ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം ചെറുക്കുക.
കോര്‍പ്പറേറ്റ് ലാഭം ഇന്ത്യന്‍ ജനതയുടെ ഉപജീവനം ബലി കഴിച്ച് വേണ്ട
ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളെ ദോഷകരം ആയി ബാധിക്കുന്ന ഒരു നീക്കം ആണ് മള്ടി ബ്രാന്‍ഡ് റിട്ടെയില്‍ വ്യാപാര രംഗത്ത് 51 % വിദേശ നിക്ഷേപം അനുവദിക്കാനുള്ള യൂ പി എ സര്‍ക്കാരിന്റെ തീരുമാനം. ബഹുരാഷ്ട്ര കുത്തകകളുടെ റിട്ടെയില്‍ ശ്രുംഘലകള്‍ ഇന്ത്യയിലെമ്പാടും ഷോപ്പുകള്‍ തുറന്നിടുമ്പോള്‍ രാജ്യത്തിലെ അനേകലക്ഷങ്ങള്‍ വരുന്ന ചെറുകിട വ്യാപാരികളെ മാത്രമല്ലാ അത് ബാധിക്കാന്‍ പോകുന്നത് എന്നതിനാല്‍ ആണ് ഇത് സംബന്ധമായി ആദ്യം കേരളത്തില്‍ നവംബര്‍ 30 നും , പിന്നീട് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഡിസംബര്‍ ഒന്നിനും നടന്ന രണ്ടു ഹര്ത്താലുകള്‍ക്ക് വ്യാപകമായ ജന പിന്തുണ ലഭിച്ചത്. വിവിധ വ്യാപാരി സംഘടനകള്‍ക്ക് പുറമേ പ്രതി പക്ഷ രാഷ്ട്രീയ കക്ഷികളും യൂ പി എ യുടെ സഖ്യ ശക്തികള്‍ ആയ ഡി എം കെ , ടി എം സി തുടങ്ങിയ പാര്‍ട്ടികളും ബന്ദു വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചു .ഭരണ പക്ഷത്തിനകത്തും പാര്‍ലമെന്റിലും ഉള്ള വിവിധ രാഷ്ട്രീയ കക്ഷികള്‍ റിട്ടെയില്‍ വ്യാപാര രംഗത്തെ കുത്തകവല്‍ക്കരണത്തെ എതിര്‍ക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി പ്രസ്തുത തീരുമാനത്തെ സ്വാഗതം ചെയ്തത് എന്നത് ശ്രദ്ധേയം ആണ്.
രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ ഗൌരവമായി എടുക്കുന്നതിനു പകരം യു പി എ സര്‍ക്കാര്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ്കള്‍ക്കും ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് അനുകൂലമായി പ്രചാര വേലയില്‍ മുഴുകുകയാണ്. റിട്ടെയില്‍ രംഗത്തെ 51 % വിദേശ പങ്കാളിത്തത്തിന് അനുകൂലമായി വര്‍ത്തമാന പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യങ്ങള്‍ നല്ക്ന്ന മന്‍മോഹന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പുറകോട്ടു പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ചെറുകിട കച്ചവട രംഗത്തെ അനേക ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെടുകയും വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പുതിയ തരം ചൂഷണങ്ങളുടെ രൂപത്തില്‍ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്യും എന്ന ന്യായമായ ആശങ്കയെ പാടേ അവഗണിച്ചു കൊണ്ട് സര്‍ക്കാര്‍, മേല്‍പ്പറഞ്ഞ പരസ്യങ്ങള്‍ വഴി അവകാശപ്പെടുന്നത് വാള്‍ മാര്‍ട്ട്, കരെഫോര്‍,ടെസ്കോ തുടങ്ങിയ കുത്തകകളുടെ വരവ് ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയും ഒപ്പം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും ആണ്. ചില്ലറ വില്‍പ്പന രംഗത്തെ വിദേശ നിക്ഷേപം പുതുതായി പത്ത് ദശ ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് എന്ന പോലെ കര്‍ഷകര്‍ക്കും അതുകൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകുമെന്നും ആണ് കുത്തകകളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന
വരും സര്‍ക്കാരും അവകാശപ്പെടുന്നത്.
