Sunday, 18 December 2011

മുല്ലപ്പെരിയാര്‍ തര്‍ക്കം : സി പി ഐ (എം എല്‍) പ്രസ്താവന 18 -12 -2011
മുല്ലപ്പെരിയാര്‍ തര്‍ക്കം ഒരു ഏറ്റുമുട്ടലിന്റെ തലത്തിലേക്ക്  വികസിക്കുന്നതില്‍ സി പി ഐ (എം എല്‍ ) അതീവമായ ആശങ്ക രേഖപ്പെടുത്തുന്നു. ഈ വിഷയത്തില്‍ മത്സരാധിഷ്ടിത പ്രാദേശിക ഷോവനിസവും അക്രമവും കുത്തി പൊക്കാനുള്ള 
ഇരു പക്ഷത്തെയും  തല്‍പ്പര കക്ഷികളുടെ   ശ്രമങ്ങളെ ക്ഷമയോടെ ചെറുത്ത്‌ തോല്‍പ്പിച്ച് സമാധാനം കൈവരിക്കാന്‍  കേരളത്തിലും തമിള്‍ നാട്ടിലുമുള്ള ജനങ്ങളോട് സി പി ഐ (എം എല്‍) ആഹ്വാനം ചെയ്യുന്നു.
നൂറ്റിപതിനാറ്‌ വര്ഷം കാലപ്പഴക്കം ചെന്ന അണക്കെട്ട്
ഏത് നിമിഷവും തകര്‍ന്നേക്കാം എന്നും അങ്ങനെ സംഭവിച്ചാല്‍ താഴെയുള്ള അധിവാസ പ്രദേശങ്ങള്‍ ദുരിതത്തില്‍ ആവുമെന്നും കേരളത്തിലെ ജനങ്ങള്‍ ഭയപ്പെടുന്നു. ഡാം സുരക്ഷിതത്വത്തെ സംബന്ധിക്കുന്ന  ഭീതി കുറെ വര്‍ഷങ്ങളായി തുടരവേ ഈ മേഖലയില്‍ അടുത്ത കാലത്ത് ഉണ്ടായ ഭൂചലനങ്ങള്‍ അത്തരം ആശങ്കകള്‍ക്ക് ആക്കം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. അതെ സമയം, പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ പദ്ധതി യാഥാര്‍ത്ഥ്യം ആവുന്നതോടെ 999 വര്‍ഷങ്ങള്‍ പ്രാബല്യമുള്ള  പഴയ  മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കപ്പെടുന്നതിന്റെ ഫലം ആയി തമിള്‍നാടിനു ലഭിക്കാന്‍ അര്‍ഹതയുള്ള ജലം നിഷേധിക്കപ്പെടുകയോ , അളവില്‍ ഗണ്യമായ കുറവ് വരുത്തുകയോ ചെയ്യുമെന്ന് തമിള്‍നാട്ടിലെ ജനങ്ങള്‍ ഭയപ്പെടുന്നു.
തമിള്‍ നാട്ടിലെ നാല് ജില്ലകളിലെ ലക്ഷക്കണക്കിന്‌ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കാനുള്ള പരമ്പരാഗതമായ  കരാര്‍ അവകാശത്തെ ഉപജീവിച്ച്‌ കഴിയുന്നവരാണ് . പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ  പഴയ കരാര്‍ പുതുക്കപ്പെടുമ്പോള്‍, ഇപ്പോള്‍ത്തന്നെ കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തൃതി ചുരുങ്ങി വരികയും കാര്‍ഷിക പ്രതിസന്ധി അനുഭവപ്പെടുകയും  ചെയ്യുന്ന തമിള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭ്യമായ അളവില്‍   മുല്ലപ്പെരിയാര്‍ ജലം തുടര്‍ന്നും കിട്ടാന്‍ സാധ്യതയില്ലെന്ന ആശങ്കയുണ്ട്.
അതിനാല്‍, തമിള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് ജല  ലഭ്യതയുടെ തുടര്‍ച്ച നിലനിര്ത്തെണ്ടതും , കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഡാമിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം നീങ്ങി കിട്ടേണ്ടതും ഒരേ പോലെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്. അവ രണ്ടും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ
അഭിസംബോധന ചെയ്യപ്പെടേണ്ടതും, ഇരു പക്ഷത്തെയും
 ജനങ്ങളെ  വിശ്വാസത്തിലെടുത്ത് അവരില്‍ പരസ്പര ധാരണ വളര്‍ത്തുന്ന വിധത്തില്‍  പരിഹാരം കാണേണ്ടതും ആണ് .
1980 കള്‍ മുതല്‍ പ്രത്യക്ഷമായും  രൂക്ഷതരമായിക്കൊണ്ടിരുന്ന ഒരു തര്‍ക്കം പരിഹരിക്കാന്‍ ഉചിതമായ ഒരു നടപടിയും കൈക്കൊള്ളാതെ അതിനെ ഇപ്പോഴത്തെ സംഘര്‍ഷ മയമായ ഒരു അവസ്ഥയിലേക്ക് വികസിക്കാന്‍ അനുവദിച്ചതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും ആണ്.ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെ അധികാര പരിധിയിലും, സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള എംപവേഡ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ആണ്. അതിനാല്‍ സുപ്രീം കോടതി എത്രയും പെട്ടെന്ന്  തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണം.
ഈ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലും നില നില്‍ക്കുന്ന ഭയാശങ്കളുടെ സ്ഥാനത്ത് പരസ്പരം സ്വീകാര്യതയും വിശ്വാസ്യതയും ആത്മ വിശ്വാസവും വളര്‍ത്തുന്ന വിധത്തില്‍ ഉഭയ കക്ഷി സംഭാഷണത്തിന് വേദിയൊരുക്കാന്‍ പ്രധാന മന്ത്രി ഔദ്യോഗികമായി മുന്കയ്യെടുക്കണമെന്ന് പാര്‍ട്ടി  ആവശ്യപ്പെടുന്നു. ഇരു സംസ്ഥാനങ്ങള്‍ക്കും അന്യോന്യം സ്വീകാര്യം ആയ ഒരു പരിഹാരം ഇതില്‍ ഉണ്ടായേ തീരൂ. അതിനാല്‍ കേരളത്തിലെയും  തമിള്‍ നാട്ടിലെയും സംസ്ഥാന സര്‍ക്കാരുകള്‍ മുട്ടാപ്പോക്ക് നിലപാടുകള്‍ ഉപേക്ഷിച്ച്‌  പരസ്പരം സഹായിക്കുന്നതരത്തിലുള്ള യുക്തിസഹം ആയ പരിഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
പ്രശ്നത്തിന് പരിഹാരം കാണും വരെയുള്ള ഇടവേളയില്‍ ഇരു പക്ഷത്തും ഉള്ള സംസ്ഥാന ഗവണ്മെന്റുകള്‍ യഥാക്രമം തമിള്‍ നാട്ടില്‍ മലയാളികളുടെയും കേരളത്തില്‍  തമിഴരുടെയും സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണം. തമിഴ് നാട്ടില്‍ മലയാളികളുടെ ഷോപ്പുകളും ബിസിനെസ്സ് സ്ഥാപങ്ങളും ആക്രമിക്കപ്പെട്ടതായി അനേകം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുള്ളത് പോലെ, കേരളത്തിലും  തമിഴ് തൊഴിലാളികളുടെ നേര്‍ക്കും തമിള്‍ നാട്ടില്‍ നിന്ന് എത്തിയ അയ്യപ്പ ഭക്തരുടെ നേര്‍ക്കും പ്രാദേശിക സങ്കുചിത വികാരം കുത്തി പൊക്കിയുള്ള  ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നു.  തികഞ്ഞ സമാധാനത്തോടെയും  പരസ്പര ഐക്യത്തോടെയും ഇരു സംസ്ഥാനങ്ങളിലും ദീര്‍ഘകാലം സഹവര്‍ത്തിച്ച് പോന്ന പാരമ്പര്യം ഉള്ള  സാധാരണ ജനങ്ങളെ തമ്മിലടിപ്പിച്ച് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങുന്ന ജന വിരുദ്ധ ശക്തികളെ  ചെറുത്ത്‌ പരാജയപ്പെടുത്തണം  എന്ന് കേരളത്തിലെയും തമിഴ് നാട്ടിലെയും ജനങ്ങളോട്  സി പി ഐ (എം എല്‍)  ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment