Wednesday, 23 January 2019

റിപ്പബ്ലിക് ദിനം 2019 :
മോദി ദുരന്തത്തിൽനിന്നും ഇന്ത്യയെ കര കേറ്റുക
 

[ML Update A CPI(ML) Weekly News Magazine
Vol. 22 | No. 04 | 22 – 28 Jan 2019 
Editorial]


ഇന്ത്യൻ ഭരണഘടന  നിലവിൽവന്നിട്ട് എഴുപത് സംവത്സരങ്ങൾ ആകാൻ പോകുകയാണ്. എഴുപതു വർഷങ്ങൾക്കിടെ മുൻപ് ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന മോദി സർക്കാരിന്റെ അവകാശവാദം ഒരു കാര്യത്തിലെങ്കിലും വളരെ ശരിയാണ് : മുൻപ് ഒരു സർക്കാരും ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ ഇതുപോലെ ശ്രമിച്ചിട്ടില്ല.  നൂറിലേറെ തവണ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ടെന്നതും , ആഭ്യന്തരവും അല്ലാത്തതുമായ അടിയന്തരാവസ്ഥകളുടെ  സാഹചര്യങ്ങളിൽ അതിലെ ചില  വ്യവസ്ഥകൾ  ഉപയോഗപ്പെടുത്തി ഭരണഘടനാപരമായ അവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നതും , തെരഞ്ഞെടുക്കപ്പെട്ട നിരവധി സംസ്ഥാന സർക്കാരുകളെ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്ത വിധത്തിൽ പിരിച്ചുവിട്ടിട്ടുണ്ടെന്നതും ശരിയായിരിക്കുമ്പോൾത്തന്നെ,   ഇന്നത്തെ കേന്ദ്ര ഭരണകൂടം ചെയ്യുന്നതുപോലെ    ഒരു സർക്കാരും ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ ചിട്ടയായി ആക്രമണം നടത്തുന്നത് ഇതിനുമുൻപ് നമ്മൾ കണ്ടിട്ടില്ല.

പൗരത്വനിയമ  ഭേദഗതിബിൽ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ 
പൗരത്വവകാശങ്ങൾ  നിർണ്ണയിക്കുന്നതിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഉൾപ്പെടുത്തുകവഴി പൗരത്വത്തിന്റെയും റിപ്പബ്ലിക്കിന്റെയും അടിസ്ഥാന പരികല്പനകൾ ബലികഴിക്കപ്പെടുകയാവും ഫലം. പ്രസ്തുത ബിൽ പാസ്സായ ദിവസം തന്നെയാണ് സാമ്പത്തികമായി പിന്നോക്കമായ മുന്നോക്കസമുദായങ്ങൾക്കും  സംവരണം  ലഭ്യമാക്കുന്ന (അതും വാർഷിക വരുമാനത്തിനും ഭൂവുടമസ്ഥതയ്ക്കും സാമാന്യം ഉയർന്ന പരിധി വെച്ചുകൊണ്ട്)  സംവരണ ഭേദഗതി പാസ്സാക്കപ്പെട്ടത്. സ്ഥാപനവൽകൃതമായ സാമൂഹിക മർദ്ദനത്തിന്റെയും അനീതിയുടെയും ഇരകളായ സമുദായങ്ങളെ   മുന്നോട്ടു കൊണ്ടുവരാനുള്ള പരിഹാര നടപടികളുടെ  ഭാഗമാണ്  സംവരണം എന്ന  ആശയത്തിന്റെ കടയ്ക്കൽ കോടാലിവെക്കുന്ന ഒരു നടപടിയാണ് അത്. നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവത്തിനും ദിശാസങ്കൽപ്പത്തിനും എതിരായ ബോധപൂർവ്വമായ ആക്രമണങ്ങൾ ഇത്തരത്തിൽ ശക്തിപ്പെടുത്തുന്നതിന് അകമ്പടിയെന്നോണം,  പൗരന്മാരുടെ ജനാധിപത്യാവകാശങ്ങൾക്ക് നേരെയും   വ്യക്തിതലത്തിലും സമുദായികതലങ്ങളിലും കടന്നാക്രമണങ്ങൾ ഉണ്ടാവുന്നു.      