മേല്പറഞ്ഞ അവകാശ വാദങ്ങളുടെ പൊള്ളത്തരം മനസ്സിലാവണമെങ്കില്‍, അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്കില്‍ റിട്ടെയില്‍ വ്യാപാര ശ്രുംഘല തുറക്കാന്‍ ഈ രംഗത്തെ ലോക കുത്തകയായ വാള്‍ മാര്‍ട്ട് 2005 മുതല്‍ നടത്തിപ്പോരുന്ന ശ്രമങ്ങള്‍ ഇതുവരെയും ഫലം കണ്ടിട്ടില്ല എന്ന ഒറ്റക്കാര്യം മതിയാകും . തൊഴിലുകള്‍ നഷ്ട്ടപ്പെടുത്തുന്നതില്‍ റിട്ടെയില്‍ വ്യാപാര രംഗത്തെ വാള്‍ മാര്‍ട്ട് എന്ന കുത്തക യുടെ കുപ്രസിദ്ധമായ പൂര്‍വ ചരിത്രം അറിയാവുന്ന യൂണിയനുകളും പ്രാദേശിക ജനതയും വാള്‍ മാര്‍ട്ട് ന്യൂയോര്‍ക്കില്‍ കാലുകുത്തുന്നതിനെ ചെറുത്തതിന്റെ ഫലമായിരുന്നു ഇത്. ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെ പൂട്ടിക്കാനും അനേക ലക്ഷങ്ങള്‍ക്ക് തൊഴിലും ഉപജീവനമാര്‍ഗ്ഗവും ഇല്ലാതാക്കാനും തൊഴില്‍ പരമായ അവകാശങ്ങള്‍ പലതും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ തുച്ഛമായ വേതനത്തിന് ആളെ നിയമിച്ചു ചെറുകിട വ്യാപാരം കുത്തകവല്‍ക്കരിക്കാനും സ്വന്തം നാട്ടില്‍ അനഭിമതരായ വാള്‍ മാര്‍ട്ടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ് ഇപ്പോള്‍ യു ഐ എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ചെറുകിട വ്യാപാരത്തില്‍ കുത്തകള്‍ പ്രവേശിക്കുമ്പോള്‍ അത് കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തും എന്നതാണ് മറ്റൊരു ന്യായമായി സര്‍ക്കാര്‍ പറയുന്നത്. എനാല്‍ ലോകത്തെമ്പാടും ഉള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത് നേരെ മറിച്ചാണ് . കുത്തകള്‍ നിഷ്കര്‍ഷിക്കുന്ന ഗുണ നിയന്ത്രണ നിലവാരങ്ങള്‍ ഏറെയും കോര്‍പ്പറേറ്റ്കളുടെ ലാഭം മാത്രം മുന്‍നിര്‍ത്തി കൃത്രിമമായി സൃഷ്ട്ടിക്കപ്പെടുന്നതും, ചെറുകിട കര്‍ഷകന് പാലിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. സര്‍ക്കാരിന്റെ കാര്‍ഷികോല്‍പ്പന്ന സംഭരണ സമ്പ്രദായത്തിന്റെ നിലവിലുള്ള കാര്യക്ഷമതയെയും ചെറുകിട വ്യാപാര രംഗത്തെ കുത്തകവല്‍ക്കരണം തീര്‍ച്ചയായും ബാധിക്കുമെന്ന് മാത്രമല്ല, അത് ഭക്ഷ്യ സുരക്ഷിതത്വത്തെയും കൃഷിയെത്തന്നെയും തകിടം മറിക്കാന്‍ ഇടയാക്കും.
അഴിമതി വിരുദ്ധ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ പാര്‍ലമെന്റിന്റെ പരമാധികാരത്തെക്കുറിച്ചു കപടമായ വേവലാതി പ്രകടിപ്പിച്ച യൂ പി എ സര്‍ക്കാര്‍ , ചില്ലറ വ്യാപാരത്തില്‍ 51 % വിദേശ പങ്കാളിത്തം പ്രഖ്യാപിച്ചത് പാര്‍ലമെന്റിന്റെ അഭിപ്രായം പരിഗണിക്കാതെയായിരുന്നു എന്നതില്‍ ഒട്ടും അത്ഭുതമില്ല . പാര്‍ലമെന്ടു സമ്മേളനകാലം ആയിട്ടുപോലും, ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്ന ഈ തീരുമാനം എടുത്തത് വെറും ക്യാബിനറ്റ് യോഗം വഴി ആയിരുന്നു.
