Friday, 10 October 2014

'ഇൻഡ്യയിൽ നിർമ്മിക്കുക' , 'ഇൻഡ്യ വൃത്തിയാക്കുക' മുദ്രാവാക്യങ്ങൾക്ക് പിന്നിലെ അജണ്ട

'ഇൻഡ്യയിൽ നിർമ്മിക്കുക',
'ഇൻഡ്യ വൃത്തിയാക്കുക'

മുദ്രാവാക്യങ്ങൾക്ക്
പിന്നിലെ അജണ്ട 
പ്രധാനമായും രണ്ട് വാഗ്ദാനങ്ങളെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആയിരുന്നു 'നല്ല നാളുകൾ' സംബന്ധിച്ച  മോഡിയുടെ വാചകമടിയിൽ അൽപ്പമെന്തെങ്കിലും കാണും എന്ന് പൊതുവെ ജനങ്ങൾ ധരിക്കാൻ ഇടയായത്: വിലക്കയറ്റം നിയന്ത്രിക്കും എന്നതും, അഴിമതി തുടച്ചു നീക്കും എന്നതും ആയിരുന്നു അവ .   
എന്നാൽ തെരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം മേൽപ്പറഞ്ഞ രണ്ട് സംഗതികളെക്കുറിച്ചും മോഡി സർക്കാർ മിണ്ടുന്നില്ല . തൽസ്ഥാനത്ത് ഇപ്പോൾ വന്നിരിക്കുന്നത് 'ഇൻഡ്യയിൽ നിർമ്മിക്കുക',  
'ഇൻഡ്യ വൃത്തിയാക്കുക' എന്നീ പുതിയ മുദ്രാവാക്യങ്ങൾ ആണ് .
ആഗസ്ത്‌ പതിനഞ്ചിന് ചുവപ്പ് കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ  മോഡി നടത്തിയ ആദ്യ അമേരിക്കൻ പര്യടനത്തിലും ആവർത്തിച്ച് ഉരുവിട്ട മേൽപ്പറഞ്ഞ പുതിയ മുദ്രാവാക്യങ്ങൾ  രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും  എത്തിക്കുന്നതിൽ പതിവ് പോലെ മാദ്ധ്യമങ്ങൾ തികഞ്ഞ വിധേയത്വത്തോടെയാണ് പ്രവർത്തിച്ചുപോരുന്നത് . 
ഈ മുദ്രാവാക്യങ്ങളിലൂടെ മോഡിയുടെ ഏത് അജണ്ടയാണ് നമുക്ക് മുന്നിൽ  യഥാർഥത്തിൽ ചുരുൾ നിവർത്തപ്പെടുന്നത് ?  വിലക്കയറ്റത്തിന്റെ കാര്യം ഇപ്പോൾ പറയുന്നത് മോഡിക്ക്ഏറെ അസൌകര്യങ്ങൾ ഉണ്ടാക്കും. 'വികസന' ത്തിന്റെ മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പു വിജയം നേടിയതിൽപ്പിന്നെ 'ഗോ സംരക്ഷണ'വും  'ലവ് ജിഹാദും' പോലുള്ള  സംഘ പരിവാര അജണ്ടകൾ നേരിട്ട് കൈകാര്യം ചെയ്യേണ്ട ആവശ്യമോ അത്തരം മുൻഗണനാക്രമമോ പ്രധാന മന്ത്രി എന്ന നിലയിൽ മോഡിയുടെ മുന്നിൽ  ഇപ്പോൾ വരുന്നില്ല .അതൊക്കെ ചെയ്യാൻ യോഗി ആദിത്യനാഥിനെയും  സാക്ഷി മഹാരാജിനെയും പോലുള്ള മറ്റ്നേതാക്കളും പ്രവർത്തകരും ബി ജെ പി യിലും സംഘ പരിവാരത്തിലും ധാരാളം ഉണ്ട്; അതിനാൽ ഒരു വശത്ത് അവരെപ്പോലുള്ളവർ എല്ലാ നിയമങ്ങളേയും തൃണവൽഗണിച്ച്   വര്ഗീയതയും  പ്രതിലോമപരമായ  ദേശീയ സങ്കുചിതത്വവും വിദ്വേഷവും കുത്തിപ്പോക്കുമ്പോൾ, മറുവശത്ത് മോഡി ശുചിത്വത്തെക്കുറിച്ചും , വർദ്ധിച്ച തോതിലുള്ള  വിദേശ നിക്ഷേപം നിമിത്തം രാജ്യത്തിന് ലഭിക്കാനിരിക്കുന്ന സൌഭാഗ്യങ്ങളെ ക്കുറിച്ചും 
ജനങ്ങളെ ബോധവൽക്കരിക്കുകയാണ് .

നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കൽ  വഴി ചൈന ചെയ്യുന്നതുപോലെ ഉൽപ്പാദന മേഖലയിൽ വൻ കുതിപ്പ് നടത്താൻ ആണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വരുത്താൻ മോഡിയും കൂട്ടരും ശ്രമിക്കുന്നുണ്ട്. എന്നാൽ  കൊളോണിയൽ ചൂഷണത്തിന്റെ ഫലമായി ഇന്ത്യയിൽ ഉണ്ടായ വിഭവ ശോഷണത്തിന്റെ തിക്താനുഭവങ്ങളും, സമീപകാലത്ത് ബഹുരാഷ്ട്ര ക്കമ്പനികൾ നടത്തിയ കൊള്ളകളും ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തലുകളും ഇൻഡ്യൻ ജനതയ്ക്ക് അത്ര  എളുപ്പത്തിൽ മറക്കാനാവുന്നവയല്ലെന്ന് മോഡിക്ക് അറിയാം. യൂണിയൻ കാർബൈ ഡ്, എൻറോണ്‍,വോഡാഫോണ്‍ തുടങ്ങിയ ബഹുരാഷ്ട്ര ഭീമൻമാരിൽ നിന്നുണ്ടായ അനുഭവങ്ങൾ  അവയിൽ  ചിലത് മാത്രമാണ്. അതിനാൽ, നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) എന്ന ആശയം ഇൻഡ്യയിൽ അത്രയ്ക്കൊന്നും ജനപ്രിയമല്ല. ഇതറിയുന്നത് കൊണ്ടാണ് "ആദ്യം ഇൻഡ്യയെ വികസിപ്പിക്കുക" എന്ന കപട മുദ്രാവാക്യവുമായി കണ്ണിചേർത്ത് കൊണ്ട് FDI എന്ന ആശയത്തെ മോഡിയും സംഘവും പുത്തനായി ഇപ്പോൾ അവതരിപ്പിക്കുന്നത്‌.
ഇതിനേക്കാൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദം വേറൊന്നും ഉണ്ടാകാൻ സാധ്യതയില്ല  .