2019 പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് കൊളോണിയൽ കാലത്തെ രാജ്യദ്രോഹ വകുപ്പ് ഉപയോഗിച്ച് മൂന്നു വർഷ ങ്ങൾക്ക് മുൻപ് എടുത്ത ഒരു  കേസിൽ   ജെ എൻ യു വിദ്യാർഥികൾക്കെതിരായി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആസാമീസ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഹിരൻ ഗൊഹെയിൻ, ആക്ടിവിസ്റ്റ്  അഖിൽ ഗൊഗൊയി  എന്നിവർക്കെതിരെ രാജ്യദ്രോഹ നിയമം ഉപയോഗിച്ച് കേസ് എടുത്തത് പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിർത്ത് അവർ സംസാരിച്ചതുകൊണ്ടായിരുന്നു. ഭരണകൂടത്തോട് വിയോജിച്ചുകൊണ്ട് സ്വന്തം അഭിപ്രായങ്ങൾ തുറന്നുപ്രകടിപ്പിച്ചതിന് സുരേന്ദ്ര ഗാഡ്‌ലിംഗ് , സുധ ഭരദ്വാജ് എന്നീ അഭിഭാഷകർ മുതൽ  ഗൗതം നവ് ലേഖ ,ആനന്ദ് തെൽതുംഡ്ദേ എന്നീ എഴുത്തുകാരെവരെ യു എ പി എ എന്ന ഡ്രാക്കോണിയൻ നിയമം ഉപയോഗിച്ച് ജെയിലിലയച്ചുകൊണ്ടിരിക്കുന്നു. മണിപ്പൂരിലെ മാധ്യമപ്രവർത്തകനായ കിഷോർചന്ദ്ര വാൻഖേമിനെ ദേശീയ സുരക്ഷാ നിയമം എന്ന നിയമത്തിലെ കുപ്രസിദ്ധിയാർജ്ജിച്ച വകുപ്പുകൾ ഉപയോഗിച്ചാണ് ജെയിലിലടച്ചി രിക്കുന്നത്. അനേകം കോടികളുടെ സാമ്പത്തിക തിരിമറികളുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന  ഏവർക്കും എതിരെ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യാൻ  അധികാര ഹുങ്ക് തലയ്ക്കുപിടിച്ച ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രതിനിധികൾക്ക് ഉളുപ്പില്ലാതായിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർ കണക്കു കൂട്ടുന്നത് സാമ്പത്തിക അഴിമതികൾ തുറന്നുകാട്ടാൻ ആരും ധൈര്യപ്പെടില്ലെന്നാണ്. വിവിധ ഏജൻസികൾ ആധാർ സ്വേച്ഛാപരമായി  അടിച്ചേൽപ്പിക്കുമ്പോൾ സേവനങ്ങളോ സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാനുള്ള അർഹതയിൽനിന്നും പുറന്തള്ളപ്പെടുന്ന വരുടെ എണ്ണം വർധിക്കുകയാണ്. മറ്റൊരുവശത്ത് , ആധാർ വഴി ലഭ്യമാവുന്ന ഓരോ സേവനവും  ഫലത്തിൽ പൗരന്മാരുടെ  സ്വകാര്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നു.