വ്യാപാര രംഗത്തെ കുത്തകവല്‍ക്കരണം ഉണ്ടാക്കുന്ന പുതിയ സ്ഥിതി വിശേഷം പ്രതികൂലം ആകാതിരിക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും എന്ന് സര്‍ക്കാര്‍ അവകാശപെടുന്നു. കേവലം അമ്പതു വന്‍ നഗരങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്താന്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും , ചെറുകിട ഉല്‍പ്പാദകര്‍ക്ക് സംരക്ഷണം നല്‍കുന്നതിനു വേണ്ടി ചുരുങ്ങിയത് 30 % ഉത്പന്നങ്ങള്‍ എങ്കിലും രാജ്യത്തിനുള്ളിലെ ചെറുതും ഇടത്തരവുമായ കര്‍ഷക /സംരംഭകരില്‍ നിന്ന് വാങ്ങാന്‍ വിദേശ കമ്പനികളെ നിര്‍ബന്ധിക്കുമെന്നും ആണ് പറയുന്നത്. ഇന്ത്യന്‍ നിര്‍മ്മിത ലഘുപാനീയങ്ങളെ കൊക്ക കോളയും പെപ്സിയും എങ്ങിനെയാണ് വിപണിയില്‍ നിന്നും തുരത്തിയതെന്നു ഓര്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ 30 % സംവരണം കൊണ്ട് നാട്ടിലെ ചെറുകിട ഇടത്തരം ഉല്‍പ്പാദന മേഖലകള്‍ നേരിടാന്‍ പോകുന്ന വന്‍ പ്രതിസന്ധി ഇല്ലാതാവുകയില്ലെന്നു ആര്‍ക്കും മനസ്സിലാകുന്നതാണ്.
മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായിരിക്കെ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച നിയോ ലിബറല്‍ പരിഷ്കാരങ്ങളുടെ മുഖ്യ ഘടകങ്ങളായ ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം , സാമ്പത്തിക ഉദാരവല്‍ക്കരണം എന്നീ നയങ്ങള്‍ രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ തൊഴിലുകളെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും ഇതെല്ലാം വിധത്തിലാണ് തകിടം മറിച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ് . രാജ്യത്ത് ഏറിവരുന്ന കാര്‍ഷിക പ്രതിസന്ധിയും അതിന്റെ ഫലമായി പെരുകുന്ന ഗ്രാമീണ കര്‍ഷക കട ബാധ്യതകളും, എല്ലാത്തിലുമുപരി അഭൂതപൂര്‍വ്വമായ അളവില്‍ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകളും കണ്ടില്ലെന്നു നടിച്ചു കൊണ്ട് ഉദാരവല്‍ക്കരണത്തിന്റെ തേര്‍ വാഴ്ചയിലെ മറ്റൊരു ഘട്ടത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അതിനാല്‍ ,രാജ്യത്തെമ്പാടും ഉള്ള റിട്ടെയില്‍ വ്യാപാരികളുടെയും സാമാന്യ ജനങ്ങളുടെയും പ്രതിഷേധത്തില്‍ നാം അണി ചേരുക.
നമ്മുടെ ജനതയുടെ ഉപജീവനവും അതിജീവനവും തകരാറിലാക്കാന്‍ വാള്‍ മാര്ടുകളെ ഒരിക്കലും അനുവദിക്കാതിരിക്കുക. ചെറുകിട വ്യാപാര രംഗത്ത് കുത്തകകളെ വിളിച്ചു വരുത്താനുള്ള തീരുമാനത്തില്‍ നിന്നും യൂ പി എ സര്‍ക്കാര്‍ പിന്മാറുക.
No comments:
Post a Comment