ഇൻഡ്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്ത്  ആഭ്യന്തര വിഭവശേഷിയുപയോഗിക്കുന്നതിനു പകരം  അനിയന്ത്രിതമായ അളവിൽ വിദേശ നിക്ഷേപം കൊണ്ടുവന്ന് വികസനം സാധിപ്പിക്കാം എന്ന നയം എന്തിലാണ് കലാശിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വികസനവും ജനക്ഷേമവും അല്ല, നശീകരണവും പരാശ്രിതത്വവും മുഖമുദ്രകൾ ആയ അന്തമില്ലാത്ത പരിണിത ഫലങ്ങൾ ആണ് അതുകൊണ്ട് ഉണ്ടാവുക.
 ഇക്കാര്യത്തിൽ ചൈനയുടെ കേസ് പരിശോധിക്കാൻ പുറപ്പെടുന്നതിന്  മുൻപ് ചില വസ്തുതകൾ നമ്മൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും .
   നിർമ്മാണ മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ തുടങ്ങും മുൻപ് ചൈനയിൽ സാമൂഹ്യ -സാമ്പത്തിക ഘടനയിൽ വമ്പിച്ച അഴിച്ചു പണികൾ നടന്നിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. വിപ്ലവാനന്തര ചൈനയിൽ ദശാബ്ദങ്ങളോളം നീണ്ടു നിന്ന ഒരു പ്രക്രിയയിലൂടെ സാമൂഹ്യ മൂലധനവും ഭൌതിക അടിത്തറയും കെട്ടുറപ്പുള്ള താക്കപ്പെട്ടിരുന്നു. സമഗ്രമായ ഭൂപരിഷ്കരണം നടന്നിരുന്നു.  ചൈനയിൽ FDI നേരിട്ട് എത്തി വികസനം നടത്തും എന്നതായിരുന്നില്ല കാഴ്ചപ്പാട്. ചൈനയിൽ വന്ന FDI യുടെ തന്നെ  ഏറിയ പങ്ക് രാജ്യത്തിന് പുറത്ത് താമസിച്ചിരുന്ന ചൈനക്കാരുടേതായിരുന്നു.   സമീപകാല ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോക കമ്പോളത്തിൽ കുഴപ്പങ്ങൾ ഉണ്ടാവാൻ പോകുന്നു എന്ന് അറിഞ്ഞ ഉടനെ ചൈന രാജ്യത്തിലെ  വേതന ഘടന ഗണ്യമായി  മെച്ചപ്പെടുത്തി ആഭ്യന്തര കമ്പോളം വിപുലീകരിക്കുകയാണ് ചെയ്തത് .    
  എഫ് ഡി ഐ നിമിത്തം ഉണ്ടാകാൻ സാധ്യതയുള്ള ദോഷങ്ങൾ പരമാവധി  പരിമിതപ്പെടുത്താനുള്ള  ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങളും ചൈനീസ്‌ ഭരണ വ്യവസ്ഥയിൽ ഉണ്ട്.   ഇതെല്ലാം ഉണ്ടായിട്ടുപോലും ചൈനീസ്‌ സമൂഹത്തിൽ സാമൂഹിക അസമത്വങ്ങൾ , പ്രാദേശിക അസന്തുലിതത്വങ്ങൾ, ആരോഗ്യപരിപാലനത്തിനുള്ള പൊതു സംവിധാനങ്ങളുടെ അപചയം, പാരിസ്ഥിതിക വിപത്തുകൾ എന്നിവയ്ക്കെല്ലാം ഇടം നല്കിയത് വിദേശ മൂലധന നിക്ഷേപം ആണെന്ന് നമുക്ക് അറിയാം.
മേൽപ്പറഞ്ഞ സംഗതികളിൽ ഏതിലും ഇന്ത്യയും ചൈനയും തമ്മിൽ താരതമ്യം ഇല്ലാത്തതാണ് .  വിദേശ നിക്ഷേപകർക്ക്  മുന്നിൽ മോഡിയുടെ "3D"( Democracy , Demography , Demand - ജനാധിപത്യം ,ഗണ്യമായ ജനസംഖ്യ, ഗണ്യമായ  ചോദന) അവതരിപ്പിക്കപ്പെടുന്നത് വലിയ ആർഭാടങ്ങളോടെ ആണെങ്കിലും നാലാമത്തെ D പറയപ്പെടാത്ത ഒന്നാണ് ; Desperation - വർദ്ധിതമായ ഗതികേട് -  എന്നാണ്  അതിന്റെ പേർ. എന്നാൽ അത് എങ്ങിനെ മറയ്ക്കാൻ ശ്രമിച്ചാലും പൊന്തി വരും. തൻമൂലം, വിദേശ നിക്ഷേപം കൈകാര്യം ചെയ്യുമ്പോൾ ഇൻഡ്യയുടെ വിലപേശൽ ശേഷിയും കാര്യക്ഷമതയും കുറയുകയാണ് ഫലത്തിൽ ചെയ്യുന്നത്. വിദേശ നിക്ഷേപം (FDI) ആകര്ഷിക്കാൻ വേണ്ടി മോഡി സർക്കാർ ഇതിനകം തന്നെ അമേരിക്കൻ ഔഷധക്കുത്തകകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇൻഡ്യയിലെ ജീവൻ രക്ഷാ മരുന്നുകളുടെ പട്ടികയെ  വിലനിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങൾ  അമേരിക്കൻ മേൽനോട്ടത്തിന് വിധേയപ്പെടുത്തിയതും അത്തരം നടപടിയുടെ ഭാഗമാണ്. വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കാൻ  ഇൻഡ്യൻ 'ജനാധിപത്യ'ത്തെ എടുത്തു കാട്ടുന്ന മോഡിയുടെ മനസ്സിൽ ഉള്ളത് സമീപകാലത്തെ തന്റെ തെരഞ്ഞെടുപ്പു ജയം മാത്രമാണ്; കോർപ്പറേറ്റ്കൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ വിഭവങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയും 
 അവകാശങ്ങളുടെ പരിരക്ഷയ്ക്കും കർഷകരും തൊഴിലാളികളും നിത്യോപയോഗ വസ്തുക്കളുടെ ഉപഭോക്താക്കളും നടത്തുന്ന ജനാധിപത്യ സമരങ്ങൾ ചിത്രത്തിൽ വരുന്നില്ല . തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി അയവേറിയതാക്കൽ, പരിസ്ഥിതി സംരക്ഷണ നടപടികളിൽ വെള്ളം ചേർക്കൽ, ജനദ്രോഹകരമായ ഭൂമി ഏറ്റെടുക്കൽ നയംഎന്നിവയിലൂടെ മോഡി ഇതിനകം തെളിയിച്ചിരിക്കുന്നത് ലക്കും ലഗാനുമില്ലാത്ത വിദേശ മൂലധന നിക്ഷേപങ്ങൾക്ക് വേണ്ടി ഇൻഡ്യൻ ജനാധിപത്യത്തെ ശിഥിലീ കരിക്കാൻ ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണെന്നതാണ്. 
മോഡിയുടെ 'ക്ലീൻ ഇന്ത്യാ' ദൌത്യം രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നിനെ നിസ്സാരവൽക്കരിച്ചും വികലമായും അവതരിപ്പിക്കാനുള്ള മറ്റൊരു ശ്രമം മാത്രം ആണ്.  പ്രകൃതിയെയും ഭൂമിയിലെ ആവാസ വ്യവസ്ഥകളെയും മാലിന്യ മുക്തമാക്കേണ്ടതിന്റെ ഉത്തരവാദിത്വം എല്ലാവരേയും ഓർമ്മിപ്പിക്കേ ണ്ടതുള്ളപ്പോൾ തന്നെ, സർവത്ര വിഷമയം ആക്കുന്ന മുതലാളിത്തത്തിന്റെ കാലത്ത് നടക്കുന്ന പ്രഹസനങ്ങളുടെ ഭാഗം മാത്രമാണ്  ചൂലെടുത്ത് കാമറയ്ക്കു മുൻപിൽ നിൽക്കുന്ന നേതാക്കളുടെയും താരപരിവേഷമുള്ള വ്യക്തികളുടെയും നിരകൾ. ലോകമാകെ പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് നമ്മെ സംബന്ധിച്ചിടത്തോളം നിർണായക  പ്രാധാന്യമുള്ള  പ്രശ്നം,  കോർപ്പറേറ്റ് കൾ വരുത്തി വെക്കുന്ന പാരിസ്ഥിതിക നശീകരണത്തിന്റെയും വ്യാവസായിക മലിനീകരണത്തിന്റെയും പ്രശ്നങ്ങളെ ഇന്ത്യ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്  എന്നാണ്.  പൊതു ശുചിത്വ പരിപാലന സംവിധാനങ്ങളുടെ  മേഖലയിൽ ആണെങ്കിൽ കാര്യക്ഷമവും സമഗ്രവും ആയ  അഴിച്ചു പണിയാണ് ആവശ്യം. ശുചീകരണ ത്തൊഴിലിൽ ഏർപ്പെട്ടവർക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും അന്തസ്സോടെയും പര്യാപ്തമായ പ്രതിഫലത്തോടെയും തൃപ്തികരമായ തൊഴിൽ സാഹചര്യങ്ങളിലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ആണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്.