  അധികാരത്തിൽ കൂടുതൽ  പിടിമുറുക്കുന്നതിന് വേണ്ടി ഫാസിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയെ കാറ്റിൽ പറത്തുന്നത് തടയാനുള്ള   ഫലപ്രദമായ ഏക മാർഗ്ഗം  ഭരണഘടനാമൂല്യങ്ങൾ  ഉയർത്തിപ്പിടിച്ചു നടത്തുന്ന ശക്തമായ പ്രതിരോധത്തിലൂടെ  ജനാധിപത്യ ശക്തികൾ ഐക്യപ്പെടുന്നതാണ് .ഉത്തർപ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഭരണം ഏറ്റുമുട്ടൽ കൊലപാതക ങ്ങളുടെ  പരമ്പര കെട്ടഴിച്ചുകൊണ്ട് ഭരണഘടനാ വാഴ്ചയെ വെല്ലുവിളിച്ചിരിക്കുകയാണ് . 'ഹിന്ദുരാഷ്ട്ര ' ത്തിന്റെ  പ്രായോഗിക മാതൃക എന്താണെന്ന് വ്യക്തമായും കാട്ടിത്തരുന്ന പ്രസ്തുത ഭരണത്തിൻകീഴിൽ പൊറുതിമുട്ടിയ  ജനങ്ങൾ നിയമവാഴ്ച പുനഃസ്ഥാപിച്ചുകിട്ടുന്ന  ഒരു ഭരണമാറ്റത്തിനുവേണ്ടി മുറവിളികൂട്ടുകയാണ്.  നീതിക്കും അവകാശങ്ങൾക്കും സമാധാനത്തിനും വേണ്ടിയുള്ള ഓരോ പോരാട്ടത്തിലും ഇന്ന് ഉയർന്നുവന്നിരിക്കുന്ന പൊതുമുദ്രാവാക്യം   ' ഭരണഘടനയെ രക്ഷിക്കൂ , ഇന്ത്യയെ രക്ഷിക്കൂ 'എന്നായിരിക്കുന്നു. 2019 ൽ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ , ഇന്ത്യൻ ഭരണഘടനയും അതിന്റെ കാതലായ മൂല്യങ്ങൾ എന്ന നിലയിൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയും ജനങ്ങളെസംബന്ധിച്ചേടത്തോളം  അടിസ്ഥാനപരമായ  ഒരു പ്രകടനപത്രികയുടെ ഭാഗമാവേണ്ടതുണ്ട്.      
1990 കൾ മുതൽ നടപ്പാക്കിവരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായ ഉദാരവൽക്കരണം,  ആഗോളവൽക്കരണം,സ്വകാര്യവൽക്കരണം എന്നിവ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയാകെ അവതാളത്തിലാക്കിയിട്ടുണ്ട്. മോദി ഭരണകാലത്ത് നടപ്പാക്കിയ നോട്ട് റദ്ദാക്കലും ജി എസ്  ടി യും കോർപ്പറേറ്റ് താല്പര്യസേവയും  എല്ലാം  ചേർന്നപ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന ഫലമാണ്  ഉണ്ടാക്കിയത്. ചങ്ങാത്തമുതലാളിത്തം ഒരു വശത്തു തടിച്ചു കൊഴുക്കുമ്പോൾ മറുവശത്ത് അസമത്വങ്ങൾ പെരുകുകയും  സാധാരണ ജനങ്ങൾ നീണ്ട കാലത്തെ കാർഷിക പ്രതിസന്ധിയുടെയും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ദുരിതഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  അതിജീവനം എന്ന വലിയ പ്രശ്നത്തിന് മുന്നിൽ ജനങ്ങൾ പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ നാശോന്മുഖമായ സാമ്പത്തിക വ്യവസ്ഥയിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ സംഘപരിവാർ ശക്തികൾ അവതരിപ്പിക്കുന്ന വിഭാഗീയ അജൻഡകൾ പഴയതുപോലെ വിലപ്പോവാതെയായിരിക്കുന്നു. സമീപകാലത്തു നടന്ന ഉപതെരഞ്ഞെടുപ്പികളിലും അസംബ്ലി തെരഞ്ഞെടുപ്പുകളിലും ഉണ്ടായ ജനവിധിയിലൂടെ പ്രതിഫലിച്ചുകാണുന്നതും ഈയൊരു അടിസ്ഥാനപരമായ യാഥാർഥ്യമാണ്. 
