണിസന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍
ജൂലൈ 1ന് ഇന്ത്യയിലെ ചില ടി.വി. ചാനലുകള്‍ ഓപ്പറേഷന്‍ ഗാങ് റേപ് എന്ന പേരില്‍ സംപ്രേഷണം ചെയ്ത ഒരു വീഡിയോ വാര്‍ത്തയുടെ പേരില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് സെല്‍ഫ് റഗുലേറ്ററി അതോറിറ്റി (എന്‍.ഡി.എസ്.ആര്‍.എ) എന്ന സ്ഥാപനം ഇന്ത്യന്‍ ചാനലുകളെ 'ശാസിക്കു'കയുണ്ടായി. ക്രൂരമായ ഒരു കൂട്ടബലാത്സംഗത്തിന്റെ എം.എം.എസ്. ഫൂട്ടേജുകള്‍ അങ്ങേയറ്റം അധിക്ഷേപാര്‍ഹമായ വിധത്തില്‍ പരസ്യമായി സംപ്രേഷണം ചെയ്തതിനായിരുന്നു ഇത്.
ബ്രോഡ്കാസ്റ്റിങ് കണ്ടന്റ്‌സ് കംപ്ലെയ്ന്റ്‌സ് കൗണ്‍സിലിന്റെ (ബി.സി.സി.സി.) കണ്ടെത്തല്‍ പ്രകാരം, ഇന്ത്യയില്‍ നിരവധി ചാനലുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സീരിയലുകളിലൂടെയും മറ്റും കുറ്റകരമായ വിധത്തില്‍ പരസ്യസംപ്രേഷണം നടത്തിവരുന്നുണ്ട്.

No comments:

Post a Comment