മോഡിയെ സംബന്ധിച്ചേടത്തോളം 'ക്ലീൻ ഇന്ത്യാ' ദൌത്യം വെറും ഒരു പ്രചാരണ മാമാങ്കത്തിന് അപ്പുറം മറ്റു ചിലതുകൂടിയാണ്.ഗാന്ധിയൻ പാരമ്പര്യം തട്ടിയെടുത്ത് സ്വന്തമാക്കാനും  ആർ എസ് എസ് അജണ്ടയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാനുമുള്ള ശ്രമങ്ങൾ കൂടി ഇതിനു പിന്നിൽ ഉണ്ട് .ഗാന്ധിയൻ സമര പാരമ്പര്യങ്ങളിൽ നിന്നും കൊളോണിയൽ വിരുദ്ധ ജനകീയ ഉയിർത്തെഴുന്നേൽപ്പിന്റെയും സാമ്പത്തിക സ്വാശ്രയത്വത്തിന്റേയും സാമുദായിക സൌഹാർദ്ദത്തിന്റേയും  സന്ദേശങ്ങൾ അടർത്തിമാറ്റി ശുചിത്വ പാലനത്തെ ഏകപക്ഷീയമായി ഉയർത്തിപ്പിടിക്കുന്ന രീതി അതിൽ ഉണ്ട്. ഇത് പോലെ സർദാർ പട്ടേൽ പാരമ്പര്യത്തേയും തട്ടിയെടുത്ത് സ്വന്തമാക്കാൻ ബി ജെ പി ശ്രമം നടത്തിയിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തെക്കുറിച്ച് മോഡി ആകാശവാണിയിലൂടെ പ്രസംഗിച്ചപ്പോൾ, തൊട്ടടുത്ത ദിവസം ആർ എസ് എസ് തലവന്റെ വിജയ ദശമി പ്രസംഗം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാൻ അദ്ദേഹത്തിന്റെ സർക്കാർ ദൂർ ദർശനിൽ  സമ്മർദ്ദം ഉണ്ടാക്കി. ആ ദിവസം മോഡി സ്വയം ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഉണ്ടായി.
മുൻ  എൻഡിഎ സർക്കാർ ഒരിക്കലും  രാജ്യത്തിന്റെ പൊതു ഉടമസ്ഥതയിൽ ഉള്ള ടെലിവിഷൻ ചാനൽ ആയ ദൂർ ദർശനെ ആർ എസ് എസ് പ്രോപഗാൻഡാ മാധ്യമം എന്നനിലയിൽ വിട്ടു കൊടുക്കാൻ ധൈര്യപ്പെട്ടിരുന്നില്ല .
 അത് പോലെ ഒരു ഇന്ത്യൻ പ്രധാന മന്ത്രിയും ഒരു ഹിന്ദു ഉത്സവ ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നില്ല . റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിവസങ്ങളിൽ മാത്രമേ വര്ഷം തോറും പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നുള്ളൂ . വിജയദശമി ദിനം വെറും ഹിന്ദു ഉത്സവ ദിവസം മാത്രം അല്ല ,ആർ എസ് എസ് സ്ഥാപന ദിനം കൂടിയാണ് എന്ന് ഓർക്കുമ്പോൾ ഔദ്യോഗിക ദേശീയ മാദ്ധ്യമങ്ങൾ ആയ ദൂർ ദർശന്റെയും ആകാശവാണിയുടെയും ദുരുപയോഗം, ആർ എസ് എസ്സിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയ്ക്കു വേണ്ടി  സർക്കാർ നടത്തിയ നഗ്നമായ അധികാര ദുർവിനിയോഗം ആണ്എന്ന് മാത്രമേ കാണാൻ കഴിയൂ.

മോഡി ഭരണകൂടം വിദേശ മൂലധന നിക്ഷേപങ്ങളെ  കടിഞ്ഞാണില്ലാതെ രാജ്യത്തിനു മേൽ കെട്ടഴിച്ചു വിട്ടുകൊണ്ടിരിക്കുമ്പോൾ  ഭരണ സംവിധാനത്തിൽ  ആർ എസ് എസ് താൽപ്പര്യങ്ങൾ ചിട്ടയോടെ നുഴഞ്ഞു കേറു കയാണ്. അതുകൊണ്ടുതന്നെ  'ക്ലീൻ ഇന്ത്യാ' സന്ദേശം നിരത്തുകളിലെ  അഴുക്കുകൾ തുടച്ചു വൃത്തിയാക്കുന്നതിൽ ഉപരിയായി നമ്മുടെ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും  നേരിടുന്ന ഭീഷണികൾ നീക്കാനുള്ള ഒരു സന്ദേശമായി പരിവർത്തിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. 

No comments:

Post a Comment