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു പൊതുതെരഞ്ഞെടുപ്പാണ് 2019 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ രൂപത്തിൽ ജനങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത്. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ വന്ന 1977 തെരഞ്ഞെടുപ്പിനെ കവച്ചുവെക്കുന്ന ഒരു പ്രാധാന്യം 2019 ന് ഉണ്ട്  ; 1977 ൽ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് അടിയന്തരാവസ്ഥ  പിൻവലിക്കപ്പെട്ടിരുന്നുവെങ്കിൽ , ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് മോദി - അമിത് ഷാ കൂട്ടുകെട്ട് സൃഷ്ടി ച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നിഴലിൽ രാജ്യത്തെ നിർത്തിക്കൊണ്ടാണ് .അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പിലെ മർമ്മപ്രധാനമായ മുദ്രാവാക്യം ഭരണഘടനയെ ഉയർത്തിപിടിക്കുക വഴി ജനാധിപത്യത്തെ രക്ഷിക്കുക എന്നതായിരിക്കും. അതിനാൽ , മോദി ഭരണം കെട്ടഴിച്ചുവിട്ട ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനുമപ്പുറം , ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തമായ പുതിയൊരടിത്തറയിൽ പുതുക്കിപ്പണിയുന്നതിലേക്കുള്ള നിർണ്ണായകമായ കാൽവെപ്പുകൾക്ക്‌ കൂടി 2019 തെരഞ്ഞെടുപ്പ് ഒരു നിമിത്തമാകേണ്ടതുണ്ട്. 
വിവിധ ജനവിഭാഗങ്ങൾ രാജ്യത്തു നടത്തിവരുന്ന പോരാട്ടങ്ങളുടെ ശബ്ദം 2019 തെരഞ്ഞെടുപ്പിൽ മാറ്റൊലിക്കൊള്ളും. കഴിഞ്ഞ നവംബർ 29 -30 തീയതികളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ കർഷകർ നടത്തിയ പാർലമെന്റ് മാർച്ച് ഉയർത്തിയ ആവശ്യങ്ങളും, ജനുവരി 8 -9 നു നടന്ന രാജ്യവ്യാപകമായ പൊതുപണിമുടക്കിലൂടെ  തൊഴിലാളിവർഗ്ഗം ഉന്നയിച്ച ആവശ്യങ്ങളും , വരുന്ന ഫെബ്രുവരി 7  ന്   ഡൽഹിയിൽ വിദ്യാർഥി-യുവജന വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ  നടക്കാനിരിക്കുന്ന യങ് ഇന്ത്യാ അധികാര മാർച് സമർപ്പിക്കാൻ പോകുന്ന അവകാശപത്രികയും കാതലായി ഉൾക്കൊള്ളുന്ന ഒരു "ജനങ്ങളുടെ മാനിഫെസ്റ്റോ" വിന് 2019 തെരഞ്ഞെടുപ്പിന്റെ സന്ദർഭത്തിൽ രൂപം നല്കേണ്ടതാവശ്യമാണ്. പൗരത്വ നിയമ ഭേദഗതി, സാമൂഹ്യമായും വിദ്യാഭ്യാസപരമായും അവസരങ്ങൾ നിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായി ലഭിച്ച സംവരണാവകാശങ്ങൾ  അട്ടിമറിക്കൽ എന്നിവ അനുവദിച്ചുകൂടാത്തതാണ്. ജനവിരുദ്ധ സർക്കാരിനെ ജനവിധിയിലൂടെ പുറത്താക്കുന്നതോടൊപ്പം , വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനായി സൃഷ്ടിച്ച ഡ്രക്കോണിയൻ നിയമങ്ങളും തൂത്തെറിഞ്ഞുകൊണ്ടേ  സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം എന്നീ ഭരണഘടനാ തത്വങ്ങളുടെ അടിത്തറയിൽ  ഇന്ത്യയിലെ ജനാധിപത്യത്തെ പുതിയൊരു ദിശയിലേക്ക് വികസിപ്പിക്കാനാകൂ . 

No comments:

Post a Comment